Pages

Tuesday, July 31, 2012

കെവിന്‍ കാര്‍ട്ടറും നമ്മുടെ പത്രക്കാരും


കെവിന്‍ കാര്‍ട്ടറെപ്പറ്റി ഇപ്പോഴാണ്‌ അറിഞ്ഞത്‌.നമ്മുടെ പത്രപ്രവര്‍ത്തകര്‍ ഇദ്ദേഹത്തെപ്പറ്റി എഴുതിയതും കണ്ടിട്ടില്ല.എല്ലാം എഴുതുക എന്നത്‌ മലയാളപത്രപ്രവര്‍ത്തകര്‍ക്ക്‌ പറഞ്ഞിട്ടുള്ളതുമല്ല.ഇത്രയും പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്ന ഒരു പത്രപ്രവര്‍ത്തനം ഒരു പക്ഷേ ലോകത്ത്‌ തന്നെ ഒരിടത്തുമുണ്ടാകില്ല.അതെല്ലാം വിവരിക്കുവാന്‍ എത്രയോ താളുകള്‍ വേണം.ഇവിടെ അതിനെപ്പറ്റിയുമല്ല പറഞ്ഞുവരുന്നതും.

ആദ്യം കെവിന്‍ കാര്‍ട്ടറെപ്പറ്റിപ്പറയാം.ചുരുക്കി പറയാം. 1994 ലെ പുലിറ്റ്‌ സര്‍ അവാര്‍ഡ്‌ ലഭിച്ച ദക്ഷിണാഫ്രിക്കന്‍ ഫോട്ടോ ജേര്‍ണലിസ്റ്റാണ്‌.1993 മാര്‍ച്ചില്‍ സുഡാനിലെ പട്ടിണിയും ദാരിദ്ര്യവും അറിയുന്നതിനായി സുഡാനിലെത്തി.പട്ടിണിക്കോലമായ ഒരു കുട്ടി കഞ്ഞിവീഴ്ത്തല്‍ കേന്ദ്രത്തിലേക്ക്‌ വീണും കിടന്നും പോകുന്നതും അതിനു പിന്നാലെ ആര്‍ത്തിയോടെ ഒരു കഴുകന്‍ അനുഗമിക്കുന്നതും കാര്‍ട്ടര്‍ കണ്ടു.കഴുകനേയും കുട്ടിയേയും നല്ല ആങ്കിളില്‍ ലഭിക്കുവാനായി ഏതാണ്ട്‌ ഇരുപതു മിനിറ്റ്‌ ക്ഷമയോടെ കാത്തുനിന്നശേഷം എടുത്ത ചിത്രത്തിനാണ്‌ അദ്ദേഹത്തിന്‌ പുലിറ്റ്‌ സര്‍ അവാര്‍ഡ്‌ നേടിക്കോടുത്തത്‌.ചിത്രം കണ്ട്‌ ലോകജനത തരിച്ചിരുന്നു പോയി.സുഡാനിലെ പട്ടിണിയും ദാരിദ്ര്യവും ലോകജനതയ്ക്കു മുന്‍പില്‍ ഇത്രയും തീക്ഷ്ണമായി ലഭിക്കുന്നതും ഈ ചിത്രത്തില്‍ നിന്നാണ്‌.
എന്നാല്‍ ചിത്രം പ്രസിദ്ധീകരിച്ച ന്യൂയോര്‍ക്ക്‌ ടൈംസിന്റെ ആഫീസിലേക്ക്‌ വായനക്കാരുടെ നിലയ്ക്കാത്ത അന്വേഷണമായി..ചിത്രത്തിലെ കുട്ടിക്ക്‌ എന്താണ്‌ സംഭവിച്ചത്‌?കുട്ടിക്ക്‌ കഞ്ഞി വീഴ്ത്തല്‍ കേന്ദ്രത്തില്‍ എത്താനായോ?കഴുകന്‍ എവിടെ പോയി?താന്‍ ഫോട്ടോ എടുത്തശേഷം അവിടം വിട്ടു പോയെന്നും കുട്ടിക്ക്‌ എന്താണ്‌ സംഭവിച്ചത്‌ എന്ന് അറിവില്ലന്നുമാണ്‌ കാര്‍ട്ടര്‍ പറഞ്ഞത്‌.ഇത്‌ വല്ലാത്ത വിമര്‍ശനങ്ങള്‍ക്ക്‌ ഇടയാക്കി.ജനം കാര്‍ട്ടറെ പഴിച്ചു..ഏതായാലും പശ്ചാത്താപവിവശനായ കാര്‍ട്ടര്‍ വിഷാദ രോഗത്തിനടിപ്പെട്ട്‌ മൂന്നുമാസത്തിനു ശേഷം ആത്മഹത്യ ചെയ്തു.കാര്‍ട്ടറുടെ മരണവും ഏറെ ചര്‍ച്ചാവിഷയമായി.ഒരു പത്രപ്രവര്‍ത്തകന്‍ തന്റെ ജോലി ആത്മാര്‍ഥമായി ചെയ്തതിന്‌ പ്രതിക്ഷേധത്തിന്റെ ആവശ്യമുണ്ടോ?ലോകം സുഡാനിലെ പട്ടിണിയും ദാരിദ്ര്യവും അറിഞ്ഞത്‌ ഈ ഒരൊറ്റ ചിത്രം കൊണ്ടല്ലേ? അല്ലങ്കില്‍ ഇത്‌ ലോകജനത അറിയുമായിരുന്നോ?ഇന്നും ഈ ചര്‍ച്ച അവസാനിക്കുന്നില്ല.(കൂടുതല്‍ അറിയാന്‍ നെറ്റില്‍ പരതിയാല്‍ മതിയാകും)
ഇനി മലയാള(ഇന്‍ഡ്യന്‍)പത്രപ്രവര്‍ത്തകരുടെ ഇടയിലേക്ക്‌ വരാം.പത്രത്തിലെ വാര്‍ത്തകളും ഫീച്ചറുകളും വായിക്കുന്ന നമുക്ക്‌ ഇതിനു പിന്നിലെ എഴുത്തുകാരന്റെ ആത്മാര്‍ത്ഥതയും സാമൂഹ്യപ്രതിബദ്ധതയും അഴിമതിയോടുള്ള അടങ്ങാത്ത പ്രതിക്ഷേധവും തുളുമ്പി നില്‍ക്കുന്നത്‌ കാണാം.മനസ്സാ ഒരു പത്രപ്രവര്‍ത്തകനെ നമ്മള്‍ ആരാധിക്കും.എത്ര അന്നാ ഹസ്സാരെ മാരാണ്‌ മലയാള പത്രപ്രവര്‍ത്തനത്തിനു പിന്നിലെന്ന് നമ്മള്‍ വിചാരിച്ചാല്‍ കുറ്റപ്പെടുത്താന്‍ പറ്റുമോ?.
ഈ അടുത്തകാലത്ത്‌ പണമടയ്ക്കാതെ ഫ്ലാറ്റ്‌ സ്വന്തമാക്കിയ മനോരമയിലെ ജോണ്‍ മുണ്ടക്കയത്തെ പോലെയുള്ള പ്രമുഖരുടെ പട്ടിക പുറത്തുവന്നത്‌ മാധ്യമ ലോകം ആഘോഷിച്ചില്ല.അതിനെതിരെ ഫീച്ചരുകളോ രേഖാചിത്രമോ കാര്‍ട്ടൂണോ വരച്ചില്ല.ചാനലുകളില്‍ ബുദ്ധിജീവി ചര്‍ച്ചകള്‍ ഉണ്ടായില്ല.എന്നാല്‍ ബ്ലോഗ്‌ പോലുള്ള മാദ്ധ്യമങ്ങളില്‍ ചര്‍ച്ച നടന്നതാണ്‌ ഏക ആശ്വാസം.ആസ്സാമില്‍ പെണ്‍കുട്ടിയെ പരസ്യമായി ഉപദ്രവിച്ചപ്പോള്‍ ചാനലുകാരനാണ്‌ സാമൂഹ്യദ്രോഹികള്‍ക്ക്‌ വേണ്ടത്ര പ്രോത്സാഹനം നല്‍കിയത്‌...നല്ലോരു വാര്‍ത്തക്കുവേണ്ടി..ഈ പത്രപ്രവര്‍ത്തനത്തിനെതിരെ വടക്കേന്ത്യയില്‍ ചര്‍ച്ചയും പ്രതിക്ഷേധവും ഉണ്ടായി.എന്നാല്‍ നമ്മുടെ പത്രങ്ങള്‍ അതും കണ്ടില്ല.ഇവിടെ അപ്പോഴും സി.പി.വധം ആഘോഷിക്കുകയായിരുന്നു.
പണ്ട്‌ മനോരമ പത്രത്തില്‍ വന്ന ഒരു ചിത്രം ഇവിടെ കൊടുക്കുന്നു.പട്ടികടിച്ച ഈ മനുഷ്യന്‌ എന്തുപറ്റിയെന്ന് ചോദിക്കരുത്‌?പട്ടികടികോണ്ട്‌ ഒരു മനുഷ്യന്‍ കരയുമ്പോള്‍ ഫോട്ടോ എടുക്കുന്ന ഫോട്ടോഗ്രാഫറുടെ ആത്മാര്‍ത്ഥത ആരും ചോദ്യം ചെയ്യരുത്‌.ഒരു വശത്ത്‌ പട്ടികടിക്കും ..ഞാന്‍ എന്റെ ജോലിചെയ്യും.അയാളെ രക്ഷിക്കുവാനുള്ള കടമ ഏതെങ്കിലും ചുമട്ടുതോഴിലാളിക്കോ ഓട്ടോറിക്ഷക്കാരനോ ആണെന്ന് പറയുമായിരിക്കും.അവര്‍ക്ക്‌ അവരുടെ ജോലിമാത്രമല്ലല്ലോ പ്രധാനം.ഇത്തരത്തിലുള്ള സാമൂഹ്യപ്രവര്‍ത്തനവും ചുമട്ടുകാര്‍ക്ക്‌ പറഞ്ഞിട്ടുള്ളതാണെന്ന് ചിലപ്പോള്‍ വാദിക്കുമായിരിക്കും.
തിരുവനന്തപുരം പദ്മ്മനാഭ സ്വാമി ക്ഷേത്രക്കുളത്തില്‍ നിസ്സഹായനായ ഒരാള്‍ മുങ്ങിമരിക്കുന്നത്‌ ലൈവായി പ്രക്ഷേപണം ചെയതവരാണ്‌ മലയാളത്തിലെ ചാനലുകാര്‍.ഇവിടേയും ജോലിയാണു പ്രധാനമെന്ന് മലയാളികള്‍ കണ്ടതാണ്‌.
ഞങ്ങള്‍ പത്രപ്രവര്‍ത്തകര്‍ ഈ ഒരു പണിക്കുവേണ്ടിമാത്രം ആകാശത്തുനിന്ന് കെട്ടിയിറക്കിയതാണെന്ന് ഇനിയെങ്കിലും നിങ്ങള്‍ മനസ്സിലാക്കണം.ഞങ്ങള്‍ക്ക്‌ നാടെങ്ങും ഫ്രീ പാസ്സില്‍ ബസ്സിലും ട്രെയിനിലും സഞ്ചരിക്കാം..സര്‍ക്കാരിന്റെ ഫ്ലാറ്റുവങ്ങിയാല്‍ പണമടയ്ക്കണ്ട.ഈ ഫ്ലാറ്റുകള്‍ വാടകയ്ക്ക്‌ കൊടുത്ത്‌ വാടകവാങ്ങി രാജമന്ദിരങ്ങളില്‍ വാഴാം..സര്‍ക്കാരാഫീസില്‍ വന്ന് ഭീഷണി മുഴക്കാം..PRESS എന്ന സ്റ്റിക്കര്‍ ഒട്ടിച്ച്‌ ലൈസന്‍സില്ലാതെയോ ഹെല്‍മെറ്റ്‌ വയ്ക്കാതെയോ വണ്ടി ഓടിക്കാം..സര്‍ക്കാര്‍ സ്ഥലം കൈയ്യേറാം...അമ്പലത്തിന്റെ സ്ഥലം കൈവശം വയ്ക്കാം...ഇനിയും ഇനിയും എന്തെല്ലാം...ഇതിലൊന്നും കെവിന്‍ കാര്‍ട്ടറെപ്പോലെ ഒരു വിഷാദവും ഞങ്ങള്‍ക്ക്‌ ഉണ്ടാകില്ല.കാരണം ഞങ്ങള്‍ മലയാളപത്രപ്രവര്‍ത്തകരാണ്‌..

Recent Posts

ജാലകം