Pages

Sunday, January 29, 2012

ആനപ്പുറത്തെ ദൈവവും തെയ്യവും

നെറ്റിപ്പട്ടംകെട്ടിനിരന്നുനില്‍ക്കുന്ന ആനകള്‍.
മുത്തുക്കുടയും ആലവട്ടവും വെഞ്ചാമരവും.നടുവില്‍ നില്‍ക്കുന്ന ആനയുടെ മുകളില്‍ ദേവന്റെ തിടമ്പ്‌.അതിനുമുന്‍പില്‍ മേളം തകര്‍ക്കുന്നു,മതിക്കകം പുരുഷാരം.മാളിക മുകളില്‍ അന്തര്‍ജ്ജനങ്ങളും കോവിലകത്തെ തമ്പ്രാക്കളും.അവിടെ സാധാരണ വിശ്വാസികള്‍ക്ക്‌ പ്രവേശനമില്ല.മതില്‍ക്കകം നിറയെ

പുരുഷാരം.കുറെയേറെ ആളുകള്‍ മേളത്തിനൊപ്പിച്ച്‌ കൈ ആകാശത്തേക്ക്‌ എറിഞ്ഞ്‌ ആസ്വദിക്കുന്നുന്നതായി കാണിക്കുന്നുണ്ട്‌.ബഹുഭൂരിപക്ഷം വരുന്ന ഭക്തന്മാ

രും ഒരു ചടങ്ങുപോല അല്‍പ്പനേരം എഴുന്നള്ളിപ്പി
ന്റെ മുന്‍പില്‍ നിന്നശേഷം മതില്‍ക്കുപുറത്തുള്ള കച്ചവടങ്ങളെ ലക്ഷ്യമാക്കിനീങ്ങി.രാവേറെ ചെന്നപ്പോള്‍ മതില്‍ക്കകം ഏതാണ്ട്‌ കാലിയായി.മേളക്കാര്‍ ഒരു വഴിപാടുപോലെ തമ്മില്‍ കുശലം പറഞ്ഞ്‌ പണിതീര്‍ക്കാനുള്ളതിരക്കിലാണ്‌.ഇത്‌ മദ്ധ്യകേരളത്തിലെ ഒരു ഉത്സവദൃശ്യമാണ്‌.ഇവിടെ പുരുഷാരത്തെ പ്രകടമായ രണ്ടു വിഭാഗമായി തിരിക്കാം.ഒന്ന് ദൈവത്തെ കെട്ടി എഴുന്നള്ളിക്കുന്ന കഴകക്കാര്‍.മറ്റൊന്ന് കാണികള്‍...ഇവിടെ ദൈവം കാണികളോട്‌സംവേദിക്കുന്നില്ല.അവരുടെ പ്രശ്നങ്ങളില്‍ തല്‍പ്പരനല്ല.....അവരുടെ നേര്‍ച്ചകള്‍ സ്വീകരിക്കുവാന്‍ മജ്ജയും മാംസവുമുള്ള ഒരു ദൈവമില്ല....കാണിപ്പെട്ടിയിലെ നേച്ചകള്‍ ആരൊക്കെയോ പങ്കിടുന്നു.....ജന്മിവ്യവസ്ഥയുടെ ചില അവശേഷിപ്പുകള്‍ ഇന്നും ഈ ഉത്സവങ്ങള്‍ക്കുണ്ട്‌.മാളികപ്പുറ
ത്തുനിന്ന് ഉത്സവം വീക്ഷിക്കുന്ന സവര്‍ണ്ണരും അവിടെ പ്രവേശനമില്ലാത്ത മറ്റുള്ളവരും ഈ അവശേഷിപ്പിന്റെ ഭാഗമാണ്‌.ഈ ഉത്സവങ്ങള്‍ക്ക്‌ ഒരു ജനകീയതയില്ല.ഇത്‌ ഒരു വഴിപാടാണ്‌.കാണികള്‍ക്ക്‌ ഇവിടെ ഉത്സവങ്ങളില്‍ ഒരു പങ്കാളിത്തവുമില്ല.വരുക...അല്‍പ്പനേരം സാന്നിദ്ധ്യമറിയിച്ച്‌ തിരിച്ചുപോകുക..അതിനപ്പുറം ഒരു കര്‍ത്തവ്യവുമില്ല...
വടക്കന്‍ കേരളത്തിലെ ഉത്സവങ്ങള്‍ മധ്യകേരളത്തിലെ ജനങ്ങള്‍ക്ക്‌ അന്യമാണ്‌.ഇത്‌ എനിക്ക്‌ നേരിട്ട്‌ ബോധ്യപ്പെട്ട്‌ അറിവായതാണ്‌.ഇവിടെ ഉത്സവം എന്ന് വിവക്ഷിക്കുന്നതുപോലും ശരിയല്ല.ഞാന്‍ പറയുന്നത്‌ കോഴിക്കോടിനുമപ്പുറത്ത്‌ വടക്കോട്ട്‌ ആഘോഷിക്കുന്ന തെയ്യം ആഘോഷത്തെയാണ്‌.തെയ്യം കഥകളിപോലെയോ ഓട്ടന്തുള്ളല്‍ പോലെയോ ഒരു നൃത്തരൂപമെന്നേ ഞാന്‍ കരുതിയുള്ളൂ.അതിയന്‍പ്പുറം തെയ്യത്തെപ്പറ്റി
എനിക്ക്‌ ഒന്നുമറിയില്ലായിരുന്നു.എന്നാല്‍ കേരളസംഗീതനാടക അക്കാഡമിയുടെ "തെയ്യം"
എന്ന പ്രബന്ധങ്ങലുടെ സമാഹാരം വായിച്ചതിനുശേഷമാണ്‌ തെയ്യത്തെ അടുത്തറിയാന്‍ സാധിച്ചത്‌.പിന്നെ അതൊരു ആവേശമായി.പിന്നെ ഇതുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ കണ്ടെത്താന്‍ ആവേശമായി.ഡോ.എം.വി.വിഷ്ണുനമ്പൂരിയുടെ "തെയ്യം",ഡോ.വൈ.വി.കണ്ണന്റെ "തെയ്യങ്ങളും അനുഷ്ഠാനങ്ങളും" എന്ന പുസ്തകങ്ങള്‍ പല ആവര്‍ത്തി വായിച്ചു.അപ്പോള്‍ തെയ്യം നേരിട്ട്‌ കാണണമെന്ന് ആവേശമായി.അങ്ങിനെ ആ

ആവേശത്തില്‍ ജനുവരി ആദ്യം കണ്ണൂരിലെത്തി.theyyamcalender.com എന്ന വെബ്‌ സൈറ്റില്‍ തെയ്യം കലണ്ടര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.കുറെ ദിവസങ്ങള്‍ കുറുച്ചെടുത്തു.പിന്നെ കണ്ണൂരിലേക്ക്‌ വണ്ടികയറി.
തെയ്യം അനുഷ്ഠാനത്തെപ്പറ്റി ഇനി ഒരു മുഖവുര.ഇത്‌ ഉത്തരകേരളത്തിലെ വായനക്കര്‍ക്ക്‌ വേണ്ടിയല്ല.തെട്ടികളെ അവര്‍ തിരുത്തുമല്ലോ?

തെയ്യം എന്നാല്‍ ദൈവം തന്നെ.എന്നാല്‍ പുരാണങ്ങളിലെ ദൈവങ്ങളല്ല പല തെയ്യങ്ങളും.ദേവതാരൂപങ്ങള്‍ കോലമായി കെട്ടിയാടിച്ച്‌ ആരാധിക്കുകയാണ്‌ തെയ്യാട്ടത്തിലൂടെ ചെയ്യുന്നത്‌.ഭഗവതി,കാളി,ചാമുണ്ടി,ഭൂതങ്ങള്‍,മൃഗദേവതകള്‍,നാഗദേവതകള്‍,യക്ഷഗന്ധര്‍വ്വാദികള്‍.പരേതര്‍,പൂര്‍വ്വികര്‍,മണ്‍ മറഞ്ഞ വീരപരാക്രമികള്‍,തുടങ്ങി നിരവധി ദേവതകളുടെ സങ്കല്‍പ്പത്തില്‍ തെയ്യങ്ങളുണ്ട്‌.ഏതാണ്ട്‌ നാനൂറോളംതെയ്യങ്ങള്‍ മലബാറില്‍ കെട്ടിയാടുന്നുണ്ട്‌.
തെയ്യം കെട്ടുന്നത്‌ പിന്നോക്കജാതിക്കാരായ വണ്ണാന്‍,

വേലന്‍,പുലയന്‍,അഞ്ഞൂറ്റാന്‍ തുടങ്ങിയ വിഭാഗക്കാരാണ്‌.തെയ്യം മുടിവച്ചാല്‍ പിന്നെ സവര്‍ണ്ണനെന്നോ അവര്‍ണ്ണനെന്നോ ഭേദമില്ലാതെ എല്ലാവരും തെയ്യത്തിനുമുന്‍പില്‍ വണങ്ങി നേര്‍ച്ച നല്‍കുകയും തങ്ങളുടെ സങ്കടങ്ങള്‍ ഉണര്‍ത്തുകയും ചെയ്യും,ഒരു കാലത്ത്‌ തെയ്യം നാട്ടിലെ വഴക്കുകള്‍ പോലും തീര്‍ത്തിരുന്നു.തെയ്യത്തിന്റെ വാചാലുകള്‍ക്ക്‌ എല്ലാവരും കാതോര്‍ക്കും.ഇവിടെ കാഴ്ചക്കാരോ സംഘാടകരോ ഇല്ല.ജാതിയോ മതമോ ഇല്ല.സ്ത്രീയോ പുഷനോ ഇല്ല.അത്ര ജനകീയമായ ഒരു അനുഷ്ഠാനമാണിത്‌.ജനങ്ങള്‍ക്ക്‌ അത്ര വിശ്വാസവും.

തുലാം പത്തിനുശേഷം തെയ്യം കെട്ടിയാടല്‍ തുടങ്ങും.ഇത്‌ ഇടവമാസം വരെ നീണ്ടുനില്‍ക്കും.കണ്ണൊരിനപ്പുറം വടക്കോട്ട്‌ കാവുകളും,മുണ്ട്യകളും, ഈ നാളുകളില്‍ അസുരച്ചെണ്ടകളുടെ ആരവങ്ങളില്‍ ഉണരും.വെളുക്കും വരെ ഈ കാവുകളില്‍ തെയ്യങ്ങള്‍ ഉറയും.ഓലച്ചൂട്ടുകളുടെ വെളിച്ചത്തില്‍ ചുവപ്പിന്റേയും കറുപ്പിന്റേയും നടനം മനോജ്ഞമാണ്‌.
കണ്ണൂരിനും തളിപ്പറമ്പിനുമിടക്ക്‌ കുന്നാവ്‌ മുച്ചിലോട്ട്ഭഗവതിക്കാവിലാണ്‌ തെയ്യം കാണുന്നത്‌.തെയ്യം കെട്ടിയാടുന്ന തലേന്ന് അതിന്റെ തോറ്റമോ വെള്ളാട്ടമോ ഉണ്ടാകും.പിറ്റേന്ന് തെയ്യം കെട്ടുന്ന ആള്‍ തന്നെയാണ്‌ തോറ്റവും കെട്ടുന്നത്‌.ഓരോ തെയ്യത്തിനും തോറ്റമോ വെള്ളാട്ടമോ ഉണ്ടാകും.പാതിരാത്രികഴിഞ്ഞാല്‍ തെയ്യം പുറപ്പെടുകയായി.ഒരു തെയ്യത്തിനുശേഷം അടുത്തത്‌ എന്നിങ്ങനെ പിറ്റേന്ന് രത്രി വരെ ഓരോ തെയ്യങ്ങള്‍
ആടും.ഓരോ തെയ്യത്തിനുപിന്നിലും ഒരു കഥയുണ്ടാകും അത്‌ പുരാണമോന്നുമല്ല.പല തെയ്യങ്ങളും നാട്ടുദൈവങ്ങള്‍ തന്നെ.
ഞങ്ങള്‍ എത്തുമ്പോള്‍ മുച്ചിലോട്ട്‌ ഭഗവതിയുടെ തോറ്റം നടക്കുന്നു.പിന്നെ തോറ്റവും വെളിച്ചപ്പടും ചെര്‍ന്നുള്ള കൂടിയാട്ടവും.അതിനു ശേഷം പുലിയൂര്‍ കാളിയുടെ വെള്ളാട്ടവും.എല്ലാം പുതിയ അനുഭവം തന്നെ.ജനങ്ങളുടെ വിശ്വാസവും ഭക്തിയും അംഗീകരികാതിരിക്കാനാകില്ല.എല്ല്ലാനേരവും അന്നദാനവും
രാത്രിയിലെ തെയ്യം കാണാനാകാത്തതില്‍ വിഷമം തോന്നി.ഞങ്ങള്‍ പിറ്റേന്ന് ചെല്ലുമ്പോള്‍ നരമ്പില്‍ ഭഗവതിയുടെ തെയ്യം മുടിവച്ചിട്ടുണ്ട്‌.ജനങ്ങള്‍ ദൈവത്തോടെന്ന പോലെ ഭക്തിയിലുംവിശ്വാസത്തോടെയും തെയ്യത്തിനു നേര്‍ച്ചനല്‍കുന്നത്‌ കാണേണ്ടതുതന്നെ.അല്‍പ്പനേരത്തിനുശേഷം പുലിയൂര്‍ കാളിയുടെ തെയ്യവും മുടുവച്ചു.ആ പുറപ്പാട്‌ കാണേണ്ടതുതന്നെ.പിന്നെ വിഷ്ണുമൂര്‍ത്തി.......മുച്ചിലോട്ട്‌ ഭഗവതിയുടെ തെയ്യം മുടിവയ്ക്കുന്നതിനുമുന്‍പ്‌ പോരേണ്ടിവന്നു.ഏതായാലും ഒരു വ്യത്യസ്ഥമായ അനുഭവമായിരുന്നു.
ഇത്ര ജനകീയവും മതേതരവുമായ ഒരു അനുഷ്ഠാനം തന്നെ കേരളത്തില്‍ മറ്റോരിടത്തുമുണ്ടാകില്ല.ഇത്‌ ആദ്യാനുഭവം.ഇനിയും ഈ വര്‍ഷം തന്നെ കതിവനൂര്‍ വീരന്‍,തായിപ്പരദേവത,പുതിയ ഭഗവതി,പൊട്ടന്തെയ്യം തുടങ്ങിയ തെയ്യങ്ങള്‍ കാണണമെന്ന ദൃഢനിശ്ചയത്തിന്‌ മാറ്റമില്ല.
തെക്കന്‍ കേരളത്തിലെ ഓരോ മലയാളിയും തെയ്യത്തെ അറിയണം,കാണണം..നമുക്ക്‌ ചുറ്റും ഇങ്ങിനേയും ചില ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ടെന്ന് നാം മനസ്സിലാക്കണം

5 അഭിപ്രായങ്ങൾ:

Typist | എഴുത്തുകാരി said...

ആനപ്പുറത്തെ ഉത്സവങ്ങളേ കണ്ടിട്ടുള്ളൂ, തെയ്യം കാണാൻ അവസരം കിട്ടിയിട്ടില്ല് ഇതുവരെ.

ഗൗരിനാഥന്‍ said...

ഭാഗ്യം കൊണ്ട് ഒരു തെയ്യക്കാലത്ത് കണ്ണൂരുണ്ടായിരുന്നു, വളരെ മനോഹരവും അതെ സമയം ഒരു സമത്വത്തിന്റെയും ഓര്‍മ്മപ്പെടുത്തലായി തന്നെയാണ് തെയ്യത്തെ അറിഞ്ഞത്..വീണ്ടും കാണാനുള്ള ആഗ്രഹം അതിയായി നിലനില്‍ക്കുന്നുണ്ട്..

ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...

വായിച്ചപ്പോൾ കൂടുതൽ അറിയണമെന്നും കാണണമെന്നുമൊക്കെയുണ്ട്. പക്ഷെ എവിടെ സമയം! ആദ്യം വായിച്ച് പടങ്ങളും കണ്ട് തൃപ്തിപ്പെടാം.അല്ലപിന്നെ!

Kalavallabhan said...

തെക്കന്‍ കേരളത്തിലെ ഓരോ മലയാളിയും തെയ്യത്തെ അറിയണം,കാണണം..നമുക്ക്‌ ചുറ്റും ഇങ്ങിനേയും ചില ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ടെന്ന് നാം മനസ്സിലാക്കണം
അതെ.

Recent Posts

ജാലകം