Pages

Sunday, November 15, 2009

പാഠങ്ങള്‍ക്കപ്പുറം...

ഇവിടെ ഞാനൊരു ചോറൂണിനുവന്നതാണ്‌.ആലുവായ്ക്‌ സമീപമുള്ള ഒരു നാട്ടിന്‍പുറമാണ്‌.കൂടിയാല്‍ അന്‍പതോ അറുപതുപേരേയുള്ളൂ.അടുത്ത ബന്ധുക്കള്‍ മാത്രം.വീടിനു കിഴക്കുവശവും വടക്കുവശവും പാടങ്ങളാണ്‌.സ്വര്‍ണ്ണനിറത്തില്‍ കതിരുകള്‍ വിളഞ്ഞുകിടക്കുന്നു.കതിരുകള്‍ക്ക്‌ മുകളില്‍ ഓണത്തുമ്പികള്‍ പാറിനടക്കുന്നുണ്ട്‌.വീട്ടില്‍നിന്നും എട്ടോ പത്തോ നടക്കല്ലുകള്‍ ഇറങ്ങിയാല്‍ പാടമാണ്‌..നടക്കല്ലിറങ്ങി ചെന്നാല്‍ ഒരു കൈത്തോടുണ്ട്‌.അതില്‍ ചെറിയ നീരൊഴുക്കുണ്ട്‌.കൈത്തോടിനുമുകളില്‍ ഒരു കരിങ്കല്ല് പാലം ഉണ്ട്‌.കിളികള്‍ താഴ്‌ന്ന് പറന്ന് ടിക്‌ ടിക്‌ ശബ്ദത്തോടെ തുമ്പികളെ പിടിക്കുന്നു.
വെറുതെ പടികളിറങ്ങി പാടത്തെ വരമ്പിലൂടെ നടന്നു.ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാല്‍ കൊയ്യാറാകും.വിളഞ്ഞുതുടങ്ങിയിട്ടുണ്ട്‌.തിരികെ പടികള്‍ കയറുമ്പോള്‍ എട്ടോ ഒന്‍പതോ വയസ്സുള്ള ഒരു ആണ്‍കുട്ടി പടികളിറങ്ങിവരുന്നു.തൂവെള്ള പാന്റും ഷൂസും കെട്ടി സിമ്പ്ലനാണ്‌.അവന്‍ പടികളിറങ്ങി ചാലിലെ പരല്‍മീനുകളെ അല്‍പ്പനേരം നോക്കിനിന്നു.പിന്നീട്‌ പാടത്തെ നെല്‍ക്കതിരുകളെ നോക്കി...അപ്പോള്‍ മുകളില്‍ നിന്നും ഇടിവെട്ടു ശബ്ദം
"സന്തൂ...ചെളിപറ്റും കേറിവാ...അടിവാങ്ങും..."
സന്തുവിന്റെ മുത്തച്ഛനാകും.മുത്തച്ഛനും പാന്റും ടീഷര്‍ട്ടുമിട്ട്‌ ഷൂവുമിട്ട്‌ സിമ്പ്ലനായിട്ടുതന്നെ..കണ്ണില്‍ ദേഷ്യത്തിന്റെ കനലുണ്ട്‌.
"വടി ഞാനെടുക്കും"
സന്തു മനസ്സില്ലാമനസ്സോടെ പടികള്‍ കയറിവന്നു.
മുത്തച്ഛന്‍ കുട്ടിയുടെ കൈ ആഞ്ഞുവലിച്ച്‌ ചേര്‍ത്തുനിര്‍ത്തി.സന്തുവിന്റെ കണ്ണ്‍ ഇപ്പോഴും നെല്‍പ്പാടത്താണ്‌.
"അച്ചച്ഛാ അത്‌ എന്തു ചെടിയാ...."
"അതാണ്‌ റൈസ്‌ പ്ലാന്റ്‌"
"റൈസ്‌ പ്ലാസ്റ്റിക്‌ ബാഗിലല്ലേ കിട്ടുന്നത്‌"
"അതൊക്കെ തന്നെ...ഇനി താഴെയിറങ്ങിയാല്‍ എന്റെ സ്വഭാവം മാറും.പാന്റിലോക്കെ ചെളിയാക്കിക്കോ..പപ്പ എന്തുപറഞ്ഞാണ്‌ എന്റെ കൂടെ വിട്ടത്‌..."
പാവം സന്തു.നെല്ല് എന്താണെന്നും നെല്‍ച്ചെടിയെന്താണെന്നും അവനറിയില്ല.ചാക്കില്‍ വരുന്ന റൈസ്‌ മാത്രമേ അവനറിയൂ.
അപ്പോഴേക്കും ചോറൂണിനു സമയമായി.ചെറിയ വീടായതുകൊണ്ട്‌ അധികം പേര്‍ക്ക്‌ നില്‍ക്കാനിടമില്ല.കുറെ പേര്‍ വീടിനകത്തുകയറി.
ഞാന്‍ ശ്രദ്ധിച്ചു.സന്തു വീണ്ടും പടികളിറങ്ങുകയാണ്‌.അവന്റെ കൗതുകം കണ്ണുകളില്‍ ജ്വലിച്ചുനില്‍ക്കുകയാണ്‌.അവന്‍ പാടത്തിറങ്ങി.പിന്നെ മുകളിലേക്ക്‌ നോക്കി.അച്ഛച്ഛന്‍ കാണുന്നുണുണ്ടോ എന്നായിരിക്കും.ഒരു നെല്‍ക്കതിര്‍ അവന്‍ പറിച്ചെടുത്തു.ഷൂവിലും പാന്റിലും ചെളിയായിട്ടുണ്ട്‌.എങ്കിലും അവന്റെ മുഖത്ത്‌ സന്തോഷം...
ഞാന്‍ പേടിച്ചു..മുത്തച്ഛന്‍ കണ്ടാല്‍ ഇനി ഭൂകമ്പമാകും.
പേടിച്ചതുതന്നെ സംഭവിച്ചു രൗദ്രഭാവത്തില്‍ മുത്തച്ഛന്‍ മുകളില്‍.സന്തു നെല്‍ക്കതിര്‍ പാടത്തേക്ക്‌ നീട്ടിയെറിഞ്ഞ്‌ തിടുക്കത്തില്‍ പടികള്‍ കയറി.
പിന്നീട്‌ ആദ്യമായി ഉപ്പും പുളിയും ചേര്‍ത്ത്‌ അന്നത്തിന്റെ രുചിയറിഞ്ഞ കുഞ്ഞിന്റെ കരച്ചിലും സന്തുവിന്റെ കരച്ചിലും ഇടകലര്‍ന്ന് ഒഴുകിവന്നു.

8 അഭിപ്രായങ്ങൾ:

Typist | എഴുത്തുകാരി said...

അന്നത്തിന്റെ രുചിയറിഞ്ഞ കുഞ്ഞിന്റെ കരച്ചിലും, ആ അന്നം എവിടെനിന്നു എങ്ങിനെ ഉണ്ടാവുന്നു എന്നറിയാന്‍ ശ്രമിച്ച കുഞ്ഞിന്റെ കരച്ചിലും!

വീ കെ. said...

ഇനി അങ്ങോട്ടുള്ള കാലം..
നമ്മുടെ കുഞ്ഞുങ്ങൾ ഇങ്ങാനെയൊക്കെയാവും കാര്യങ്ങൾ അറിയുക..

പണ്ടു നമ്മൾ പഠിച്ചിട്ടില്ലെ, അദ്ധ്യാപകൻ തന്റെ ചൂണ്ടു വിരൽ ഉയർത്തി ‘ദിസ്സീസ്സെ ടെസ്റ്റ് ട്യൂബ്...’
എന്നു പഠിപ്പിക്കുന്നത്.
അതുപോലെ പഠിപ്പിക്കേണ്ടി വരും.
‘ദിസ്സീസ്സെ റൈസ് പ്ലാന്റ്..’

ആശംസകൾ..

ബിന്ദു കെ പി said...

ഇപ്പോഴത്തെ കുട്ടികൾ മിടുക്കന്മാരും ബുദ്ധിശാലികളുമൊക്കെയാണ്. പക്ഷെ പ്രകൃതിയോടു മുഖം തിരിച്ചു നിറുത്തിയാണ് നമ്മളവരെ വളർത്തുന്നത് എന്നതൊരു ദു:ഖകരമായ സത്യമാണ്. :(

അനില്‍@ബ്ലോഗ് // anil said...

സന്തുവിനെ തടഞ്ഞത് അവന്റെ മുത്തശ്ശനാണെന്ന് ഓര്‍ക്കണം.
നാം ഘോഷിക്കാറുള്ള പഴയ തലമുറ!!
കുട്ടികള്‍ക്കെന്നും പ്രകൃതി ഒരു പ്രലോഭനമാണ്, പക്ഷെ അവരെ തടയുന്നത് മുതിര്‍ന്നവരാണ്.

നാട്ടുകാരന്‍ said...

നന്നയിരിക്കുന്നു അവതരണം.

Manikandan said...

നന്നായിട്ടുണ്ട്. പുതിയ തലമുറയ്ക്ക് അന്യമാവുന്ന നാട്ടുകാഴ്ചകള്‍.

മണിഷാരത്ത്‌ said...

എഴുത്തുകാരി
വീകെ
ബിന്ദു
അനില്‍ജി
നാട്ടുകാരന്‍
മണികണ്ഠന്‍
അഭിപ്രായങ്ങള്‍ക്ക്‌ നന്ദി

ഗൗരിനാഥന്‍ said...

കഷ്ടം നമ്മുടെ കുട്ടികളുടെ കാര്യം, ചെളിപുരണ്ടും മഴയത്ത് തുള്ളിച്ചാടിയും നടന്ന് കൂടുതല്‍ രോഗപ്രധിരോധശേഷിയും, അറിവും ആണുണ്ടാവുക എന്ന് എപ്പോഴാണ് തിരിച്ചറിയുക..

Recent Posts

ജാലകം