Pages

Friday, August 16, 2013

വിഷകണ്ഠൻ

തുലാം 9..മലബാറിൽ തെയ്യാട്ടപ്പടി തുറക്കുന്നു.കണ്ണൂർ മയ്യിൽ ചാത്തമ്പള്ളി വിഷകണ്ഠൻ കാവിൽ വിഷകണ്ഠൻ തെയ്യം.കണ്ണൂരിൽ ഔദ്യോഗിക കാര്യമുണ്ടന്നു പറഞ്ഞു.പുലർച്ചെ പുറപ്പെട്ടു.ഏറനാട് എക്സ്പ്രസ്സ്.സുഖമായ പുലർവേള.മനസ്സിനു നല്ല ഉന്മേഷം.കുറ്റിപ്പുറം.നട്ടുച്ച.തുലാമാസത്തെ വെള്ളിവെളിച്ചത്തിൽ ചതുരപ്പെട്ടിയുടെ പുറം ചുട്ടുപൊള്ളി.ഉഷ്ണം.ഇരുമ്പു ചൂടായ ഗന്ധം.വിയർപ്പിന്റെ ഗന്ധം.മൂത്രത്തിന്റെ ഗന്ധം.വാസന പൌഡറിന്റെ മണം.ചതുരപ്പെട്ടിയിൽ നിന്നും കുറേ ആളുകൾ ഇറങ്ങി..അതിലേറേ കയറി.കാക്കക്കൂട്ടിൽ കല്ലെറിഞ്ഞപൊലെ കലപില.വണ്ടി നീങ്ങി..കലപില ശമിച്ചു.ചായീ...ചായീ..വേണ്ട..ഇപ്പോൾ തന്നെ മൂന്നുനാലായി..എന്തു കലക്കി തന്നാലും കുടിക്കാതെ പറ്റില്ലല്ലോ?
കരുമാരത്തില്ലം
വളവുകളിൽ പുറകെ വരുന്ന പെരുമ്പാമ്പുപോലെ തീവണ്ടി.ഭാരതപ്പുഴ...കാശപ്പുല്ലും അപ്പയും നിറഞ്ഞ ഭാരതപ്പുഴ..കുറുനരി പതിയിരിക്കുന്ന കാശപ്പുൽ കാട്...തരപ്പെടുമ്പോൾ റഞ്ചാൻ വിരുതന്മാർ പുഴയെ ചാക്കിലാക്കി നിറച്ചു വച്ചിരിക്കുന്നു.തൊപ്പിക്കുട വട്ടത്തെ കലക്ക വെള്ളത്തിനു മുൻപിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൂതക്കൊക്ക്..പെരുച്ചാഴിയും പെരുമ്പാമ്പും ഭാരതപ്പുഴയിൽ..വാളയും പള്ളത്തിയും വരാലും വംശമറ്റു...പുഴക്കു മീതെ വീശിവന്ന കാറ്റിനു ചീഞ്ഞ മംസത്തിന്റെ മണം..ചീഞ്ഞമുട്ടയുടെ മണം..മൂക്കു പൊത്തി..കണ്ണടച്ചു...ഒന്നും കാണണ്ട..
മടക്കം
കടലുണ്ടി..ബേപ്പൂർ..ചീഞ്ഞ കായലിന്റെ ഗന്ധം..തീവണ്ടിയുടെ കട കട ശബ്ദത്തിൽ സ്വൈര്യം നശിച്ച ദേശാടനക്കിളികൾ പറന്നു പൊങ്ങി തിരിച്ചിരുന്നു...
കോഴിക്കോട്..ചതുരപ്പെട്ടിയുടെ വയറൊഴിഞ്ഞു.പ്ലാറ്റ്ഫോമിലെ തിരക്ക് പെട്ടിക്കകത്ത്...നിന്നു തിരിയാൻ ഇടമില്ല.അടുത്തിരിക്കുന്ന ആളുടെ ഉഛ്വാസവായു കഴുത്തിനു പിറകിൽ..വണ്ടി വിട്ടു...കായൽ,,...തെങ്ങിൻ കൂട്ടങ്ങൾ...കായൽ...തെങ്ങിൻ കൂട്ടങ്ങൾ...വടകര...കളരിപ്പയറ്റിന്റെ നാട്..തച്ചോളി ഒതേനൻ..വടക്കൻ പാട്ട്..ലോകനാർ കാവിൽ കതിരൂർ ഗുരുക്കളുമായി സംഗമം..പറഞ്ഞു തെറ്റുന്നു..പൊന്ന്യം പാടത്ത് പൊയ്ത്..എല്ലാം മനസ്സിന്റെ തിരശ്ശീലയിൽ മിന്നിമറഞ്ഞു.മാഹി..മൂപ്പൻസായ്വ്വ്..ഗ്സ്തോൻ..ദാസൻ..ചന്ദ്രിക..മയ്യഴിപ്പാലത്തിലൂടെ വണ്ടി മിന്നായം പോല കയറിയിറങ്ങി..തലശ്ശേരി..ചരിത്രത്തിന്റെ തേരോടിയ പാതകൾ.......
കണ്ണൂർ...ആകാശത്ത് കരിമേഘങ്ങൾ നിറഞ്ഞു...ചെകിടടപ്പിക്കുന്ന ഇടിനാദം..തിമിർത്ത് പെയ്യാൻ പോകുന്ന തുലാവർഷത്തിന്റെ വെള്ളാട്ടം....
മടക്കം
ഒരു മുറി കണ്ടെത്തണം...ഒരു നിമിഷം നിന്നു..മുന്നിൽ ഖദർ ധാരി..റസ്റ്റ് ഹൌസ് അറിയാതിരിക്കില്ല..ഒരു ഓട്ടോ പിടിച്ചോളൂ..ആർമി ക്യാമ്പിനടുത്താണ​‍്..നന്ദി.........
റസ്റ്റ് ഹൌസ് വിജനമാണ​‍്..ആരും താമസക്കാരില്ല.ഒറ്റമുണ്ടുടുത്ത മെലിഞ്ഞ വാച്ചർ.കണ്ണിൽ നിസ്സ്ംഗത..രജിസ്റ്ററിൽ എഴുതി..താക്കോൽ വാങ്ങി..പുതുതായി അറ്റകുറ്റപ്പണി നടത്തിയ മുറി..പുതിയ എയർ കണ്ടീഷൻ പിടിപ്പിച്ച മുറി..പുതിയ മെത്ത..വിരിപ്പ്..പെയിന്റ് മണം..കടലിരമ്പുന്ന ശബ്ദം.....തുലാവർഷത്തിന്റെ വെള്ളാട്ടം കഴിഞ്ഞു...ഇനി മഴ പ്രതീക്ഷിക്കാം...
കരുമാരത്തില്ലം
അല്പ്പം വിശ്രമം കഴിഞ്ഞ്,കുളി കഴിഞ്ഞ് റെഡിയായപ്പോൾ മണി എട്ട്..മയ്യിൽ ചാത്തമ്പിള്ളിൽ വിഷകണ്ഠൻ കാവ് എവിടെയാണ​‍്?എത്ര ദൂരം?വണ്ടിയുണ്ടാകുമോ?...വാച്ചർ സഹായിക്കും.വാച്ചർക്ക് പെരുത്ത സന്തോഷം..മദ്ധ്യകേരളത്തിൽ നിന്നുംവിഷകണ്ഠനെ തിരക്കിവന്ന സന്ദർശകനെ നിരാശപ്പെടുത്തരുത്.എന്റെ വീട് മയ്യിലാണ​‍്..ആശ്വാസം .മനസ്സു കുളിർത്തു.ഇന്ന് വെള്ളാട്ടം..നാളെ വെളുപ്പിന​‍് വിഷകണ്ഠൻ മുടി വയ്ക്കും..പുതിയ തെരുനിന്ന് വലത്തോട്ട് തിരിഞ്ഞുപോകണം.വണ്ടി ഉണ്ടാകില്ല..ഓട്ടോ പിടിച്ചോളൂ.ഇനിയും ഏറെ പറയാനുണ്ടന്ന് മനസ്സിലായി.രാത്രി വരാൻ വൈകും വരുമ്പോൾ ബെല്ലടിച്ചോളൂ..
ഓട്ടോയിൽ മയ്യിലേക്ക്..പുതിയതെരു..വലത്തോട്ട്..അപരിചിതമായ വഴികളിലൂടെ.പാലം..കണ്ടൽ ക്കാട്...തിരക്കോഴിഞ്ഞ നാല്ക്കവലകൾ...ഇരുട്ടിന്റെ പുതപ്പിലൂടെ യാത്ര..ഒറ്റയ്ക്കൊറ്റക്കായി ആളുകൾ വരുന്നുണ്ട്.ഒക്കത്തിരുന്ന കുട്ടിയുടെ കയ്യിൽ മഞ്ഞ ബലൂൺ..കാവ് അടുത്തെന്ന് നിശ്ചയം...ലൌഡ്സ്പീക്കറിലൂടെ തോറ്റം പാട്ട് കേൾക്കാറായി......
ട്യൂബുകളുടെ നിലാവെളിച്ചത്തിൽ മുങ്ങി വിഷകണ്ഠൻ കാവ്..വലിയ പുരുഷാരം..സ്ത്രീകൾ..കുട്ടികൾ..പെട്ടിക്കടകൾക്ക് മുന്നിൽ വലിയ തിരക്ക്.ചെറിയ കുന്നിൻ മുകളിലാണ​‍് കാവ്..കാവിനു മുൻപിൽ വെള്ളാട്ടം നടക്കുന്നു.വലിയ തമ്പുരാട്ടിയുടെ വെള്ളാട്ടമാണു പോലും..മുഖത്തെഴുതി ചെറിയ മുടിവച്ച വെള്ളാട്ടക്കോലം.ചെറിയ അംഗചലനങ്ങളോടെ തോറ്റം പാടുന്നുണ്ട്..മൈക്കിലൂടെ പറയുന്നത് വ്യക്തമല്ല...ഏതോ മരക്കൊമ്പിലെ ലൌഡ് സ്പീക്കറിൽ നിന്നുള്ള പാട്ടും വ്യക്തമല്ല..ഭക്ത്യാദരവോടെ വെള്ളാട്ടത്തിനു ചേർന്നു നില്ക്കുന്ന ജനങ്ങൾ.ഓല ച്ചൂട്ടിന്റെ തീമഞ്ഞവെളിച്ചത്തിൽ വെള്ളാട്ടക്കോലവും ജനങ്ങളും തോറ്റം പാട്ടിന്റെ പശ്ചാത്തലത്തിൽ അവാച്യമായ ചിത്രമായി തോന്നി.
വിഷകണ്ഠൻ കാവ്
തൊട്ടടുത്ത് അണിയറയിൽ തെയ്യത്തിനുള്ള മുടിയുടെ നിർമ്മാണം നടക്കുന്നു.നിരവധി കോലക്കാരും സഹായികളും.അല്പ്പ്ം മാറി മതിലിനു ചേർന്നുനിന്നു.ചെണ്ടയുടെ ദൃതതാളം..തോറ്റം പാട്ട്...ദേശാഭിമാനി പുസ്തകക്കടയിലെ പുസ്തകലോട്ടറിയുടെ പ്രചരണം...ബലൂൺ പീപ്പിയുടെ രോദനം...ഒരാൾ ചേർന്നുവന്ന് നിന്നു.പരിചയപ്പെട്ടു..തെയ്യം കലാകാരനാണ​‍്.ഷമേജ്..തെക്കൻ ഗുളികൻ കെട്ടുന്നുണ്ട്..വിഷകണ്ഠനെ കാണാൻ തെക്കുനിന്ന് വന്നതാണ​‍് എന്നു പറഞ്ഞപ്പോൾ അതിശയം..സ്നേഹം..അന്നത്തെ പരിചയം ഇന്നും തുടരുന്നു..റബ്ബർ ടാപ്പിങ്ങും തെയ്യം കെട്ടുമാണ​‍് തൊഴിൽ.പുതിയ തലമുറ തെയ്യം കെട്ടാൻ ഒരുക്കമല്ല.എത്രകാലം കൊണ്ടുനടക്കാനാകുമെന്ന് പറയാനാകില്ല.വിഷകണ്ഠൻ മുടിവ്യ്ക്കുന്നത് വെളുപ്പാൻ കാലത്താണ​‍്.രാവിലെ കരുമാരത്തില്ലത്തേയ്ക്ക് പുറപ്പാട്....എല്ലാം കാണണം..കാണണമെന്നുണ്ട്..അതിനാണല്ലോ വന്നതും..പക്ഷേ നല്ല ക്ഷീണവുമുണ്ട്....
സമയം പന്ത്രണ്ട്....ഒന്ന്...രണ്ട്...യാത്രാക്ഷീണം...കൺപോളകൾ അറിയാതെ അടയുന്നു...നില്ക്കാനാകില്ല...രാവിലെയെത്താം....
എട്ടുമണിക്ക് കാവിലെത്തി..വിഷകണ്ഠൻ മുടി വച്ചിട്ടുണ്ട്..തെക്കൻ ഗുളികനും..നേർച്ച...വിഷകണ്ഠൻ ദൈവത്തിനു മുൻപിൽ ഭക്തരുടെ നീണ്ട നിര.കരുമാരത്തില്ലത്തെ പ്രതാപികളായ നമ്പൂതിരിമാർ ഗളച്ഛേദം ചെയ്ത തീയ്യൻ.ദൈവക്കരുവായി.വിഷകണ്ഠനായി.നൂറുകണക്കിനു ഭക്തരുടെ ആവലാതികൾ കേൾ ക്കുന്നു.
കരുമാരത്തില്ലത്തെയ്ക്കുള്ള പുറപ്പാട്
മയ്യിൽ കരുമാരത്ത് ഇല്ലത്തെ നമ്പൂതിരിമാർ വിഷഹാരികളാണ​‍്.പാമ്പിനെ വിളിച്ചു വരുത്തി വിഷമിറക്കാൻ തക്ക കഴിവുള്ളവർ.ലക്ഷണം കൊണ്ട് കടിച്ച പാമ്പിനെ നിശ്ചയിക്കും..ഒരിക്കൽ സർപ്പദംശനമേറ്റ ഒരു സ്ത്രീയെ കൊണ്ടുവന്നു.വിഷമിറക്കാൻ പ്രയാസമാണെന്ന് നമ്പൂതിരി..തിരികെ കൊണ്ടുപോകാം..വരുന്ന വഴി ഏറ്റുകാരനായ തീയന​‍് പോംവഴി..സ്ത്രീയെ കുളത്തിലേക്കിടുവാൻ പറഞ്ഞു.വെള്ളത്തിൽ നിന്നും കുമിളകൾ വന്നപ്പോൾ എടുക്കുവാൻ പറഞ്ഞു.വിഷചികിത്സ അറിയാവുന്ന തീയന്റെ ചികിത്സയിൽ ദീനം മാറി.നമ്പൂതിരിക്ക് നാണക്കേട്.തീയ്യനെ വരുത്തി..വധം ചെയ്തു.തീയ്യൻ ദൈവക്കരുവായി.വിഷകണ്ഠനായി...തെയ്യ്ം കെട്ടിയാടി കരുമാരത്തെയ്ക്ക് പുറപ്പാടുണ്ട്
ദൈവം വിഷകണ്ഠൻ കരുമാരത്തേക്ക് പൂറപ്പെടാറായെന്ന് അറിയിപ്പ്.കൂടെക്കൂടി.ചേർന്നു നിന്നു.ചിലമ്പിന്റെ ധ്വനി.തെയ്യം നട മനോഹരം.പുരുഷാരം പിറകെ.തരിശായി കിടക്കുന്ന ചെളിപ്പാടത്തെ വരമ്പിലൂടെ നീണ്ടനിരയായി ഭക്തരും വിഷകണ്ഠനും...മനോജ്ഞമായ കാഴ്ച.ധൃതി കൂട്ടി.പാടം കുറുകെ ചാടി.കരുമാരത്തില്ലത്ത് എത്തി.തൊട്ടടുത്ത് കുളം.പുരാവൃത്തത്തിലെ കുളം ഇതായിരിക്കും..നിറയെ കാട്ടു മരങ്ങൾ..വള്ളി പ്പടർപ്പുകൾ.ഔഷധ സസ്യങ്ങൾ.ചതിച്ചുകൊന്ന തീയ്യൻ ദൈവമായി വരുമ്പോൾ സ്വീകരിക്കുവാൻ പുതിയ തലമുറയിലെ നമ്പൂതിരിമാർ തയ്യാറായി നില്ക്കുന്നു.ഭയഭക്തിയോടെ.വിഷകണ്ഠൻ എത്തി.ഉരിയാടൽ കേൾക്കാനായി ജനം കാതോർത്തു.
നമ്പൂതിരിമാരോട് നേരിട്ട് ഉരിയാട്ടം.ദൈവത്തിന്റെ ചോദ്യങ്ങൾക്ക് ഭക്തിയോടെ മറുപടി.പിന്നെ നേർച്ചയും വാങ്ങി യാത്ര ചോദിച്ച് മടക്കം.എല്ലാവരോട് യാത്ര ചോദിക്കുന്നു കരുമാരത്തില്ലത്തെ ഉരിയാടൽ
“ദൈവം വിഷകണ്ഠനും മറന്നില്ലാട്ടോ...ഓർമ്മപ്പെടുത്തലും ആവശ്യമാണ​‍്.അതു ചെയ്തൂട്ടോ............................
വാചാലുകൾ..പിന്നോട്ടിറങ്ങി മടക്കയ്യാത്ര.
മനസ്സു നിറഞ്ഞു.ചരിത്രവും മിത്തുകളും ഐതിഹ്യവും കലയും സംഗീതവും നിറഞ്ഞ ഈ കലാരൂപം...പച്ച മനുഷ്യൻ ദൈവമായി മുൻപിൽ.ഭക്തരുടെ വിഷമങ്ങളിലും ദുഃഖങ്ങളിലും സാന്ദ്വനമായി..താങ്ങായി...നമ്മളിൽ ഒരാളായി... ഒരു ജനത മുഴുവൻ നെഞ്ചേറ്റി ആരാധിക്കുന്ന സങ്കല്പ്പം.വിശ്വാസത്തിന്റെ കണ്ണിലും കാണാം ..കലയുടെ കണ്ണിലും കാണാം..എങ്ങിനെയയാലും മനസ്സു നിറയും..

Recent Posts

ജാലകം