Pages

Saturday, October 17, 2009

ഒരു മൊബൈല്‍ വിശേഷംകൂടി

"ഹല്ലോ ജോസുകുട്ടിയല്ലേ?"
"അതേ"
"തിരുവല്ലേന്ന് സണ്ണിച്ചായനാടാ,,"
"...................."
"മനസ്സിലായില്ലേ?"
"..പിന്നേ അതെന്താ അങ്ങിനെപറഞ്ഞേ..."
"നീയെന്നാ ബസ്സിലാണോ?"
"അതേ.."
"എന്നാ പിന്നെ വിളിക്കാം"
"വേണ്ടാ...പറഞ്ഞോളൂ...അല്‍പ്പം തിരക്കുണ്ട്‌ എന്നാലും സാരല്ല്യ"
"എന്തുണ്ടടാ വിശേഷങ്ങള്‍..പറഞ്ഞേ.."
"പ്രത്യേകിച്ച്‌ ഒന്നുമില്ല"
"അപ്പനുമമ്മക്കും സുഖാല്ലേ.."
"അപ്പന്‍ എന്റെകൂടയാ...അമ്മച്ചി സിസിലിയുടെ കൂടെയാ..അവളു രണ്ടാമത്‌ പെറ്റുകിടക്കുന്നു."
"ങാ...സിസിലിയെ കണ്ടിട്ട്‌ ഒരുപാടുകാലായി..അവള്‌ ഗള്‍ഫിലാല്ലായിരുന്നോ?"
"അല്ലല്ല...അവള്‌ നാട്ടീത്തന്നെയല്ലേ..സലീനയാണ്‌ ഗള്‍ഫില്‍"
"സലീനയോ...എനിക്കങ്ങ്‌ ഓര്‍ക്കണില്ലാ.."
"സണ്ണിച്ചായന്റെ വിശേഷം പറയൂ..."
"നീ ഇപ്പെ എന്തോക്കായാ പണി..പഴേ കച്ചോടൊക്കെയുണ്ടോ?"
"കച്ചോടോ...അല്‍പ്പം റബ്ബര്‍വെട്ടാനുണ്ട്‌..പിന്നെ ഇത്തിരി നെല്‍ കൃഷീണ്ട്‌.."
"നിനക്ക്‌ കച്ചോടമെന്തൊ ഉണ്ടായിരുന്നതായാണ്‌ എന്റെ ഓര്‍മ്മ"
"അതെനിക്കല്ല..."
"പിള്ളേരൊക്കെയെന്തെടുക്കുന്നു?"
"മൂത്തവള്‌ പ്ലസ്സ്‌ വണ്‍ ചെറക്കന്‍ എട്ടിലും"
"നിനക്ക്‌ രണ്ട്‌ പെണ്ണായിരുന്നെന്നാ ഞാന്‍ കരുതിയത്‌"
"അത്‌ കുഞ്ഞുമോനല്ലേ?"
"ഞാന്‍ വിളിച്ചതേ...അപ്പന്റെ നാല്‍പ്പതാണ്‌ വരുന്ന ശനിയാഴ്ച..നീ പെണ്ണിനേം പിള്ളേരേം കൂട്ടി വരണം.വന്ന് വിളിക്കാനോന്നും നേരമില്ല.എല്ലാത്തിനും ഞാന്‍ തന്നെ വേണ്ടേ?"
"അപ്പന്‍ മരിച്ചത്‌ ഞാന്‍ അറിഞ്ഞില്ല..കിടപ്പായിരുന്നോ?"
"അപ്പേ നീയും പെണ്ണുംകൂടിയല്ലേ ആശുപത്രിയില്‍ വന്നതും ..പിന്നെ മരിച്ചപ്പോള്‍ അപ്പനുമമ്മച്ചിയുമായി വന്നതും"
".............................."
"തെറ്റാലിക്കലെ ജോസ്‌ കുട്ടിയല്ലേ?'...മര്‍ക്കോസുചേട്ടന്റെ മോന്‍,,,"
"അല്ലല്ല..ഞാന്‍ പ്ലാമടയിലെ തോമസ്സിന്റെ മകനാ...ചേട്ടനുദ്ദേശിച്ച ആളല്ല..റോങ്ങ്‌ നമ്പറാ."
"ഛേ ഇത്‌ നേരത്തെ പറയ്ണ്ടേ..എന്നാ അപ്പന്റെ നാല്‍പ്പതിന്നും വരണ്ടാ..ശരി"

Friday, October 9, 2009

കുഞ്ഞപ്പന്‍ മേസ്തിരി അഴിമതിക്കാരനാണോ?

വീടിനുചുറ്റും മതിലുപണിയണമെന്ന് നിശ്ചയിച്ചത്‌ മനസ്സില്ലാമനസ്സോടെയാണ്‌.കൈയിലുള്ള പൈസകൊണ്ട്‌ ഏതായാലും പണിപൂര്‍ത്തിയാക്കാന്‍ പറ്റില്ല.പിന്നെ വേണമെങ്കില്‍ ലോണ്‍ എടുക്കണം.ഇന്നത്തെ നിലയില്‍ അതും പറ്റില്ല.വീടുപണികഴിഞ്ഞ്‌ ഏഴുവര്‍ഷമായിട്ടും ചുറ്റുമതില്‍ പണിയാത്തത്‌ പലകാരണങ്ങള്‍ കൊണ്ടാണ്‌.നാലുപാടും അടച്ചുകെട്ടി സ്വയം തടവുകാരനാകുന്നതില്‍ ഒരു മന:പ്രയാസം തോന്നി.ഏഴുവര്‍ഷമായി നിര്‍മ്മാണരംഗത്തെ മാറ്റങ്ങളും നിശ്ചയമില്ലായിരുന്നു.ഏതായാലും ഒരു ദുര്‍ബ്ബലനിമിഷത്തിലാണ്‌ മതില്‍ പണിയുന്നതിന്‌ തീരുമാനമെടുക്കുന്നത്‌.
കുഞ്ഞപ്പന്‍ മേസ്തിരിയെ പണിക്ക്‌ ചുമതലപ്പെടുത്തി.ഏറെ പണിപ്പെട്ടാണ്‌ മേസ്തിരിയുടെ "ഡേറ്റ്‌" കിട്ടുന്നത്‌.ഭക്ഷണമില്ലാതെ 450 രൂപ പണിക്കൂലി.[ഒന്നു ഞെട്ടിയോ?] കൂടാതെ സഹായിക്ക്‌ 300 രൂപ.ഇതുകൂടാതെ ഒരു ശിഷ്യനുമുണ്ട്‌.
പണിക്കുവരാമെന്നേറ്റ ദിവസം രാവിലെ എട്ടുമണിയായിട്ടും മേസ്തിരി എത്തിയില്ല.രണ്ടുമൂന്നു ദിവസം മിനക്കെട്ടാണ്‌ മണലും ഇഷ്ടികയും മറ്റും സംഘടിപ്പിച്ചത്‌.മേസ്തിരി വരില്ലായിരിക്കുമോ?
മുന്‍ വശത്തെ വരാന്തയില്‍ ഞാന്‍ നിരാശനായി ഇരുന്നു.8.15ന്‌ മേസ്തിരി എത്തി.ചായക്കടയിലെ തിക്കും തിരക്കും വന്നപാടെ വര്‍ണ്ണിച്ചു.ശിഷ്യനും സഹായിയും ഇതോടൊപ്പം തന്നെ എത്തിച്ചേരുകയും പണിക്കുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
മുറ്റത്തെ ജാതിമരത്തില്‍ ഒരു അയ കെട്ടി ഷര്‍ട്ടും മുണ്ടും മാറ്റി അതില്‍ തൂക്കി.വര്‍ക്കിംഗ്‌ ഡ്രസ്സ്‌ ധരിച്ചു.
ഇതിനിടെ മൊബെയില്‍ ഫോണ്‍ അടിച്ചു.മറ്റൊരു പണിയുടെ കാര്യങ്ങള്‍ ഏറെ നേരം സംസാരിച്ചു.
റെഡി..ഒന്നു മുറുക്കിയിട്ടാകാം എന്ന് മേസ്തിരി തീരുമാനിച്ചു.ഇതിനിടെ ഫോണ്‍ ഒന്നുകൂടി ശബ്ദിച്ചു.
മുറുക്കുന്നതിനിടെ ഉമ്മറത്തുകിടന്ന പത്രത്തിന്റെ തലക്കെട്ടിലേക്ക്‌ ഒന്നു പാളിനോക്കി.ലാവ്‌ ലിന്‍ കേസ്സ്‌...
മേസ്തിരി അഴിമതിയെപ്പറ്റി വാചാലനായി.
"ഇന്ന് ആരും മോശമല്ല.സര്‍ക്കാരാപ്പീസ്സില്‍ 11 മണിയാകാതെ ഒറ്റ മനുഷേനും എത്തുമോ?വന്നാലോ,,ഒരു ചായകുടി..പിന്നെ പത്രപാരായണം..ഇതൊക്കെ കഴിഞ്ഞ്‌ ഒരു സര്‍ട്ടിഫിക്കറ്റ്‌ തരണമങ്കിലോ...ഉച്ചയാകണം...പിണറായീം കൊള്ളാം.. കാര്‍ത്തികേയനും കൊള്ളാ,,,,,,,"
നമുക്ക്‌ തുടങ്ങിയാലോ എന്ന് പറഞ്ഞാലോ എന്ന് തോന്നി.വേണ്ട പുത്തരിയിലേ കല്ലുകടിക്കണ്ട..
ശിലാസ്ഥാപനം നടന്നപ്പോള്‍ മണി 9.10
മൊബെയില്‍ വീണ്ടും അടിച്ചു.
ഇതിനിടെ ഒരാള്‍ മേസ്തിരിയെ തിരക്കി വന്നു.
അല്‍പ്പം കഴിഞ്ഞപ്പോള്‍ അവരുടെ സംസാരവും ലാവ്വ്‌ ലിന്‍ തന്നെയായി..
10.30ന്‌ ഊണ്‌..വീട്‌ അടുത്തായതിനാല്‍ വീട്ടില്‍ പോയാണ്‌ ശാപ്പാട്‌..
11ന്‌ തിരിച്ചെത്തി
ഒരു മുറുക്കാന്‍ കൂടിയാകാം..
ഫോണ്‍ അടിച്ചു...
11.30 ന്‌ പണി പുനരാരംഭിച്ചു,
എവിടുന്നോ മഴ ഇരച്ചെത്തി
വില്ലേജ്‌ ഓഫീസില്‍ പോക്കുവരവിന്‌ പോയതും വില്ലേജാപ്പീസര്‍ക്ക്‌ കൈക്കൂലി കൊടുത്ത കഥയും മഴക്കിടയില്‍ കേട്ടു.
കഥക്കവസാനം എല്ലാവരും കള്ളനാണെന്ന് പ്രാസത്തില്‍ അവസാനിപ്പിച്ചു.
12 മണിക്ക്‌ ..കടുംചായ..
ഇപ്പോള്‍ കേട്ടത്‌ റേഷന്‍ കടയിലെ അഴിമതിയെപ്പറ്റിയാണ്‌.
വീണ്ടും ഫോണ്‍..
1.30 ന്‌ ഉച്ചഭക്ഷണം..ഒരു ചെറിയ മയക്കവും
ഇപ്പോള്‍ കിട്ടിയത്‌ പോലീസിന്റെ അഴിമതിക്കഥകളാണ്‌..
2.30 ന്‌ പണി പുനരാരംഭിച്ചു..
ഫോണ്‍ വീണ്ടും വീണ്ടും അടിച്ചു..
4 മണിക്ക്‌ കടുംചായ..
ഈ സമയം കേട്ടത്‌ ഫോറസ്റ്റുകാരുടെ അഴിമതിക്കഥകളാണ്‌..
5.30ന്‌ ..പണിയായുധങ്ങള്‍ കഴുകാനാരംഭിച്ചു.
ആറുമണിക്ക്‌ തച്ചുകാശ്‌ വാങ്ങി കുഞ്ഞപ്പന്‍ മേസ്തിരി പോയി
ഇപ്പോള്‍ ഞാന്‍ ഒരു വിധം എല്ലാ സര്‍ക്കാര്‍വകുപ്പുകളെപ്പറ്റിയും വകുപ്പുകളുടെ അഴിമതിയെപ്പറ്റിയും പരിജ്ഞാനമുള്ളവനായി.,,ഞാന്‍ കുഞ്ഞപ്പന്‍ മേസ്തിരിക്കുകൊടുത്തത്‌ തച്ചുകാശ്‌ മാത്രമല്ല ട്യൂഷന്‍ ഫീസ്‌ കൂടിയാണ്‌,,
പണിയില്‍ അലംഭാവം കാട്ടുന്നതും ആത്മാര്‍ത്ഥത കാട്ടാത്തതും അഴിമതിയാണെങ്കില്‍ അത്‌ എല്ലാവര്‍ക്കും ബാധകമല്ലേ?സര്‍കാരുദ്യോഗസ്ഥനുമാത്രമല്ലല്ലോ...മേസ്തിരിക്കും,കൂലിപ്പണിക്കാരനും ,എല്ലാവര്‍ക്കും....

Saturday, October 3, 2009

നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കണ്ട

കുഞ്ഞുവര്‍ക്കിച്ചേട്ടനും വര്‍ഗീസുചേട്ടനും അയല്‍ വാസികളാണ്‌.ഒരേ ദൈവത്തില്‍ വിശ്വസിച്ചിരുന്നവരും ഒന്നിച്ച്‌ ഒരേ പള്ളിയില്‍ പോകുന്നവരുമായിരുന്നു.
പുഴയിലേക്കു പോകുന്ന തൊണ്ടിന്റെ ഇരുവശങ്ങളിലും മുഖാമുഖമാണ്‌ ഇവരുടെ വീടുകള്‍.ഇവരുടെ വീടിനുമുന്‍പില്‍ മതിലോ വേലിയോ ഉണ്ടായിരുന്നില്ല.ഉമ്മറത്തിരുന്നാല്‍ രണ്ടുപേര്‍ക്കും പരസ്പരം കാണാം.ഇവര്‍ക്ക്‌ ഇപ്പോള്‍ ഏതാണ്ട്‌ എണ്‍പത്‌ വയസ്സെങ്കിലും ഉണ്ടാകും.

ചെറുപ്പം മുതലേ കളിച്ചുവളര്‍ന്നവരാണ്‌.രണ്ടുപേരും പാടത്തും പറമ്പിലുമായി എത്ര വിയര്‍പ്പൊഴുക്കിയിരിക്കുന്നു.ഇവരുടെ പാടങ്ങളും അടുത്തടുത്താണ്‌.കൃഷിയിറക്കലും പുല്ലുപറിക്കലും വളമിടലും എല്ലാം പരസ്പരം സഹായിച്ചാണ്‌ ചെയ്തിരുന്നുള്ളൂ.രണ്ടുപേര്‍ക്കും ഒരേര്‍ കാളകള്‍ വീതമുണ്ടായിരുന്നു.ഒന്നിച്ച്‌ മാറിമാറി അവരവരുടെ പാടത്ത്‌ കാളകളെ പൂട്ടിയാണ്‌ ചെലവ്‌ ലാഭിച്ചത്‌.ഒരാളുടെ പാടം കോയ്തശേഷമാണ്‌ അടുത്തയാളുടെ കൊയ്യാറുള്ളൂ.കൊയ്തുകാര്‍ക്ക്‌ രണ്ടു കൊയ്ത്‌ കിട്ടാനാണ്‌ ഇത്‌.
വര്‍ഷകാലമായാല്‍ പുഴയിലും പാടത്തും വെള്ളം പൊങ്ങും.രാത്രിയില്‍ പിന്നെ രണ്ടുപേര്‍ക്കും ഉറക്കമില്ല.പാടമായ പാടമെല്ലാം നടന്ന് ഊത്ത പിടിക്കാന്‍ പോകും.കിട്ടുന്നത്‌ പങ്കിട്ടെടുക്കും.വര്‍ഗീസുചേട്ടന്റെ വീട്ടില്‍ കള്ളുചെത്തുണ്ട്‌.വീതം കിട്ടുന്ന കള്ള്‌ രണ്ടുപേരും പങ്കിട്ട്‌ കഴിക്കും.അല്ലാതെ കള്ളുഷാപ്പില്‍ പോയി സ്ഥിരമായി കള്ളുകുടിക്കാറില്ല.പിന്നെയുള്ളത്‌ കടമറ്റം പള്ളിപെരുന്നാളിനോ കോലഞ്ചേരിപള്ളി പെരുന്നാളിനോ ഷാപ്പില്‍ പോയി അല്‍പ്പം മിനുങ്ങുന്നത്‌ മാത്രമേയുള്ളൂ.
രണ്ടുപേരും പെണ്ണുകാണാന്‍ പോയതും ഒന്നിച്ചാണ്‌.ഇരുവര്‍ക്കും ഇഷ്ടപ്പെട്ട ബന്ധങ്ങളാണ്‌ കെട്ടില്‍ കലാശിച്ചത്‌.
കുഞ്ഞുവര്‍ക്കിചേട്ടന്‌ നാലുപെണ്ണും ഒരാണും.വര്‍ഗീസുചേട്ടന്‌ രണ്ടാണും.കുഞ്ഞുവര്‍ക്കിച്ചേട്ടന്റെ പെണ്ണുങ്ങള്‍ സുന്ദരികളായതിനാല്‍ നല്ലനിലയില്‍ കെട്ടിച്ചുവിടാന്‍ വിഷമമുണ്ടായില്ല.വര്‍ഗീസുചേട്ടന്റെ മക്കളും സുന്ദരികളെ തന്നെയാണ്‌ കെട്ടിയത്‌.
കൃഷിനിന്നു.പറമ്പിലും കാര്യമായ പണിയില്ലാതായി.എങ്കിലും രണ്ടുപേരും ഒന്നിച്ച്‌ പള്ളിയില്‍ പോകുകയും രാവിലെ ചായക്കടയില്‍ പോകുകയും പുഴയില്‍ കുളിക്കുകയും കള്ളുകുടിക്കുകയും ഇറച്ചിവാങ്ങാന്‍ പോകുകയും ഊത്തപിടിക്കാന്‍ പോകുകയും ടിവി കാണുകയും പെരുന്നാളിനുപോകുകയും ചെയ്തിരുന്നു.
ഇതു മൂന്നോനാലോ വര്‍ഷം മുന്‍പുള്ള കഥ.ഇന്ന് രണ്ടുപേരുടേയും വീടിനുമുന്‍പില്‍ വലിയ മതിലുകള്‍ പണിതിരിക്കുന്നു.പരസ്പരം കാണാനാകില്ല.കാണരുതെന്നുമാണ്‌ കരുതാറും.കഴിഞ്ഞവര്‍ഷം പ്ലാവിന്റെ ഒരു കമ്പ്‌ പറമ്പിലേക്ക്‌ കയറി ചോലയായി എന്ന് പറഞ്ഞ്‌ തമ്മില്‍ തമ്മില്‍ പേ വിളിച്ചു.തല്ലോളം എത്തിയായിരുന്നു.കുഞ്ഞുവര്‍ക്കിചേട്ടന്റെ പേരക്കിടാവിന്റെ കല്യാണത്തിന്‌ വര്‍ഗീസുചേട്ടനെ വിളിച്ചില്ല.വര്‍ഗീസുചേട്ടന്റെ പേരക്കിടാവിന്റെ മാമ്മോദിസക്ക്‌ കുഞ്ഞുവര്‍ക്കിചേട്ടനെയും വിളിച്ചില്ല.
ഇവര്‍ തമ്മില്‍ പിണങ്ങാന്‍ ഇവരായി ഒരു കാരണവും ഉണ്ടാക്കിയിട്ടില്ല.രൂപ മേടിച്ച്‌ കൊടുക്കാതിരിക്കുകയോ മക്കളായി എന്തെങ്കിലും വഴക്കുണ്ടാകുകയോ ചെയ്തിട്ടില്ല...പിന്നയോ?
രണ്ടുപേരും ഇന്നും ഒരേ ദൈവത്തില്‍ വിശ്വസിക്കുന്നു.രണ്ടുപേരും പള്ളിയില്‍ പോകുന്നു.പക്ഷേ രണ്ടുപള്ളികളിലാണെന്നു മാത്രം .ഇവര്‍ പൊയ്ക്കോണ്ടിരുന്ന പള്ളി ഇന്ന് അടഞ്ഞു കിടക്കുകയാണ്‌.ഇപ്പോള്‍ രണ്ടുപേര്‍ക്കും പ്രത്യേകം പള്ളികളുണ്ട്‌.പെരുന്നാളിന്‌ പ്രത്യേകം പ്രത്യേകം പ്രദക്ഷിണങ്ങള്‍......
ഇത്‌ എറണാകുളം ജില്ലയിലെ യാക്കോബായ സഭയിലെ വിശ്വാസികളുടെ ഇന്നത്തെ അവസ്ഥയുടെ പരിച്ഛേദമാണ്‌.ഈ ചുറ്റുവട്ടത്തെല്ലാം ഇന്ന് പ്രധാനപള്ളിയോട്‌ ചേര്‍ന്ന് രണ്ടുപള്ളികള്‍ ഉയര്‍ന്നിട്ടുണ്ട്‌.പ്രസിദ്ധമായ കടമറ്റം പള്ളിയും കോലഞ്ചേരിപള്ളിയും ഇന്ന് അടഞ്ഞു കിടക്കുന്നു.ഇവിടേയും പുതിയ രണ്ടുപള്ളികള്‍ ഉയര്‍ന്നിട്ടുണ്ട്‌....ഒരു കക്ഷിയുടെ കടയില്‍ മറ്റേകക്ഷിക്കാര്‍ കയറാറില്ല.പരസ്പരം കല്യാണമോ മാമ്മോദിസയോ വിളിക്കാറില്ല...
കുഞ്ഞുവര്‍ക്കിചേട്ടനേയും വര്‍ഗീസുചേട്ടനേയും ദൈവം അകറ്റിയതല്ല.അയല്‍ക്കാരനെ സ്നേഹിക്കണമെന്ന യേശുവിന്റെ ഉപദേശം ഇവര്‍ക്ക്‌ തിരുത്തി നല്‍കിയതാരാണ്‌?
ഇത്‌ സത്യമായ കഥയാണ്‌....പേരുകളിലെ വ്യത്യാസം മാത്രം..
കല്ലെറിയുന്നവര്‍ക്ക്‌ എറിയാം..പാപം ചെയ്തവര്‍ക്കും ചെയ്യാത്തവര്‍ക്കും

Recent Posts

ജാലകം