Pages

Wednesday, October 17, 2012

പ്രകൃതിയെ സ്നേഹിക്കാം ..ദാ ഇങ്ങിനെ..


പറമ്പില്‍ നില്‍ക്കുന്ന ആഞ്ഞിലിമരത്തിനു അറുപതിഞ്ച്‌ വണ്ണം എത്തുന്നത്‌ കാത്തിരുന്ന്‌ കറന്‍സിനോട്ടുകള്‍ സ്വപ്നം കാണുന്നത്‌ സാധാരണമലയാളിയുടെ ശീലമായിക്കഴിഞ്ഞിട്ടുണ്ടാകാം.മാനം മുട്ടെ വളര്‍ന്നുനില്‍ക്കുന്ന മരത്തിനു ചുവട്ടില്‍ നിന്ന്‌ വെട്ടിയാല്‍ എത്ര ക്വിബിക്ക്‌ തടികിട്ടുമെന്ന സാമ്പത്തികശാസ്ത്രത്തിനപ്പുറമുള്ള പ്രകൃതിസ്നേഹം നമുക്കില്ല.കൊഴുത്തു തുടുത്ത ഏതു മൃഗത്തെകണ്ടാലും ചെന്നായയെപ്പോലെ കൊതിപൂണ്ട്‌ വെള്ളമിറക്കുന്ന എത്രയോപേരെ കണ്ടിട്ടുണ്ട്‌.മണ്ണിനെ റബ്ബര്‍ കൃഷിക്കുമാത്രമുള്ള വസ്തുവായും ലോറികളില്‍ കയറ്റി അയച്ച്‌ പണം സമ്പാദിക്കാനുള്ള വിളയായും മാത്രമേ സാധാരണമലയാളി കാണുന്നുള്ളൂ.അതിനാല്‍ തന്നെ പന്ത്രണ്ട്‌ ഏക്കര്‍ സ്ഥലത്ത്‌ കാട്ടുമരങ്ങള്‍ വളര്‍ത്തി മണ്ണിനെ നശിപ്പിക്കുന്ന ഒരാളെ ഉള്‍ക്കൊള്ളാന്‍ നമുക്കാവില്ല.എന്നാല്‍ ആരുള്‍ക്കൊണ്ടാലും ഇല്ലങ്കിലും പുന്നോര്‍ക്കോട്‌ മനയിലെ നമ്പൂതിരിമാര്‍ക്ക്‌ ഈ കാര്യത്തില്‍ പുനര്‍ചിന്തനമില്ല.ഇത്‌ പുന്നോര്‍ക്കോട്‌ മന അല്ലങ്കില്‍ സ്വര്‍ണ്ണത്ത്‌ മന.എറണാകുളം ജില്ലയിലെ പഴന്തോട്ടം എന്ന ഗ്രാമത്തിലെ പുരാതനമായ ഈ ബ്രാഹ്മണകുടംബത്തിന്‌ ഏറെ സവിശേഷതകളുണ്ട്‌.എന്നാല്‍ ഏറെ ശ്രദ്ധിക്കുന്നത്‌ ഈ നിശ്ശബ്ദമായ പ്രകൃതിസ്നേഹം തന്നെയാണ്‌.പഴന്തോട്ടം പഴ്‌ങ്ങളുടെ തോട്ടമാണ്‌.ഒരുകാലത്ത്‌ സമൃദ്ധമായി ഇവിടെ വാഴകൃഷിയുണ്ടായിരുന്നിരിക്കാം.അല്ലാതെ മറ്റു ഫലവൃക്ഷങ്ങള്‍ ധാരാളമായി ഉണ്ടായിരുന്നതായി അറിവില്ല.
പഴന്തോട്ടം ജങ്ങ്ഷനില്‍ നിന്നും നൂറുവാര നടന്നാല്‍ പുന്നോര്‍ക്കൊട്‌ മനയിലെത്താം.ഇരു വശവും വെട്ടുകല്ലില്‍ തീര്‍ത്ത കൂറ്റന്‍ മതിലുകളാണ്‌ നമ്മളെ സ്വാഗതം ചെയ്യുന്നത്‌.ഒരു കാലത്ത്‌ മാത്രമല്ല ഇന്നും വെട്ടുകല്ല്‌ ധാരാളം ലഭ്യമായ ഇടമാണ്‌ പഴന്തോട്ടവും കോലഞ്ചേരിയും ചുറ്റുമുള്ള പ്രദേശങ്ങളും.മതിലിന്റെ പലഭാഗങ്ങളും ഇടിഞ്ഞു വീണു തുടങ്ങിയിട്ടുണ്ട്‌.പ്രൗഢമായ പന്ത്രണ്ടുകെട്ടിന്റെ മുന്‍പിലാണ്‌ എത്തിച്ചേര്‍ന്നത്‌.ഇല്ലത്തിനു ചുറ്റും വളര്‍ന്ന്‌ പന്തലിച്ച്‌ നില്‍ക്കുന്ന ആഞ്ഞിലിയും തേക്കും പാലയും മരുതും ഇലവും മാവും നമ്മളെ അത്ഭുതപ്പെടുത്തുമെന്ന്‌ നിശ്ചയം.
പന്ത്രണ്ട്‌ ഏക്കറിലായാണ്‌ സ്വര്‍ണ്ണത്ത്‌ മന സ്ഥിതിചെയ്യുന്നത്‌.അതില്‍ തന്നെ ഒരേക്കറോളം മനയും കളപ്പുരയും.കേരളീയ വാസ്തുശില്‍പ്പത്തിന്റെ ഉദാത്ത മാതൃകയാണ്‌ ഈ ഇല്ലം.ഇതിന്‌ ഏതാണ്ട്‌ 200 വര്‍ഷത്തെ പഴക്കമുണ്ട്‌.മൂന്നു നടുമിറ്റമുള്ള പന്ത്രണ്ട്‌ കെട്ടാണ്‌ മന.പൂമുഖത്തെ മച്ചില്‍  തീര്‍ത്ത ശില്‍പ്പങ്ങള്‍ ഏറെ ആകര്‍ഷകമാണ്‌.തൊട്ടുചേര്‍ന്ന കളപ്പുര പണ്ട്‌ നെല്ലു സൂക്ഷിക്കുന്നതിനും അതിഥികള്‍ക്ക്‌ താമസിക്കുന്നതിനും ഉപയോഗിച്ചിരുന്നു.ഈ കളപ്പുരയിലും പന്ത്രണ്ട്‌ കെട്ടിലുമായി മുപ്പതോളം മുറികളുണ്ട്‌.മൂന്നു സഹോദരങ്ങളും അവരുടെ കുടുംബവുമാണ്‌ ഇപ്പോള്‍ ഇവിടെ താമസം.കൂട്ടുകുടുംബത്തിന്റെ ഗുണവും ദോഷവുമുണ്ടെന്ന്‌ മനസ്സിലാക്കാം.മനക്കു ചുറ്റുമായാണ്‌ ഏതാണ്ട്‌ പതിനൊന്ന്‌ ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന കാട്ടുമരങ്ങള്‍ വളരുന്ന പ്രദേശം.ഇതില്‍ കൂറ്റന്‍ ആഞ്ഞിലിയും മാവും പ്ലാവും തേക്കും കൂടാതെ നിരവധി കാട്ടുമരങ്ങളും വളര്‍ന്നു നില്‍ക്കുന്നു.അടിക്കാടും വളര്‍ന്ന് ഒരു സ്വാഭാവിക വനത്തിന്റെ പ്രതീതി തോന്നും.കോടികള്‍ വിലമതിക്കുന്ന ഈ മരങ്ങള്‍ വെട്ടിവിറ്റ്‌ റബ്ബര്‍ വളര്‍ത്തണമെന്ന് ഇല്ലത്തെ നംബൂരിമാര്‍ക്ക്‌ തോന്നിയിട്ടില്ല.നൂറോളം തേക്കുമരങ്ങള്‍ തന്നെയുണ്ട്‌.ഇന്ന് നാട്ടിന്‍പുറത്ത്‌ പോലും അപൂര്‍വ്വമായ കുറുന്തോട്ടിയും സര്‍പ്പഗന്ധിയും ഇവിടെ സമൃദ്ധമായുണ്ട്‌.പകല്‍പോലും നത്തുകള്‍ പറന്നു നടക്കുന്നത്‌ ഞാന്‍ നേരിട്ട്‌ കണ്ടതാണ്‌,കാറ്റത്ത്‌ മരങ്ങളുടെ ശിഖരങ്ങള്‍ അടര്‍ന്ന് വീണാ്‌ ദ്രവിച്ച്‌ കിടപ്പുണ്ട്‌.നട്ടുച്ചക്ക്‌ പോലും സൂര്യപ്രകാശത്തിന്‌ അരിച്ചിറങ്ങാനാകില്ല,
പബ്ലിക്ക്‌ റോഡരുകില്‍ ഒരു വൃക്ഷത്തൈ നട്ട്‌ പ്രകൃതി സ്നേഹം അവസാനിപ്പിക്കുന്ന നമ്മള്‍ക്ക്‌ ഈ നിശ്ശബ്ദമായ സ്നേഹത്തിനു മുന്‍പില്‍ ശിരസ്സുകുനിക്കാതെ വയ്യ.പരിസ്ഥിതി അവാര്‍ഡ്‌ ഇവരെ തേടി എന്നാണാവോ എത്തുക?





















Monday, September 24, 2012

വെണ്മണിക്കാഴ്ചകള്‍


ഇത്‌ വെണ്മണിനമ്പൂതിരിയുടേയോ മഹന്‍ നമ്പൂതിരിയുടേയോ നാടല്ല.പ്രകൃതിയോട്‌ രമ്യതപ്പെട്ടും പടവെട്ടിയും പുറം ലോകത്തിന്റെ മസ്മരികതയില്‍നിന്നോ അതോ കാപട്യങ്ങളില്‍ നിന്നോ ഒരുകാലം വരെ ബഹുദൂരം അകന്നുനിന്ന വാഹനങ്ങളുടെ ഇരമ്പലുകള്‍ പോലും അന്യമായിരുന്ന പട്ടച്ചാരായത്തിന്റെ ഉന്മത്തതയില്‍ പകലുകളും രാവുകളും ഹോമിച്ചിരുന്ന ഒരു ജനത വാണിരുന്ന ഹൈറേഞ്ചിലെ ഒരു ഇടമാണ്‌ ഈ വെണ്മണി.ഇവിടെ കവിതപൂക്കുകയോ കാവ്യങ്ങള്‍ രൂപപ്പെടുകയോ ചെയ്തിട്ടുണ്ടാകുമാ ആവോ?ഇന്ന് വെണ്മണിയുടെ മാറിലൂടെ നീണ്ടുപോകുന്ന കൊടുമുടിക്കയറ്റങ്ങളും കുത്തിറക്കങ്ങളും കൊടുംവളവുകളും ഇരുപുറവും കണ്ണുകള്‍ക്ക്‌ ആമോദം സമ്മാനിക്കുന്ന കാഴ്ചകളും ഉള്ള ടാര്‍ റോഡ്‌ വെണ്മണിയുടെ ചരിത്രത്തെ മാറ്റിമറിച്ചു.ഡ്രൈവിങ്ങിന്റെ ത്രില്ലും നിശ്ശബ്ദതയുടെ അവാച്യമായ ലഹരി ആസ്വദിക്കാനും വെണ്മണി...വെണ്മണി മാത്രമെ ഉള്ളൂ എന്നു പറഞ്ഞാല്‍ അതിശയോക്തിക്കിടമില്ലന്ന് ഇവിടം ഒന്ന് സഞ്ചരിച്ചാല്‍ സമ്മതിക്കാതിരിക്കില്ല.
ത്രില്‍ തുടങ്ങുന്നു

വെണ്‍തേക്ക്‌..

വികസനം ദാ ഇതിലേ..






ഫ്രീ ഓക്സിജന്‍... 


ഇവിടെ തേങ്ങാത്തരിയും..
                          ഇത്‌വെണ്മണി.മൂവാറ്റുപുഴ,പോത്താനിക്കാട്‌,വണ്ണപ്പുറം,മുണ്ടന്മുടി,ബ്ലാത്തിക്കവല വഴി ഇടുക്കിജില്ലയിലേക്കുള്ള ഈ പാതപോകുന്നത്‌ വെണ്മണി വഴിയാണ്‌.
                                ഈ റോഡ്‌ പണിതീര്‍ന്ന് സഞ്ചാരയോഗ്യമായത്‌ പത്തുവര്‍ഷത്തിനകമാണ്‌.അതിനുമുന്‍പ്‌ വണ്ണപ്പുറത്തുനിന്ന് ജീപ്പ്പ്‌ മാത്രമായിരുന്നു വെണ്മണിക്കാര്‍ക്ക്‌ ആശ്രയം.അതും ബ്ലാത്തിക്കവല കഴിഞ്ഞാല്‍ നടന്നല്ലാതെ പോകാനാകില്ല.പുറം ലോകവുമായി ഒരു ബന്ധവുമില്ല.പത്രമില്ല..കറണ്ടില്ല..വാഹനമില്ലാ..സ്കൂളില്ല..എന്നാല്‍ പട്ടച്ചാരായം സുലഭമായിരുന്നു.വെണ്മണിയിലെ ചാരായം വെണ്മണിക്ക്‌ പുറത്തേയ്ക്കും ഒഴുകിയിരുന്നു.അത്‌ വെണ്മണിക്കാര്‍ക്ക്‌ ഒരു വരുമാനമാര്‍ഗ്ഗം കൂടിയായിരുന്നു.വര്‍ഷത്തില്‍ ഒരു തവണയെങ്കിലും പോലീസോ എക്സൈസോ എത്തിയാല്‍ ഭാഗ്യം.ഒരിക്കല്‍ ഔദ്യോഗികകാര്യത്തിനായി 2000ലോ2001ലോ വെണ്മണിയില്‍ എത്തിയിട്ടുണ്ട്‌.വണ്ണപ്പുറത്തുനിന്ന് ജീപ്പ്പില്‍ ബ്ലാത്തിക്കവലയിലെത്തി അവിടെ നിന്ന് കാല്‍നടയായാണ്‌ ഇവിടെ എത്തിയത്‌.അന്നിവിടെ ഒരു പള്ളിയും ഒന്നു രണ്ടു ചെറിയ കടകളും മാത്രം.മഴക്കാലമായതിനാല്‍ ചളിനിറഞ്ഞ്‌ നടപ്പുപോലും ദുസ്സഹമാക്കിയ വഴി...കുത്തിയൊഴുകിയ വെള്ളപ്പാച്ചിലില്‍ റോഡ്‌ പലയിടത്തും തോടാണ്‌.അപരിചിതരായ ഞങ്ങളെ സംശയദൃഷ്ടിയോടെയാണ്‌ നാട്ടുകാര്‍ വീക്ഷിച്ചത്‌.പോലീസോ എകസൈസോ വേഷം മാറി വന്നതാകാമെന്ന് അവര്‍ക്കറിയാം. കൈലിയും ടീഷര്‍ട്ടും തലേല്‍കെട്ടുമായിരുന്നു വേഷം.പ്രച്ഛന്നവേഷം തന്നെ.പലരുമായും സംസാരിച്ചു.പള്ളിവികാരിയെ കണ്ടാല്‍ വ്യക്തമായ ചിത്രം കിട്ടുമെന്ന് മനസ്സിലായി.മധ്യവയസ്കനായ സ്നേഹധനനായ ആ ഫാദറിന്റെ ചിത്രം ഇന്നും മനസ്സിലുണ്ട്‌.ഇടവകക്കാരില്‍ ഭൂരിഭാഗവും വാറ്റുകാരാണ്‌..ഞാനെന്തുചെയ്യാനാണ്‌?ഓരോ കുടുംബങ്ങളുടേയും കഥകള്‍ പറയുമ്പോള്‍ ഫാദര്‍ അല്‍പ്പം നേരം മൗനിയാകുന്നു.വികാരം നിയന്ത്രിക്കാന്‍ പാടുപെടുന്നാതായി വ്യക്തമാകുന്നു.വെണ്മണീക്കാരെ ആരു രക്ഷിക്കും?..........
                                          ഇത്‌ വിസ്മരിക്കപ്പെട്ട ചരിത്രം മാത്രം..ഒരു റോഡ്‌ എല്ലാം മാറ്റിത്തീര്‍ത്തു.ഒരു ജനതയുടെ ജീവിതം തന്നെ..ഇന്ന് പട്ടച്ചാരായം പഴങ്കഥ..ബസ്സു കാത്തുനില്‍ക്കുന്ന യൂണിഫാറമിട്ട കുട്ടികള്‍ മാറിയ വെണ്മണിയുടെ പുതിയ മുഖമാണ്‌ കാണിക്കുന്നത്‌..റോഡിലൂടെ പായുന്ന ലൈസ്‌ ബസ്സുകള്‍..കാറുകള്‍..വൈദ്യുതിലൈനുകള്‍....
ഈ റോഡ്‌ കഞ്ഞിക്കുഴി വഴി ചെറുതോണി നേര്യമംഗലം റോഡിലെത്തുന്നു.അവിടെനിന്നും ചെറുതോണിക്ക്‌ എളുപ്പമാണ്‌.എറണാകുളത്തുനിന്നും കട്ടപ്പനക്ക്‌ ഇപ്പോള്‍ ഇതാണ്‌ എളുപ്പമാര്‍ഗ്ഗം.വഴിയും നല്ലതുതന്നെ.
                                  വണ്ണപ്പുറം മുതലുള്ള യാത്ര ചേതോഹരമാണ്‌.കൊടുവളവുകളും കയറ്റവും കുത്തനിറക്കവും യാത്രയുടെ ത്രില്ല് വര്‍ദ്ധിപ്പിക്കുന്നു.മുണ്ടന്മുടി കഴിഞ്ഞാല്‍ അന്തരീക്ഷത്തിന്‌ അല്‍പ്പം കുളിരുതോന്നും.മൂടില്‍ക്കെട്ടിനില്‍ക്കുന്ന നിശ്ശബ്ദത.വല്ലപ്പോഴും കടന്നുപോകുന്ന വാഹനങ്ങളുടെ ഇരമ്പല്‍ മാത്രം.വല്ലപ്പോഴുമുള്ള ഒരു പശുവിന്റേയോ ആടിന്റേയോ കരച്ചില്‍ പിന്നണിതീര്‍ക്കുന്നു.മുണ്ടശ്ശേരി പറയുന്നപോലെ പാര്‍സലായി പോയി വന്നാല്‍ ഒന്നും തോന്നില്ല.റോഡിനിരുവശവുമുള്ള കുന്നുകളില്‍ കലമ്പട്ടയും തേങ്ങാത്തരിയും പൂത്തു നില്‍ക്കുന്നുണ്ട്‌.കുന്നിന്‍ മുകളില്‍ കയറിയാല്‍ വളഞ്ഞുപുളഞ്ഞു പോകുന്ന റോഡിന്റെ ദൃശ്യം കാണാം.മലമുകളില്‍ നല്ല കാറ്റ്‌.ഇനിയും കണ്ടിട്ടില്ലാത്ത നിരവധിയായ ചെറുതും വലുതുമായപുഷ്പങ്ങള്‍..ചെടികള്‍..വെള്ളിലകള്‍..കാറ്റിനുപോലും ഇവയുടെ സുഗന്ധം...പട്ടണത്തിന്റെ കോലാഹലങ്ങളില്‍ നിന്നും മലിനംവും ദുര്‍ഗന്ധം മണക്കുന്ന വായുവില്‍നിന്നും ഒരു പലായനം...മണിക്കൂറുകള്‍ മാത്രമാണെങ്കിലും..അത്‌ നിശ്ചയമായും ഒരു സുഖ ചികല്‍ത്സതന്നെ.
                            ഇന്ന് വെണ്മണിയില്‍ കടകളുണ്ട്‌.പള്ളി പുതുക്കി പണിതു.അതു്‌ വലിയോരു കൂട്ടായ്മയുടെ കഥകൂടിയാണ്‌.ഗ്രാമവാസികള്‍ എല്ലാവരുടേയും കൂട്ടായ ശ്രമത്തിന്റേയും അദ്ധ്വാനത്തിന്റേയും ഫലം.ഒരു ആയുര്‍വേദാശുപത്രിയുണ്ട്‌.ആവശ്യത്തിനു ബസ്സ്‌ സര്‍വീസുമായി.ഇതെല്ലാം ഒരു റോഡ്‌ തന്നതാണ്‌....വെണ്മണിക്കാരുടെ വരദാനമായ ആറോഡിലൂടെയുള്ള യാത്രയും ഒരു വരദാനം തന്നെ...

Monday, September 3, 2012

ട്രാന്‍സ്പോര്‍ട്ട്‌ ബസ്സിലെ കമ്മ്യൂണിസം

ബസ്സ്‌ പുറപ്പെട്ടു.അടിമാലിയില്‍ നിന്നും കോട്ടയത്തേയ്ക്കുള്ള ലിമിറ്റഡ്‌ സ്റ്റോപ്‌ ട്രാന്‍സ്പോര്‍ട്ട്‌ ബസ്സാണ്‌.ഇടദിവസ്സങ്ങളില്‍ തിരക്ക്‌ കുറവായിരിക്കും.അഞ്ചുമണിക്ക്‌ യാത്ര ആരംഭിക്കുന്ന ബസ്സ്‌ ഏഴുമണിക്ക്‌ മൂവാറ്റുപുഴയിലെത്തും.പ്രൈവറ്റ്‌ ബസ്സിനാണെങ്കില്‍ രണ്ടരമണിക്കൂറെടുക്കും.അതിനാല്‍ കഴിയുന്നതും ഈ ബസ്സുതന്നെയാണ്‌ നോക്കുന്നതും
മധ്യഭാഗത്തുള്ള സീറ്റിലാണിരിക്കുന്നത്‌.ബസ്സില്‍ നില്‍ക്കാനാളില്ല.നല്ല മഴയും തണുപ്പുമായതിനാല്‍ ബസ്സിലെ ഇരുണ്ടവെളിച്ചത്തില്‍ ചുരുണ്ടുകൂടി വിലക്കയറ്റവും മഴക്കുറവും വൈദ്യുതിപ്രശനവുമെല്ലാം മനനം ചെയ്തിരുന്നു.അപ്പോഴാണ്‌ പിറകില്‍ നിന്നും ഒരു കലപില.ഒരു 'പാമ്പാ' ണ്‌.ചെറുപ്പ്പ്പക്കാരനാണ്‌.നേരേ നില്‍ക്കാന്‍ ഏറെപണിപ്പെടുന്നുണ്ട്‌.കാലിയായ സീറ്റുണ്ട്‌..പക്ഷെ അങ്ങിനെ എന്നെ ഇരുത്താന്‍ നോക്കേണ്ട എന്നാണ്‌ പാമ്പ്‌ പറയുന്നത്‌.
'ചേട്ടാ പിടിച്ചു നില്‍ക്ക്‌..എനിക്ക്‌ പണിയുണ്ടാക്കല്ലേ." കണ്ടക്ടര്‍ക്ക്‌ ഭയം.
'ഇത്‌ സര്‍ക്കരിന്റെയല്ലേ..ഞാന്‍ ഇഷ്ടമുള്ളത്‌ ചെയ്യും"

ഒരു വലിയ സത്യം കേട്ടതുപോലെ കണ്ടക്ടര്‍ നിശ്ശബ്ദനായി.യാത്രക്കാരും അങ്ങിനെതന്നെയെന്ന് കരുതി.
" ഞാന്‍ പാട്ടുപാടും കൂകും ആര്‍ക്കാണ്‌ ചോദിക്കാന്‍ കാര്യം..ബസ്സില്‌ മജിസ്ടേറ്റിനും പൊലീസിനും എനിക്കും അവകാശം ഒന്നുതന്നെ..."
അതും ഒരു സത്യമായ കാര്യമാണ്‌.ട്രാന്‍സ്പോര്‍ട്ട്‌ ബസ്സില്‍ ആര്‍ക്കെങ്കിലും കൂടുതല്‍ അധികാരമുണ്ടോ?ഒരാളുടെ മേല്‍ മറ്റൊരാള്‍ക്ക്‌ എന്ത്‌ അധികാരം.നിയമവിധേയമായ ഏതുകാര്യവും ഈ ശകടത്തില്‍ നിഷിദ്ധമല്ല.ആര്‍ക്കും കൂകാം പാട്ടുപാടാം കരയാം ഛര്‍ദ്ദിക്കാം സീറ്റില്‍ കാലുനീട്ടിവച്ച്‌ ഉറങ്ങാം അങ്ങിനെ അങ്ങിനെ എന്തെല്ലാം സ്വാതന്ത്ര്യങ്ങള്‍?
അപ്പോഴാണ്‌ പിന്നില്‍ നിന്നും അതിശക്തമായ കൂവല്‍.പാമ്പാണ്‌.ആരും മിണ്ടിയില്ല.ആര്‍ക്കാണ്‌ അയാളെ ചോദ്യം ചെയ്യുവാന്‍ അധികാരം?ഇനി അപ്രകാരം ചെയ്താലോ?അയാളുടെ വായില്‍ കിടക്കുന്ന പുളിച്ചതെറി കേള്‍ക്കുന്നതിലും ഭേദം മൗനിയാകുന്നതാണ്‌ നല്ലത്‌ എന്ന് എല്ലാവരും കരുതും.തെറ്റുപറയാനാകുമോ?
എപ്പോഴോ അയാള്‍ ഇറങ്ങിപോയി.ബസ്സില്‍ കനത്ത നിശ്ശബ്ദതയാണ്‌.ബസ്സിലെ തുല്യ അവകാശം തന്നെ എന്റെ മനസ്സില്‍ പൊന്തിവന്നു.ട്രാന്‍സ്പോര്‍ട്ട്‌ ബസ്സിലാണ്‌ യഥാര്‍ഥകമ്യൂണിസം നിലനില്‍ക്കുന്നതെന്ന് എനിക്കുതോന്നി.ബസ്സില്‍ ആരും ആരേയും ഭരിക്കുന്നില്ല.കണ്ടക്ടര്‍ക്കും യാത്രക്കാര്‍ക്കും ഒരു നിയമം മാത്രം.പ്രൈവറ്റ്‌ ബസ്സില്‍ ഇതൊന്നും നടക്കില്ല.അവിടെ പോലീസ്‌ പണിചെയ്യുന്ന കിളികളുണ്ട്‌.പാമ്പുകളെ അവര്‍ കൈകാര്യം ചെയ്യും.രണ്ടുപേരിരിക്കുന്ന സീറ്റില്‍ മൂന്നുപേരേ ഇരുത്താന്‍ ഈ പോലീസുകാര്‍ക്ക്‌ അധികാരമുണ്ട്‌.പാട്ടയിലടിച്ച്‌ യാത്രക്കാരുടെ സ്വൈര്യം കെടുത്താന്‍ ഇവര്‍ക്ക്‌ അധികാരമുണ്ട്‌.യാത്രക്കാരോട്‌ ദേഷ്യപ്പെടാനും കയറിനില്‍ക്കാത്തവരെ അസഭ്യം പറയാനും അധികാരമുണ്ട്‌.അങ്ങിനെ അധികാരത്തിന്റെ മൂര്‍ത്തമായ പ്രതീകമാണ്‌ പ്രൈവറ്റ്‌ ബസ്സ്‌.
എന്നാല്‍ ട്രാന്‍സ്പോര്‍ട്ട്‌ ബസ്സ്‌ ഭരണകൂടം പൊഴിഞ്ഞുവീണ വ്യവസ്ഥിതിനിലനില്‍ക്കുന്ന സ്ഥാപനമാണ്‌.ഉറക്കെ ഫോണ്‍ചെയ്യുവാന്‍ ഇതില്‍ ഒരു തടസ്സവുമില്ല.പലപ്പോഴും സ്വന്തം വീട്ടില്‍ ലഭിക്കാത്ത ഒരുസൗഭാഗ്യം കൂടിയാണത്‌.മൊബൈ ല്‍ ഫോണിലൂടെ ഉറക്കെ പാട്ടു വച്ച്‌ കേള്‍ക്കാം.ട്രാന്‍സ്പോര്‍ട്ട്‌ ബസ്സില്‍ മൂത്രമൊഴിച്ച ഒരു കഥ ഒരിക്കല്‍ ഒരു സുഹൃത്ത്‌ പറയുകയുണ്ടായി.ഇദ്ദേഹം ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്‌.വയനാട്ടില്‍ നിന്നും മൂവാറ്റുപുഴ്യ്ക്ക്‌ വരുകയാണ്‌.തൃശ്ശൂര്‍ കഴിഞ്ഞപ്പോള്‍ ഒരു ശങ്ക.കഴിയുന്നത്ര നിയന്ത്രിച്ചു നോക്കി.നടക്കില്ലന്നു തോന്നി.ബസ്സില്‍ കാര്യമായ യാത്രക്കാരില്ല.ഒരു പ്ലാസ്റ്റിക്‌ കൂടുമെടുത്ത്‌ കോണിപ്പടിയിലിറങ്ങി നിന്നു.കൂടുതുറന്ന് അതിലേക്ക്‌ സാധിച്ചു.തുടര്‍ന്ന് കൂട്‌ പുറത്തേക്ക്‌ തൂക്കിയെറിഞ്ഞു.അത്‌ ഏതെങ്കിലും വഴിയാത്രക്കര്‍ന്റേയോ മെട്ടോര്‍സൈക്കിളുകാരന്റേയോ തലയില്‍ വീണോയെന്ന് ആര്‍ക്കറിയാം.ഏതായാലും ട്രാന്‍സ്പോര്‍ട്ട്‌ ബസ്സില്‍ മൂത്രമൊഴിക്കാമെന്നും എനിക്ക്‌ മനസ്സിലായി.
മറ്റൊന്ന് കണ്ടക്ടറെ ശാസിക്കാനുള്ള യാത്രക്കാരുടെ അസുലഭമായ സൗകര്യവും ഇതിലുണ്ടെന്നുള്ളതാണ്‌.ദീര്‍ഘദൂരബസ്സ്‌ ചായകുടിക്കാനായി പെരുമ്പാവൂര്‍ സ്റ്റാന്റില്‍ അല്‍പ്പനേരം നിര്‍ത്തി.ഒരു യാത്രക്കാരനത്‌ സുഖിച്ചില്ല.ഓസ്സിനുവേണ്ടി ഇതല്ല ഇതിനപ്പ്പ്പുറം ചെയ്യുമെന്ന് അയാള്‍ കണ്ടക്ടറെ അവഹേളിച്ചു.എന്തെല്ലാം സ്വാതന്ത്ര്യങ്ങള്‍?
ട്രാന്‍സ്പോര്‍ട്ട്‌ ബസ്സിന്റെ ചുവപ്പ്‌ കളര്‍ ഇതെല്ലാം അറിഞ്ഞു നല്‍കിയതാണോ എന്ന് ഇപ്പോള്‍ സംശയം.ഇടയ്ക്ക്‌ കളര്‍ മാറ്റിയെങ്കിലും വീണ്ടും ചുവപ്പിലേക്ക്‌ തിരിച്ചുവന്നു.കമ്യൂണിസത്തിന്റെ ഈ തുരുത്തുകള്‍ക്ക്‌ ഇതിലും പറ്റിയ നിറം ഉണ്ടോ?.....

Thursday, August 23, 2012

പങ്കാളിത്ത പെന്‍ഷന്‍ എന്ന 401(k) പദ്ധതി അഥവാ അമേരിക്കന്‍ പദ്ധതി



കേരളത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ അത്യന്തം ആശങ്കയിലാണ്‌.നിലവിലുള്ള സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ എന്ന സാമൂഹ്യ സുരക്ഷപദ്ധതിയുടെ മരണമണി മുഴങ്ങിക്കഴിഞ്ഞു.അടുത്ത വര്‍ഷം മുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക്‌ 'പങ്കാളിത്ത പെന്‍ഷന്‍പദ്ധതി'യെന്ന ഓമനപ്പേരില്‍ വിളിക്കുന്ന അമേരിക്കയുടെ 401(k)പ്ലാന്‍ നടപ്പിലാക്കുവാന്‍ പോകുകയാണ്‌.നിലവിലുള്ള ജീവനക്കാര്‍ക്ക്‌ സ്റ്റാറ്റ്യൂട്ടറിപെന്‍ഷന്‍ തുടരുമെന്നുള്ള മുഖ്യമന്ത്രിയുടെ അവകാശവാദത്തെ മുഖവിലയ്ക്ക്‌ എടുക്കാനാകില്ല എന്നതാണ്‌ ഭൂതകാലത്തില്‍ നിന്നും പഠിക്കേണ്ടുന്ന പാഠം.ഒന്നുപറയുകയും മറ്റൊന്ന് പ്രവൃത്തിക്കുകയും ചെയ്യുന്നതാണ്‌ ഈ സര്‍ക്കാരിന്റെ മുഖമുദ്രതന്നെ.2003 ഒക്ടോബറിലെ ഭട്ടാചാര്യകമ്മിറ്റിയുടെ റിപ്പോര്‍ട്ട്‌ പ്രകാരം ആവിഷ്കരിച്ച പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ 2004 ല്‍ നടപ്പാക്കിയതിനു ശേഷം പലതരത്തിലുള്ള കൂട്ടിച്ചേര്‍ക്കലും നടത്തിക്കൊണ്ടിരിക്കുകയാണ്‌.ഭാവിയില്‍ ഭട്ടാചാര്യകമ്മറ്റിയുടെ റിപ്പോര്‍ട്ടിലെ പല നിര്‍ദ്ദേശങ്ങളും നടപ്പിലാക്കില്ലന്ന് ഒരു ഉറപ്പുമില്ല.10 വര്‍ഷത്തില്‍ താഴെ സര്‍വീസുള്ള ജീവനക്കാരെക്കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഈ കമ്മിറ്റിയുടെ ശുപാര്‍ശകളില്‍ ഒന്നാണ്‌.മറ്റൊന്ന് നിലവിലുള്ള ജീവനക്കാരെക്കൂടി ഈ പദ്ധതിയില്‍ ഓപ്ഷണലായി കൊണ്ടുവരണം എന്നാണാ്‌.അതിനാല്‍ ഭാവിയില്‍ ഭട്ടാചാര്യകമ്മിറ്റിയുടെ മുഴുവന്‍ ശുപാര്‍ശകളും നടപ്പിലാക്കും എന്നുതന്നെ വേണം അനുമാനിക്കുവാന്‍.ഏതെങ്കിലുംസംസ്ഥാനം പദ്ധതി നടപ്പിലാക്കിയത്‌ കേരളം നടപ്പിലാക്കുന്നതിനുള്ള ന്യായീകരണമല്ല..എങ്കില്‍ കേരളം നടപ്പിലാക്കിയ പല പദ്ധതികളും മറ്റു സംസ്ഥാനങ്ങള്‍ പിന്തുടരാത്തതെന്തെന്ന് മറുചോദ്യവും ആകാമല്ലോ?കേരളം നടപ്പിലാക്കിയ ഭൂപരിഷ്കരണ നിയമം പല സംസ്ഥാനങ്ങളും നടപ്പിലാക്കിയിട്ടില്ല.അതിനാല്‍ അത്‌ ഈ നിയമം മോശമാണെന്ന് പറയാനാകുമോ?യുഡി.എഫ്‌ ഗവണ്മെന്റിന്റെ ഇപ്പോഴത്തെ നീക്കം അനുവദിച്ചാല്‍ അത്‌ ഒട്ടകത്തിനു തണല്‍ ചായ്ക്കുവാന്‍ ഇടം നല്‍കിയ അനുഭവമായിരിക്കും.സിവില്‍ സര്‍വീസിനെ തന്നെ തകര്‍ക്കുന്ന ഇത്തരം നീക്കങ്ങളെ രാഷ്ട്രീയ പക്ഷപാതത്തിന്റെ പേരില്‍ പിന്തുണച്ചാല്‍ അത്‌ ജീവനക്കാരെ വഞ്ചിക്കുന്നതിനു തുല്യമാണ്‌.അതാണാ്‌ ഇന്ന് ഭരണാനുകൂല സംഘടനകള്‍ അനുവര്‍ത്തിക്കുന്നത്‌.പങ്കാളിത്തപെന്‍ഷന്‍ സ്വാഗതാര്‍ഹമല്ലന്ന് പറയുമ്പോള്‍ തന്നെ അവര്‍ 21ലെ പണിമുടക്കില്‍ നിന്നും എന്തിനു വിട്ടുനിന്നു?നിലവിലുള്ള പെന്‍ഷന്‍ പദ്ധതിയില്‍ നിന്നും പങ്കാളിത്തപെന്‍ഷന്‍ ആകഷകമാണെന്ന് ഇവര്‍ക്കു പറയാനാകുമോ?ഈ പദ്ധതി കേരളത്തിന്റെയോ ഇന്ത്യയുടേയോ നിലവിലുള്ള സാഹചര്യങ്ങള്‍ക്ക്‌ ഇണങ്ങുന്നതാണോ?ഏത്‌ അമേരിക്കന്‍ പദ്ധതിയും അതേപോലെ ഇന്ത്യന്‍ സാഹചചര്യങ്ങള്‍ക്ക്‌ ഉതകുന്നതാണോ?പങ്കാളിത്തപെന്‍ഷന്‍ പദ്ധതി ഒരു അമേരിക്കന്‍ പദ്ധതിയായ 401(k) പ്ലാന്‍ തന്നെയല്ലേ?ഇത്തരം സാമ്രാജ്യത്വതാല്‍പ്പര്യങ്ങള്‍ക്ക്‌ അടിയറവുപറയുന്നത്‌ മറ്റൊരുതരത്തിലുള്ള അധിനിവേശം തന്നെയല്ലേ?പരിശോധിക്കാം
                                പങ്കാളിത്തപെന്‍ഷന്‍ പദ്ധതി അമേരിക്കന്‍ പദ്ധതിയായ 401(k)പ്ലാന്‍ എന്ന നിക്ഷേപപദ്ധതിയുടെ തനിപ്പകര്‍പ്പോ അതുതന്നെയോ ആണ്‌.ലോകബാങ്കിന്റേയും സാമ്രാജ്യത്വത്തിന്റേയും താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച്‌ ഇന്ത്യപോലുള്ള വികസ്വരരാജ്യങ്ങളുടെ സാമ്പത്തികകാര്യങ്ങളില്‍ ഇടപെട്ട്‌ കൊള്ളയടിക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്‌ ഈ പങ്കാളിത്തപെഷന്‍ പദ്ധതിയെന്ന് പരിശോധിച്ചാല്‍ മനസ്സിലാകും.പങ്കാളിത്തപെന്‍ഷന്‍ പദ്ധതിയുടെ ചരിത്രം പരിശോധിച്ചശേഷം 401(k)പ്ലാനിനെ പ്പറ്റി പരിശോധിക്കാം.
2001ല്‍ ഇന്ത്യയിലെ പെന്‍ഷന്‍ പരിഷ്കരണങ്ങളെ സംബന്ധിച്ച്‌ ലോകബാങ്ക്‌ ഒരു പഠന റിപ്പോര്‍ട്ട തയ്യാറക്കിയിരുന്നു.റോബര്‍ട്ട്‌ ഗില്ലിങ്ങാമും ഡാനിയേല്‍ കാണ്ടയും തയാറക്കിയ ഈ റിപ്പോര്‍ട്ടാണ്‌ പെന്‍ഷന്‍ പരിഷ്കരണത്തിനുവേണ്ടി ഗവണ്‍മന്റ്‌ സ്വീകരിച്ച അടിസ്ഥാന പ്രമാണം.ഇന്ത്യയിലെ പെന്‍ഷന്‍ പദ്ധതികളെപ്പറ്റിയും അതിന്റെ പരിഷ്കരണത്തെപ്പറ്റിയുമാണ്‌ ഈ രേഖ പ്രദിപാദിക്കുന്നതെന്ന് ആമുഖത്തില്‍ തന്നെ പറയുന്നു.ഇന്ത്യയിലെ സമ്പന്നവര്‍ഗ്ഗക്കാരായ 11 ശതമാനം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമാത്രമേ ഇപ്പോള്‍ ഒരു പെന്‍ഷന്‍ പദ്ധതിയുള്ളൂവെന്നും ശേഷിക്കുന്ന 89 ശതമാനം പേരും ഇത്തരം പദ്ധതികള്‍ക്ക്‌ പുറത്താണെന്നും ഇവര്‍ കണ്ടെത്തുന്നു.അതിനാല്‍ മറ്റുള്ളവര്‍ക്ക്‌ കൂടി ഒരു പെന്‍ഷന്‍ പദ്ധതിയുണ്ടാകേണ്ടിയിരിക്കുന്നു എന്നാണ്‌ ഇവര്‍ കണ്ടെത്തുന്നത്‌.അവികസിതരാജ്യങ്ങളിലെ കുടുംബ ബന്ധങ്ങള്‍ പ്രായമായവരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന തരത്തിലുള്ളതാണ്‌.എന്നാല്‍ വികസനത്തിന്റെ ഭാഗമായി കുടുംബബന്ധങ്ങള്‍ തകരുകയും പ്രായമായവര്‍ നിരാലംബരായി തീരുകയും ചെയ്യുന്നു.അതിനാല്‍ അവരുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കേണ്ടത്‌ സര്‍ക്കാരിന്റെ ബാധ്യതയാണെന്ന് രേഖപറയുന്നു.എന്നാല്‍ 89 ശതമാനം പേര്‍ക്കു വേണ്ടിവാദിച്ച ശേഷം രേഖ അവസാനിപ്പിക്കുന്നതാകട്ടെ 11ശതമാനത്തിന്റെ പെന്‍ഷന്‍ വെട്ടീക്കുറക്കുന്ന നിര്‍ദ്ദേശങ്ങളും.ഇതില്‍ നിന്നും ഇത്‌ ആര്‍ക്കുവേണ്ടിതയ്യാറക്കിയതാണെന്ന് വ്യക്തമാകുന്നുണ്ട്‌.
                               ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ണ്ണാടക ചീഫ്‌ സെക്രട്ടറിയായിരുന്ന ബി.കെ.ഭട്ടാചാര്യ ചെയര്‍മാനായുള്ള ഒരു കമ്മിറ്റി രൂപീകരിക്കുകയും ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ പെന്‍ഷന്‍ നവീകരണം സംബന്ധിച്ച്‌ ഒക്ടോബര്‍ 2003ല്‍ കമ്മിറ്റി തയ്യാറക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ ലോകബാങ്കിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക്‌ സര്‍വാത്മനായുള്ള പിന്തുണനല്‍കുന്നതരത്തിലുള്ളതായിരുന്നു.2004ല്‍ പങ്കാളിത്തപെന്‍ഷന്‍ നടപ്പിലാകിയത്‌ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു.നിലവിലുള്ള സ്റ്റാറ്റ്യൂട്ടറിപെന്‍ഷനു പകരം അമേരിക്കയിലെ 401(k) പ്ലാനിന്റെ വള്ളിപുള്ളിവ്യത്യാസമില്ലാത്ത പങ്കാളിത്തപെന്‍ഷനായിരുന്നു ഭട്ടാചാര്യനിര്‍ദ്ദേശിച്ചത്‌.ഇനി ഭട്ടാചാര്യകമ്മിറ്റി റിപ്പോര്‍ട്ടിനുമുന്‍പായി 401(k)പ്ലാനിനെ പറ്റി പരിശോധിക്കാം
                            1981ല്‍ അമേരിക്കയില്‍ നടപ്പാക്കിയ ഒരു നിക്ഷേപപദ്ധതിയാണ്‌ 401(k) പ്ലാന്‍.ലോകത്തിലെ ഏറ്റവും കുറഞ്ഞ സമ്പാദ്യശീലമുള്ള അമേരിക്കക്കാരെ നിക്ഷേപങ്ങളിലേക്ക്‌ ആകര്‍ഷിക്കുന്നതിന്‌ ഒരു പോംവഴി 1978ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സ്‌ ഗാഢമായി ചിന്തിച്ചു.നികുതിയിളവുകള്‍ നല്‍കുന്ന ഒരു സമ്പാദ്യപദ്ധതി തൊഴിലാളികള്‍ സ്വാഗതം ചെയ്യുമെന്ന് കണ്ടു.കൂടാതെ ഒരു നിശ്ചിത കാലയളവിനു ശേഷം ഒരു തുക ഒന്നിച്ചു ലഭിക്കുവാന്‍ സാധിക്കുമെങ്കില്‍ അതും തൊഴിലില്‍ നിന്നും റിട്ടയര്‍ ചെയ്യുന്നതിനും പിന്നീട്‌ ലാവിഷായി ജീവിക്കുവാനും ഇവര്‍ തയ്യാറാകുമെന്നും കണ്ടു.അങ്ങിനെയാണ്‌ റ്റാക്സ്‌ റീഫോംസ്‌ ആക്ട്‌ പാസ്സാക്കിയത്‌.ഇതിന്‍ പ്രകാരം സമ്പൂര്‍ണ്ണ നികുതിയിളവ്‌ നല്‍കുന്ന ഒരു നിക്ഷേപ പദ്ധതി ആവിഷ്കരിച്ചു.ഇന്റേണല്‍ റവന്യൂ കോഡിലെ 401(k) സെക്ഷന്‍ പ്രകാരം ഇതു നടപ്പിലാക്കിയതിനാല്‍ ആ സെക്ഷന്‍ പേരില്‍ പദ്ധതി അറിയപ്പെട്ടു.1981ല്‍ നടപ്പിലാക്കിയശേഷം പത്തുവര്‍ഷം കഴിഞ്ഞ്‌ 1991ലാണ്‌ പൂര്‍ണ്ണതോതില്‍ നടപ്പിലാക്കിയത്‌.
                 ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ നല്‍കുന്ന പെന്‍ഷന്‍ പ്ലാനുകളാണ്‌ അമേരിക്കയില്‍ നിലവിലുണ്ടായിരുന്നത്‌.അതുപ്രകാരം നിശ്ചിത കാലയളവില്‍ തുടര്‍ച്ചയായി പണം അടയ്ക്കുകയും കാലാവധി തീരുമ്പോള്‍ നിശ്ചയിക്കുന്ന ഇടവേളകളില്‍ ഒരു തുക പെന്‍ഷനായി തിരിച്ചുനല്‍കുന്ന ഉറപ്പായ ബെന്‍ഫിറ്റ്‌ ലഭിക്കുന്ന പെന്‍ഷന്‍ പദ്ധതികളായിരുന്നു അവ.ഇതാണ്‌ defined benefit എന്ന് ലൊകബാങ്ക്‌ രേഖയില്‍ പറഞ്ഞിട്ടുള്ളത്‌.ഈ പെന്‍ഷന്‍ പദ്ധതി ഇന്ത്യയിലേയും കേരളത്തിലേയും സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പദ്ധതിയുമായി യാതോരു ബന്ധമില്ലതാനും.അതിനാല്‍ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പദ്ധതി ഈ പറയുന്ന തരത്തിലുള്ള defined benefit പദ്ധതിയല്ല.അത്‌ ഒരു സാമൂഹ്യസുരക്ഷാപദ്ധതിയാണ്‌.എന്നാല്‍ ഭട്ടാചാര്യ കമ്മിറ്റിയും ഇന്ത്യാ ഗവണ്മെന്റും ഇപ്പോള്‍ കേരളാഗവണ്മെന്റും ഈ സാമൂഹ്യസുരക്ഷാപദ്ധതിയെ ദുര്‍വ്യാഖ്യാനം ചെയ്ത്‌ അമേരിക്കന്‍ നിര്‍വചനപ്രകാരമുള്ള defined benefit പദ്ധതിയെന്നാക്കി മാറ്റിയിരിക്കുന്നു.
401(k) പ്ലാന്‍ പ്രകാരം തൊഴില്‍ ദാതാവ്‌ സൗജന്യമായി നിശ്ചിത തുക പ്ലാന്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നു എന്നത്‌ അമേരിക്കക്കാര്‍ക്ക്‌ പുതിയ അനുഭവവും അതോടെ പ്രോത്സാഹജനകവുമായിരുന്നു.ഈ പ്ലാന്‍ പ്രകാരം ജീവനക്കാര്‍ നിശ്ചിതതുക പ്ലാന്‍ ഫണ്ടിലേക്ക്‌ എല്ലാമാസവും നിക്ഷേൂപിക്കുന്നു.ഇത്‌ പരമാവധി 15 ശതമാനമായി നിജപ്പെടുത്തിയിരിക്കുന്നു.തൊഴില്‍ ദാതാവും തുല്യ തുക നിക്ഷേപിക്കുന്നു.ഈ രണ്ടുതുകയും ചേര്‍ന്ന് ഉണ്ടാകുന്ന ഫണ്ട്‌ നിയന്ത്രിക്കുന്നത്‌ പ്ലാന്‍ അഡ്മിനിസ്റ്റ്രറ്ററാണ്‌.പ്ലാന്‍ അഡ്മിനിസ്റ്റ്രേറ്റര്‍ ഈ തുക മ്യൂച്വല്‍ ഫണ്ട്‌,സ്റ്റോക്ക്‌,ബോണ്ട്‌ തുടങ്ങിയവയില്‍ നിക്ഷെപിക്കുന്നു.59.5 വയസ്സുകഴിയുമ്പോള്‍ ഫണ്ടില്‍ ലഭ്യമായ തുക നിക്ഷേപകനു മടക്കികൊടുക്കുന്നു.ആവശ്യമെങ്കില്‍ നിക്ഷേപകന്‌ പ്ലാന്‍ തുടര്‍ന്നു കൊണ്ടുപോകാം.അമേരിക്കക്കാരെ ഈ നിക്ഷേപ പദ്ധതി ആകര്‍ഷിച്ചത്‌ നാലുകാരണങ്ങളാലാണ്‌.
1)തൊഴില്‍ ദാതാവ്‌ പൂര്‍ണ്ണമായും സൗജന്യമായി അടയ്ക്കുന്ന വിഹിതം
2)വന്‍ നികുതിയിളവ്‌
3)നിക്ഷേപത്തെപ്പറ്റിയോ അജ്ജിക്കുന്ന പണത്തെപ്പറ്റിയോ ചിന്തിക്കേണ്ടതില്ല
4) ഒരു നിശ്ചിതകാലയളവിനു ശേഷം ജോലികളില്‍ നിന്നും വിരമിക്കേമെന്ന സൗകര്യവും അപ്പോള്‍ ലഭിക്കുന്ന തുകയും
                     മറ്റ്‌ യാതോരു പെന്‍ഷന്‍ പദ്ധതികളും ഇല്ലാതിരുന്ന അമേരിക്കന്‍ പൗരന്മാര്‍ 401(k) പ്ലാനിനെ സ്വാഗതം ചെയ്തതില്‍ അത്ഭുതമില്ല.എന്നാല്‍ ഈ പ്ലാനിനുപിന്നില്‍ മറ്റു ചില സാമ്പത്തിക താല്‍പ്പര്യങ്ങളുമുണ്ടായിരുന്നു.പ്രധാനം സ്റ്റോക്ക്‌ മാര്‍ക്കറ്റിനെ പുഷ്ടിപ്പെടുത്തുകയെന്ന ഉദ്ദേശം തന്നെ.ഈ പ്ലാനില്‍ നിക്ഷേപിച്ച തുകയില്‍ നിന്നും അത്യാവശ്യം ലോണും ലഭിക്കാനുള്ള സൗകര്യമുണ്ടായിരുന്നു.കൂടാതെ തന്റെ ഫണ്ട്‌ ഏതു വിധത്തിലുള്ള നിക്ഷേപം നടത്തണമെന്ന് തീരുമാനിക്കനും നിക്ഷേപകന്‌ അവകാശമുണ്ടായിരുന്നു.കമ്പനികള്‍ കൂടുതല്‍ തുക അടച്ചുകൊണ്ട്‌ പ്രഗത്ഭരായ തൊഴിലാളികളെ ആകര്‍ഷിക്കുവനും മത്സരമുണ്ടായി.ഈ പദ്ധതിയെയാണ്‌ defined contribution എന്ന വിളിച്ചിരുന്നത്‌.എന്തെന്നാല്‍ പദ്ധതിയില്‍ അടയ്ക്കുവാനുള്ള വിഹിതം നിക്ഷേപകന്‍ നിശ്ചയിക്കുന്നു എന്ന് അര്‍ത്ഥം. ഈ പദം തന്നെയാണ്‌ ലോകബാങ്കിന്റെ രേഖയിലും കാണിച്ചിരിക്കുന്നതും ഇപ്പോള്‍ ഗവണ്മെന്റുകള്‍ പറയുന്നതും .ഫലത്തില്‍ ഈ പറഞ്ഞ 401(k) പ്ലാന്‍ ഇന്ത്യയിലേക്ക്‌ പറിച്ചുനടുവാനുള്ള ഒരു ഗൂഢപദ്ധതിയുടെ ഭാഗമായിരുന്നു ആ ലോകബാങ്ക്‌ രേഖയും ഭട്ടാചാര്യ കമ്മിറ്റി റിപ്പോര്‍ട്ടും.
                             ഭട്ടാചാര്യ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പെന്‍ഷന്‍ പരിഷ്കരണം മുന്‍പ്‌ പറഞ്ഞdefined benefit(DB) ല്‍ നിന്നും defined distribution(DD) ലേക്കുള്ള പരിവര്‍ത്തന നിര്‍ദ്ദേശമായിരുന്നു.ഈ രേഖയെ അടിസ്ഥാനമാക്കിയാണ്‌ ബഡ്ജറ്റില്‍ പങ്കാളിത്തപെന്‍ഷന്‍ പദ്ധതി നിര്‍ദ്ദേശിക്കുന്നതും 2004 ജനുവരിമുതല്‍ നടപ്പിലാക്കിയതും.പൂര്‍ണ്ണമായും DB നടപ്പിലാക്കാനും DD യും DBയും ചേര്‍ന്ന് നടപ്പിലാക്കാനും ഭട്ടാചാര്യ ശുപാര്‍ശചെയ്യുന്നുണ്ട്‌.കാലക്രമേണ മുഴുവന്‍ ജീവനക്കാരേയും DB എന്ന വിഭാഗത്തില്‍ നിന്നും DD വിഭാഗത്തിലേക്ക്‌ മാറ്റണമെന്ന് ഭട്ടാചാര്യ ശുപാര്‍ശചെയ്യുന്നു.
ആദ്യത്തെ യുപി.എ ഗവണ്‍മന്റ്‌ പെന്‍ഷന്‍ ബില്‍ അവതരിപ്പിക്കുവാന്‍ ശ്രമിക്കാതെ ഓര്‍ഡിനന്‍സുമുഖേന നടപ്പിലാക്കിയത്‌ ഇടതുപാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പു ഭയന്നായിരുന്നു.നിയമപരമായ പിന്തുണയുണ്ടാകുവാന്‍ പെന്‍ഷന്‍ പരിഷ്കരണം നിയമമാക്കേണ്ടതുണ്ട്‌.എന്നാല്‍ പിന്നീട്‌ ഒരു എക്സിക്ക്യൂടീവ്‌ ഓര്‍ഡറില്‍ പദ്ധതി 2004 മുതല്‍ നടപ്പിലാക്കി.കേന്ദ്രനയം പിന്തുടരുന്ന സംസ്ഥാനങ്ങളും ഇത്‌ നടപ്പിലാക്കി.പെന്‍ഷന്‍ ബില്ലിനെ സംബന്ധിച്ച്‌ റോയിട്ടര്‍ എന്ന അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയില്‍ വന്ന റിപ്പോര്‍ട്ട്‌ അമേരിക്കയ്ക്ക്‌ ഇതില്‍ എത്ര താല്‍പ്പര്യമുണ്ടന്ന് വ്യക്തമാക്കുന്നതായിരുന്നു.പെന്‍ഷന്‍ ബില്‍ പാസ്സാക്കതുകാരണം ആഗോളകമ്പനികള്‍ക്ക്‌ പെന്‍ഷന്‍ ഫണ്ട്‌ നിയന്ത്രിക്കാനാകില്ല എന്ന നിരാശയുണ്ടായി എന്നും ഇടതുപാര്‍ട്ടികളും ട്രേഡ്യൂണിയനുമാണാ്‌ തടസ്സമെന്നും റോയിട്ടര്‍ വിലപിക്കുന്നു.കൂടാതെ ഇപ്പോള്‍ അവതരിപ്പിക്കുവാന്‍ പോകുന്ന ബില്ലില്‍ വിദേശനിക്ഷേപം അനുവദിക്കുന്നില്ലങ്കിലും ഉടനെ 26 ശതമാനമാക്കി ഉയര്‍ത്തി ഉത്തരുവുണ്ടാകുമെന്നും താമസമില്ലാതെ 49 ശതമാനം വരെ ഉയര്‍ത്തുവാന്‍ തയ്യാറാകുമെന്നും ഉദ്യോഗസ്ഥരില്‍ നിന്നുമറിയുവാന്‍ കഴിഞ്ഞതായി റോയിട്ടര്‍ പറയുന്നും.കഴിഞ്ഞ ദിവസം 49 ശതമാനം അനുവദിച്ചുകൊണ്ട്‌ ഉത്തരവായത്‌ ഇവിടെ കൂട്ടിചര്‍ത്ത്‌ വായിക്കാം.
എന്താണ്‌ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി?ഇത്‌ 401(k) പ്ലാനിന്റെ തനിപ്പകര്‍പ്പാണോ?പരിശോധിക്കാം
                                കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇടതുപക്ഷം ഭരിച്ചിരുന്ന മൂന്നു സംസ്ഥാനങ്ങളും ഒഴികെ ഈ പദ്ധതി 2004 മുതല്‍ നടപ്പിലാക്കി.ഇതു പ്രകാരം ശമ്പളത്തിന്റെ 10 ശതമാനം അതിന്റെ ക്ഷാമബത്തയും ജീവനക്കാരന്‍ പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നു.തുല്യ തുക സര്‍ക്കാരും അടയ്ക്കുന്നു.ഈ പെന്‍ഷന്‍ പദ്ധതി നിയന്ത്രിക്കുന്നതിനായി ഒരു ചെയര്‍മാനും മറ്റ്‌ അഞ്ച്‌ അംഗങ്ങളുമടങ്ങിയ PFRDA കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്‌.യോഗേഷ്‌ അഗര്‍വാളാണാ്‌ ചെയര്‍മാന്‍.NSDLനെയാണ്‌ Central Record Keeping and Accounting Agency യായി നിയമിച്ചിട്ടുള്ളത്‌.പെന്‍ഷന്‍ഫണ്ട്‌ ഈ CRAയ്ക്‌ നല്‍കുന്നു.ഷെയര്‍,മ്യൂച്വല്‍ ഫണ്ട്‌,ബോണ്ട്‌ തുടങ്ങിയവയില്‍ ഈ തുക നിക്ഷെപിക്കുന്നു.നിലവില്‍ ഈ ഫണ്ട്‌ കൈകാര്യം ചെയ്യുന്നതിന്‌ വിദേശകമ്പനികള്‍ക്ക്‌ അനുവാദമില്ലയിരുന്നു.60 വയസ്സ്‌ പൂര്‍ത്തീകരിക്കുമ്പോള്‍ ഫണ്ടിന്റെ വളര്‍ച്ചയോ തളര്‍ച്ചയോ കഴിഞ്ഞ്‌ തുക ഉണ്ടെങ്കില്‍ അതിന്റെ 60 ശതമാനം നിക്ഷേപകനു തിരികേ നല്‍കുന്നു.ശേഷിക്കുന്ന 40 ശതമാനം ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ നടത്തുന്ന ആന്വിറ്റി സ്കീമില്‍ നിക്ഷേപിക്കുന്നു.തുടര്‍ന്ന് ഈ കമ്പനി നാമമത്രതുക പെന്‍ഷനായി നിക്ഷേപകനു നല്‍കുന്നു.ഇതാണ്‌ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുടെ എകദേശ രൂപം.ഇതോടെ ജനറല്‍ പ്രോവിഡന്റ്‌ ഫണ്ട്‌ നിര്‍ത്തലാക്കിയിരിക്കുകയാണ്‌.ഈ പദ്ധതി ഒരു പെന്‍ഷന്‍ പദ്ധതിയല്ലന്ന് വളരെ വ്യക്തമാണ്‌.പിരിയുമ്പോള്‍ ഫണ്ടിലെ തുക തിരികെ ലഭിച്ചാല്‍ പെന്‍ഷന്‍ തരുന്നത്‌ ഇന്‍ഷുറന്‍സ്‌ കമ്പനിയുടെ ചട്ടപ്രകാരമാണ്‌.ഇവിടെ നിക്ഷേപകനും കമ്പനിയും തമ്മിലുള്ള ഇടപാടാണ്‌.പെന്‍ഷന്‍ തരുകയോ തരാതിരിക്കുകയോ എന്നത്‌ ഗവണ്മെന്റിന്റെ ബാധ്യതയല്ല.പിന്നെയെങ്ങിനെയാണ്‌ ഇത്‌ പെന്‍ഷന്‍ പദ്ധതിയാകുന്നത്‌?സ്റ്റാട്യൂട്ടറി പെന്‍ഷന്‍ നിര്‍ത്തി പകരം ഒരു നിക്ഷേപപദ്ധതി നടപ്പിലാക്കിയെന്നു മാത്രം.ഇനിമുതല്‍ ജീവനക്കാര്‍ക്ക്‌ പെന്‍ഷനോ,കമ്മ്യൂട്ടേഷനോ,ഗ്രാറ്റ്വിവിറ്റിയോ,പ്രൊവിഡന്റ്‌ ഫണ്ടോ പെന്‍ഷനാകുമ്പോള്‍ ലഭിക്കില്ല.ഈ ഇനത്തില്‍ കിട്ടിക്കോണ്ടിരുന്ന തുക പങ്കാളിത്തപെന്‍ഷന്‍ പദ്ധതിപ്രകാരം ലഭിക്കുമെന്ന് ഒരു ഉറപ്പും സര്‍ക്കാര്‍ നല്‍കുന്നില്ല.കൂടാതെ മിനിമം പെന്‍ഷനും ഉറപ്പു നല്‍കുന്നില്ല.
നിക്ഷേപമില്ലാത്തവര്‍ക്കും നിക്ഷേപപദ്ധതിയെന്ന പേരില്‍ അമേരിക്കയില്‍ നടപ്പിലാക്കിയ 401(k) പ്ലാന്‍,നിയമാനുസൃതപെന്‍ഷനും ഗ്രാറ്റിവിറ്റിയും പ്രോവിഡന്റ്‌ ഫണ്ടും എടുത്തുകളഞ്ഞ്‌ പങ്കാളിത്തപെന്‍ഷന്‍ പദ്ധതിയെന്ന ഓമനപ്പേരില്‍ നടപ്പിലാക്കുന്നത്‌ സിവില്‍ സര്‍വീസിനെ തകര്‍ക്കാനാണെന്നത്‌ സുവ്യക്തമാണ്‌.കേരളത്തില്‍ അതിവിദഗ്ദരായ ഡോക്ടര്‍മാര്‍ ശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍ മേലില്‍ സര്‍വീസില്‍ പ്രവേശിക്കുവാന്‍ താല്‍പ്പര്യപ്പെടില്ലന്ന് മനസ്സിലാക്കുവാന്‍ വലിയ സാമ്പത്തികവിവരം വേണ്ട.നിയമാനുസരണപെന്‍ഷന്‍ എന്ന ആകര്‍ഷണമായിരുന്നു ഈ കാലം വരെ ഇവരെ സര്‍ക്കാര്‍ സര്‍വീസിലേക്ക്‌ ആകര്‍ഷിച്ച ഘടകം.സ്വന്തം ശമ്പളത്തില്‍ നിന്നും നിക്ഷെപം നടത്തുവാന്‍ ഇവരെ ആരും പഠിപ്പിക്കേണ്ടതില്ല.ഏതു സ്വകാര്യമേക്ഷലയിലും ഉയര്‍ന്ന ശമ്പളത്തില്‍ ജോലിചെയ്ത്‌ നിക്ഷേപം നടത്താം.പിന്നെ നൂറായിരം പെരുമറ്റ ചട്ടങ്ങളും രാഷ്ട്രീയ വടംവലികളും സ്ഥലം മാറ്റങ്ങളും സഹിച്ച്‌ ആരെങ്കിലും സര്‍വീസില്‍ വരുമെന്ന് വിചാരിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്‌.ഇതിന്റെ ഫലമായി വലിയ താമസമില്ലാതെ സര്‍ക്കാര്‍ ആശുപത്രികളും മൃഗാശുപത്രികളും അടച്ചുപൂട്ടേണ്ടതായി വരും .സര്‍ക്കാരിനു മറ്റൊരു സേവനമേഖലയില്‍ നിന്നും പിന്മാറുവാന്‍ ഇത്‌ അവസരമൊരുക്കും.ഇതു തന്നെയാണ്‌ പങ്കാളിത്തപെന്‍ഷന്‍ പദ്ധതിപിന്നിലെ രാഷ്ട്രീയവും.
                         നിലവിലുള്ള പെന്‍ഷന്‍ ഫണ്ടിന്റെ വളര്‍ച്ചാനിരക്ക്‌ 5 നും താഴെ മാത്രമാണ്‌.8 ശതമാനം ഉറച്ച വളര്‍ച്ചാനിരക്കുള്ള പ്രോവിഡന്റ്‌ ഫണ്ട്‌ അവസാനിപ്പിച്ച്‌ വളര്‍ച്ച ഉറപ്പില്ലാത്ത പങ്കാളിത്തപെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നത്‌ ആരെ സഹായിക്കാനാണാ്‌?പെന്‍ഷന്‍ ഫണ്ടിലെ തുക വിനിമയത്തിനു ലഭിക്കാതെ എങ്ങിനെയാണാ്‌ സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നത്‌?പൊതുഖജനാവിനു ഉപയോഗിക്കാനാകുന്ന പ്രൊവിഡന്റ്‌ ഫണ്ട്‌ നിര്‍ത്തലാക്കുന്നത്‌ എന്തിനാണാ്‌?ചോദ്യങ്ങള്‍ അവശേഷിക്കുന്നു?
                                               അവസാനമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കടുത്ത പെരുമാറ്റ ചട്ടങ്ങള്‍ക്ക്‌ ഇനി എന്തു പ്രസക്തിയെന്ന ചോദ്യവും അവശേഷിക്കുന്നു.24 മണിക്കൂറുംസര്‍ക്കാരിനു തന്റെ സേവനം നല്‍കുന്നതുകോണ്ടാണ്‌ മറ്റുവേതനം കൈപ്പറ്റുന്ന ജോലികള്‍ ചെയ്യുന്നതില്‍ നിന്നും ജീവനക്കാരന്‌ വിലക്കുകല്‍പ്പിച്ചിരിക്കുന്നത്‌.അത്‌ നിയമാനുസരണപെന്‍ഷനുമായി ബന്ധപ്പെട്ടാണിരിക്കുന്നത്‌.അതിനാല്‍ ഒരെ സമയം സര്‍ക്കാര്‍ ജോലിയും സ്വകാര്യജോലിയും ചെയ്യുന്നതിനുള്ള വാദം പ്രബലപ്പെടുമെന്ന് ഉറപ്പാണ്‌.അഥവാ അത്തരത്തില്‍ ഒരു പാര്‍ട്‌ ടൈം ജോലിയായി സര്‍ക്കാര്‍ ജോലിയെ അധപ്പതിപ്പിക്കുവാനാണ്‌ ഈ നീക്കം എന്ന് വിലയിരുത്തുന്നതില്‍ തെറ്റില്ല. ആത്മാര്‍ത്ഥതയില്ലാത്തതും കാര്യക്ഷമതയില്ലാത്തതുമായ സിവില്‍ സര്‍വീസായിരിക്കും ഭാവിയില്‍ ഈ പങ്കാളിത്തപെന്‍ഷന്‍ പദ്ധതിമൂലം ഉണ്ടാകുവാന്‍ പോകുന്നത്‌ എന്ന് നിരീക്ഷിക്കുന്നതില്‍ തെറ്റില്ല





Thursday, August 9, 2012

കണ്ണൂരിനെ സ്നേഹിക്കുന്നു

                ഞാന്‍ കണ്ണൂരിനെ സ്നേഹിക്കുന്നു.കണ്ണൂരിന്റെ ഉജ്വലമായ ജനകീയപ്പോരാട്ടങ്ങളേയും സാംസ്കാരികതനിമയേയും ഉയര്‍ന്ന സാമൂഹിക അവബോധത്തേയും ജനകീയകലകളേയും വശ്യമായ പ്രകൃതിയേയും ചരിത്രമുറങ്ങുന്ന മണ്ണിനേയും ജനങ്ങള്‍ക്കുവേണ്ടി ജീവത്യാഗംചെയ്ത ധീര ദേശാഭിമാനികളേയും ഞാന്‍ ആദരിക്കുന്നു സ്നേഹിക്കുന്നു.ഞാന്‍ വായിച്ചറിഞ്ഞതും കണ്ടതുമായ കണ്ണൂര്‍ ഇതു തന്നെയാണ്‌.
കണ്ണൂരിനെ മാറ്റി നിര്‍ത്തിയാല്‍ കേരളചരിത്രമുണ്ടോ?സ്വാതന്ത്ര്യസമരത്തിന്റെ നിര്‍ണ്ണായക സമരങ്ങള്‍ നടന്നതും നിസ്സഹകരണസമങ്ങള്‍ നടന്നതും കണ്ണൂര്‍ ഉള്‍ക്കൊള്ളുന്ന അന്നത്തെ മലബാറിലായിരുന്നു.ഉപ്പു സത്യാഗ്രഹം കേരളത്തില്‍ നടന്നത്‌ പയ്യന്നൂരിലായിരുന്നു.പഴശ്ശിരാജയുടെ നേതൃത്വത്തില്‍ ഇംഗ്ലീഷുകാര്‍ക്കെതിരെ നടന്നപോരാട്ടങ്ങളും കണ്ണൂരിലായിരുന്നു.ജന്മിത്വത്തിനെതിരെ നടന്ന മുനയങ്കുന്നിലേയും തില്ലങ്കരിയിലയും ഓഞ്ചിയത്തേയും മോറാഴയിലേയും പഴശ്ശിയിലേയും സമരങ്ങളില്‍ എത്ര ധീരരായ പോരാളികളാണ്‌ ജീവന്‍ നല്‍കിയത്‌.
സഹകരണപ്രസ്ഥാനത്തിന്റേയും വായനശാലാപ്രസ്ഥാനത്തിന്റേയും ഈറ്റില്ലം കണ്ണൂരാണ്‌.ആയിരക്കണക്കിന്‌ തൊഴിലാളികളാണ്‌ സഹകരണപ്രസ്ഥാനത്തിനു കീഴില്‍ ഇവിടെ വരുന്നത്‌.കേരളത്തില്‍ ഏറ്റവും കൂടുതല്‍ വായനശാലകള്‍ ഉള്ളത്‌ കണ്ണൂരിലാണ്‌.ഏതൊരു ഗ്രാമത്തിലും ഒരു വായന ശാല ഉണ്ടായിരിക്കും.സ്വാതന്ത്ര്യ സമരകാലത്തും തുടര്‍ന്നുള്ള ജനകീയ സമരങ്ങള്‍ക്ക്‌ ഊര്‍ജ്ജം പകര്‍ന്നത്‌ ഈ വായനശാലകളാണ്‌.
ഇന്‍ഡ്യന്‍ സര്‍ക്കസ്സിന്റെ ജന്മനാട്‌ കണ്ണൂരാണ്‌.കീലേരി കുഞ്ഞിക്കണ്ണനെ സ്മരിക്കാത്ത കണ്ണൂരുകാരുണ്ടോ?മലബാര്‍ സര്‍ക്കസ്‌,രാജ്‌ കമല്‍ സര്‍ക്കസ്സ്‌,ജംബോ സര്‍ക്കസ്സ്‌,ഗ്രേറ്റ്‌ ബോംബെ സര്‍ക്കസ്സ്‌ എന്നിവയെല്ലാം കണ്ണൂരുകാരുടേതാണ്‌.
കായികരംഗത്ത്‌ കണ്ണൂര്‍ തല ഉയര്‍ത്തിനില്‍ക്കുന്നു.ദക്ഷിണ ഇന്ത്യയില്‍ തന്നെ ആദ്യ ക്രിക്കറ്റ്‌ കളി ആരംഭിച്ചത്‌ തലശ്ശേരിയിലായിരുന്നു.വെല്ലസ്ലി പ്രഭുവാണ്‌ തലശ്ശേരിയില്‍ ക്രിക്കറ്റ്‌ എത്തിക്കുന്നത്‌.നിരവധി സംസ്ഥാന കളിക്കാരുടെ നാടാണ്‌ തലശ്ശേരി.ഇന്ത്യന്‍ ബേക്കറി വ്യവസ്സായത്തിന്റെ തലതൊട്ടപ്പന്മാരായ മമ്പിള്ളി കുടുംബം അന്നും ഇന്നും ക്രിക്കറ്റിലെ തലശ്ശേരിപ്പെരുമ ഉയര്‍ത്തി നിര്‍ത്തുന്നു.

കണ്ണൂരിലെ പ്രധാന അനുഷ്ടാന കലയായ തെയ്യവും മലബാറിനു മാത്രം സ്വന്തമാണ്‌.അധസ്ഥിതരുടെ പോരാട്ടവും ചെറുത്തുനില്‍പ്പുമാണ്‌ പല തെയ്യം കഥകള്‍ക്കും നിദാനം.മുത്തപ്പനെപ്പോലെ ഇത്ര ജനകീയനും സ്നേഹസ്വരൂപനുമായ ഒരു ദൈവ്വത്തെ ലോകത്തുതന്നെ കാണുമോ?സര്‍വ്വമതസ്ഥര്‍ക്കും പങ്കാളിത്തമുള്ള ഒരു അനുഷ്ടാനകലയാണാ്‌ തെയ്യം.കാവുകളില്‍ അന്യമതസ്ഥരെ അകറ്റിനിര്‍ത്തിയിരുന്നില്ല ഒരു കാലം വരെയും .ഇന്ന് കാവുകള്‍ ക്ഷേത്രങ്ങളായി പരിണമിച്ചു കോണ്ടിരിക്കുകയാണ്‌.
ആയോധനകലയായ കളരിപ്പയറ്റിന്റെ നാടുകൂടിയാണ്‌ കണ്ണൂര്‍.സാഹിത്യ സാംസ്കാരിക നാടക രംഗത്ത്‌ ഇത്ര അധികം പ്രതിഭകളെ സമ്മാനിച്ച ഒരു ജില്ലയുമില്ല.(ഒരു അപൂര്‍ണ്ണമായ ലിസ്റ്റ്‌ താഴെ കൊടുക്കുന്നു.പൂര്‍ത്തിയാക്കുവാന്‍ വായനക്കാരോട്‌ അഭ്യര്‍ത്ഥിക്കുന്നു)
ഇനിയും എത്രയോ എത്രയോ എഴുതാം.ഇത്രയും സമ്പന്നമായൊരു പ്രദേശത്തെ ഇരുളടഞ്ഞ ആഫ്രിക്കപോലെ വായനക്കരുടെ മുന്‍പില്‍ അവതരിപ്പിക്കുന്ന പത്രങ്ങള്‍ മാപ്പര്‍ഹിക്കുന്നില്ല.കണ്ണൂര്‍ കേരളത്തില്‍ തന്നെയാണ്‌.ഒരാഴ്ച പരിശ്രമിച്ചാല്‍ ആര്‍ക്കും ഒന്നു ചുറ്റിവരാവുന്നതേ ഉള്ളൂ.അടുത്ത ഒരു വെക്കേഷന്‍ കണ്ണൂര്‍ ആകട്ടെ എന്ന് ഇന്നു തീരുമാനിക്കുക.ഒരിക്കലും നഷ്ടം വരില്ലന്ന് ഉറപ്പു തരുന്നു.തലശ്ശേരികോട്ട,കണ്ണൂര്‍കോട്ട,ധര്‍മ്മടം ദ്വീപ്‌.കൊട്ടിയൂര്‍ ക്ഷേത്രം,പയ്യാമ്പിള്ളി,അണ്ടല്ലൂര്‍.തൊടീക്കളം,ലോകനാര്‍ കാവ്‌..ഒരിക്കലും നിരാശപ്പെടുത്തില്ല...പത്രങ്ങള്‍ തന്നത്‌ വികലചിത്രമാണെന്ന് നമുക്ക്‌ ബോധ്യമാകും..എറണാകുളം ജില്ലക്കാരനായ എനിക്ക്‌ ബോധ്യപ്പെട്ടതുപോലെ...(തുലാം പത്തിനു ശേഷം പോയാല്‍ മാത്രമെ തെയ്യം കാണുവാനാകൂ)..ഞാന്‍ എടുത്ത ചില കണ്ണൂര്‍ ചിത്രങ്ങള്‍ കൊടുക്കുന്നു.
കണ്ണൂരിലെ പ്രതിഭകളും വീരന്മാരും
ഇ.കെ.നായനാര്‍
കെ.കരുണാകരന്‍
എ.കെ.ജി
സുകുമാര്‍ അഴീക്കോട്‌
പഴശ്ശിരാജ
പി.കൃഷ്ണപിള്ള
അഴീക്കോടന്‍ രാഘവന്‍
കേളപ്പന്‍
ം.കെ.ഗോവിന്ദന്‍ നായര്‍
കെ.എം.ബാലകൃഷ്ണന്‍
കെ.പി.ആര്‍.നമ്പ്യാര്‍
മേജ.ജനറല്‍.പദ്മിനി
മൂര്‍ക്കൊത്ത്‌ കുഞ്ഞപ്പ
മൂര്‍ക്കോത്ത്‌ രാമുണ്ണി
മൂര്‍ക്കൊത്ത്‌ ശ്രീനിവാസന്‍
പി.കെ.പഴശ്ശി
സ.അനന്തന്‍
സ.ബാലകൃഷ്ണന്‍
ആര്‍ടിസ്റ്റ്‌ ബാലന്‍ നംബ്യാര്‍
കെ.പി.ആര്‍
രാഘവന്‍ മാസ്റ്റര്‍(നാടക നടന്‍)
സി.എച്ച്‌.കുഞ്ഞപ്പ
എന്‍.എ.ബാലറാം
വി.എസ്സ്‌.മുന്‍ഷി
വി.ആര്‍.കൃഷ്ണയ്യര്‍
പി.എം രാഘവന്‍(ക്രിക്കേറ്റ്‌)
പി.എം.കൃഷ്ണന്‍
പി.എം.നാരായണന്‍
പി.എം.അനന്തന്‍
പി.എം.വിജയന്‍
കീലേരി കുഞ്ഞിക്കണ്ണന്‍(സര്‍ക്കസ്സ്‌)
പദ്‌ മശ്രീ.ഇ.കെ.ജാനകിക്കുട്ടി(സയന്റിസ്റ്റ്‌)
ഡോ.ബാപ്പു(ഇദ്ദേഹത്തിന്റെ പേരില്‍ ബാപ്പു ബോര്‍ ന്യൂകേര്‍ക്ക്‌ എന്ന് ഒരു ധൂമകേതുവിനെ നാമകരണം ചെയ്തിട്ടുണ്ട്‌)
ഡോ.വേണു(ഡോ.ബാപ്പുവിന്റെ മകന്‍)
ഡോ.എം.സി.രാഘവന്‍
ശേഷഗിരി പ്രഭു
ഒ.ചന്തുമേനോന്‍
മാണിക്കോത്ത്‌ രാമുണ്ണിനായര്‍
സഞ്ജയന്‍
സി.എച്ച്‌.കണാരന്‍
കെ.രാഘവന്‍ മാസ്റ്റര്‍(സംഗീത സംവിധായകന്‍)
എ.പി.ഉമ്മര്‍കുട്ടി
അരുന്ധതി(ഗായിക)
വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍
എടത്തിട്ട നാരായണന്‍(link.patriot എന്നീ പ്രസിദ്ധീകരണങ്ങളുടെ സ്ഥാപകന്‍)
പവനന്‍
സി.പി.അച്യുതന്‍
വി.പി.സത്യന്‍
ദീപക്‌ ദേവ്‌
ശ്രീനിവാസന്‍(നടന്‍)
വിനീത്ശ്രീനിവാസന്‍
വി.കെ.കൃഷ്ണമേനോന്‍
സി.പി.(ലീല)കൃഷ്ണന്‍ നായര്‍(വ്യവസായി)
സംവൃതാസുനില്‍
എം.എന്‍.നമ്പ്യാര്‍
മഞ്ജുവാര്യര്‍
ദാസ്സ്‌ പുത്തലത്ത്‌(കതിരൂരിലെ ചിത്രകാരന്‍)
എം.എന്‍.വിജയന്‍
അനില്‍പൊന്യം(")
പ്രേമന്‍പൊന്യം(')
കോട്ടയം തമ്പുരാന്‍(കഥകളി)
കവിയൂര്‍ ബാലന്‍
മൊയാരത്ത്‌ ശങ്കരന്‍
നിത്യചൈതന്യയതി
പി.ആര്‍.കുറുപ്പ്‌
ഐ.വി.ദാസ്സ്‌
എം.വി.ദേവന്‍
തായാട്ട്‌ ശങ്കരന്‍
ശ്രീധരന്‍ ചമ്പാട്‌
കെ.പി.എ.റഹീം
കാക്കനാടന്‍
അഴീക്കോടന്‍ രാഘവന്‍
എം.മുകുന്ദന്‍(മയ്യഴി)
ഐ.കെ.കുമാരന്‍ മാസ്റ്റര്‍
ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്‌
ബ്രണ്ണന്‍
പി.വി.കുഞ്ഞിക്കണ്ണന്‍
കെ.തായാട്ട്‌
പുനം നമ്പൂതിരി
കെ.കെ.എന്‍.കുറുപ്പ്‌
കെ.ഇ.എന്‍
വാഗ്ഗ്ഭടാനന്ദന്‍
പിണരായി വിജയന്‍
കോടിയ്യേരി ബാലകൃഷ്ണന്‍
സതീഷ്ബാബു പയ്യന്നൂര്‍
പി.വല്‍സല
ഇനിയും ഇനിയും എത്രപേര്‍.......












Tuesday, July 31, 2012

കെവിന്‍ കാര്‍ട്ടറും നമ്മുടെ പത്രക്കാരും


കെവിന്‍ കാര്‍ട്ടറെപ്പറ്റി ഇപ്പോഴാണ്‌ അറിഞ്ഞത്‌.നമ്മുടെ പത്രപ്രവര്‍ത്തകര്‍ ഇദ്ദേഹത്തെപ്പറ്റി എഴുതിയതും കണ്ടിട്ടില്ല.എല്ലാം എഴുതുക എന്നത്‌ മലയാളപത്രപ്രവര്‍ത്തകര്‍ക്ക്‌ പറഞ്ഞിട്ടുള്ളതുമല്ല.ഇത്രയും പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്ന ഒരു പത്രപ്രവര്‍ത്തനം ഒരു പക്ഷേ ലോകത്ത്‌ തന്നെ ഒരിടത്തുമുണ്ടാകില്ല.അതെല്ലാം വിവരിക്കുവാന്‍ എത്രയോ താളുകള്‍ വേണം.ഇവിടെ അതിനെപ്പറ്റിയുമല്ല പറഞ്ഞുവരുന്നതും.

ആദ്യം കെവിന്‍ കാര്‍ട്ടറെപ്പറ്റിപ്പറയാം.ചുരുക്കി പറയാം. 1994 ലെ പുലിറ്റ്‌ സര്‍ അവാര്‍ഡ്‌ ലഭിച്ച ദക്ഷിണാഫ്രിക്കന്‍ ഫോട്ടോ ജേര്‍ണലിസ്റ്റാണ്‌.1993 മാര്‍ച്ചില്‍ സുഡാനിലെ പട്ടിണിയും ദാരിദ്ര്യവും അറിയുന്നതിനായി സുഡാനിലെത്തി.പട്ടിണിക്കോലമായ ഒരു കുട്ടി കഞ്ഞിവീഴ്ത്തല്‍ കേന്ദ്രത്തിലേക്ക്‌ വീണും കിടന്നും പോകുന്നതും അതിനു പിന്നാലെ ആര്‍ത്തിയോടെ ഒരു കഴുകന്‍ അനുഗമിക്കുന്നതും കാര്‍ട്ടര്‍ കണ്ടു.കഴുകനേയും കുട്ടിയേയും നല്ല ആങ്കിളില്‍ ലഭിക്കുവാനായി ഏതാണ്ട്‌ ഇരുപതു മിനിറ്റ്‌ ക്ഷമയോടെ കാത്തുനിന്നശേഷം എടുത്ത ചിത്രത്തിനാണ്‌ അദ്ദേഹത്തിന്‌ പുലിറ്റ്‌ സര്‍ അവാര്‍ഡ്‌ നേടിക്കോടുത്തത്‌.ചിത്രം കണ്ട്‌ ലോകജനത തരിച്ചിരുന്നു പോയി.സുഡാനിലെ പട്ടിണിയും ദാരിദ്ര്യവും ലോകജനതയ്ക്കു മുന്‍പില്‍ ഇത്രയും തീക്ഷ്ണമായി ലഭിക്കുന്നതും ഈ ചിത്രത്തില്‍ നിന്നാണ്‌.
എന്നാല്‍ ചിത്രം പ്രസിദ്ധീകരിച്ച ന്യൂയോര്‍ക്ക്‌ ടൈംസിന്റെ ആഫീസിലേക്ക്‌ വായനക്കാരുടെ നിലയ്ക്കാത്ത അന്വേഷണമായി..ചിത്രത്തിലെ കുട്ടിക്ക്‌ എന്താണ്‌ സംഭവിച്ചത്‌?കുട്ടിക്ക്‌ കഞ്ഞി വീഴ്ത്തല്‍ കേന്ദ്രത്തില്‍ എത്താനായോ?കഴുകന്‍ എവിടെ പോയി?താന്‍ ഫോട്ടോ എടുത്തശേഷം അവിടം വിട്ടു പോയെന്നും കുട്ടിക്ക്‌ എന്താണ്‌ സംഭവിച്ചത്‌ എന്ന് അറിവില്ലന്നുമാണ്‌ കാര്‍ട്ടര്‍ പറഞ്ഞത്‌.ഇത്‌ വല്ലാത്ത വിമര്‍ശനങ്ങള്‍ക്ക്‌ ഇടയാക്കി.ജനം കാര്‍ട്ടറെ പഴിച്ചു..ഏതായാലും പശ്ചാത്താപവിവശനായ കാര്‍ട്ടര്‍ വിഷാദ രോഗത്തിനടിപ്പെട്ട്‌ മൂന്നുമാസത്തിനു ശേഷം ആത്മഹത്യ ചെയ്തു.കാര്‍ട്ടറുടെ മരണവും ഏറെ ചര്‍ച്ചാവിഷയമായി.ഒരു പത്രപ്രവര്‍ത്തകന്‍ തന്റെ ജോലി ആത്മാര്‍ഥമായി ചെയ്തതിന്‌ പ്രതിക്ഷേധത്തിന്റെ ആവശ്യമുണ്ടോ?ലോകം സുഡാനിലെ പട്ടിണിയും ദാരിദ്ര്യവും അറിഞ്ഞത്‌ ഈ ഒരൊറ്റ ചിത്രം കൊണ്ടല്ലേ? അല്ലങ്കില്‍ ഇത്‌ ലോകജനത അറിയുമായിരുന്നോ?ഇന്നും ഈ ചര്‍ച്ച അവസാനിക്കുന്നില്ല.(കൂടുതല്‍ അറിയാന്‍ നെറ്റില്‍ പരതിയാല്‍ മതിയാകും)
ഇനി മലയാള(ഇന്‍ഡ്യന്‍)പത്രപ്രവര്‍ത്തകരുടെ ഇടയിലേക്ക്‌ വരാം.പത്രത്തിലെ വാര്‍ത്തകളും ഫീച്ചറുകളും വായിക്കുന്ന നമുക്ക്‌ ഇതിനു പിന്നിലെ എഴുത്തുകാരന്റെ ആത്മാര്‍ത്ഥതയും സാമൂഹ്യപ്രതിബദ്ധതയും അഴിമതിയോടുള്ള അടങ്ങാത്ത പ്രതിക്ഷേധവും തുളുമ്പി നില്‍ക്കുന്നത്‌ കാണാം.മനസ്സാ ഒരു പത്രപ്രവര്‍ത്തകനെ നമ്മള്‍ ആരാധിക്കും.എത്ര അന്നാ ഹസ്സാരെ മാരാണ്‌ മലയാള പത്രപ്രവര്‍ത്തനത്തിനു പിന്നിലെന്ന് നമ്മള്‍ വിചാരിച്ചാല്‍ കുറ്റപ്പെടുത്താന്‍ പറ്റുമോ?.
ഈ അടുത്തകാലത്ത്‌ പണമടയ്ക്കാതെ ഫ്ലാറ്റ്‌ സ്വന്തമാക്കിയ മനോരമയിലെ ജോണ്‍ മുണ്ടക്കയത്തെ പോലെയുള്ള പ്രമുഖരുടെ പട്ടിക പുറത്തുവന്നത്‌ മാധ്യമ ലോകം ആഘോഷിച്ചില്ല.അതിനെതിരെ ഫീച്ചരുകളോ രേഖാചിത്രമോ കാര്‍ട്ടൂണോ വരച്ചില്ല.ചാനലുകളില്‍ ബുദ്ധിജീവി ചര്‍ച്ചകള്‍ ഉണ്ടായില്ല.എന്നാല്‍ ബ്ലോഗ്‌ പോലുള്ള മാദ്ധ്യമങ്ങളില്‍ ചര്‍ച്ച നടന്നതാണ്‌ ഏക ആശ്വാസം.ആസ്സാമില്‍ പെണ്‍കുട്ടിയെ പരസ്യമായി ഉപദ്രവിച്ചപ്പോള്‍ ചാനലുകാരനാണ്‌ സാമൂഹ്യദ്രോഹികള്‍ക്ക്‌ വേണ്ടത്ര പ്രോത്സാഹനം നല്‍കിയത്‌...നല്ലോരു വാര്‍ത്തക്കുവേണ്ടി..ഈ പത്രപ്രവര്‍ത്തനത്തിനെതിരെ വടക്കേന്ത്യയില്‍ ചര്‍ച്ചയും പ്രതിക്ഷേധവും ഉണ്ടായി.എന്നാല്‍ നമ്മുടെ പത്രങ്ങള്‍ അതും കണ്ടില്ല.ഇവിടെ അപ്പോഴും സി.പി.വധം ആഘോഷിക്കുകയായിരുന്നു.
പണ്ട്‌ മനോരമ പത്രത്തില്‍ വന്ന ഒരു ചിത്രം ഇവിടെ കൊടുക്കുന്നു.പട്ടികടിച്ച ഈ മനുഷ്യന്‌ എന്തുപറ്റിയെന്ന് ചോദിക്കരുത്‌?പട്ടികടികോണ്ട്‌ ഒരു മനുഷ്യന്‍ കരയുമ്പോള്‍ ഫോട്ടോ എടുക്കുന്ന ഫോട്ടോഗ്രാഫറുടെ ആത്മാര്‍ത്ഥത ആരും ചോദ്യം ചെയ്യരുത്‌.ഒരു വശത്ത്‌ പട്ടികടിക്കും ..ഞാന്‍ എന്റെ ജോലിചെയ്യും.അയാളെ രക്ഷിക്കുവാനുള്ള കടമ ഏതെങ്കിലും ചുമട്ടുതോഴിലാളിക്കോ ഓട്ടോറിക്ഷക്കാരനോ ആണെന്ന് പറയുമായിരിക്കും.അവര്‍ക്ക്‌ അവരുടെ ജോലിമാത്രമല്ലല്ലോ പ്രധാനം.ഇത്തരത്തിലുള്ള സാമൂഹ്യപ്രവര്‍ത്തനവും ചുമട്ടുകാര്‍ക്ക്‌ പറഞ്ഞിട്ടുള്ളതാണെന്ന് ചിലപ്പോള്‍ വാദിക്കുമായിരിക്കും.
തിരുവനന്തപുരം പദ്മ്മനാഭ സ്വാമി ക്ഷേത്രക്കുളത്തില്‍ നിസ്സഹായനായ ഒരാള്‍ മുങ്ങിമരിക്കുന്നത്‌ ലൈവായി പ്രക്ഷേപണം ചെയതവരാണ്‌ മലയാളത്തിലെ ചാനലുകാര്‍.ഇവിടേയും ജോലിയാണു പ്രധാനമെന്ന് മലയാളികള്‍ കണ്ടതാണ്‌.
ഞങ്ങള്‍ പത്രപ്രവര്‍ത്തകര്‍ ഈ ഒരു പണിക്കുവേണ്ടിമാത്രം ആകാശത്തുനിന്ന് കെട്ടിയിറക്കിയതാണെന്ന് ഇനിയെങ്കിലും നിങ്ങള്‍ മനസ്സിലാക്കണം.ഞങ്ങള്‍ക്ക്‌ നാടെങ്ങും ഫ്രീ പാസ്സില്‍ ബസ്സിലും ട്രെയിനിലും സഞ്ചരിക്കാം..സര്‍ക്കാരിന്റെ ഫ്ലാറ്റുവങ്ങിയാല്‍ പണമടയ്ക്കണ്ട.ഈ ഫ്ലാറ്റുകള്‍ വാടകയ്ക്ക്‌ കൊടുത്ത്‌ വാടകവാങ്ങി രാജമന്ദിരങ്ങളില്‍ വാഴാം..സര്‍ക്കാരാഫീസില്‍ വന്ന് ഭീഷണി മുഴക്കാം..PRESS എന്ന സ്റ്റിക്കര്‍ ഒട്ടിച്ച്‌ ലൈസന്‍സില്ലാതെയോ ഹെല്‍മെറ്റ്‌ വയ്ക്കാതെയോ വണ്ടി ഓടിക്കാം..സര്‍ക്കാര്‍ സ്ഥലം കൈയ്യേറാം...അമ്പലത്തിന്റെ സ്ഥലം കൈവശം വയ്ക്കാം...ഇനിയും ഇനിയും എന്തെല്ലാം...ഇതിലൊന്നും കെവിന്‍ കാര്‍ട്ടറെപ്പോലെ ഒരു വിഷാദവും ഞങ്ങള്‍ക്ക്‌ ഉണ്ടാകില്ല.കാരണം ഞങ്ങള്‍ മലയാളപത്രപ്രവര്‍ത്തകരാണ്‌..

Sunday, January 29, 2012

ആനപ്പുറത്തെ ദൈവവും തെയ്യവും

നെറ്റിപ്പട്ടംകെട്ടിനിരന്നുനില്‍ക്കുന്ന ആനകള്‍.
മുത്തുക്കുടയും ആലവട്ടവും വെഞ്ചാമരവും.നടുവില്‍ നില്‍ക്കുന്ന ആനയുടെ മുകളില്‍ ദേവന്റെ തിടമ്പ്‌.അതിനുമുന്‍പില്‍ മേളം തകര്‍ക്കുന്നു,മതിക്കകം പുരുഷാരം.മാളിക മുകളില്‍ അന്തര്‍ജ്ജനങ്ങളും കോവിലകത്തെ തമ്പ്രാക്കളും.അവിടെ സാധാരണ വിശ്വാസികള്‍ക്ക്‌ പ്രവേശനമില്ല.മതില്‍ക്കകം നിറയെ

പുരുഷാരം.കുറെയേറെ ആളുകള്‍ മേളത്തിനൊപ്പിച്ച്‌ കൈ ആകാശത്തേക്ക്‌ എറിഞ്ഞ്‌ ആസ്വദിക്കുന്നുന്നതായി കാണിക്കുന്നുണ്ട്‌.ബഹുഭൂരിപക്ഷം വരുന്ന ഭക്തന്മാ

രും ഒരു ചടങ്ങുപോല അല്‍പ്പനേരം എഴുന്നള്ളിപ്പി
ന്റെ മുന്‍പില്‍ നിന്നശേഷം മതില്‍ക്കുപുറത്തുള്ള കച്ചവടങ്ങളെ ലക്ഷ്യമാക്കിനീങ്ങി.രാവേറെ ചെന്നപ്പോള്‍ മതില്‍ക്കകം ഏതാണ്ട്‌ കാലിയായി.മേളക്കാര്‍ ഒരു വഴിപാടുപോലെ തമ്മില്‍ കുശലം പറഞ്ഞ്‌ പണിതീര്‍ക്കാനുള്ളതിരക്കിലാണ്‌.ഇത്‌ മദ്ധ്യകേരളത്തിലെ ഒരു ഉത്സവദൃശ്യമാണ്‌.ഇവിടെ പുരുഷാരത്തെ പ്രകടമായ രണ്ടു വിഭാഗമായി തിരിക്കാം.ഒന്ന് ദൈവത്തെ കെട്ടി എഴുന്നള്ളിക്കുന്ന കഴകക്കാര്‍.മറ്റൊന്ന് കാണികള്‍...ഇവിടെ ദൈവം കാണികളോട്‌സംവേദിക്കുന്നില്ല.അവരുടെ പ്രശ്നങ്ങളില്‍ തല്‍പ്പരനല്ല.....അവരുടെ നേര്‍ച്ചകള്‍ സ്വീകരിക്കുവാന്‍ മജ്ജയും മാംസവുമുള്ള ഒരു ദൈവമില്ല....കാണിപ്പെട്ടിയിലെ നേച്ചകള്‍ ആരൊക്കെയോ പങ്കിടുന്നു.....ജന്മിവ്യവസ്ഥയുടെ ചില അവശേഷിപ്പുകള്‍ ഇന്നും ഈ ഉത്സവങ്ങള്‍ക്കുണ്ട്‌.മാളികപ്പുറ
ത്തുനിന്ന് ഉത്സവം വീക്ഷിക്കുന്ന സവര്‍ണ്ണരും അവിടെ പ്രവേശനമില്ലാത്ത മറ്റുള്ളവരും ഈ അവശേഷിപ്പിന്റെ ഭാഗമാണ്‌.ഈ ഉത്സവങ്ങള്‍ക്ക്‌ ഒരു ജനകീയതയില്ല.ഇത്‌ ഒരു വഴിപാടാണ്‌.കാണികള്‍ക്ക്‌ ഇവിടെ ഉത്സവങ്ങളില്‍ ഒരു പങ്കാളിത്തവുമില്ല.വരുക...അല്‍പ്പനേരം സാന്നിദ്ധ്യമറിയിച്ച്‌ തിരിച്ചുപോകുക..അതിനപ്പുറം ഒരു കര്‍ത്തവ്യവുമില്ല...
വടക്കന്‍ കേരളത്തിലെ ഉത്സവങ്ങള്‍ മധ്യകേരളത്തിലെ ജനങ്ങള്‍ക്ക്‌ അന്യമാണ്‌.ഇത്‌ എനിക്ക്‌ നേരിട്ട്‌ ബോധ്യപ്പെട്ട്‌ അറിവായതാണ്‌.ഇവിടെ ഉത്സവം എന്ന് വിവക്ഷിക്കുന്നതുപോലും ശരിയല്ല.ഞാന്‍ പറയുന്നത്‌ കോഴിക്കോടിനുമപ്പുറത്ത്‌ വടക്കോട്ട്‌ ആഘോഷിക്കുന്ന തെയ്യം ആഘോഷത്തെയാണ്‌.തെയ്യം കഥകളിപോലെയോ ഓട്ടന്തുള്ളല്‍ പോലെയോ ഒരു നൃത്തരൂപമെന്നേ ഞാന്‍ കരുതിയുള്ളൂ.അതിയന്‍പ്പുറം തെയ്യത്തെപ്പറ്റി
എനിക്ക്‌ ഒന്നുമറിയില്ലായിരുന്നു.എന്നാല്‍ കേരളസംഗീതനാടക അക്കാഡമിയുടെ "തെയ്യം"
എന്ന പ്രബന്ധങ്ങലുടെ സമാഹാരം വായിച്ചതിനുശേഷമാണ്‌ തെയ്യത്തെ അടുത്തറിയാന്‍ സാധിച്ചത്‌.പിന്നെ അതൊരു ആവേശമായി.പിന്നെ ഇതുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ കണ്ടെത്താന്‍ ആവേശമായി.ഡോ.എം.വി.വിഷ്ണുനമ്പൂരിയുടെ "തെയ്യം",ഡോ.വൈ.വി.കണ്ണന്റെ "തെയ്യങ്ങളും അനുഷ്ഠാനങ്ങളും" എന്ന പുസ്തകങ്ങള്‍ പല ആവര്‍ത്തി വായിച്ചു.അപ്പോള്‍ തെയ്യം നേരിട്ട്‌ കാണണമെന്ന് ആവേശമായി.അങ്ങിനെ ആ

ആവേശത്തില്‍ ജനുവരി ആദ്യം കണ്ണൂരിലെത്തി.theyyamcalender.com എന്ന വെബ്‌ സൈറ്റില്‍ തെയ്യം കലണ്ടര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.കുറെ ദിവസങ്ങള്‍ കുറുച്ചെടുത്തു.പിന്നെ കണ്ണൂരിലേക്ക്‌ വണ്ടികയറി.
തെയ്യം അനുഷ്ഠാനത്തെപ്പറ്റി ഇനി ഒരു മുഖവുര.ഇത്‌ ഉത്തരകേരളത്തിലെ വായനക്കര്‍ക്ക്‌ വേണ്ടിയല്ല.തെട്ടികളെ അവര്‍ തിരുത്തുമല്ലോ?

തെയ്യം എന്നാല്‍ ദൈവം തന്നെ.എന്നാല്‍ പുരാണങ്ങളിലെ ദൈവങ്ങളല്ല പല തെയ്യങ്ങളും.ദേവതാരൂപങ്ങള്‍ കോലമായി കെട്ടിയാടിച്ച്‌ ആരാധിക്കുകയാണ്‌ തെയ്യാട്ടത്തിലൂടെ ചെയ്യുന്നത്‌.ഭഗവതി,കാളി,ചാമുണ്ടി,ഭൂതങ്ങള്‍,മൃഗദേവതകള്‍,നാഗദേവതകള്‍,യക്ഷഗന്ധര്‍വ്വാദികള്‍.പരേതര്‍,പൂര്‍വ്വികര്‍,മണ്‍ മറഞ്ഞ വീരപരാക്രമികള്‍,തുടങ്ങി നിരവധി ദേവതകളുടെ സങ്കല്‍പ്പത്തില്‍ തെയ്യങ്ങളുണ്ട്‌.ഏതാണ്ട്‌ നാനൂറോളംതെയ്യങ്ങള്‍ മലബാറില്‍ കെട്ടിയാടുന്നുണ്ട്‌.
തെയ്യം കെട്ടുന്നത്‌ പിന്നോക്കജാതിക്കാരായ വണ്ണാന്‍,

വേലന്‍,പുലയന്‍,അഞ്ഞൂറ്റാന്‍ തുടങ്ങിയ വിഭാഗക്കാരാണ്‌.തെയ്യം മുടിവച്ചാല്‍ പിന്നെ സവര്‍ണ്ണനെന്നോ അവര്‍ണ്ണനെന്നോ ഭേദമില്ലാതെ എല്ലാവരും തെയ്യത്തിനുമുന്‍പില്‍ വണങ്ങി നേര്‍ച്ച നല്‍കുകയും തങ്ങളുടെ സങ്കടങ്ങള്‍ ഉണര്‍ത്തുകയും ചെയ്യും,ഒരു കാലത്ത്‌ തെയ്യം നാട്ടിലെ വഴക്കുകള്‍ പോലും തീര്‍ത്തിരുന്നു.തെയ്യത്തിന്റെ വാചാലുകള്‍ക്ക്‌ എല്ലാവരും കാതോര്‍ക്കും.ഇവിടെ കാഴ്ചക്കാരോ സംഘാടകരോ ഇല്ല.ജാതിയോ മതമോ ഇല്ല.സ്ത്രീയോ പുഷനോ ഇല്ല.അത്ര ജനകീയമായ ഒരു അനുഷ്ഠാനമാണിത്‌.ജനങ്ങള്‍ക്ക്‌ അത്ര വിശ്വാസവും.

തുലാം പത്തിനുശേഷം തെയ്യം കെട്ടിയാടല്‍ തുടങ്ങും.ഇത്‌ ഇടവമാസം വരെ നീണ്ടുനില്‍ക്കും.കണ്ണൊരിനപ്പുറം വടക്കോട്ട്‌ കാവുകളും,മുണ്ട്യകളും, ഈ നാളുകളില്‍ അസുരച്ചെണ്ടകളുടെ ആരവങ്ങളില്‍ ഉണരും.വെളുക്കും വരെ ഈ കാവുകളില്‍ തെയ്യങ്ങള്‍ ഉറയും.ഓലച്ചൂട്ടുകളുടെ വെളിച്ചത്തില്‍ ചുവപ്പിന്റേയും കറുപ്പിന്റേയും നടനം മനോജ്ഞമാണ്‌.
കണ്ണൂരിനും തളിപ്പറമ്പിനുമിടക്ക്‌ കുന്നാവ്‌ മുച്ചിലോട്ട്ഭഗവതിക്കാവിലാണ്‌ തെയ്യം കാണുന്നത്‌.തെയ്യം കെട്ടിയാടുന്ന തലേന്ന് അതിന്റെ തോറ്റമോ വെള്ളാട്ടമോ ഉണ്ടാകും.പിറ്റേന്ന് തെയ്യം കെട്ടുന്ന ആള്‍ തന്നെയാണ്‌ തോറ്റവും കെട്ടുന്നത്‌.ഓരോ തെയ്യത്തിനും തോറ്റമോ വെള്ളാട്ടമോ ഉണ്ടാകും.പാതിരാത്രികഴിഞ്ഞാല്‍ തെയ്യം പുറപ്പെടുകയായി.ഒരു തെയ്യത്തിനുശേഷം അടുത്തത്‌ എന്നിങ്ങനെ പിറ്റേന്ന് രത്രി വരെ ഓരോ തെയ്യങ്ങള്‍
ആടും.ഓരോ തെയ്യത്തിനുപിന്നിലും ഒരു കഥയുണ്ടാകും അത്‌ പുരാണമോന്നുമല്ല.പല തെയ്യങ്ങളും നാട്ടുദൈവങ്ങള്‍ തന്നെ.
ഞങ്ങള്‍ എത്തുമ്പോള്‍ മുച്ചിലോട്ട്‌ ഭഗവതിയുടെ തോറ്റം നടക്കുന്നു.പിന്നെ തോറ്റവും വെളിച്ചപ്പടും ചെര്‍ന്നുള്ള കൂടിയാട്ടവും.അതിനു ശേഷം പുലിയൂര്‍ കാളിയുടെ വെള്ളാട്ടവും.എല്ലാം പുതിയ അനുഭവം തന്നെ.ജനങ്ങളുടെ വിശ്വാസവും ഭക്തിയും അംഗീകരികാതിരിക്കാനാകില്ല.എല്ല്ലാനേരവും അന്നദാനവും
രാത്രിയിലെ തെയ്യം കാണാനാകാത്തതില്‍ വിഷമം തോന്നി.ഞങ്ങള്‍ പിറ്റേന്ന് ചെല്ലുമ്പോള്‍ നരമ്പില്‍ ഭഗവതിയുടെ തെയ്യം മുടിവച്ചിട്ടുണ്ട്‌.ജനങ്ങള്‍ ദൈവത്തോടെന്ന പോലെ ഭക്തിയിലുംവിശ്വാസത്തോടെയും തെയ്യത്തിനു നേര്‍ച്ചനല്‍കുന്നത്‌ കാണേണ്ടതുതന്നെ.അല്‍പ്പനേരത്തിനുശേഷം പുലിയൂര്‍ കാളിയുടെ തെയ്യവും മുടുവച്ചു.ആ പുറപ്പാട്‌ കാണേണ്ടതുതന്നെ.പിന്നെ വിഷ്ണുമൂര്‍ത്തി.......മുച്ചിലോട്ട്‌ ഭഗവതിയുടെ തെയ്യം മുടിവയ്ക്കുന്നതിനുമുന്‍പ്‌ പോരേണ്ടിവന്നു.ഏതായാലും ഒരു വ്യത്യസ്ഥമായ അനുഭവമായിരുന്നു.
ഇത്ര ജനകീയവും മതേതരവുമായ ഒരു അനുഷ്ഠാനം തന്നെ കേരളത്തില്‍ മറ്റോരിടത്തുമുണ്ടാകില്ല.ഇത്‌ ആദ്യാനുഭവം.ഇനിയും ഈ വര്‍ഷം തന്നെ കതിവനൂര്‍ വീരന്‍,തായിപ്പരദേവത,പുതിയ ഭഗവതി,പൊട്ടന്തെയ്യം തുടങ്ങിയ തെയ്യങ്ങള്‍ കാണണമെന്ന ദൃഢനിശ്ചയത്തിന്‌ മാറ്റമില്ല.
തെക്കന്‍ കേരളത്തിലെ ഓരോ മലയാളിയും തെയ്യത്തെ അറിയണം,കാണണം..നമുക്ക്‌ ചുറ്റും ഇങ്ങിനേയും ചില ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ടെന്ന് നാം മനസ്സിലാക്കണം

Recent Posts

ജാലകം