Pages

Saturday, January 31, 2009

പര്‍ദ്ദ.....ഇഷ്ടവും..അനിഷ്ടവും....ഒരു സാക്ഷ്യം...

ഞാനൊരു സാക്ഷ്യം പറയുന്നു.

ഞാന്‍ നേരില്‍ കണ്ടതുതന്നെ..

ഒരു മാസം മുന്‍പ്‌.തിരുവനന്തപുരത്തുനിന്ന് എറണാകുളത്തിന്‌ പോരുവാനായി മദ്രാസ്‌ മെയ്‌ലില്‍ കയറിയിരിക്കുന്നു.
ഉച്ചനേരം.
റിസര്‍വേഷന്‍ കമ്പാര്‍ട്‌ മെന്റായതിനാല്‍ ഞാന്‍ കയറുമ്പോള്‍ കമ്പാര്‍ട്ട്‌മന്റ്‌ ശൂന്യം,,ഇനിയും വണ്ടി വിടുവാന്‍ പത്തുമിനിറ്റോളമുണ്ട്‌.ഞാന്‍ ജനലഴികളില്‍ കൂടി പുറത്തേക്കുനോക്കിയിരുന്നു.പുറത്ത്‌ കറുത്ത പര്‍ദ്ദയിട്ട ഒരു സ്ത്രീ ഒരു കൈക്കുഞ്ഞും കൂടാതെ ഒരു പത്ത്‌ പന്ത്രണ്ട്‌ വയസ്സുതോന്നിക്കുന്ന ഒരാണ്‍കുട്ടിയും ആറെങ്കിലും വയസ്സുള്ള ഒരു പെണ്‍കുട്ടിയുമായി വണ്ടിയുടെ വാതിലിനോട്‌ ചേര്‍ന്നുനില്‍ക്കുന്നുണ്ട്‌.

ആരേയോ പ്രതീക്ഷിച്ചുള്ളനില്‍പ്പാണ്‌.സ്ത്രീ മുഴുവനായും കറുത്തപര്‍ദ്ദയും തലയില്‍ കറുത്ത സ്കാര്‍ഫും ചുറ്റിയിരിക്കുന്നതിനാല്‍ മുഖത്തിന്റെ അല്‍പ്പം മാത്രമെ പുറത്തുകാണാവൂ.അല്‍പ്പം കഴിഞ്ഞപ്പോള്‍ അവര്‍ വണ്ടിക്കകത്തുകയറി.ഞാന്‍ ഇരുന്നസീറ്റിന്റെ നേരേ എതിര്‍ദിശയിലുള്ള നീളന്‍ സീറ്റില്‍ അവര്‍ വന്നിരുന്നു.
വണ്ടി എറണാകുളത്തിനല്ലേയെന്ന് എന്നോട്‌ തിരക്കി.എറണാകുളത്തിനണെന്ന് ഞാന്‍ പറഞ്ഞു.സ്ലീപ്പര്‍ ടിക്കറ്റ്‌ ഉണ്ടങ്കിലേ ഇവിടെ ഇരിക്കാന്‍ പറ്റൂ എന്നും ഞാന്‍ പറഞ്ഞു.

അറിയാതെ കയറിയാതാണെങ്കില്‍ പിന്നെ പുലിവാലാകണ്ടെന്നുകരുതിയാണ്‌ പറഞ്ഞത്‌.പക്ഷേ അവര്‍ക്ക്‌ സ്ലീപ്പര്‍ ടക്കറ്റുണ്ട്‌..പ്രശ്നമില്ല..
കുട്ടികള്‍ രണ്ടുപേരും ജനലില്‍ക്കൂടിപുറത്തെക്ക്‌ കണ്ണും നട്ടിരിക്കുകയാണ്‌.
വണ്ടി പുറപ്പെടാറായി..അപ്പോഴെക്കും ഒരാള്‍ ഒരു വലിയ ബാഗ്ഗുമായി എങ്ങിനേയോ ഓടിക്കിതച്ച്‌ കേറിവന്നു.
"അള്ളാ..ഞാന്‍ ..വിഷമിച്ചുപോയി.."അയാള്‍ വല്ലാതെ ശ്വാസം വലിക്കുന്നുണ്ട്‌.
"ഏതായാലും കിട്ടിയല്ലോ" പര്‍ദ്ദക്കാരി പറഞ്ഞു.
പിന്നീടാണ്‌ കഥ അറിയുന്നത്‌.എല്ലാവരും കൂടി ചായ കുടിക്കാന്‍ കയറി.ചായകുടികഴിഞ്ഞ്‌ പെട്ടിയുമെടുത്ത്‌ പ്ലാറ്റ്‌ ഫോമിലെ ചാരുബെഞ്ചില്‍ വന്നിരുന്നു.എന്തോ ആവശ്യത്തിനായി പെട്ടിതുറക്കാനായി നോക്കിയപ്പോഴാണ്‌ പെട്ടി മാറിപ്പോയ കഥ അറിയുന്നത്‌.ഭാഗ്യത്തിന്‌ തിരിച്ചുകടയില്‍ ചെന്നപ്പോള്‍ പെട്ടിയുടെ ഉടമസ്ഥന്‍ കുറേനേരമായികാത്തുനില്‍ക്കുകയായിരുന്നു.വല്ലാതെ പരിഭ്രന്തരായിപ്പോയി....
ട്രെയിന്‍ പുറപ്പെട്ടു...കുട്ടികള്‍ ഇപ്പോഴും പുറംകാഴ്ചകളില്‍ തന്നെ..
ഞാനും പുറത്തേക്കുനോക്കിയിരുന്നു.
അല്‍പ്പം കഴിഞ്ഞപ്പോള്‍ സഹയാത്രികരുടെ ഇളയകുട്ടി കരയാന്‍ തുടങ്ങി,കുറെ കഴിഞ്ഞ്‌ കുട്ടി കരഞ്ഞുറങ്ങി..

അയാള്‍ എന്തൊക്കയോ വര്‍ത്തമാനങ്ങളിലാണ്‌.പര്‍ദ്ദക്കാരി ഇതിനിടെ എഴുന്നേറ്റു നിന്ന് പര്‍ദ്ദയുടെ അടിയില്‍ നിന്നും പര്‍ദ്ദ ഉയര്‍ത്തുകയാണ്‌.ഞാന്‍ സത്യത്തില്‍ പരിഭ്രമിച്ചു.ഞാന്‍ പുറത്തേക്കു തന്നെ മിഴിനട്ടിരുന്നു...
പിന്നെ നോക്കുമ്പോള്‍ പര്‍ദ്ദക്കാരി ഒരു വെളുത്ത ചിരിദാറിലാണ്‌.പര്‍ദ്ദ അഴിച്ച്‌ അവര്‍ ബാഗില്‍ വച്ചു.പര്‍ദ്ദയുടെ അടിയില്‍ അവര്‍ ചുരിദാറിട്ടിരുന്നു.
കറുത്ത സ്കാര്‍ഫ്‌ മാറ്റി വെളുത്ത സ്കാര്‍ഫാക്കി.
ഞാന്‍ ആലോചിച്ചു.സത്യത്തില്‍ ആ സ്ത്രീ പര്‍ദ്ദ ഇഷ്ടപ്പെട്ടിരുന്നോ?.എന്തോ നിര്‍ബന്ധത്തില്‍ അവര്‍ ഉപയോഗിച്ചു എന്നുമാത്രമല്ലേ ഉള്ളൂ?.അവരുടെ സ്വകാര്യതയിലേക്കു വന്നപ്പോള്‍ അവര്‍ ഇഷ്ടമുള്ളത്‌ തെരഞ്ഞെടുത്തു.
എനിക്ക്‌ അവരോട്‌ ബഹുമാനം തോന്നി.
സത്യത്തില്‍ നമ്മുടെ കാലാവസ്ഥക്കുപോലും അനുയോജ്യമായ വസ്ത്രമാണൊ പര്‍ദ്ദ?എത്രകാലമായി കേരളത്തില്‍ പര്‍ദ്ദ എത്തിയിട്ട്‌?ആരൊക്കെയോ ബോധപൂര്‍വം പര്‍ദ്ദയുടെ പ്രചാരകരാവുന്നില്ലേ? മുസ്ലിം സ്ത്രീകള്‍ പര്‍ദ്ദയെ സാന്മനസ്സാലെ സ്വീകരിച്ചിട്ടുണ്ടൊ?ചര്‍ച്ചകളുടെ കാലം എത്തിയിരിക്കുന്നു.

Friday, January 23, 2009

ലഹരിയുടെ കാണാക്കണക്കുകളും കേള്‍ക്കാകഥകളും...


നീചചിന്തകളുംക്രൂരതയും പ്രതികാരവും കാമവും കോപവും അസുരതയുടെ അടയാളങ്ങളും സ്നേഹവും കാരുണ്യവുംസഹിഷ്ണുതയും ക്ഷമയും ദൈവികതയുടെ അടയാളങ്ങളുമായി കണക്കാക്കുന്നു.കറുത്ത കൊമ്പന്‍ മീശയും ബലിഷ്ഠമായ ശരീരവുംചുവന്ന കണ്ണുകളും കറുത്തനിറവും ആസുരമാണ്‌.ഒരു രോമം പോലും കിളിര്‍ക്കാത്തമുഖവും ഗോതമ്പുനിറവും കരിനീല കണ്ണുകളും സ്ത്രൈണ ശരീരവുംദൈവീകമാണ്‌. പുരാണങ്ങളിലൊന്നും ആസുരതക്ക്‌ വിജയമില്ല.അവസാന വിജയം ദൈവികതക്കു തന്നെ. മാംസാഹാരവും മദ്യവും ആസുരമാണ്‌.സസ്യാഹാരവും സോമരസവും(സസ്യജന്യം തന്നെ)ദൈവീകമാണ്‌.സ്വര്‍ണവും ആഭരണങ്ങളും ദൈവീകമാണ്‌.സ്വര്‍ണാഭരണങ്ങള്‍ അസുരര്‍ക്കുള്ളതല്ല.വാദ്യങ്ങളിലും ദൈവീകവും ആസുരവുമുണ്ട്‌.ചെണ്ട അസുരമാകുമ്പോള്‍ വീണ ദൈവീകമാണ്‌.ഇങ്ങിനെ വിനോദങ്ങളിലും ആഘോഷങ്ങളിലും ആസുരവും ദൈവീകവുമുണ്ട്‌. കാമം ദൈവീകമോ അതോ ആസുരമോ? അസുരനും ഭോഗിക്കുന്നു...ദൈവവും ഭോഗിക്കുന്നു...മഹര്‍ഷിമാരും ഭോഗിക്കുന്നു... ദ്രോണരുടെ ജനനവും പരാശരമഹര്‍ഷിയുടെ ഭോഗവും ഓര്‍ക്കാം. ഏതായാലും അതവിടെ നില്‍ക്കട്ടെ. ഞാന്‍ തര്‍ക്കത്തിനില്ല. നീചമായതെന്തും അസുരതയുടെ അടയാളങ്ങളും ഉല്‍ക്രുഷ്ടമായതെന്തും ദൈവീകതയുടെ അടയാളങ്ങളായും പുരാണങ്ങളില്‍ നിന്നിറങ്ങി ചിത്രകാരന്മാരുടെ ഭാവനകളില്‍ കൂടിപടര്‍ന്നുപന്തലിച്ച്‌ ഇന്നോളം എത്തിനില്‍ക്കുന്നു. മദ്യം ആസുരമാണെന്ന് സങ്കല്‍പ്പിച്ചാല്‍ ദൈവീകമായ സോമരസത്തിന്‌ ആ പദവി നല്‍കാനാകില്ലല്ലോ?അപ്പോള്‍ കാമം പോലെ മദ്യവും പാതി അസുരവും പാതി ദൈവീകവുമാണോ?ആകാം. എന്നാല്‍ സത്യമായ ഒന്നുണ്ട്‌.മദ്യം ആസുര ചിന്തകളുടേയും പ്രചൊദനങ്ങളുയും ഉറവിടമാണ്‌. വഞ്ചനയുടേയും കള്ളത്തരത്തിന്റെയും അത്യാര്‍ത്തിയുടേയും അസത്യത്തിന്റേയും ആത്മവഞ്ചനയുടേയും നീര്‍ചാലിലൂടെ ഒഴുകിയേ മദ്യവുമായി ബന്ധപ്പെട്ടവര്‍ക്ക്‌ യാത്രചെയ്യാനാകൂ..ഇരുളിന്റെ മറവില്‍ ഭീതിയുടെ പുതപ്പില്‍ ചാരായം വാറ്റുന്നവനും മദ്യം മൊത്തവില്‍പ്പന നടത്തുന്ന സര്‍ക്കാരും ഈ അര്‍ഥത്തില്‍ വിഭിന്നരല്ല. മദ്യത്തില്‍ നിന്നും കൈനനയാതെ ലഭിക്കുന്ന പണമാണ്‌...സര്‍ക്കാരിന്റെ ആര്‍ത്തി.മുന്‍ വാതിലും പിന്‍ വാതിലും തുറന്നിട്ട്‌ ലൈറ്റണച്ച്‌ പട്ടിയെ മയക്കികിടത്തി അലമാരയുടെ വാതില്‍ മലര്‍ക്കെ തുറന്നിട്ട്‌ തളികയില്‍ തുറന്നിരിക്കുന്ന സ്വര്‍ണ്ണക്കൂമ്പാരം കവരാന്‍ അവസരമൊരുക്കുന്നവര്‍ ആരാണ്‌? കണക്കുകള്‍ കഥപറയുന്നതു നോക്കുക. ബിവറേജസ്‌ കോര്‍പ്പറേഷന്‍ ഡിസ്റ്റില്ലറിയില്‍ നിന്നും മദ്യം വാങ്ങിയതിന്റെ ബില്ലാണു്‌ ചിത്രത്തില്‍.High class XXX Rum 750 mlന്റെ ഒരു കേയ്സ്‌ മദ്യം ബീവറേജസ്‌ കോര്‍പ്പറേഷന്‍ വാങ്ങുന്നത്‌ 348.50രൂപക്കാണ്‌.അതായത്‌ 750 മില്ലി കുപ്പി മദ്യത്തിന്‌ 29 രൂപാമാത്രം വച്ച്‌. ഒരു കൈയ്സ്‌ മദ്യം ബാറുകള്‍ക്ക്‌ വില്‍ക്കുന്നതോ1901.71 രൂപക്കും.അതായത്‌ ഒരു കുപ്പി 158.47 രൂപക്ക്‌.ബാറില്‍ ഇത്‌ വില്‍ക്കുന്നത്‌ അവര്‍ക്കിഷ്ടമുള്ള വിലയ്കാണ്‌.ഏറ്റവും കുറഞ്ഞത്‌ 200 രൂപയ്ക്കങ്കിലും എന്ന് വിചാരിക്കാം. ഒരു കേയ്സ്‌ മദ്യത്തിന്റെ വില എങ്ങി നെ വരുന്നെന്ന് കൊടുക്കുന്നു. ഒരു കേയ്സിന്റെ വില 348.50 എക്സൈസ്‌ ഡ്യുട്ടി 376.38 കോര്‍പ്പറേഷന്റെ ലാഭം 272.12 വില്‍പ്പന നികുതി 904.71 ആകെ 1901.71 അതായത്‌ 29 രൂപ വിലയ്ക്ക്‌ മേടിച്ച്‌ 158.47 രൂപായ്ക്ക്‌ വില്‍കുന്ന മദ്യത്തില്‍ 129.47 രൂപയും സര്‍ക്കാരിനു കിട്ടുന്നു.ഇതു കൂടാതെ ലൈസന്‍സ്‌ ഫീസ്‌ വേറേയും. 29 രൂപാ വിലയുള്ള മദ്യത്തില്‍ അടങ്ങിയ ആല്‍ക്കഹോളിന്റെ മൂല്യം അറിഞ്ഞാല്‍ ഞെട്ടിപ്പോകും.42% വീര്യമാണ്‌ വിദേശമദ്യത്തിന്‌ നിശ്ചയിച്ചിരിക്കുന്നത്‌.അതായത്‌ 750 മില്ലി. മദ്യത്തില്‍ 315 മില്ലി മാത്രമേ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ളു.ബാക്കി വെള്ളവും.ഡിസ്റ്റില്ലറി 29 രൂപക്ക്‌ മദ്യം കോര്‍പ്പറേഷന്‌ നല്‍കണമെങ്കില്‍ അതിലെ ആല്‍ക്കഹോളിന്റെ മൂല്യം എത്രയുണ്ടെന്ന് ഒരു ഏകദേശകണക്ക്‌ താഴെ കൊടുക്കുന്നു. കുപ്പിയുടെ വില,ലേബല്‍,പാക്കിംഗ്‌ 1.00രൂ ട്രാന്‍സ്പോര്‍ട്ടിംഗ്‌ ചാര്‍ജ്‌ 1.00രൂ നിര്‍മാണച്ചെലവ്‌ 10.00 ലാഭം 7.00 വിതരണക്കാരുടെ വിഹിതം 3.00 മറ്റിനം 2.00 സ്പിരിറ്റ്‌ 5.00 ആകെ 29.00രൂ അപ്പോള്‍ ഏതാണ്ട്‌ 5രൂപാ മാത്രം മുടക്കുള്ള മദ്യമാണ്‌200രൂപയ്ക്ക്‌ ബാര്‍ വഴിയുംചില്ലറവില്‍പനശാലവഴിയും വില്‍ക്കുന്നതും.ലാഭത്തിന്റെ കണക്ക്‌ എത്ര വരും?ഏതാണ്ട്‌ 40 ഇരട്ടി ലാഭം. ഇനിയാണ്‌ കൊള്ളലാഭത്തിന്റെ വഴി..158 രൂപയ്ക്ക്‌ സര്‍ക്കാര്‍ ഗോഡൗണില്‍ നിന്നും മദ്യം വാങ്ങിയാല്‍ വില്‍ക്കുമ്പോള്‍ കിട്ടുന്നത്‌ 42 രൂപാമാത്രം.എന്നാല്‍ 10 രൂപയ്ക്കങ്കിലും റിസ്കെടുത്താല്‍ നിര്‍മ്മിക്കാമെങ്കിലോ?190 രൂപാ ലാഭം.1000 രൂപയുടെ കള്ളനോട്ടുണ്ടാക്കിയാലും 1000 രൂപകിട്ടില്ലല്ലോ?ലാഭത്തിന്റെ കാണാപ്പുറങ്ങള്‍. ഇവിടെ വ്യാജമദ്യത്തിന്റെ ഉല്‍പ്പാദനത്തിനുള്ള ചോദന സര്‍ക്കാര്‍ തന്നെ ഉണ്ടാക്കികൊടുക്കുന്നു.സര്‍ക്കാരിന്‌ 3000 കോടി രൂപ മദ്യത്തില്‍ നിന്നും വരുമാനമുണ്ടെന്നാണ്‌ ഏകദേശകണക്ക്‌.എന്നാല്‍ ഇതിന്റെ ഇരട്ടിയെങ്കിലും അതായത്‌ 6000 കോടിയെങ്കിലും മദ്യകച്ചവടക്കാര്‍ക്ക്‌ ലഭിക്കുന്നുണ്ടാകാം. ഈ 6000 കോടി രൂപ എവിടെ എത്തുന്നു.?ആര്‍ക്കൊക്കെ കിട്ടുന്നു?എവിടെയെല്ലാം മുതല്‍ മുടക്കുന്നു?ഉത്തരമില്ലാത്ത ചോദ്യമല്ല. ഭാരതീയ പൗരന്‍ 50 രൂപ മുടക്കി 3 രൂപയുടെ ആല്‍ക്കഹോളും അകത്താക്കി 47 രൂപാ ടാക്സും കൊടുത്ത്‌ അത്താഴത്തിന്‌ അരിമേടിക്കാന്‍ മറന്ന് കുട്ടികള്‍ക്കുള്ള ബുക്കുമേടിക്കാന്‍ മറന്ന് വഴി മറന്ന് ദിശമറന്ന് വഴിയിലെ പാമ്പിന്റെ തലയില്‍ ചവിട്ടി ഓടയില്‍ വീണ്‌ മണ്ണ്‍ തിന്ന് ചാണകം മെഴുകിയ നിലത്ത്‌ കിടന്ന് ബോധം കെട്ടു ഉടുതുണിയില്ലാതെ കിടക്കുമ്പോള്‍ ബാര്‍ മുതലാളി അന്നത്തെ കളക്ഷന്‍ ഇനം തിരിച്ച്‌ അടുക്കുകയായിരുന്നു. മദ്യം അകത്താക്കി ശരീരവും നികുതി അടച്ച്‌ കീശയും നശിക്കുന്നു.രണ്ടിലൊന്ന് മതിയെന്ന് ആരാണ്‌ തീരുമാനിക്കുക?

Friday, January 16, 2009

ദൈവത്തിന്റെ മാത്രം സ്വന്തമല്ലാത്ത നാട്‌

അങ്ങിനെ ഒരു ശബരിമല തീര്‍ഥാടകാലവും അവസാനിക്കുന്നു.കേരളത്തിന്റെ ആകെ ജനസംഖ്യയുടെ അത്ര ഭക്തര്‍ ഇക്കുറിയും മലകയറിയിട്ടുണ്ടാകും.100കോടി രൂപാ നടവരവുണ്ടന്നാണ്‌ ഏകദേശകണക്ക്‌.ഇതു കൂടാതെ ട്രാന്‍സ്പോര്‍ട്ട്‌ കോര്‍പറേഷന്‌ നല്ല വരുമാനം ഇത്തവണയും ലഭിച്ചു.പെട്രോള്‍ പമ്പുകള്‍ ഹോട്ടലുകള്‍,തുടങ്ങി വഴിയരിലെ മറ്റു ക്ഷേത്രങ്ങള്‍ക്ക്‌ പോലും നല്ലകോളായിരുന്നു.

ഇതേപോലെ ഒരു വര്‍ഷത്തെ മറ്റ്‌ ദേവാലയങ്ങളിലെ തീര്‍ഥാടനവും നോക്കുക.ആറ്റുകാല്‍ പൊങ്കാല,തിരുവൈരാണിക്കുളം,മണര്‍കാട്‌ പള്ളി,മലയാറ്റൂര്‍ പള്ളി,ചക്കുളത്തുകാവ്‌,ഗുരുവായൂര്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ദേവാലയങ്ങയങ്ങളില്‍ ആയിരങ്ങളാണു്‌ തടിച്ചുകൂടുന്നത്‌.ഇതു കൂടാതെ മനുഷ്യദൈവങ്ങളും സന്യാസികളും ധ്യാനകേന്ദ്രങ്ങളും വേറേ.

സ്നേഹവും കാരുണ്യവും സഹിഷ്ണുതയും ഭക്തിയുടെ പര്യായമാണ്‌.കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഇങ്ങനെ ഒരു തരത്തിലല്ലങ്കില്‍ മറ്റൊരു തരത്തില്‍ ദൈവവഴിയിലാണ്‌.

ഇനി മറ്റൊരു വശം.ഇന്‍ഡ്യയിലെ ഇതര സംസഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തിലെ ജനങ്ങള്‍ പ്രതിവര്‍ഷം കൂടുതല്‍ ചെലവാക്കുന്നു.ആത്മഹത്യയുടെ കാര്യത്തില്‍ കേരളം നമ്പര്‍ വണ്‍.കൂടുതല്‍ മദ്യം അകത്താക്കുന്നവരും കേരളീയര്‍.ഏറ്റവും കൂടുതല്‍ കുറ്റക്രുത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പേടുന്നതും കേരളത്തില്‍.

സിക്കിം ഏറ്റവും കുറച്ച്‌ മാത്രം കുറ്റങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്ന സംസ്ഥാനമാണ്‌.റോഡില്‍ ഒരു ബാഗ്‌ കിടന്നാല്‍ അതിന്റെ ഉടമസ്ഥന്‍ വരുന്നതുവരെ അ ല്ലങ്കില്‍ ഒരു മലയാളി വരുന്നതുവരെ അത്‌ അവിടെ തന്നെ കിടക്കും.ഇവിടെ വലിയ ഭക്തിയോ വിശ്വാസമോ ജനങ്ങള്‍ക്കില്ല.കേരളത്തിന്റെ സാക്ഷരതപോലുമില്ല.

ഭക്തിയും ദേവാലയങ്ങളും ആവേശമാക്കിയ ദൈവത്തിന്റെ സ്വന്തം നാട്ടിലാണ്‌ കുറ്റങ്ങളും രോഗങ്ങളും മദ്യപാനവും കലാപവും കൂടുതല്‍.തെറ്റ്‌ ആര്‍ക്കാണു പറ്റി യത്‌?ദൈവത്തിനൊ?വിശ്വാസത്തിനോ?

Thursday, January 8, 2009

ആഗോളീകരണവും എലികളുടെ വംശവര്‍ദ്ധനവും

ഇവ തമ്മില്‍ എന്താണുബന്ധമെന്നുതോന്നുന്നുണ്ട്‌ അല്ലേ?എനിക്കും ആദ്യം അങ്ങനെതന്നെയാണുതോന്നിയതും.പക്ഷേ വളരെ വര്‍ഷങ്ങള്‍ക്കുശേഷം കുര്യാച്ചനുമായി സംസാരിച്ചതിനുശേഷമാണ്‌ കാര്യങ്ങള്‍ വ്യക്തമായത്‌.

കുര്യാച്ചന്‍ എന്റെ നാട്ടുകാരനാണ്‌.സഹപാഠി.എന്നും തമ്മില്‍ കാണുമ്പോള്‍ ചിരിയും സുഖമല്ലേ എന്ന ചോദ്യവും മാത്രം.കഴിഞ്ഞ ദിവസം ഞാനും കുര്യാച്ചനും പിറവത്തു വച്ചു കണ്ടുമുട്ടി.കുര്യാച്ചനും ഞാനും കുട്ടികളെ സാഹിത്യ ക്വിസിനുവേണ്ടി കൊണ്ടുവന്നപ്പോഴാണു കണ്ടത്‌.കുട്ടികളെ ഹാളില്‍കയറ്റി ഞങ്ങള്‍ ഹാളിനുപുറത്തിരുന്നു സംസാരിച്ചു.


കുര്യാച്ചന്‍ ഒമ്പതാം ക്ലാസ്സില്‍ പഠിത്തം നിര്‍ത്തി.ഇപ്പോള്‍ ഒരു പ്രൈവറ്റ്‌ കമ്പനിയില്‍ പോകുന്നുണ്ട്‌.കൂടാതെ അത്യാവശ്യം റബ്ബറുമുണ്ട്‌.കുര്യാച്ചന്‍ താമസിക്കുന്നത്‌ മലയിലാണ്‌.പണ്ട്‌ മലയിലേക്ക്‌ വഴിയോ മലയില്‍ കറന്റോ ഇല്ലയിരുന്നു.ഇന്ന് ടാറിട്ടറോഡും കറന്റും വെള്ളവുമുണ്ട്‌.മലയില്‍ പ്രധാനമയും റബ്ബറാണു്‌.



ഞങ്ങളുടെ സംസാരത്തില്‍ യാദ്രുശ്ച്ചികമാണ്‌ ആഗോളീകരണംവന്നുവീണത്‌.റബ്ബറിന്റെ വിലയിടിവാണ്‌ ഇതിലേക്ക്‌ എത്തിച്ചത്‌.കുര്യാച്ചന്‌ ഇരുനൂറ്റമ്പതോളം റബ്ബറുണ്ട്‌.


കുര്യാച്ചന്‍ വാചാലനായി.തന്റെ പ്രശ്നങ്ങള്‍ നിരത്തി.


നൂറിനുമുകളിലെ വിലയില്‍ നിന്നാണ്‌ ശരിക്കും ജീവിതം കെട്ടിപ്പടുക്കാന്‍ തുടങ്ങിയത്‌.വീട്‌ പുതുക്കിപണിയാന്‍ പ്ലാനിട്ടു.ബാങ്കില്‍ ചെന്നപ്പോള്‍ മാനേQര്‍ യാതൊരു മടിയും കൂടാതെ ലോണ്‍ തന്നു.ഒരുവിധം വീടുപണി തീര്‍ത്തു.എന്നാല്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞത്‌ പെട്ടെന്നായിരുന്നു.റബ്ബറിനു വില 50 രൂപവരെയെത്തി.വില കൂടിനിന്നപ്പോള്‍ വെട്ടുകൂലി ഒരു രൂപ കണക്കിനു വര്‍ദ്ധിച്ചു.അതും വെട്ടുകാരെ കിട്ടാനില്ല.റബ്ബര്‍ വെട്ടും പാല്‍ ഒറയൊഴിക്കലും ഇന്നത്തെ ചെറുപ്പക്കാര്‍ക്കിഷ്ടമല്ല.ശരീരത്തിലെ റബ്ബറിന്റെ മണം എത്ര കുളിച്ചാലും പോകില്ല.ഓട്ടോ ഓടിക്കാന്‍ പോയാലും പത്ത്‌ ഇരുനൂരു രൂപകിട്ടും.പിന്നെ റബ്ബര്‍ വെട്ടാന്‍ ആളെ കിട്ടുമോ?ഈ വിലയില്‍ വെട്ടുകാരന്‌ കൂലികൊടുത്ത്‌ എങ്ങിനേ മുതലാക്കും?


റബ്ബര്‍ വിലക്കുറവിനു കാരണംക്രൂഡോയിലിന്റെ വിലക്കുറവാണന്ന് കുര്യാചന്‍ പറഞ്ഞു.ക്രുത്രിമ റബ്ബറിന്റെ വില ക്രൂഡോയിലിന്റെ വിലയെ ആശ്രയിച്ചിരിക്കുന്നു.ക്രൂഡോയിലിന്റെ വിലകൂടിയാല്‍ സ്വാഭാവിക റബ്ബറിന്റെ വിലയും കൂടും.ഇപ്പോള്‍ ക്രൂഡോയിലിന്റെ വില 36 ഡോളര്‍ വരെയെത്തി.പിന്നെ സ്വാഭാവിക റബ്ബറിന്നുവിലകിട്ടുമോ?ഇതാണ്‌ ആഗോളീകരണം.


മലയില്‍ കപ്പയൊ വാഴയൊ മറ്റോ നട്ടിട്ടുണ്ടോ? ഞാന്‍ തിരക്കി.


'കപ്പയുമില്ല വാഴയുമില്ല' കുര്യാച്ചന്‍ പറഞ്ഞു.കപ്പനട്ടാല്‍ ഒരു കഷ്ണം പോലുമില്ലാതെ എലി കൊണ്ടുപോകും.മലമുഴുവന്‍ എലിയാണ്‌.


പണ്ട്‌ റബ്ബര്‍ വരുന്നതിനു മുന്‍പ്‌ ..........എല്ലാവീട്ടുകാരും കപ്പയുംചേനയും ചേമ്പും കാച്ചിലും ചെറുകിഴങ്ങും മധുരക്കിഴങ്ങും നടുമായിരുന്നു.എലികള്‍ക്ക്‌ ഇഷ്ടം പോലെ ഭക്ഷണം..അതുകൊണ്ട്‌ ഒന്നോ രണ്ടോ ചോട്‌ എലി തിന്നലും നഷ്ടമില്ല.പിന്നെ ഏത്‌ വീട്ടിലും ഒരു പൂച്ചയുണ്ടായിരുന്നു.വല്ലപ്പോഴാണങ്കിലും ഒന്നും രണ്ടും എലിയെ പൂച്ച പിടിക്കുമായിരുന്നു.ഇന്ന് പൂച്ചക്ക്‌ സുഖമായ ഭക്ഷണവും ഉറക്കവുമാണ്‌ പണി.


കുര്യാച്ചന്‌ ഒരു പൂച്ചയുണ്ടായിരുന്നു.വീട്ടിനകത്തും പുറത്തും എലി ശല്യം കാരണം പെങ്ങളുടെ വീട്ടില്‍ നിന്നും നിറയെ രോമമുള്ള ഒരുപൂച്ചക്കുഞ്ഞിനെ കൊണ്ടുവന്നതാണ്‌.പക്ഷെ പൂച്ച എലിയെപിടിക്കുന്നില്ല.വീട്ടില്‍ നിറയെ ചോറും മീനും കൊടുത്താല്‍ പൂച്ച എലിയെ പിടിക്കുമോ?കുര്യാച്ചനു വാശിയായി.രണ്ടു മൂന്നു ദിവസം ഒരു സാധനം പൂച്ച്ക്കുകൊടുത്തില്ല.പൂച്ച കരഞ്ഞുകൊണ്ട്‌ കാലില്‍ മുഖമുരസിനോക്കി.കട്ടുതിന്നാന്‍ ശ്രമം നടത്തി.എന്നിട്ടും എലിയെ പിടിക്കമെന്നു പൂച്ച വിചാരിച്ചില്ല.നാലു ദിവസം കഴിഞ്ഞപ്പോള്‍ പൂച്ചയെ കാണാനില്ല.കുര്യാച്ചനു സത്യത്തില്‍ സങ്കടമായി.എവിടെയെങ്കിലും ചത്തുകിടപ്പുണ്ടാകും എന്നു കുര്യാച്ചന്‍ കരുതി,.


കുര്യാച്ചന്റെ അയല്‍ വാസി ഒരു റിട്ടയേര്‍ഡ്‌ മാഷാണ്‌ താമസിക്കുന്നത്‌.മാഷിന്റെ ഭാര്യയും ടീച്ചറായിരുന്നു.രണ്ടു പേരും ഇപ്പോള്‍ തനിച്ചേ ഉള്ളൂ.ഇവരുടെ രണ്ട്‌ ആണ്‍ മക്കളൂം ഐര്‍ലന്റിലാണ്‌.അവര്‍ വല്ലപ്പോഴുമേ വരൂ...


കുര്യാച്ചന്‍ മാഷിന്റെ വീട്ടില്‍ നിന്നും ഇടക്കിടെ സിനിമയുടെ ഡിസ്ക്‌ വാങ്ങാന്‍ പോകാറുണ്ട്‌.പൂച്ചയെ കാണാതായി രണ്ടാഴ്ചകഴിഞ്ഞപ്പോള്‍ കുര്യാച്ചന്‍ മാഷിന്റെ വീട്ടില്‍ ഡിസ്കിന്നായി ചെന്നു.ടീച്ചര്‍ സോഫയിലിരിക്കുന്നു.ടീച്ചറുടെ മടിയില്‍ കറുപ്പും വെളുപ്പും നിറത്തിലുള്ള ഒരു കൊഴുത്ത പൂച്ചക്കുട്ടി.ടീച്ചര്‍ വിരലുകള്‍ കൊണ്ട്‌ അതിനെ തലോടുന്നു.പൂച്ച സുഖമായ നിദ്രയിലും.


രണ്ടാഴ്ചമുന്‍പ്‌ ക്ഷീണിച്ചനിലയില്‍ വന്ന പൂച്ചക്കുട്ടിയാണന്നും ഇപ്പോള്‍ ക്ഷീണമെല്ലാം മാറി വളരെ നന്നായെന്നും ടീച്ചര്‍ പറഞ്ഞു.പൂച്ചക്കു പ്രത്യേക പാത്രം വച്ചിട്ടുണ്ട്‌.എപ്പോഴും അതില്‍ ഇറച്ചിയോ പാലോ ചോറോ കാണും.പൂച്ച ആവശ്യത്തിനുപോയി തിന്നും.പിന്നെ സോഫയിലോ കിടക്കയിലോ കിടന്ന് ഉറക്കം മാത്രം.പൂച്ചക്ക്‌ എലിയെ പോയിട്ട്‌ ഒരു പാറ്റയെ പോലും പിടിക്കണ്ട.കുര്യാച്ചനെ കണ്ടിട്ട്‌ പൂച്ച മൈ ന്റു ചെയ്തതുപൊലുമില്ല.


കുര്യാച്ചന്‍ പറഞ്ഞു..ഇതും ആഗോളീകരണത്തിന്റെ മറുപുറമാണ്‌.നമ്മള്‍ ഉല്‍പ്പാദിപ്പിക്കുന്നതൊന്നും നമുക്കു കഴിക്കാനുള്ളതല്ല.സായിപ്പിനു വേണ്ടത്‌ നമ്മള്‍ ഉല്‍പ്പാദിപ്പിക്കും.റബ്ബര്‍ തിന്നാല്‍ വയര്‍ നിറയുമോ?കപ്പയും കാച്ചിലും ഇല്ലാതായി...പക്ഷെ എലികള്‍ നാടുവിടുന്നില്ലല്ലോ?..എലികള്‍ പെരുകി..


കുട്ടികള്‍ പോലും ഇന്ന് ഉല്‍പന്നങ്ങളാണ്‌.വിദേശത്തു ഡിമാന്റുള്ള ജോലിക്കായി നമ്മള്‍ കുട്ടികളെ പഠിപ്പിച്ച്‌ ഉല്‍പ്പന്നങ്ങളാക്കി കയറ്റി അയക്കുന്നു.വീട്ടില്‍ അച്ഛനും അമ്മയും മാത്രം.പൂച്ചയും പട്ടിയും കിളിയും മീനും ഇവര്‍ കൂട്ടിനായി വളര്‍ത്തുന്നു.ഈ പൂച്ച എലിയെ പിടിക്കണ്ട,ഈ പട്ടി കുരക്കുകയും വേണ്ട.

പിന്നെ എലി എങ്ങി നെ പെരുകാതിരിക്കും.

കുര്യാച്ചന്‍ നാട്ടിന്‍പുറത്തുകാരനാണ്‌.സിദ്ധാന്തങ്ങളുംവിശകലനവും ശാസ്ത്രീയമല്ലയിരിക്കും.എന്തെല്ലാമൊ സത്യങ്ങളുണ്ടെന്ന് എനിക്കും തോന്നി.

ഇന്നെല്ലാം ആഗോളീകരിച്ചിരിക്കുന്നു.
നമ്മുടെ ഭക്ഷണം ആഗോളീകരിച്ചിരിക്കുന്നു
നമ്മുടെ ചിന്ത ആഗോളീകരിച്ചിരിക്കുന്നു.
നമ്മുടെ സംഗീതം ആഗോളീകരിച്ചിരിക്കുന്നു.
നമ്മുടെ വേഷം ആഗോളീകരിച്ചിരിക്കുന്നു.
നമ്മുടെ ഭാഷ ആഗോളീകരിച്ചിരിക്കുന്നു.
നമ്മുടെ ആഘോഷങ്ങള്‍ ആഗോളീകരിച്ചിരിക്കുന്നു.
നമ്മുടെ സംസ്കാരം ആഗോളീകരിച്ചിരിക്കുന്നു.
നമ്മുടെ സദാചാരം ആഗോളീകരിച്ചിരിക്കുന്നു.
നമ്മുടെ കലകള്‍ ആഗോളീകരിച്ചിരിക്കുന്നു.
നമ്മുടെ സ്നേഹം പോലും ആഗോളീകരിക്കപ്പെട്ടിരിക്കുന്നു.

Recent Posts

ജാലകം