Pages

Saturday, May 23, 2009

പൊലിയുന്ന ജീവിതങ്ങളും പെരുകുന്ന ആനക്കമ്പവും

ഒരു വര്‍ഷം മുന്‍പ്‌.രാത്രി ഒന്‍പത്‌ മണി ആയിട്ടുണ്ട്‌.വളരേ അടുത്ത ഒരു സുഹൃത്ത്‌ വിളിച്ച്‌ തന്റെ കൈയ്യില്‍ ചേറ്റുവയില്‍ ആന ഇടഞ്ഞതിന്റെ വീഡിയോ ഉണ്ടെന്നും കണ്ട്‌ ഉടനെ തിരിച്ചുതരണമെന്നും പറഞ്ഞു.ഞാന്‍ കാണുന്നില്ലന്ന് പറഞ്ഞു.പ്രധാനമായും കുട്ടികള്‍ അതുകണ്ടാല്‍ അവരെ അത്‌ മാനസികമായി എങ്ങിനേ ബാധിക്കുമെന്നുള്ള ആശങ്ക കാരണമായിരുന്നു.സുഹൃത്ത്‌ പറഞ്ഞു താന്‍ പത്തുമണിക്കു വരാമെന്നും കണേണ്ട ഒരു സാധനമാണെന്നും പറഞ്ഞു.പിന്നീട്‌ കിട്ടില്ലെന്നും പറഞ്ഞു. പിന്നെ ഞാന്‍ നിര്‍ബന്ധിച്ചില്ല.വരട്ടെ. പറ്റില്ലെങ്കില്‍ എന്തെങ്കിലും കാരണം പറഞ്ഞ്‌ ഒഴിവാക്കാമല്ലോ?
ഞാനൊരു മാനസിക സംഘര്‍ഷത്തിലായി.ചേറ്റുവയിലെ ചന്ദനക്കുടത്തിന്‌ ആന ഇടഞ്ഞ്‌ ഒരാളെ വകവരുത്തിയതാണ്‌.സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒരു വലിയ ജനക്കൂട്ടത്തില്‍ ആന ഇടഞ്ഞാല്‍ ഉണ്ടാകുന്ന അവസ്ഥ എങ്ങി നെ കാണാനാകും?ഫ്യൂഡല്‍ മാടമ്പിമാര്‍ മാളികപ്പുറത്ത്‌ കയറിയിരുന്ന് ഉത്സവം കാണുമ്പോള്‍ കല്ലെറിഞ്ഞ്‌ ആനകളെ വിരട്ടി ജനങ്ങളുടെ പങ്കപ്പാടുകണ്ട്‌ രസിക്കാറുണ്ടെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്‌.വീടിന്റെ സുരക്ഷിതമായ ഭിത്തിക്കുള്ളില്‍ കടുപ്പമുള്ള ചായയും സിപ്പ്‌ ചെയ്ത്‌ ഒരു മനുഷ്യനെ ആന പച്ചക്ക്‌ വലിച്ച്‌ കീറുന്നതും സ്ത്രീകളും കുട്ടികളും ജീവനുവേണ്ടി പരക്കം പായുന്നതും ഒരു മാടമ്പി മനസ്സിനെ ക്ഷമയോടെ കാണാനാകൂ..ഞാന്‍ ഫോണെടുത്ത്‌ സുഹൃത്തിനെ വിളിച്ചു.."എനിക്ക്‌ വെളുപ്പിനെ പോകാനുള്ളതാണ്‌..നമുക്ക്‌ പിന്നീട്‌ കാണാം"
സുഹൃത്ത്‌ സമ്മതിച്ചില്ല.അവന്റെ വീട്ടിലെ വീഡിയോപ്ലെയര്‍ കേടാണെന്നും നാളെ സീഡി മടക്കികോടുക്കേണ്ടതാണെന്നും അതുകോണ്ട്‌ ദാ ഇപ്പോള്‍ തന്നെ വരുകയാണെന്നും പറഞ്ഞു..
പത്തുമണികഴിഞ്ഞപ്പോഴേക്കും സുഹൃത്ത്‌ എത്തി.കുട്ടികള്‍ ഉറങ്ങിയിരുന്നു.ഭാര്യക്കും കാണുന്നതിനോട്‌ തീരെ താല്‍പര്യം ഇല്ലായിരുന്നു.
ഒരു കുറ്റബോധത്തോടെ സിഡി കാണുവാനാരംഭിച്ച്കു.
വലിയ ജനക്കൂട്ടം..വൃദ്ധന്മാരും സ്ത്രീകളും കുട്ടികളും അടങ്ങുന്നത്‌.ഒരു സ്കൂള്‍ ഗ്രൗണ്ടിലാണ്‌ ആഘോഷം നടക്കുന്നത്‌.മേളം കൊഴുത്തുകൊണ്ടിരിക്കുന്നു.രണ്ടാനകളാണുള്ളത്‌.ആനകള്‍ തമ്മില്‍ ഇതിനിടെ പിണക്കമുണ്ടാകുകയും പിന്നീട്‌ ആനകള്‍ ഇടഞ്ഞ്‌ രംഗം യുദ്ധക്കളമായി മാറി.ഒരു മനുഷ്യനെ ആന നിലത്തിട്ട്‌ കുത്താന്‍ ശ്രമിക്കുന്നതും അയാള്‍ പിടഞ്ഞെഴുന്നേക്കുകയും വീണ്ടും കുത്തുകയും തുമ്പിക്കൈയ്യില്‍ ആട്ടിയെറിയുന്നതും മനസ്സില്ലാമനസ്സോടെയാണ്‌ കണ്ടത്‌....
ആനക്കുമുന്‍പില്‍ സ്ത്രീകള്‍ കാലിടറിവീഴുന്നതും രക്ഷപ്പെടാനുള്ള മനുഷ്യരുടെ പരക്കം പാച്ചിലും...സുഹൃത്ത്‌ പറഞ്ഞു "മതി ഇനി കാണാന്‍ വയ്യ
"എനിക്ക്‌ വല്ലാതെ മനം പുരട്ടല്‍ തോന്നി..ശരീരം വിയര്‍ത്തു..തലചുറ്റല്‍ തോന്നിയോ?പിന്നീട്‌ ഞങ്ങള്‍ പരസ്പ്പരം മിണ്ടിയില്ല.സുഹൃത്ത്‌ സിഡിയുമെടുത്ത്‌ മടങ്ങുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു..മുഖം വല്ലാതെ ചുവന്നിരിക്കുന്നു.കണ്ണുകള്‍ കലങ്ങിയിരിക്കുന്നു.
ആ രാത്രി ഞാന്‍ ശരിക്ക്‌ ഉറങ്ങിയില്ല..കണ്ണടക്കുമ്പോള്‍ മുന്‍പില്‍ ജീവനുവേണ്ടിയുള്ള ഒരു മനുഷ്യന്റെ വൃഥാവിലായ അവസാന ശ്രമങ്ങളാണ്‌ കാണുന്നത്‌..ഉരുണ്ടുവീണും തട്ടിത്തടഞ്ഞും കുട്ടിയെ എടുത്തുകൊണ്ടുള്ള ഒരു സ്ത്രീയുടെ പരക്കം പാച്ചില്‍ മനസ്സില്‍നിന്നും മായുന്നില്ല..ഇപ്പോഴും..ആ സമയത്തുള്ള ഓരോ മനുഷ്യരുടേയും മാനസികാവസ്ഥ ഓര്‍ക്കാനാകില്ല.
ഒരു സംഭവങ്ങളില്‍ നിന്നും നമ്മള്‍ ഒന്നും പഠിക്കുന്നില്ലന്നുണ്ടോ?അതോ ബോധപൂര്‍വ്വം കണ്ണടക്കുകയാണോ?അതോ വിശ്വാസത്തിന്റെ പേരില്‍ ആരെയൊക്കെയോ ഭരണാധികാരികള്‍ ഭയപ്പെടുന്നുണ്ടോ?
ഇത്‌ ഇന്നലെയുടെ കഥ,.ഇന്നോ?ഈ കഴിഞ്ഞ ഉത്സവകാലത്ത്‌ ,അതായത്‌ അഞ്ചൊ ആറോ മാസങ്ങള്‍ക്കുള്ളില്‍ ആനയുടെ പരാക്രമങ്ങളില്‍ പൊലിഞ്ഞത്‌ ഒന്നും രണ്ടും ജീവനല്ല..33പേര്‍..പത്രത്തിലെ ഈ വാര്‍ത്തകണ്ട്‌ സത്യത്തില്‍ നടുങ്ങിപ്പോയി..
പക്ഷിപ്പനിവന്നും ഭ്രാന്തിപ്പശുരോഗം വന്നും ലോകത്ത്‌ നൂറില്‍ താഴെ ആളുകളേ മരിച്ചുള്ളൂ..എന്നിട്ടും എത്ര ഭയാശങ്കയും വാര്‍ത്താപ്രാധാന്യവുമാണ്‌ ഇതിന്‌ ലഭിച്ചത്‌.. ഈ കൊച്ചുകേരളത്തില്‍,മധ്യകേരളത്തില്‍ മാത്രം 33 പേര്‍ കൊലചെയ്തത്‌ ഒരു വാര്‍ത്തയല്ലന്നുണ്ടോ?ഓരോ വര്‍ഷവും ആനകളുടെ അക്രമത്തില്‍ മരണമടയുന്നവരുടെ എണ്ണം കൂടിവരുന്നു.പക്ഷേ നാം ഒന്നും കാണുന്നുമില്ല.ചെയ്യുന്നുമില്ല..ഇവിടെ കുറ്റവാളി ആനയല്ല..മനുഷ്യനാണ്‌.
പക്ഷിപ്പനിയുടെ പേരില്‍ ലക്ഷക്കണക്കിന്‌ കോഴിക്കുഞ്ഞുങ്ങളെ കൊല്ലുന്നത്‌ ഏവരും കണ്ടിരിക്കും.അത്‌ ഒരു പകര്‍ച്ചവ്യാധിയില്‍നിന്ന് മനുഷ്യനെ രക്ഷിക്കാനാണെന്ന് അംഗീകരിക്കാം.എന്നാല്‍ കുറേ ആളുകളുടെ പ്രൗഢിക്കും വിശ്വാസത്തിനുംവേണ്ടി കുറേ മനുഷ്യജീവനുകളെ കുരുതികൊടുക്കുന്നതിന്‌ എന്തു ന്യായീകരണമാണുള്ളത്‌.
കരയിലെ ഏറ്റവും വലിയ ജന്തുവാണ്‌ ആന.മറ്റുജീവികളില്‍ നിന്നും ഏറെ പ്രത്യേകതകളുമുണ്ട്‌.ആ അര്‍ഥത്തില്‍ നോക്കിയാല്‍ ഏതു ജന്തുവിനും എന്തെങ്കിലും കൗതുകം കാണും.ആനയെ ഒരു വളര്‍ത്തുമൃഗമായി അംഗീകരിക്കേണ്ടതില്ല.ഇന്ന് യന്ത്രങ്ങള്‍ വന്നതോടെ തടി പിടിക്കാനും ആന വേണ്ടെന്നായി.പിന്നെ ആകെ വേണ്ടത്‌ ഉത്സവങ്ങള്‍ക്കാണ്‌.വടക്കന്‍ കേരളത്തിലും(കോഴിക്കോടിനുമപ്പുറം)തെക്കന്‍ കേരളത്തിലും ആന ഉത്സവത്തിനുവേണ്ട അവശ്യ ഘടകമല്ല.മധ്യകേരളത്തില്‍ മാത്രമേ ആനയെ ഉത്സവത്തിന്‌ എഴുന്നള്ളിക്കാറുള്ളൂ..
എന്തിനെന്നറിയില്ല..ഇന്ന് കൃത്രിമമായി ആനക്കമ്പം ഊതിപ്പെരുപ്പിക്കുകയാണ്‌.നിറം പിടിപ്പിച്ച ആനക്കഥകള്‍ പെരുകുന്നു.സത്യത്തില്‍ തിട്മ്പേറ്റിനില്‍ക്കുന്ന ആനക്ക്‌ മനുഷ്യന്റെ പോലെ പൂരക്കമ്പമുണ്ടെന്നും തലയെടുപ്പുണ്ടെന്നും പ്രചരിപ്പിക്കുന്നതും പച്ചക്കള്ളമാണ്‌.ഒരു ശാസ്ത്രീയ പഠനവും ഈ വഴിയില്‍ ഉണ്ടായിട്ടില്ല.
ഒരാനയെ മാത്രം എഴുന്നള്ളിച്ചിരുന്ന ഇന്ന് അഞ്ചും ഏഴുമായി വര്‍ദ്ധിച്ചു.ക്ഷേത്രങ്ങള്‍ സ്വന്തമായി ആനയെ വാങ്ങുന്നതിനും മല്‍സരമായി.അതോടൊപ്പം ആനയുടെ അക്രമത്തില്‍ മരിക്കുന്നവരും.
ഈ ആചാരത്തിന്‌ നിയന്ത്രണം വരുത്തേണ്ടിയിരിക്കുന്നു.ഉത്സവക്കാലമായാല്‍ അടുത്തടുത്ത എല്ലാ ക്ഷേത്രങ്ങളിലും ചെറിയ ഇടവേളകളില്‍ ഉത്സവം അരങ്ങേറുകയായി.എല്ലായിടത്തും ആനയും ഉണ്ടാകും.ഈ ക്ഷേത്രങ്ങളില്‍ പങ്കെടുക്കുന്നവരും മിക്കവാറും ഒരേ ദേശക്കാരുതന്നെയായിരിക്കും.ഭൂരിപക്ഷം ആളുകളും ഇത്‌ ഒരു ആചാരം പോലെ കണ്ടുമടങ്ങുന്നു.ഒരു പ്രദേശത്തെ എല്ലാ ക്ഷേത്രങ്ങളിലും ആനയെന്നതുമാറ്റി ഏറ്റവും സ്ഥലവിസൃതിയുള്ള ഒരു ക്ഷേത്രത്തിനുമാത്രം ആനയെ എഴുന്നള്ളിക്കാന്‍ അനുവാദം കൊടുത്താല്‍ അത്‌ ആസ്വാദ്യവും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതുമാകും.മേജര്‍ ക്ഷേത്രങ്ങളിലല്ലാതെ ആനകളെ എഴുന്നള്ളിക്കാന്‍ അനുവദിക്കരുത്‌.അതും ആവശ്യമായ വിസൃതിയുണ്ടെങ്കില്‍ മാത്രം.കൊമ്പനാനകള്‍ക്ക്‌ പകരം പിടിയാനയെ മതിയെന്നുവച്ചാലും കുറേ ജീവന്‍ രക്ഷിക്കാം
ഇന്ന് ആനയെ എഴുന്നള്ളിക്കുന്ന പല ക്ഷേത്രങ്ങളും ഇടുങ്ങിയതും ആളുകള്‍ക്ക്‌ അപകടമുണ്ടായാല്‍ ഓടി രക്ഷപ്പെടാന്‍ അവസരമില്ലാത്തവിധം അടച്ചുകെട്ടിയതുമാണ്‌.ക്ഷേത്രങ്ങള്‍ മതിലുകള്‍ കെട്ടി പൊതുസമൂഹത്തില്‍ നിന്നും ഒറ്റപ്പെടാനുള്ള തത്രപ്പാടിലാണ്‌.
ആനക്കമ്പവും ആന എഴുന്നള്ളിപ്പും ഒരു ഫ്യുഡല്‍ സംസ്കാരത്തിന്റെ ബാക്കിപത്രമാണ്‌.മദ്ധ്യകേരളത്തില്‍ മാത്രം ഇത്‌ പ്രചരിച്ചതിന്‌ എന്തെങ്കിലും കാരണമുണ്ടാകാം...സമൂഹത്തിനുനിരക്കാത്തതും പ്രാകൃതവുമായ ആചാരങ്ങളെ കാലം തിരസ്കരിച്ച ചരിത്രമാണുള്ളത്‌.മനുഷ്യന്റെ പച്ച മാംസത്തില്‍ ഇരുമ്പുകൊളുത്ത്‌ തുളച്ചുകയറ്റി ആറാള്‍ പൊക്കത്തില്‍ തൂക്കച്ചാടില്‍ കയറ്റിയിരുന്ന എളവൂര്‍ തൂക്കം ഇന്ന് ചരിത്രമായി.ഇന്നത്‌ പുനഃസ്ഥാപിക്കാന്‍ എത്ര ശ്രമിച്ചാലും നടക്കില്ല.കാലം മാറി,ആചാരം മാറി,മനുഷ്യരും മാറി..
ഈ ഭ്രാന്തമായ ആനക്കമ്പവും മല്‍സരവും ഒരു കച്ചവടത്തിന്റെ ഭാഗമാണ്‌.ഇതിനിടെ ഹോമിക്കുന്ന സാധാരണക്കാരെ ആരുകാണാന്‍?

6 അഭിപ്രായങ്ങൾ:

വികടശിരോമണി said...

ഈ വിഷയത്തിൽ അനിൽ@ബ്ലോഗും,പാർപ്പിടവും,ഞാനുമായി മുൻപ് പല ചർച്ചകളും ബൂലോകത്ത് നടത്തിയതായിരുന്നു,മണീ.
ഇത്രയും അപായകരമായ ഒരു വിനോദം ആധുനികസമൂഹത്തിൽ നിന്ന് എന്നേ ഉപേക്ഷിക്കപ്പെടേണ്ടതാണ്!

അരങ്ങ്‌ said...

ഹലോ.., മണിയേട്ടന്‍ പറഞ്ഞ ഈ വീഡിയോ ഞാനും കണ്ടിരുന്നു. നടുങ്ങിപ്പോയി. ഇവിടെയുള്ള ലാറ്റിന്‍ അമേരിക്കക്കാരുപോലും കേരളം എന്നു പറയുമ്പോഴേ അന്വേഷിക്കുക ആനയെപ്പറ്റിയാണ്‌. ബഷീറിന്റെ ഉപ്പാപ്പാന്റെ ആനയും, ആനപ്പൂടയും ഒക്കെ ആനയെ കാല്‍പ്പനികമാക്കി. പക്ഷേ എല്ലാറ്റിലും വലുത്‌ മനുഷ്യജീവനല്ലേ. അതപകടപ്പെടുത്തി എന്താനന്ദം? നെറ്റിപ്പട്ടം കെട്ടിയ ഉത്സവപ്പറമ്പിലെ ആനയേക്കാളും എത്രയോ ആകര്‍ഷകമാണ്‌ തൊടിയിലെ പ്ലാവില്‍ തളച്ചിരിക്കുന്ന ആന. അപ്പോള്‍ അവന്‌ സോഭാവികമായ ആനച്ചന്തമുണ്ട്‌. ശരിയാണ򠠴?ന പൂരക്കമ്പക്കാരനൊന്നുമല്ല. സഹ്യന്റെ മകന്‍ എന്ന കവിത എത്രയോ സത്യമാണ്‌.

Jayasree Lakshmy Kumar said...

വളെരേ നല്ല പ്പോസ്റ്റ്
മേൽ‌പ്പറഞ്ഞ വീഡിയോ കണ്ട് രണ്ടാഴ്ചയോളം ശരിക്കു ഉറങ്ങാൻ കഴിയാതിരുന്ന ആളാ ഞാൻ. എത്രയോ അധികം ജനങ്ങൾ കൂടുന്ന ഉത്സവങ്ങളിൽ നിന്നും ആനകളെ ഒഴിവാക്കണം എന്നു തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായം. ഞാൻ ഉത്സവങ്ങളെ, ഈയൊറ്റക്കാരണത്താൽ ഒഴിവാക്കുകയും ചെയ്തു. ഒറ്റപ്പെട്ടതെങ്കിലും ഇതു പോലുള്ള ശബ്ദങ്ങൾ ഉയർന്നു തന്നെ കേൾക്കണം.

ഹന്‍ല്ലലത്ത് Hanllalath said...

മനുഷ്യരില്‍ പലരും ഭ്രാന്തമായ അക്രമ വാസന ഉള്ളിലൊളിപ്പിക്കുന്നവരാണ് .
വളരുന്ന തല മുറയെക്കൂടി അങ്ങനെ ആക്കിത്തീര്‍ക്കാനാണല്ലോ
റസ്ലിംഗ് മുടങ്ങാതെ കുഞ്ഞുങ്ങള്‍ക്ക് നാം വെച്ച് കൊടുക്കുന്നത്
അത് പോലെ തന്നെ ആനയടക്കമുള്ളവയെ
ഒതുക്കി നിറുത്തിയുള്ള ആഡ്യ മനോഭാവവും.....

മണിഷാരത്ത്‌ said...

പ്രിയ വികടശിരോമണി,ബിനീഷ്‌,ലക്ഷ്മി,ഹന്‍ലല്ലാത്ത്‌.................അഭിപ്രായങ്ങള്‍ക്ക്‌ നന്ദി...

ബിനോയ്//HariNav said...

വളരെ നല്ല ലേഖനം മാഷേ. മനുഷ്യന്‍ തന്നോടുതന്നെയും മൃഗങ്ങളോടും ചെയ്യുന്ന നെറികേടാണ് ഈ തലതിരിഞ്ഞ ആനക്കമ്പം. ഈ അപകടം പിടിച്ച ഭോഷ്ക്ക് അവസാനിപ്പിക്കാനുള്ള പക്വതയും വിവേകവും എന്നാണ് നമുക്കു കൈവരിക !

Recent Posts

ജാലകം