മലയാളി ഒരു വര്‍ഷം ആഡംബരങ്ങള്‍ക്ക് ചെലവാകുന്ന തുകയുടെ ഇനം തിരിച്ചുള്ള കണക്കുകള്‍ ഒരു ആനുകാലികത്തില്‍ കണ്ടു.വാഹനങ്ങള്‍ക്കും സ്വര്‍ണ്ണത്തിനും മദ്യത്തിനും വീടിനും എന്നിങ്ങനെ കോടികളുടെ കണക്കുകള്‍ നിരത്തിയപ്പോള്‍ ആരും കാണാത്തതോ മന:പ്പൂര്‍വം വിസ്മരിക്കുന്നതോ ആയ മറ്റൊരു കണക്കുണ്ട്.വിശ്വാസത്തിന്റെ പേരില്‍ വഴിപാടുകളും സംഭാവനകളുമായി മലയാളിമുടക്കുന്നത് എത്രയോ കോടികളാകും?ഇതുപറയാന്‍ പത്രങ്ങളോ രാഷ്ട്രീയക്കരോ പൊതുപ്രവര്‍ത്തകരോ ആഗ്രഹിക്കുന്നില്ല.'ഇമേജ്' എന്നൊന്ന് ഉള്ളിടത്തോളം കാലം ഇവരാരും പറയില്ല.പത്രങ്ങള്‍ക്ക് കോടികളുടെ പരസ്യവും മറ്റു ബിസിനസ്സ് താല്‍പ്പര്യങ്ങളുമാണ്
ഇന്ന് മതഭേദമില്ലതെ ഏതു ദേവാലയങ്ങളിലും കോടികളുടെ മുതല്‍മുടക്കാണു നടക്കുന്നത്.പുനരുദ്ധാരണവും ഗോപുരവും ആനപ്പന്തലുനിര്‍മ്മാണവും തകൃതി.നിര്‍മ്മാണസാമഗ്രികള്‍ വിദേശത്തുനിന്നുപോലും ഇറക്കുമതി ചെയ്യുന്നു.
ഗിന്നസ് ബുക്കില്‍ കയറാനും മല്‍സരമുണ്ട്.കൂത്താട്ടുകുളത്ത് ഒരു പള്ളിയിലെ നിലവിളക്ക് ഗിന്നസ് ബുക്കില്‍ കയറിയിട്ടുണ്ട്.അടിമാലിക്കടുത്ത് ഒരു പള്ളിയിലെ പിയാത്തെ ശില്‍പ്പം ഏഷ്യയിലെ ഏറ്റവും വലുതെന്ന് പറയുന്നു.കപ്പലിന്റെ രൂപത്തില്‍ താമരയുടെ രൂപത്തില്‍ എന്നിങ്ങനെ വിവിധമാതൃകയിലുള്ള ദേവാലയങ്ങള്‍.സ്വന്തമായി ആയിരക്കണക്കിന് ആളുകള്‍ക്ക് ഇരിക്കവുന്ന ആഡിറ്റോറിയം,ഗ്രാനൈറ്റ് പാകി മനോഹരമായി പൂന്തോട്ടം നിര്‍മ്മിച്ച ശവക്കോട്ടകള്‍,ഗോപുരങ്ങള്‍,സ്വര്‍ണ്ണം പതിച്ച കൊടിമരം,ശില്‍പ്പങ്ങള്‍....ഭൗതിക സ്വത്തുകള്‍ക്ക് ദേവാലയങ്ങള്‍ പരസ്പരം മല്‍സരിക്കുന്നു.
തൊടുപുഴ ടൗണിനു ഹൃദയഭാഗത്തുള്ള എയ്ഡഡ് സ്കൂള്‍ ഓണംകേറാമൂലയിലേക്ക് പൊളിച്ചുമാറ്റി ഷൊപ്പിംഗ് കോമ്പ്ലക്സ് പണിത പള്ളി കര്യക്കാരുടെ താല്‍പ്പര്യം അംബാനിയുടേതിനും ടാറ്റയുടേതിനും നിന്നും വ്യത്യസ്ഥമല്ല.സ്വന്തമായി വെബ് സൈറ്റില്ലാത്തത് ഇന്ന് ദേവാലയങ്ങള്‍ക്ക് കുറച്ചിലാണ്.
എവിടെ നിന്നാണ് ദേവാലയങ്ങള്‍ക്ക് ഇത്രത്തോളം വരുമാനം?ആത്മീയതയില്‍ വിശ്വസിക്കുന്ന ഇവര്‍ എന്തിനാണ് ഇത്രത്തോളം ഭൗതിക സമ്പത്തുകള്‍ വാരിക്കൂട്ടുന്നത്?
ആരു ചോദിക്കും?
സമൂഹത്തിലുണ്ടായ എല്ലാപുരോഗതിയും ഇന്ന് ദേവാലയങ്ങളിലേക്കും കടന്നു വന്നിരിക്കുന്നു.മിക്സിയും മോട്ടോറും കമ്പ്യുട്ടറുംഗ്രൈന്ററും ബോയിലറും ഫ്രിഡ്ജും ഇല്ലാത്ത എത്ര ക്ഷേത്രങ്ങളുണ്ട്?പക്ഷെ ആചാരങ്ങള്‍ക്കുമാത്രം പരിഷ്കാരം പാടില്ല പോലും..ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് തീരുമാനിച്ചപ്പോള്‍ ഉണ്ടായ എതിര്‍പ്പ് എത്രയായിരുന്നു?
ഇനി ആരും കാണാത്ത മറ്റോരു കണക്കുകൂടി പറയട്ടെ.നല്ല തിരക്കുള്ള ഒരു ക്ഷേത്രത്തില്‍ 500 പുഷ്പാഞ്ജലിയെങ്കിലും ഒരു നേരം വഴിപാടുണ്ടാകും.ഒരു പുഷ്പാഞ്ജലിക്ക് ഒരു മിനിറ്റ് സമയം വേണ്ടി വരുമെന്നു കണക്കാക്കുക.ഏറ്റവും കുറഞ്ഞത് 500 മിനിറ്റ്.അതായത് 8 മണിക്കൂര്‍ വേണ്ടിവരും.ആവശ്യമായ പൂക്കളുടെ അളവു കൂടി നോക്കുക.സത്യത്തില്‍ ഇത് പ്രായോഗികമല്ലന്ന് മനസ്സിലാകും.എന്നിട്ടും യാഥാര്‍ഥ്യങ്ങളെ അംഗീകരിക്കുവാന്‍ നമുക്ക് മടിയാണ്.
വഴിപാടുകളുടെ പേരില്‍ കത്തിച്ചുകളയുന്ന എണ്ണക്കും തേങ്ങക്കും നെയ്യിനും കണക്കുണ്ടോ?ക്ഷേത്രങ്ങളിലെ വഴിപാടുകളില്‍ നിയന്ത്രണം വരുത്തിയാല്‍ ലഭിക്കുന്ന വരുമാനം കൂടുതല്‍ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഈ ക്ഷേത്രങ്ങള്‍ക്ക് തന്നെ വിനിയോഗിക്കാനാകും.
പറശ്ശിനിക്കടവു ക്ഷേത്രത്തിലെ വഴിപാടുരീതി മാതൃകയാക്കാനാകും.
ഇത്തരത്തിലുള്ള ചര്‍ച്ചകളും ചിന്തകളും സാമൂഹ്യപുരോഗതിയുടെ ഭാഗമായി ഉണ്ടാകണം....ഉണ്ടാകും..
Sunday, March 29, 2009
Thursday, March 12, 2009
കൊടൈക്കനാല്‍...ഒരു നിരാശയുടെ ബാക്കിപത്രം
എഴുപതുകളിലെ ഒരു നാട്ടിന്‍പുറത്തുള്ള സര്‍ക്കാര്‍ പള്ളിക്കൂടത്തിലെ ഒരു വിദ്യാര്‍ത്ഥിയുടെ വിനോദയാത്രാസ്വപ്നങ്ങളിലൊന്നും ഊട്ടിയോ,കൊടൈക്കനാലോ,മൈസൂറോ,കന്യാകുമാരിയോ ഇല്ലായിരുന്നു.തൊട്ടടുത്ത് ഠൗണില്‍ വരുന്ന ഒരു സര്‍ക്കസ്സോ സിനിമയോ കാണുന്നതുപോലും ഒരു വിനോദയാത്രയായിരുന്നു. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി വിനോദയാത്രക്ക് പോകുന്നത്.വല്ലപ്പോഴും നാട്ടിലെത്തുന്ന ഒരു പോലീസ് വാഹനമോ സര്‍ക്കാര്‍ വാഹനമോ കാണാത്ത ഞങ്ങള്‍ക്ക് ഠൗണ്‍ കാണുന്നത് കണ്‍നിറയെ വാഹനങ്ങള്‍ കാണുന്നതിനുകൂടിയാണ്.എറണാകുളത്തേക്കയിരുന്നു യാത്ര.വണ്ടിയിലെ ജനാലക്കരികിലെ സീറ്റിനുവേണ്ടി തിരക്കുകൂട്ടുന്നത് വാഹനമോടുമ്പോള്‍ പിന്നോട്ടോടുന്ന മരങ്ങളും കെട്ടിടങ്ങളും കാണുന്നതിനാണ്.എറണാകുളം ഠൗണിലെ വാഹനങ്ങള്‍ കണ്ട് അന്തംവിട്ടിട്ടുണ്ട്. കോളേജിലെത്തിയപ്പോള്‍ മധുരയും കൊടൈക്കനാലുമാണ് ഏവര്‍ക്കും പ്രിയം.അതൊരു അന്തസ്സിന്റെകൂടി പ്രശ്നമായിരുന്നു.ഞങ്ങളുടെ ക്ലാസ്സിലെ ബഹുഭൂരിപക്ഷം കുട്ടികളും സാമ്പത്തികമായിപിന്നോക്കം നില്‍ക്കുന്നവരായിരുന്നു.ന്യൂനപക്ഷം വരുന്നവര്‍ മധുരയും കൊടൈക്കനാലും തിരഞ്ഞെടുത്തപ്പോള്‍ അതിനെ തോല്‍പ്പിക്കേണ്ടത് ഭൂരിപക്ഷത്തിന്റെ ആവശ്യമായിരുന്നു.നാടുകാണാനിഷ്ടമില്ലാഞ്ഞിട്ടല്ല,..പൈസയില്ല.. കൂടാതെ ഇല്ലായ്മകാണിക്കുന്നതിലുള്ള അഭിമാനക്കുറവും.ഞങ്ങള്‍ മറ്റുകാരണങ്ങള്‍ പറഞ്ഞ് കൊടൈക്കനാല്‍ യാത്ര മുടക്കി. പിന്നെ നാട്ടിലെ ക്ലബ്ബുകളുടെ വിനോദയാത്രപരിപാടിയാണ്.അവിടേയും കൊടൈക്കനാല്‍ തന്നെ.അങ്ങിനെ കോടൈക്കനാല്‍ ഒരു സ്വപ്നഭൂമിയായി അവശേഷിച്ചു.അന്നും ഇന്നും ഏതൊരു മലയാളിയുടേയും ... ഏതാണ്ട് അഞ്ചുവര്‍ഷം ജോലിയുടെ ഭാഗമായി മൂന്നാറില്‍ കഴിച്ചുകൂട്ടിയിട്ടുണ്ട്.മൂന്നാറിന്റെ മുക്കും മൂലയും സഞ്ചരിച്ചിട്ടുണ്ട്.ഒരു മാസ്മരികലോകം തന്നെയെന്നാണ് ഇന്നും തോന്നുന്നത്.. നേര്യമംഗലത്തുനിന്നുള്ളവനത്തില്‍ കൂടിയുള്ള യാത്രമുതല്‍ മനോഹാരിതതുടങ്ങുകയായി. പള്ളിവാസല്‍ തേയിലത്തോട്ടം എത്തിയാല്‍ മൂന്നാറിന്റെ കവാടമായി.ഏതു വേനലില്‍ പോലുമുള്ള ഇളംതണുപ്പില്‍ ഈ തേയില തോട്ടത്തിലൂടെയുള്ള യാത്ര ഹരം തന്നെ.മൂന്നാര്‍ കാണണമെങ്കില്‍ ദിവസങ്ങളോളം വേണം.മുണ്ടശ്ശേരി പറയുന്നതുപോലെ വെറുതെ പാഴ്സലായി പോയിവന്നിട്ടുകാര്യമില്ല. എന്തെല്ലാം കഴ്ചകള്‍? പള്ളിവാസലിലെ തേയില തോട്ടങ്ങള്‍ക്കിടയിലൂടെ വളഞ്ഞ് പുളഞ്ഞ് പോകുന്ന വഴികള്‍.... തണല്‍ മരങ്ങള്‍... പോതമേട്ടില്‍നിന്നും താഴോട്ടുള്ള കാഴ്ച... ഹെഡ് വര്‍ക്സിലെ പാര്‍ക്കും പുല്‍തട്ടും.. പഴയമൂന്നാറിലെ യൂക്കാലിക്കാടും.... എത്രയോ,,,,എത്രയോ... ദേവികുളം എത്തുന്നതിനു് തൊട്ടുമുന്‍പ് ഇരുവശവും മരങ്ങള്‍ മൂടിയ റോഡുകള്‍ ഇംഗ്ലണ്ടിലാണോയെന്ന് സംശയിപ്പിക്കില്ലേ? ദേവികുളത്തുനിന്ന് തേയിലക്കാടുവഴി കുറച്ച് യാത്രചെയ്താല്‍ ദേവികുളം ലേയ്ക്കിലെത്താം...കണ്ണുമൂടി ഒരാളെ ഇവിടെ ഇറക്കിവിട്ടാല്‍ അയാള്‍ കാശ്മീരിലല്ലെന്ന് പറയില്ല,,ഉദയനാണുതാരത്തിലെ ഒരു ഗാനരംഗം ചിത്രീകരിച്ചത് ഇവിടെയാണ്.. പൂപ്പാററോഡില്‍ ഡബിള്‍ കട്ടിംഗിലെത്തി തിരിഞ്ഞുനോക്കൂ...തേയിലതോട്ടങ്ങളുടെ ഈ പാരാവാരം എവിടെ കാണും?" ഡബിള്‍ കട്ടിംഗിലെ കാറ്റും അതിനുതാഴെകാണൂന്ന ജനപദങ്ങളും എത്രകണ്ടാലും മതിവരില്ല.. ഇനി മാട്ടുപ്പെട്ടി.. അതുകഴിഞ്ഞ് ടോപ്പ് സ്റ്റേഷനിലേക്കുള്ള യാത്ര.. കാബേജും കോളീഫ്ലവറും കൃഷിചെയ്യുന്ന കോവിലൂര്‍,,, കുണ്ടള ഡാം... പഴത്തോട്ടം.. മറയൂര്‍ക്കുള്ള യാത്രതന്നെ എത്ര രസകരം..ഇരുചക്രമാണങ്കില്‍ നന്നായിരിക്കും ആപ്പിളും പ്ലമ്മും വിളയുന്ന കാന്തല്ലൂര്‍.. പയസ് നഗര്‍..മുനിയറകള്‍... മറയൂരില്‍ പൂത്തുനില്‍ക്കുന്ന കരിമ്പിന്തോട്ടത്തിനുമുകളീല്‍ പ്രഭാതസൂര്യന്റെ മഞ്ഞവെയിലിന്റെ മായാജാലം... കോവില്‍കടവിലെ തട്ടുതട്ടായ കൃഷിയിടങ്ങള്‍.. ചന്ദനക്കാടുകള്‍...ചിന്നാര്‍...രാജമല...തീരില്ല മൂന്നാറിനടുത്ത തെന്മലയില്‍ ഒരു ഏപ്രില്‍ മാസത്തില്‍ സ്വറ്ററും അതിനുമുകളില്‍ ഷാളും പുതച്ച് ഒരു ജില്ലാകൗണ്‍സില്‍ തെരഞ്ഞെടുപ്പുഡ്യുട്ടി ...മറക്കാനാകില്ല. മൂന്നാര്‍ എന്നും സുന്ദരമാണ്.മഴക്കാലത്തും...മഞ്ഞുകാലത്തും..ശൈത്യകാലത്തും... കോടമൂടിയ നൂല്‍മഴപെയ്യുന്ന മൂന്നാറും...പൂജ്യത്തിനുതാഴെ മെര്‍ക്കുറിയെത്തുന്ന ശൈത്യകാലവും.....എല്ലാം അനുഭവിച്ചറിയേണ്ടതുതന്നെ... അടുത്തകാലത്ത് ആദ്യമായി കൊടൈക്കനാല്‍ സന്ദര്‍ശിച്ചു,,ചെറുപ്പത്തിലെ സാക്ഷാത്കരിക്കാത്ത ഒരു സ്വപ്നത്തിന്റെ പൂര്‍ത്തീകരണം പോലെ.. കടുത്ത നിരാശതോന്നി.. മൂന്നാര്‍ എവിടെ? കൊടൈക്കനാല്‍ എവിടെ? ഇവിടെ ഒരു തടാകവും ഒരു ചെറുകുളിര്‍കാറ്റും മാത്രം. യാത്രപോലും രസകരമല്ല.. ഇപ്പോള്‍ ഒരു സംശയം ഊട്ടിയും നിരാശപ്പെടുത്തുമോ?
Subscribe to:
Posts (Atom)