ഇവ തമ്മില്‍ എന്താണുബന്ധമെന്നുതോന്നുന്നുണ്ട് അല്ലേ?എനിക്കും ആദ്യം അങ്ങനെതന്നെയാണുതോന്നിയതും.പക്ഷേ വളരെ വര്‍ഷങ്ങള്‍ക്കുശേഷം കുര്യാച്ചനുമായി സംസാരിച്ചതിനുശേഷമാണ് കാര്യങ്ങള്‍ വ്യക്തമായത്.
കുര്യാച്ചന്‍ എന്റെ നാട്ടുകാരനാണ്.സഹപാഠി.എന്നും തമ്മില്‍ കാണുമ്പോള്‍ ചിരിയും സുഖമല്ലേ എന്ന ചോദ്യവും മാത്രം.കഴിഞ്ഞ ദിവസം ഞാനും കുര്യാച്ചനും പിറവത്തു വച്ചു കണ്ടുമുട്ടി.കുര്യാച്ചനും ഞാനും കുട്ടികളെ സാഹിത്യ ക്വിസിനുവേണ്ടി കൊണ്ടുവന്നപ്പോഴാണു കണ്ടത്.കുട്ടികളെ ഹാളില്‍കയറ്റി ഞങ്ങള്‍ ഹാളിനുപുറത്തിരുന്നു സംസാരിച്ചു.
കുര്യാച്ചന്‍ ഒമ്പതാം ക്ലാസ്സില്‍ പഠിത്തം നിര്‍ത്തി.ഇപ്പോള്‍ ഒരു പ്രൈവറ്റ് കമ്പനിയില്‍ പോകുന്നുണ്ട്.കൂടാതെ അത്യാവശ്യം റബ്ബറുമുണ്ട്.കുര്യാച്ചന്‍ താമസിക്കുന്നത് മലയിലാണ്.പണ്ട് മലയിലേക്ക് വഴിയോ മലയില്‍ കറന്റോ ഇല്ലയിരുന്നു.ഇന്ന് ടാറിട്ടറോഡും കറന്റും വെള്ളവുമുണ്ട്.മലയില്‍ പ്രധാനമയും റബ്ബറാണു്.
ഞങ്ങളുടെ സംസാരത്തില്‍ യാദ്രുശ്ച്ചികമാണ് ആഗോളീകരണംവന്നുവീണത്.റബ്ബറിന്റെ വിലയിടിവാണ് ഇതിലേക്ക് എത്തിച്ചത്.കുര്യാച്ചന് ഇരുനൂറ്റമ്പതോളം റബ്ബറുണ്ട്.
കുര്യാച്ചന്‍ വാചാലനായി.തന്റെ പ്രശ്നങ്ങള്‍ നിരത്തി.
നൂറിനുമുകളിലെ വിലയില്‍ നിന്നാണ് ശരിക്കും ജീവിതം കെട്ടിപ്പടുക്കാന്‍ തുടങ്ങിയത്.വീട് പുതുക്കിപണിയാന്‍ പ്ലാനിട്ടു.ബാങ്കില്‍ ചെന്നപ്പോള്‍ മാനേQര്‍ യാതൊരു മടിയും കൂടാതെ ലോണ്‍ തന്നു.ഒരുവിധം വീടുപണി തീര്‍ത്തു.എന്നാല്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞത് പെട്ടെന്നായിരുന്നു.റബ്ബറിനു വില 50 രൂപവരെയെത്തി.വില കൂടിനിന്നപ്പോള്‍ വെട്ടുകൂലി ഒരു രൂപ കണക്കിനു വര്‍ദ്ധിച്ചു.അതും വെട്ടുകാരെ കിട്ടാനില്ല.റബ്ബര്‍ വെട്ടും പാല്‍ ഒറയൊഴിക്കലും ഇന്നത്തെ ചെറുപ്പക്കാര്‍ക്കിഷ്ടമല്ല.ശരീരത്തിലെ റബ്ബറിന്റെ മണം എത്ര കുളിച്ചാലും പോകില്ല.ഓട്ടോ ഓടിക്കാന്‍ പോയാലും പത്ത് ഇരുനൂരു രൂപകിട്ടും.പിന്നെ റബ്ബര്‍ വെട്ടാന്‍ ആളെ കിട്ടുമോ?ഈ വിലയില്‍ വെട്ടുകാരന് കൂലികൊടുത്ത് എങ്ങിനേ മുതലാക്കും?
റബ്ബര്‍ വിലക്കുറവിനു കാരണംക്രൂഡോയിലിന്റെ വിലക്കുറവാണന്ന് കുര്യാചന്‍ പറഞ്ഞു.ക്രുത്രിമ റബ്ബറിന്റെ വില ക്രൂഡോയിലിന്റെ വിലയെ ആശ്രയിച്ചിരിക്കുന്നു.ക്രൂഡോയിലിന്റെ വിലകൂടിയാല്‍ സ്വാഭാവിക റബ്ബറിന്റെ വിലയും കൂടും.ഇപ്പോള്‍ ക്രൂഡോയിലിന്റെ വില 36 ഡോളര്‍ വരെയെത്തി.പിന്നെ സ്വാഭാവിക റബ്ബറിന്നുവിലകിട്ടുമോ?ഇതാണ് ആഗോളീകരണം.
മലയില്‍ കപ്പയൊ വാഴയൊ മറ്റോ നട്ടിട്ടുണ്ടോ? ഞാന്‍ തിരക്കി.
'കപ്പയുമില്ല വാഴയുമില്ല' കുര്യാച്ചന്‍ പറഞ്ഞു.കപ്പനട്ടാല്‍ ഒരു കഷ്ണം പോലുമില്ലാതെ എലി കൊണ്ടുപോകും.മലമുഴുവന്‍ എലിയാണ്.
പണ്ട് റബ്ബര്‍ വരുന്നതിനു മുന്‍പ് ..........എല്ലാവീട്ടുകാരും കപ്പയുംചേനയും ചേമ്പും കാച്ചിലും ചെറുകിഴങ്ങും മധുരക്കിഴങ്ങും നടുമായിരുന്നു.എലികള്‍ക്ക് ഇഷ്ടം പോലെ ഭക്ഷണം..അതുകൊണ്ട് ഒന്നോ രണ്ടോ ചോട് എലി തിന്നലും നഷ്ടമില്ല.പിന്നെ ഏത് വീട്ടിലും ഒരു പൂച്ചയുണ്ടായിരുന്നു.വല്ലപ്പോഴാണങ്കിലും ഒന്നും രണ്ടും എലിയെ പൂച്ച പിടിക്കുമായിരുന്നു.ഇന്ന് പൂച്ചക്ക് സുഖമായ ഭക്ഷണവും ഉറക്കവുമാണ് പണി.
കുര്യാച്ചന് ഒരു പൂച്ചയുണ്ടായിരുന്നു.വീട്ടിനകത്തും പുറത്തും എലി ശല്യം കാരണം പെങ്ങളുടെ വീട്ടില്‍ നിന്നും നിറയെ രോമമുള്ള ഒരുപൂച്ചക്കുഞ്ഞിനെ കൊണ്ടുവന്നതാണ്.പക്ഷെ പൂച്ച എലിയെപിടിക്കുന്നില്ല.വീട്ടില്‍ നിറയെ ചോറും മീനും കൊടുത്താല്‍ പൂച്ച എലിയെ പിടിക്കുമോ?കുര്യാച്ചനു വാശിയായി.രണ്ടു മൂന്നു ദിവസം ഒരു സാധനം പൂച്ച്ക്കുകൊടുത്തില്ല.പൂച്ച കരഞ്ഞുകൊണ്ട് കാലില്‍ മുഖമുരസിനോക്കി.കട്ടുതിന്നാന്‍ ശ്രമം നടത്തി.എന്നിട്ടും എലിയെ പിടിക്കമെന്നു പൂച്ച വിചാരിച്ചില്ല.നാലു ദിവസം കഴിഞ്ഞപ്പോള്‍ പൂച്ചയെ കാണാനില്ല.കുര്യാച്ചനു സത്യത്തില്‍ സങ്കടമായി.എവിടെയെങ്കിലും ചത്തുകിടപ്പുണ്ടാകും എന്നു കുര്യാച്ചന്‍ കരുതി,.
കുര്യാച്ചന്റെ അയല്‍ വാസി ഒരു റിട്ടയേര്‍ഡ് മാഷാണ് താമസിക്കുന്നത്.മാഷിന്റെ ഭാര്യയും ടീച്ചറായിരുന്നു.രണ്ടു പേരും ഇപ്പോള്‍ തനിച്ചേ ഉള്ളൂ.ഇവരുടെ രണ്ട് ആണ്‍ മക്കളൂം ഐര്‍ലന്റിലാണ്.അവര്‍ വല്ലപ്പോഴുമേ വരൂ...
കുര്യാച്ചന്‍ മാഷിന്റെ വീട്ടില്‍ നിന്നും ഇടക്കിടെ സിനിമയുടെ ഡിസ്ക് വാങ്ങാന്‍ പോകാറുണ്ട്.പൂച്ചയെ കാണാതായി രണ്ടാഴ്ചകഴിഞ്ഞപ്പോള്‍ കുര്യാച്ചന്‍ മാഷിന്റെ വീട്ടില്‍ ഡിസ്കിന്നായി ചെന്നു.ടീച്ചര്‍ സോഫയിലിരിക്കുന്നു.ടീച്ചറുടെ മടിയില്‍ കറുപ്പും വെളുപ്പും നിറത്തിലുള്ള ഒരു കൊഴുത്ത പൂച്ചക്കുട്ടി.ടീച്ചര്‍ വിരലുകള്‍ കൊണ്ട് അതിനെ തലോടുന്നു.പൂച്ച സുഖമായ നിദ്രയിലും.
രണ്ടാഴ്ചമുന്‍പ് ക്ഷീണിച്ചനിലയില്‍ വന്ന പൂച്ചക്കുട്ടിയാണന്നും ഇപ്പോള്‍ ക്ഷീണമെല്ലാം മാറി വളരെ നന്നായെന്നും ടീച്ചര്‍ പറഞ്ഞു.പൂച്ചക്കു പ്രത്യേക പാത്രം വച്ചിട്ടുണ്ട്.എപ്പോഴും അതില്‍ ഇറച്ചിയോ പാലോ ചോറോ കാണും.പൂച്ച ആവശ്യത്തിനുപോയി തിന്നും.പിന്നെ സോഫയിലോ കിടക്കയിലോ കിടന്ന് ഉറക്കം മാത്രം.പൂച്ചക്ക് എലിയെ പോയിട്ട് ഒരു പാറ്റയെ പോലും പിടിക്കണ്ട.കുര്യാച്ചനെ കണ്ടിട്ട് പൂച്ച മൈ ന്റു ചെയ്തതുപൊലുമില്ല.
കുര്യാച്ചന്‍ പറഞ്ഞു..ഇതും ആഗോളീകരണത്തിന്റെ മറുപുറമാണ്.നമ്മള്‍ ഉല്‍പ്പാദിപ്പിക്കുന്നതൊന്നും നമുക്കു കഴിക്കാനുള്ളതല്ല.സായിപ്പിനു വേണ്ടത് നമ്മള്‍ ഉല്‍പ്പാദിപ്പിക്കും.റബ്ബര്‍ തിന്നാല്‍ വയര്‍ നിറയുമോ?കപ്പയും കാച്ചിലും ഇല്ലാതായി...പക്ഷെ എലികള്‍ നാടുവിടുന്നില്ലല്ലോ?..എലികള്‍ പെരുകി..
കുട്ടികള്‍ പോലും ഇന്ന് ഉല്‍പന്നങ്ങളാണ്.വിദേശത്തു ഡിമാന്റുള്ള ജോലിക്കായി നമ്മള്‍ കുട്ടികളെ പഠിപ്പിച്ച് ഉല്‍പ്പന്നങ്ങളാക്കി കയറ്റി അയക്കുന്നു.വീട്ടില്‍ അച്ഛനും അമ്മയും മാത്രം.പൂച്ചയും പട്ടിയും കിളിയും മീനും ഇവര്‍ കൂട്ടിനായി വളര്‍ത്തുന്നു.ഈ പൂച്ച എലിയെ പിടിക്കണ്ട,ഈ പട്ടി കുരക്കുകയും വേണ്ട.
പിന്നെ എലി എങ്ങി നെ പെരുകാതിരിക്കും.
കുര്യാച്ചന്‍ നാട്ടിന്‍പുറത്തുകാരനാണ്.സിദ്ധാന്തങ്ങളുംവിശകലനവും ശാസ്ത്രീയമല്ലയിരിക്കും.എന്തെല്ലാമൊ സത്യങ്ങളുണ്ടെന്ന് എനിക്കും തോന്നി.
ഇന്നെല്ലാം ആഗോളീകരിച്ചിരിക്കുന്നു.
നമ്മുടെ ഭക്ഷണം ആഗോളീകരിച്ചിരിക്കുന്നു
നമ്മുടെ ചിന്ത ആഗോളീകരിച്ചിരിക്കുന്നു.
നമ്മുടെ സംഗീതം ആഗോളീകരിച്ചിരിക്കുന്നു.
നമ്മുടെ വേഷം ആഗോളീകരിച്ചിരിക്കുന്നു.
നമ്മുടെ ഭാഷ ആഗോളീകരിച്ചിരിക്കുന്നു.
നമ്മുടെ ആഘോഷങ്ങള്‍ ആഗോളീകരിച്ചിരിക്കുന്നു.
നമ്മുടെ സംസ്കാരം ആഗോളീകരിച്ചിരിക്കുന്നു.
നമ്മുടെ സദാചാരം ആഗോളീകരിച്ചിരിക്കുന്നു.
നമ്മുടെ കലകള്‍ ആഗോളീകരിച്ചിരിക്കുന്നു.
നമ്മുടെ സ്നേഹം പോലും ആഗോളീകരിക്കപ്പെട്ടിരിക്കുന്നു.
Thursday, January 8, 2009
Subscribe to:
Post Comments (Atom)
0 അഭിപ്രായങ്ങൾ:
Post a Comment