Pages

Monday, December 21, 2009

പ്രണയഗീതങ്ങളുടെ വേദപുസ്തകം



ഏതു വൈരാഗിയേയും പ്രണയഗീതങ്ങള്‍ ആകര്‍ഷിക്കാതിരിക്കാന്‍ തരമില്ല.അതു കാലാതിവര്‍ത്തിയാണ്‌.സങ്കല്‍പ്പങ്ങളിലും ഭാവനകളിലും കാലം ഏല്‍പ്പിച്ച പരിണാമങ്ങളുണ്ടാകാം.എന്നാലും മനസ്സിലൊരു കവിതമൂളാത്ത ഒരു കാമുകനും കാമുകിയും ഉണ്ടാകുമോ?.എണ്‍പതുകളിലും തൊണ്ണൂറുകളിലും കലാലയങ്ങള്‍ പ്രണയകവിതകള്‍ക്ക്‌ നിരവധി ആരാധകരുണ്ടായിരുന്നു.ഈ കാലത്താണ്‌ ഏറ്റവും നല്ല പ്രണയകവിതകളും ചലചിത്രഗാനങ്ങളും ഉണ്ടായിട്ടുള്ളത്‌..പുതു തലമുറക്ക്‌ 'രമണന്‍" രസിച്ചില്ലങ്കില്‍ അവരെ കുറ്റം പറഞ്ഞിട്ടുകാര്യമില്ല.കാലം അത്രത്തോളം മാറിയിരിക്കുന്നു.പക്ഷേ നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്നും ഹരം കൊള്ളിക്കുന്ന ഒരു പ്രണയഗീതമുണ്ട്‌..മറ്റൊന്നുമല്ല..സോളമന്റെ ഉത്തമഗീതംദൈവശാസ്ത്ര പരമായ അര്‍ത്ഥം എന്തായാലും, എന്തെല്ലാം പറഞ്ഞാലും ഇത്‌ ശുദ്ധമായ പ്രണയഗീതമല്ലാതെ മറ്റൊന്നല്ല.
ഉത്തമഗീതം ബൈബിളിലെ ഒരു പുസ്തകമാണ്‌.ശുദ്ധപ്രണയത്തിന്റെ ,സൗ ന്ദര്യത്തിന്റെ കവിതയാണ്‌.പ്രണയവുമായി ബന്ധപ്പെട്ട്‌ മുന്തിരിവള്ളിക്കും മാതളത്തിനും ഒക്കെ മലയാളത്തില്‍ ഇടം കിട്ടിയത്‌ ഉത്തമഗീതത്തില്‍ നിന്ന് ആകാം.അല്ലാതെ മുന്തിരി വളരില്ലാത്ത കേരളത്തില്‍ പിന്നെ എവിടെ നിന്നാണ്‌ ഈ സങ്കല്‍പ്പം വന്നത്‌.ഏതു പ്രണയകവിയേയും ഉത്തമഗീതങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട്‌.അത്‌ നിസ്സംശ്ശയമാണ്‌.ഉത്തമഗീതത്തിന്‍ നിന്ന് ഒന്നു രണ്ട്‌ ശകലങ്ങള്‍ താഴെ ചേര്‍ക്കുന്നു.
എന്റെ പ്രിയേ,എഴുന്നേല്‍ക്കൂ എന്റെ സുന്ദരീ വന്നാലും,
നോക്കൂ,തണുപ്പുകാലം കഴിഞ്ഞു,
മഴയും നിലച്ചുപോയി
പൂവുകള്‍ ഭൂമിയില്‍ പ്രത്യക്ഷപ്പെടുന്നു
പാട്ടുകാലം വന്നെത്തി
മാടപ്രാവുകളുടെ കൂജനങ്ങള്‍
നമ്മുടെ നാട്ടിലെങ്ങും കേട്ടുതുടങ്ങി
അത്തിക്കായ്കള്‍ പഴുക്കുന്നു
മുന്തിരി വള്ളികള്‍ പൂവണിയുന്നു
അവ പരിമളം പരത്തുന്നു
എഴുന്നേല്‍ക്കൂ എന്റെ പ്രിയേ എന്റെ സുന്ദരീ വന്നാലും


നമുക്ക്‌ അതിരാവിലെ മുന്തിരിത്തോട്ടത്തിലേക്ക്‌ പോകാം
മുന്തിരിവള്ളികള്‍ തളിര്‍ത്തോ എന്നും
മുന്തിരിപൂക്കള്‍ വിടര്‍ന്നോ എന്നും
മാതളമരങ്ങള്‍ പൂവണിഞ്ഞോ എന്നും നോക്കാം
അവിടെ വച്ച്‌ ഞാന്‍ എന്റെ പ്രണയം നല്‍കാം



ഹാ അയാളുടെ ഇടതുകരം എന്റെ തലയ്ക്ക്‌ കീഴിലായിരുന്നെങ്കില്‍
വലതുകരം എന്നെ വലയം ചെയ്തിരുന്നെങ്കില്‍

അയാള്‍ അധരങ്ങള്‍ കൊണ്ട്‌
എന്നില്‍ ചുംബനങ്ങള്‍ ചൊരിയട്ടെ നിന്റെ പ്രേമം വീഞ്ഞിലും മധുരതരം


പഴയ മലയാള സിനിമാഗനങ്ങളില്‍ ഈ ഉത്തമഗീതത്തിലെ പ്രയോഗങ്ങള്‍ ധാരാളം കാണാം.


ആലിബാബയും നാല്‍പ്പത്‌ കള്ളന്മാരും എന്ന ചിത്രത്തിലെ 'റംസാനിലെ ചന്ദ്രികയോ..." എന്ന ഗാനത്തില്‍ "നിന്റെ ഇടംകൈ....നിന്റെ വലം കൈ...." എന്നപ്രയോഗം ശ്രദ്ധിക്കുമല്ലോ?ഗാനം കാണുക

ഇത്‌ ശ്രീ.കെ.ജയകുമാര്‍ ഒരു ടെലിവിഷന്‍ പരിപാടിയില്‍ വളരേ ഭംഗിയായി വിശകലനം ചെയ്തിരുന്നു.അങ്ങിനെ ഞാനും ഉത്തമ ഗീതത്തിന്റെ ആരാധകനായി.
ഉത്തമ ഗീതത്തിലെ മനോഹരമായ ഗീതങ്ങള്‍ തെരഞ്ഞെടുത്ത്‌ നമ്പൂതിരിയുടെ മാസ്മരികമായ വരയും ചേര്‍ത്ത്‌ ഡീസി ബുക്ക്സ്‌ 2004ല്‍ ഒരു പുസ്തകം പ്രസാധനം ചെയ്തിരുന്നു.
എം.പി.അപ്പന്റെ അവതാരികയില്‍ ഇങ്ങനെ പറയുന്നു
'ഉത്തമഗീതം വായിക്കുമ്പോള്‍ വാക്കുകളുടെ നക്ഷത്രവലയത്തില്‍ അകപ്പെട്ട സുഖകരമായ അനുഭവമുണ്ടാക്കുന്നു.സുഗന്ധവീഞ്ഞിന്റെ ലഹരിയായി ഉത്തമഗീതം നമ്മെ വശീകരിക്കുന്നു.'
ഇതിലപ്പുറം ഒന്നും പറയാനില്ല.

Recent Posts

ജാലകം