Pages

Monday, August 8, 2011

ചിദംബര സ്മരണയും ജ്ഞാനപ്പറവയും


എഴുപതുകളിലെയൂം എണ്‍പതുകളിലെയും ക്ഷോഭിക്കുന്ന തലമുറയുടെ സ്മരണകള്‍ വായിക്കുയെന്നത്‌ ആ കാലഘട്ടത്തിലൂടെ കടന്നുവന്ന ആര്‍ക്കും ഹരം തന്നെയായിരിക്കും.യാദൃശ്ചികമാണ്‌ ഇത്തരം രണ്ടു പുസ്തകങ്ങള്‍ വാങ്ങുന്നത്‌.ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 'ചിദംബര സ്മരണ'യും ജെയിംസ്‌ ജോസഫ്‌ കെ യുടെ 'ജ്ഞാനപ്പറവ'യും.
ചുള്ളിക്കാടിന്റെ സ്മരണകള്‍ 1998 ലാണ്‌ പ്രസിദ്ധീകരിക്കുന്നത്‌.അറിയപ്പെടുന്ന കവിയും ഇന്ന് നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഓര്‍മ്മകള്‍ വായിക്കുന്നതിന്‌ ഒരു മുഖവുര ആവശ്യമില്ല.പക്ഷേ ജയിംസ്‌ ജോസഫിന്റെ 'ജ്ഞാനപ്പറവ'കണ്ടപ്പോള്‍ ഈ എഴുത്തുകാരന്‍ ആരാണെന്ന് ശങ്കിച്ചു.ഇതു വരെ കേള്‍ക്കാത്തൊരു പേരാണ്‌.അത്ര ആകര്‍ഷകമല്ലാത്ത പുറംചട്ടയുള്ള പുസ്തകം വെറുതെ ഒന്നു മറിച്ചുനോക്കി.ഇടയിലെ ഒരു പേജ്‌ വായിച്ചപ്പോള്‍ ആ ഭാഷയും സാഹിത്യവും മനസ്സിനെ ഒരു നിമിഷം തളച്ചിട്ടു.എനിക്ക്‌ അജ്ഞാതമായ ഒരു എഴുത്തും അജ്ഞാതനായ ഒരു എഴുത്തുകാരനും.രണ്ടു വട്ടം ആലോചിക്കാതെ വാങ്ങി.
ആദ്യം വായിച്ചുതീര്‍ത്തത്‌ ചിദംബര സ്മരണയാണ്‌.അനുഭവങ്ങള്‍ എന്ന നിലയില്‍ പൂര്‍ണ്ണമായും ആത്മാര്‍ത്ഥത പുലര്‍ത്തിക്കോണ്ടുള്ള ബാലചന്ദ്രന്റെ സ്മരണകളെ വിലയിരുത്താന്‍ ഞാന്‍ ആളല്ല.,യോഗ്യനുമല്ല.അതല്ല ഇവിടെ ഉദ്ദേശിക്കുന്നതും.എന്നാലും വീട്‌ ഉപേക്ഷിച്ച്‌ പട്ടിണിയും പരിവട്ടവുമായി അലഞ്ഞ്‌ ഉലകമേ തറവാടായി ജീവിച്ച്‌ ജീവിതാനുഭവങ്ങളുടെ വറചട്ടിയില്‍ എരിഞ്ഞ്‌ മദ്യത്തിനടിപ്പെട്ട്‌ ആരാലും വെറുക്കപ്പെട്ടവനായി തള്ളിനീക്കിയ തന്റെ കൗമാര യുവത്വങ്ങളെ വശ്യസുന്ദരവും തീഷ്ണവുമായ ഭാഷയില്‍ ചുള്ളിക്കാട്‌ വര്‍ണ്ണിച്ചിരിക്കുന്നത്‌ അത്ഭുതാവഹമായി തോന്നി.ജീവിതത്തിന്റെ കൈയ്പ്പേറിയ കാലഘട്ടങ്ങളില്‍ കൂടി നീന്തി ഇന്ന് പ്രശസ്തിയുടേയും അംഗീകാരത്തിന്റേയും കൊടുമുടിയില്‍ എത്തിനില്‍ക്കുന്നു.
പിന്നീടാണ്‌ ജ്ഞാനപ്പറവ വായിക്കുന്നത്‌.ഇടുക്കിജില്ലയിലെ പീരുമേടിലെ സ്പ്രിംഗ്‌ വാലിയില്‍ ഒരു സാധാരണ കൃഷിക്കാരന്റെ മകനായി ജെയിംസ്‌ ജോസഫ്‌ പിറക്കുന്നത്‌ 1960 ലാണ്‌.ബാലചന്ദ്രന്‍ ചുള്ളിക്കാടാകട്ടെ 1957 ലും.രണ്ടുപേരുടേയും ജീവിതാനുഭവങ്ങളില്‍ എങ്ങി നെയാണ്‌ വൈജാത്യം സംഭവിക്കുന്നത്‌?ഒരിക്കലുമില്ല.1982-83ല്‍ രേഖപ്പെടുത്തിയ ജെയിംസ്‌ ജോസഫിന്റെ കുറിപ്പുകള്‍ 1985-92 കാലത്ത്‌ രണ്ടുപ്രാവശ്യം അച്ചടിപൂര്‍ത്തിയായിട്ടും കവറിട്ടുപുറത്തു വരാന്‍ കഴിയാതെ അച്ചടിച്ച പേജുകള്‍ക്ക്‌ പലവ്യഞ്ജനക്കടയില്‍ കടലാസുകൂടുകളായി മാറാനെ യോഗമുണ്ടായുള്ളൂ.പിന്നീട്‌ 2008 ആഗസ്റ്റിലാണ്‌ പ്രസിദ്ധീകരിക്കുന്നത്‌.
ഒന്‍പത്‌ അദ്ധ്യായങ്ങളിലെ ജെയിംസ്‌ ജോസഫിന്റെ അനുഭവക്കുറിപ്പുകള്‍ ഒറ്റയിരുപ്പിലാണ്‌ വായിച്ചു തീര്‍ത്തത്‌.സുഭഗവും സുന്ദരവും ഗംഭീരവും മനോജ്ഞവുമായ ഭാഷ.വായനക്ക്‌ ഇതുകൂടി പ്രചോദനമായി.ഭ്രാന്തമായി അലഞ്ഞ്‌ ഏകാന്തമായി അന്വേഷിച്ച്‌ കാലത്തിലൂടെ പരീക്ഷിച്ച്‌ മനനത്തിലൂടെ അറിഞ്ഞ്‌ ജീവിതാര്‍ത്ഥം നേടിയ ഒരു യുവാവിന്റെ അനുഭവം തന്നെയാണിത്‌.
കുട്ടിയായിരിക്കുമ്പോള്‍ പഠനത്തിലൊന്നും താല്‍പര്യമില്ലാതെ ആടുകളെ മേച്ച്‌ അപ്പന്റേയും അമ്മയുടേയും ശകാരവും ശാപവും കേട്ടും അവരുടെ മനോവ്യഥയില്‍ അല്‍പ്പം പോലും പശ്ചാത്താപം തോന്നാത്തതുമായ സ്കൂള്‍ ജീവിതകാലം.പിന്നീട്‌ ഗോവയില്‍ മെറ്റീരിയല്‍ മനേജ്മെന്റില്‍ ബിരുദാനന്തര പഠനത്തിനെത്തി കലാലയം ഉപേക്ഷിച്ച്‌ നാടുവിട്ടലയുന്നു.ഗോവയില്‍ ഉടുതുണിക്ക്‌ മറുതുണിയില്ലാതെ ഹഷീഷിനും ഭാംഗിനും അടിമയായി ജീവിതത്തില്‍ നിന്ന് അകന്ന് മൃഗതുല്യമായ ജീവിതം നയിച്ച നാളുകള്‍.'എനിക്ക്‌ സ്വസ്ഥതയില്ല..മരണാഭിലാഷവും ദു:സ്വപനവും എന്റെ ദിവസങ്ങളെ നായാടി' യെന്ന് എഴുത്തുകാരന്‍.ആത്മാവിന്റെ ഭോജനമായ ഒരല്‍പ്പം ഹാഷിനുവേണ്ടി ഇരന്നു നടന്ന നാളുകള്‍..ഹോ..ഈ അക്ഷരങ്ങള്‍ ആത്മാവിലെവിടെയോ ആഞ്ഞുതറയ്ക്കുന്നതായി തോന്നി.ജാന്‍ എന്ന ജെര്‍മന്‍ കാരിക്ക്‌ മുറി വാടകക്ക്‌ നല്‍കി കിട്ടിയ പണത്തിന്‌ ഹാഷടിച്ചത്‌.പണമില്ലാതെ അവള്‍ ഒരു ഇന്ത്യക്കാരന്‌ ഒരു മണിക്കൂര്‍ നല്‍കി കിട്ടിയ പണത്തിന്‌ പങ്കാളിയായത്‌.അങ്ങിനെ...
ഗോവയില്‍നിന്നും അറിയപ്പെടാത്ത രാജസ്ഥാന്‍ ഗ്രാമങ്ങളില്‍...ഹിമാലയത്തിന്റെ മടിത്തട്ടില്‍,യമുനയുടെ തീരത്ത്‌,അലഞ്ഞതിന്‌ കൈയ്യും കണക്കുകില്ല.ശ്രീനഗറില്‍..ഉരുകിയിറങ്ങുന്ന തണുപ്പില്‍ ഒരു നേരത്തെ ആഹാരത്തിനായ്‌ അലഞ്ഞ്‌..തണ്ണിമത്തന്‍ കടയില്‍ ഈച്ചയാട്ടുന്ന ജോലി...പഴച്ചാര്‍ കടയില്‍ വില്‍പനക്കാരനായി...വണ്ടിവലിക്കല്‍....ആപ്പിള്‍തോട്ടത്തില്‍ കൂലിപ്പണി..അങ്ങിനെ ജീവിതാനുഭവങ്ങളുടെ ഹിമാലയപര്‍വങ്ങള്‍.
പിന്നെ മനാലി..കുളു,സിം ല,..ഒരിടത്ത്‌ മടുപ്പുതോന്നുമ്പോള്‍ അടുത്തസ്ഥലത്തേക്ക്‌ കള്ളവണ്ടികയറ്റം..
സുല്‍ത്താങ്കോട്ടയില്‍,മനനവും ദീര്‍ഘമായ ഉപവാസവും പാലിച്ചും ശരീരത്തേയും മനസ്സിനേയും ധ്യാനത്തിലൂടെ വറുതിയിലാക്കിയും ദിഗംബരനായ യോഗിയുടെ ദര്‍ശനവും അരുളപ്പാടും..ചതുരഗിരിയില്‍ ഗുരുവിനെ കണ്ടെത്തുമെന്ന അരുളപ്പാട്‌.പക്ഷേ ഗുരുവിന്റെ സന്നിധിയിലെത്തിയെങ്കിലും ധ്യാനമോ ക്രിയായോഗമോ വഴങ്ങാതെ മടക്കം...
പിന്നെയാണ്‌ മരിയാനയെ കണ്ടുമുട്ടുന്നത്‌.ഹമ്പിയിലും ഹെഗോളിയിലും നാളുകളോളം തുടര്‍ന്ന കൂട്ടുകെട്ട്‌..പിരിയുമ്പോള്‍ വല്ലാത്ത വേദന..പിന്നേയും ദേശാടനം..ഹരിദ്വാര്‍..ജുഹു..കടല്‍ക്കുതിരകളുടെ സംഭ്രമം പോലെ ഒരു കവിതയും..
അങ്ങിനെ അനുഭവങ്ങളുടെ ദുരന്തത്തിലേക്ക്‌ യാത്രചെയ്യുമ്പോഴാണ്‌ ജീവിച്ചിരിക്കുന്നതായി എഴുത്തുകാരന്‌ തോന്നുന്നത്‌.പിന്നെ പിഴ്യ്കാത്ത മടക്കം.ക്യാമ്പസ്സില്‍ വന്ന് വീണ്ടും പഠനം.ഉയര്‍ന്ന മാര്‍ക്കോടെ വിജയം.പിന്നീട്‌ ലഭിച്ച നിരവധി അവസരങ്ങളെ ത്യജിച്ചു.ഇത്‌ പൂര്‍വ്വഭാഗം
ഇനി ഉത്തരഭാഗം..
പിന്നെ ചതുരഗിരിയില്‍ ഗുരുസന്നിധിയിലെക്ക്‌ തിരിച്ചെത്തുന്നു.പതിനഞ്ച്‌ സംവത്സരങ്ങള്‍ അദ്ധ്യയനവും സാധനയും.അവിടെനിന്ന് മൂലികൈമര്‍മ്മം,നീറ്റൗ ഷധങ്ങളുടെ സിദ്ധവിധികള്‍,പ്രാണവിദ്യ.............എന്നിവ ഹൃദിസ്ഥമാക്കുന്നു.
ഇപ്പോള്‍ ഡോ.ജെയിംസ്‌ വൈദ്യരായി എറണാകുളത്ത്‌ ആയിരക്കണക്കിന്‌ രോഗികളുടെ ആശ്വാസകേന്ദ്രമായി സേവനം ചെയ്യുന്നു.
'ചിദംബരസ്മരണ" ഞാന്‍ രണ്ടാമത്‌ വായിച്ചില്ല.എന്നാല്‍ ജ്ഞാനപ്പറവ ഒരു വട്ടം കൂടി വായിച്ചു.അതെ വേറിട്ടൊരു പുസ്തകം തന്നെ.ഭാഷയിലെ 56 അക്ഷരങ്ങളുടെ സൂക്ഷമായ വിന്യാസം കോണ്ട്‌ മനുഷ്യമനസ്സിനെ ചിന്തയുടേയും ആകാംക്ഷയുടേയും വേദനയുടേയും പഥങ്ങളിലെത്തിക്കുവാന്‍ എഴുത്തുകാരന്‌ സാധിച്ചാല്‍ അതാണ്‌ എഴുത്തുകാരന്റെ സംതൃപ്തി.ജെയിംസ്‌ വൈദ്യന്‌ അത്‌ നിശ്ചയമായും ലഭിക്കും ..നന്ദി
മനുഷ്യന്റെ പീഡാനുഭവങ്ങളില്‍ അവന്‌ ഒരു കണ്ണുണ്ട്‌
ഓരോ മരണംവരിക്കലും ദൈവത്തിന്റെ പരാജയമാണ്‌
ഭൂമിയില്‍ പോംവഴികള്‍ സംഗീതമായി തുറക്കുമ്പോള്‍
അവന്‌ ഇരിക്കപ്പോറുതി നഷ്ടപ്പെടുന്നു
പക്ഷികള്‍ അപ്പോഴാണ്‌ സ്വര്‍ഗ്ഗത്തില്‍നിന്നും ഇറങ്ങിവരുന്നത്‌
അവ മരണത്തിനുമേല്‍ ദൈവത്തിന്റെ കാലുഷ്യം അര്‍പ്പിക്കുന്നു.(ഡോ.ജെയിംസ്‌ വൈദ്യന്‍)
ഡോ.ജെയിംസ്‌ വൈദ്യനെപ്പറ്റി കൂടുതല്‍ അറിയാന്‍ ഇവിടം സന്ദര്‍ശ്ശിക്കാം

Thursday, July 14, 2011

ദുര്‍ഗ്ഗ നമുക്ക്‌ ആരാണ്‌?


ഈ ചിത്രത്തിലെ വ്യക്തിയെ അറിയുമോ?ഒരു പക്ഷേ മലയാളികള്‍ക്കാര്‍ക്കും അറിയില്ലായിരിക്കാം.പക്ഷേ ഒരു ഇന്ത്യാക്കാരനും മറക്കാനാകാത്ത പ്രതിഭയായിരുന്നു ഈ വലിയ മനുഷ്യന്‍.ലോകത്തിനു മുന്‍പില്‍ ജ്വലിച്ചുനിലക്കേണ്ട ഇദ്ദേഹത്തോട്‌ ഗവന്മെന്റുകള്‍ കാണിച്ച നീതികേടിനും നന്ദികേടിനും എന്ത്‌ പ്രായശ്ചിത്തം ചെയ്യാനാകും? ഒരു ഭാരതരത്നമോ പദ്മശ്രീയോ മരണശേഷമെങ്കിലും എന്തുകൊണ്ട്‌ ഇദ്ദേഹത്തെ തേടിവന്നില്ല.
ഇത്‌ സുഭാഷ്‌ മുഖോപാധ്യായ....ഭാരതത്തില്‍ ആദ്യമായി ടെസ്റ്റ്റ്റ്യൂബ്‌ ശിശുവിനെ സൃഷ്ടിച്ച്‌ ചരിത്രം രചിച്ച കൊല്‍ക്കത്തക്കാരനായ ഒരു സാധാരണ ഡോക്ടര്‍.ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തത്തെ പല്ലും നഖവും ഉപയോഗിച്ച്‌ എതിര്‍ത്ത ബംഗാളിലെ ഗവണ്‍മന്റ്‌ ഗലീലിയോക്കും സോക്രട്ടീസിനും മരണം വിധിച്ച യാഥാസ്ഥിതിക മത ഭരണകൂടങ്ങളുടെ പിന്മുറക്കാരായിരുന്നെന്ന് വിലയിരുത്തുന്നത്‌ തെറ്റാണോ?ചരിത്രത്തിലെ നീതികേടുകള്‍ക്കും നന്ദികേടിനും പുതുതലമുറ എങ്ങിനെയാണ്‌ പ്രായശ്ചിത്തം ചെയ്യേണ്ടത്‌?
ചരിത്രം പറയാം ദുര്‍ഗ്ഗ

ലൂയിസ്‌ ബ്രൗണ്‍ എന്ന ആദ്യ ടെസ്റ്റ്യൂബ്‌ ശിശു പിറക്കുന്നത്‌ 1978 ജൂലൈ 25 നാണ്‌.വെറും 67 ദിവസങ്ങള്‍ക്കു ശേഷം 1978 ഒക്ടോബര്‍ 3 ന്‌ ലോകത്തിലെ രണ്ടാമത്തെ ടെസ്റ്റ്യൂബ്‌ ശിശുവായ ദുര്‍ഗ്ഗയെന്ന കനുപ്രിയ അഗര്‍വാള്‍ ഇന്ത്യയില്‍ പിറക്കുന്നു.ബംഗാളില്‍ ഏറെ അറിയപ്പെടാത്തതും ഒരു സാധാരണഡോക്ടറുമായ സുഭാഷ്‌ മുഖോപാധ്യായയുടെ നിതാന്ത ഗവേഷണവും അശ്രാന്ത പരിശ്രമവുമായിരുന്നു ഇതിനു പിന്നില്‍.എന്നാല്‍ ചരിത്രം കുറിച്ച ഈ കണ്ടുപിടിത്തത്തെ ബംഗാളിലെ ശാസ്ത്ര സമൂഹവും ഗവണ്മെന്റും അംഗീകരിക്കാന്‍ തയ്യാറായില്ല എന്നത്‌ ചരിത്രത്തിലെ തന്നെ വലിയൊരു മണ്ടത്തരമായി അവശേഷിക്കുന്നു.അതിലും ഉപരിയായി ഇത്‌ വെറും തട്ടിപ്പുംകള്ളവുമാണെന്ന് വിലയിരുത്തി സുഭാഷിനെ വിചാരണചെയ്യുവാന്‍ പ്രത്യേക വിദഗ്ദസമിതിയെ നിയോഗിക്കുകയും ചെയ്തു.സുഭാഷിനെതിരെ പ്രധാനമായും നാല്‌ ആരോപണങ്ങളാണ്‌ ഉന്നയിച്ചത്‌
1) ദുര്‍ഗ്ഗയെന്ന ശിശുവിന്റെ സൃഷ്ടാവാണെന്ന് അവകാശമുന്നയിച്ചു
2)ഗവണ്മെന്റോ ബ്യൂറോക്രസിയോ അംഗീകരിക്കതെ വാര്‍ത്ത മാധ്യമങ്ങള്‍ക്ക്‌ നല്‍കി
3)വിലപിടിച്ചതും ആധുനികവുമായ ഉപകരണങ്ങള്‍ ഉള്ളപ്പോള്‍ വെറും ഫ്രിഡ്ജും സാധാരണ ഉപകരണങ്ങളും ഉപയോഗിച്ച്‌ ശീശുവിനെ സൃഷ്ടിച്ചു എന്നത്‌ അസാധ്യമാണ്‌
4)ഗവന്മെന്റിന്റേയൊ ഉദ്യോഗസ്ഥരുടേയോ മുന്‍പില്‍ മുട്ടുമടക്കാന്‍ തയ്യാറായില്ല
ആധുനുക പ്രത്യുല്‍പാദന സാങ്കേതികങ്ങളെപ്പ്റ്റി യാതൊരു ഗ്രാഹ്യവുമില്ലാത്ത അഞ്ചുപേരായിരുന്നു വിദഗ്ദസമിതിയിലെ അംഗങ്ങള്‍.ഡോ.സുഭാഷിനു മുന്നില്‍ ഇവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ ഇവരുടെ അല്‍പ്പത്തവും ബുദ്ധിശൂന്യതയും വെളിവാക്കുന്നതായിരുന്നു.അവസാനം വിദഗ്ദസമിതി ഐകകണ്ഠ്യേന തീരുമാനിച്ചു" തട്ടിപ്പ്‌"
പിന്നെ പ്രതികാരനടപടികളായി.ജപ്പാന്‍ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നടന്ന അന്തര്‍ദേശീയ സമ്മേളനങ്ങളീലും സെമിനാറിലും പങ്കെടുക്കുന്നതിനു്‌ വിലക്കേര്‍പ്പെടുത്തി.ഒഫ്താല്‍മോളജി വകുപ്പിലേക്ക്‌ സ്ഥലം മാറ്റി അദ്ദേഹത്തിന്റെ ഹോര്‍മോണ്‍ ഗവേഷണത്തിനു തുരങ്കം വച്ചു.നിരന്തര പീഡനങ്ങള്‍ സഹിക്കവയ്യാതെ 1981 ജൂണ്‍ 19 ന്‌ അദ്ദേഹം ആത്മഹത്യചെയ്തു.
എന്നാല്‍ ശാസ്ത്രസമൂഹം ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തം അംഗീകരിക്കുവാന്‍ വീണ്ടും 27 വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു.ഇന്ത്യയിലെ ആദ്യടെസ്റ്റ്യൂബ്‌ ശിശുവെന്ന അംഗീകരിച്ച ഹര്‍ഷചൗദയുടെ സൃഷ്ടാവായ അനന്തകുമാര്‍ തന്നെ തന്റെ പിന്‍ ഗാമിയായിരുന്ന സുഭാഷ്‌ മുഖോപാധ്യായയുടെ രേഖകള്‍ പരിശോധിച്ച്‌ ദുര്‍ഗ്ഗയാണ്‌ ആദ്യ ടെസ്റ്റ്യൂബ്‌ ശിശുവെന്ന് തിരുത്തി.2005ല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ചും ദുര്‍ഗ്ഗയെ അംഗീകരിച്ചു,
ലോകത്തിലെ ആദ്യ ടെസ്റ്റ്യൂബ്‌ ശിശുവിന്റെ സൃഷ്ടാവായ റോബര്‍ട്ട്‌ എഡ്വേര്‍ഡ്സിന്‌ 2010ല്‍ നൊബേല്‍ സമ്മാനം നല്‍കി ആദരിച്ചപ്പോള്‍ ഇന്ത്യന്‍ സമൂഹവും ഗവണ്മെന്റും സുഭാഷ്‌ മുഖോപാധ്യായ മറന്നു.ഒരു ഭാരതരത്നമോ പദ്മ്മശ്രീയോ അദ്ദേഹത്തെ തേടിവന്നില്ല.
എക്‌ ഡോക്ടര്‍ കി മോത്‌ എന്നപേരില്‍ തപന്‍ സിന്‍ഹ സുഭാഷ്‌ മുഖോപാധ്യായയുടെ ജീവിതം ആധാരമാക്കി സിനിമ നിര്‍മ്മിച്ചിട്ടുണ്ട്‌.
ജൂലൈ 25ന്‌ ലോകത്തെ ആദ്യ ടെസ്റ്റ്യൂബ്‌ ശിശു പിറന്നതിന്റെ വാര്‍ഷികമാണ്‌.ഈ ദിവസമെങ്കിലും നമുക്ക്‌ സുഭാഷ്‌ മുഖോപാധ്യായയെ ഓര്‍മ്മിക്കാം

Friday, June 17, 2011

പുതിയ മഴക്കാലക്കാഴ്ചകള്‍

കുറെ ദിവസമായി മഴ തിമിര്‍ത്തു പെയ്യുകയാണ്‌.ജൂണ്‍ എത്തുന്നതിനുമുന്‍പേ മഴയെത്തി.മണല്‍പ്പരപ്പു കണ്ട പുഴ ഒറ്റദിവസം കൊണ്ട്‌ കരകവിഞ്ഞു.പുഴയില്‍ ധാരാളം ഊത്തമീനുകള്‍ നുളച്ചു.പുഴയില്‍ ഇറങ്ങിയവര്‍ക്ക്‌ ചാകരയായിരുന്നു.ധാരാളം മീന്‍ കിട്ടി.കിലോക്ക്‌ മുന്നൂറിനും നാനൂറിനും വിറ്റ്‌ മൂക്കറ്റം കുടിച്ച്‌ കവലയില്‍ കാവടിയാടി.നിനച്ചിരിക്കാതെ വെള്ളം പൊങ്ങിയതിനാല്‍ താഴത്തെപാടങ്ങളില്‍ കൃഷിചെയ്ത കപ്പയെല്ലാം വെള്ളത്തിലായി.കിട്ടിയ വിലക്ക്‌ അതെല്ലാം വിറ്റ്കൃഷിക്കാര്‍ കാലവര്‍ഷത്തെ പഴിച്ചു.കിലോ പത്തിനും പന്ത്രണ്ടിനും കപ്പവിറ്റു.പാടങ്ങളിലെ മീനും വലയിട്ട്‌ പിടിച്ച്‌ കുറേ ദിവസം കപ്പയും മീനും കൂട്ടി നാട്ടുകാര്‍ കാലവര്‍ഷം ആഘോഷിച്ചു.മഴ അടങ്ങിയിട്ടില്ല.കൈനിറയെ പണം തന്ന കരിമേഘങ്ങളെ നാട്ടുകാര്‍ പഴിച്ചു തുടങ്ങി.ഒന്നു തെളിഞ്ഞാല്‍ നന്നായിരുന്നു എന്നു പറഞ്ഞു തുടങ്ങി.
പത്തോ മുപ്പതോ വര്‍ഷങ്ങള്‍ മുന്‍പുള്ള മഴക്കാലത്തെ ഓര്‍ത്തത്‌ അമ്മാവന്‍ സിണ്ട്രോമാണെന്ന് പുതിയ തലമുറ അവഹേളിക്കും.അതുകൊണ്ട്‌ പഴയ കാലങ്ങള്‍ പറഞ്ഞ്‌ മക്കളെ ബോറടിപ്പിച്ചില്ല.എങ്കിലും എന്താണ്‌ മഴക്കാലക്കാഴ്ചകളായി നിങ്ങള്‍ കണ്ടത്‌ എന്ന് അവരോട്‌ തിരക്കി.സുഖമാണ്‌.വാതിലും പൂട്ടി ചാനല്‍ സിനിമകള്‍ കാണാന്‍ കഴിഞ്ഞതില്‍ അവര്‍ സന്തോഷിച്ചു.സുഖമായി ഉറങ്ങാനും പറ്റിപോലും.
സൂര്യനെ കണ്ട ഇന്ന് മക്കളേയും കൂട്ടി തൊടിയിലൂടെ നടന്നു.എന്താണ്‌ നിങ്ങള്‍ മഴക്കാലക്കാഴ്ചകളായി കണ്ടത്‌ എന്ന് തിരക്കി.അവയെല്ലാം ക്യാമറയില്‍ പകര്‍ത്താനും പറഞ്ഞു.അട്ടയും ചെളിയും നിറഞ്ഞ തൊടിയില്‍ നടക്കാന്‍ ആദ്യം അവര്‍ക്ക്‌ പരിഭ്രമമായിരുന്നു.പിന്നെ അതെല്ലാം മാറി.കരിഞ്ഞ ഇലകള്‍ നിറഞ്ഞിരുന്ന തൊടിയില്‍ നിറയെ പച്ചപ്പ്‌..അവര്‍ ഇതുവരെ കാണാത്ത ചെടികളുടെ തളിര്‍പ്പുകള്‍..പായല്‍ മെത്തിയ കുളം...തളിര്‍ത്തു നിലക്കുന്ന മഷിത്തണ്ട്‌..തുമ്പികള്‍..അങ്ങിനെ...15ഉം 17ഉം വയസ്സുള്ള അവര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഒരു മഴക്കാലക്കാഴ്ചയായി ഇവിടെ ചേര്‍ക്കുന്നു.

Monday, May 9, 2011

സര്‍ക്കാരിന്റെ 'വിടുപണിക്കാര്‍'

രാജാവും പോയി രാജഭരണവും അസ്തമിച്ചു,..ഇംഗ്ലീഷുകാരും പോയി സായിപ്പിന്റെ ഭരണവും കഴിഞ്ഞു.മലയാളിയെ മലയാളി ഭരിക്കുന്ന കാലം വന്നു.എന്നാല്‍ ഭരണത്തിന്റെ ഇടനാഴികളില്‍ ഇപ്പോഴും രാജാവും സായിപ്പും ഒളിച്ചുകളിക്കുന്നുണ്ട്‌.സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഇന്നും ശി രസ്താറും ഡഫേദാറും ഉണ്ട്‌.പേഷ്കാര്‍ പോയിരിക്കാം.എന്നാല്‍ ജില്ലയുടെ അധിപന്‍ കളക്ടര്‍ തന്നെ വേണമെന്ന് നമുക്ക്‌ നിര്‍ബന്ധം.ജഡ്ജിക്കും വക്കീലിനും കറുത്ത ഗൗണ്‍ മാറ്റാന്‍ ആരും തുനിഞ്ഞില്ല.
വിദ്യാഭ്യാസ വകുപ്പില്‍ 'വിടുപണിക്കാരന്‍' എന്ന ഉദ്യോഗപ്പേരുള്ള ഒരു വിഭാഗം ഉദ്യോഗസ്ഥരുണ്ടെന്ന് പറഞ്ഞാല്‍ അവിശ്വസിക്കണ്ട.part time Menial,full time Menial എന്നപേരിലുള്ള ഉദ്യോഗസ്ഥരുടെ കാര്യമാണ്‌ പറയുന്നത്‌.രാമലിംഗം പിള്ളയുടെ ഡിക്ഷണറിയില്‍ menial എന്ന വാക്കിന്റെ അര്‍ത്ഥം 'പാദസേവപരമായ,വിടുപണിചെയ്യുന്ന,വിടുപണിചെയ്യുന്നവന്‍,വിടുജോലിക്കാരന്‍' എന്നാണ്‌.സത്യത്തില്‍ ഈ ഉദ്യോഗസ്ഥര്‍ തന്നെ തങ്ങളുടെ ഉദ്യോഗം ഇതാണെന്ന് അറിഞ്ഞിട്ടുണ്ടാവില്ല.ഒരു യൂണിയനും ഇതിനെതിരെ ശബ്ദിച്ചിട്ടില്ല.പോലീസ്‌ കോണ്‍സ്റ്റബിളിന്റെ പേര്‌ സിവില്‍ പോലീസ്‌ ഓഫീസര്‍ എന്ന് പരിഷ്കരിച്ചപ്പോഴും ഈ വിടുപണിക്കാരുടെ രക്ഷക്ക്‌ ആരും എത്തിയില്ല.ഇത്‌ നമുക്ക്‌ അപമാനമാണ്‌.എല്ലാ സര്‍ക്കാരുദ്യോഗസ്ഥരുടേയും തസ്തികയുടെ പേര്‌ പുന:പരിശോധിക്കുകയും ആവശ്യമായ പരിഷ്ക്കാരങ്ങള്‍ വരുത്തേണ്ടതായ കാലം കഴിഞ്ഞിരിക്കുന്നു.ഭരണത്തിന്റെ ഇടനാഴികളില്‍നിന്നും സായ്‌ വിനേയും രാജാവിനേയും പുറത്താക്കി ശുദ്ധീകരണം നടത്തുവാന്‍ ആര്‍ക്കുകഴിയും?

Sunday, January 30, 2011

കൂലി വേണ്ടാ..സവാള മതി

യാദൃശ്ചികമായാണ്‌ ഒരു പഴയ ഡയറി കൈയില്‍ കിട്ടിയത്‌.1994 ലെ ഒരു ഡയറി.അന്ന് നിത്യചെലവും വരവും ഡയറിയില്‍ കുറിക്കുമായിരുന്നു.ഇന്നാ ശീലമില്ല.പലപ്പോഴും വര്‍ഷമാദ്യം പുതിയ ശീലമെന്നനിലയില്‍ ഡയറിയെഴുത്ത്‌ ആരംഭിക്കുമെങ്കിലും ജനുവരി പോലും പൂര്‍ത്തിയാക്കാതെ പരാജയപ്പെടും.ഇന്ന് ഈ പണി നോക്കാറില്ല.

1994 ലെ ഡയറിയിലെ ഡിസംബര്‍ 8 ,9 തീയതികളിലെ ചെലവുകണക്ക്‌ നോക്കാം.അന്നത്തെ വിലനിലവാരം നോക്കുക.

പാല്‍ 9.50രൂ വെളിച്ചെണ്ണ 22 രൂ ഓറഞ്ച്‌ 12രൂ
3കിലോ പച്ചരി 1കിലോ പഞ്ചസാര കാല്‍ കിലോ ചെറിയ ഉള്ളി കാല്‍ കിലോ തേയില ഒരു പിയേഴ്സ്‌ സോപ്പ്‌ ഇവക്ക്‌ എല്ലാം കൂടി 76.50 രൂപാ

അന്ധാളിച്ചുപോയി.ഇന്ന് 76 രൂപക്ക്‌ ഒരു കിലോ സവാള ലഭിക്കില്ല.വിലയില്‍ പത്തോ പതിനഞ്ചോ മടങ്ങ്‌ വര്‍ദ്ധനവാണ്‌ ഉണ്ടായിരിക്കുന്നത്‌.എന്നാല്‍ നിത്യവരുമാനക്കാരില്‍ വരുമാനത്തില്‍ ഇത്ര വര്‍ദ്ധനവ്‌ ഉണ്ടായിട്ടില്ല.അതേപോലെ അന്നത്തെ 1രൂപയുടെ മൂല്യം ഇന്ന് 10 രൂപയ്ക്കും മുകളിലാണ്‌.ആശങ്കാജനകമായ ഈ പണപ്പെരുപ്പം നമ്മളെ എവിടെ എത്തിക്കും..
ഉല്‍പ്പാദനക്കുറവുമാത്രമല്ല...വന്‍ കിട റീട്ടയില്‍ കമ്പനികള്‍ ചരക്കുകള്‍ വന്‍ തോതില്‍ സ്റ്റോക്ക്‌ ചെയ്തതാണ്‌ വിലക്കയറ്റത്തിനു കാരണമെന്ന് ഇന്ന് നമ്മുടെ കേന്ദ്രമന്ത്രി കണ്ടെത്തിയിരിക്കുന്നു.കാലവര്‍ഷക്കെടുതിമൂലം 10 ശതമാനം കൃഷിയെ നശിച്ചിട്ടുള്ളൂപോലും.
കുത്തകകള്‍ ചില്ലറവില്‍പ്പനരംഗത്ത്‌ വരുന്നതിലെ അപായം ഇടതുപാര്‍ട്ടികള്‍ മാത്രമെ പറഞ്ഞിരുന്നുള്ളൂ.അന്ന് ഇതാരും ഗൗരവമാക്കിയില്ല.ഇന്ന് റിലയന്‍സ്‌,മോര്‍ തുടങ്ങിയ വന്‍ കിട കമ്പനികള്‍ കൃഷിക്കാര്‍ക്ക്‌ മുന്‍ കൂറായി പണം നല്‍കി കൃഷി നടത്തുന്നു.ഉല്‍പ്പന്നം മുഴുവന്‍ നിസ്സാര വിലകൊടുത്തുവാങ്ങി സ്റ്റോക്ക്‌ ചെയ്യുന്നു.ഇന്ന് സവാളക്ക്‌ വില നിശ്ചയിക്കുന്നത്‌ അംബാനിയോ ബിര്‍ളയോ ആണ്‌.കോടിക്കണക്കിനു രൂപയുടെ നിത്യോപയോഗ വസ്തുക്കളുടെ മാര്‍ക്കറ്റ്‌ ഒന്നോ രണ്ടോ വ്യവസായികളുടെ കൈകളിലേക്ക്‌ എത്തുന്ന ആപല്‍ക്കരമായ സ്ഥിതിവിശേഷം ആസന്നമായിരിക്കുന്നു.
ഇന്നത്തെ പണപ്പെരുപ്പനിരക്ക്‌ 8% ആണ്‌.1947 നു ശേഷം ശരാശരി പതിവര്‍ഷ പണപ്പെരുപ്പനിരക്ക്‌ 6.68% ആണ്‌.അതായത്‌ 1947ല്‍ 5 രൂപ ചെലവിന്റെ സ്ഥാനത്ത്‌ ഇന്ന് 232.21രൂപയാണുവേണ്ടതെന്ന് ചുരുക്കം.അതായത്‌ 4544 ശതമാനത്തിന്റെ ശരാശരി വര്‍ദ്ധന.പഴയ ബാര്‍ട്ടര്‍ സിസ്റ്റം തിരിച്ചെത്തുന്ന കാലം വരുമോ?
ശമ്പളം നിത്യോപയോഗ സാധനങ്ങളായി തരുന്ന കാലം വരുമോ?

Tuesday, January 4, 2011

ജീവനക്കാര്‍ക്ക്‌ പുതുവര്‍ഷ സമ്മാനം

കേരളത്തിലെ ഇടതുപക്ഷമുന്നണി സര്‍ക്കാര്‍ ഒരു വാഗ്ദാനം കൂടിനിറവേറ്റുകയാണ്‌.5 ലക്ഷത്തോളം വരുന്ന ജീവനക്കാരുടെ ശമ്പളവും 4 ലക്ഷത്തോളം വരുന്ന പെന്‍ഷന്‍ കാരുടെ പെന്‍ഷനും പരിഷ്കരിക്കുന്നതിനുള്ള അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്നു.ഒന്‍പതാമത്‌ ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ട്‌ സര്‍ക്കാരിനു സമര്‍പ്പിച്ചുകഴിഞ്ഞു.സാധാരണ ഗതിയില്‍ ഒരു മാസത്തിനകം ഗവണ്‍മന്റ്‌ ഉത്തരവുണ്ടാകണം.(9th Pay Commission recommendation)
കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്കരണം എല്ലാവിഭാഗം ജനങ്ങളുടേയും ശ്രദ്ധയാകര്‍ഷിക്കാറുണ്ട്‌.5 ലക്ഷത്തോളം വരുന്ന ജീവനക്കാരും അവരെ ആശ്രയിക്കുന്ന ഉദ്ദേശം 15 ലക്ഷത്തോളം വരുന്ന കുടുംബാംഗങ്ങളും ചേര്‍ന്നാല്‍ 20 ലക്ഷത്തോളം വരുന്നു.ഇതേപോലെ പെന്‍ഷന്‍ കാരും അവരെ ആശ്രയിക്കുന്ന മറ്റൊരു 15 ലക്ഷം പേര്‍ വേറേയും.ശരാശരി 10000 രൂപ ഒരു സര്‍ക്കാര്‍ ജീവനക്കാരനോ പെന്‍ഷന്‍ കാരനോ ലഭിക്കുമെന്ന് കണക്കാക്കിയാല്‍ ഏതാണ്ട്‌ 1000 കോടിരൂപ ഒരു മാസം കേരളത്തിന്റെ സമ്പത്ത്‌ രംഗത്ത്‌ വരുന്നുണ്ട്‌.ഈ തുകയില്‍ നല്ലൊരു ശതമാനവും നിത്യോപയോഗ സാധനങ്ങളുടെ വാങ്ങലിനായി ചെലവഴിക്കുന്നു.കൂടാതെ ഇന്‍ഷുറന്‍സ്‌,വിദ്യാഭ്യാസ മേഖലയിലും നല്ല ശതമാനം ചെലവഴിക്കുന്നുണ്ട്‌.ഇത്തരത്തില്‍ നോക്കുമ്പോള്‍ കേരളത്തിന്റെ സമ്പത്‌ വ്യവസ്ഥയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ വരുമാനം ചെലുത്തുന്ന സ്വാധീനം നിസ്സാരമല്ലന്ന് കാണാം.അതിനാല്‍ ഒരു ശമ്പളപരിഷ്കരണം എന്നത്‌ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്‌.
ആന്റണി അധികാരത്തില്‍ കയറിയപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ മുണ്ട്‌ മുറുക്കിയുടുക്കട്ടെ എന്നുപറഞ്ഞാണ്‌ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതും അതിനുപിന്നാലെ 33 ദിവസത്തെ സമരവും ഉണ്ടായത്‌.അന്ന് വ്യാപാരിവ്യവസായി സമൂഹവും ഇന്‍ഫാം പോലുള്ള സംഘടനകളും സര്‍ക്കാരിന്‌ പൂര്‍ണ്ണപിന്തുണയുമായി രംഗത്ത്‌ വന്നു.എന്നാല്‍ 33 ദിവസത്തെ ശമ്പളം കുടിശ്ശികവന്നപ്പോള്‍ വ്യാപാരികളും മുണ്ട്‌ മുറുക്കി ഉടുക്കേണ്ടി വന്നു,.അതിനാല്‍ ശമ്പളപരിഷ്കരണം ഇന്ന് ജീവനക്കാരുടെ മാത്രം പ്രശ്നമല്ല..ജീവനക്കാരുടെ കൈകള്‍ വഴി സമൂഹത്തിലേക്ക്‌ ഒഴുകുന്ന പണം പൊതുസമൂഹത്തിന്റെ വളര്‍ച്ചക്കും ഹേതുവാകും.
ഇപ്പോള്‍ തന്നെ ഇന്‍ഷുറന്‍സുകാര്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഫോണുകളിലേക്ക്‌ വിളിക്കാനാരംഭിച്ചിട്ടുണ്ട്‌.മോട്ടോര്‍ സൈക്കിള്‍ കമ്പനികള്‍ക്കും കാറുകമ്പനികള്‍ക്കും നല്ലകാലം പ്രതീക്ഷിക്കാം.ടിവി,ഫ്രിഡ്ജ്‌,കമ്പ്യുൂട്ടര്‍ എന്നിവയുടേയും വില്‍പ്പന പൊടിപൊടിക്കുമെന്ന് പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല.
ഇത്തരത്തില്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനേയും പ്രതിക്ഷേധത്തിന്റെ പേരില്‍ ഒരു പ്രകടനം പോലും നടത്തിക്കാതെയും ഒരു കരിദിനം പോലും കൊണ്ടാടിക്കാതെയുമാണ്‌ ശമ്പളപരിഷ്കരണം നടപ്പാക്കുന്നത്‌ എന്ന് കാണുമ്പോള്‍ സമീപനങ്ങളിലെ മാറ്റമാണ്‌ വ്യക്തമാകുന്നത്‌.
പരിഷ്കരണം മൂലം അത്ര നിസ്സാരമല്ലാത്ത ആനുകൂല്യം കിട്ടുന്നുണ്ട്‌ എന്നത്‌ പലജീവനക്കാര്‍ക്കും വിശ്വസിക്കാനാകുന്നില്ല.എന്നാല്‍ മാത്‌ സ്‌ ബ്ബ്ലൊഗ്ഗില്‍ ഒരു അദ്ധ്യാപകന്റെ വേദന തങ്ങള്‍ക്ക്‌ കേന്റ്രീയ വിദ്യാലയത്തിലെ അദ്ധ്യാപരുടെ ശമ്പളത്തിന്റെ അടുത്തെങ്ങും എത്തുന്നില്ല എന്നതാണ്‌.എന്നാല്‍ മറ്റേതൊരു സംസ്ഥാനത്തേയും അദ്ധ്യാപരുടെ ആനുകൂല്യം കിട്ടുന്നുണ്ടോ എന്ന്‌ പരിശോധിക്കാനോ പഠിക്കാനോ ശ്രമിച്ചുകണ്ടില്ല.ഒരു പരിഷ്കരണവും ആര്‍ക്കും നൂറുശതമാനം തൃപ്തിനല്‍കിയിട്ടില്ലന്നതാണ്‌ ചരിത്രം.എന്നാല്‍ അഞ്ചുവര്‍ഷം കൂടുമ്പോള്‍ പരിഷ്കരണമെന്നത്‌ അംഗീകരിക്കുകയെന്നത്‌ വലിയകാര്യം തന്നെയാണ്‌
ഇപ്പോഴത്തെ ശമ്പളപരിഷ്കരണത്തിലെ ശുപാര്‍ശ പ്രകാരം ശമ്പളം നിര്‍ണ്ണയിക്കുന്നത ഇപ്രകാരമാണ്‌
1) അടിസ്ഥാനശമ്പളം
2) 64 ശതമാനം ക്ഷാമബത്ത
3)പത്തുശതമാനം ഫിറ്റ്‌മന്റ്‌ ബെനഫിറ്റ്‌-കുറഞ്ഞത്‌ 1000 രൂപ
4) ഒരു വര്‍ഷത്തെ സര്‍വീസിന്‌ അര ശതമാനം വീതം വെയ്റ്റേജ്‌-പരമാവധി 15 ശതമാനം
5) 1+2+3+4 നുശേഷം ബന്ധപ്പെട്ട സ്കേയിലില്‍ അടുത്ത സ്റ്റേജില്‍ ഫിക്സ്‌ ചെയ്യുന്നു.
ഉദാഹരണം-
1-09-2009 ല്‍ രൂ 7990-200-9590-240-10790-280-11910-340-12930 സ്കയിലില്‍ 9830 രൂപ ശമ്പളം വാങ്ങുന്ന19 വര്‍ഷം സര്‍വീസുള്ള
ഒരു ജീവനക്കാരന്‌ ഇപ്രകാരം ശമ്പളം നിജപ്പെടുത്താം
അടിസ്ഥാന ശമ്പളം-9830
ക്ഷാമബത്ത--6291
ഫിറ്റ്മെന്റ്‌-1000
വെയ്റ്റേജ്‌-836
ആകെ-17957
ഇത്‌ 13900-360-14980-400-16980-440-18740-500-21240-560-22360 സ്കെയിലില്‍ 18300 രൂപയിലേക്ക്‌ നിജപ്പെടുത്താം.ഇത്‌ 1-09-2010 ല്‍ 18740 ആകുന്നു.
ഈ ജീവനക്കാരന്‌ ശമ്പളപരിഷ്കരണം കൊണ്ട്‌ എന്താണ്‌ മെച്ചമുണ്ടായതെന്ന് താഴെ പട്ടികയില്‍ നിന്നും മനസ്സിലാക്കാം.

ഇപ്പോഴത്തെപുതിയത്‌
അടിസ്ഥാനശമ്പളം1007018740
ക്ഷാമബത്ത78552624
ആകെ1792521364
ഇതുകൂടാതെ മറ്റ്‌ ആനുകൂല്യങ്ങളിലും വര്‍ദ്ധനവ്‌ വരുത്തിയിട്ടുണ്ട്‌.അത്‌ സംബന്ധിച്ച്‌ വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഏതായാലും പ്രധാനമായും നേട്ടങ്ങള്‍ കാണുന്നുണ്ട്‌
1) തരക്കേടില്ലാത്ത ഇങ്ക്രിമന്റ്‌ തുക.കഴിഞ്ഞ പരിഷ്കരണത്തില്‍ 5 വര്‍ഷം കൊണ്ട്‌ അടിസ്ഥനശമ്പളത്തില്‍ 13.17% വര്‍ധനവ്‌ ലഭിച്ചപ്പോള്‍ ഈ പരിഷ്ക്കരണത്തില്‍ ഇത്‌ ഏതാണ്ട്‌ 14 ശതമാനമുണ്ട്‌
2)കഴിഞ്ഞ പരിഷകരണത്തില്‍ 4-5-7 വര്‍ഷങ്ങളില്‍ മാത്രമായിരുന്നു ഇങ്ക്രിമന്റ്‌ നിരക്കില്‍ ഒരു വര്‍ദ്ധനവ്‌ ലഭിച്ചിരുന്നത്‌.എന്നാല്‍ ഇവിടെ 3-4 വര്‍ഷമായി നിജപ്പെടുത്തിയിട്ടുണ്ട്‌.
അതിനാല്‍ പുതുവര്‍ഷം സന്തോഷപ്രദമായിരിക്കുമെന്നാശിക്കാം.

Recent Posts

ജാലകം