
സ്ത്രീ സഞ്ചാരങ്ങളെ തൊട്ടശുദ്ധമാക്കിയ പകല്‍ മാന്യരായ സാമൂഹ്യവിരുദ്ധരുടെ വൃത്തികേടുകള്‍ക്കുമുന്‍പില്‍ പകച്ചും കരഞ്ഞും ടെന്‍ഷനടിച്ചും നിമിഷംതോറും അപമാനിതരാവുന്ന എല്ലാപെണ്ണുങ്ങളുടേയും ഏകാന്തതക്ക് കൂട്ടായി സമര്‍പ്പിച്ച റ്റിസി മറിയം തോമസ്സിന്റെ 138 പേജും 70 രൂപ വിലയുമുള്ള പുസ്തകമാണ്"ഇറങ്ങിനടപ്പ്".ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജിലെ മന:ശ്ശാസ്ത്ര വിഭാഗം അധ്യാപികയാണ് ലേഖിക.
യാത്രയില്‍ വെളിവാക്കപ്പെടുന്ന മലയാളി പൗരുഷത്തിന്റെ മുഖം മൂടി പിച്ചിക്കീറി 26 യാത്രാസ്മരണകള്‍ ഉള്‍ക്കൊള്ളുന്നതും വായനക്കാരുടെ അഭിപ്രായങ്ങള്‍ ഉല്‍ക്കൊള്ളുന്ന 2 അനുബന്ധങ്ങളും ചേര്‍ന്ന ഈ പുസ്തകം ബസ്സിനുള്ളിലെ അക്രമികള്‍ക്കും അതുകണ്ടുനില്‍ക്കുന്ന മാന്യരായനോക്കുകുത്തികള്‍ക്കും ഓരോകോപ്പി കൊടുക്കേണ്ടതാണന്ന് ലേഖിക. കേരളത്തിലെ ബസ്സ് യാത്രയില്‍ തനിക്ക് അനുഭവപ്പെട്ട അനുഭവങ്ങളാണ് ആരേയും ദഹിപ്പിക്കുന്ന കനല്‍ക്കട്ടകളായ അക്ഷരങ്ങളിലൂടെ വിവരിക്കുന്നത്.സത്യത്തില്‍ ഒരു വട്ടം വായിച്ചുതീര്‍ന്നപ്പോള്‍ ഞാന്‍ സ്തംഭിച്ചുപോയി.ഒരു പക്ഷേ പുരുഷവര്‍ഗത്തിന്റെ പ്രതിനിധി എന്നനിലയില്‍ അഭിപ്രായം എഴുതുന്നതിനുപോലും ഭയം തോന്നി.... 2003-04 കാലഘട്ടത്തില്‍ വര്‍ത്തമാനം ദിനപ്പത്രത്തിലും പിന്നീട് പച്ചക്കുതിരയിലും പ്രസിദ്ധീകരിച്ചവയും ചേര്‍ത്താണ് പുസ്തകരൂപത്തിലാക്കിയിരിക്കുന്നത്. ബസ്സില്‍ കയറിയിറങ്ങുന്ന ഏതൊരു സ്ത്രീയും ആണ്‍ശല്യത്തിന് ഇരയാകുന്നുവെന്ന് റ്റിസ്സി മറിയം പറയുന്നു.ഇത് ഒറ്റപ്പെട്ടസംഭവമല്ലന്നും ഒരു വലിയ കൂട്ടം ജനത എതിര്‍ലിംഗത്തിലെ വലിയ സംഘം ജനതയെ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നും കണ്ടെത്തുന്നു. സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ തടഞ്ഞുകൊണ്ടുള്ള ബോധപൂര്‍വ്വമായ പ്രവര്‍ത്തനം വീടുകളില്‍നിന്നുതന്നെ ആരംഭിക്കുന്നു.സന്ധ്യക്കുമുന്‍പേ വരണം ,അനിയനെകൂട്ടിക്കോ എന്നുള്ള നിര്‍ദേശങ്ങള്‍ ബോധപൂര്‍വ്വം സുരക്ഷിതമല്ലെന്നെചിന്ത പെണ്‍കുട്ടികളില്‍ വളര്‍ത്തുന്നു. പൊതുസ്ഥലത്ത് പുരുഷന് കളിക്കാം,ചിരിക്കാം,കൂട്ടുകൂടാം,ചീട്ടുകളിക്കാം,മൂത്രമൊഴിക്കാം,വീട്ടിലെ വസ്ത്രത്തില്‍ പുറത്തുപോകാം,അര്‍ദ്ധനഗ്നനായി നടക്കാം,കള്ളുഷാപ്പുകളില്‍ കയറി കള്ളുകുടിക്കാം എന്നിങ്ങനെ സ്വാതന്ത്ര്യത്തിന്റെ വിശാലതയുള്ളപ്പോള്‍ സ്ത്രീയ്ക്ക് ഇതൊന്നുമില്ല.അവള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി കൂലിയില്ലാത്ത പണികള്‍ ചെയ്യണം.സ്ത്രീക്കെതിരെയുള്ള എല്ലാ പീഢനങ്ങളും സ്ത്രീ തന്റെ അടിമായണെന്നു സ്ഥാപിക്കാനുള്ളതും അധീശത്വം ഊട്ടിയുറപ്പിക്കാനുള്ളതുമാണ്.ചുരുക്കത്തില്‍ പുരുഷവര്‍ഗ്ഗത്തിന്റെ സംഘടിതശ്രമത്തിന്റെ ഭാഗമാണ് ബസ്സിലെ പീഢനങ്ങള്‍ എന്ന് ലേഖിക സ്ഥാപിക്കുന്നു. ഹോസ്റ്റലിലെ ആള്‍സഞ്ചാരം കുറഞ്ഞ വഴിയിലെ യാത്രയില്‍ പാന്റിന്റെ സിപ്പ് ഊരി പ്രദര്‍ശിപ്പിച്ചതും,ഉപയോഗിച്ച സോക്സിന്റെ മണമുള്ള വായയുള്ള 50 കാരന്റെ പ്രവൃത്തിയും ബാങ്കുദ്യോഗസ്ഥന്റെ പെരുമാറ്റവും,മാരാമണ്‍ കണ്‍ വെന്‍ഷനിലേക്കുള്ള യാത്രയിലെ അനുഭവങ്ങളും ഒട്ടും അതിശയോക്തിപരമായിരിക്കില്ല.മറിച്ച് സത്യം തന്നെയായിരിക്കും. ബസ്സുയാത്രയില്‍ സ്ത്രീകളെ ഉപദ്രവിക്കുന്നവര്‍ അത് ഒരു സ്ഥിരം ശീലമാക്കിയവരാണെന്നാണ് ഞാന്‍ കരുതുന്നത്.ഏതുവിഭാഗത്തിലുമുള്ളവര്‍ ഈ കൂട്ടത്തിലുണ്ട്.തിരക്കിനിടയില്‍ ആരും കാണാതെ കാര്യം നടത്താനാണ് ഇവര്‍ ശ്രമിക്കുന്നത്.പിടിക്കപ്പെട്ടാല്‍ ആ നിമിഷം ഇവര്‍ മുങ്ങും.സ്ത്രീകളുടെ ഇറങ്ങിനടപ്പിനുള്ള സ്വാതന്ത്ര്യവുമായി ഇത് എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു.?ഇത് പുരുഷവര്‍ഗ്ഗത്തിന്റെ സംഘടിത ശ്രമത്തിന്റെ ഭാഗമാണോ? സ്ത്രീകളുടെ നടപ്പുസ്വാതന്ത്ര്യം ഒരു കാലത്ത് പല വിഭാഗങ്ങളുടേയും നടപ്പുസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ ഭാഗമായിരുന്നു.കേരളത്തില്‍ യാത്രാബസ്സുകള്‍ സുലഭമായിട്ട് 50 വര്‍ഷത്തെ ചരിത്രം പോലുമില്ല.സ്ത്രീകള്‍ സുലഭമായി യാത്രചെയ്യാനാരംഭിച്ചതുതന്നെ ഏറെകാലങ്ങളായോ? മാറുമറയ്കാനുള്ള സ്വാതന്ത്ര്യത്തിനും,വിധവാവിവാഹത്തിനും,പൊതുവഴിനടക്കാനും,ക്ഷേത്രപ്രവേശനത്തിനും നടന്ന സമരങ്ങള്‍ സ്ത്രീസ്വതന്ത്ര്യത്തിനുള്ള സമരങ്ങള്‍ തന്നെയായിരുന്നു.അതും പുരുഷന്മാരാല്‍ നയിക്കപ്പെട്ട്.പുലാപ്പേടി,മണ്ണാപ്പേടി എന്ന ദുരാചാരങ്ങളും നടന്ന നാടായിരുന്നു കേരളം..ഈ ദുരവസ്ഥയില്‍ നിന്നും സ്ത്രീകള്‍ എത്രത്തോളം സ്വാതന്ത്ര്യം നേടിയിരിക്കുന്നു.നാലുകെട്ടിലെ അന്തര്‍ജ്ജനങ്ങള്‍ക്ക് ഇറങ്ങിനടപ്പ് എന്ന സങ്കല്‍പ്പം തന്നെ ഒരുകാലത്ത് അവരുടെ അവകാശങ്ങളുടെ ഭാഗം പോലുമായിരുന്നില്ല.വി.ടി,എം.ആര്‍.ബി,ഈ.എം.എസ്സ് തുടങ്ങിയ പുരുഷപ്രതിനിധികളായിരുന്നു സ്ത്രീസ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയതുപോലും. ട്രാഫിക് നിയന്ത്രിക്കുന്ന പോലീസുകാരിയും,റിക്ഷയോടിക്കുന്ന സ്ത്രീയും പമ്പില്‍ പെട്രൊളടിക്കുന്ന സ്ത്രീയും വാഹനമോടിക്കുന്ന സ്ത്രീയുമിന്ന് പുതുമയുള്ള കാഴ്ചയല്ല. ബസ്സുയാത്രയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ സത്യം തന്നെയാണ്.ബോംബെപോലുള്ള നഗരത്തില്‍ അര്‍ദ്ധരാത്രിക്കുപോലും ജോലികഴിഞ്ഞ് ട്രെയിനില്‍ വരുന്ന എത്രയോ സ്ത്രീകളുണ്ട്...സ്ത്രീ വളരെ സുരക്ഷിതയാണിവിടെ.കേരളത്തിലേതുപോലുള്ള ഒരു സംഭവമുണ്ടായാല്‍ അവന് ജീവനുംകൊണ്ട് പോരാന്‍ പറ്റില്ല.എന്താണ് ഈ വ്യത്യാസങ്ങള്‍ക്കുകാരണം?ഒരു പഠനം നടന്നിട്ടുണ്ടോ?ലേഖിക പറയുന്ന കാറല്‍ ഗിന്റ്,ഹെന്‍ലി എന്നീ മന:ശ്ശാസ്ത്രന്മാരുടെ പഠനം കേരളത്തിന്റെ സാഹചര്യത്തിലോ സാമൂഹവ്യവസ്ഥിതിയുമായി ഇണങ്ങുന്നതാണോ?അത് അപ്പാടെ പകര്‍ത്തി കേരളത്തിലെ പുരുഷവര്‍ഗ്ഗത്തെ വിശകലനം ചെയ്താല്‍ എത്രത്തോളം ശരിയാകും? സ്വിറ്റ് സര്‍ലന്റില്‍ നിന്നും വന്ന ഒരു റ്റീച്ചര്‍ കേരളത്തിലെ ബസ്സുകളിലെ തിരക്കുകണ്ട് ഞെട്ടിപ്പോയതായി എന്റെ ഒരു സഹപ്രവര്‍ത്തകന്‍ പറയുകയുണ്ടായി.ലോകത്ത് ഒരിടത്തും പലചരക്കുപോലെ ആളെ കൊണ്ടുപോകുന്ന ശകടങ്ങളുണ്ടോ?പോക്കറ്റടിയും സ്ത്രീകളെ ശല്യപ്പെടുത്തുന്നതും ഈ തിരക്കുള്ള ബസ്സുകളിലാണ്.തിരക്കുകുറഞ്ഞവാഹനങ്ങള്‍ സ്ത്രീകളുടെ യാത്രക്ക് സുരക്ഷിതമാണ്. എത്ര പരിഷ്കൃതമെന്നുപറഞ്ഞാലും ഈ നാട്ടില്‍ കൊലപാതകവും ബലാല്‍സംഗവും കള്ളവാറ്റും കള്ളനോട്ടടിയും തട്ടിപ്പും വെട്ടിപ്പും നടക്കുന്നില്ലേ?അതും പുരുഷന്മാരുടെ തന്നെ കുത്തകയാണ് കേരളത്തിലെ പുരുഷവര്‍ഗ്ഗം മുഴുവനും ദിവസവും യാത്രചെയ്യുന്നവരാണന്ന് സങ്കല്‍പ്പിക്കാനാകില്ല.ബസ്സുകളിലെ യാത്രക്കാരില്‍ നല്ലോരു ശതമാനവും സ്ഥിരം യാത്രക്കാരാണ്.അവരില്‍ തന്നെ വിരലില്‍ എണ്ണാവുന്നവരേ ശല്യക്കാരുള്ളു.വര്‍ഷത്തില്‍ ഒരു യാത്രപോലും ചെയ്യാതെ വീട്ടിലിരിക്കുന്ന എത്രയോ പുരുഷന്മാരുണ്ട്.ഹൈറേഞ്ചിലെ പല പ്രദേശങ്ങളിലും ഇപ്പൊഴും ബസ്സ് എത്തിയിട്ടുപോലുമില്ല.പുരുഷവര്‍ഗ്ഗത്തിന്റെ കണക്കില്‍ ഇവര്‍കൂടി വരുമോ ആവോ? ഇന്ന് ബസ്സുകളില്‍ സ്ത്രീയും പുരുഷനും ഒരേ സീറ്റില്‍ യാത്രചെയ്യുന്നുണ്ട്.സഹയാത്രക്കാരനെപറ്റി പരാതികള്‍ കുറവാണുതാനും.കോളേജുകളില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഇന്ന് വളരെ സൗഹാര്‍ദ്ദത്തിലും നല്ല ചങ്ങാതിമാരുമാണ്.ഒരു പെണ്‍കുട്ടിക്കെതിരെ പുറത്തുനിന്നുള്ള ഏതു ആക്രമണവും ഇവര്‍ ഒറ്റക്കെട്ടായി നേരിടും.പെണ്‍കുട്ടികള്‍ക്ക് ഇവര്‍ സുഹൃത്തും സഹോദരനും സംരക്ഷകനുമാണ്.70 കളിലേയോ 80 കളിലേയോ ക്യാമ്പസ്സില്‍ ഇതു സങ്കല്‍പ്പിക്കാനാകുമോ? 'ഇറങ്ങിനടപ്പ്" നിശ്ചയമായും ആണ്‍പെണ്‍ വ്യത്യാസമില്ലതെ എല്ലാവരും വായിക്കട്ടെ.പ്രത്യേകിച്ചും സ്ത്രീകള്‍ ചര്‍ച്ചചെയ്യട്ടെ.മന:ശ്ശാസ്ത്രജ്ഞന്‍ മന;ശ്ശാസ്ത്ര പ്രശ്നമെന്നനിലയിലോ സാമൂഹ്യപ്രവര്‍ത്തകന്‍ സാമൂഹ്യപ്രശ്നമെന്നനിലയിലോ ജീവശാസ്ത്രകാരന്‍ ജൈവീകപ്രശ്നമെന്നനിലയിലോ പഠിക്കുകയോ നിരീക്ഷിക്കുകയോ പരിഹാരം നിര്‍ദ്ദേശിക്കുകയോ ആകട്ടെ. പരസ്യമായി ഷാപ്പില്‍ കയറികള്ളുകുടിക്കാനും പൊതുനിരത്തില്‍ മൂത്രമൊഴിക്കാനുള്ള സ്വാതന്ത്ര്യങ്ങള്‍ക്കും മുന്‍പ് ലഭിക്കേണ്ടതായ സ്വാതന്ത്ര്യങ്ങളോന്നും ഇനിയില്ലേ?