Pages

Saturday, May 23, 2009

പൊലിയുന്ന ജീവിതങ്ങളും പെരുകുന്ന ആനക്കമ്പവും

ഒരു വര്‍ഷം മുന്‍പ്‌.രാത്രി ഒന്‍പത്‌ മണി ആയിട്ടുണ്ട്‌.വളരേ അടുത്ത ഒരു സുഹൃത്ത്‌ വിളിച്ച്‌ തന്റെ കൈയ്യില്‍ ചേറ്റുവയില്‍ ആന ഇടഞ്ഞതിന്റെ വീഡിയോ ഉണ്ടെന്നും കണ്ട്‌ ഉടനെ തിരിച്ചുതരണമെന്നും പറഞ്ഞു.ഞാന്‍ കാണുന്നില്ലന്ന് പറഞ്ഞു.പ്രധാനമായും കുട്ടികള്‍ അതുകണ്ടാല്‍ അവരെ അത്‌ മാനസികമായി എങ്ങിനേ ബാധിക്കുമെന്നുള്ള ആശങ്ക കാരണമായിരുന്നു.സുഹൃത്ത്‌ പറഞ്ഞു താന്‍ പത്തുമണിക്കു വരാമെന്നും കണേണ്ട ഒരു സാധനമാണെന്നും പറഞ്ഞു.പിന്നീട്‌ കിട്ടില്ലെന്നും പറഞ്ഞു. പിന്നെ ഞാന്‍ നിര്‍ബന്ധിച്ചില്ല.വരട്ടെ. പറ്റില്ലെങ്കില്‍ എന്തെങ്കിലും കാരണം പറഞ്ഞ്‌ ഒഴിവാക്കാമല്ലോ?
ഞാനൊരു മാനസിക സംഘര്‍ഷത്തിലായി.ചേറ്റുവയിലെ ചന്ദനക്കുടത്തിന്‌ ആന ഇടഞ്ഞ്‌ ഒരാളെ വകവരുത്തിയതാണ്‌.സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒരു വലിയ ജനക്കൂട്ടത്തില്‍ ആന ഇടഞ്ഞാല്‍ ഉണ്ടാകുന്ന അവസ്ഥ എങ്ങി നെ കാണാനാകും?ഫ്യൂഡല്‍ മാടമ്പിമാര്‍ മാളികപ്പുറത്ത്‌ കയറിയിരുന്ന് ഉത്സവം കാണുമ്പോള്‍ കല്ലെറിഞ്ഞ്‌ ആനകളെ വിരട്ടി ജനങ്ങളുടെ പങ്കപ്പാടുകണ്ട്‌ രസിക്കാറുണ്ടെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്‌.വീടിന്റെ സുരക്ഷിതമായ ഭിത്തിക്കുള്ളില്‍ കടുപ്പമുള്ള ചായയും സിപ്പ്‌ ചെയ്ത്‌ ഒരു മനുഷ്യനെ ആന പച്ചക്ക്‌ വലിച്ച്‌ കീറുന്നതും സ്ത്രീകളും കുട്ടികളും ജീവനുവേണ്ടി പരക്കം പായുന്നതും ഒരു മാടമ്പി മനസ്സിനെ ക്ഷമയോടെ കാണാനാകൂ..ഞാന്‍ ഫോണെടുത്ത്‌ സുഹൃത്തിനെ വിളിച്ചു.."എനിക്ക്‌ വെളുപ്പിനെ പോകാനുള്ളതാണ്‌..നമുക്ക്‌ പിന്നീട്‌ കാണാം"
സുഹൃത്ത്‌ സമ്മതിച്ചില്ല.അവന്റെ വീട്ടിലെ വീഡിയോപ്ലെയര്‍ കേടാണെന്നും നാളെ സീഡി മടക്കികോടുക്കേണ്ടതാണെന്നും അതുകോണ്ട്‌ ദാ ഇപ്പോള്‍ തന്നെ വരുകയാണെന്നും പറഞ്ഞു..
പത്തുമണികഴിഞ്ഞപ്പോഴേക്കും സുഹൃത്ത്‌ എത്തി.കുട്ടികള്‍ ഉറങ്ങിയിരുന്നു.ഭാര്യക്കും കാണുന്നതിനോട്‌ തീരെ താല്‍പര്യം ഇല്ലായിരുന്നു.
ഒരു കുറ്റബോധത്തോടെ സിഡി കാണുവാനാരംഭിച്ച്കു.
വലിയ ജനക്കൂട്ടം..വൃദ്ധന്മാരും സ്ത്രീകളും കുട്ടികളും അടങ്ങുന്നത്‌.ഒരു സ്കൂള്‍ ഗ്രൗണ്ടിലാണ്‌ ആഘോഷം നടക്കുന്നത്‌.മേളം കൊഴുത്തുകൊണ്ടിരിക്കുന്നു.രണ്ടാനകളാണുള്ളത്‌.ആനകള്‍ തമ്മില്‍ ഇതിനിടെ പിണക്കമുണ്ടാകുകയും പിന്നീട്‌ ആനകള്‍ ഇടഞ്ഞ്‌ രംഗം യുദ്ധക്കളമായി മാറി.ഒരു മനുഷ്യനെ ആന നിലത്തിട്ട്‌ കുത്താന്‍ ശ്രമിക്കുന്നതും അയാള്‍ പിടഞ്ഞെഴുന്നേക്കുകയും വീണ്ടും കുത്തുകയും തുമ്പിക്കൈയ്യില്‍ ആട്ടിയെറിയുന്നതും മനസ്സില്ലാമനസ്സോടെയാണ്‌ കണ്ടത്‌....
ആനക്കുമുന്‍പില്‍ സ്ത്രീകള്‍ കാലിടറിവീഴുന്നതും രക്ഷപ്പെടാനുള്ള മനുഷ്യരുടെ പരക്കം പാച്ചിലും...സുഹൃത്ത്‌ പറഞ്ഞു "മതി ഇനി കാണാന്‍ വയ്യ
"എനിക്ക്‌ വല്ലാതെ മനം പുരട്ടല്‍ തോന്നി..ശരീരം വിയര്‍ത്തു..തലചുറ്റല്‍ തോന്നിയോ?പിന്നീട്‌ ഞങ്ങള്‍ പരസ്പ്പരം മിണ്ടിയില്ല.സുഹൃത്ത്‌ സിഡിയുമെടുത്ത്‌ മടങ്ങുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു..മുഖം വല്ലാതെ ചുവന്നിരിക്കുന്നു.കണ്ണുകള്‍ കലങ്ങിയിരിക്കുന്നു.
ആ രാത്രി ഞാന്‍ ശരിക്ക്‌ ഉറങ്ങിയില്ല..കണ്ണടക്കുമ്പോള്‍ മുന്‍പില്‍ ജീവനുവേണ്ടിയുള്ള ഒരു മനുഷ്യന്റെ വൃഥാവിലായ അവസാന ശ്രമങ്ങളാണ്‌ കാണുന്നത്‌..ഉരുണ്ടുവീണും തട്ടിത്തടഞ്ഞും കുട്ടിയെ എടുത്തുകൊണ്ടുള്ള ഒരു സ്ത്രീയുടെ പരക്കം പാച്ചില്‍ മനസ്സില്‍നിന്നും മായുന്നില്ല..ഇപ്പോഴും..ആ സമയത്തുള്ള ഓരോ മനുഷ്യരുടേയും മാനസികാവസ്ഥ ഓര്‍ക്കാനാകില്ല.
ഒരു സംഭവങ്ങളില്‍ നിന്നും നമ്മള്‍ ഒന്നും പഠിക്കുന്നില്ലന്നുണ്ടോ?അതോ ബോധപൂര്‍വ്വം കണ്ണടക്കുകയാണോ?അതോ വിശ്വാസത്തിന്റെ പേരില്‍ ആരെയൊക്കെയോ ഭരണാധികാരികള്‍ ഭയപ്പെടുന്നുണ്ടോ?
ഇത്‌ ഇന്നലെയുടെ കഥ,.ഇന്നോ?ഈ കഴിഞ്ഞ ഉത്സവകാലത്ത്‌ ,അതായത്‌ അഞ്ചൊ ആറോ മാസങ്ങള്‍ക്കുള്ളില്‍ ആനയുടെ പരാക്രമങ്ങളില്‍ പൊലിഞ്ഞത്‌ ഒന്നും രണ്ടും ജീവനല്ല..33പേര്‍..പത്രത്തിലെ ഈ വാര്‍ത്തകണ്ട്‌ സത്യത്തില്‍ നടുങ്ങിപ്പോയി..
പക്ഷിപ്പനിവന്നും ഭ്രാന്തിപ്പശുരോഗം വന്നും ലോകത്ത്‌ നൂറില്‍ താഴെ ആളുകളേ മരിച്ചുള്ളൂ..എന്നിട്ടും എത്ര ഭയാശങ്കയും വാര്‍ത്താപ്രാധാന്യവുമാണ്‌ ഇതിന്‌ ലഭിച്ചത്‌.. ഈ കൊച്ചുകേരളത്തില്‍,മധ്യകേരളത്തില്‍ മാത്രം 33 പേര്‍ കൊലചെയ്തത്‌ ഒരു വാര്‍ത്തയല്ലന്നുണ്ടോ?ഓരോ വര്‍ഷവും ആനകളുടെ അക്രമത്തില്‍ മരണമടയുന്നവരുടെ എണ്ണം കൂടിവരുന്നു.പക്ഷേ നാം ഒന്നും കാണുന്നുമില്ല.ചെയ്യുന്നുമില്ല..ഇവിടെ കുറ്റവാളി ആനയല്ല..മനുഷ്യനാണ്‌.
പക്ഷിപ്പനിയുടെ പേരില്‍ ലക്ഷക്കണക്കിന്‌ കോഴിക്കുഞ്ഞുങ്ങളെ കൊല്ലുന്നത്‌ ഏവരും കണ്ടിരിക്കും.അത്‌ ഒരു പകര്‍ച്ചവ്യാധിയില്‍നിന്ന് മനുഷ്യനെ രക്ഷിക്കാനാണെന്ന് അംഗീകരിക്കാം.എന്നാല്‍ കുറേ ആളുകളുടെ പ്രൗഢിക്കും വിശ്വാസത്തിനുംവേണ്ടി കുറേ മനുഷ്യജീവനുകളെ കുരുതികൊടുക്കുന്നതിന്‌ എന്തു ന്യായീകരണമാണുള്ളത്‌.
കരയിലെ ഏറ്റവും വലിയ ജന്തുവാണ്‌ ആന.മറ്റുജീവികളില്‍ നിന്നും ഏറെ പ്രത്യേകതകളുമുണ്ട്‌.ആ അര്‍ഥത്തില്‍ നോക്കിയാല്‍ ഏതു ജന്തുവിനും എന്തെങ്കിലും കൗതുകം കാണും.ആനയെ ഒരു വളര്‍ത്തുമൃഗമായി അംഗീകരിക്കേണ്ടതില്ല.ഇന്ന് യന്ത്രങ്ങള്‍ വന്നതോടെ തടി പിടിക്കാനും ആന വേണ്ടെന്നായി.പിന്നെ ആകെ വേണ്ടത്‌ ഉത്സവങ്ങള്‍ക്കാണ്‌.വടക്കന്‍ കേരളത്തിലും(കോഴിക്കോടിനുമപ്പുറം)തെക്കന്‍ കേരളത്തിലും ആന ഉത്സവത്തിനുവേണ്ട അവശ്യ ഘടകമല്ല.മധ്യകേരളത്തില്‍ മാത്രമേ ആനയെ ഉത്സവത്തിന്‌ എഴുന്നള്ളിക്കാറുള്ളൂ..
എന്തിനെന്നറിയില്ല..ഇന്ന് കൃത്രിമമായി ആനക്കമ്പം ഊതിപ്പെരുപ്പിക്കുകയാണ്‌.നിറം പിടിപ്പിച്ച ആനക്കഥകള്‍ പെരുകുന്നു.സത്യത്തില്‍ തിട്മ്പേറ്റിനില്‍ക്കുന്ന ആനക്ക്‌ മനുഷ്യന്റെ പോലെ പൂരക്കമ്പമുണ്ടെന്നും തലയെടുപ്പുണ്ടെന്നും പ്രചരിപ്പിക്കുന്നതും പച്ചക്കള്ളമാണ്‌.ഒരു ശാസ്ത്രീയ പഠനവും ഈ വഴിയില്‍ ഉണ്ടായിട്ടില്ല.
ഒരാനയെ മാത്രം എഴുന്നള്ളിച്ചിരുന്ന ഇന്ന് അഞ്ചും ഏഴുമായി വര്‍ദ്ധിച്ചു.ക്ഷേത്രങ്ങള്‍ സ്വന്തമായി ആനയെ വാങ്ങുന്നതിനും മല്‍സരമായി.അതോടൊപ്പം ആനയുടെ അക്രമത്തില്‍ മരിക്കുന്നവരും.
ഈ ആചാരത്തിന്‌ നിയന്ത്രണം വരുത്തേണ്ടിയിരിക്കുന്നു.ഉത്സവക്കാലമായാല്‍ അടുത്തടുത്ത എല്ലാ ക്ഷേത്രങ്ങളിലും ചെറിയ ഇടവേളകളില്‍ ഉത്സവം അരങ്ങേറുകയായി.എല്ലായിടത്തും ആനയും ഉണ്ടാകും.ഈ ക്ഷേത്രങ്ങളില്‍ പങ്കെടുക്കുന്നവരും മിക്കവാറും ഒരേ ദേശക്കാരുതന്നെയായിരിക്കും.ഭൂരിപക്ഷം ആളുകളും ഇത്‌ ഒരു ആചാരം പോലെ കണ്ടുമടങ്ങുന്നു.ഒരു പ്രദേശത്തെ എല്ലാ ക്ഷേത്രങ്ങളിലും ആനയെന്നതുമാറ്റി ഏറ്റവും സ്ഥലവിസൃതിയുള്ള ഒരു ക്ഷേത്രത്തിനുമാത്രം ആനയെ എഴുന്നള്ളിക്കാന്‍ അനുവാദം കൊടുത്താല്‍ അത്‌ ആസ്വാദ്യവും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതുമാകും.മേജര്‍ ക്ഷേത്രങ്ങളിലല്ലാതെ ആനകളെ എഴുന്നള്ളിക്കാന്‍ അനുവദിക്കരുത്‌.അതും ആവശ്യമായ വിസൃതിയുണ്ടെങ്കില്‍ മാത്രം.കൊമ്പനാനകള്‍ക്ക്‌ പകരം പിടിയാനയെ മതിയെന്നുവച്ചാലും കുറേ ജീവന്‍ രക്ഷിക്കാം
ഇന്ന് ആനയെ എഴുന്നള്ളിക്കുന്ന പല ക്ഷേത്രങ്ങളും ഇടുങ്ങിയതും ആളുകള്‍ക്ക്‌ അപകടമുണ്ടായാല്‍ ഓടി രക്ഷപ്പെടാന്‍ അവസരമില്ലാത്തവിധം അടച്ചുകെട്ടിയതുമാണ്‌.ക്ഷേത്രങ്ങള്‍ മതിലുകള്‍ കെട്ടി പൊതുസമൂഹത്തില്‍ നിന്നും ഒറ്റപ്പെടാനുള്ള തത്രപ്പാടിലാണ്‌.
ആനക്കമ്പവും ആന എഴുന്നള്ളിപ്പും ഒരു ഫ്യുഡല്‍ സംസ്കാരത്തിന്റെ ബാക്കിപത്രമാണ്‌.മദ്ധ്യകേരളത്തില്‍ മാത്രം ഇത്‌ പ്രചരിച്ചതിന്‌ എന്തെങ്കിലും കാരണമുണ്ടാകാം...സമൂഹത്തിനുനിരക്കാത്തതും പ്രാകൃതവുമായ ആചാരങ്ങളെ കാലം തിരസ്കരിച്ച ചരിത്രമാണുള്ളത്‌.മനുഷ്യന്റെ പച്ച മാംസത്തില്‍ ഇരുമ്പുകൊളുത്ത്‌ തുളച്ചുകയറ്റി ആറാള്‍ പൊക്കത്തില്‍ തൂക്കച്ചാടില്‍ കയറ്റിയിരുന്ന എളവൂര്‍ തൂക്കം ഇന്ന് ചരിത്രമായി.ഇന്നത്‌ പുനഃസ്ഥാപിക്കാന്‍ എത്ര ശ്രമിച്ചാലും നടക്കില്ല.കാലം മാറി,ആചാരം മാറി,മനുഷ്യരും മാറി..
ഈ ഭ്രാന്തമായ ആനക്കമ്പവും മല്‍സരവും ഒരു കച്ചവടത്തിന്റെ ഭാഗമാണ്‌.ഇതിനിടെ ഹോമിക്കുന്ന സാധാരണക്കാരെ ആരുകാണാന്‍?

Thursday, May 7, 2009

ബ്ലോഗ്ഗെഴുത്തിന്റെ നേര്‍വഴിയെന്ത്‌?

നിശ്ചയമായും ഇത്തരത്തില്‍ ഒരു ചര്‍ച്ചക്ക്‌ ഇന്ന് വളരേ പ്രസക്തിയുണ്ടെന്നു തോന്നുന്നു.60 കളില്‍ കല കലയ്ക്‌ വേണ്ടിയോ,സമൂഹത്തിനുവേണ്ടിയോ എന്നുള്ള തീഷ്ണമായ ചര്‍ച്ചകള്‍ സാഹിത്യസമൂഹത്തിലും രാഷ്ട്രീയത്തിലും മുഴങ്ങിനിന്നിരുന്നു.കല സമൂഹത്തിനുവേണ്ടിയെന്ന പക്ഷത്ത്‌ മുണ്ടശ്ശേരി,എം.പി.പോള്‍,തുടങ്ങി ഇടതുപക്ഷവീക്ഷണമുള്ളവരായിരുന്നു മുന്‍പന്തിയില്‍.കലയെ കമ്യൂണിസ്റ്റ്‌ പക്ഷത്ത്‌ പിടിച്ചുകെട്ടുന്നതിനുള്ള ശ്രമമെന്ന് വിമര്‍ശനം ഉണ്ടാകുമ്പോഴുംസാഹിത്യകലാരംഗത്ത്‌ ഇത്തരത്തില്‍ വിഭജനം വന്നു കഴിഞ്ഞിരുന്നു.പുരോഗമനകലാസാഹിത്യസംഘത്തിന്റെ പിറവി ഇതോടെയാണ്‌
കഴിഞ്ഞദിവസം 'ദേശാഭിമാനി"യില്‍ വന്ന ഒരു ലേഖനം തെരെഞ്ഞെടുപ്പുകാലത്തുകണ്ട ബ്ലോഗുകളിലെ ശക്തമായ പക്ഷം ചേരലലിനെപറ്റി വിലയിരുത്തുന്നു.ഇടതുപക്ഷജനാധിപത്യമുന്നണിക്കുവേണ്ടി ശക്തമായി മുഖം മൂടിയില്ലാതെ രംഗത്തുവന്നതിനെ ധീരമായമുന്നേറ്റമായി കാണുന്നതിനൊപ്പം ഇതര ബ്ലോഗുകളുടെ നിലവാരത്തകര്‍ച്ചയെ ലേഖകന്‍ ശക്തമായി വിമര്‍ശിക്കുന്നു.ബ്ലോഗ്‌ ബ്ലോഗിനുവേണ്ടിയോ സമൂഹത്തിനുവേണ്ടിയോ എന്ന പുതിയ ചര്‍ച്ചകള്‍ക്ക്‌ ഇവിടെ തുടക്കമാകുന്നു.
"ബ്ലോഗെഴുത്തിന്റെ തലവര" എന്ന എം.എസ്സ്‌.അശോകന്റെ ലേഖനത്തില്‍ ,ഭൂരിപക്ഷം മലയാളം ബ്ലോഗുകളും അരാഷ്ട്രീയ പൈങ്കിളി ബ്ലോഗുകളും നിലവാരം കുറഞ്ഞ ഗൃ ഹാതുരതയുടെ പരസ്യപ്പലകകളുമാണ്‌.
ബ്ലോഗുകള്‍ ഒരു പുതിയ മാധ്യമമാണ്‌.ചിത്രവും എഴുത്തും വീഡിയോയും ശബ്ദവും ഉള്‍പ്പെടെയുള്ള വിവിധ സങ്കേതങ്ങളുടെ സന്നിവേശമാണത്‌.എഴുത്തുകാരന്റെ സ്വാതന്ത്ര്യം എന്നതായിരുന്നു കല കലകലക്കുവേണ്ടിയെന്ന വാദത്തിനുപിന്നില്‍.ബ്ലോഗുകളുടെ വ്യാപനവും അനന്തമായ സ്വാതന്ത്ര്യത്തിന്റെ സാധ്യതകളില്‍നിന്നാണ്‌.
ബ്ലോഗെഴുത്തിന്റെ തുടക്കത്തില്‍തന്നെ രംഗപ്രവേശം ചെയ്ത ബ്ലോഗര്‍മാരുടെ പാത പിന്നീട്‌ വന്ന പലരും പിന്തുടര്‍ന്നുപോന്നു എന്നത്‌ നേരാണ്‌.അപരനാമങ്ങളില്‍ തയ്യാറാക്കിയതും അശോകന്‍ പറയുന്നതുപോലെ താന്‍ ആദ്യമായി മാവിലേക്കെറിഞ്ഞ കൊഴുവിനെക്കുറിച്ചോ,ഉപയോഗിച്ച ബ്രഷിനെക്കുറിച്ചോ ധാരാളം എഴുതി.ഇതാണ്‌ ബ്ലോഗ്ഗ്‌ ശൈലി എന്ന് ധരിച്ചവശരായി പലരും.പിന്നീട്‌ ഉലക്കയുടേയും കുറ്റിച്ചൂലിന്റേയും ചിത്രങ്ങള്‍ പോസ്റ്റ്ചെയ്യ്ത്‌ അഭിപ്രായങ്ങള്‍ക്ക്‌ കാത്തിരുന്നു.അതും പിന്നീട്‌ ശൈലിയായി മാറി.ബ്ലോഗെഴുത്തിന്റെ നേര്‍വഴിയെന്ത്‌?സമൂഹത്തിന്‌ ബ്ലോഗെഴുത്ത്‌ എങ്ങിനപ്രയോജനപ്പെടണം?ബ്ലോഗ്ഗറുടെ സാമൂഹ്യ പ്രതിബദ്ധതയെന്ത്‌?..ഈ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്താതെ ഇനിയും അധികദൂരം പോകാനാകില്ല.
നിശ്ചയമായും ബ്ലോഗ്ഗുകളും ബ്ലോഗ്ഗെഴുത്തും സാമൂഹ്യമായ വികസനത്തിന്റെ ഭാഗമാണ്‌.ഏതു തരത്തില്‍ ബ്ലോഗ്ഗ്‌ ചെയ്യണം എന്നത്‌ ബ്ലോഗ്ഗറുടെ സ്വാതന്ത്ര്യമാകാം.ടൂത്‌ ബ്രഷിനെപ്പറ്റിയോ കാലിച്ചാക്കിനെപറ്റിയോ എഴുതാം.പക്ഷേ ഇവസമൂഹത്തിന്‌ എന്തു നല്‍കുന്നുണ്ട്‌ എന്നത്‌ പ്രസക്തമായ ചോദ്യമാണ്‌.മറ്റുള്ളവര്‍ കാണേണ്ടന്ന് ആഗ്രഹിക്കുന്ന ബ്ലോഗ്ഗര്‍ക്ക്‌ അപ്രകാരം ആകാം.പക്ഷേ പ്രസിദ്ധീകരിക്കുന്ന ബ്ലോഗ്ഗുകള്‍ സമൂഹത്തിന്‌ എന്തെങ്കിലും നല്‍കേണ്ടതുണ്ട്‌ എന്നുള്ളത്‌ ഇടതുപക്ഷമോ വലതുപക്ഷമോ അല്ല..അതു മനുഷ്യപക്ഷമാണ്‌.
നമുക്ക്‌ ചുറ്റും നടക്കുന്ന സംഗതികള്‍ അറിയുന്നില്ലന്ന് ഏതുബ്ലോഗ്ഗര്‍ക്ക്‌ പറയാനാകും?അത്‌ സാഹിത്യത്തിലായാലും രാഷ്ട്രീയത്തിലായാലും ശാസ്ത്രത്തിലായാലും വിവരസാങ്കേതികരംഗത്തായാലും സാമ്പത്തിക രംഗത്തായാലും...അതിനാല്‍ ഇതില്‍ നിന്നല്ലാം ഒഴിഞ്ഞ്‌ സന്യാസിയായി ഒരു ബ്ലോഗ്ഗര്‍ക്കും മാറാനാകില്ല.എഴുത്തുകാരന്റെ---ബ്ലോഗ്ഗറുടെ------ സ്വാതന്ത്ര്യം എന്ന് പറഞ്ഞ്‌ ഇത്‌ ന്യായീകരിക്കാനുള്ള ശ്രമം സമൂഹത്തിനെതിരെയുള്ള കണ്ണടക്കലാണ്‌.കേവലമായ സ്വാതന്ത്ര്യം ആര്‍ക്കെങ്കിലുമുണ്ടോ?നിലവിലുള്ള സമൂഹത്തിനു നിരക്കാത്തതും നിയമങ്ങള്‍ അനുസരിച്ചുമല്ലാതെയുമുള്ള സ്വാതന്ത്ര്യത്തെ പ്പറ്റി പറയാനാകില്ലല്ല്ലോ?സ്വാതന്ത്ര്യത്തിന്റെ പേരില്‍ പട്ടാപ്പകല്‍ നടുറോഡിലൂടെ തുണിയുരിഞ്ഞ്‌ നടക്കണമെന്ന് ആരും പറയുമോ?അപ്പോള്‍ ഒരു എഴുത്തുകാരനോ ബ്ലോഗ്ഗര്‍ക്കോ കേവലമായ സ്വാതന്ത്ര്യമില്ലല്ലോ ?
സാമൂഹ്യപ്രതിബദ്ധതയുള്ള ബ്ലോഗ്ഗെഴുത്തിനുവേണ്ടിയുള്ള പക്ഷം ചേരല്‍ താമസിയാതെ ഉരുത്തിരിയുമെന്ന് വ്യക്തമാണ്‌.ഒരു പുരോഗമന ബ്ലോഗ്ഗെഴുത്തുസംഘം എന്ന പേരില്‍ ഒരു സംഘടന രൂപമെടുക്കാനുള്ള സാധ്യതയും വിദൂരമല്ലന്ന് കാണാം.
ബ്ലോഗ്ഗറുടെ സ്വാതന്ത്ര്യത്തെ പറ്റിയുള്ള ആരോഗ്യകരമായ ചര്‍ച്ചകളും വാദങ്ങളും ഉണ്ടാകട്ടെ.പരസ്പരവിരുദ്ധമായ വീക്ഷണങ്ങളുടെ ഏറ്റുമുട്ടല്‍ വളര്‍ച്ചയുടെ ലക്ഷണം തന്നെയാണ്‌.ഇത്‌ ബ്ലോഗ്ഗെഴുത്തിന്റെ വളര്‍ച്ചയുടെ ഘട്ടമാണ്‌.ബ്ലോഗ്ഗെഴുത്തിന്റെ വഴിയേതെന്ന് നിശ്ചയമില്ലാതെയുള്ള നട്ടംതിരിയലില്‍നിന്ന് ഒരു പുതുവഴികണ്ടുപിടിച്ച്‌ ലക്ഷ്യബോധത്തോടെയുള്ള മുന്നേറ്റം ആവശ്യമാണ്‌.അത്‌ സമൂഹത്തിന്റെ വളര്‍ച്ചക്ക്‌ ഊര്‍ജ്ജം നല്‍കുന്നതും ഭൂരിപക്ഷത്തിന്റെ താല്‍പ്പര്യത്തിന്‌ അനുസൃതവുമായിരിക്കണം.ഇതരമാധ്യമങ്ങള്‍ ബ്ലോഗ്ഗിനെ ഹൈജാക്ക്‌ ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.കരുതിയിരിക്കേണ്ട സമയമായി..

Recent Posts

ജാലകം