Pages

Friday, October 9, 2009

കുഞ്ഞപ്പന്‍ മേസ്തിരി അഴിമതിക്കാരനാണോ?

വീടിനുചുറ്റും മതിലുപണിയണമെന്ന് നിശ്ചയിച്ചത്‌ മനസ്സില്ലാമനസ്സോടെയാണ്‌.കൈയിലുള്ള പൈസകൊണ്ട്‌ ഏതായാലും പണിപൂര്‍ത്തിയാക്കാന്‍ പറ്റില്ല.പിന്നെ വേണമെങ്കില്‍ ലോണ്‍ എടുക്കണം.ഇന്നത്തെ നിലയില്‍ അതും പറ്റില്ല.വീടുപണികഴിഞ്ഞ്‌ ഏഴുവര്‍ഷമായിട്ടും ചുറ്റുമതില്‍ പണിയാത്തത്‌ പലകാരണങ്ങള്‍ കൊണ്ടാണ്‌.നാലുപാടും അടച്ചുകെട്ടി സ്വയം തടവുകാരനാകുന്നതില്‍ ഒരു മന:പ്രയാസം തോന്നി.ഏഴുവര്‍ഷമായി നിര്‍മ്മാണരംഗത്തെ മാറ്റങ്ങളും നിശ്ചയമില്ലായിരുന്നു.ഏതായാലും ഒരു ദുര്‍ബ്ബലനിമിഷത്തിലാണ്‌ മതില്‍ പണിയുന്നതിന്‌ തീരുമാനമെടുക്കുന്നത്‌.
കുഞ്ഞപ്പന്‍ മേസ്തിരിയെ പണിക്ക്‌ ചുമതലപ്പെടുത്തി.ഏറെ പണിപ്പെട്ടാണ്‌ മേസ്തിരിയുടെ "ഡേറ്റ്‌" കിട്ടുന്നത്‌.ഭക്ഷണമില്ലാതെ 450 രൂപ പണിക്കൂലി.[ഒന്നു ഞെട്ടിയോ?] കൂടാതെ സഹായിക്ക്‌ 300 രൂപ.ഇതുകൂടാതെ ഒരു ശിഷ്യനുമുണ്ട്‌.
പണിക്കുവരാമെന്നേറ്റ ദിവസം രാവിലെ എട്ടുമണിയായിട്ടും മേസ്തിരി എത്തിയില്ല.രണ്ടുമൂന്നു ദിവസം മിനക്കെട്ടാണ്‌ മണലും ഇഷ്ടികയും മറ്റും സംഘടിപ്പിച്ചത്‌.മേസ്തിരി വരില്ലായിരിക്കുമോ?
മുന്‍ വശത്തെ വരാന്തയില്‍ ഞാന്‍ നിരാശനായി ഇരുന്നു.8.15ന്‌ മേസ്തിരി എത്തി.ചായക്കടയിലെ തിക്കും തിരക്കും വന്നപാടെ വര്‍ണ്ണിച്ചു.ശിഷ്യനും സഹായിയും ഇതോടൊപ്പം തന്നെ എത്തിച്ചേരുകയും പണിക്കുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
മുറ്റത്തെ ജാതിമരത്തില്‍ ഒരു അയ കെട്ടി ഷര്‍ട്ടും മുണ്ടും മാറ്റി അതില്‍ തൂക്കി.വര്‍ക്കിംഗ്‌ ഡ്രസ്സ്‌ ധരിച്ചു.
ഇതിനിടെ മൊബെയില്‍ ഫോണ്‍ അടിച്ചു.മറ്റൊരു പണിയുടെ കാര്യങ്ങള്‍ ഏറെ നേരം സംസാരിച്ചു.
റെഡി..ഒന്നു മുറുക്കിയിട്ടാകാം എന്ന് മേസ്തിരി തീരുമാനിച്ചു.ഇതിനിടെ ഫോണ്‍ ഒന്നുകൂടി ശബ്ദിച്ചു.
മുറുക്കുന്നതിനിടെ ഉമ്മറത്തുകിടന്ന പത്രത്തിന്റെ തലക്കെട്ടിലേക്ക്‌ ഒന്നു പാളിനോക്കി.ലാവ്‌ ലിന്‍ കേസ്സ്‌...
മേസ്തിരി അഴിമതിയെപ്പറ്റി വാചാലനായി.
"ഇന്ന് ആരും മോശമല്ല.സര്‍ക്കാരാപ്പീസ്സില്‍ 11 മണിയാകാതെ ഒറ്റ മനുഷേനും എത്തുമോ?വന്നാലോ,,ഒരു ചായകുടി..പിന്നെ പത്രപാരായണം..ഇതൊക്കെ കഴിഞ്ഞ്‌ ഒരു സര്‍ട്ടിഫിക്കറ്റ്‌ തരണമങ്കിലോ...ഉച്ചയാകണം...പിണറായീം കൊള്ളാം.. കാര്‍ത്തികേയനും കൊള്ളാ,,,,,,,"
നമുക്ക്‌ തുടങ്ങിയാലോ എന്ന് പറഞ്ഞാലോ എന്ന് തോന്നി.വേണ്ട പുത്തരിയിലേ കല്ലുകടിക്കണ്ട..
ശിലാസ്ഥാപനം നടന്നപ്പോള്‍ മണി 9.10
മൊബെയില്‍ വീണ്ടും അടിച്ചു.
ഇതിനിടെ ഒരാള്‍ മേസ്തിരിയെ തിരക്കി വന്നു.
അല്‍പ്പം കഴിഞ്ഞപ്പോള്‍ അവരുടെ സംസാരവും ലാവ്വ്‌ ലിന്‍ തന്നെയായി..
10.30ന്‌ ഊണ്‌..വീട്‌ അടുത്തായതിനാല്‍ വീട്ടില്‍ പോയാണ്‌ ശാപ്പാട്‌..
11ന്‌ തിരിച്ചെത്തി
ഒരു മുറുക്കാന്‍ കൂടിയാകാം..
ഫോണ്‍ അടിച്ചു...
11.30 ന്‌ പണി പുനരാരംഭിച്ചു,
എവിടുന്നോ മഴ ഇരച്ചെത്തി
വില്ലേജ്‌ ഓഫീസില്‍ പോക്കുവരവിന്‌ പോയതും വില്ലേജാപ്പീസര്‍ക്ക്‌ കൈക്കൂലി കൊടുത്ത കഥയും മഴക്കിടയില്‍ കേട്ടു.
കഥക്കവസാനം എല്ലാവരും കള്ളനാണെന്ന് പ്രാസത്തില്‍ അവസാനിപ്പിച്ചു.
12 മണിക്ക്‌ ..കടുംചായ..
ഇപ്പോള്‍ കേട്ടത്‌ റേഷന്‍ കടയിലെ അഴിമതിയെപ്പറ്റിയാണ്‌.
വീണ്ടും ഫോണ്‍..
1.30 ന്‌ ഉച്ചഭക്ഷണം..ഒരു ചെറിയ മയക്കവും
ഇപ്പോള്‍ കിട്ടിയത്‌ പോലീസിന്റെ അഴിമതിക്കഥകളാണ്‌..
2.30 ന്‌ പണി പുനരാരംഭിച്ചു..
ഫോണ്‍ വീണ്ടും വീണ്ടും അടിച്ചു..
4 മണിക്ക്‌ കടുംചായ..
ഈ സമയം കേട്ടത്‌ ഫോറസ്റ്റുകാരുടെ അഴിമതിക്കഥകളാണ്‌..
5.30ന്‌ ..പണിയായുധങ്ങള്‍ കഴുകാനാരംഭിച്ചു.
ആറുമണിക്ക്‌ തച്ചുകാശ്‌ വാങ്ങി കുഞ്ഞപ്പന്‍ മേസ്തിരി പോയി
ഇപ്പോള്‍ ഞാന്‍ ഒരു വിധം എല്ലാ സര്‍ക്കാര്‍വകുപ്പുകളെപ്പറ്റിയും വകുപ്പുകളുടെ അഴിമതിയെപ്പറ്റിയും പരിജ്ഞാനമുള്ളവനായി.,,ഞാന്‍ കുഞ്ഞപ്പന്‍ മേസ്തിരിക്കുകൊടുത്തത്‌ തച്ചുകാശ്‌ മാത്രമല്ല ട്യൂഷന്‍ ഫീസ്‌ കൂടിയാണ്‌,,
പണിയില്‍ അലംഭാവം കാട്ടുന്നതും ആത്മാര്‍ത്ഥത കാട്ടാത്തതും അഴിമതിയാണെങ്കില്‍ അത്‌ എല്ലാവര്‍ക്കും ബാധകമല്ലേ?സര്‍കാരുദ്യോഗസ്ഥനുമാത്രമല്ലല്ലോ...മേസ്തിരിക്കും,കൂലിപ്പണിക്കാരനും ,എല്ലാവര്‍ക്കും....

12 അഭിപ്രായങ്ങൾ:

മണിഷാരത്ത്‌ said...

ഞാന്‍ കുഞ്ഞപ്പന്‍ മേസ്തിരിക്കുകൊടുത്തത്‌ തച്ചുകാശ്‌ മാത്രമല്ല ട്യൂഷന്‍ ഫീസ്‌ കൂടിയാണ്‌,,

അനില്‍@ബ്ലോഗ് // anil said...

ഹ ഹ !!
കൊള്ളാം.
എല്ലാ മേഖലയിലും ഇതാണ് സ്ഥിതി.
സമൂഹത്തിന്റ്റെ ഭാഗമായ സര്‍ക്കാരുദ്യോഗസ്ഥരും അതു ചെയ്യുന്നു എന്ന് മാത്രം.
ഉദ്യോഗം സര്‍ക്കാരായാലും സ്വയം തൊഴിലായാലും ആത്മാര്‍ത്ഥത എന്നതാണ് അവശ്യം വേണ്ടത്.

Anonymous said...

വേറൊരു കഥ പറയാം:
അന്നു നേരത്തെ പോകുകയാണു ജെയിംസ് സാർ. “എന്തേ ഇത്ര നേരത്തേ?” “ഒന്നും പറയണ്ട. വീട്ടിൽ പണി നടക്കയാണ്. ആളില്ലെങ്കിൽ അവറ്റ ഒരു പണിയും എടുക്കില്ല.വൈകുന്നേരമാകുമ്പോൾ കാശ് കൃത്യമായി കണക്കു പറഞ്ഞുമേടിക്കും”
“അപ്പോൾ സാറെ; ആ സർട്ടിഫിക്കറ്റിനു വന്നയാളോട് എന്തു പറയണം? അയാൾ ഇന്നലെയും വന്നിരുന്നു. ഇന്നലെ സാർ വൈകിയാണല്ലോ വന്നത്.”
“അയാളോട് നാളെ വരാൻ പറ.”
സർക്കാരാപ്പീസുകളിൽ ഒരു പണിയും ചെയ്യാതെ മാസമാദ്യം കൃത്യമായി ശംബളം പറ്റുന്നവരുടെ അനുപാതത്തെ എന്തായാലും അടുതതകാലത്തൊന്നും കുഞ്ഞപ്പൻ മേസ്ത്രിമാർ കവച്ചുവക്കില്ല.

വേണു venu said...

പാവം കുഞ്ഞപ്പന്‍ മേസ്ത്രി, എന്നു പറയാനൊക്കുമോ. ഇല്ലേയില്ല.!
കുഞ്ഞപ്പന്‍ മേസ്ത്രിയാണു കാലഘട്ടത്തിന്‍റെ മേസ്ത്രി.
മേസ്ത്രിയോടൊപ്പം ജീവിക്കു. മേസ്ത്രിയില്‍ നിന്നു പഠിക്കൂ.മുകളിലേയ്ക്ക് തുപ്പാന്‍.

വീ കെ said...

സർക്കാർ ഉദ്യോഗസ്തർ മാത്രമാണോ അഴിമതിക്കാർ ..?
നമ്മളും അഴിമതിക്കാർ അല്ലെ...?

Areekkodan | അരീക്കോടന്‍ said...

അഴിമതി പല രൂപത്തിലും സ്വന്തം ജീവിതത്തില്‍ ഉള്ളത് പലരും തിരിച്ചറിയുന്നില്ല.

ANITHA HARISH said...

kollam tto. nannaayirikkunnu.

Gini said...

nice n funny.

മണിഷാരത്ത്‌ said...

അനില്‍ജി...............
ഒരു വിഭാഗത്തേയും അടച്ചാക്ഷേപിക്കുന്നത്‌ ഒരിക്കലും വസ്തുതപരമായിരിക്കില്ല.സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ആത്മാര്‍ഥമായും സത്യസന്ധമായും ജോലിയെടുക്കുന്ന എത്രയോപേരുണ്ട്‌.പക്ഷേ അവര്‍ക്ക്‌ ആവശ്യമായ പ്രോത്സാഹനമോ അംഗീകാരമോ കിട്ടുന്നില്ല എന്നതാണ്‌ വസ്തുത.പിന്നെ അവരെക്കെങ്ങിനെ മാതൃകയാകാന്‍ കഴിയും.ഇവരേ കണ്ടെത്താനോ പ്രോത്സാഹിപ്പിക്കാനോ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല.എന്നും പഴി കേക്കേണ്ടവരാണ്‌ ഇവര്‍ എന്ന നില മാറണം....അഭിപ്രായത്തിനു നന്ദി.....

സത്യാന്വേഷി
താങ്കളുടെ അഭിപ്രായം മുന്‍ വിധിയോടുകൂടിയതാണ്‌.ഇന്നത്തെ സാഹചര്യങ്ങളില്‍ അദ്ധ്യാപകരെപറ്റിയുള്ള താങ്കളുടെ അഭിപ്രായം ഒരിക്കലും ശരിയല്ല.സ്കൂളില്‍ അവര്‍ ചെയ്യുന്ന പ്രവൃത്തിക്കപ്പ്പുറം നന്നായി ഗൃഹപാഠം ചെയ്യേണ്ടതുമുണ്ട്‌.ഇത്‌ ആരും കാണുന്നില്ലല്ലോ?കുഞ്ഞപ്പന്‍ മേസ്തിരി ഒരു പരിച്ഛേദം മാത്രമാണ്‌.മുകളിലെ കുറിപ്പുകൂടി കാണിമല്ലോ?...നന്ദി
വേണു
എല്ലാ മേഖലയിലും അഴിമതി ഒരു രൂപത്തിലല്ലങ്കില്‍ മറ്റൊരുരൂപത്തിലുണ്ടന്നുമാത്രമാണ്‌ ഉദ്ദേശിച്ചത്‌.താങ്കള്‍ പറഞ്ഞത്‌ അച്ചട്ട്‌ ശരിയാണ്‌..കുഞ്ഞപ്പന്‍ മേസ്തിരിയാണ്‌ കാലഘട്ടത്തിന്റെ മേസ്തിരി....നന്ദി
വീകെ
അതേ അതുതന്നേ...സന്ദര്‍ശ്ശനത്തിനു നന്ദി
അരീക്കോടന്‍
വാസ്തവം..അതുതന്നെയാണ്‌ ഞാന്‍ ഉദ്ദേശിച്ചതും..സന്ദര്‍ശ്ശനത്തിനു നന്ദി
അനിത
നന്ദി

ഗിനി

നന്ദി

Typist | എഴുത്തുകാരി said...

വിഷമിക്കണ്ട മാഷേ,എല്ലായിടത്തും ഇതൊക്കെ തന്നെയാണ് സ്ഥിതി.

ഞാനും ഇന്നു് ഒരു ആശാരിയെ (മേസ്തിരിയെ) കാത്തിരിക്കയാണു്.വന്നാല്‍ പറയാം വന്നു എന്നു്. ഇന്നലെ കുറച്ചു ബാക്കി വച്ചുപോയി. ഇന്നലെ രാവിലെ വന്നതു് 11 മണിക്കു് ഉച്ചക്ക് ഊണു കഴിഞ്ഞു വന്നതു് 2.45 നു്. സമയത്തിനു വന്നിരുന്നെങ്കില്‍ ആ പണി ഇന്നലെ കഴിയുമായിരുന്നു. എന്തെങ്കിലും പറയാന്‍ പറ്റുമോ, എത്രയാളോട് പറഞ്ഞിട്ടാ അയാളെയൊന്നു കിട്ടിയതു്.

വയനാടന്‍ said...

അഴിമതിയവിടെ നിൽക്കട്ടെ ഇതു പോലെ കുഞ്ഞപ്പൻ മേസ്തിരിമാരെ കാണുമ്പോഴാണു നമ്മൾ
കാലം മാറുന്നതേങ്ങനെയെന്നറിയുന്നത്‌..
കുഞ്ഞപ്പൻ മേസ്തിരിമാരും ഓൺലൈൻ ആകുന്ന കാലം അതി വിദൂരമല്ല..

മണിഷാരത്ത്‌ said...

എഴുത്തുകാരി
വയനാടന്‍
സന്ദര്‍ശ്ശനത്തിനും അഭിപ്രായം കുറിച്ചതിനും നന്ദി

Recent Posts

ജാലകം