Pages

Sunday, March 29, 2009

കോര്‍പ്പറേറ്റ്‌ ദേവാലയങ്ങള്‍

മലയാളി ഒരു വര്‍ഷം ആഡംബരങ്ങള്‍ക്ക്‌ ചെലവാകുന്ന തുകയുടെ ഇനം തിരിച്ചുള്ള കണക്കുകള്‍ ഒരു ആനുകാലികത്തില്‍ കണ്ടു.വാഹനങ്ങള്‍ക്കും സ്വര്‍ണ്ണത്തിനും മദ്യത്തിനും വീടിനും എന്നിങ്ങനെ കോടികളുടെ കണക്കുകള്‍ നിരത്തിയപ്പോള്‍ ആരും കാണാത്തതോ മന:പ്പൂര്‍വം വിസ്മരിക്കുന്നതോ ആയ മറ്റൊരു കണക്കുണ്ട്‌.വിശ്വാസത്തിന്റെ പേരില്‍ വഴിപാടുകളും സംഭാവനകളുമായി മലയാളിമുടക്കുന്നത്‌ എത്രയോ കോടികളാകും?ഇതുപറയാന്‍ പത്രങ്ങളോ രാഷ്ട്രീയക്കരോ പൊതുപ്രവര്‍ത്തകരോ ആഗ്രഹിക്കുന്നില്ല.'ഇമേജ്‌' എന്നൊന്ന് ഉള്ളിടത്തോളം കാലം ഇവരാരും പറയില്ല.പത്രങ്ങള്‍ക്ക്‌ കോടികളുടെ പരസ്യവും മറ്റു ബിസിനസ്സ്‌ താല്‍പ്പര്യങ്ങളുമാണ്‌
ഇന്ന് മതഭേദമില്ലതെ ഏതു ദേവാലയങ്ങളിലും കോടികളുടെ മുതല്‍മുടക്കാണു നടക്കുന്നത്‌.പുനരുദ്ധാരണവും ഗോപുരവും ആനപ്പന്തലുനിര്‍മ്മാണവും തകൃതി.നിര്‍മ്മാണസാമഗ്രികള്‍ വിദേശത്തുനിന്നുപോലും ഇറക്കുമതി ചെയ്യുന്നു.
ഗിന്നസ്‌ ബുക്കില്‍ കയറാനും മല്‍സരമുണ്ട്‌.കൂത്താട്ടുകുളത്ത്‌ ഒരു പള്ളിയിലെ നിലവിളക്ക്‌ ഗിന്നസ്‌ ബുക്കില്‍ കയറിയിട്ടുണ്ട്‌.അടിമാലിക്കടുത്ത്‌ ഒരു പള്ളിയിലെ പിയാത്തെ ശില്‍പ്പം ഏഷ്യയിലെ ഏറ്റവും വലുതെന്ന് പറയുന്നു.കപ്പലിന്റെ രൂപത്തില്‍ താമരയുടെ രൂപത്തില്‍ എന്നിങ്ങനെ വിവിധമാതൃകയിലുള്ള ദേവാലയങ്ങള്‍.സ്വന്തമായി ആയിരക്കണക്കിന്‌ ആളുകള്‍ക്ക്‌ ഇരിക്കവുന്ന ആഡിറ്റോറിയം,ഗ്രാനൈറ്റ്‌ പാകി മനോഹരമായി പൂന്തോട്ടം നിര്‍മ്മിച്ച ശവക്കോട്ടകള്‍,ഗോപുരങ്ങള്‍,സ്വര്‍ണ്ണം പതിച്ച കൊടിമരം,ശില്‍പ്പങ്ങള്‍....ഭൗതിക സ്വത്തുകള്‍ക്ക്‌ ദേവാലയങ്ങള്‍ പരസ്പരം മല്‍സരിക്കുന്നു.
തൊടുപുഴ ടൗണിനു ഹൃദയഭാഗത്തുള്ള എയ്ഡഡ്‌ സ്കൂള്‍ ഓണംകേറാമൂലയിലേക്ക്‌ പൊളിച്ചുമാറ്റി ഷൊപ്പിംഗ്‌ കോമ്പ്ലക്സ്‌ പണിത പള്ളി കര്യക്കാരുടെ താല്‍പ്പര്യം അംബാനിയുടേതിനും ടാറ്റയുടേതിനും നിന്നും വ്യത്യസ്ഥമല്ല.സ്വന്തമായി വെബ്‌ സൈറ്റില്ലാത്തത്‌ ഇന്ന് ദേവാലയങ്ങള്‍ക്ക്‌ കുറച്ചിലാണ്‌.
എവിടെ നിന്നാണ്‌ ദേവാലയങ്ങള്‍ക്ക്‌ ഇത്രത്തോളം വരുമാനം?ആത്മീയതയില്‍ വിശ്വസിക്കുന്ന ഇവര്‍ എന്തിനാണ്‌ ഇത്രത്തോളം ഭൗതിക സമ്പത്തുകള്‍ വാരിക്കൂട്ടുന്നത്‌?
ആരു ചോദിക്കും?
സമൂഹത്തിലുണ്ടായ എല്ലാപുരോഗതിയും ഇന്ന് ദേവാലയങ്ങളിലേക്കും കടന്നു വന്നിരിക്കുന്നു.മിക്സിയും മോട്ടോറും കമ്പ്യുട്ടറുംഗ്രൈന്ററും ബോയിലറും ഫ്രിഡ്ജും ഇല്ലാത്ത എത്ര ക്ഷേത്രങ്ങളുണ്ട്‌?പക്ഷെ ആചാരങ്ങള്‍ക്കുമാത്രം പരിഷ്കാരം പാടില്ല പോലും..ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച്‌ സ്ത്രീകള്‍ക്ക്‌ പ്രവേശിക്കാമെന്ന് തീരുമാനിച്ചപ്പോള്‍ ഉണ്ടായ എതിര്‍പ്പ്‌ എത്രയായിരുന്നു?
ഇനി ആരും കാണാത്ത മറ്റോരു കണക്കുകൂടി പറയട്ടെ.നല്ല തിരക്കുള്ള ഒരു ക്ഷേത്രത്തില്‍ 500 പുഷ്പാഞ്ജലിയെങ്കിലും ഒരു നേരം വഴിപാടുണ്ടാകും.ഒരു പുഷ്പാഞ്ജലിക്ക്‌ ഒരു മിനിറ്റ്‌ സമയം വേണ്ടി വരുമെന്നു കണക്കാക്കുക.ഏറ്റവും കുറഞ്ഞത്‌ 500 മിനിറ്റ്‌.അതായത്‌ 8 മണിക്കൂര്‍ വേണ്ടിവരും.ആവശ്യമായ പൂക്കളുടെ അളവു കൂടി നോക്കുക.സത്യത്തില്‍ ഇത്‌ പ്രായോഗികമല്ലന്ന് മനസ്സിലാകും.എന്നിട്ടും യാഥാര്‍ഥ്യങ്ങളെ അംഗീകരിക്കുവാന്‍ നമുക്ക്‌ മടിയാണ്‌.
വഴിപാടുകളുടെ പേരില്‍ കത്തിച്ചുകളയുന്ന എണ്ണക്കും തേങ്ങക്കും നെയ്യിനും കണക്കുണ്ടോ?ക്ഷേത്രങ്ങളിലെ വഴിപാടുകളില്‍ നിയന്ത്രണം വരുത്തിയാല്‍ ലഭിക്കുന്ന വരുമാനം കൂടുതല്‍ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക്‌ ഈ ക്ഷേത്രങ്ങള്‍ക്ക്‌ തന്നെ വിനിയോഗിക്കാനാകും.
പറശ്ശിനിക്കടവു ക്ഷേത്രത്തിലെ വഴിപാടുരീതി മാതൃകയാക്കാനാകും.
ഇത്തരത്തിലുള്ള ചര്‍ച്ചകളും ചിന്തകളും സാമൂഹ്യപുരോഗതിയുടെ ഭാഗമായി ഉണ്ടാകണം....ഉണ്ടാകും..

10 അഭിപ്രായങ്ങൾ:

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

നല്ല ചിന്ത. ഇത്തരം ചിന്തകള്‍ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നും ഉയര്‍ന്നു വരേണ്ടതുണ്ട്.

സ്വര്‍ണ്ണം കൊണ്ട് ഗുരുവായൂരപ്പന് തുലാഭാരം നടത്തി കുറേ നാളുകള്‍ക്കു മുമ്പ് ഒരു ഭക്തര്‍. ആ ഒരൊറ്റ തുലാഭാരത്തിനു ചിലവാക്കിയ കാശ് സമൂഹത്തിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനു വേണ്ടി ചിലവാക്കിയിരുന്നെങ്കില്‍ ഈശ്വരന്‍ പ്രസാദിക്കില്ലെന്നാണോ പണച്ചാക്കുകളായ ഈ ഭക്തന്മാരുടെ വിശ്വാസം. ഇത് ദൈവത്തിനെ അവഹേളിക്കുകയാണ്. ദൈവത്തിനെ വെറും കൈക്കൂലിക്കാരന്റെ നിലയിലേക്ക് തരം താഴ്ത്തുകയാണിവര്‍. ഇത്തരം തെറ്റായ കീഴ്വഴക്കങ്ങള്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. പാവപ്പെട്ടവന്‍ തന്റെ വിയര്‍പ്പൊഴുക്കിയ കാശു പോലും സ്വന്തം വിശപ്പടക്കാനുപയോഗിക്കാതെ, സ്വന്തം കുടുംബത്തിനും കുട്ടികള്‍ക്കും വേണ്ടി ചിലവാക്കാതെ ഇത്തരം ദുര്‍വ്യയങ്ങള്‍ക്കുപയോഗിക്കുവാന്‍ മേല്‍പ്പറഞ്ഞ അനുഷ്ടാനങ്ങള്‍ പ്രചോദകങ്ങളാകുന്നു.

നാട്ടുകാരന്‍ said...

തൊടുപുഴ ടൌണ്‍ പള്ളി ഇനി പൊളിച്ചു പണിയുകയാണ് . ഇതൊന്നു നമ്മള്‍ മന്ദബുദ്ധികള്‍ക്ക് മനസിലാകില്ല . ഞാനും ഒരു തോടുപുഴക്കാരനാണ് .

ullas said...

സുഹൃത്തേ , നല്ല ചിന്തകള്‍ .പക്ഷെ ഇതൊക്കെ പറയുന്നവന്‍ ദൈവ നിഷേധിയും ,മത വിശ്വാസം തകര്‍ക്കാന്‍ ശ്രമിക്കുന്ന കാപലികനും ആകും . ഇടയ ലേഖനവും ,പടി അടച്ചു പിണ്ഡം വയ്ക്കലും ഫലം .

siva // ശിവ said...

നല്ല ചിന്തകള്‍....പക്ഷെ ഇങ്ങനെ ചിന്തിക്കുന്നവര്‍ പോലും ഇതിനൊന്നും ആതീതരല്ലല്ലോ എന്നതാണ് വിഷമകരം....

siva // ശിവ said...
This comment has been removed by the author.
siva // ശിവ said...

നല്ല ചിന്തകള്‍....പക്ഷെ ഇങ്ങനെ ചിന്തിക്കുന്നവര്‍ പോലും ഇതിനൊന്നു അതീതരല്ലല്ലോ എന്നതാണ് വിഷമകരം....

Kvartha Test said...

നഗ്നസത്യം. ദൈവത്തിനു/ദൈവങ്ങള്‍ക്ക് കൈക്കൂലി കൊടുക്കാന്‍ ആണ് കൂടതല്‍പ്പേരും പ്രോത്സാഹിപ്പിക്കുന്നത്, ജാതിമതഭേദമന്യേ. മതത്തിന്‍റെ നിലനില്‍പ്പ്‌ അതില്‍ കണ്ണുമടച്ച് വിശ്വസിക്കുന്നവരിലാണ്. ജ്യോതിഷികളും മറ്റും ഇത്തരക്കാരുടെ മനസ്സിന്‍റെ ഉറപ്പില്ലായ്മയെ അഥവാ ആത്മബലമില്ലായ്മയെ ചൂഷണം ചെയ്യുന്നു. അയല്‍പക്കത്തെ ഒരു അഗതി ചോദിച്ചാല്‍ ഒന്നും കൊടുക്കില്ല. എന്നാല്‍ നാട്ടിലെ ഏതെങ്കിലും അമ്പലമോ പള്ളിയോ ചോദിച്ചാല്‍ എന്തും കൊടുക്കാന്‍ മടിയില്ല. കാരണം പേടിയാണ്, ആരെ? ദൈവത്തെ! കൂടുതല്‍പ്പേരും ദൈവത്തെ ഭയക്കുന്നവരാണ് (god fearing)! കഷ്ടം. വാക്കാണ്‌ ദൈവം, സ്നേഹമാണ് ദൈവം എന്നൊക്കെ ആര് മനസ്സിലാക്കാനാണ്?

ആദ്യമായാണ്‌ വട്ടക്കകണ്ണട കാണുന്നത്. ഇനി തുടര്‍ന്നും വായിക്കാം. ഇത് വായിച്ചപ്പോള്‍ ശ്രേയസ്സിലെ ഭയവും വിശ്വാസവും എന്ന ഇതേ വിഷയത്തിലെ ലേഖനം ഓര്‍മ്മ വന്നു.

മണിഷാരത്ത്‌ said...

മോഹന്‍.....
ഇന്ന് എതിര്‍പ്പിന്റെ ശബ്ദം പോലും നേര്‍ത്തിരിക്കുന്നു...മതത്തിന്റെ പേരിലോ ദൈവത്തിന്റെ പേരിലോ നടത്തുന്ന എന്തും ഇന്ന് ആചാരങ്ങളാണ്‌...അഭിപ്രായം കുറിച്ചതിന്‌ നന്ദി...

നാട്ടുകാരന്‍.....
ഞാന്‍ തൊടുപുഴക്കാരനായിട്ട്‌ 18 വര്‍ഷത്തോളമേ ആയുള്ളൂ...ടൗണ്‍ പള്ളിയുടെ സ്ഥാനത്ത്‌ നിന്ദിതര്‍ക്കും പീഡിതര്‍ക്കുമായി പുതിയൊരു മഹാമന്ദിരം പ്രതീക്ഷിക്കാം...അല്ലേ നാട്ടുകാരാ,,,അഭിപ്രായത്തിനു നന്ദി

ഉല്ലാസ്‌
..അഭിപ്രായത്തിനു നന്ദി

ശിവാ...
കാട്ടുതീയുണ്ടാകുന്നത്‌ കല്ലുരുമ്മിയ തീപ്പൊരിയില്‍ നിന്നാകാം.മഹാനദികളുടെ ആരംഭവും നീര്‍ച്ചാലില്‍ നിന്നല്ലേ? പ്രവൃത്തിയും വാക്കും ഒന്നായിരിക്കണമെന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ട്‌ ശിവാ...അഭിപ്രായത്തിനുനന്ദി....
ശ്രേയസ്സ്‌...
ഭയം...സത്യമായ വികാരം തന്നെ,,ഭയവും വിശ്വാസവും ഞാന്‍ വായിച്ചു..എന്നെ വല്ലാതെ ചിന്തിപ്പിച്ചു തങ്കളുടെ പോസ്റ്റ്‌...ഞാന്‍ മനസ്സില്‍ വിചാരിച്ചപലതും എഴുതുവാനും ഭയപ്പെട്ടില്ലേ എന്ന് ഇപ്പോള്‍ ഒരു തോന്നല്‍... നന്ദി ശ്രെയസ്സ്‌

അരങ്ങ്‌ said...

കാണിക്കകളും, വഴിപാടുകളും ഏതൊരു സ്ഥാപിത മതത്തിന്റേയും ഭാഗമാണ്‌. ഗോത്ര മതങ്ങളില്‍ പോലും ഇതുണ്ട്‌. പക്ഷേ ഇവിടെയൊന്നും കാണിക്കയുടെ, നേര്‍ച്ചയുടെ വലുപ്പത്തിനല്ല പ്രസക്തി. പകരം അതര്‍പ്പിക്കുന്നവന്റെ മനസ്സാണ്‌. ബൈബിളിലെ വിധവയുടെ ചെമ്പു തുട്ടും, കുചേലന്റെ അവലും ഒക്കെ സൂചിപ്പിക്കുന്നതതാണ്‌. എന്നാല്‍ നമ്മള്‍ അവയെ എല്ലാം ആഡംബരമാക്കുന്നു.
മണിയേട്ടാ... നല്ലോരു ചര്‍ച്ച തന്നെ ഇത്‌.

ആർപീയാർ | RPR said...

നന്നായി...
ഈ കാര്യത്തിൽ സമാന ചിന്താഗതിക്കാരാണ് നമ്മൾ .. പക്ഷെ എന്തു കാര്യം?... ഇങ്ങനെ പരസ്പരം കുറേ വാചക കസർത്തു നടത്താം, കുറേ വാദങ്ങളും എതിർവാദങ്ങളും പങ്കിടാം... അതിനപ്പുറം?? ഒന്നും നടക്കില്ല..

ആശംസകൾ
തുടരട്ടേ ....

Recent Posts

ജാലകം