Pages

Saturday, September 19, 2009

മൃദുസാമാനം അല്ലെങ്കില്‍?

ഇതെന്താണ്‌ ഈ മൃദുസാമാനം എന്ന് തോന്നിക്കാണും?സോഫ്റ്റ്‌ വെയര്‍ എന്നുള്ളതിന്‌ ഒരു മലയാള പരിഭാഷ കൊടുത്തതാണ്‌.പല കമ്പ്യുട്ടര്‍ സാങ്കേതിക പദങ്ങള്‍ക്കും സമാന മലയാള പദങ്ങളില്ല.അതിന്റെ ആവശ്യമുണ്ടോ എന്നത്‌ വേറേ കാര്യം.എങ്കിലും ഇത്തരത്തില്‍ പദങ്ങളുണ്ടായാല്‍ അത്‌ മലയാളഭാഷക്ക്‌ മുതല്‍ക്കൂട്ടാകുമെന്നതിനു സംശയമില്ല.
കമ്പ്യുട്ടര്‍ സംബന്ധമായ പദങ്ങളുടെ ഒരു നിഘണ്ടു(glossory) മലയാളത്തില്‍ ഇല്ലന്നുവേണം കരുതാന്‍.പ്രയോഗത്തിലൂടെ ചില പദങ്ങള്‍ പ്രചരിച്ചിട്ടുണ്ട്‌.ഉദാ-ജാലകം
എന്നാല്‍ തമിഴില്‍ പല കമ്പ്യുട്ടര്‍ സംബന്ധിയായപദങ്ങള്‍ക്കും തമിഴ്‌ പദങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. ഉദാഹരണങ്ങള്‍ താഴേ കൊടുക്കുന്നു.


  1. computer science kaNani iyal
  2. contact thodarpu
  3. copy pirathi, nakal
  4. create uruvAkku
  5. crop cethukku
  6. cursor Eval
  7. cyberspace kaNiniyakam
  8. decompress virivAkku
  9. desktop computer mEcaik kaNani
  10. desktop publication mEcaip piracuram
  11. dictionary akarAthi
  12. directory kattu, kattai
  13. distribute viniyOki, viniyOkappaduththu
  14. document AvaNam
  15. download izhuththuvai
തമിഴ്‌ പദങ്ങളുടെ ഒരു നിഘണ്ടു ഇതിലേ പോയാല്‍ കാണാം.
ചില സാങ്കേതിക പദങ്ങള്‍ക്ക്‌ എനിക്കു തോന്നിയ മലയാള പദങ്ങള്‍ താഴേ കൊടുക്കുന്നു.
  • desk top -മുഖജാലകം
  • software-മൃദുസാമാനം
  • hardware-ഖരസാമാനം
  • email-ഇതപാല്‍
  • download-കീഴ്ശേഖരണം
ഇത്തരത്തില്‍ സാങ്കേതികപദങ്ങള്‍ക്ക്‌ ഒരു മലയാളപദം നിര്‍ദ്ദേശിക്കാവുന്നതാണ്‌.

Wednesday, September 16, 2009

ബൈബിള്‍:ഉത്തരം തേടുന്ന സംശയങ്ങള്‍

കുട്ടിക്കാലത്ത്‌ ബൈബിള്‍കഥകള്‍ കേള്‍ക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നുവെങ്കിലും നിരാശയാണുണ്ടായത്‌.സ്കൂള്‍ പാഠങ്ങളിലൊന്നും ബൈബിള്‍ കഥകളില്ലായിരുന്നു.ക്ലാസ്സില്‍ ഒരു മാഷും ബൈബിള്‍ കഥ പറയാറുമില്ല.യേശു എന്നും ബൈബിള്‍ എന്നുമല്ലാതെ അതിനപ്പുറം ഒന്നുമറിയില്ലായിരുന്നു.

ഇതിന്‌ മാറ്റം വരുന്നത്‌ ഹൈസ്കൂളില്‍ എത്തിയ ശേഷമാണ്‌.അന്ന് സൗജന്യമായി ബൈബിള്‍ കഥകളുടെ ചെറുപുസ്തകങ്ങള്‍ അയച്ചുതരുന്ന ചില കൃസ്തീയ സംഘടനകളുണ്ടായിരുന്നു.ഒരു പോസ്റ്റ്‌ കാര്‍ഡില്‍ വിലാസം എഴുതി അയച്ചാല്‍ മതി എല്ലാമാസവും ബൈബിള്‍ പ്രസിദ്ധീകരണങ്ങള്‍ മുടങ്ങാതെ തപാലില്‍ വരും.
പോസ്റ്റുമാന്‍ സ്കൂളില്‍ വന്ന് പേരുവിളിച്ച്‌ എഴുത്തു തരുന്നത്‌ ഒരു അഭിമാനമായിരുന്നു,.സാധാരണഗതിയില്‍ വിഷുവിനും സംക്രാന്തിക്കും മാത്രമെ ഒരു കത്ത്‌ ക്ലാസ്സിലെ ആര്‍ക്കെങ്കിലും വരൂ.ക്ലാസിലെ ബാബുവാണ്‌ ഈ വിദ്യ പറഞ്ഞുതന്നത്‌.പിന്നെ പലരും ഇതു തുടര്‍ന്നു.ബാബുവാണ്‌ സംശയങ്ങള്‍ക്ക്‌ നിവൃത്തി വരുത്തുന്നത്‌.ബൈബിള്‍ കഥകളും പറഞ്ഞുതരും.പക്ഷേ കഥകളില്‍ വെള്ളം ചേക്കുക മൂപ്പര്‍ക്ക്‌ പ്രത്യേക ഹരമാണ്‌.ഒരിക്കല്‍ കുന്തിരിക്കം എന്താണെന്ന് ചോദിച്ചപ്പോള്‍ പള്ളീലച്ചന്റെ കക്ഷത്തുനിന്ന് ചുരണ്ടിയെടുക്കുന്നതാണെന്ന് ബാബുപറഞ്ഞപ്പോള്‍ സംശയംതോന്നിയില്ല.

ആലുവയിലെ IHS എന്നൊരു സംഘടനയാണ്‌ പുസ്തകങ്ങള്‍ അയച്ചുതരുന്നത്‌.കുറെ കഴിഞ്ഞപ്പോള്‍ ഒരിക്കല്‍ കിട്ടിയത്‌ ഇന്‍ലന്റിലുള്ള ഒരു കത്താണ്‌.അന്ധാളിപ്പാണ്‌ തോന്നിയത്‌.ആരാണാവോ?ഒരു ഫ്രാന്‍സിസാണ്‌ കത്ത്‌ എഴുതിയിരിക്കുന്നത്‌.IHS ല്‍ നിന്നുതന്നെ.പാഠങ്ങള്‍ സംബന്ധിച്ച്‌ സംശയങ്ങള്‍ എഴുതണമെന്നും കൂടാതെ ഒരു തൂലികാ സുഹൃത്തായി ഇനിമുതല്‍ കത്തുകളെഴുതുമെന്നും ഫ്രാന്‍സിസ്‌ എഴുതിയിരുന്നു.ഇന്‍ലന്റ്‌ മേടിക്കാനുള്ള പൈസ ഇല്ലാത്തതിനാല്‍ കത്തിടപാടുകള്‍ ഏറെ നീണ്ടുപോയില്ല.

കോളേജില്‍ എത്തിയപ്പോഴാണ്‌ ആദ്യമായി ഒരു ബൈബിള്‍ ലഭിക്കുന്നത്‌.അതും ഒരു കൃസ്തീയ സംഘടന കോളേജില്‍ സൗജന്യമായി വിതരണം ചെയ്തതാണ്‌.പുതിയനിയമം മാത്രമെ അതിലുണ്ടായിരുന്നുള്ളൂ.അത്‌ ഭദ്രമായി കുറേക്കാലം സൂക്ഷിച്ചു.പിന്നെ എവിടെ പോയെന്ന് അറിയില്ല.
ഇതിനിടെ ജീസസ്സ്‌ സിനിമ കണ്ടത്‌ നന്നായി ഓര്‍ക്കുന്നു.ബൈബിള്‍ കഥകള്‍ക്ക്‌ ഒരു രൂപം കിട്ടുന്നത്‌ ഇവിടെനിന്നാണ്‌.

വര്‍ഷങ്ങള്‍ക്ക്‌ ശേഷം സഹപ്രവര്‍ത്തകനായ ഒരു സുഹൃത്ത്‌ സ്നേഹപൂര്‍വ്വം ഒരു ബൈബിള്‍ എനിക്ക്‌ സമ്മാനിച്ചു.പഴയനിയമവും പുതിയനിയമവും ചേര്‍ന്നതാണത്‌.പൂര്‍ണ്ണമായും വായിച്ചുതീര്‍ക്കണമെന്ന ഒരു വാശിതോന്നി.ഓരോ ദിവസവും മൂന്നും നാലും പേജു വീതം വായിച്ചുപോന്നു.ഇടക്ക്‌ വായന തടസ്സപ്പെട്ടു.എങ്കിലും പഴയനിയമം പകുതിയില്‍കൂടുതല്‍ വായിച്ചു.എനിക്ക്‌ ബൈബിള്‍ സമ്മാനിച്ച സുഹൃത്തുതന്നെ പറഞ്ഞു താന്‍ തന്നെ ഒരു തവണയേ പൂര്‍ണ്ണമായി വായിച്ചിട്ടുള്ളൂവെന്ന്.അതുകൊണ്ട്‌ മുഴുവന്‍ വായിക്കാത്തതില്‍ എനിക്ക്‌ നിരാശ തോന്നിയില്ല.എങ്കിലും വായിച്ചെത്തിക്കണമെന്ന് പിന്നീട്‌ തീരുമാനിച്ചെങ്കിലും ഫലപ്രാപ്തിയിലെത്തിയിട്ടില്ല.


ബൈബിള്‍ കഥകളിലെ പലതിനും ചരിത്രാവശിഷ്ടങ്ങളുണ്ടെന്ന് ഇന്ന് പലരും ശക്തമായി വാദിക്കുന്നുണ്ട്‌.അറാറത്ത്‌ പര്‍വ്വതത്തില്‍ ഇപ്പോഴും നോഹയുടെ പെട്ടകത്തിന്റെ അവശിഷ്ടമുണ്ടെന്ന് ചിലര്‍ അവകാശപ്പെടുന്നുണ്ട്‌.അങ്ങിനെ പലതും.

ബൈബിള്‍ കഥ കേള്‍ക്കുമ്പോള്‍ മുതല്‍ സ്വയം ചോദിക്കുന്ന ചില സംശയങ്ങളോ ചോദ്യങ്ങളോ ഉണ്ടായിരുന്നു.വായിക്കുംതോറും അത്‌ രൂഢമൂലമാകുകയേ ഉണ്ടായുള്ളൂ.ഇവയൊന്നിനും ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചില്ല.ചിലപ്പോള്‍ ഇതൊരു മണ്ടന്‍ സംശയങ്ങളാണെങ്കിലോ എന്ന് കരുതിയിട്ടുമുണ്ട്‌.ചിലപ്പോള്‍ ഇതെല്ലാം പലരും പലകാലങ്ങളിലും ചോദിച്ചവയാകാമെന്നും കരുതി.എന്റെ മണ്ടന്‍ സംശയങ്ങള്‍ ചിലത്‌ ഇതാണ്‌.

  1. ഹവ്വയുമാണ്‌ ആദ്യത്തെ മനുഷ്യര്‍.കായേനും ആബേലും ഇവരുടെ സന്തതികള്‍.ആബേല്‍ കൊല്ലപ്പെടുന്നു.പിന്നെ ഇവര്‍ മൂന്നുപേര്‍ മാത്രം.കായേന്‍ തന്റെ ഭാര്യയുമായിചേര്‍ന്നു,എന്നു പറയുന്നു.ഈ ഭാര്യ എവിടുന്നു വന്നു?
  2. ജനത്തെ ഈജിപ്റ്റുരാജാവില്‍ നിന്ന് മോചിപ്പിക്കുന്നു.ഇവരെ ദൈവം വാഗ്ദത്ത ഭൂമിയില്‍ എത്തിക്കുന്നു.അവിടെയുള്ള ജനത്തെ കൂട്ടക്കൊലചെയ്ത്‌ കാനന്‍ ദേശത്ത്‌ പാര്‍പ്പിക്കുന്നു.കാനന്‍ ദേശത്തെ ജനത്തെ എന്തുതെറ്റിനാണ്‌ കൂട്ടക്കൊലചെയ്തത്‌?
  3. ഈജിപ്റ്റിനെ തകര്‍ക്കാന്‍ ഇസ്രയേല്‍ ജനത്തിന്‌ ദൈവം എന്തുകൊണ്ട്‌ അനുവദിച്ചില്ല?
  4. മലയിലെ ദൈവം മുന്‍ കോപിയും തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തിയില്ലാത്ത ദുര്‍ബ്ബലനുമായിരുന്നോ?പലപ്പോഴും മോശയായിരുന്നല്ലോ ഉപദേശിച്ചിരുന്നത്‌.

കഥകളില്‍ ചോദ്യമില്ലായിരിക്കാം.എങ്കിലും എന്തു്‌..എന്ത്‌..എന്ന് ചോദിച്ചുപോകുന്നു എന്നു മാത്രം.

Friday, September 11, 2009

ധര്‍മ്മാചാരങ്ങളുടെ ഗതികേട്‌


പെട്ടെന്ന് ഈ തലക്കെട്ടിന്റെ സാംഗത്യം പിടികിട്ടിയില്ലങ്കില്‍ വിഷമിക്കണ്ട.ഗഹനമായ ഒരു കാര്യവുമല്ല പറഞ്ഞുവരുന്നത്‌. അന്‍പതോ അറുപതോ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഹിന്ദു ധര്‍മാചാരങ്ങളെ സംബന്ധിച്ചുണ്ടായിരുന്ന കാഴ്ചപ്പാടും അതിന്‌ ഇന്നത്തെ വ്യാഖ്യനവും തമ്മില്‍ താരതമ്യം ചെയ്യുന്നതിന്‌ ഒരു പഴയ പുസ്തകം സഹായിച്ചതാണ്‌ പറയുന്നത്‌.

1956 കാലത്ത്‌ പ്രസിദ്ധീകരിച്ച "ഹിന്തുമതവര്‍ണ്ണാശ്രമ ധര്‍മാചാരവ്യവസ്ഥ" എന്നൊരു പുസ്തകമാണ്‌ ഇവിടെ പരിചയപ്പെടുത്തുന്നത്‌.കൃത്യമായിപ്പറഞ്ഞാല്‍ മലയാളവര്‍ഷം 1126 ലാണ്‌ ഇത്‌ പ്രസിദ്ധീകരിക്കുന്നത്്‌.
ആ കാലത്തെ സാമൂഹിക വ്യവസ്ഥയെപ്പറ്റിയും ഒരു വിഭാഗം നമ്പൂതിരിമാരുടെ പരിഷ്കരണത്തോടുള്ള എതിര്‍പ്പും അറിയാന്‍ ഈ പുസ്തകം ഏറെ സഹായിച്ചു.പഴയ പലകാര്യങ്ങളും പുതിയ സാഹചര്യങ്ങളില്‍ പുതിയ തലമുറക്ക്‌ അവിശ്വസനീയമായി തോന്നാം.പക്ഷേ ഈ 86 പേജുള്ള പുസ്തകം വായിക്കുമ്പോള്‍ പല ഭാഗത്തും നമ്മള്‍ അറിയാതെ പൊട്ടിച്ചിരിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല.

ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ എറ്റെടുത്തതിനെപ്പറ്റിയും ക്ഷേത്രപ്രവേശനത്തെപ്പറ്റിയും ഒരു വിഭാഗം നമ്പൂതിരി

1]വിവിധ ജാതിമതസ്ഥരാല്‍ അധിവസിക്കപ്പെടുന്ന ഭാരതഭൂമിയില്‍ ഏതാണ്ട്‌ എണ്‍പതുശതമാനവും ഹിന്ദുക്കളാണെന്ന് കാനേഷുമാരികണക്കുപ്രകാരം കാണാവുന്നതാണ്‌.ഈ ഹിന്ദുക്കള്‍ ആരാണ്‌?നമ്മുടെ പ്രാചീനഗ്രന്ഥങ്ങളില്‍ ഹിന്ദുവെന്നോ ഹിന്ദുമതമെന്നോ ഒന്നു കാണുന്നില്ല.പഴയകാലത്ത്‌ ഇവിടെ വന്നുചേര്‍ന്ന ഈ ഹിന്ദു പദം ആരാണ്‌ സൃഷ്ടിച്ചെതെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ,കൃസ്ത്യാനികള്‍,മുസ്ലീമുകള്‍ ജൈനര്‍ മുതലായ വര്‍ഗ്ഗക്കരില്‍നിന്നു ഭിന്നമായി ഇവിടെകണ്ടവരെ എല്ലാം ഒരുമിച്ച്‌ ചെര്‍ത്ത്‌ വിദേശികള്‍ കല്‍പ്പിച്ച്‌ കൊടുത്തപേരായിരിക്കണം,,,,,

2]സവര്‍ണ്ണരുടെ ഈശ്വരാരാധനക്കുവേണ്ടി അവരാല്‍ സ്ഥാപിതമായിട്ടുള്ളതാണ്‌ ഇന്നു കാണുന്ന ഖേത്രങ്ങള്‍...

3]ഭാരതത്തില്‍ അവര്‍ണ്ണര്‍ക്ക്‌ ക്ഷേത്രപ്രവേശനം അനുവദിച്ചുകൊടുത്തത്‌ ധര്‍മ്മരാജാവ്‌ എന്ന സുപ്രസിദ്ധനായ തിരുവിതാംകൂര്‍ മഹാരാജാവാണല്ലോ.അതിനെ തുടര്‍ന്ന് പലരാജാക്കന്മാരും അധ;കൃതര്‍ക്ക്‌ ക്ഷേത്രപ്രവേശനം അനുവദിച്ചുകൊടുത്തു.ഇന്ന് അങ്ങിനെയുള്ള രാജാക്കന്മാര്‍ അലങ്കരിച്ചിരുന്ന രാജസിംഹാസനങ്ങളും എവിടെയിരിക്കുന്നു എന്ന് ഞങ്ങള്‍ ശക്തിപൂര്‍വ്വം ചോദിച്ചുകൊള്ളുന്നു.
കൂടുതല്‍ വായിക്കാല്‍ ചിത്രങ്ങളില്‍ ക്ലിക്ക്‌ ചെയ്താല്‍ മതിയാകും.
അന്ന് വിശ്വസിച്ചിരുന്ന ധര്‍മ്മാചാരങ്ങള്‍ക്ക്‌ ഇന്നെന്ത്‌ പ്രസക്തി?ആചാരങ്ങളു, അനുഷ്ടാനങ്ങളും വിശ്വാസങ്ങളും കാലത്തിനനുസരിച്ച്‌ മാറിയിരിക്കുന്നു.എന്നാലും ഇപ്പോഴും പഴയ ധര്‍മ്മാചാരങ്ങളില്‍ സ്വപ്നം കണ്ടിരിക്കുന്നവരുണ്ട്‌


Recent Posts

ജാലകം