Pages

Saturday, August 15, 2009

ഇടുക്കി കാട്ടിലെ ആന പറഞ്ഞ സ്വകാര്യം

ചെറുതോണിയില്‍ നിന്നും പുറപ്പെടുമ്പോള്‍ സമയം 4.30.ഒരു കനത്ത മഴ പെയ്ത്‌ തോര്‍ന്നതേ ഉള്ളൂ.കാറ്റാടിമരക്കാട്ടില്‍ നിന്നും മഴവെള്ളം കുത്തിയോഴുകി റോഡിലേക്ക്‌ കടന്ന് ഊക്കോടെ കലുങ്കിലേക്ക്‌ പതിക്കുന്ന കനത്ത ശബ്ദം.അന്തരീക്ഷത്തില്‍ ചെറിയ മൂടല്‍മഞ്ഞും പടര്‍ന്നിട്ടുണ്ട്‌.ഇപ്പോള്‍ തന്നെ നേരം ഇരുട്ടാകുമാ? ഒരു മഴക്കുകൂടി വട്ടംകൂട്ടുന്നുണ്ട്‌.ഇനിയും താമസിച്ചാല്‍ മഴയും കനത്താല്‍ യാത്ര ദുഷ്കരമാകുമെന്നതില്‍
ഒരു ചൂടന്‍ ചായയും കഴിച്ച്‌ ഞങ്ങള്‍- ഞാന്‍,ഷാജി,രവി-പുറപ്പെട്ടു.ഷാജിയുടേതാണ്‌ ഇന്നോവാ കാര്‍.ഓടിക്കുന്നതും ഷാജിതന്നെ.പിറകില്‍ രവീന്ദ്രന്‍.വളരേ പതുക്കെയാണ്‌ വാഹനം ഓടുന്നത്‌.എങ്ങിനെയായാലും ഒന്ന് ഒന്നര മണിക്കൂര്‍ കൊണ്ട്‌ തൊടുപുഴയിലെത്താം..റോഡില്‍ മഴയത്തും കാറ്റത്തും വീണ ഉണക്കകമ്പുകള്‍..
വണ്ടിക്കകത്ത്‌ എയര്‍കണ്ടീഷന്‍ പ്രവൃത്തിക്കുന്നുണ്ട്‌.മുരുകന്‍ കാട്ടാക്കടയുടെ രേണുക പതിഞ്ഞശബ്ദത്തില്‍ വച്ചിട്ടുണ്ട്‌.വണ്ടി പൈനാവില്‍ എത്തി.അന്തരീക്ഷം മൂടിക്കെട്ടിയും ഈര്‍പ്പമണിഞ്ഞുമാണ്‌.
രവി ഒരു ചായകൂടി ആകാമെന്നു പറഞ്ഞു.ഇവിടം വിട്ടാല്‍ ഇനി കുളമാവിലെത്തണം ഒരു ചായകിട്ടാന്‍.രവിയെ നിരാശപ്പെടുത്തിയില്ല.ഓരോ ചായകൂടി അകത്താക്കി പുറപ്പെട്ടു
ഇനി കാട്ടിനകത്തുകൂടിയാണ്‌ യാത്ര.എത്രയോ തവണ ഇതിലേ യാത്ര ചെയ്തിരിക്കുന്നു.അതിനാല്‍ യാത്രക്ക്‌ പുതുമയൊന്നും തോന്നിയില്ല.മഴ പതുക്കെ ആരംഭിച്ചു.കാറ്റും ഉണ്ട്‌.മുന്‍ വശത്തെ ചില്ലിലേക്ക്‌ മഴത്തുള്ളികള്‍ ചരല്‍ വാരിയെറിയുന്നതുപോലെ വന്നു പതിക്കുന്നുണ്ട്‌.ചെറിയ മൂടല്‍മഞ്ഞും ഉണ്ട്‌.
ഷാജി പറയാനാരംഭിച്ചു.ഷാജിയുടെ സംസാരം പഴയ വാല്‍'വ്‌ റേഡിയോ പോലെയാണ്‌.പച്ചലൈറ്റും തെളിഞ്ഞ്‌ ശബ്ദം പുറത്തുവരുവാന്‍ അല്‍പ്പം നേരം പിടിക്കും.പിന്നെ നിര്‍ത്താനാണ്‌ വിഷമം.
"കാറ്റുള്ളതിനാല്‍ ആന റോഡിലിറങ്ങും.."
"നിന്റെ കണ്ണിന്‌ ആനയെകാണാന്‍ വിഷമമുണ്ടോ?"രവി കളിയാക്കി.
മഴ തിമിര്‍ത്തു പെയ്തു തുടങ്ങി.മഴവെള്ളം മരത്തലപ്പുകളില്‍ തട്ടി ഇലകളില്‍ പതിച്ച്‌ താഴെവീഴുന്നതും ചീവീടുകളുടേയും ശബ്ദം ഇടകലര്‍ന്ന് വണ്ടിയുടെ ചില്ലിനേയും ഭേദിച്ച്‌ അകത്തുകയറി.വളരേ പതുക്കയാണ്‌ യാത്ര.നേരം സന്ധ്യയായില്ലെങ്കിലും ഇരുട്ടുപരന്നിട്ടുണ്ട്‌.ഒറ്റക്കൊറ്റക്ക്‌ ഓരോ വണ്ടികള്‍ എതിരെ വരുന്നുണ്ട്‌.ഞായറാഴ്ചയായതിനാല്‍ ഗതാഗതം കുറവാണ്‌,.വളവുകളും പുളവുകളും ശ്രദ്ധിച്ചാണ്‌ ഷാജിയുടെ ഡ്രൈവിംഗ്‌.
രവി ഒരു വെണ്മണി കഥ പറയാനൊരുങ്ങുകയാണ്‌.ഒരു രാജകുമാരന്‍ ദേവേന്ദ്രനെ തപസ്സിരുന്നു..തനിക്ക്‌ പൂവങ്കോഴിയായി.....
യാത്രക്ക്‌ രസം കയറി.പൈനാവില്‍ നിന്നും കിലോമീറ്ററുകള്‍ പോന്നിരിക്കുന്നു.വൈപ്പറിനിടയിലൂടെ വഴികാണമെങ്കിലും വ്യക്തമല്ല.
വണ്ടി ഒരു ഇറക്കത്തിലാണ്‌.ഇറക്കത്തിന്റെ അവസാനം ഒരു വളവും.വളവും കഴിഞ്ഞ്‌ വണ്ടി അടുത്ത വളവിലേക്ക്‌ തിരിയാന്‍ തുടങ്ങുമ്പോള്‍ പെട്ടന്ന് വലതുവശത്തുനിന്നും എന്തോ ഒരു കറുത്ത രൂപം വണ്ടിയുടെ മുന്‍പിലേക്ക്‌...ഷാജി വണ്ടി പെട്ടന്ന് ബ്രേക്കിട്ടതിനാല്‍ ഒരു മൂന്നു നാലു്‌ അടി അകലത്തില്‍ വണ്ടി നിന്നു.ഒരു ആനയാണ്‌ വണ്ടിയുടെമുന്‍പിലെന്ന് വിശ്വസിക്കനായില്ല.
"എന്താ വേണ്ടത്‌?"
"എഞ്ചിന്‍ നിര്‍ത്തണ്ടാ റൈസ്‌ ചെയ്ത്‌ പിടിച്ചോ.."
ആന തിരിഞ്ഞ്‌ മുഖാമുഖം നിന്നു.പിടിയാനയാണ്‌.നല്ല കൊഴുത്തിരിക്കുന്നു.ചെവി വട്ടം പിടിച്ചിട്ടുണ്ട്‌.വാല്‍ വളച്ചും.ഇത്രയും അടുത്ത്‌ നാട്ടാനയെ പോലും കണ്ടിട്ടില്ല.
എല്ലാവരും നിശ്ശബ്ദരായി.അനങ്ങാനെ തോന്നിയില്ല.ഡോര്‍ തുറന്ന് പുറത്തിറങ്ങുന്നത്‌ ബുദ്ധിയല്ല.അത്ര അടുത്താണ്‌ ആന.തുമ്പിക്കൈ നീട്ടിയാല്‍ വാഹനം തൊടാം.നിമിഷങ്ങള്‍ മണിക്കൂറുകളായി തോന്നി.ആനയുടെ കണ്ണുകളിലേക്ക്‌ പോലും നന്നായി നോട്ടം ചെല്ലുന്നു.നടുക്കത്തോടെ പണ്ടുകേട്ട ആനക്കഥകള്‍ മനസ്സിലേക്ക്‌ കടന്നു വന്നു.ആന ആ നില്‍പ്പുതന്നെ.ഏതെങ്കിലും ഒരു വലിയ വാഹനം വന്നെങ്കിലെന്ന് ആഗ്രഹിച്ചു.നിസ്സഹായമായ നിമിഷങ്ങള്‍...
ആന പതുക്കെ കാല്‍ പിറകോട്ട്‌ വയ്ക്കുകയാണ്‌.ഒരുകാല്‍....അടുത്തത്‌....ശ്വാസം നേരേവീണു..
പതുക്കെ പിറകോട്ട്‌ നടന്ന്...കാട്ടിലേക്ക്‌ സാവകാശം മറഞ്ഞു..
തണുപ്പിലും വിയര്‍ത്തുവോ?
ഷാജിക്ക്‌ അല്‍പ്പനേരം വണ്ടിയെടുക്കുവാന്‍ ബുദ്ധിമുട്ടുതോന്നി.ഇനിയും റോഡില്‍ ആനകള്‍ കാണുമോ?മെല്ലെ മെല്ലെ ഞങ്ങള്‍ നീങ്ങി..
കുളമാവിലെത്തി ചായ കുടിക്കുമ്പോള്‍ ഷാജി ചോദിച്ചു.
"ആന നിന്നോടെന്താണ്‌ ചോദിച്ചത്‌?"
സ്കൂളില്‍ പഠിക്കുന്ന സമയത്ത്‌ രണ്ടിലോ മൂന്നിലോ ഒരു കഥയുണ്ടായിരുന്നു.ചന്തുവും മാണിക്യനും..അതില്‍ ഒരു ചോദ്യമുണ്ടായിരുന്നു.കരടി നിന്നോട്‌ പറഞ്ഞ സ്വകാര്യം എന്തായിരുന്നു എന്ന്
"ഈ കാരുണ്യം നിങ്ങളില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കണോ?" ഇതായിരിക്കാം പറഞ്ഞത്‌
മുത്തങ്ങയിലേയോ മാട്ടുപ്പെട്ടിയിലേയോ ആനകള്‍ക്ക്‌ മുന്‍പില്‍ പെട്ടായിരുന്നെങ്കില്‍ ഈ കുറിപ്പ്‌ ഉണ്ടാകുമായിരുന്നില്ല.എന്തുകൊണ്ട്‌ ഇടുക്കിലെ ആനകള്‍ സൗമ്യരാകുന്നു?ചോദ്യം ബാക്കിയാകുന്നു..

13 അഭിപ്രായങ്ങൾ:

Sathees Makkoth | Asha Revamma said...

നല്ല വായനാസുഖം നൽകുന്ന വിവരണം

വരവൂരാൻ said...

നല്ല അവതരണം...ഇഷ്ടപ്പെട്ടു, ആശംസകൾ

നാട്ടുകാരന്‍ said...
This comment has been removed by the author.
നാട്ടുകാരന്‍ said...

നമ്മുടെ നാട്ടുകാരല്ലേ.........
പൊതുവേ ഇച്ചിരെ സൌമനസ്യം കൂടും !
അതില്‍ അത്ഭുതപ്പെടാനെന്തിരിക്കുന്നു ?
സംശയമുണ്ടെങ്കില്‍ മറ്റു ബൂലോകരോട് ചോദിച്ചു നോക്കൂ...

Typist | എഴുത്തുകാരി said...

നാട്ടുകാരന്‍ പറഞ്ഞതു ശരിയായിരിക്കണം, അല്ല ശരിയാണ്‌, അവര്‍ നല്ല തങ്കപ്പെട്ടവരല്ലേ?‍

കണ്ണനുണ്ണി said...

മീന്മുട്ടിയ്ക്ക് അടുത്ത് വെച്ച് ഞാനും ഒരിക്കല്‍ പെട്ട് പോയിട്ടുണ്ട് ഒരു കാട്ടാനയുടെ മുന്നില്‍....
കാഞ്ഞാര്‍ നിന്ന് രാത്രി ജീപ്പില്‍ പോയതാ ചെറുതോണി ക്ക്.. മീന്മുട്ടി എത്തിയപ്പോ തൊട്ടു മുന്നില്‍ ഒരാന...അത് ഒറ്റ അലറല്‍.....തല മുതല്‍ കാലു വരെ ഷോക്ക്‌ അടിച്ച പോലെ തോന്നി....ഭാഗ്യത്തിന് ഡ്രൈവറുടെ മനസ്സാനിധ്യം നഷ്ടപെട്ടില്ല....സൈഡില്‍ ഉള്ള സ്ഥലതുടെ ജീപ്പ് മുന്നോട് എടുത്തു രക്ഷപെട്ടു....ഇപ്പോഴും ആ നിമിഷം ഓര്‍ക്കുമ്പോ പേടി തോന്നും...

ചാണക്യന്‍ said...

ഹോ...ആ നാട്ടുകാരനിൽ നിന്നും രക്ഷപ്പെട്ടൂന്ന് പറഞ്ഞാൽ മതി...:):):)

ഹരീഷ് തൊടുപുഴ said...

എന്തുകൊണ്ട്‌ ഇടുക്കിലെ ആനകള്‍ എന്തുകൊണ്ട്‌ ഇടുക്കിലെ ആനകള്‍ സൗമ്യരാകുന്നു?ചോദ്യം ബാക്കിയാകുന്നു..?

പതിവായി വാഹനങ്ങളോടു പരിചയപ്പെട്ടു പഴക്കമായി..
അതു കൊണ്ടാവാം സൗമ്യരാകുന്നത്..

പിന്നെ നാട്ടുകാരൻ പറഞ്ഞതു കേട്ടില്ലേ!!!

വയനാടന്‍ said...

ഇടുക്കിയിലും വയനാട്ടിലും ..ഈ ലോകത്തെങ്ങും ആനകൾ സൗമ്യരാണു മണീ. അങ്ങോട്ടുപദ്രവിക്കാതെ ഇങ്ങോട്ടു വരുന്നവർ നമ്മൾ മനുഷ്യർ മാത്രമല്ലേ.
നല്ല കുറിപ്പ്‌. ആശം സകൾ

നിരക്ഷരൻ said...

പല പ്രാവശ്യം ഞാനും ചെന്ന് ചാടിക്കൊടുത്തിട്ടുണ്ട് കാട്ടാനകള്‍ക്ക് മുന്നില്‍ . പക്ഷെ ഭീതിജനകമായി ഒന്നും ഉണ്ടായിട്ടില്ല ഇതുവരെ. അതൊക്കെ മിക്കവാറും വയനാട്ടിലേയും നാഗര്‍ഹോളയിലേയുമൊക്കെ കാട്ടിലായിരുന്നു. കുളമാവില്‍ ഒരു പ്രാവശ്യം പോയിട്ടുണ്ട്. അതിമനോഹരമായ സ്ഥലം . ഇത് വായിച്ച് കഴിഞ്ഞപ്പോള്‍ വീണ്ടും പോകണമെന്ന് തോന്നുന്നു. പോയി ആനകളെ നേരിട്ട് കണ്ടതിനുശേഷം പറയാം നാട്ടുകാരന്‍ പറഞ്ഞതില്‍ വല്ല കഴമ്പും ഉണ്ടോ എന്ന് :) :)

ബാബുരാജ് said...

ഇടുക്കിയിലെ ആനകള്‍ പാവങ്ങളാണ്‌. എന്റെ ചില അനുഭവങ്ങള്‍ നേരത്തെ എഴുതിയിരുന്നു.
ഇടുക്കിയിലെ ആനകള്‍.

മീര അനിരുദ്ധൻ said...

ഇടുക്കി കാട്ടിലെ ആനകൾ ഒത്തിരി പാവങ്ങളാ.ഒരിക്കൽ ഭർത്താവിനൊപ്പം ഈ സ്ഥലത്ത് പോയിട്ടുണ്ട്. അതിന്റെ ഓർമ്മകൾ വന്നു ഈ പോസ്റ്റ് വായിച്ചപ്പോൾ

മണിഷാരത്ത്‌ said...

സതീഷ്‌
വരവൂരാന്‍
നാട്ടുകാരന്‍
എഴുത്തുകാരി
കണ്ണനുണ്ണി
ചാണക്യന്‍
ഹരീഷ്‌
വയനാടന്‍
നിരക്ഷരന്‍
ബാബുരാജ്‌
മീര
പ്രതികരണങ്ങള്‍ക്ക്‌ നന്ദി.മനുഷ്യന്റെ അമിതമായ ഇടപെടലുകളാണ്‌ മുത്തങ്ങയിലും മാട്ടുപ്പെട്ടിയിലും ആനകള്‍ രോഷാകുലരായികാണുന്നെതെന്ന് തോന്നുന്നു.ഇടുക്കിയില്‍ ആനകള്‍ ഏറെ സ്വതന്ത്രരും മനുഷ്യന്റെ ഇടപെടലുകള്‍ കാര്യമായി ഉണ്ടാകാറുമില്ല
ഇടുക്കിയിലെ ആനകള്‍ വായിച്ചു..

Recent Posts

ജാലകം