നിശ്ചയമായും ഇത്തരത്തില്‍ ഒരു ചര്‍ച്ചക്ക് ഇന്ന് വളരേ പ്രസക്തിയുണ്ടെന്നു തോന്നുന്നു.60 കളില്‍ കല കലയ്ക് വേണ്ടിയോ,സമൂഹത്തിനുവേണ്ടിയോ എന്നുള്ള തീഷ്ണമായ ചര്‍ച്ചകള്‍ സാഹിത്യസമൂഹത്തിലും രാഷ്ട്രീയത്തിലും മുഴങ്ങിനിന്നിരുന്നു.കല സമൂഹത്തിനുവേണ്ടിയെന്ന പക്ഷത്ത് മുണ്ടശ്ശേരി,എം.പി.പോള്‍,തുടങ്ങി ഇടതുപക്ഷവീക്ഷണമുള്ളവരായിരുന്നു മുന്‍പന്തിയില്‍.കലയെ കമ്യൂണിസ്റ്റ് പക്ഷത്ത് പിടിച്ചുകെട്ടുന്നതിനുള്ള ശ്രമമെന്ന് വിമര്‍ശനം ഉണ്ടാകുമ്പോഴുംസാഹിത്യകലാരംഗത്ത് ഇത്തരത്തില്‍ വിഭജനം വന്നു കഴിഞ്ഞിരുന്നു.പുരോഗമനകലാസാഹിത്യസംഘത്തിന്റെ പിറവി ഇതോടെയാണ്
കഴിഞ്ഞദിവസം 'ദേശാഭിമാനി"യില്‍ വന്ന ഒരു ലേഖനം തെരെഞ്ഞെടുപ്പുകാലത്തുകണ്ട ബ്ലോഗുകളിലെ ശക്തമായ പക്ഷം ചേരലലിനെപറ്റി വിലയിരുത്തുന്നു.ഇടതുപക്ഷജനാധിപത്യമുന്നണിക്കുവേണ്ടി ശക്തമായി മുഖം മൂടിയില്ലാതെ രംഗത്തുവന്നതിനെ ധീരമായമുന്നേറ്റമായി കാണുന്നതിനൊപ്പം ഇതര ബ്ലോഗുകളുടെ നിലവാരത്തകര്‍ച്ചയെ ലേഖകന്‍ ശക്തമായി വിമര്‍ശിക്കുന്നു.ബ്ലോഗ് ബ്ലോഗിനുവേണ്ടിയോ സമൂഹത്തിനുവേണ്ടിയോ എന്ന പുതിയ ചര്‍ച്ചകള്‍ക്ക് ഇവിടെ തുടക്കമാകുന്നു.
"ബ്ലോഗെഴുത്തിന്റെ തലവര" എന്ന എം.എസ്സ്.അശോകന്റെ ലേഖനത്തില്‍ ,ഭൂരിപക്ഷം മലയാളം ബ്ലോഗുകളും അരാഷ്ട്രീയ പൈങ്കിളി ബ്ലോഗുകളും നിലവാരം കുറഞ്ഞ ഗൃ ഹാതുരതയുടെ പരസ്യപ്പലകകളുമാണ്.
ബ്ലോഗുകള്‍ ഒരു പുതിയ മാധ്യമമാണ്.ചിത്രവും എഴുത്തും വീഡിയോയും ശബ്ദവും ഉള്‍പ്പെടെയുള്ള വിവിധ സങ്കേതങ്ങളുടെ സന്നിവേശമാണത്.എഴുത്തുകാരന്റെ സ്വാതന്ത്ര്യം എന്നതായിരുന്നു കല കലകലക്കുവേണ്ടിയെന്ന വാദത്തിനുപിന്നില്‍.ബ്ലോഗുകളുടെ വ്യാപനവും അനന്തമായ സ്വാതന്ത്ര്യത്തിന്റെ സാധ്യതകളില്‍നിന്നാണ്.
ബ്ലോഗെഴുത്തിന്റെ തുടക്കത്തില്‍തന്നെ രംഗപ്രവേശം ചെയ്ത ബ്ലോഗര്‍മാരുടെ പാത പിന്നീട് വന്ന പലരും പിന്തുടര്ന്നുപോന്നു എന്നത് നേരാണ്.അപരനാമങ്ങളില്‍ തയ്യാറാക്കിയതും അശോകന് പറയുന്നതുപോലെ താന്‍ ആദ്യമായി മാവിലേക്കെറിഞ്ഞ കൊഴുവിനെക്കുറിച്ചോ,ഉപയോഗിച്ച ബ്രഷിനെക്കുറിച്ചോ ധാരാളം എഴുതി.ഇതാണ് ബ്ലോഗ്ഗ് ശൈലി എന്ന് ധരിച്ചവശരായി പലരും.പിന്നീട് ഉലക്കയുടേയും കുറ്റിച്ചൂലിന്റേയും ചിത്രങ്ങള്‍ പോസ്റ്റ്ചെയ്യ്ത് അഭിപ്രായങ്ങള്‍ക്ക് കാത്തിരുന്നു.അതും പിന്നീട് ശൈലിയായി മാറി.ബ്ലോഗെഴുത്തിന്റെ നേര്‍വഴിയെന്ത്?സമൂഹത്തിന് ബ്ലോഗെഴുത്ത് എങ്ങിനപ്രയോജനപ്പെടണം?ബ്ലോഗ്ഗറുടെ സാമൂഹ്യ പ്രതിബദ്ധതയെന്ത്?..ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താതെ ഇനിയും അധികദൂരം പോകാനാകില്ല.
നിശ്ചയമായും ബ്ലോഗ്ഗുകളും ബ്ലോഗ്ഗെഴുത്തും സാമൂഹ്യമായ വികസനത്തിന്റെ ഭാഗമാണ്.ഏതു തരത്തില്‍ ബ്ലോഗ്ഗ് ചെയ്യണം എന്നത് ബ്ലോഗ്ഗറുടെ സ്വാതന്ത്ര്യമാകാം.ടൂത് ബ്രഷിനെപ്പറ്റിയോ കാലിച്ചാക്കിനെപറ്റിയോ എഴുതാം.പക്ഷേ ഇവസമൂഹത്തിന് എന്തു നല്‍കുന്നുണ്ട് എന്നത് പ്രസക്തമായ ചോദ്യമാണ്.മറ്റുള്ളവര്‍ കാണേണ്ടന്ന് ആഗ്രഹിക്കുന്ന ബ്ലോഗ്ഗര്‍ക്ക് അപ്രകാരം ആകാം.പക്ഷേ പ്രസിദ്ധീകരിക്കുന്ന ബ്ലോഗ്ഗുകള്‍ സമൂഹത്തിന് എന്തെങ്കിലും നല്‍കേണ്ടതുണ്ട് എന്നുള്ളത് ഇടതുപക്ഷമോ വലതുപക്ഷമോ അല്ല..അതു മനുഷ്യപക്ഷമാണ്.
നമുക്ക് ചുറ്റും നടക്കുന്ന സംഗതികള്‍ അറിയുന്നില്ലന്ന് ഏതുബ്ലോഗ്ഗര്ക്ക് പറയാനാകും?അത് സാഹിത്യത്തിലായാലും രാഷ്ട്രീയത്തിലായാലും ശാസ്ത്രത്തിലായാലും വിവരസാങ്കേതികരംഗത്തായാലും സാമ്പത്തിക രംഗത്തായാലും...അതിനാല്‍ ഇതില്‍ നിന്നല്ലാം ഒഴിഞ്ഞ് സന്യാസിയായി ഒരു ബ്ലോഗ്ഗര്‍ക്കും മാറാനാകില്ല.എഴുത്തുകാരന്റെ---ബ്ലോഗ്ഗറുടെ------ സ്വാതന്ത്ര്യം എന്ന് പറഞ്ഞ് ഇത് ന്യായീകരിക്കാനുള്ള ശ്രമം സമൂഹത്തിനെതിരെയുള്ള കണ്ണടക്കലാണ്.കേവലമായ സ്വാതന്ത്ര്യം ആര്‍ക്കെങ്കിലുമുണ്ടോ?നിലവിലുള്ള സമൂഹത്തിനു നിരക്കാത്തതും നിയമങ്ങള്‍ അനുസരിച്ചുമല്ലാതെയുമുള്ള സ്വാതന്ത്ര്യത്തെ പ്പറ്റി പറയാനാകില്ലല്ല്ലോ?സ്വാതന്ത്ര്യത്തിന്റെ പേരില്‍ പട്ടാപ്പകല്‍ നടുറോഡിലൂടെ തുണിയുരിഞ്ഞ് നടക്കണമെന്ന് ആരും പറയുമോ?അപ്പോള്‍ ഒരു എഴുത്തുകാരനോ ബ്ലോഗ്ഗര്ക്കോ കേവലമായ സ്വാതന്ത്ര്യമില്ലല്ലോ ?
സാമൂഹ്യപ്രതിബദ്ധതയുള്ള ബ്ലോഗ്ഗെഴുത്തിനുവേണ്ടിയുള്ള പക്ഷം ചേരല്‍ താമസിയാതെ ഉരുത്തിരിയുമെന്ന് വ്യക്തമാണ്.ഒരു പുരോഗമന ബ്ലോഗ്ഗെഴുത്തുസംഘം എന്ന പേരില്‍ ഒരു സംഘടന രൂപമെടുക്കാനുള്ള സാധ്യതയും വിദൂരമല്ലന്ന് കാണാം.
ബ്ലോഗ്ഗറുടെ സ്വാതന്ത്ര്യത്തെ പറ്റിയുള്ള ആരോഗ്യകരമായ ചര്‍ച്ചകളും വാദങ്ങളും ഉണ്ടാകട്ടെ.പരസ്പരവിരുദ്ധമായ വീക്ഷണങ്ങളുടെ ഏറ്റുമുട്ടല്‍ വളര്‍ച്ചയുടെ ലക്ഷണം തന്നെയാണ്.ഇത് ബ്ലോഗ്ഗെഴുത്തിന്റെ വളര്‍ച്ചയുടെ ഘട്ടമാണ്.ബ്ലോഗ്ഗെഴുത്തിന്റെ വഴിയേതെന്ന് നിശ്ചയമില്ലാതെയുള്ള നട്ടംതിരിയലില്നിന്ന് ഒരു പുതുവഴികണ്ടുപിടിച്ച് ലക്ഷ്യബോധത്തോടെയുള്ള മുന്നേറ്റം ആവശ്യമാണ്.അത് സമൂഹത്തിന്റെ വളര്‍ച്ചക്ക് ഊര്‍ജ്ജം നല്‍കുന്നതും ഭൂരിപക്ഷത്തിന്റെ താല്‍പ്പര്യത്തിന് അനുസൃതവുമായിരിക്കണം.ഇതരമാധ്യമങ്ങള്‍ ബ്ലോഗ്ഗിനെ ഹൈജാക്ക് ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.കരുതിയിരിക്കേണ്ട സമയമായി..
22 അഭിപ്രായങ്ങൾ:
അവനവനു എഴുതാന്‍ താല്പര്യമുള്ള വിഷയങ്ങള്‍ എഴുതും അത് കഥയാകാം ,കവിതയാകാം .രാഷ്ട്രീയമാകാം ,മെഡിസിന് ,സംസ്കൃതം കണക്ക് എന്തും ആകാം അത് എഴുതുന്നവന്റെ അഭിരുചി പോലിരിക്കും .ഇന്നതെ എഴുതാവൂ എന്ന് പറയുന്നത് തന്നെ വെറും വയറ്റില്‍ വാശി പിടിക്കലാണ് മാഷെ .പിന്നെ ഹൈ ജാക്ക് ചെയ്യല്‍ നമുക്ക് കാത്തിരുന്ന് കാണാം .
ബ്ലോഗെഴുത്ത് എങ്ങിനപ്രയോജനപ്പെടണം?ബ്ലോഗ്ഗറുടെ സാമൂഹ്യ പ്രതിബദ്ധതയെന്ത്?..ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താതെ ഇനിയും അധികദൂരം പോകാനാകില്ല.
വളരെ ശരിയാണ് .ഇന്നും ബ്ലോഗ്ഗില്‍ ഒരു പക്ഷത്തിന്റെ എഴുത്തുണ്ടു അത് സൂക്ഷ്മമായി നോക്കിയാല്‍ വായിക്കാം .വിദൂരമല്ലതെ പുരോഗമന ബ്ലോഗ്ഗെഴുത്തുസംഘം എന്നാ പ്രസ്ഥാനം ഉണ്ടായാല്‍ അതിനു ആരോഗ്യപരമായ വളര്‍ച്ചയും ഉണ്ടാകും എന്നതും സത്യം. നല്ല പോസ്റ്റ് അഭിനന്ദനങ്ങള്‍
അങ്ങനെ എഴുതണം ഇങ്ങനെ എഴുതണം എന്നൊക്കെ വാശിപിടിക്കുന്നത് നല്ലതാണോ മാഷേ? പ്രത്യേകിച്ചും ഇങ്ങനെ ഒരു മീഡിയത്തിൽ....ഓരോരുത്തർ അവർക്കിഷ്ടമുള്ളത് എഴുതട്ടേ...
ഓരോരുത്തരും അവരവർക്കു താല്പര്യമുള്ള വിഷയങ്ങൾ എഴുതട്ടെ.ഏതെങ്കിലും ഒരു പക്ഷം ചേരൽ നല്ലതാണെന്ന് തോന്നുന്നില്ല.
എന്തിന് വാശി പിടിക്കുന്നു. ഓരോത്തവരും അവര്‍ക്കിഷ്ടമുള്ളത് എഴുതട്ടേ.
വായനക്കാരന്റെ സ്വാതന്ത്ര്യമാണ് എന്ത് തെരഞ്ഞെടുക്കണമെന്നത്.
എന്റെ ബ്ലോഗില്‍ ഞാന്‍ എന്തെഴുതണം
പു ക സ സാഹിത്യകാരന്മാരെ വിലയില്ലാത്ത പ്രതികരണക്കൂട്ടമാക്കി മാറ്റി. ഇനി പു ബ സ കൂടി വന്നാല്‍ കേമായീ എന്നല്ലാതെ എന്തു പറയാന്‍..
ബ്ലോഗ് തുടങ്ങിയിട്ട് കേവലം പത്ത് വര്ഷത്തോളമല്ലേ ആയുള്ളു. അത് സ്വന്തം വഴി കണ്ടെത്താന്‍ ധാരാളം സമയമുണ്ട്.
ബ്ലോഗില്‍ ധാരാളം വായനക്കാരും എഴുത്തുകാരും വന്നുചേര്‍ന്നാല്‍ നടവഴികളും,ഇടവഴികളും,റോഡുകളും,കപ്പല്‍ ചാലുകളും,വിമാനത്താവളങ്ങളും താനെ ഉണ്ടായിക്കൊള്ളും.ആത്മബോധമുള്ളവരില് നിന്നും രഷ്ട്രീയവും, ചിന്താധാരകളും ഒഴുകിപ്പരക്കും. ആശംസകള്‍ !!
ആസ്വാദനശക്തിയുള്ള എഴുത്തായാല് മതിയെന്നേ
ദേശാഭിമാനിയിൽ വായിച്ചിരുന്നു...
സോദ്ദേശ ബ്ലോഗ് എന്ന് ഒന്ന് ഇല്ല. ബ്ലോഗിനെ അതിന്റെ വഴിക്ക് വിട്ടേക്ക് .
...സ്വന്തം ഡയറി പോലെ ബ്ലോഗെഴുതുന്നവര്‍ ഉണ്ട്.
അവരൊന്നും ഇനി എഴുതണ്ട എന്നാണൊ..?
അരാഷ്ട്രീയതയെ പൈങ്കിളി എന്നു പറയുന്നു എങ്കില്‍ ഫാസിസം ലോകത്തെ ഏറ്റവും വലിയ പൈങ്കിളി ആയിരിക്കും അല്ലെ..?
പിന്നെ,
ഗൃഹാതുരത എന്നത് വൈയക്തികമാവം പലപ്പോഴും..
വ്യതിത്വങ്ങളുമായി ബന്ധപ്പെട്ടതാണ് അതെല്ലാം ..
എനിക്ക് പ്രിയപ്പെട്ട കുട്ടിക്കാലം നിങ്ങള്‍ക്ക് അങ്ങനെ ആവണം എന്നില്ല..
എന്റെ ബ്ലോഗില്‍ ഞാന്‍ സ്നേഹിച്ച പെണ്ണിനെക്കുറിച്ച് മുതല്‍ എനിക്ക് രോഷം തോന്നുന്ന സാമൂഹ്യ അനീതികള്‍ക്കെതിരെ വരെ ഞാന്‍ എഴുതും...
അതിനെ പൈങ്കിളി എന്ന് താങ്കള്‍ വിളിക്കുന്നു എങ്കില്‍ മനുഷ്യന്റെ ഓര്‍മ്മകളെ മുഴുവന്‍ ...അവന്റെ ഭൂത കാലത്തെ മുഴുവന്‍ പൈങ്കിളി എന്ന് വിളിക്കാന്‍ ധൈര്യം കാണിക്കേണ്ടി വരും..
കക്ഷി രാഷ്ട്രീയം എന്നത് മാത്രമാണോ താങ്കള്‍ രാഷ്ട്രീയ ബോധം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്..?
വലിയ ഒരു ശതമാനം ജനങ്ങള്‍ നിലവിലുള്ള ഇന്ത്യന്‍ രാഷ്ട്രീയ അവസ്ഥയില്‍ മനം നൊന്തിരിക്കുന്നവരാണ്..
അവരോടു ഏതു രാഷ്ട്രീയത്തിന്റെ പേരിലാണ് താങ്കള്‍ ഉദ്ബോധനം നടത്തുന്നത്..?
ജനപക്ഷമെന്ന നിലയില്‍ ഉള്ളിന്റെ ഉള്ളില്‍ ഇടതു പക്ഷ ചായ്വ് എന്നും സൂക്ഷിചിരുന്നവര്ക്ക് പോലും ഇന്നത്തെ കക്ഷി രാഷ്ട്രീയ കൂടിയാട്ടങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല..
ആ പത്ര കട്ടിംഗ് വായിക്കാന്‍ തക്ക വണ്ണം ഒന്നു ശെരിയാക്കാമോ..?
നെല്ലും പതിരും വായനക്കാര്‍ തരം തിരിച്ചോളും!
A blog (a contraction of the term weblog) is a type of website, usually maintained by an individual with regular entries of commentary, descriptions of events, or other material such as graphics or video. (Wiki)
സാര്‍ ഇങ്ങനെ ഒരു വഴി വരച്ചിടരുത്. എനിക്ക് സാമൂഹിക പ്രതിബദ്ധത്യമില്ലെങ്കിലും ബ്ളോഗ്ഗെഴുതാം. ജീവിതമെഴുതാം, ഗൃഹാതുരത്തിന്റെ പലകവെക്കാം. അതിനൊക്കെ നിയമമെഴുതാനും തരം തിരിക്കാനും വഴിവെട്ടാനും വന്നു വന്നു ഒള്ള സ്വൈര്യവിഹാരം തടസ്സപ്പെടാതിരിക്കട്ടെ. ആശംസകള്‍
അഭിപ്രായങ്ങള്‍ക്കെല്ലാം നന്ദി...
ഈ പോസ്റ്റില്‍ ഞാന്‍ പ്രധാനമായും രേഖപ്പെടുത്തിയ വീക്ഷണങ്ങള്‍ ഇവയായിരുന്നു
1) ബ്ലോഗ്ഗെഴുത്തുകാര്ക്ക് എന്തും എഴുതുന്നതിനുള്ള സ്വാതന്ത്ര്യമുണ്ടോ?
2) ബ്ലോഗ്ഗെഴുത്ത് സമൂഹത്തിനുപ്രയോജനപ്പെടേണ്ടെ?
ബ്ലോഗ്ഗെഴുത്തുകാരോട് ഇന്ന പക്ഷം ചേരണമെന്ന് ഞാന്‍ പറഞ്ഞില്ല.ഇടതുപക്ഷമോ വലതുപക്ഷമോ അല്ല മനുഷ്യപക്ഷത്തുനില്ക്കണമെന്നു ഞാന്‍ പറഞ്ഞു..കൂടുതല്‍ വിശദീകരണം ആവശ്യമെന്നു തോന്നുകയാല്‍ അല്‍പ്പം കൂടി വിശദീകരിക്കുന്നു,
ബ്ലോഗ്ഗര്‍ക്ക് എന്തുവിഷയം വേണമെങ്കിലും തെരെഞ്ഞെടുക്കാം..അതിനുള്ള സ്വാതന്ത്ര്യവുമുണ്ട്.സാമൂഹികമായ വികസനത്തിന് ഊര്‍ജ്ജം പകരുന്നതിനെ പ്രോല്‍സാഹിപ്പിക്കേണ്ടത് ആരുടേയും കടമയാണ്.കടലിലെ തിര എണ്ണല്‍ ആര്‍ക്കും ഒരു തൊഴിലാക്കാം.കടല്‍പോലെ സ്വാതന്ത്ര്യവുമുണ്ട്.പക്ഷെ അയാള്‍ സാമൂഹ്യജീവിയാണെന്നോ അയാളുടെ പ്രവൃത്തി സാമൂഹ്യസേവനമാണെന്നൊ പറയാമോ? ഒരുപക്ഷത്തിനും വേണ്ടി ഞാന്‍ വാദിക്കുന്നില്ല.എന്നാല്‍ സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി ബ്ലോഗ്ഗുകള്‍ക്ക് എന്തെങ്കിലും ചെയ്യാനാകുമെങ്കില്‍ ആ പക്ഷത്ത് നില്‍ക്കാതിരിക്കാനാകില്ല.
ഇന്നുള്ള മിക്ക മാധ്യമങ്ങള്‍ക്കും വാര്‍ത്തകള്‍ തയ്യാറാക്കുന്നതില്‍ ഒരേ രസതന്ത്രമാണുള്ളത്.അല്‍പ്പം സെന്സേഷന്,അല്‍പ്പം സെക്സ്,അല്‍പ്പം ജനവികാരം,അല്‍പ്പം ധാര്‍മ്മികത,കുറേ ഇടതുവിരോധം,കുറേ മതവികാരം ഇതാണ് ആ രസതന്ത്രം.ബോഗ്ഗുകളില് കടന്ന് അവയില്‍നിന്നും ഈ ലിറ്റ് മസ്സ് പേപ്പറില്‍ പരിശോധിച്ച് ചിലത് പുനപ്രസ്സീദ്ധീകരിക്കുവാന് ചില മാധ്യമങ്ങള്‍ ഇപ്പോള്‍ തയ്യാറാകുന്നത് ഭാവിയിലെ ഈ മാധ്യമത്തിന് ഉണ്ടാകാന്‍ സാധ്യതയുള്ള വികാസത്തില്‍ കണ്ണുവെച്ചാകാം.പ്രസിദ്ധി ആര്‍ക്കാണെങ്കിലും വേണ്ടെന്ന് പറയാനാകില്ല.ഈ മാധ്യമങ്ങള്‍ തെരെഞ്ഞടുക്കുന്ന ബ്ലൊഗ്ഗുകളുടെ വഴിയെപോകാന് (,വിഷയവും നിരീക്ഷണവും മറ്റും)പിന്നീട് ബ്ലോഗ്ഗര്മാര് നിര്‍ബന്ധിതമാകുന്ന ഒരു കാലഘട്ടത്തെ ഞാന്‍ മുന്നില്‍ കണ്ടാണ് ഹൈജാക്കു ചെയ്യാനുള്ള സാധ്യതയെ സംബന്ധിച്ച് പറഞ്ഞത്.മാധ്യമങ്ങളില്‍ പുന:പ്രസിദ്ധീകരിക്കാത്ത ബ്ലോഗ്ഗുകള്‍ക്ക് നിലനില്‍പ്പില്ലെന്നുള്ള സ്ഥിതിയുണ്ടാകാനുള്ള സാധ്യതയില്ലേ?ഇവിടെയാണ് സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്നത്.ബ്ലോഗ്ഗുകളുടെ ഭാവി എന്തെന്ന് ചര്ച്ചചെയ്യപ്പെടുന്നതിലെന്താണ് തെറ്റ്?
സാധാരണ ഉള്ള പത്ര-ടെലവിഷന്‍ മാധ്യമങ്ങള്‍ക്ക് അവരുടേതായ ചട്ടക്കൂടില്‍ നിന്നെ എഴുതാന്‍ പറ്റു. അവരുടെ സ്ഥാപിത താല്പര്യങ്ങള് അവര്‍ വാര്‍ത്തകളില്‍ പ്രതിഭലിപ്പിക്കുന്നു. ഇത് എല്ലായിപ്പോളും സത്യം ജനങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തലാണ്. ബ്ലോഗ്ഗില്‍ സത്യം അവതരിപ്പിക്കാന്‍ ആരുടേയും താല്പര്യം നോക്കേണ്ടല്ലോ.. കാത്തിരുന്നു കാണാം, എങ്ങനെ ഒക്കെ ബ്ലോഗ്ഗിനെ തളക്കും എന്ന്.
മണിയേട്ടാ... ഇത്തരത്തില്‍ പ്രസക്തമായ ഒരു വിചിന്തനത്തിന് തുടക്കമിട്ടതില്‍ അഭിനന്ദനങ്ങള്‍. എഴുത്ത് പലതുണ്ടല്ലോ. ഫിക്ഷനും നോണ്‍ ഫിക്ഷനും. ഏതായാലും അതിന് സാമൂഹ്യ പ്രതിബദ്ധത ഉണ്ടാവണമെന്നതിന് സംശയമില്ല. സാമൂഹ്യ പ്രതിബദ്ധത എന്നതിനേക്കാള്‍ നന്മയുള്ളവയാകണം എഴുത്ത് എന്നു പറയാനാണെനിക്ക് തോന്നുന്നത്. പിന്നെ കവിതയായാലും കഥയായാലും, ചിത്രമായാലും ഓരോന്നിനും അവയുടെ ഭാഷയുണ്ട്. വിഷയമുണ്ട്. ഒരോബ്ലോഗ്ഗും വായനക്കാര്‍ക്ക് ഒരോ അനുഭവങ്ങള്‍ തരുന്നു. ചിലര്‍ കാല്‍പ്പനികമായ കവിത. ചിലര്‍ ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍. ഞാന്‍ മണിയേട്ടന്റെ ബ്ലോഗ്ഗ്ഗ്ഗില് വരുന്നത് കവിതകള്‍ വായിക്കാനല്ല. സമൂഹത്തെ തെളിമയോടെ നോക്കി കാണുന്ന ഈ വട്ടക്കണ്ണടയുടെ വീക്ഷണങ്ങള്‍ വായിക്കാനാണ്. ഇവിടെ വ്യക്തി സ്വാതന്ത്ര്യമാണ് വലുത്. എഴുതുന്നവന്റേയും വായിക്കുന്നവന്റേയും.
ബ്ലോഗ്ഗുലകത്തെ ഒരോബ്ലോഗ്ഗര്ക്കും പുത്തന്‍ ആത്മവിമര്‍ശനത്തിനു കാരണമാവട്ടെ ഈ കുറിപ്പ്.
പ്രിയ ബിനീഷ്
ശരിയാണ്..നന്മയാണ് വേണ്ടത്..അതുതന്നെയാണ് ഞാന്‍ ഉദ്ദേശിച്ചതും..കുറച്ചുകൂടി നല്ല വീക്ഷണവും അതുതന്നെ.ബ്ലോഗ്ഗായാലും സിനിമയായാലും ചിത്രമായാലും കവിതയായാലും ഏതുസാഹിത്യമായാലും അതിനുപിന്നില്‍ ഒരു നന്മയുടെ സ്പര്‍ശം ഉണ്ടാകണം ..അഭിപ്രായതിനു നന്ദി..
കൊള്ളാം. നല്ല ചര്‍ച്ച. ദാ ഇവിടെ കാണുന്നത് പോലെ. നന്നായി മാഷെ
ബിനോജ്
ഇതിലേവരാന് താമസ്സിച്ചു.അരാഷ്ട്രിയ/പൈങ്കിളി എന്ന് പു.ക.സ./ദേശാഭിമാനി വിവര്‍ത്തനം ചെയ്തു വിളിക്കുന്നത്,കക്ഷി രാഷ്ട്രീയ ജരാനരബാധിക്കാതെ പോയ വ്യക്തിത്വങ്ങളെയാണ്.ബ്ലോഗ് ആധുനികവും,സമകാലീനവുമാണന്ന് ശ്രദ്ധിക്കുന്ന ആര്‍ക്കും കാണാം.അതായത് എല്ലാവര്ക്കും ഇടം അനുവദിച്ചിട്ടുണ്ടന്നു കാണാം.കഴിഞ്ഞ ആഴ്ച വത്തിക്കാനില്‍ നിന്നും മാര്‍പ്പാപ്പ,ബ്ലോഗ്ഗില്‍ ഇടപെടുന്നതിന്റെ ആവശ്യം പാതിരിമാരെ ബോധിപ്പിച്ചിരിക്കുന്നു.പ്രിന്റു മീഡിയ് ഒഴിവാക്കുന്ന ഒരുപാടു വിഷയങ്ങള്‍ ഇവിടെ നേരിട്ട് ഉന്നയിക്കാനാവുന്നുണ്ട്.നൂറു പൂക്കള്‍ വിരിയട്ടെ,നൂറു ചിന്തകള്‍- മത്സരിക്കട്ടെ’എന്നത് ബ്ലൊഗില്‍- സാദ്ധ്യമാവുന്നു.
Post a Comment