Pages

Tuesday, November 9, 2010

വ്യാജനാണ്‌ താരം

ഖാദി വസ്ത്രങ്ങളുടുത്ത്‌ ശീലമില്ല.ശനിയാഴ്ചദിവസങ്ങളില്‍ കൈത്തറിവസ്ത്രങ്ങള്‍ ധരിക്കണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന കൈത്തറിവസ്ത്രങ്ങള്‍ ധരിക്കുവാന്‍ ഒരു പ്രചോദനവുമായി.പിന്നെ ചിലര്‍ ഖാദി കുത്തകയാക്കി യൂണിഫോം പോലെ ഉപയോഗിക്കുന്നതില്‍ ഒരു അമര്‍ഷവും തോന്നാതില്ല.
ചിന്ത ഡയറി കക്ഷത്തില്‍ വച്ച്‌ കമ്യൂണിസ്റ്റുകാര്‍ ഒരു കാലത്ത്‌ നടന്നപ്പോള്‍ കോട്ടയം കോഴിക്കോട്‌ പത്രങ്ങള്‍ക്ക്‌ വല്ലാത്ത ചൊറിച്ചിലുമായിരുന്നു.ഏതായാലും ഇന്ന് കമ്യുൂണിസ്റ്റുകാര്‍ക്ക്‌ മാത്രമെ യൂണിഫോം ഇല്ലാതുള്ളൂ.പോലീസുകാരന്‍ ഡ്യൂട്ടിക്കുപോകുമ്പോള്‍ കാക്കി ഇടുന്നപോലെയാണ്‌ കോണ്‍ഗ്രസ്സുകാര്‍ പാര്‍ട്ടിപരിപാടികള്‍ക്ക്‌ പോകുമ്പോള്‍ വെള്ളഖദറും കഴുത്തില്‍ ഒരു ത്രിവര്‍ണ്ണത്തിലുള്ള ശീലയും ചുറ്റുന്നത്‌.സംഘപരിവാറിനാണെങ്കില്‍ കാവിയും ഉണ്ട്‌.
മൂവാറ്റുപുഴയില്‍ പാലത്തിനോട്‌ ചേന്ന് ഒരു ഖാദിഭവനുണ്ട്‌.കൂറ്റന്‍ ബോര്‍ഡ്‌ മുന്‍പിലുണ്ട്‌.ഖദര്‍ ജുബ്ബ ധരിച്ച ഒരാളാണ്‌ വിലപ്പനക്കാരന്‍,ഗാന്ധിജിയുടെ ഒരു ചിത്രം മാലചാര്‍ത്തി സ്ഥാപിച്ചിട്ടുണ്ട്‌.തേന്‍,ചന്ദനത്തിരി,എണ്ണ എന്നിങ്ങനെ വിവിധ ഖാദി ഉല്‍പ്പന്നങ്ങളും നിരത്തിയിട്ടുണ്ട്‌.ഏതായാലും നല്ലൊരു ഷര്‍ട്ട്‌ വാങ്ങണമെങ്കില്‍ അഞ്ഞൂറുരൂപയെങ്കിലും ആകും.രണ്ടെണ്ണം വാങ്ങിക്കളയാമെന്നുണ്ട്‌.ജൂബ്ബക്കാരന്‍ ചിരിച്ചുകൊണ്ട്‌ വന്നു.നിരത്തിയിട്ട ഷര്‍ട്ടുകളില്‍ നിന്നും സ്വര്‍ണ്ണനിറത്തിലുള്ള ഒരെണ്ണം തിരഞ്ഞെടൂത്തു.വിലചോദിച്ചപ്പോള്‍ 275 രൂപ.കൊള്ളാമല്ലോ എന്നു തോന്നി.രണ്ടെണ്ണം എടുത്തു.റിബേറ്റുണ്ടോ എന്നു തിരക്കി.ഇപ്പോള്‍ ഗവ.റിബേറ്റില്ല ഇനി ദീപാവലിക്ക്‌ ഉണ്ടാകുമെന്നും ജുബ്ബാക്കാരന്‍ പറഞ്ഞു.
ഖാദി വേനല്‍ക്ക്‌ നല്ല സുഖമാണ്‌ എന്നാണ്‌ അനുഭവസ്ഥര്‍ പറയുന്നത്‌.പക്ഷേ എനിക്ക്‌ വല്ലാത്ത ചൂടൂതോന്നി.നനച്ചപ്പോള്‍ ഒരു പോളിസ്റ്ററിന്റെ ലുക്ക്‌.ഷര്‍ട്ടില്‍ ഖാദി എന്ന ഇംഗ്ലീഷിലുള്ള ലേബലുമുണ്ട്‌.അതുകൊണ്ട്‌ ഒരു സംശയവും തോന്നിയില്ല.പശയൊട്ടുപിടിക്കണുമില്ല..
ഈ അടുത്തദിവസം കോലഞ്ചേരിയിലുള്ള ഖാദിഭവനില്‍ പോകുകയുണ്ടായി.ഷര്‍ട്ടിനുവില ചോദിച്ചപ്പോള്‍ 450 രൂപ.ഞാന്‍ തട്ടിക്കയറി.മൂവ്വറ്റുപുഴയിലെ ഖാദിഭവനില്‍ 275 രൂപയേയുള്ളൂ എന്നു പറഞ്ഞപ്പോള്‍ കടക്കാരന്‍ ഒരു ചിരി.അതിവിടെ കിട്ടില്ലന്നു പറഞ്ഞു.ഇത്‌ ഖാദിബോഡിന്റെ കടയാണ്‌.ഇത്‌ ഒറിജിനല്‍ ഖാദിയാണ്‌.മൂവാറ്റുപുഴയിലേത്‌ ഡ്യൂപ്ലിക്കേറ്റാണ്‌.കോയമ്പത്തൂരില്‍ നിന്നും തിരുപ്പൂരില്‍ നിന്നും വരുന്ന മില്‍ തുണികളാണ്‌ അവിടത്തെ ഖാദിപോലും.
ഞാന്‍ തിരക്കി..ശരിയാണ്‌..മൂവാറ്റുപുഴയില്‍ ഒന്നല്ല്ല ഇത്തരം രണ്ടോ മൂന്നോ വ്യാജഖാദിക്കടകളിണ്ട്‌.എല്ലാം ഖാദിപോലെ തോന്നിപ്പിക്കും.പക്ഷേ ബില്‍ ചോദിക്കുമ്പോഴാണ്‌ തട്ടിപ്പു അറിയുകയുള്ളൂ.പല കോണ്‍ഗ്രസ്സുകാരും ധരിക്കുന്നത്‌ ഈ വ്യാജഖാദിയാണ്‌.ഖാദിയോടുള്ള സ്നേഹമല്ലല്ലോ മറിച്ച്‌ യൂണിഫാറം ധരിക്കേണ്ടത്‌ അവരുടെ തൊഴിലിന്റെ ഭാഗമാണല്ലോ.
സംസ്ഥാനത്തെങ്ങും ഇത്തരം വ്യാജ ഖാദിഭവനുകള്‍ പെരുകുകയാണ്‌.ആര്‍ക്കും പരാതിയുമില്ല..നോക്കാനാരുമില്ല..ഖാദിയെന്നത്‌ പേറ്റന്റ്‌ കിട്ടിയിട്ടുള്ള ഉല്‍പ്പന്നവുമല്ല.അതുകൊണ്ട്‌ ആര്‍ക്കും ചേതവുമില്ല.
ഇന്ന് എല്ലാമേഖലയിലും വ്യാജന്‍ വിളയാടുകയാണ്‌.തൊടുപുഴയില്‍ ഒരു പ്രമുഖ കമ്പനിയുടെ ഫോട്ടോസ്റ്റാറ്റ്‌ വാങ്ങി കബളിപ്പിക്കപ്പെട്ട ഒരാള്‍ കേസ്സുമായി നടക്കുകയാണ്‌.ജപ്പാനില്‍ നിന്നും കൊണ്ടുവന്ന ഉപയോഗിച്ച മെഷീന്‍ പുറം കവര്‍ മാറ്റിപുതുക്കി പകുതിവിലക്ക്‌ വില്‍പ്പന നടത്തുകയായിരുന്നു.നിരവധി പേര്‍ കബളിക്കപ്പെട്ടതായാണ്‌ അറിയുന്നത.
ഓട്ടോമൊബെയില്‍ പാര്‍ട്ടുകളെല്ലാം ഡ്യൂപ്ലിക്കേറ്റാണെന്നത്‌ പരസ്യമായ രഹസ്യമാണ്‌.മരുന്നുകളിലും വ്യാജന്‍ ധാരാളം.
ഇന്ന് വ്യാജനാണ്‌ താരം...

Wednesday, September 1, 2010

മയ്യഴിയുടെ മണ്ണില്‍




മുന്‍പില്‍ ഞാറുനട്ടുകിടക്കുന്ന പാടമാണ്‌.പാടത്തിനപ്പുറം വിദൂരസ്മൃതിയില്‍ നിന്നുത്ഭവിച്ചുവരുന്ന മയ്യഴിപ്പുഴ.രണ്ടുപാലങ്ങള്‍ക്കുചുവട്ടിലൂടെ ഒഴുകി മൂപ്പന്‍ സായ്‌വ്വിന്റെ ബംഗ്ലാവിന്റെ നിഴല്‍ വീണുകിടക്കുന്ന കടലില്‍ വിലയം പ്രാപിക്കുന്നു...നദിയും സമുദ്രവും ലയിച്ചുചേരുന്ന ആ കാഴ്ചക്ക്‌ ഞാന്‍ എത്ര തവണ സാക്ഷ്യംവഹിച്ചിട്ടുള്ളതാണ്‌..........ചുവന്ന കൊയ്യോത്തിപ്പൂക്കള്‍ പരവതാനി വിരിച്ച പാതാര്‍....

മുകുന്ദന്റെ മയ്യഴികാണണമെന്ന് ഭ്രമം കേറിയിട്ട്‌ ഏറെനാളുകളായി.ചുവന്ന കൊയ്യ്യോത്തിപൂക്കള്‍ പരന്നുകിടക്കുന്ന പാതാറിലൂടെയും മയ്യഴിമാതാവിന്റെ പള്ളിക്കുമുന്‍പിലെ റൂദ്‌ ലെഗ്ലിസ്സിലൂടെയും നടക്കണമെന്ന് ആഗ്രഹിച്ചിരുന്നു.മയ്യഴിപ്പുഴയുടെ തീരത്തും കടപ്പുറത്തും എല്ലാം മറന്ന് അല്‍പനേരം ഇരിക്കണമെന്ന് എന്തെന്നില്ലാതെ കൊതിച്ചിരുന്നു.മൂപ്പന്‍സായ്‌വിന്റെ ബംഗ്ലാവും വെള്ളിയാങ്കല്ലും കണ്‍നിറയെ കാണണമെന്ന് മോഹിച്ചു.
മൂപ്പന്‍ സായ്‌വ്വിന്റെ ബംഗ്ലാവ്‌

ലെസ്ലിസായ്‌വ്വിന്റെ കുതിരവണ്ടിപോയനിരത്തുകളും ദാസനും അല്‍ഫോണ്‍സാച്ചനും ദാമുറൈട്ടറും കുമാരന്‍ വൈശ്യരും ശിവനും ആടിനെ പോറ്റുന്ന ചാത്തുവും ആടിനെ പോറ്റാത്ത ചാത്തുവും മന്ദിയമ്മയും ചന്ദ്രികയും കുറമ്പിയമ്മയും പപ്പനും വാസൂട്ടിയും നിവസിച്ച മയ്യഴി ഒരു നോക്കു കാണാന്‍ എത്ര കൊതിച്ചു




കുന്നിനു മുകളിലെ മൂപ്പന്‍ സായ്‌വ്വിന്റെ ബംഗ്ലാവില്‍ മാത്രംശരറാന്തലുകള്‍ പ്രകാശിച്ചുകൊണ്ടിരിക്കും..ബംഗ്ലാവിന്റെ പിറകുവശം കുന്നിനു താഴെ സമുദ്രമാണ്‌..സമുദ്രം നിശ്ചലമായികിടക്കുന്ന രവുകളില്‍ ബംഗ്ലാവിന്റെ ജനവാതിലുകളിലൂടെ പ്രവഹിക്കുന്ന ശരറന്തലുകളുടെ പ്രകാശം ജനവാതിലുകളുടെ ആകൃതിയില്‍ വെള്ളത്തില്‍ പരന്നു കിടക്കും....
ദേവാലയത്തിനു മുകളിലെ കുരിശില്‍ ഇടിമിന്നല്‍ പോലെ ഉച്ചവെയില്‍ വെട്ടിത്തിളങ്ങി.ആദിതിയ്യക്ഷേത്രത്തിന്റെ കരിനിഴല്‍ കുറുകികുറുകി ക്ഷേത്രത്തില്‍ തന്നെ ലയിച്ചുചേര്‍ന്നു..


പുലര്‍ച്ചെ കോഴിക്കോടുനിന്ന് വേണാട്‌ ബസ്സില്‍ കയറുമ്പോള്‍ മനസ്സുനിറയെ മയ്യഴിയായിരുന്നു.ഇന്ന് മയ്യഴിയില്‍ തങ്ങണം.ഒമ്പത്‌ ചതുരശ്രകിലോമീറ്റര്‍ മാത്രം വിസ്താരമുള്ള മയ്യഴി മുഴുവന്‍ കറങ്ങണം.കൂടെയുള്ള അയ്യപ്പന്‍ കുട്ടിയാകട്ടെ എത്ര ദിവസം വേണമെങ്കിലും തങ്ങാന്‍ തയ്യാറും.മെത്തപോലെയുള്ള നിരത്തിലൂടെ ബസ്സ്‌ ഒഴുകി നീങ്ങി.വടകര കഴിയുമ്പോള്‍ മനസ്സു വീര്‍പ്പുമുട്ടി...ഇനി നിസ്സാര ദൂരം മാത്രം...മയ്യഴിയുടെ മണ്ണില്‍ കാല്‍ സ്പര്‍ശിച്ചപ്പോള്‍ അഭിമാനം തോന്നി.ഒരു അങ്കലാപ്പും..കഥാപാത്രങ്ങളെ തേടിയുള്ള ഈ യാത്ര ഒരു ഭ്രാന്താണെന്ന് മനസ്സു മന്ത്രിച്ചു.എങ്കിലും അക്ഷരങ്ങളുടെ ശക്തിക്കു മുന്‍പില്‍ പ്രണമിച്ചു.ഇതാണ്‌ ഒരു എഴുത്തുകാരന്റെ ജന്മസാഫല്യം..തന്റെ വായനക്കാരന്‍ കഥാപാത്രങ്ങളെ കാണാന്‍ കൊതിച്ചെത്തിയിരിക്കുന്നു..




കാറ്റാടിമലകളുടെ മുകളില്‍ നിന്ന് ഉത്ഭവിച്ച്‌ പേരുമാറ്റി കനകമലയുടെ നിഴലിലൂടെ ദാസന്റെ കാല്‍ക്കലൂടെ മയ്യഴിപ്പുഴ മയ്യഴിയിലേക്ക്‌ ഒഴുകിക്കോണ്ടിരുന്നു


മയ്യഴിമാതാവിന്റെ മുന്‍പിലാണ്‌ ബസ്സിറങ്ങിയിരിക്കുന്നത്‌..മയ്യഴിമാതാവില്ലാതെ മയ്യഴിയില്ല.ജാതിമത ഭേദമെന്യേ മയ്യഴിമാതാവ്‌ എല്ലാവര്‍ക്കും മാതാവാണ്‌...മുകുന്ദന്റെ രണ്ടു നോവലുകളിലും മയ്യഴിപ്പള്ളിയെ പറ്റി എത്രയോ എഴുതിയിരിക്കുന്നു?ആദ്യം താമസിക്കുവാന്‍ ഒരു സ്ഥലം..അതിനു ശേഷം കറക്കം..ഭാണ്ഡക്കെട്ടുകള്‍ ഇറക്കിവയ്ക്കണം.ചുറ്റിക്കറങ്ങണമെങ്കില്‍ രണ്ടുകൈയ്യും സ്വതന്ത്രമായിരിക്കണം.ആദ്യം കണ്ട വഴിയിലൂടെ നടന്നു.താമസിക്കാനുള്ള സൗകര്യത്തെ പറ്റി ആദ്യം കണ്ടയാളോട്‌ തിരക്കി,.പള്ളിയോടുചേര്‍ന്ന് ലോഡ്ജുകളുണ്ട്‌..നല്ല വൃത്തിയുള്ളൊരു ലോഡ്ജാണു കിട്ടിയത്‌.ലോഡ്ജിന്റെ ഉടമസ്ഥന്‍ മയ്യഴിക്കാരനായ ശശിയാണ്‌.വളരെ പെട്ടെന്ന് ഞങ്ങള്‍ പരിചയത്തിലായി.മയ്യഴിയെപ്പറ്റി പുറത്തുള്ളവര്‍ക്കുള്ള ആകര്‍ഷണമൊന്നും ഇവിടെ കാണാനാകില്ലെന്ന് ശശിയേട്ടന്‍ പറഞ്ഞു.വിലകുറഞ്ഞ മദ്യവും പെട്രോളും കിട്ടുമെന്നാല്ലാതെ മറ്റോന്നും ഇവിടില്ലെന്നാണ്‌ ശശിയേട്ടന്റെ അഭിപ്രായം.മുകുന്ദനാണ്‌ ലോകത്തിന്‌ മയ്യഴിരാജ്യത്തിന്റെ പ്രശസ്തി എത്തിച്ചത്‌ എന്ന കാര്യത്തില്‍ പുള്ളിക്കാരന്‌ രണ്ടഭിപ്രായമില്ല.മയ്യഴി..ഒരു രാത്രിദൃശ്യം

നിരത്തിലേക്കിറങ്ങി.ഇന്നലത്തെ മഴയില്‍ റോഡിലെ കുഴികളില്‍ മഴവെള്ളം കെട്ടിനില്‍ക്കുന്നു. .റോഡരുകില്‍ തന്നെയാണ്‌ മയ്യഴിമാതാവിന്റെ പള്ളി.മയ്യഴിമാതാവ്‌ ഹിന്ദുവിനും കൃസ്ത്യാനിക്കും മുസല്‍മാനും മാതാവാണ്‌.മയ്യഴിപ്പെരുന്നാള്‍ മലബാറിലെ പ്രധാനമായ ആഘോഷമാണ്‌.നാനാജാതിമനുഷ്യര്‍ പെരുന്നാളിന്‌ ഒത്തുകൂടും.കേരളത്തിലെ കോടികള്‍ മുടക്കിനിര്‍മ്മിച്ച പള്ളികളുമായി മയ്യഴിപ്പള്ളിയെ താരതമ്യം ചെയ്യാനാകില്ല.അത്രക്ക്‌ ചെറുതാണ്‌.മാതാവിന്റെ പള്ളിക്കുമുന്‍പില്‍ നിന്നും വഴി നാലായി പിരിയുന്നു.ഇടത്തെ റോഡിലൂടെ നടന്നു.ചെന്നെത്തിയത്‌ മയ്യഴിപ്പുഴയുടെ തീരത്താണ്‌.ഇവിടെ പുഴ കടലില്‍ ചെരുന്നു.മനോഹരമായ ദൃശ്യമാണ്‌.അക്കരെ തെങ്ങുകള്‍ നിറഞ്ഞ ഒരു തുണ്ട്‌ ഭൂമി കടലിലേക്ക്‌ ഇറങ്ങി കിടക്കുന്നു.ഇപ്പോള്‍ പുഴയോട്‌ ചേര്‍ന്ന് നടപ്പാത നിര്‍മ്മിച്ച്‌ കൊണ്ടിരിക്കുകയാണ്‌.ഇവിടെ നിന്നാല്‍ മയ്യഴിപ്പാലം കാണാം.ഒരു പാര്‍ക്കും ഇവിടുണ്ട്‌.മയ്യഴിസ്വാതന്ത്ര്യസമരത്തില്‍ പൊരുതിയവരുടെ സ്മരണയ്ക്കായി ഒരു മണ്ഡപം ഈ പാര്‍ക്കിലുണ്ട്‌.ഇവിടെയാണ്‌ മൂപ്പന്‍ സായ്‌വ്വിന്റെ ബംഗ്ലാവ്‌.കുന്നല്ലങ്കിലും ഉയര്‍ന്ന പ്രദേശത്താണ്‌ ബംഗ്ലാവ്‌.ശരിയാണ്‌..രാത്രിയില്‍ ജനലിലൂടെ വരുന്ന വെളിച്ചം കായല്‍പ്പരപ്പില്‍ കുപ്പിച്ചില്ലുകള്‍ പോലെ ചിതറിക്കിടക്കും നിശ്ചയം..ഇവിടെയാണ്‌ ദസ്തോന്‍ സായ്‌വ്വ്‌ സ്വയം തീര്‍ത്ത തടവറയില്‍ കഴിഞ്ഞത്‌.ഇന്നിത്‌ മാഹി അഡ്മിനിസ്ടേറ്ററുടെ ആസ്ഥാനമാണ്‌.ഫ്രഞ്ച്‌ വാസ്തുവിദ്യയുടെയും ഫ്രഞ്ച്‌ അധിനിവേശത്തിന്റെയും ബാക്കിപത്രമാണിത്‌..മൂപ്പന്‍സായ്‌വ്വിന്റെ ബംഗ്ലാവിനുമുന്നിലെ പാതാറില്‍ ചുവന്ന കൊയ്യോത്തിപ്പൂക്കളുള്ള മരങ്ങള്‍ തിരഞ്ഞു..കണ്ടില്ല.

ബംഗ്ലാവിനുമുന്നിലൂടെ നീണ്ടുപോകുന്ന വഴിയിലൂടെ നടന്നു.ചെന്നെത്തിയ കവലയില്‍ മയ്യഴിയുടെ സ്വാതന്ത്ര്യസമര സേനാനികളായ ഐ.കെ.കുമാരന്‍ മാസ്റ്ററുടേയും ഭരതന്‍ മാസ്റ്ററുടേയും സ്മൃതിസ്മാരകം കണ്ടു.മയ്യഴിപ്പാലവും കടന്ന് തലശ്ശേരിക്കുള്ള വഴിയാണ്‌ നേരെ പോകുന്നത്‌.വലത്തേക്ക്‌ തിരിഞ്ഞുപോകുന്ന വഴിയെ നടന്നു.ചെന്നെത്തിയത്‌ വീണ്ടും പ്രധാന ജങ്ങ്ഷനില്‍ തന്നെ..ഇനി ഭക്ഷണം കഴിഞ്ഞിട്ടാകാം...നല്ല ഹോട്ടലുകളൊന്നും മയ്യഴിയിലില്ല..നിറയെ റാക്കുകടകള്‍ തന്നെ(വിദേശമദ്യ ഷാപ്പ്‌).കേരളക്കാരെ ആകര്‍ഷിക്കുവാന്‍ മിക്ക മദ്യഷാപ്പുകളിലും കേരളത്തിലേയും മയ്യഴിയിലേയും വിലകള്‍ താരതമ്യം ചെയ്തിരിക്കുന്ന പോസ്റ്റരുകളുണ്ട്‌.മയ്യഴിമക്കള്‍ കാര്യമായ മദ്യപാനശീലമില്ലന്നാണ്‌ ശശിയേട്ടന്റെ അഭിപ്രായം.ഇവിടുത്തെ മദ്യമെല്ലാം കേരളക്കാരാണ്‌ കൊണ്ടുപോകുന്നത്‌ പോലും......തര്‍ക്കിക്കാന്‍ നിന്നില്ല....ഊണുകഴിഞ്ഞ്‌ വീണ്ടും ടൗണിലേക്കിറങ്ങി.




മയ്യഴിയുടെ സൗ ന്ദര്യം സായ്‌വ്വിന കോരിത്തരിപ്പിച്ചു.പാതാറിലൂടെ നടക്കുമ്പോള്‍ കാറ്റില്‍ ചുവന്ന പുഷ്പങ്ങള്‍ തലയില്‍ തുരുതുരെ വീണുകോണ്ടിരുന്നു...



ഒാണവുമായി ബന്ധപ്പെട്ട്‌ പോണ്ടിച്ചേരി ഖാദിയുടെ പ്രദര്‍ശനം നടക്കുന്നുണ്ട്‌.ഓടിച്ചൊന്ന് കണ്ടിറങ്ങി.150 രൂപക്ക്‌ ഒരു ഖാദി ഷര്‍ട്ടും വാങ്ങി.ഒരു നനയ്ക്ക്‌ ശേഷം ഇതിന്റെ നിറമെല്ലാം പോയി എന്നത്‌ ബാക്കികാര്യം.പലരോടും ഇതിനിടയില്‍ മുകുന്ദന്റെ കഥാപാത്രങ്ങക്കെപ്പറ്റി തിരക്കി.പക്ഷേ എല്ലാവരും കൈമലര്‍ത്തി. അല്‍പ്പം പ്രായമായവര്‍ക്കെ എന്തെങ്കിലും അറിവുണ്ടാകുകയുള്ളു...വീണ്ടും നടന്നു,,,,

ബോട്ട്ജട്ടിയിലാണ്‌ എത്തിയത്‌.ഇവിടെ ബോട്ട്‌ സര്‍വീസ്‌ ഇല്ല.ഒരു കളിബോട്ട്‌ കണ്ടു.മനോഹരമായൊരു ശില്‍പ്പവും ചെറിയ ഒരു പൂന്തോട്ടവുമുണ്ട്‌.നല്ല കാറ്റും.ഇവിടെയിരുന്നാല്‍ മയ്യഴി റെയില്‍പ്പാളം കാണാം.ഏറെ നേരം ഇവിടെയിരുന്നു.തിരികെ നടക്കുമ്പോള്‍ ഒരു ഓട്ടോകിട്ടി.മയ്യഴിപ്പാലത്തിലൂടെ യാത്ര ചെയ്യണമെന്ന് തോന്നി.പാലം വഴി അക്കരെവരെ പോയി തിരിച്ച്‌ വീണ്ടും ടൗണില്‍ വന്നു.മയ്യഴി കടല്‍ത്തീരം മനോഹരമാണ്‌.സുന്ദരമാണ്‌.കാര്യമായ മനുഷ്യന്റെ ഇടപെടലുകള്‍ ഇല്ലാത്തതിനാല്‍ കടല്‍ത്തീരം വളരേ വൃത്തിയായി കിടക്കുന്നു.കുറെ കുട്ടികള്‍ കാല്‍പ്പന്ത്‌ കളിക്കുന്നുണ്ട്‌.കാറ്റേറ്റ്‌ ഏറെനേരം ഇരുന്നു.കടലില്‍ വലിയ പാറക്കല്ലുകളിട്ട്‌ മതില്‍കെട്ടാനുള്ള പോണ്ടിച്ചേരി സര്‍ക്കാരിന്റെ ഉദ്യമം പാതി വഴിയില്‍ ഉപേക്ഷിച്ചു.തുരുമ്പെടുത്ത ഒരു ജെസിബി ഇപ്പോഴും ഇവിടുണ്ട്‌.ഇതിന്റെ ഭാഗങ്ങളെല്ലാം നാട്ടുകാര്‍ കോണ്ടുപോയി.ഇന്ന് ഒരു അസ്ഥികൂടം മാത്രമേ ഉള്ളൂ.ഈ കടല്‍ക്കരയിലാണ്‌ ദാസന്‍ എന്നും വന്നിരുന്നിരുന്നത്‌.ഇവിടെന്നിന്നാല്‍ വെള്ളിയാങ്കല്ലു കാണാമെന്നുകരുതി പക്ഷേ അനാദിയായ കടല്‍ മാത്രമെ കണ്ടുള്ളൂ.മഴചാറാന്‍ തുടങ്ങി..മയ്യഴിപ്പുഴയുടെ പടിഞ്ഞാറ്‌ സൂര്യന്‍ ചായാന്‍ തുടങ്ങി.ഇരുട്ടും പരക്കാന്‍ തുടങ്ങി...നടന്ന് ടൗണിലെത്തി .ഇപ്പോള്‍ ഇവിടെ ഖാദി ഉത്സവത്തിന്റെ ഭാഗമായുള്ള ഒരു കരോക്കെ ഗാനമേള നടക്കുകയാണ്‌.നൂറോളം വരുന്ന ഒരു ചെറിയ ആള്‍ക്കൂട്ടം.സദസ്സിനെ മസ്മരികതയില്‍ മുക്കിയ ഒരു സംഗീതവിരുന്നായിരുന്നു.പാട്ടും അതിനനുസരിച്ച്‌ നൃത്തവും ചെയ്ത ഒരു കൊച്ചുപെണ്‍കുട്ടിയുടെ മുഖം ഒരിക്കലും മനസ്സില്‍ നിന്ന് മറയില്ല.പത്തുമണിയായത്‌ അറിഞ്ഞില്ല.തൃപ്തമല്ലാത്ത മനസ്സുമായാണ്‌ രാവിലെ മയ്യഴിയില്‍ നിന്നും ബസ്സ്‌ കയറിയത്‌.പെരുവണ്ണാമുഴിയിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിലും പോകേണ്ടതുള്ളതിനാല്‍ ഇനിയും സമയം കളയാനില്ല.വീണ്ടും ഒരിക്കല്‍ കൂടി ഇവിടെയെത്തണം..കഥാപാത്രങ്ങളുടെ പിന്‍ ഗാമികളെ തേടി...
മയ്യഴികടല്‍ തീരം

മയ്യഴിമാതാവിന്റെ പള്ളി


മയ്യഴിപ്പാലം



മയ്യഴിപ്പുഴ

Wednesday, July 21, 2010

കരളും കേരളവും കുറെ കാര്യങ്ങളും

മലയാളിക്ക്‌ പണ്ടേ കരള്‍ വളരേ ഇഷ്ടമുള്ള പദമാണ്‌.സിനിമാഗാനങ്ങളില്‍ ഏറ്റവും ഉപയോഗിച്ചിട്ടുള്ള പദങ്ങളില്‍ ഒന്ന് കരളായിരിക്കും.പ്രിയപ്പെട്ടവളെ എന്തു വിളിക്കണമെന്ന് കാമുകന്മാര്‍ക്ക്‌ രണ്ടു പക്ഷമില്ല.
"കരളേ...എന്റെ കരളിന്റെ കരളാം...
"കരളേ നിന്‍ കൈപിടിച്ചാല്‍..."
"തങ്കക്കിനാവുകള്‍ തളിര്‍ മെത്തകള്‍ നീട്ടുന്ന നിന്‍ കരള്‍ മാത്രമവനു പോരും"
"കരള്‍ പുകഞ്ഞാളൂറും കണ്ണുനീര്‍ മുത്തുകള്‍ ...."
അങ്ങിനെ ഇഷ്ടപ്പെട്ടവരെ വിളിക്കാന്‍ മലയാളിക്ക്‌ കരളിനോളം കരളായ പദമില്ല.നൂറുകണക്കിന്‌ ഗാനങ്ങള്‍ കരളില്‍ തീര്‍ത്തതുണ്ടാകും..മലയാളിക്ക്‌ കരള്‍ കരളാണ്‌
കാമുകന്‍ കരളുറപ്പുള്ളവനുമാണ്‌."കരളുറപ്പുള്ള പടത്തലവനാണ"വന്‍.കരളുറപ്പ്പ്പുള്ളവര്‍ക്ക്‌ പറഞ്ഞ ചില പണികളെപ്പറ്റിയും നമ്മള്‍ പറയും.ചില കാര്യങ്ങള്‍ ചെയ്യാന്‍ കരളിന്‌ ഉറപ്പുവേണം പോലും.
ഇനി കരളലിയിക്കുന്ന കഥകളും നമ്മള്‍ വായിക്കാറുണ്ട്‌.കരള്‍ പിളര്‍ക്കുന്ന വാര്‍ത്തകളും വായിക്കാറുണ്ട്‌.
സിനിമയില്‍ ചില വില്ലന്മാര്‍ കുത്തി ലിവറെടുക്കുന്ന കാര്യം പറയാറുണ്ട്‌.
തീന്‍ മേശക്കു മുന്‍പില്‍ ഇരുന്നാല്‍ പോത്ത്‌ ലിവറും ,ലിവര്‍ റോസ്റ്റും വലിയ പ്രിയമാണ്‌.
ഹൃദയത്തിനേക്കാളും കണ്ണിനേക്കാളും മലയാളിക്ക്‌ പ്രധാനവും ഇഷ്ടവും കരളിനോടാണ്‌.പക്ഷേ ഇംഗ്ലീഷുകാര്‍ക്ക്‌ ഹൃദയമാണ്‌ ഇഷ്ട അവയവം'My sweet heart" എന്നല്ലാതെ "my sweet liver" എന്ന് വിളിക്കാറില്ല.തമിഴനും ഇദ യം തന്നെ.തമിഴന്‌ കണ്ണും പ്രിയകരം തന്നെ.
എങ്ങിനെയാണ്‌ കരള്‍ മലയാളിക്ക്‌ ഇത്ര പ്രിയമായ പദമായത്‌ എന്ന് ആലോചിക്കാറുണ്ട്‌....
ഇപ്പോളിതാ വീണ്ടും കരള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.അടുത്ത കാലത്ത്‌ ധാരാളം പ്രതിഭകള്‍ കരള്‍ രോഗം വന്ന് വിടപറഞ്ഞു.മൂക്കറ്റമുള്ള കുടി മലയാളിക്ക്‌ വീണ്ടും കരള്‍കുത്തി നോവാന്‍ തുടങ്ങിയിരിക്കുന്നു.
ഇപ്പോള്‍ കരള്‍ എന്ന പദം കേള്‍ക്കാന്‍ മലയാളിക്ക്‌ അത്ര സുഖം പോരാ.അരിപ്പയായ കരളുള്ള കാമുകന്‍ കാമുകിയെ നീയെന്റെ കരളല്ലേ എന്ന് വിളിച്ചാലോ?വലിയ താമസമില്ലാതെ കരളിനെ കവികള്‍ പടിക്കു പുറത്താക്കും...കരള്‍ ഇഷ്ടമല്ലാത്ത പദമാകാന്‍ പോകുകയാണ്‌....കരളേ എന്ന് വിളിച്ചാല്‍ കാമുകി മാന നഷ്ടത്തിനു കേസ്സുകൊടുക്കും.
നമുക്ക്‌ മറ്റൊരു പദം കണ്ടെത്തിയേണ്ടിയിരിക്കുന്നു.ഇപ്പോള്‍ കരളിനെ വിടാം..കരള്‍ നമുക്ക്‌ കരളല്ലാതായിരിക്കുന്നു.

Saturday, July 10, 2010

ആദ്യവായനയും പുനര്‍വായനയും

മുകുന്ദന്റെ "മയ്യഴിപ്പുഴയുടെ തീരങ്ങളില്‍" ആദ്യം പ്രസിദ്ധീകരിക്കുന്നത്‌ 1974 ലാണ്‌.ആദ്യമായി വായിയ്കുന്നത്‌ 1980 ലും .അന്ന് വയസ്സ്‌ ഇരുപത്‌.വായന ഒരു ഹരമായ കാലം.പൊതുവെ പുസ്തകങ്ങളും വായനയും പുതിയ ചിന്തകളും എല്ലാം നിറഞ്ഞു നിന്ന ഒരു സമൂഹം..പ്രത്യേകിച്ച്‌ കലാലയങ്ങള്‍...തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്കിടയിലും.....
ഒറ്റയിരുപ്പിലാണ്‌ മയ്യഴിപ്പുഴയുടെ തീരങ്ങള്‍ വായിച്ചുതീര്‍ത്തത്‌.പിന്നെ എത്രയോ കാലം അതുണ്ടാക്കിയ നൊമ്പരം മനസ്സില്‍ കിടന്നു.ദാസന്റെ വേദന എന്റേയും വേദനയായി.ദാസനെപ്പോലെ ആകുവാനും ശ്രമിച്ചുവോ?ചന്ദ്രികയെപ്പോലെ ഒരു കാമുകിയെ സ്വപ്നം കണ്ടു.മുകുന്ദന്റെ എല്ലാ നോവലുകളും കഥകളും ആര്‍ത്തിയോടെ വായിച്ചു തീര്‍ത്തു.റാക്കുകുടിക്കുവാനും പുകവലിക്കുവാനും കൊതിച്ചു..എന്നാല്‍ സമൂഹത്തെ പേടിച്ച്‌ ചെയ്തില്ല.ദാസന്‍ ഒരു ജീവനുള്ള കഥാപാത്രമായി സ്വപ്നങ്ങളിലും ചിന്തകളിലും പടര്‍ന്നു.മയ്യഴിപ്പുഴയുടെ തീരങ്ങള്‍ വീണ്ടും വീണ്ടും വായിച്ചു.വീണ്ടും വീണ്ടും വേദനയും ദുഖവും മനസ്സിനെ മഥിച്ചു.
മുപ്പത്‌ വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ വീണ്ടും മയ്യഴിപ്പുഴയുടെ തീരങ്ങള്‍ വായിച്ചു.പക്ഷേ ഒറ്റയിരുപ്പിനു സാധിച്ചില്ല.പല ദിവസങ്ങളെടുത്താണ്‌ വായിച്ചു തീര്‍ത്തത്‌.വായനയുടെ അവസാനം മുപ്പതു വര്‍ഷങ്ങള്‍ക്ക്‌ മുന്‍പുണ്ടായ ഒരു നൊമ്പരമോ വേദനയോ തോന്നിയില്ല.മനസ്സില്‍ ഒരു തീപ്പൊരിയും കിടന്നില്ല.ഞാന്‍ ആലോചിച്ചു.എന്തുകൊണ്ടാണ്‌ മുപ്പതു വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഉണ്ടായ തീവ്രമായ വികാരവും ചിന്തയും അതേ പുസ്തകം വായിച്ചപ്പോള്‍ ഇന്ന് കിട്ടിയില്ല?

ഇന്നത്തെ പുതു തലമുറ ഇത്തരം വായന ഇഷ്ടപ്പെടുന്നുണ്ടോ?ഹാരിപോട്ടറുപോലുള്ള സാഹിത്യമാണവര്‍ക്കിഷ്ടം.ദുരന്ത പര്യവസായിയായ സിനിമയോ നോവലോ കഥയോ ഇന്നത്തെ വായനകളിലോ ചിന്തകളിലോ വരുന്നില്ല.മുകുന്ദന്‍ എണ്‍പതുകളുടെ മാത്രം കഥാകാരനാണ്‌.ഇന്നത്തെ തലമുറക്കു വേണ്ടത്‌ മുകുന്ദന്റെ കൈയിലില്ല.അതാണ്‌ പുതിയ എഴുത്തുകളൊന്നും ഉണ്ടാകാത്തത്‌.
പുതു തലമുറ മയ്യഴിയിലെ ദാസനെ എങ്ങി നെ കാണും? ദാസന്റെ ദുഖം അവര്‍ക്ക്‌ തമാശയായേ തോന്നൂ.കണാരേട്ടനും പപ്പനും തുറന്നുതന്ന വാതില്‍ ദാസന്‍ നിഷേധിച്ചതെന്തിനെന്ന് അവര്‍ക്ക്‌ മനസ്സിലാകില്ല.ദാസനു ചന്ദ്രികയെ വിവാഹം കഴിച്ച്‌ സുഖമായി താമസിക്കുവാന്‍ പാടില്ലായിരുന്നോ എന്ന് അവര്‍ ചോദിക്കും.
ഇത്‌ പുതിയ സമൂഹമാണ്‌ .ഞാനും അതിലെ അംഗമാണ്‌.ഇന്നത്തെ ചിന്തകളൂം രീതികളൂം എന്നിലേക്കും സന്നിവേശിച്ചിരിക്കുന്നു.അത്‌ മുകുന്ദന്റെ കുറ്റമോ എഴുത്തിന്റെ പോരായ്മയോ അല്ല്ലല്ലോ?
ചെമ്മീന്‍ സിനിമ വിദേശിക്ക്‌ ഇഷ്ടപ്പെടാത്തത്‌ സിനിമയുടെ പോരായ്മകോണ്ടല്ലല്ലോ?പരീക്കുട്ടി കറുത്തമ്മയെ വിവാഹം ചെയ്യാത്തതില്‍ ഒരു വിദേശ നിരൂപകന്‍ അത്ഭുതപ്പെട്ടുപോലും...

Thursday, May 20, 2010

സ്ത്രീകളില്‍ യുക്തിവാദികളില്ലേ?



ഇങ്ങിനെയൊരു കണക്ക്‌ ആരും എടുത്തിട്ടുണ്ടാവില്ല.ഇപ്പോള്‍ ഇതിനെന്താണൊരു പ്രസക്തിയെന്നും തോന്നാം..,,എന്നാല്‍ ഇതില്‍ അല്‍പമല്ലാത്ത കാര്യമുണ്ടെന്നാണ്‌ തോന്നുന്നത്‌.യുക്തിവാദത്തിനും പുരോഗമന ആശയങ്ങള്‍ക്കും വിളനിലമായ കേരളത്തിന്റെ പശ്ചാത്തലത്തില്‍ തോന്നിയ ഒരു ചിന്തയാണ്‌ ഇവിടെ പങ്കുവെയ്ക്കുന്നത്‌.
കേരളത്തിലെ ജനങ്ങളില്‍ അമ്പതു ശതമാനവും സ്ത്രീകളാണ്‌.അതിനാല്‍ സ്ത്രീകളെ മാറ്റിനിര്‍ത്തിയുള്ള ഒരു ചര്‍ച്ചകളും പൂര്‍ണ്ണമല്ല.എന്നാല്‍ എല്ലാ മേഖലകളിലും ഈ പങ്ക്‌ കാണാനില്ലന്നത്‌ ശ്രദ്ധേയമാണ്‌.യുക്തിവാദചിന്തകളില്‍ സ്ത്രീകളുടെ സാന്നിധ്യം എണ്ണാന്‍ ഒരു കൈയിലെ വിരലുകള്‍ പോലും ആവശ്യമില്ല.ധാരാളം സ്ത്രീകളെ പരിചയമുണ്ട്‌.എന്നാല്‍ ഇതില്‍ ആരും തന്നെ യുക്തിവാദിയോ നിരീശ്വരവാദിയോ അല്ല എന്നതാണ്‌ യാഥാര്‍ഥ്യം.
വിശ്വാസങ്ങളെ എളുപ്പം അടിച്ചേല്‍പ്പിക്കാനകുന്നത്‌ പെണ്‍കുഞ്ഞുങ്ങളിലാണ്‌.പള്ളിയില്‍ പോകാനും അമ്പലത്തില്‍ പോകാനും പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളേക്കാളും നിര്‍ബന്ധിക്കപ്പെടുന്നു.ജീവിതത്തിന്റെ ഒരു വഴിയിലും യുക്തിചിന്തളോട്‌ ഇടപഴകാന്‍ ഇവര്‍ക്കാകുന്നില്ല.അതിനാല്‍ ഒരു സ്ത്രീക്കും യുക്തിവാദിയാകാന്‍ ഇന്നത്തെ സാഹചര്യങ്ങളില്‍ സാധിക്കുന്നില്ലന്നത്‌ ചിന്തിക്കേണ്ടതതാണ്‌.
ശാസ്ത്രീയമല്ലാത്ത പല വിശ്വാസങ്ങളും സ്ത്രീകള്‍ക്ക്‌ പുലര്‍ത്താന്‍ ഒരു മടിയുമില്ല.എന്തെല്ലാം ശാസ്ത്രീയ ചിന്തകള്‍ പറഞ്ഞാലും അത്‌ ഉള്‍ക്കോള്ളാനും തയ്യാറല്ല.ഈ ദൗര്‍ബ്ബല്യം ഇന്ന് ശക്തമായി മുതലെടുക്കുകയാണ്‌.അക്ഷയതൃതീയയെന്ന പേരില്‍ സ്വര്‍ണ്ണം വിറ്റഴിക്കാനും,പൊങ്കാലയുടെപേരില്‍ കോടികള്‍ സമ്പാദിക്കാനും,കരിസ്മാറ്റിക്‌ കണ്‍ വെന്‍ഷനുകളും,അങ്ങിനെയെല്ലാം സ്ത്രീകളുടെ യുക്തിരാഹിത്യത്തെ ഫലപ്രദമായി ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു.....
സ്ത്രീകളില്‍ യുക്തിചിന്ത കടന്നു വരരുതെന്ന് ബോധപൂര്‍വ്വമായ ഒരു ശ്രമം നടക്കുന്നുണ്ടോ?കൃസ്ത്യന്‍ സഭകള്‍ എന്തുകൊണ്ടാണ്‌ ഗേള്‍സ്‌ സ്കൂളുകളല്ലാതെ ബോയ്‌ സ്‌ സ്കൂള്‍ നടത്താത്തത്‌?ചിന്തിച്ചാല്‍ ഇതിനെല്ലാം ഉത്തരം കണ്ടെത്താനാകും

Friday, April 2, 2010

ബുര്‍ഖ-ബെല്‍ജിയം മാതൃക

മുഖം മൂടി ധരിക്കുന്നവരാരാണ്‌?കാര്‍ട്ടൂണുകളിലും സിനിമകളിലും കള്ളന്മാര്‍ മുഖം മൂടി ധരിക്കുന്നതു കണ്ടിട്ടുണ്ട്‌..പിന്നെ സര്‍ക്കസ്സില്‍ കോമാളികള്‍ മുഖം മൂടി അണിഞ്ഞാണ്‌ രംഗത്തുവരാറ്‌.തീവ്രവാദികളും മുഖം മൂടി അണിയുന്നു...ഇവിടെയെല്ലാം ഒരു പൊതുവായ ഉദ്ദേശം മുഖം മൂടിധരിക്കുന്നതിലുണ്ടെന്ന്‌ കാണാം.എന്താണത്‌?സ്വന്തം identity മറ്റുള്ളവരില്‍ നിന്നും മറയ്കുക എന്നതാണ്‌.മറ്റുള്ളവരെ അഭിമുഖീകരിക്കാന്‍ വയ്യാത്തവര്‍ ആരാണ്‌? മുസ്ലീം സ്ത്രീകള്‍ പൊതുസ്ഥലത്ത്‌ ബുര്‍ഖ ധരിക്കുന്നത്‌ ബെല്‍ജിയം നിയമനിര്‍മ്മാണാസഭ ഒരു ക്രിമിനല്‍കുറ്റമാക്കുന്നു.ഇത്തരത്തില്‍ ഒരു നിയമം നടപ്പാക്കുന്ന ആദ്യത്തെ യൂറോപ്പ്യ‍ന്‍ രാജ്യമാണ്‌ ബെല്‍ജിയം.ബുധനാഴ്ച ഇത്‌ സംബന്ധിച്ച്‌ തീരുമാനമെടുത്തു..നിയമം ലംഘിച്ച്‌ ബുര്‍ഖ ധരിച്ചാല്‍ ഏഴുദിവസത്തെ തടവാണ്‌ ശിക്ഷ.അഞ്ചുലക്ഷം മുസ്ലിമുകള്‍ അധിവസിക്കുന്ന ബെല്‍ജിയത്തില്‍ ഈ നിയമം സാധാരണജനങ്ങള്‍ വളരെ സന്തോഷത്തോടെയാണ്‌ സ്വീകരിച്ചിരിരിക്കുന്നത്‌.ഏകാഭിപ്രായത്തോടെയാണ്‌ ഇവിടെ നിയമം പാസ്സാക്കിയതും. ഇന്ത്യയിലെ മുസ്ലീം സമുദായം ഇതിനെ എങ്ങി നെ വിലയിരുത്തുമെന്ന്‌ അറിയാന്‍ ആഗ്രഹമുണ്ട്‌ഇവിടെ തൊട്ടതിനും പിടിച്ചതിനും മതസ്വാതന്ത്ര്യം എന്ന കാര്‍ഡുമായി ഇവര്‍ രംഗത്തെത്തും.ഒരു മുസ്ലീം സ്ത്രീകളും സ്വമനസ്സാലെയല്ല മുഖം മൂടി ധരിക്കുന്നതെന്ന്‌ വ്യക്തമാണ്‌.ഇത്‌ പുരുഷമേധാവിത്വത്തിന്റെ ഭാഗമാണ്‌.മുസ്ലീം പുരുഷന്മാരാണ്‌ സ്ത്രീകളെ ബുര്‍ഖ ധരിപ്പിക്കുവാന്‍ നിര്‍ബന്ധിക്കുന്നത്‌.

ബുര്‍ഖ നിരോധിച്ചതുമായി ബന്ധപ്പെട്ട ഒരു വീഡിയോ

വര്‍ധിച്ചുവരുന്ന ഭീകരപ്രവര്‍ത്തനവും രാജ്യദ്രോഹകുറ്റങ്ങളും മുന്‍ കൂട്ടികണ്ടുകൊണ്ട്‌ ഇന്ത്യയും ബെല്‍ജിയത്തിന്റെ വഴിയെ പോകണം.പൊതുസ്ഥലങ്ങളില്‍ മതപരമായ ചടങ്ങുകളോ,പ്രതീകങ്ങളൊ അണിയുന്നത്‌ നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.വിവിധമതവിഭാഗങ്ങള്‍ അധിവസിക്കുന്ന പ്രദേശങ്ങളിലെ പൊതുസ്ഥലങ്ങളില്‍ മതപരമായ ഘോഷയാത്രകള്‍,സുവിശേഷങ്ങള്‍ തുടങ്ങിയ നിരോധിക്കണം.ഇത്തരത്തില്‍ ഒരു പൊതു അഭിപ്രായം രൂപപ്പെടേണ്ടിയിരിക്കുന്നു.

Sunday, February 28, 2010

വൈരത്തിന്റെ ബാക്കിപത്രം

സ്നേഹദൂതനായ കൃസ്തുദേവന്റെ അനുയായികള്‍ തമ്മില്‍ തമ്മി ല്‍പോരുവിളിക്കുകയും വെട്ടുകയും കുത്തുകയും വൈരത്തിന്റെ വിത്തുപാകി അസമധാനം പടര്‍ത്തുന്നതുമായി ബന്ധപ്പെട്ട്‌ ഒരു പോസ്റ്റ്‌ ഇതിനുമുന്‍പ്‌ ഈ ബ്ലോഗ്ഗില്‍ ഇട്ടിരുന്നു.ഇവിടെ വായിക്കാം.ഈ പോസ്റ്റ്‌ അതിന്റെ ബാക്കിയാണ്‌.രണ്ടും മൂന്നുമായി പിരിഞ്ഞ കുഞ്ഞാടുകള്‍ ഒരു കാലത്ത്‌ ഒത്തുചേര്‍ന്ന് കുര്‍ബ്ബാന കൊണ്ട പള്ളികള്‍ ഇന്ന് സ്മാരകങ്ങളായി.ചിതലരിച്ചും പേരാല്‍ വളര്‍ന്നും ഇവ ഇന്ന് വൈരത്തിന്റെ സാക്ഷ്യപത്രങ്ങളായി നില കൊള്ളുന്നു.ഇവക്ക്‌ സമീപം മല്‍സരിച്ച്‌ പുതിയ ദേവാലയങ്ങള്‍ ഉയര്‍ന്നു.പെരുന്നാളുകളും പ്രദക്ഷിണങ്ങളും പലതായി കൊണ്ടാടി. ഇത്തരത്തില്‍ പൊളിഞ്ഞും പേരാല്‍മുളച്ചും നരിച്ചീറുകളുടെ ഗേഹവുമായ വൈരത്തിന്റെയും വിദ്വേഷത്തിന്റേയും ഒരു സ്മാരകത്തിന്റെ ചിത്രം ഇതാ.പുതിയ പള്ളി ഇതോടുചേര്‍ന്ന് രണ്ടെണ്ണം ഉണ്ട്‌.അതിലൊന്നും കാണാം.
ഇത്തരം ചിത്രങ്ങള്‍ എത്രവേണമെങ്കിലും ഇവിടുണ്ട്‌...

Sunday, February 21, 2010

ഇനിയെന്തിന്‌ സൂപ്പര്‍ സ്പെഷ്യാലിറ്റികള്‍?

കേരളത്തില്‍ ഇപ്പോള്‍ ബാറുകളും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളും ദിനമ്പ്രതി എന്നവണ്ണം പുതിയതായി തുറക്കുകയാണ്‌.ഇവ പരസ്പര ബന്ധമുള്ള രണ്ടു പ്രസ്ഥാനങ്ങളാകാം.ഏതായാലും ബാറിനെപ്പറ്റിപ്പറഞ്ഞാല്‍ വഴക്കിലേ കലാശിക്കുകയുള്ളൂ എന്നതിനാല്‍ വിടുന്നു.
സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളെ നോക്കുക.കോഴിക്കോട്ടെ ബേബി മമ്മോറിയല്‍ ആശുപത്രി ഉടനെ തന്നെ കോടികള്‍ മുടക്കി കൊച്ചിയിലും ആശുപത്രി തുടങ്ങുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.മെഡിക്കല്‍ ടൂറിസം എന്നപേരില്‍ ചില വമ്പന്‍ കമ്പനികളും കൊച്ചിയെ ലക്ഷ്യമിട്ട്‌ പദ്ധതികള്‍ ആസൂത്രണം ചെയ്തുവരുന്നു.കൊച്ചിയില്‍ ഇപ്പോള്‍ തന്നെ പത്തോളം സൂപ്പര്‍ സ്പെഷ്യാലിറ്റികളുണ്ട്‌.അമൃത,ലേക്ഷോര്‍,പിവീ എസ്സ്‌,മെഡിക്കല്‍ ട്രസ്റ്റ്‌,ലിസ്സി,സ്പെഷ്യാലിറ്റി,കൃഷ്ണാ നഴ്സിംഗ്‌ ഹോം,കൊച്ചിന്‍,എന്നിങ്ങനെ കൂടാതെ നിരവധി ഇടത്തരവും ചെറുതുമായ ആശുപത്രികള്‍ കൊച്ചിയിലും പരിസരങ്ങളിലുമുണ്ട്‌.ഈ സാഹചര്യങ്ങളില്‍ ഇനിയും ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി കൊച്ചിക്കാവശ്യമുണ്ടോ?
വിരലിലെണ്ണാവുന്ന അസുഖങ്ങള്‍ക്കും അപകടങ്ങളില്‍പെട്ടവര്‍ക്കുമാണ്‌ പ്രധാനമായും ഈ സൂപ്പറുകള്‍ ചികില്‍സ നല്‍കുന്നത്‌.ക്യാന്‍സര്‍,വൃക്ക രോഗങ്ങള്‍,ഹൃദയസംബന്ധിയായ രോഗങ്ങള്‍ എന്നിവയാണ്‌ സൂപ്പറുകല്‍ക്ക്‌ ചികില്‍സിക്കനിഷ്ടം.മറ്റുചികില്‍സകള്‍ക്ക്‌ വന്നാലും രക്തപരിശോധനമുതല്‍ സ്കാനിംഗ്‌ വരെ ഇവര്‍ നടത്തും.ചികില്‍സ തുടങ്ങുമ്പോഴേക്കും അസുഖം മാറിയിരിക്കുമെന്നത്‌ ഇവിടങ്ങളില്‍ പുതുമയല്ല.അതുമാത്രമല്ല സാധാരണക്കാരെ ബാധിക്കുന്ന അസുഖങ്ങളെ പറ്റി ഇവിടത്തെ ഡോക്ടര്‍മാര്‍ക്കും അത്ര നിശ്ചയമില്ല.പനിയുമായി ചെന്നാലും ക്യാന്‍സറിന്റെ ആരംഭമാണോ എന്നാണ്‌ ഇവര്‍ നൊക്കുന്നത്‌.
ഇതിനുമാത്രം ആശുപത്രികള്‍ക്ക്‌ വേണ്ടി എവിടെനിന്നാണ്‌ വിദഗ്ദ ഡോക്ടര്‍മാരെ കിട്ടുന്നത്‌?അത്‌ ഗുണനിലവാരത്തെ ബാധിക്കില്ലേ?
സാധരണക്കാരെ ബാധിക്കുന്ന ഭൂരിപകഷം അസുഖങ്ങള്‍ക്കും ഇന്ന് മിതമായ നിരക്കില്‍ ചികില്‍സ ലഭിക്കുന്നില്ല.സൂപ്പര്‍ സ്പെഷ്യാലിറ്റിക്കുവേണ്ട തുകകൊണ്ട്‌ ഇടത്തരക്കാര്‍ക്കുവേണ്ട ചെറുകിട ആശുപത്രികള്‍ ധാരാളം സ്ഥാപിക്കുകയാണ്‌ വേണ്ടത്‌.
വിരലിലെണ്ണാവുന്ന അസുഖങ്ങള്‍ക്കായി കോടികള്‍ മുടക്കി ആശുപത്രികള്‍ സ്ഥാപിക്കുന്നത്‌ കച്ചവടക്കണ്ണല്ലേ

Thursday, February 4, 2010

ദൈവത്തിനും സ്ത്രീവിദ്വേഷമോ?

ദൈവം സ്ത്രീ വിദ്വേഷിയാണോ?മനുഷ്യനേയും സകലചരാചരങ്ങളേയും സൃഷ്ടിച്ച ദൈവം മനുഷ്യനേക്കാള്‍ എത്രയോ ഉയരങ്ങളിലായിരിക്കും നിലകൊള്ളുന്നത്‌.സാധാരണ മനുഷ്യര്‍ക്കുള്ള ദൗര്‍ബ്ബല്യങ്ങള്‍ ദൈവത്തിനും ഉണ്ടെങ്കില്‍ പിന്നെ ദൈവവും മനുഷ്യനും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ?പ്രതികാരവും ദേഷ്യവും വിവേചനവും അസൂയയും ഒക്കെ മനുഷ്യന്റെ വികാരങ്ങളാണെങ്കില്‍ ഈ സ്വഭാവങ്ങളുള്ള ദൈവങ്ങളെ പിന്നെ ആരാധിക്കുന്നതില്‍ എന്ത്‌ അര്‍ഥമാണുള്ളത്‌.
ശത്രുവിനെ സംഹരിക്കാന്‍ ദൈവത്തിന്റെ സഹായം വേണമെങ്കില്‍ നിങ്ങള്‍ക്ക്‌ ശത്രുസംഹാരപൂജ നടത്താം.അവരവരുടെ സാമ്പത്തികശേഷിപോലെ കൂടുതല്‍ കൊടുത്താല്‍ ഏതു ദൈവത്തേയും വിലക്കെടുക്കാം.ഇത്‌ ദൈവഹിതമാണോ മനുഷ്യഹിതമാണോ ?ക്ഷേത്രത്തിലെ വഴിപാടുവിവരങ്ങളില്‍ കണ്ണോടിച്ചാല്‍ ഇങ്ങിനെ എത്രയോ കാണാം.
എന്നാല്‍ ചില ദൈവങ്ങള്‍ക്ക്‌ അല്‍പ്പം സ്ത്രീ വിദ്വേഷം കൂടിയുണ്ട്‌.പുരുഷനേയും സ്ത്രീയേയും സൃഷ്ടിച്ച ദൈവത്തിന്‌ ഒരു ലിംഗത്തോട്‌ പ്രത്യേകം പക്ഷപാതം ആകാമോ?
ഇതാ ഒരു ക്ഷേത്രത്തിലെ വളരേ വിശിഷ്ടമായ വഴിപാട്‌ വിവരം ഈ നോട്ടീസില്‍ കാണാം.ബാലയൂട്ട്‌..കുട്ടികള്‍ ഇല്ലാത്തവര്‍ക്ക്‌ കുട്ടികള്‍ ഉണ്ടാവാനും പെണ്‍കുട്ടികള്‍ ഉള്ളവര്‍ക്ക്‌ ആണ്‍കുട്ടികളെകിട്ടാനും ഈ വഴിപാട്‌ ആകാം.ആരാണാവോ ദൈവത്തിന്റെ ഇംഗിതം ഇവരോട്‌ ചൊല്ലിയത്‌?പെണ്‍കുട്ടികളോട്‌ ദൈവത്തിനെന്താണാവോ ഇത്രവിരോധം?എന്നാല്‍ ആണ്‍കുട്ടികളുള്ളവര്‍ക്ക്‌ പെണ്‍കുട്ടികളെ ലഭിക്കാന്‍ ദൈവം ഒരു സഹായവും ചെയ്യില്ലേ ആവോ?.
സ്ത്രീകള്‍ ഭരണാധികാരികളായ ഒരു ക്ഷേത്രത്തില്‍ ഇത്തരം ഒരു വഴിപാടിന്‌ സമ്മതിക്കുമോ?ഇല്ല.
ഒരു ദേവാലയത്തിലും സ്ത്രീ ഭരണാധികാരികളില്ലന്നത്‌ വിരോധാഭാസമായി തോന്നാം.ദേവാലയ ദര്‍ശനത്തിന്‌ എത്തുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണുതാനും.എന്നിട്ടും എന്താണ്‌ ഈ വിവേചനം?സ്ത്രീകളുടെ ശബരിമലയെന്നു വിളിക്കുന്ന ആറ്റുകാലില്‍ സ്ത്രീകളുടെ ഭരണസമിതിയല്ലന്നാണ്‌ തോന്നുന്നത്‌.ഒരു സ്ത്രീ സംഘടനയും അതിനായി വാദിക്കുന്നുമില്ല.
ക്ഷേത്രങ്ങളിലെ മിക്ക ആചാരങ്ങളും സ്ത്രീവിരുദ്ധമാണ്‌.ചുരിദാര്‍ ധരിക്കുവാന്‍ അനുമതി നല്‍കിയപ്പോള്‍ ഉണ്ടായ കോലാഹലം കണ്ടതാണല്ലോ.ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക്‌ ഒരു സ്ഥാനമാനങ്ങളുമില്ല.പൂജാരിമുതല്‍ ഈ വിവേചനം ആരംഭിക്കുന്നു.സ്ത്രീ ദൈവങ്ങളെ ആരാധിക്കുന്ന ക്ഷേത്രത്തിലും സ്ത്രീകള്‍ക്ക്‌ പ്രവേശനവിലക്ക്‌ ഉണ്ട്‌.. ഇങ്ങിനെയെത്രയോ....

Wednesday, January 20, 2010

പുതിയ അഗ്രഹാരങ്ങള്‍

ആകസ്മികമായാണ്‌ കൊല്ലങ്കോടിനൊരു യാത്ര തരപ്പെട്ടത്‌.അഗ്രഹാരങ്ങളെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും ഒന്നു കാണാന്‍ അവസരം ഇതുവരെ ലഭിച്ചിരുന്നില്ല.പോകേണ്ടതും അഗ്രഹാരത്തിലെ ഒരു ഗൃഹത്തില്‍ തന്നെ.അഗ്രഹാരങ്ങളെപ്പറ്റി ഒരു ചെറിയ ചരിത്രം മനസ്സിലുണ്ട്‌.പോകുന്നതിനുമുന്‍പ്‌ അല്‍പ്പം ഗൃഹപാഠം കൂടി നടത്തി.അത്‌ നിശ്ചയമായും ഗുണം ചെയ്യും. നെന്മാറ കഴിഞ്ഞപ്പോള്‍ മുതല്‍ മനസ്സില്‍ നിറയെ അഗ്രഹാരവും അരിപ്പൊടികോലങ്ങളും രഥോത്സവവും ഒക്കെയായിരുന്നു. കൊല്ലങ്കോടിനോട്‌ അടുക്കുംതോറും മലയാളിത്തം വിട്ട്‌ തമിഴ്‌ ഛായ പരക്കുന്നു.പൈയ്യല്ലൂര്‍ ഗ്രാമത്തിലേക്കുള്ള വഴി ചോദിച്ചപ്പോള്‍ പറഞ്ഞു തരുവാന്‍ എത്ര പേരാണ്‌ മുന്നോട്ട്‌ വന്നതെന്നു നിശ്ചയമില്ല.പലരും വേണമെങ്കില്‍ പയ്യല്ലൂര്‍ ഗ്രാമം വരെ കൂടെപ്പോരാനും തയ്യാറാണ്‌. പാലക്കാടിന്റെ നൈര്‍മ്മല്യം. യാത്ര നെല്‍പ്പാടത്തിനു നടുവിലൂടെയാണ്‌.പച്ച പരവതാനിക്കിടയില്‍ അവിടവിടെ കരിമ്പനക്കൂട്ടങ്ങള്‍.നട്ടുച്ചയായതിനാല്‍ കരിമ്പനക്കുതാഴെ ഠ വട്ടത്തില്‍ നിഴലിന്റെ ഒളിച്ചുകളി.അവയ്കെല്ലാത്തിനും പിന്നില്‍ ജലഛായത്തില്‍ വരച്ചപോലെ തല നരച്ച കുന്നുകള്‍.തലമുടിയും വേറിടുത്ത്‌ പൂപ്പുഞ്ചിരി പൊഴിച്ച്‌ ഇടശ്ശേരിയുടെ പൂതം താംബൂലവുമായി വാല്യക്കാരെ കാത്തുനിന്നത്‌ ഇവിടെയെവിടെയോ ആകാം.ഇതിനെല്ലാമുപരി ആഴ്‌ന്നിറങ്ങുന്ന നിശ്ശബ്ദത..അവിടവിടെ കള പറിക്കുന്ന സ്ത്രീകളെയും കാണാം പ്രധാനവഴിയില്‍ നിന്നും തിരിഞ്ഞ്‌ പത്തുമിനിറ്റ്‌ യാത്ര ചെയ്തപ്പോള്‍ പയ്യല്ലൂര്‍ ഗ്രാമത്തിലെത്തി. ഇനി അല്‍പ്പം ചരിത്രമാകാം.. 1913 ല്‍ പാണ്ഡ്യരാജാവായ മാരവര്‍മ്മന്‍ മരണമടഞ്ഞ ശേഷം പിന്‍ ഗാമിയെ കണ്ടെത്താന്‍ അല്‍പ്പം വിഷമം നേരിട്ടു.ഇത്‌ മുതലാക്കി മുസ്ലീം അധിനിവേശം ആരംഭിച്ചു.ഇതേത്തുടര്‍ന്ന് തമിഴ്ബ്രാഹ്മണന്മാര്‍ പാലക്കാട്ടേക്ക്‌ കുടിയേറിപ്പാര്‍ത്തു.ദിണ്ടിഗല്‍.പൊള്ളാച്ചി,തഞ്ചാവൂര്‍ എന്നിവിടങ്ങളില്‍ നിന്നും വന്ന ഇവര്‍ കൊല്ലങ്കോട്‌,കൊടുവായൂര്‍,ചിറ്റൂര്‍,തത്തമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ അഗ്രഹാരങ്ങള്‍ നിര്‍മ്മിച്ച്‌ താമസമാക്കി.അന്നത്തെ നാട്ടുരാജാക്കന്മാര്‍ ഇവര്‍ക്ക്‌ ആവശ്യമായ സ്ഥലവും പണവും ഭക്ഷണവും നല്‍കി സ്വീകരിച്ചതിന്‌ പലകാരണങ്ങളുണ്ട്‌.നാട്ടുകാരായ ബ്രാഹ്മണരോടുള്ള എതിര്‍പ്പായിരുന്നു പ്രധാനം. അഗ്രഹാരം എന്നാല്‍ ഗൃഹങ്ങളുടെ പൂമാല എന്ന് പറയാം .നടുക്ക്‌ ക്ഷേത്രവും അതിനുചുറ്റും പൂമാല കണക്കിന്‌ വീടുകളുടെ സമുച്ചയവുമാണ്‌ അഗ്രഹാരങ്ങളുടെ പൊതുരൂപം.അയ്യര്‍,പട്ടര്‍ എന്നിവരുടെ വാസഗൃഹങ്ങളാണ്‌ ഇവ.പരസ്പരം അഭുമുഖമായുള്ള അഗ്രഹാരങ്ങള്‍ക്ക്‌ നടുവിലായി വിശാലമായ മുറ്റമുണ്ട്‌.ഒരു പൊതു കിണറുണ്ടാകും.പൊതുകുളവും ചില അഗ്രഹാരങ്ങളോടുചേര്‍ന്നുണ്ട്‌.മുറ്റത്ത്‌ അതിരാവിലെ അരിപ്പൊടിക്കോലങ്ങള്‍ എഴുതുകയെന്നത്‌ ചര്യയാണ്‌.പൊതുഭിത്തികളോടുകൂടിയതാണ്‌ വീടുകള്‍. വെടിവട്ടത്തിന്‌ ഉമ്മറത്ത്‌ പ്രത്യേകം തളവുമുണ്ട്‌. നട്ടുച്ചക്കാണ്‌ അഗ്രഹാരത്തിലെത്തുന്നത്‌,.കത്തുന്ന സൂര്യനുതാഴെ പൊടിമണ്ണ്‍ പഴുത്തുകിടക്കുന്നു.ഒന്നു രണ്ടു ഗൃഹങ്ങളുടെ മുന്‍പില്‍ സ്ത്രീകള്‍ നിലത്തിരുന്ന് വര്‍ത്തമാനത്തിലാണ്‌ .ഭിത്തിയിലെ ചായത്തിന്റെ നിറം കണ്ട്‌ ഒരോ ഗൃഹവും തിരിച്ചറിയാം. തലമുട്ടാതെ കുനിഞ്ഞുവേണം അകത്തു കയറുന്നതിന്‌,വാതിലുകള്‍ക്ക്‌ അത്ര ഉയരക്കുറവാണ്‌.എന്തിനാണ്‌ ഇത്ര ഉയരം കുറച്ച്‌ പണിഞ്ഞത്‌ എന്ന് മനസ്സിലാകുന്നില്ല. മുറിക്കകത്ത്‌ നല്ല തണുപ്പ്‌ തോന്നി. ദീര്‍ഘചതുരാകൃതിയിലാണ്‌ ഓരോ ഗൃഹവും .മുന്‍ വശം 15 അടിയില്‍ കൂടൂതല്‍ ഒട്ടുമില്ല.എന്നാല്‍ നീളം 100 അടിയെങ്കിലും ഉണ്ടാകും .വീടിനു പുറകിലുള്ള സ്ഥലവും ഇതേരീതിയില്‍ വാലുപോലെ നീണ്ടുകിടക്കുന്നു.ഒരു ഇടനാഴിയും അതില്‍ നിന്നും ഒരു വശത്തുള്ള മുറികളിലേക്ക്‌ കയറാനുമുള്ള രീതിയിലാണ്‌ ഈ ഗൃഹങ്ങളുടെ നിര്‍മ്മാണ രീതി.ചില ഗൃഹങ്ങള്‍ക്ക്‌ നടുമുറ്റവുമുണ്ട്‌.എല്ലാ വീടുകള്‍ക്കും മുകളില്‍ ഒരു മുറിയുണ്ട്‌.പൊക്കം കുറഞ്ഞ ചെറിയ ഗോവണികയറിവേണം അതിലേക്ക്‌ എത്തുവാന്‍.മുകളില്‍ നിന്നാല്‍ അഗ്രഹാരത്തിന്റെ ഒരു വിഹഗവീക്ഷണം കിട്ടും.സിമന്റ്‌ ഉപയോഗിക്കാതെയാണ്‌ അഗ്രഹാരങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്‌.ശര്‍ക്കരയും കുമ്മായവും ചേര്‍ത്തുണ്ടാക്കിയ ഒരു മിശ്രിതത്തിലാണ്‌ ഇത്‌ പണിതുയത്തിയിരിക്കുന്നത്‌. ഇന്ന് പല അഗ്രഹാരങ്ങളും ബ്രാഹ്മണര്‍ കൈയൊഴിഞ്ഞു.പലരും പട്ടണങ്ങളിലേക്ക്‌ കുടിയേറി.ചിലതു പൊളിച്ചു പുതിയ കോണ്‍ക്രീറ്റ്‌ അഗ്രഹാരങ്ങള്‍ പണിതു.പലരും വിറ്റ്‌ പട്ടണത്തിലേക്ക്‌ പോകുന്നതിനുള്ള തയ്യാറെടുപ്പിലാണ്‌. ക്ഷേത്രത്തില്‍ തേരോട്ടമാണ്‌ പ്രധാന ആഘോഷം.കല്‍പ്പാത്തി രഥോത്സവം പ്രസിദ്ധമാണല്ലോ?ഇതോടനുബന്ധിച്ച്‌ സംഗീതോത്സവവും മിക്ക അഗ്രഹാരങ്ങളിലുണ്ട്‌.പാലക്കാടിന്‌ സംഗീതത്തിന്റേയും മേളത്തിന്റേയും പെരുമ തന്നത്‌ ഈ അഗ്രഹാര വാസികളാണ്‌. പയ്യല്ലൂര്‍ ഗ്രാമത്തില്‍ പൊതുകുളമുണ്ട്‌.ഇത്രയും വലുപ്പമുള്ള ഒരു കുളം ആദ്യമായാണ്‌ ഞാന്‍ കാണുന്നത്‌.അതില്‍ നിരവധി കുളക്കടവുകളും ഉണ്ട്‌. കൊല്ലങ്കോടുതന്നെ നിരവധി അഗ്രഹാരങ്ങളുണ്ട്‌.പെരുമാള്‍കോവില്‍ ഗ്രാമത്തിലും പോകുകയുണ്ടായി.ഇവിടെ വളരെ കുറച്ച്‌ വീടുകളില്‍ മാത്രമേ താമസമുള്ളു.പലതും വാടകക്ക്‌ കൊടുത്തിരിക്കുകയാണ്‌.ഒന്നില്‍ ഒരു സ്കൂള്‍ പ്രവൃത്തിക്കുന്നു,മറ്റൊന്നില്‍ ബ്യൂട്ടി പാര്‍ലര്‍... മടങ്ങുമ്പോള്‍ വെയിലിന്റെ ചൂടു കുറഞ്ഞിരുന്നു.കൊല്ലങ്കോട്‌ വന്നപ്പോള്‍ അപൂര്‍വ്വമായൊരു കാഴ്ചയും കാണാറായി.. ചാക്കുകെട്ടുകളുമായി കാളവണ്ടികള്‍....ഇനിയും വിപുലമായ ഒരു സന്ദര്‍ശ്ശനത്തിന്‌ ഇവിടെയെത്തണമെന്ന് മനസ്സില്‍ കരുതി നെല്‍പ്പാടങ്ങളും നോക്കിയിരിക്കുമ്പോള്‍ പാലക്കാടന്‍ കാറ്റേറ്റ്‌ പതുക്കെ മയങ്ങിപ്പോയി

Recent Posts

ജാലകം