Pages

Wednesday, September 1, 2010

മയ്യഴിയുടെ മണ്ണില്‍




മുന്‍പില്‍ ഞാറുനട്ടുകിടക്കുന്ന പാടമാണ്‌.പാടത്തിനപ്പുറം വിദൂരസ്മൃതിയില്‍ നിന്നുത്ഭവിച്ചുവരുന്ന മയ്യഴിപ്പുഴ.രണ്ടുപാലങ്ങള്‍ക്കുചുവട്ടിലൂടെ ഒഴുകി മൂപ്പന്‍ സായ്‌വ്വിന്റെ ബംഗ്ലാവിന്റെ നിഴല്‍ വീണുകിടക്കുന്ന കടലില്‍ വിലയം പ്രാപിക്കുന്നു...നദിയും സമുദ്രവും ലയിച്ചുചേരുന്ന ആ കാഴ്ചക്ക്‌ ഞാന്‍ എത്ര തവണ സാക്ഷ്യംവഹിച്ചിട്ടുള്ളതാണ്‌..........ചുവന്ന കൊയ്യോത്തിപ്പൂക്കള്‍ പരവതാനി വിരിച്ച പാതാര്‍....

മുകുന്ദന്റെ മയ്യഴികാണണമെന്ന് ഭ്രമം കേറിയിട്ട്‌ ഏറെനാളുകളായി.ചുവന്ന കൊയ്യ്യോത്തിപൂക്കള്‍ പരന്നുകിടക്കുന്ന പാതാറിലൂടെയും മയ്യഴിമാതാവിന്റെ പള്ളിക്കുമുന്‍പിലെ റൂദ്‌ ലെഗ്ലിസ്സിലൂടെയും നടക്കണമെന്ന് ആഗ്രഹിച്ചിരുന്നു.മയ്യഴിപ്പുഴയുടെ തീരത്തും കടപ്പുറത്തും എല്ലാം മറന്ന് അല്‍പനേരം ഇരിക്കണമെന്ന് എന്തെന്നില്ലാതെ കൊതിച്ചിരുന്നു.മൂപ്പന്‍സായ്‌വിന്റെ ബംഗ്ലാവും വെള്ളിയാങ്കല്ലും കണ്‍നിറയെ കാണണമെന്ന് മോഹിച്ചു.
മൂപ്പന്‍ സായ്‌വ്വിന്റെ ബംഗ്ലാവ്‌

ലെസ്ലിസായ്‌വ്വിന്റെ കുതിരവണ്ടിപോയനിരത്തുകളും ദാസനും അല്‍ഫോണ്‍സാച്ചനും ദാമുറൈട്ടറും കുമാരന്‍ വൈശ്യരും ശിവനും ആടിനെ പോറ്റുന്ന ചാത്തുവും ആടിനെ പോറ്റാത്ത ചാത്തുവും മന്ദിയമ്മയും ചന്ദ്രികയും കുറമ്പിയമ്മയും പപ്പനും വാസൂട്ടിയും നിവസിച്ച മയ്യഴി ഒരു നോക്കു കാണാന്‍ എത്ര കൊതിച്ചു




കുന്നിനു മുകളിലെ മൂപ്പന്‍ സായ്‌വ്വിന്റെ ബംഗ്ലാവില്‍ മാത്രംശരറാന്തലുകള്‍ പ്രകാശിച്ചുകൊണ്ടിരിക്കും..ബംഗ്ലാവിന്റെ പിറകുവശം കുന്നിനു താഴെ സമുദ്രമാണ്‌..സമുദ്രം നിശ്ചലമായികിടക്കുന്ന രവുകളില്‍ ബംഗ്ലാവിന്റെ ജനവാതിലുകളിലൂടെ പ്രവഹിക്കുന്ന ശരറന്തലുകളുടെ പ്രകാശം ജനവാതിലുകളുടെ ആകൃതിയില്‍ വെള്ളത്തില്‍ പരന്നു കിടക്കും....
ദേവാലയത്തിനു മുകളിലെ കുരിശില്‍ ഇടിമിന്നല്‍ പോലെ ഉച്ചവെയില്‍ വെട്ടിത്തിളങ്ങി.ആദിതിയ്യക്ഷേത്രത്തിന്റെ കരിനിഴല്‍ കുറുകികുറുകി ക്ഷേത്രത്തില്‍ തന്നെ ലയിച്ചുചേര്‍ന്നു..


പുലര്‍ച്ചെ കോഴിക്കോടുനിന്ന് വേണാട്‌ ബസ്സില്‍ കയറുമ്പോള്‍ മനസ്സുനിറയെ മയ്യഴിയായിരുന്നു.ഇന്ന് മയ്യഴിയില്‍ തങ്ങണം.ഒമ്പത്‌ ചതുരശ്രകിലോമീറ്റര്‍ മാത്രം വിസ്താരമുള്ള മയ്യഴി മുഴുവന്‍ കറങ്ങണം.കൂടെയുള്ള അയ്യപ്പന്‍ കുട്ടിയാകട്ടെ എത്ര ദിവസം വേണമെങ്കിലും തങ്ങാന്‍ തയ്യാറും.മെത്തപോലെയുള്ള നിരത്തിലൂടെ ബസ്സ്‌ ഒഴുകി നീങ്ങി.വടകര കഴിയുമ്പോള്‍ മനസ്സു വീര്‍പ്പുമുട്ടി...ഇനി നിസ്സാര ദൂരം മാത്രം...മയ്യഴിയുടെ മണ്ണില്‍ കാല്‍ സ്പര്‍ശിച്ചപ്പോള്‍ അഭിമാനം തോന്നി.ഒരു അങ്കലാപ്പും..കഥാപാത്രങ്ങളെ തേടിയുള്ള ഈ യാത്ര ഒരു ഭ്രാന്താണെന്ന് മനസ്സു മന്ത്രിച്ചു.എങ്കിലും അക്ഷരങ്ങളുടെ ശക്തിക്കു മുന്‍പില്‍ പ്രണമിച്ചു.ഇതാണ്‌ ഒരു എഴുത്തുകാരന്റെ ജന്മസാഫല്യം..തന്റെ വായനക്കാരന്‍ കഥാപാത്രങ്ങളെ കാണാന്‍ കൊതിച്ചെത്തിയിരിക്കുന്നു..




കാറ്റാടിമലകളുടെ മുകളില്‍ നിന്ന് ഉത്ഭവിച്ച്‌ പേരുമാറ്റി കനകമലയുടെ നിഴലിലൂടെ ദാസന്റെ കാല്‍ക്കലൂടെ മയ്യഴിപ്പുഴ മയ്യഴിയിലേക്ക്‌ ഒഴുകിക്കോണ്ടിരുന്നു


മയ്യഴിമാതാവിന്റെ മുന്‍പിലാണ്‌ ബസ്സിറങ്ങിയിരിക്കുന്നത്‌..മയ്യഴിമാതാവില്ലാതെ മയ്യഴിയില്ല.ജാതിമത ഭേദമെന്യേ മയ്യഴിമാതാവ്‌ എല്ലാവര്‍ക്കും മാതാവാണ്‌...മുകുന്ദന്റെ രണ്ടു നോവലുകളിലും മയ്യഴിപ്പള്ളിയെ പറ്റി എത്രയോ എഴുതിയിരിക്കുന്നു?ആദ്യം താമസിക്കുവാന്‍ ഒരു സ്ഥലം..അതിനു ശേഷം കറക്കം..ഭാണ്ഡക്കെട്ടുകള്‍ ഇറക്കിവയ്ക്കണം.ചുറ്റിക്കറങ്ങണമെങ്കില്‍ രണ്ടുകൈയ്യും സ്വതന്ത്രമായിരിക്കണം.ആദ്യം കണ്ട വഴിയിലൂടെ നടന്നു.താമസിക്കാനുള്ള സൗകര്യത്തെ പറ്റി ആദ്യം കണ്ടയാളോട്‌ തിരക്കി,.പള്ളിയോടുചേര്‍ന്ന് ലോഡ്ജുകളുണ്ട്‌..നല്ല വൃത്തിയുള്ളൊരു ലോഡ്ജാണു കിട്ടിയത്‌.ലോഡ്ജിന്റെ ഉടമസ്ഥന്‍ മയ്യഴിക്കാരനായ ശശിയാണ്‌.വളരെ പെട്ടെന്ന് ഞങ്ങള്‍ പരിചയത്തിലായി.മയ്യഴിയെപ്പറ്റി പുറത്തുള്ളവര്‍ക്കുള്ള ആകര്‍ഷണമൊന്നും ഇവിടെ കാണാനാകില്ലെന്ന് ശശിയേട്ടന്‍ പറഞ്ഞു.വിലകുറഞ്ഞ മദ്യവും പെട്രോളും കിട്ടുമെന്നാല്ലാതെ മറ്റോന്നും ഇവിടില്ലെന്നാണ്‌ ശശിയേട്ടന്റെ അഭിപ്രായം.മുകുന്ദനാണ്‌ ലോകത്തിന്‌ മയ്യഴിരാജ്യത്തിന്റെ പ്രശസ്തി എത്തിച്ചത്‌ എന്ന കാര്യത്തില്‍ പുള്ളിക്കാരന്‌ രണ്ടഭിപ്രായമില്ല.മയ്യഴി..ഒരു രാത്രിദൃശ്യം

നിരത്തിലേക്കിറങ്ങി.ഇന്നലത്തെ മഴയില്‍ റോഡിലെ കുഴികളില്‍ മഴവെള്ളം കെട്ടിനില്‍ക്കുന്നു. .റോഡരുകില്‍ തന്നെയാണ്‌ മയ്യഴിമാതാവിന്റെ പള്ളി.മയ്യഴിമാതാവ്‌ ഹിന്ദുവിനും കൃസ്ത്യാനിക്കും മുസല്‍മാനും മാതാവാണ്‌.മയ്യഴിപ്പെരുന്നാള്‍ മലബാറിലെ പ്രധാനമായ ആഘോഷമാണ്‌.നാനാജാതിമനുഷ്യര്‍ പെരുന്നാളിന്‌ ഒത്തുകൂടും.കേരളത്തിലെ കോടികള്‍ മുടക്കിനിര്‍മ്മിച്ച പള്ളികളുമായി മയ്യഴിപ്പള്ളിയെ താരതമ്യം ചെയ്യാനാകില്ല.അത്രക്ക്‌ ചെറുതാണ്‌.മാതാവിന്റെ പള്ളിക്കുമുന്‍പില്‍ നിന്നും വഴി നാലായി പിരിയുന്നു.ഇടത്തെ റോഡിലൂടെ നടന്നു.ചെന്നെത്തിയത്‌ മയ്യഴിപ്പുഴയുടെ തീരത്താണ്‌.ഇവിടെ പുഴ കടലില്‍ ചെരുന്നു.മനോഹരമായ ദൃശ്യമാണ്‌.അക്കരെ തെങ്ങുകള്‍ നിറഞ്ഞ ഒരു തുണ്ട്‌ ഭൂമി കടലിലേക്ക്‌ ഇറങ്ങി കിടക്കുന്നു.ഇപ്പോള്‍ പുഴയോട്‌ ചേര്‍ന്ന് നടപ്പാത നിര്‍മ്മിച്ച്‌ കൊണ്ടിരിക്കുകയാണ്‌.ഇവിടെ നിന്നാല്‍ മയ്യഴിപ്പാലം കാണാം.ഒരു പാര്‍ക്കും ഇവിടുണ്ട്‌.മയ്യഴിസ്വാതന്ത്ര്യസമരത്തില്‍ പൊരുതിയവരുടെ സ്മരണയ്ക്കായി ഒരു മണ്ഡപം ഈ പാര്‍ക്കിലുണ്ട്‌.ഇവിടെയാണ്‌ മൂപ്പന്‍ സായ്‌വ്വിന്റെ ബംഗ്ലാവ്‌.കുന്നല്ലങ്കിലും ഉയര്‍ന്ന പ്രദേശത്താണ്‌ ബംഗ്ലാവ്‌.ശരിയാണ്‌..രാത്രിയില്‍ ജനലിലൂടെ വരുന്ന വെളിച്ചം കായല്‍പ്പരപ്പില്‍ കുപ്പിച്ചില്ലുകള്‍ പോലെ ചിതറിക്കിടക്കും നിശ്ചയം..ഇവിടെയാണ്‌ ദസ്തോന്‍ സായ്‌വ്വ്‌ സ്വയം തീര്‍ത്ത തടവറയില്‍ കഴിഞ്ഞത്‌.ഇന്നിത്‌ മാഹി അഡ്മിനിസ്ടേറ്ററുടെ ആസ്ഥാനമാണ്‌.ഫ്രഞ്ച്‌ വാസ്തുവിദ്യയുടെയും ഫ്രഞ്ച്‌ അധിനിവേശത്തിന്റെയും ബാക്കിപത്രമാണിത്‌..മൂപ്പന്‍സായ്‌വ്വിന്റെ ബംഗ്ലാവിനുമുന്നിലെ പാതാറില്‍ ചുവന്ന കൊയ്യോത്തിപ്പൂക്കളുള്ള മരങ്ങള്‍ തിരഞ്ഞു..കണ്ടില്ല.

ബംഗ്ലാവിനുമുന്നിലൂടെ നീണ്ടുപോകുന്ന വഴിയിലൂടെ നടന്നു.ചെന്നെത്തിയ കവലയില്‍ മയ്യഴിയുടെ സ്വാതന്ത്ര്യസമര സേനാനികളായ ഐ.കെ.കുമാരന്‍ മാസ്റ്ററുടേയും ഭരതന്‍ മാസ്റ്ററുടേയും സ്മൃതിസ്മാരകം കണ്ടു.മയ്യഴിപ്പാലവും കടന്ന് തലശ്ശേരിക്കുള്ള വഴിയാണ്‌ നേരെ പോകുന്നത്‌.വലത്തേക്ക്‌ തിരിഞ്ഞുപോകുന്ന വഴിയെ നടന്നു.ചെന്നെത്തിയത്‌ വീണ്ടും പ്രധാന ജങ്ങ്ഷനില്‍ തന്നെ..ഇനി ഭക്ഷണം കഴിഞ്ഞിട്ടാകാം...നല്ല ഹോട്ടലുകളൊന്നും മയ്യഴിയിലില്ല..നിറയെ റാക്കുകടകള്‍ തന്നെ(വിദേശമദ്യ ഷാപ്പ്‌).കേരളക്കാരെ ആകര്‍ഷിക്കുവാന്‍ മിക്ക മദ്യഷാപ്പുകളിലും കേരളത്തിലേയും മയ്യഴിയിലേയും വിലകള്‍ താരതമ്യം ചെയ്തിരിക്കുന്ന പോസ്റ്റരുകളുണ്ട്‌.മയ്യഴിമക്കള്‍ കാര്യമായ മദ്യപാനശീലമില്ലന്നാണ്‌ ശശിയേട്ടന്റെ അഭിപ്രായം.ഇവിടുത്തെ മദ്യമെല്ലാം കേരളക്കാരാണ്‌ കൊണ്ടുപോകുന്നത്‌ പോലും......തര്‍ക്കിക്കാന്‍ നിന്നില്ല....ഊണുകഴിഞ്ഞ്‌ വീണ്ടും ടൗണിലേക്കിറങ്ങി.




മയ്യഴിയുടെ സൗ ന്ദര്യം സായ്‌വ്വിന കോരിത്തരിപ്പിച്ചു.പാതാറിലൂടെ നടക്കുമ്പോള്‍ കാറ്റില്‍ ചുവന്ന പുഷ്പങ്ങള്‍ തലയില്‍ തുരുതുരെ വീണുകോണ്ടിരുന്നു...



ഒാണവുമായി ബന്ധപ്പെട്ട്‌ പോണ്ടിച്ചേരി ഖാദിയുടെ പ്രദര്‍ശനം നടക്കുന്നുണ്ട്‌.ഓടിച്ചൊന്ന് കണ്ടിറങ്ങി.150 രൂപക്ക്‌ ഒരു ഖാദി ഷര്‍ട്ടും വാങ്ങി.ഒരു നനയ്ക്ക്‌ ശേഷം ഇതിന്റെ നിറമെല്ലാം പോയി എന്നത്‌ ബാക്കികാര്യം.പലരോടും ഇതിനിടയില്‍ മുകുന്ദന്റെ കഥാപാത്രങ്ങക്കെപ്പറ്റി തിരക്കി.പക്ഷേ എല്ലാവരും കൈമലര്‍ത്തി. അല്‍പ്പം പ്രായമായവര്‍ക്കെ എന്തെങ്കിലും അറിവുണ്ടാകുകയുള്ളു...വീണ്ടും നടന്നു,,,,

ബോട്ട്ജട്ടിയിലാണ്‌ എത്തിയത്‌.ഇവിടെ ബോട്ട്‌ സര്‍വീസ്‌ ഇല്ല.ഒരു കളിബോട്ട്‌ കണ്ടു.മനോഹരമായൊരു ശില്‍പ്പവും ചെറിയ ഒരു പൂന്തോട്ടവുമുണ്ട്‌.നല്ല കാറ്റും.ഇവിടെയിരുന്നാല്‍ മയ്യഴി റെയില്‍പ്പാളം കാണാം.ഏറെ നേരം ഇവിടെയിരുന്നു.തിരികെ നടക്കുമ്പോള്‍ ഒരു ഓട്ടോകിട്ടി.മയ്യഴിപ്പാലത്തിലൂടെ യാത്ര ചെയ്യണമെന്ന് തോന്നി.പാലം വഴി അക്കരെവരെ പോയി തിരിച്ച്‌ വീണ്ടും ടൗണില്‍ വന്നു.മയ്യഴി കടല്‍ത്തീരം മനോഹരമാണ്‌.സുന്ദരമാണ്‌.കാര്യമായ മനുഷ്യന്റെ ഇടപെടലുകള്‍ ഇല്ലാത്തതിനാല്‍ കടല്‍ത്തീരം വളരേ വൃത്തിയായി കിടക്കുന്നു.കുറെ കുട്ടികള്‍ കാല്‍പ്പന്ത്‌ കളിക്കുന്നുണ്ട്‌.കാറ്റേറ്റ്‌ ഏറെനേരം ഇരുന്നു.കടലില്‍ വലിയ പാറക്കല്ലുകളിട്ട്‌ മതില്‍കെട്ടാനുള്ള പോണ്ടിച്ചേരി സര്‍ക്കാരിന്റെ ഉദ്യമം പാതി വഴിയില്‍ ഉപേക്ഷിച്ചു.തുരുമ്പെടുത്ത ഒരു ജെസിബി ഇപ്പോഴും ഇവിടുണ്ട്‌.ഇതിന്റെ ഭാഗങ്ങളെല്ലാം നാട്ടുകാര്‍ കോണ്ടുപോയി.ഇന്ന് ഒരു അസ്ഥികൂടം മാത്രമേ ഉള്ളൂ.ഈ കടല്‍ക്കരയിലാണ്‌ ദാസന്‍ എന്നും വന്നിരുന്നിരുന്നത്‌.ഇവിടെന്നിന്നാല്‍ വെള്ളിയാങ്കല്ലു കാണാമെന്നുകരുതി പക്ഷേ അനാദിയായ കടല്‍ മാത്രമെ കണ്ടുള്ളൂ.മഴചാറാന്‍ തുടങ്ങി..മയ്യഴിപ്പുഴയുടെ പടിഞ്ഞാറ്‌ സൂര്യന്‍ ചായാന്‍ തുടങ്ങി.ഇരുട്ടും പരക്കാന്‍ തുടങ്ങി...നടന്ന് ടൗണിലെത്തി .ഇപ്പോള്‍ ഇവിടെ ഖാദി ഉത്സവത്തിന്റെ ഭാഗമായുള്ള ഒരു കരോക്കെ ഗാനമേള നടക്കുകയാണ്‌.നൂറോളം വരുന്ന ഒരു ചെറിയ ആള്‍ക്കൂട്ടം.സദസ്സിനെ മസ്മരികതയില്‍ മുക്കിയ ഒരു സംഗീതവിരുന്നായിരുന്നു.പാട്ടും അതിനനുസരിച്ച്‌ നൃത്തവും ചെയ്ത ഒരു കൊച്ചുപെണ്‍കുട്ടിയുടെ മുഖം ഒരിക്കലും മനസ്സില്‍ നിന്ന് മറയില്ല.പത്തുമണിയായത്‌ അറിഞ്ഞില്ല.തൃപ്തമല്ലാത്ത മനസ്സുമായാണ്‌ രാവിലെ മയ്യഴിയില്‍ നിന്നും ബസ്സ്‌ കയറിയത്‌.പെരുവണ്ണാമുഴിയിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിലും പോകേണ്ടതുള്ളതിനാല്‍ ഇനിയും സമയം കളയാനില്ല.വീണ്ടും ഒരിക്കല്‍ കൂടി ഇവിടെയെത്തണം..കഥാപാത്രങ്ങളുടെ പിന്‍ ഗാമികളെ തേടി...
മയ്യഴികടല്‍ തീരം

മയ്യഴിമാതാവിന്റെ പള്ളി


മയ്യഴിപ്പാലം



മയ്യഴിപ്പുഴ

5 അഭിപ്രായങ്ങൾ:

krishnakumar513 said...

മയ്യഴി കാഴ്ചകള്‍ നന്നായിരിക്കുന്നു,കേട്ടോ

അനില്‍@ബ്ലോഗ് // anil said...

പലതവണ മയ്യഴി കടന്നുപോയെങ്കിലും മനസ്സു തുറന്ന് കാഴ്ചകള്‍ കാണാന്‍ ഇതുവരെ പറ്റിയിട്ടില്ല. ഈ കഴിഞ്ഞയാഴ്ചയും അവിടം കടന്നുപോയി, ഭയങ്കര മഴയായിരുന്നു.

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവല്‍ മനസ്സില്‍ വരച്ചിട്ട ചിത്രങ്ങള്‍ മങ്ങിത്തുടങ്ങിയിരിക്കുന്നു എന്ന് തോന്നുന്നു. പുതിയ കാഴ്ചകള്‍ കണ്ട് അവ ഒന്നൂടെ ബ്രഷ് ടച്ച് ചെയ്യണം.

Jishad Cronic said...

നന്നായിരിക്കുന്നു...

ജയരാജ്‌മുരുക്കുംപുഴ said...

nannayittundu.... aashamsakal...........

Anil cheleri kumaran said...

ഇനി പോകുമ്പോൾ മാതൃഭൂമി ലേഖകൻ സി.എച്ച്.ഗംഗാധരനെ കാണൂ. അദ്ദേഹമാണ് ശരിയായ മയ്യഴിയുടെ കഥാകാരൻ.

Recent Posts

ജാലകം