Pages

Monday, September 3, 2012

ട്രാന്‍സ്പോര്‍ട്ട്‌ ബസ്സിലെ കമ്മ്യൂണിസം

ബസ്സ്‌ പുറപ്പെട്ടു.അടിമാലിയില്‍ നിന്നും കോട്ടയത്തേയ്ക്കുള്ള ലിമിറ്റഡ്‌ സ്റ്റോപ്‌ ട്രാന്‍സ്പോര്‍ട്ട്‌ ബസ്സാണ്‌.ഇടദിവസ്സങ്ങളില്‍ തിരക്ക്‌ കുറവായിരിക്കും.അഞ്ചുമണിക്ക്‌ യാത്ര ആരംഭിക്കുന്ന ബസ്സ്‌ ഏഴുമണിക്ക്‌ മൂവാറ്റുപുഴയിലെത്തും.പ്രൈവറ്റ്‌ ബസ്സിനാണെങ്കില്‍ രണ്ടരമണിക്കൂറെടുക്കും.അതിനാല്‍ കഴിയുന്നതും ഈ ബസ്സുതന്നെയാണ്‌ നോക്കുന്നതും
മധ്യഭാഗത്തുള്ള സീറ്റിലാണിരിക്കുന്നത്‌.ബസ്സില്‍ നില്‍ക്കാനാളില്ല.നല്ല മഴയും തണുപ്പുമായതിനാല്‍ ബസ്സിലെ ഇരുണ്ടവെളിച്ചത്തില്‍ ചുരുണ്ടുകൂടി വിലക്കയറ്റവും മഴക്കുറവും വൈദ്യുതിപ്രശനവുമെല്ലാം മനനം ചെയ്തിരുന്നു.അപ്പോഴാണ്‌ പിറകില്‍ നിന്നും ഒരു കലപില.ഒരു 'പാമ്പാ' ണ്‌.ചെറുപ്പ്പ്പക്കാരനാണ്‌.നേരേ നില്‍ക്കാന്‍ ഏറെപണിപ്പെടുന്നുണ്ട്‌.കാലിയായ സീറ്റുണ്ട്‌..പക്ഷെ അങ്ങിനെ എന്നെ ഇരുത്താന്‍ നോക്കേണ്ട എന്നാണ്‌ പാമ്പ്‌ പറയുന്നത്‌.
'ചേട്ടാ പിടിച്ചു നില്‍ക്ക്‌..എനിക്ക്‌ പണിയുണ്ടാക്കല്ലേ." കണ്ടക്ടര്‍ക്ക്‌ ഭയം.
'ഇത്‌ സര്‍ക്കരിന്റെയല്ലേ..ഞാന്‍ ഇഷ്ടമുള്ളത്‌ ചെയ്യും"

ഒരു വലിയ സത്യം കേട്ടതുപോലെ കണ്ടക്ടര്‍ നിശ്ശബ്ദനായി.യാത്രക്കാരും അങ്ങിനെതന്നെയെന്ന് കരുതി.
" ഞാന്‍ പാട്ടുപാടും കൂകും ആര്‍ക്കാണ്‌ ചോദിക്കാന്‍ കാര്യം..ബസ്സില്‌ മജിസ്ടേറ്റിനും പൊലീസിനും എനിക്കും അവകാശം ഒന്നുതന്നെ..."
അതും ഒരു സത്യമായ കാര്യമാണ്‌.ട്രാന്‍സ്പോര്‍ട്ട്‌ ബസ്സില്‍ ആര്‍ക്കെങ്കിലും കൂടുതല്‍ അധികാരമുണ്ടോ?ഒരാളുടെ മേല്‍ മറ്റൊരാള്‍ക്ക്‌ എന്ത്‌ അധികാരം.നിയമവിധേയമായ ഏതുകാര്യവും ഈ ശകടത്തില്‍ നിഷിദ്ധമല്ല.ആര്‍ക്കും കൂകാം പാട്ടുപാടാം കരയാം ഛര്‍ദ്ദിക്കാം സീറ്റില്‍ കാലുനീട്ടിവച്ച്‌ ഉറങ്ങാം അങ്ങിനെ അങ്ങിനെ എന്തെല്ലാം സ്വാതന്ത്ര്യങ്ങള്‍?
അപ്പോഴാണ്‌ പിന്നില്‍ നിന്നും അതിശക്തമായ കൂവല്‍.പാമ്പാണ്‌.ആരും മിണ്ടിയില്ല.ആര്‍ക്കാണ്‌ അയാളെ ചോദ്യം ചെയ്യുവാന്‍ അധികാരം?ഇനി അപ്രകാരം ചെയ്താലോ?അയാളുടെ വായില്‍ കിടക്കുന്ന പുളിച്ചതെറി കേള്‍ക്കുന്നതിലും ഭേദം മൗനിയാകുന്നതാണ്‌ നല്ലത്‌ എന്ന് എല്ലാവരും കരുതും.തെറ്റുപറയാനാകുമോ?
എപ്പോഴോ അയാള്‍ ഇറങ്ങിപോയി.ബസ്സില്‍ കനത്ത നിശ്ശബ്ദതയാണ്‌.ബസ്സിലെ തുല്യ അവകാശം തന്നെ എന്റെ മനസ്സില്‍ പൊന്തിവന്നു.ട്രാന്‍സ്പോര്‍ട്ട്‌ ബസ്സിലാണ്‌ യഥാര്‍ഥകമ്യൂണിസം നിലനില്‍ക്കുന്നതെന്ന് എനിക്കുതോന്നി.ബസ്സില്‍ ആരും ആരേയും ഭരിക്കുന്നില്ല.കണ്ടക്ടര്‍ക്കും യാത്രക്കാര്‍ക്കും ഒരു നിയമം മാത്രം.പ്രൈവറ്റ്‌ ബസ്സില്‍ ഇതൊന്നും നടക്കില്ല.അവിടെ പോലീസ്‌ പണിചെയ്യുന്ന കിളികളുണ്ട്‌.പാമ്പുകളെ അവര്‍ കൈകാര്യം ചെയ്യും.രണ്ടുപേരിരിക്കുന്ന സീറ്റില്‍ മൂന്നുപേരേ ഇരുത്താന്‍ ഈ പോലീസുകാര്‍ക്ക്‌ അധികാരമുണ്ട്‌.പാട്ടയിലടിച്ച്‌ യാത്രക്കാരുടെ സ്വൈര്യം കെടുത്താന്‍ ഇവര്‍ക്ക്‌ അധികാരമുണ്ട്‌.യാത്രക്കാരോട്‌ ദേഷ്യപ്പെടാനും കയറിനില്‍ക്കാത്തവരെ അസഭ്യം പറയാനും അധികാരമുണ്ട്‌.അങ്ങിനെ അധികാരത്തിന്റെ മൂര്‍ത്തമായ പ്രതീകമാണ്‌ പ്രൈവറ്റ്‌ ബസ്സ്‌.
എന്നാല്‍ ട്രാന്‍സ്പോര്‍ട്ട്‌ ബസ്സ്‌ ഭരണകൂടം പൊഴിഞ്ഞുവീണ വ്യവസ്ഥിതിനിലനില്‍ക്കുന്ന സ്ഥാപനമാണ്‌.ഉറക്കെ ഫോണ്‍ചെയ്യുവാന്‍ ഇതില്‍ ഒരു തടസ്സവുമില്ല.പലപ്പോഴും സ്വന്തം വീട്ടില്‍ ലഭിക്കാത്ത ഒരുസൗഭാഗ്യം കൂടിയാണത്‌.മൊബൈ ല്‍ ഫോണിലൂടെ ഉറക്കെ പാട്ടു വച്ച്‌ കേള്‍ക്കാം.ട്രാന്‍സ്പോര്‍ട്ട്‌ ബസ്സില്‍ മൂത്രമൊഴിച്ച ഒരു കഥ ഒരിക്കല്‍ ഒരു സുഹൃത്ത്‌ പറയുകയുണ്ടായി.ഇദ്ദേഹം ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്‌.വയനാട്ടില്‍ നിന്നും മൂവാറ്റുപുഴ്യ്ക്ക്‌ വരുകയാണ്‌.തൃശ്ശൂര്‍ കഴിഞ്ഞപ്പോള്‍ ഒരു ശങ്ക.കഴിയുന്നത്ര നിയന്ത്രിച്ചു നോക്കി.നടക്കില്ലന്നു തോന്നി.ബസ്സില്‍ കാര്യമായ യാത്രക്കാരില്ല.ഒരു പ്ലാസ്റ്റിക്‌ കൂടുമെടുത്ത്‌ കോണിപ്പടിയിലിറങ്ങി നിന്നു.കൂടുതുറന്ന് അതിലേക്ക്‌ സാധിച്ചു.തുടര്‍ന്ന് കൂട്‌ പുറത്തേക്ക്‌ തൂക്കിയെറിഞ്ഞു.അത്‌ ഏതെങ്കിലും വഴിയാത്രക്കര്‍ന്റേയോ മെട്ടോര്‍സൈക്കിളുകാരന്റേയോ തലയില്‍ വീണോയെന്ന് ആര്‍ക്കറിയാം.ഏതായാലും ട്രാന്‍സ്പോര്‍ട്ട്‌ ബസ്സില്‍ മൂത്രമൊഴിക്കാമെന്നും എനിക്ക്‌ മനസ്സിലായി.
മറ്റൊന്ന് കണ്ടക്ടറെ ശാസിക്കാനുള്ള യാത്രക്കാരുടെ അസുലഭമായ സൗകര്യവും ഇതിലുണ്ടെന്നുള്ളതാണ്‌.ദീര്‍ഘദൂരബസ്സ്‌ ചായകുടിക്കാനായി പെരുമ്പാവൂര്‍ സ്റ്റാന്റില്‍ അല്‍പ്പനേരം നിര്‍ത്തി.ഒരു യാത്രക്കാരനത്‌ സുഖിച്ചില്ല.ഓസ്സിനുവേണ്ടി ഇതല്ല ഇതിനപ്പ്പ്പുറം ചെയ്യുമെന്ന് അയാള്‍ കണ്ടക്ടറെ അവഹേളിച്ചു.എന്തെല്ലാം സ്വാതന്ത്ര്യങ്ങള്‍?
ട്രാന്‍സ്പോര്‍ട്ട്‌ ബസ്സിന്റെ ചുവപ്പ്‌ കളര്‍ ഇതെല്ലാം അറിഞ്ഞു നല്‍കിയതാണോ എന്ന് ഇപ്പോള്‍ സംശയം.ഇടയ്ക്ക്‌ കളര്‍ മാറ്റിയെങ്കിലും വീണ്ടും ചുവപ്പിലേക്ക്‌ തിരിച്ചുവന്നു.കമ്യൂണിസത്തിന്റെ ഈ തുരുത്തുകള്‍ക്ക്‌ ഇതിലും പറ്റിയ നിറം ഉണ്ടോ?.....

1 അഭിപ്രായങ്ങൾ:

Pheonix said...

ഇത്തരം കാര്യങ്ങളെ കമ്യൂണിസവു,ആയി കൂട്ടിക്കെട്ടാണോ സുഹൃത്തേ?

Recent Posts

ജാലകം