Pages

Monday, September 24, 2012

വെണ്മണിക്കാഴ്ചകള്‍


ഇത്‌ വെണ്മണിനമ്പൂതിരിയുടേയോ മഹന്‍ നമ്പൂതിരിയുടേയോ നാടല്ല.പ്രകൃതിയോട്‌ രമ്യതപ്പെട്ടും പടവെട്ടിയും പുറം ലോകത്തിന്റെ മസ്മരികതയില്‍നിന്നോ അതോ കാപട്യങ്ങളില്‍ നിന്നോ ഒരുകാലം വരെ ബഹുദൂരം അകന്നുനിന്ന വാഹനങ്ങളുടെ ഇരമ്പലുകള്‍ പോലും അന്യമായിരുന്ന പട്ടച്ചാരായത്തിന്റെ ഉന്മത്തതയില്‍ പകലുകളും രാവുകളും ഹോമിച്ചിരുന്ന ഒരു ജനത വാണിരുന്ന ഹൈറേഞ്ചിലെ ഒരു ഇടമാണ്‌ ഈ വെണ്മണി.ഇവിടെ കവിതപൂക്കുകയോ കാവ്യങ്ങള്‍ രൂപപ്പെടുകയോ ചെയ്തിട്ടുണ്ടാകുമാ ആവോ?ഇന്ന് വെണ്മണിയുടെ മാറിലൂടെ നീണ്ടുപോകുന്ന കൊടുമുടിക്കയറ്റങ്ങളും കുത്തിറക്കങ്ങളും കൊടുംവളവുകളും ഇരുപുറവും കണ്ണുകള്‍ക്ക്‌ ആമോദം സമ്മാനിക്കുന്ന കാഴ്ചകളും ഉള്ള ടാര്‍ റോഡ്‌ വെണ്മണിയുടെ ചരിത്രത്തെ മാറ്റിമറിച്ചു.ഡ്രൈവിങ്ങിന്റെ ത്രില്ലും നിശ്ശബ്ദതയുടെ അവാച്യമായ ലഹരി ആസ്വദിക്കാനും വെണ്മണി...വെണ്മണി മാത്രമെ ഉള്ളൂ എന്നു പറഞ്ഞാല്‍ അതിശയോക്തിക്കിടമില്ലന്ന് ഇവിടം ഒന്ന് സഞ്ചരിച്ചാല്‍ സമ്മതിക്കാതിരിക്കില്ല.
ത്രില്‍ തുടങ്ങുന്നു

വെണ്‍തേക്ക്‌..

വികസനം ദാ ഇതിലേ..






ഫ്രീ ഓക്സിജന്‍... 


ഇവിടെ തേങ്ങാത്തരിയും..
                          ഇത്‌വെണ്മണി.മൂവാറ്റുപുഴ,പോത്താനിക്കാട്‌,വണ്ണപ്പുറം,മുണ്ടന്മുടി,ബ്ലാത്തിക്കവല വഴി ഇടുക്കിജില്ലയിലേക്കുള്ള ഈ പാതപോകുന്നത്‌ വെണ്മണി വഴിയാണ്‌.
                                ഈ റോഡ്‌ പണിതീര്‍ന്ന് സഞ്ചാരയോഗ്യമായത്‌ പത്തുവര്‍ഷത്തിനകമാണ്‌.അതിനുമുന്‍പ്‌ വണ്ണപ്പുറത്തുനിന്ന് ജീപ്പ്പ്‌ മാത്രമായിരുന്നു വെണ്മണിക്കാര്‍ക്ക്‌ ആശ്രയം.അതും ബ്ലാത്തിക്കവല കഴിഞ്ഞാല്‍ നടന്നല്ലാതെ പോകാനാകില്ല.പുറം ലോകവുമായി ഒരു ബന്ധവുമില്ല.പത്രമില്ല..കറണ്ടില്ല..വാഹനമില്ലാ..സ്കൂളില്ല..എന്നാല്‍ പട്ടച്ചാരായം സുലഭമായിരുന്നു.വെണ്മണിയിലെ ചാരായം വെണ്മണിക്ക്‌ പുറത്തേയ്ക്കും ഒഴുകിയിരുന്നു.അത്‌ വെണ്മണിക്കാര്‍ക്ക്‌ ഒരു വരുമാനമാര്‍ഗ്ഗം കൂടിയായിരുന്നു.വര്‍ഷത്തില്‍ ഒരു തവണയെങ്കിലും പോലീസോ എക്സൈസോ എത്തിയാല്‍ ഭാഗ്യം.ഒരിക്കല്‍ ഔദ്യോഗികകാര്യത്തിനായി 2000ലോ2001ലോ വെണ്മണിയില്‍ എത്തിയിട്ടുണ്ട്‌.വണ്ണപ്പുറത്തുനിന്ന് ജീപ്പ്പില്‍ ബ്ലാത്തിക്കവലയിലെത്തി അവിടെ നിന്ന് കാല്‍നടയായാണ്‌ ഇവിടെ എത്തിയത്‌.അന്നിവിടെ ഒരു പള്ളിയും ഒന്നു രണ്ടു ചെറിയ കടകളും മാത്രം.മഴക്കാലമായതിനാല്‍ ചളിനിറഞ്ഞ്‌ നടപ്പുപോലും ദുസ്സഹമാക്കിയ വഴി...കുത്തിയൊഴുകിയ വെള്ളപ്പാച്ചിലില്‍ റോഡ്‌ പലയിടത്തും തോടാണ്‌.അപരിചിതരായ ഞങ്ങളെ സംശയദൃഷ്ടിയോടെയാണ്‌ നാട്ടുകാര്‍ വീക്ഷിച്ചത്‌.പോലീസോ എകസൈസോ വേഷം മാറി വന്നതാകാമെന്ന് അവര്‍ക്കറിയാം. കൈലിയും ടീഷര്‍ട്ടും തലേല്‍കെട്ടുമായിരുന്നു വേഷം.പ്രച്ഛന്നവേഷം തന്നെ.പലരുമായും സംസാരിച്ചു.പള്ളിവികാരിയെ കണ്ടാല്‍ വ്യക്തമായ ചിത്രം കിട്ടുമെന്ന് മനസ്സിലായി.മധ്യവയസ്കനായ സ്നേഹധനനായ ആ ഫാദറിന്റെ ചിത്രം ഇന്നും മനസ്സിലുണ്ട്‌.ഇടവകക്കാരില്‍ ഭൂരിഭാഗവും വാറ്റുകാരാണ്‌..ഞാനെന്തുചെയ്യാനാണ്‌?ഓരോ കുടുംബങ്ങളുടേയും കഥകള്‍ പറയുമ്പോള്‍ ഫാദര്‍ അല്‍പ്പം നേരം മൗനിയാകുന്നു.വികാരം നിയന്ത്രിക്കാന്‍ പാടുപെടുന്നാതായി വ്യക്തമാകുന്നു.വെണ്മണീക്കാരെ ആരു രക്ഷിക്കും?..........
                                          ഇത്‌ വിസ്മരിക്കപ്പെട്ട ചരിത്രം മാത്രം..ഒരു റോഡ്‌ എല്ലാം മാറ്റിത്തീര്‍ത്തു.ഒരു ജനതയുടെ ജീവിതം തന്നെ..ഇന്ന് പട്ടച്ചാരായം പഴങ്കഥ..ബസ്സു കാത്തുനില്‍ക്കുന്ന യൂണിഫാറമിട്ട കുട്ടികള്‍ മാറിയ വെണ്മണിയുടെ പുതിയ മുഖമാണ്‌ കാണിക്കുന്നത്‌..റോഡിലൂടെ പായുന്ന ലൈസ്‌ ബസ്സുകള്‍..കാറുകള്‍..വൈദ്യുതിലൈനുകള്‍....
ഈ റോഡ്‌ കഞ്ഞിക്കുഴി വഴി ചെറുതോണി നേര്യമംഗലം റോഡിലെത്തുന്നു.അവിടെനിന്നും ചെറുതോണിക്ക്‌ എളുപ്പമാണ്‌.എറണാകുളത്തുനിന്നും കട്ടപ്പനക്ക്‌ ഇപ്പോള്‍ ഇതാണ്‌ എളുപ്പമാര്‍ഗ്ഗം.വഴിയും നല്ലതുതന്നെ.
                                  വണ്ണപ്പുറം മുതലുള്ള യാത്ര ചേതോഹരമാണ്‌.കൊടുവളവുകളും കയറ്റവും കുത്തനിറക്കവും യാത്രയുടെ ത്രില്ല് വര്‍ദ്ധിപ്പിക്കുന്നു.മുണ്ടന്മുടി കഴിഞ്ഞാല്‍ അന്തരീക്ഷത്തിന്‌ അല്‍പ്പം കുളിരുതോന്നും.മൂടില്‍ക്കെട്ടിനില്‍ക്കുന്ന നിശ്ശബ്ദത.വല്ലപ്പോഴും കടന്നുപോകുന്ന വാഹനങ്ങളുടെ ഇരമ്പല്‍ മാത്രം.വല്ലപ്പോഴുമുള്ള ഒരു പശുവിന്റേയോ ആടിന്റേയോ കരച്ചില്‍ പിന്നണിതീര്‍ക്കുന്നു.മുണ്ടശ്ശേരി പറയുന്നപോലെ പാര്‍സലായി പോയി വന്നാല്‍ ഒന്നും തോന്നില്ല.റോഡിനിരുവശവുമുള്ള കുന്നുകളില്‍ കലമ്പട്ടയും തേങ്ങാത്തരിയും പൂത്തു നില്‍ക്കുന്നുണ്ട്‌.കുന്നിന്‍ മുകളില്‍ കയറിയാല്‍ വളഞ്ഞുപുളഞ്ഞു പോകുന്ന റോഡിന്റെ ദൃശ്യം കാണാം.മലമുകളില്‍ നല്ല കാറ്റ്‌.ഇനിയും കണ്ടിട്ടില്ലാത്ത നിരവധിയായ ചെറുതും വലുതുമായപുഷ്പങ്ങള്‍..ചെടികള്‍..വെള്ളിലകള്‍..കാറ്റിനുപോലും ഇവയുടെ സുഗന്ധം...പട്ടണത്തിന്റെ കോലാഹലങ്ങളില്‍ നിന്നും മലിനംവും ദുര്‍ഗന്ധം മണക്കുന്ന വായുവില്‍നിന്നും ഒരു പലായനം...മണിക്കൂറുകള്‍ മാത്രമാണെങ്കിലും..അത്‌ നിശ്ചയമായും ഒരു സുഖ ചികല്‍ത്സതന്നെ.
                            ഇന്ന് വെണ്മണിയില്‍ കടകളുണ്ട്‌.പള്ളി പുതുക്കി പണിതു.അതു്‌ വലിയോരു കൂട്ടായ്മയുടെ കഥകൂടിയാണ്‌.ഗ്രാമവാസികള്‍ എല്ലാവരുടേയും കൂട്ടായ ശ്രമത്തിന്റേയും അദ്ധ്വാനത്തിന്റേയും ഫലം.ഒരു ആയുര്‍വേദാശുപത്രിയുണ്ട്‌.ആവശ്യത്തിനു ബസ്സ്‌ സര്‍വീസുമായി.ഇതെല്ലാം ഒരു റോഡ്‌ തന്നതാണ്‌....വെണ്മണിക്കാരുടെ വരദാനമായ ആറോഡിലൂടെയുള്ള യാത്രയും ഒരു വരദാനം തന്നെ...

Monday, September 3, 2012

ട്രാന്‍സ്പോര്‍ട്ട്‌ ബസ്സിലെ കമ്മ്യൂണിസം

ബസ്സ്‌ പുറപ്പെട്ടു.അടിമാലിയില്‍ നിന്നും കോട്ടയത്തേയ്ക്കുള്ള ലിമിറ്റഡ്‌ സ്റ്റോപ്‌ ട്രാന്‍സ്പോര്‍ട്ട്‌ ബസ്സാണ്‌.ഇടദിവസ്സങ്ങളില്‍ തിരക്ക്‌ കുറവായിരിക്കും.അഞ്ചുമണിക്ക്‌ യാത്ര ആരംഭിക്കുന്ന ബസ്സ്‌ ഏഴുമണിക്ക്‌ മൂവാറ്റുപുഴയിലെത്തും.പ്രൈവറ്റ്‌ ബസ്സിനാണെങ്കില്‍ രണ്ടരമണിക്കൂറെടുക്കും.അതിനാല്‍ കഴിയുന്നതും ഈ ബസ്സുതന്നെയാണ്‌ നോക്കുന്നതും
മധ്യഭാഗത്തുള്ള സീറ്റിലാണിരിക്കുന്നത്‌.ബസ്സില്‍ നില്‍ക്കാനാളില്ല.നല്ല മഴയും തണുപ്പുമായതിനാല്‍ ബസ്സിലെ ഇരുണ്ടവെളിച്ചത്തില്‍ ചുരുണ്ടുകൂടി വിലക്കയറ്റവും മഴക്കുറവും വൈദ്യുതിപ്രശനവുമെല്ലാം മനനം ചെയ്തിരുന്നു.അപ്പോഴാണ്‌ പിറകില്‍ നിന്നും ഒരു കലപില.ഒരു 'പാമ്പാ' ണ്‌.ചെറുപ്പ്പ്പക്കാരനാണ്‌.നേരേ നില്‍ക്കാന്‍ ഏറെപണിപ്പെടുന്നുണ്ട്‌.കാലിയായ സീറ്റുണ്ട്‌..പക്ഷെ അങ്ങിനെ എന്നെ ഇരുത്താന്‍ നോക്കേണ്ട എന്നാണ്‌ പാമ്പ്‌ പറയുന്നത്‌.
'ചേട്ടാ പിടിച്ചു നില്‍ക്ക്‌..എനിക്ക്‌ പണിയുണ്ടാക്കല്ലേ." കണ്ടക്ടര്‍ക്ക്‌ ഭയം.
'ഇത്‌ സര്‍ക്കരിന്റെയല്ലേ..ഞാന്‍ ഇഷ്ടമുള്ളത്‌ ചെയ്യും"

ഒരു വലിയ സത്യം കേട്ടതുപോലെ കണ്ടക്ടര്‍ നിശ്ശബ്ദനായി.യാത്രക്കാരും അങ്ങിനെതന്നെയെന്ന് കരുതി.
" ഞാന്‍ പാട്ടുപാടും കൂകും ആര്‍ക്കാണ്‌ ചോദിക്കാന്‍ കാര്യം..ബസ്സില്‌ മജിസ്ടേറ്റിനും പൊലീസിനും എനിക്കും അവകാശം ഒന്നുതന്നെ..."
അതും ഒരു സത്യമായ കാര്യമാണ്‌.ട്രാന്‍സ്പോര്‍ട്ട്‌ ബസ്സില്‍ ആര്‍ക്കെങ്കിലും കൂടുതല്‍ അധികാരമുണ്ടോ?ഒരാളുടെ മേല്‍ മറ്റൊരാള്‍ക്ക്‌ എന്ത്‌ അധികാരം.നിയമവിധേയമായ ഏതുകാര്യവും ഈ ശകടത്തില്‍ നിഷിദ്ധമല്ല.ആര്‍ക്കും കൂകാം പാട്ടുപാടാം കരയാം ഛര്‍ദ്ദിക്കാം സീറ്റില്‍ കാലുനീട്ടിവച്ച്‌ ഉറങ്ങാം അങ്ങിനെ അങ്ങിനെ എന്തെല്ലാം സ്വാതന്ത്ര്യങ്ങള്‍?
അപ്പോഴാണ്‌ പിന്നില്‍ നിന്നും അതിശക്തമായ കൂവല്‍.പാമ്പാണ്‌.ആരും മിണ്ടിയില്ല.ആര്‍ക്കാണ്‌ അയാളെ ചോദ്യം ചെയ്യുവാന്‍ അധികാരം?ഇനി അപ്രകാരം ചെയ്താലോ?അയാളുടെ വായില്‍ കിടക്കുന്ന പുളിച്ചതെറി കേള്‍ക്കുന്നതിലും ഭേദം മൗനിയാകുന്നതാണ്‌ നല്ലത്‌ എന്ന് എല്ലാവരും കരുതും.തെറ്റുപറയാനാകുമോ?
എപ്പോഴോ അയാള്‍ ഇറങ്ങിപോയി.ബസ്സില്‍ കനത്ത നിശ്ശബ്ദതയാണ്‌.ബസ്സിലെ തുല്യ അവകാശം തന്നെ എന്റെ മനസ്സില്‍ പൊന്തിവന്നു.ട്രാന്‍സ്പോര്‍ട്ട്‌ ബസ്സിലാണ്‌ യഥാര്‍ഥകമ്യൂണിസം നിലനില്‍ക്കുന്നതെന്ന് എനിക്കുതോന്നി.ബസ്സില്‍ ആരും ആരേയും ഭരിക്കുന്നില്ല.കണ്ടക്ടര്‍ക്കും യാത്രക്കാര്‍ക്കും ഒരു നിയമം മാത്രം.പ്രൈവറ്റ്‌ ബസ്സില്‍ ഇതൊന്നും നടക്കില്ല.അവിടെ പോലീസ്‌ പണിചെയ്യുന്ന കിളികളുണ്ട്‌.പാമ്പുകളെ അവര്‍ കൈകാര്യം ചെയ്യും.രണ്ടുപേരിരിക്കുന്ന സീറ്റില്‍ മൂന്നുപേരേ ഇരുത്താന്‍ ഈ പോലീസുകാര്‍ക്ക്‌ അധികാരമുണ്ട്‌.പാട്ടയിലടിച്ച്‌ യാത്രക്കാരുടെ സ്വൈര്യം കെടുത്താന്‍ ഇവര്‍ക്ക്‌ അധികാരമുണ്ട്‌.യാത്രക്കാരോട്‌ ദേഷ്യപ്പെടാനും കയറിനില്‍ക്കാത്തവരെ അസഭ്യം പറയാനും അധികാരമുണ്ട്‌.അങ്ങിനെ അധികാരത്തിന്റെ മൂര്‍ത്തമായ പ്രതീകമാണ്‌ പ്രൈവറ്റ്‌ ബസ്സ്‌.
എന്നാല്‍ ട്രാന്‍സ്പോര്‍ട്ട്‌ ബസ്സ്‌ ഭരണകൂടം പൊഴിഞ്ഞുവീണ വ്യവസ്ഥിതിനിലനില്‍ക്കുന്ന സ്ഥാപനമാണ്‌.ഉറക്കെ ഫോണ്‍ചെയ്യുവാന്‍ ഇതില്‍ ഒരു തടസ്സവുമില്ല.പലപ്പോഴും സ്വന്തം വീട്ടില്‍ ലഭിക്കാത്ത ഒരുസൗഭാഗ്യം കൂടിയാണത്‌.മൊബൈ ല്‍ ഫോണിലൂടെ ഉറക്കെ പാട്ടു വച്ച്‌ കേള്‍ക്കാം.ട്രാന്‍സ്പോര്‍ട്ട്‌ ബസ്സില്‍ മൂത്രമൊഴിച്ച ഒരു കഥ ഒരിക്കല്‍ ഒരു സുഹൃത്ത്‌ പറയുകയുണ്ടായി.ഇദ്ദേഹം ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്‌.വയനാട്ടില്‍ നിന്നും മൂവാറ്റുപുഴ്യ്ക്ക്‌ വരുകയാണ്‌.തൃശ്ശൂര്‍ കഴിഞ്ഞപ്പോള്‍ ഒരു ശങ്ക.കഴിയുന്നത്ര നിയന്ത്രിച്ചു നോക്കി.നടക്കില്ലന്നു തോന്നി.ബസ്സില്‍ കാര്യമായ യാത്രക്കാരില്ല.ഒരു പ്ലാസ്റ്റിക്‌ കൂടുമെടുത്ത്‌ കോണിപ്പടിയിലിറങ്ങി നിന്നു.കൂടുതുറന്ന് അതിലേക്ക്‌ സാധിച്ചു.തുടര്‍ന്ന് കൂട്‌ പുറത്തേക്ക്‌ തൂക്കിയെറിഞ്ഞു.അത്‌ ഏതെങ്കിലും വഴിയാത്രക്കര്‍ന്റേയോ മെട്ടോര്‍സൈക്കിളുകാരന്റേയോ തലയില്‍ വീണോയെന്ന് ആര്‍ക്കറിയാം.ഏതായാലും ട്രാന്‍സ്പോര്‍ട്ട്‌ ബസ്സില്‍ മൂത്രമൊഴിക്കാമെന്നും എനിക്ക്‌ മനസ്സിലായി.
മറ്റൊന്ന് കണ്ടക്ടറെ ശാസിക്കാനുള്ള യാത്രക്കാരുടെ അസുലഭമായ സൗകര്യവും ഇതിലുണ്ടെന്നുള്ളതാണ്‌.ദീര്‍ഘദൂരബസ്സ്‌ ചായകുടിക്കാനായി പെരുമ്പാവൂര്‍ സ്റ്റാന്റില്‍ അല്‍പ്പനേരം നിര്‍ത്തി.ഒരു യാത്രക്കാരനത്‌ സുഖിച്ചില്ല.ഓസ്സിനുവേണ്ടി ഇതല്ല ഇതിനപ്പ്പ്പുറം ചെയ്യുമെന്ന് അയാള്‍ കണ്ടക്ടറെ അവഹേളിച്ചു.എന്തെല്ലാം സ്വാതന്ത്ര്യങ്ങള്‍?
ട്രാന്‍സ്പോര്‍ട്ട്‌ ബസ്സിന്റെ ചുവപ്പ്‌ കളര്‍ ഇതെല്ലാം അറിഞ്ഞു നല്‍കിയതാണോ എന്ന് ഇപ്പോള്‍ സംശയം.ഇടയ്ക്ക്‌ കളര്‍ മാറ്റിയെങ്കിലും വീണ്ടും ചുവപ്പിലേക്ക്‌ തിരിച്ചുവന്നു.കമ്യൂണിസത്തിന്റെ ഈ തുരുത്തുകള്‍ക്ക്‌ ഇതിലും പറ്റിയ നിറം ഉണ്ടോ?.....

Recent Posts

ജാലകം