Pages

Sunday, April 26, 2009

വെല്‍ക്കം ടൂ ഊട്ടി

എവിടേക്കെന്ന് സര്‍ക്കീട്ടെന്ന നാട്ടിന്‍പുറത്തെ സാധാരണക്കാരുടെ ചോദ്യത്തിന്‌ ഊട്ടിക്കെന്ന നിഷ്കളങ്കമായ ഉത്തരങ്ങളില്‍നിന്ന് ഊട്ടിയെപറ്റിയുള്ള സങ്കല്‍പ്പങ്ങള്‍ ഉരുത്തിരിയുന്നു.ഏതോ വിസ്മയമായ കാഴ്ചകളിലും സ്വര്‍ഗീയ സൗ ന്ദര്യത്തിലും മുങ്ങിയ കേരളത്തിന്റെ ഉത്തര ദക്ഷിണായനങ്ങള്‍ക്കപ്പുറം ഒരിക്കലുമെത്തിപ്പിടിക്കാനാകാത്ത ഒരു ഉട്ടോപ്പ്യന്‍ സങ്കല്‍പ്പമായിരുന്നു ഊട്ടി.സമ്പന്നരുടെ കുട്ടികള്‍ക്ക്‌ സായിപ്പന്മാരെ പോ ലെ നാവിന്‍ തുമ്പില്‍ സദാ ആംഗ്ലേയം വിളയാടാന്‍ ഇന്‍ഡ്യയിലെവിടെയോ ഉള്ള ഒരു കുഞ്ഞു ബ്രിട്ടണാണ്‌ ഊട്ടിയെന്ന് കരുതിയിരുന്നു. പിന്നീട്‌ മലയാളികളുടെ മനസ്സിലും കണ്ണിലും കാതിലും ഹൃദയത്തിലും ആനന്ദത്തിന്റെ മഞ്ഞുകണങ്ങള്‍ പൊഴിച്ച 'കിലുക്കം' കണ്ടതിനുശേഷം ഊട്ടിയെപ്പറ്റിയുള്ള ആദ്യ സങ്കല്‍പ്പങ്ങളില്‍ നിന്നും മടങ്ങേണ്ടിവന്നു.എത്രതവണ 'കിലുക്കം' കണ്ടു?.അറിയില്ല. പൈന്‍ മരങ്ങളുടേയും യൂക്കാലിമരങ്ങളുടേയും ഇടയിലൂടെ ഒരു മാലാഖയെപ്പോലേ പറന്നു നടക്കുന്ന കോടമഞ്ഞും കമ്പിളിപ്പുതപ്പിന്റെ ഉള്ളിലേക്ക്‌ ഒരു ഒച്ചിനെപോലെ നൂഴ്‌ന്നിറങ്ങാന്‍ നിര്‍ബന്ധിക്കുന്ന തണുപ്പും തിരശ്ശീലയില്‍നിന്നും മെല്ലെ പുറത്തേക്കൊഴുകി ഒരു നിമിഷം എന്നേയും ഒരു അനുഭൂതിയുടെ തലത്തിലേക്ക്‌ ഈ അഭ്രകാവ്യം കൊണ്ടെത്തിച്ചില്ല?ഊട്ടിയിലെ ജലാശയത്തിലെ തണുത്തുറഞ്ഞ വെള്ളപ്പരപ്പിനുമുകളിലൂടെ ഉയര്‍ന്നും താഴ്‌ന്നും തെന്നിമാറിയും കളിപറഞ്ഞും പറക്കുന്ന പറവകളുടെ ചിത്രം എത്രകാലം കഴിഞ്ഞാലും മറക്കില്ല...സിനിമക്കുവേണ്ടി തയ്യാറാക്കിയതാകാമെങ്കിലും റോഡരുകിലെ പാനീസുവിളക്കും പൈന്‍ മരങ്ങള്‍ക്കിടയിലൂടെ കോടമഞ്ഞിനെ തോല്‍പ്പിച്ച്‌ കടന്നുവന്ന ഇത്തിരി സൂര്യവെട്ടെത്തിലൂടേയും അടര്‍ന്നുവീണ കരിയിലകള്‍ ചവിട്ടിയും ഇതുവഴിയേ നടക്കാന്‍ സത്യത്തില്‍ കൊതിച്ചില്ലേ? മീനത്തിലെ ഈ കത്തുന്ന ചൂടില്‍ പാലക്കാടും കടന്ന് വാളയാറും കടന്ന് ഉരുകിയൊലിക്കുന്ന ടാറിട്ട റോഡിലൂടെ അതിനുമുകളിലെ ചൂടുള്ള വായുതന്മാത്രകള്‍ക്കിടയിലൂടെ വെന്തമണ്ണിന്റേയും വാഹനങ്ങള്‍ തുപ്പിയ പാതികത്തിയ ഇന്ധനത്തിന്റേയും ഗന്ധം ആവാഹിച്ച്‌ ഊട്ടിയെ ലക്ഷ്യമാക്കി വണ്ടി ഒഴുകുമ്പോള്‍ ഈ ചിന്തകളിലായിരുന്നു. ഇപ്പോള്‍ റോഡിനിരുവശവും പച്ചപ്പില്ല.ഒറ്റക്കൊറ്റക്കുള്ള കുറ്റിമരങ്ങളും അവക്കിടയില്‍ വരണ്ടുണങ്ങിയ മണ്ണുംകണ്ട്‌ മനസ്സിനു്‌ മടുപ്പുതോന്നി. മേട്ടുപ്പാളയവും കടന്ന് ഊട്ടിയിലേക്കുള്ള വഴിയിലേക്ക്‌ കയറിയപ്പോള്‍ തേങ്ങും കമുങ്ങും വാഴയും വിളയുന്ന പ്രദേശം മധ്യതിരുവിതാംകൂറിലെ ഒരു കുഗ്രാമത്തെ പറിച്ചുനട്ട പോ ലെ തോന്നി. ഇനി 40 കിലോീമീറ്ററോളം കയറ്റം കയറി 2 മണിക്കൂര്‍ യാത്രചെയ്താല്‍ ഊട്ടിയിലെത്താം. നല്ല റോഡ്‌..വളവുകളും പുളവുകളും ഉണ്ടെങ്കിലും...വെള്ളയടിച്ച്‌ റോഡ്‌ കൃത്യമായി അതിരുചെയ്തിരിക്കുന്നു. ഉച്ചയൂണിന്‌ സൗകര്യപ്രദമായി വണ്ടി നിര്‍ത്തണം.അല്‍പ്പം വെള്ളം കിട്ടിയാളേ കാര്യം നടക്കൂ..ഈ പച്ചപ്പില്‍ അവിടെയെങ്കിലും വെള്ളം കിട്ടാതിരിക്കില്ല.സൗകര്യമെന്നു തോന്നിയ ഒരു സ്ഥലത്തേക്ക്‌ വണ്ടി വേഗതകുറച്ചു നിര്‍ത്തി.അപ്പോഴേക്കും അവിടെനിന്നന്നറിയില്ല കുറെയേറെ കുരങ്ങന്മാര്‍ വണ്ടിക്കുചുറ്റും നിലയുറപ്പിച്ചു.വണ്ടി നിര്‍ത്താതെ വീണ്ടും നീങ്ങി.മറ്റൊരു സ്ഥലത്ത്‌ വണ്ടി നിര്‍ത്തി ഉച്ചഭക്ഷണം കഴിഞ്ഞ്‌ പുറപ്പെട്ടു. വെണ്‍തേക്കും മരുതും കുമ്പിളും വളരുന്ന കാടാണ്‌ ഇരു വശവും.കണിക്കൊന്നകള്‍ അടിമുടി പൂത്തുനില്‍ക്കുന്നു.ഈ കൊന്നകള്‍ക്ക്‌ വിഷു അറിയില്ല. വണ്ടി കയറ്റം കയറാന്‍ തുടങ്ങി.വളഞ്ഞ്‌ പുളഞ്ഞ്‌ ക്യൂവായിപ്പോകുന്ന വാഹന നിര.കയറ്റം കയറുന്നതും ഇറങ്ങുന്നതുമായ വാഹനങ്ങള്‍പലയിടത്തും തടസ്സം സൃഷ്ടിച്ചു. വണ്ടിയുടെ വേഗത കുറയുമ്പോഴേക്കും കുരങ്ങന്മാര്‍ ചാടി വീണു.ആളുകള്‍ എറിഞ്ഞുകൊടുക്കുന്ന ഒരു കഷ്ണം ബ്രെഡിനോ പപ്സിനോ വേണ്ടി അവര്‍ വഴക്കുകൂടി.താഴെ വീഴുന്ന പ്ലാസ്റ്റിക്‌ കൂടുകള്‍ ഇവറ്റകള്‍ അതിവിദ ഗ്ദമായി കൈകടത്തി പരിശോധിക്കും.കാട്ടിലെ തൊണ്ടിപ്പഴങ്ങളും ഞാവല്‍പ്പഴങ്ങളും ഇവര്‍ക്കിന്ന് പഥ്യമല്ല.മാറത്ത്‌ അള്ളിപ്പിടിച്ചിരിക്കുന്ന കുട്ടിക്കുരങ്ങന്‍ പോലും അത്തിപ്പഴത്തിന്റെ രുചിയറിയാതെ വളരുന്നു.ആളുകളുമായി ഇവര്‍ അത്ര രമ്യതയിലായിരിക്കുന്നു.ഭാഷമാത്രമേ ഇനി പഠിക്കാനുള്ളൂ. ചൂടു കുറഞ്ഞു തുടങ്ങി.മഞ്ഞുകാലത്തെ ഒരു പുലര്‍കാലം പോലെ തോന്നിത്തുടങ്ങി.സമുദ്രനിരപ്പില്‍ നിന്നും 2600 മീ ഉയരമുള്ള ഊട്ടിയിലേക്ക്‌ ഇനി ഏറെ ദൂരമില്ല. മേട്ടുപ്പാളയത്തുനിന്ന് ഊടിയിലേക്കുള്ള തീവണ്ടിപ്പാത ഇടക്കിടക്ക്‌ കാണാം.1899 ലാണ്‌ തീവണ്ടി സര്‍വീസ്‌ ആരംഭിക്കുന്നത്‌.43 കിലോമീറ്റര്‍ സഞ്ചരിക്കുവാന്‍ നാലര മണിക്കൂര്‍ വേണം.ശരാശരി 10 കിമി വേഗത.ഇരുവശത്തുള്ള പാളങ്ങള്‍ക്ക്‌ നടുക്ക്‌ പല്‍ചക്രം കടന്നുപോകുന്നതിനുള്ള മറ്റൊരു പാളവുമുണ്ട്‌. കുളിരു കൂടിത്തുടങ്ങി.വലിയ യൂക്കാലിമരങ്ങള്‍ക്കിടയിലൂടെ വണ്ടി നീങ്ങുകയാണ്‌.യൂക്കാലിയുടെ മനം മയക്കുന്ന ഗന്ധം ഇപ്പോള്‍ അകമ്പടിയായുണ്ട്‌. കൂനൂരിലെത്തി. നല്ല തണുപ്പ്‌.ഭൂമിയുടെ മുകള്‍പ്പരപ്പിലെത്തിയപോലെ.താഴെ തേയില ത്തോട്ടങ്ങളും കാരറ്റ്‌ കൃഷിചെയ്യുന്ന ഇടങ്ങളും കാണാം. ഇനിയും 10 കിമി യാത്രയുണ്ട്‌. ദു:ഖവെള്ളിയാഴ്ചയായിട്ടും ഊട്ടിയില്‍ നല്ല തിരക്കാണ്‌.ഈ ഏപ്രില്‍ മാസത്തിലും ആളുകള്‍ സ്വറ്ററും ഓവര്‍ക്കോട്ടും ധരിച്ച്‌ നടക്കുന്നത്‌ കണ്ടപ്പോള്‍ കൗതുകം തോന്നി.സ്വറ്റര്‍ എടുക്കാത്തതില്‍ അല്‍പ്പം നിരാശതോന്നി.എന്നാലും ഈ തണുപ്പ്‌ ആസ്വദിക്കേണ്ടതുതന്നെ. നടന്നു.... ടൗണില്‍ നല്ല തിരക്കുണ്ട്‌.തീവണ്ടിയാപ്പീസിലേക്കുള്ള വഴിക്കിരുവശവും പുല്‍തട്ടുകളും അവിടവിടെ ഓരോ മരങ്ങളും.ഒന്നു രണ്ടു കുതിരകള്‍ പുല്‍മേട്ടില്‍ മേയുന്നുണ്ട്‌.സന്ധ്യയായപ്പോഴാണ്‌ തീവണ്ടിയാപ്പീസിലെത്തുന്നത്‌. ഇവിടെയൊരു പാദസരത്തിന്റെ കിലുക്കം കേട്ടോ?വെല്‍ക്കം ടു ഊട്ടിയെന്നു വിളിച്ച്‌ ഒരു കൂലി ഈ ഇരുമ്പ്‌ ചാരുബെഞ്ചിലെവിടെയെങ്കിലും ഇരുപ്പുണ്ടോ?പുലര്‍മഞ്ഞിലൂടെ പാളങ്ങള്‍ക്കിടയിലൂടെ "ജോജീ........."എന്ന് നീട്ടിവിളിച്ച്‌ നിശ്ചല്‍ പോയത്‌ ഇതുവഴിയല്ലേ? നല്ല ഇരുട്ടായി.അതിയായ തണുപ്പും.ഒരു വെജിറ്റേറിയന്‍ ഹോട്ടലില്‍ കയറിയപ്പോള്‍ സൂചികുത്താന്‍ സ്ഥലമില്ല.ഒരു കസേരക്കുചുറ്റും മൂന്നും നാലും പേര്‍ ഊഴം കാത്തുനില്‍ക്കുന്നു.ഒരുമണിക്കൂറെങ്കിലുംകാത്തുനിന്നുകാണണം.....ഭക്ഷണം കഴിഞ്ഞ്‌ തണുപ്പ്‌ ആസ്വദിച്ച്‌ നടന്നു,റൂമിലെത്തി..കമ്പിളിപ്പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടി സുഖമായി കിടന്നുറങ്ങി. പുതപ്പിനടിയില്‍ നിന്നും പുറത്തിറങ്ങാന്‍ മടിതോന്നി.എങ്കിലും സമയത്തിനു വലിയ ഇവിടെ വിലയുള്ളതിനാല്‍ മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു.ടെറസ്സില്‍ കയറി കണ്ട കാഴ്ചകള്‍ മനോഹരമായിരുന്നു. ടൗണ്‍ വിജനമാണിപ്പോള്‍..ഒറ്റ കുതിരയെകെട്ടിയ ഒരു കുതിരവണ്ടി ടൗണിലൂടെ പോകുന്നുണ്ട്‌.എല്ലാകെട്ടിടങ്ങളുടേയും പുകക്കുഴലില്‍നിന്നും നീലപുക പുറത്തുവന്ന് ആകാശനീലിമയിലേക്ക്‌ ലയിച്ചുചേരുന്നു. ബാലേട്ടന്‍ വന്നു.ബാലേട്ടന്‍ 1976 ലാണ്‌ ഊട്ടിയിലെത്തുന്നത്‌.റാലീസ്‌ ഇന്‍ഡ്യയിലെ തൊഴിലാളിയാണ്‌.ഊട്ടിയിലെ പ്രമുഖ തൊഴിലാളിയൂണിയന്‍ നേതാവും സിപി എം ന്റെ അറിയപ്പെടുന്ന നേതാവുമാണ്‌.ബാലേട്ടന്റെ കാലത്ത്‌ ഇവിടെ വന്നവരെല്ലാം ഇന്ന് വലിയ ബിസ്സിനസ്സുകാരും പണക്കാരുമായി.ലേയ്ക്കിലെ ഡ്രൈവര്‍മാരേയും ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ തൊഴിലാളികളേയും സംഘടിപ്പിക്കുവാന്‍ കഴിഞ്ഞത്‌ ബാലേട്ടന്റെ സംഘടനാവൈഭവം കൊണ്ടാണ്‌. നല്ല സംസാരം.. എളിമയും..ഇവിടെയുള്ള മലയാളികളാരും പാര്‍ട്ടിയിലേക്ക്‌ വരാറില്ലന്ന് ബാലേട്ടന്‍ പറഞ്ഞു.എന്നാല്‍ നല്ല സഹായമുണ്ട്‌.മലയാളികളായ ആര്‍ക്കും ബലേട്ടന്റെ സഹായംതേടാം. ബൊട്ടാണിക്കല്‍ ഗാര്‍ഡനിലേക്ക്‌ കൊണ്ടുപോയത്‌ ബാലേട്ടനായിരുന്നു.1893 ലാണ്‌ ഗാര്‍ഡന്‍ ആരംഭിക്കുന്നത്‌..വിദേശികളായ ധാരാളം ചെടികളും മരങ്ങളും ഇവിടുണ്ട്‌.വളരെ ഭംഗിയായി പരിപാലിക്കുന്ന ഈ ഗാരഡന്‍ തന്നെയാണ്‌ ഊട്ടിയുടെ പ്രധാന ആകര്‍ഷണം..ക്യാമറയും തൂക്കി നടക്കുന്ന നിശ്ചലിനെ ഇവിടെ കണ്ടു.ഇന്ന് പക്ഷേ ഉടനടി ചിത്രവും കിട്ടും ..30 രൂപ ഡൊഡാബെട്ട ഒരു ഹില്‍ സ്റ്റേഷനാണ്‌.വളരേ ഉയര്‍ന്ന സ്ഥലം.ഇവിടെ നിന്നാല്‍ ഊട്ടിയും കോയമ്പത്തൂരും കാണാം,വലിയതിരക്കായിരുന്നു..വെന്തചോളവും,ഉപ്പും മുളകുമിട്ട മാങ്ങയും,എന്നിങ്ങനെ വിവിധ തരത്തിലുള്ള തീറ്റസാധനങ്ങളാണ്‌ ഇവിടെ വില്‍ക്കാന്‍ വച്ചിരിക്കുന്നത്‌.. ഇനി ലേയ്ക്കിലേക്കാണ്‌..ഇത്‌ കൃത്രിമമായി സായിപ്പന്മാര്‍ നിര്‍മ്മിച്ചതാണ്‌.എങ്കിലും മനോഹരം..ബോട്ടിങ്ങും രസപ്രദം.നല്ല തിരക്കുണ്ട്‌..മടക്കയാത്രയെപ്പറ്റി ആലോചിച്ചതിനാല്‍ ഏറെനേരം ചെലവഴിക്കാന്‍ പറ്റിയില്ല... മടക്കം ഗൂഡല്ലൂര്‍ വഴിയാക്കി..നല്ല വഴിയും സുഖകരമായ യാത്രയും..വഴിക്ക്‌ പൈക്കര എന്നോരു സ്ഥലത്തിറങ്ങി..പുല്‍മേടാണ്‌.ഇപ്പോള്‍ ഇവിടെ ധാരാളം ഷൂട്ടിംഗ്‌ നടക്കുന്നുണ്ട്‌ പോലും.. ശൂന്യമായ മനസ്സുമായി വരിക..ദൈനംദിനജീവിതത്തിലെ തിരക്കുകള്‍ക്ക്‌ അവധിനല്‍കുക...മടങ്ങിപ്പോകുവാന്‍ ധൃതികാണിക്കണ്ട..ഊട്ടി മനോഹരമാണ്‌..മനസ്സുനിറയെ കാണുക....

8 അഭിപ്രായങ്ങൾ:

The Eye said...

Oru Tour kazhinju vannathu pole....

nalla vivaranam..

ramanika said...

pallavattam poya sthalamanu ee potilude orikkal kudi poyi
post nannayi.

siva // ശിവ said...

ഒരുനാള്‍ എനിക്കും ഊട്ടിയില്‍ പോകണം...

അരങ്ങ്‌ said...

Maniyetta... I wished for long time to go there. But still I couldn't. Ithu vayichappol kothiyakunnu pokan. Ini oru varsham kudi kazhinju nattil varumpol adya azhcha thanne pokanam.
Pinne kilukkam film pole thanne sundaram ktto e vivaranavum.

ബിനോയ്//HariNav said...

മാഷേ ചിത്രങ്ങളും വിവരണവും നന്നായി. ചിത്രങ്ങള്‍ തമ്മില്‍ കുറച്ചുകൂടി അകലം ഉണ്ടായിരുന്നെങ്കില്‍ വയന എളുപ്പമായേനെ. ആശംസകള്‍

മണിഷാരത്ത്‌ said...

the eye,remaniga,ശിവ,അരങ്ങ്‌,ബിനോയി....
വായനക്കും,അഭിപ്രായം കുറിച്ചതിനും നന്ദി..പടങ്ങള്‍ കുറച്ച്‌ വിവരണം ആകാമെന്നാണു കരുതിയത്‌..പക്ഷെ വിസ്താരം കൂടുമെന്ന് തോന്നി കുറച്ചതാണ്‌

siva // ശിവ said...

ഒരിക്കല്‍ കൂടി ഇത് വായിക്കുന്നു.... നന്ദി ഈ വിവരണത്തിന്റെ ശൈലിയ്ക്ക്....

മണിഷാരത്ത്‌ said...

വീണ്ടും ഇവിടെ എത്തിയതിന്‌ നന്ദി..ശിവാ

Recent Posts

ജാലകം