Pages

Monday, December 21, 2009

പ്രണയഗീതങ്ങളുടെ വേദപുസ്തകം



ഏതു വൈരാഗിയേയും പ്രണയഗീതങ്ങള്‍ ആകര്‍ഷിക്കാതിരിക്കാന്‍ തരമില്ല.അതു കാലാതിവര്‍ത്തിയാണ്‌.സങ്കല്‍പ്പങ്ങളിലും ഭാവനകളിലും കാലം ഏല്‍പ്പിച്ച പരിണാമങ്ങളുണ്ടാകാം.എന്നാലും മനസ്സിലൊരു കവിതമൂളാത്ത ഒരു കാമുകനും കാമുകിയും ഉണ്ടാകുമോ?.എണ്‍പതുകളിലും തൊണ്ണൂറുകളിലും കലാലയങ്ങള്‍ പ്രണയകവിതകള്‍ക്ക്‌ നിരവധി ആരാധകരുണ്ടായിരുന്നു.ഈ കാലത്താണ്‌ ഏറ്റവും നല്ല പ്രണയകവിതകളും ചലചിത്രഗാനങ്ങളും ഉണ്ടായിട്ടുള്ളത്‌..പുതു തലമുറക്ക്‌ 'രമണന്‍" രസിച്ചില്ലങ്കില്‍ അവരെ കുറ്റം പറഞ്ഞിട്ടുകാര്യമില്ല.കാലം അത്രത്തോളം മാറിയിരിക്കുന്നു.പക്ഷേ നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്നും ഹരം കൊള്ളിക്കുന്ന ഒരു പ്രണയഗീതമുണ്ട്‌..മറ്റൊന്നുമല്ല..സോളമന്റെ ഉത്തമഗീതംദൈവശാസ്ത്ര പരമായ അര്‍ത്ഥം എന്തായാലും, എന്തെല്ലാം പറഞ്ഞാലും ഇത്‌ ശുദ്ധമായ പ്രണയഗീതമല്ലാതെ മറ്റൊന്നല്ല.
ഉത്തമഗീതം ബൈബിളിലെ ഒരു പുസ്തകമാണ്‌.ശുദ്ധപ്രണയത്തിന്റെ ,സൗ ന്ദര്യത്തിന്റെ കവിതയാണ്‌.പ്രണയവുമായി ബന്ധപ്പെട്ട്‌ മുന്തിരിവള്ളിക്കും മാതളത്തിനും ഒക്കെ മലയാളത്തില്‍ ഇടം കിട്ടിയത്‌ ഉത്തമഗീതത്തില്‍ നിന്ന് ആകാം.അല്ലാതെ മുന്തിരി വളരില്ലാത്ത കേരളത്തില്‍ പിന്നെ എവിടെ നിന്നാണ്‌ ഈ സങ്കല്‍പ്പം വന്നത്‌.ഏതു പ്രണയകവിയേയും ഉത്തമഗീതങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട്‌.അത്‌ നിസ്സംശ്ശയമാണ്‌.ഉത്തമഗീതത്തിന്‍ നിന്ന് ഒന്നു രണ്ട്‌ ശകലങ്ങള്‍ താഴെ ചേര്‍ക്കുന്നു.
എന്റെ പ്രിയേ,എഴുന്നേല്‍ക്കൂ എന്റെ സുന്ദരീ വന്നാലും,
നോക്കൂ,തണുപ്പുകാലം കഴിഞ്ഞു,
മഴയും നിലച്ചുപോയി
പൂവുകള്‍ ഭൂമിയില്‍ പ്രത്യക്ഷപ്പെടുന്നു
പാട്ടുകാലം വന്നെത്തി
മാടപ്രാവുകളുടെ കൂജനങ്ങള്‍
നമ്മുടെ നാട്ടിലെങ്ങും കേട്ടുതുടങ്ങി
അത്തിക്കായ്കള്‍ പഴുക്കുന്നു
മുന്തിരി വള്ളികള്‍ പൂവണിയുന്നു
അവ പരിമളം പരത്തുന്നു
എഴുന്നേല്‍ക്കൂ എന്റെ പ്രിയേ എന്റെ സുന്ദരീ വന്നാലും


നമുക്ക്‌ അതിരാവിലെ മുന്തിരിത്തോട്ടത്തിലേക്ക്‌ പോകാം
മുന്തിരിവള്ളികള്‍ തളിര്‍ത്തോ എന്നും
മുന്തിരിപൂക്കള്‍ വിടര്‍ന്നോ എന്നും
മാതളമരങ്ങള്‍ പൂവണിഞ്ഞോ എന്നും നോക്കാം
അവിടെ വച്ച്‌ ഞാന്‍ എന്റെ പ്രണയം നല്‍കാം



ഹാ അയാളുടെ ഇടതുകരം എന്റെ തലയ്ക്ക്‌ കീഴിലായിരുന്നെങ്കില്‍
വലതുകരം എന്നെ വലയം ചെയ്തിരുന്നെങ്കില്‍

അയാള്‍ അധരങ്ങള്‍ കൊണ്ട്‌
എന്നില്‍ ചുംബനങ്ങള്‍ ചൊരിയട്ടെ നിന്റെ പ്രേമം വീഞ്ഞിലും മധുരതരം


പഴയ മലയാള സിനിമാഗനങ്ങളില്‍ ഈ ഉത്തമഗീതത്തിലെ പ്രയോഗങ്ങള്‍ ധാരാളം കാണാം.


ആലിബാബയും നാല്‍പ്പത്‌ കള്ളന്മാരും എന്ന ചിത്രത്തിലെ 'റംസാനിലെ ചന്ദ്രികയോ..." എന്ന ഗാനത്തില്‍ "നിന്റെ ഇടംകൈ....നിന്റെ വലം കൈ...." എന്നപ്രയോഗം ശ്രദ്ധിക്കുമല്ലോ?ഗാനം കാണുക

ഇത്‌ ശ്രീ.കെ.ജയകുമാര്‍ ഒരു ടെലിവിഷന്‍ പരിപാടിയില്‍ വളരേ ഭംഗിയായി വിശകലനം ചെയ്തിരുന്നു.അങ്ങിനെ ഞാനും ഉത്തമ ഗീതത്തിന്റെ ആരാധകനായി.
ഉത്തമ ഗീതത്തിലെ മനോഹരമായ ഗീതങ്ങള്‍ തെരഞ്ഞെടുത്ത്‌ നമ്പൂതിരിയുടെ മാസ്മരികമായ വരയും ചേര്‍ത്ത്‌ ഡീസി ബുക്ക്സ്‌ 2004ല്‍ ഒരു പുസ്തകം പ്രസാധനം ചെയ്തിരുന്നു.
എം.പി.അപ്പന്റെ അവതാരികയില്‍ ഇങ്ങനെ പറയുന്നു
'ഉത്തമഗീതം വായിക്കുമ്പോള്‍ വാക്കുകളുടെ നക്ഷത്രവലയത്തില്‍ അകപ്പെട്ട സുഖകരമായ അനുഭവമുണ്ടാക്കുന്നു.സുഗന്ധവീഞ്ഞിന്റെ ലഹരിയായി ഉത്തമഗീതം നമ്മെ വശീകരിക്കുന്നു.'
ഇതിലപ്പുറം ഒന്നും പറയാനില്ല.

Sunday, November 29, 2009

21 വിവാഹപ്രായമാണോ?

ലത കല്യാണത്തിനു വിളിച്ചപ്പോള്‍ എനിക്കൊരു സംശയം?ലതക്ക്‌ വിവാഹപ്രായമായ മകനുണ്ടോ?ഒരു മകനും മകളുമാണ്‌ ലതക്കുള്ളത്‌.മകളെ രണ്ടു വര്‍ഷം മുന്‍പ്‌ കണ്ടിട്ടുണ്ട്‌.മകനെ കണ്ടിട്ട്‌ കുറേ നാളായി.ഞായറാഴ്ച കല്യണം..തിങ്കളാഴ്ച പാര്‍ട്ടി..കല്യാണത്തിന്‌ ഏതയാലും പോകുവാന്‍ അസൗകര്യമുണ്ട്‌.അതിനാല്‍ പാര്‍ട്ടിക്ക്‌ പോകാമെന്ന് വച്ചു
ഞാന്‍ അല്‍പ്പം നേരത്തെ തന്നെ സ്ഥലത്തെത്തി.ആളുകള്‍ വന്നുതുടങ്ങിയിട്ടില്ല.പരിചയക്കാരായ ഒന്നുരണ്ടുപേരുമായി വര്‍ത്തമാനം പറഞ്ഞു നിന്നു.
വരനും വധുവും അണിഞ്ഞൊരുങ്ങുന്നതിന്റെ തിരക്കിലാണ്‌.
ഏതായാലും അല്‍പ്പസമയത്തിനകം തന്നെ നവദമ്പതികള്‍ സ്റ്റേജിലെത്തി.
എനിക്ക്‌ അത്ഭുതം തോന്നി.പയ്യന്‌ മീശവന്നിട്ടുണ്ടോ എന്ന് സംശയം.മുഖത്ത്‌ ഒരു കൗമാരക്കരന്റെ ഇളക്കം.പെണ്‍കുട്ടിയെക്കണ്ടാല്‍ കൗമാരത്തിലേക്ക്‌ കടക്കുന്ന ഒരു കുട്ടിയെന്നേ തോന്നൂ...
ശരിയാണ്‌ ആണ്‍കുട്ടിക്ക്‌ 21 വയസ്സുകഴിഞ്ഞതേ ഉള്ളൂ.പ്ലസ്സ്‌ ടു കഴിഞ്ഞ്‌ 3 വര്‍ഷം ഫയര്‍ മനേജ്‌ മെന്റ്‌ കഴിഞ്ഞ ഉടനേ ബാംഗ്ലൂരില്‍ നല്ല ജോലിയും കിട്ടി.പെണ്‍കുട്ടി രണ്ടാം വര്‍ഷ ബിരുദത്തിന്‌ പഠിക്കുന്നു....
ആണ്‍കുട്ടിക്ക്‌ 21 വയസ്സും പെണ്‍കുട്ടിക്ക്‌ 19 വയസ്സുമാണ്‌ നിയമപരമായ വിവാഹപ്രായം.എന്നാലും പണ്ടൊക്കെ ചുരുക്കം ചില വിഭാഗങ്ങളിലൊഴികെ 25 വയസ്സെങ്കിലും കഴിഞ്ഞേ ആണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കാറുള്ളൂ.ഈ രീതിക്ക്‌ ഇന്ന് വ്യാപകമായ മാറ്റം വന്നിരിക്കുന്നു.
ഇന്ന് 25 വയസ്സെത്തുന്നതിന്‌ മുന്‍പ്‌ തന്നെ ആണ്‍കുട്ടികളുടെ വിവാഹം നടത്തുന്നു.പഠിത്തം കഴിഞ്ഞാല്‍ അവര്‍ക്ക്‌ സമൂഹവുമായി ഇടപെടാനുള്ള ഒരു കാലയളവ്‌ ലഭിക്കുന്നില്ല.സമൂഹത്തിന്റെ സ്വഭാവമോ പ്രശ്നങ്ങളോ അവര്‍ മനസ്സിലാക്കുന്നില്ല.അതുകൊണ്ടുതന്നെ ഇവര്‍ സമൂഹത്തില്‍ നിന്നും വളരേയധികം വേറിട്ടുനിലക്കുന്നുണ്ടെന്ന് കാണാം.
25 വയസ്സുള്ള ആണ്‍കുട്ടിക്ക്‌ 22 വയസ്സിനു താഴെയുള്ള പെണ്‍കുട്ടി വേണം.നല്ല കഴിവും സാമര്‍ത്ഥ്യവുമുള്ള പെണ്‍കുട്ടികള്‍ക്ക്‌ ഉന്നത പഠനം പലപ്പോഴും ഇതു കാരണം തുടരാന്‍ പറ്റുന്നില്ല,.ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള പെണ്‍കുട്ടികള്‍ക്ക്‌ പ്രായം കൊണ്ട്‌ യോജിച്ച ആണ്‍കുട്ടികളെ കിട്ടുവാന്‍ ഇപ്പോള്‍ ബുദ്ധിമുട്ടുണ്ട്‌.
25 വയസ്സില്‍ താഴെ ആണ്‍കുട്ടികള്‍ വൈവാഹിക ജീവിതത്തിലേക്ക്‌ കടക്കേണ്ടതുണ്ടോ?വേണ്ടന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌.പക്വതയുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിന്‌ ഇതൊരു പ്രായമല്ല.വൈവാഹികജീവിതത്തെപറ്റി ഇവര്‍ക്ക്‌ സിനിമയില്‍ കാണുന്ന അറിവേ ഉണ്ടാകുകയുള്ളൂ.അത്‌ യാഥാര്‍ഥ്യങ്ങളില്‍ നിന്നും ഒത്തിരി അകലെയാണ്‌.പെണ്‍കുട്ടികളുടെ കാര്യത്തിലും ഇതുതന്നെയാണ്‌.ന്യുക്ലിയര്‍ കുടുംബങ്ങളിലെ പുതിയ പ്രവണതകളാണിത്‌.ഇന്ന് അഞ്ചും എട്ടും കല്യാണങ്ങള്‍ ഒരു വീട്ടില്‍ നടത്തേണ്ടതില്ലല്ലോ.അതിനാല്‍ നേരത്തേ തന്നെ യാകട്ടെയെന്ന് രക്ഷിതാക്കളും കരുതുന്നുണ്ടാകും.

Sunday, November 15, 2009

പാഠങ്ങള്‍ക്കപ്പുറം...

ഇവിടെ ഞാനൊരു ചോറൂണിനുവന്നതാണ്‌.ആലുവായ്ക്‌ സമീപമുള്ള ഒരു നാട്ടിന്‍പുറമാണ്‌.കൂടിയാല്‍ അന്‍പതോ അറുപതുപേരേയുള്ളൂ.അടുത്ത ബന്ധുക്കള്‍ മാത്രം.വീടിനു കിഴക്കുവശവും വടക്കുവശവും പാടങ്ങളാണ്‌.സ്വര്‍ണ്ണനിറത്തില്‍ കതിരുകള്‍ വിളഞ്ഞുകിടക്കുന്നു.കതിരുകള്‍ക്ക്‌ മുകളില്‍ ഓണത്തുമ്പികള്‍ പാറിനടക്കുന്നുണ്ട്‌.വീട്ടില്‍നിന്നും എട്ടോ പത്തോ നടക്കല്ലുകള്‍ ഇറങ്ങിയാല്‍ പാടമാണ്‌..നടക്കല്ലിറങ്ങി ചെന്നാല്‍ ഒരു കൈത്തോടുണ്ട്‌.അതില്‍ ചെറിയ നീരൊഴുക്കുണ്ട്‌.കൈത്തോടിനുമുകളില്‍ ഒരു കരിങ്കല്ല് പാലം ഉണ്ട്‌.കിളികള്‍ താഴ്‌ന്ന് പറന്ന് ടിക്‌ ടിക്‌ ശബ്ദത്തോടെ തുമ്പികളെ പിടിക്കുന്നു.
വെറുതെ പടികളിറങ്ങി പാടത്തെ വരമ്പിലൂടെ നടന്നു.ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാല്‍ കൊയ്യാറാകും.വിളഞ്ഞുതുടങ്ങിയിട്ടുണ്ട്‌.തിരികെ പടികള്‍ കയറുമ്പോള്‍ എട്ടോ ഒന്‍പതോ വയസ്സുള്ള ഒരു ആണ്‍കുട്ടി പടികളിറങ്ങിവരുന്നു.തൂവെള്ള പാന്റും ഷൂസും കെട്ടി സിമ്പ്ലനാണ്‌.അവന്‍ പടികളിറങ്ങി ചാലിലെ പരല്‍മീനുകളെ അല്‍പ്പനേരം നോക്കിനിന്നു.പിന്നീട്‌ പാടത്തെ നെല്‍ക്കതിരുകളെ നോക്കി...അപ്പോള്‍ മുകളില്‍ നിന്നും ഇടിവെട്ടു ശബ്ദം
"സന്തൂ...ചെളിപറ്റും കേറിവാ...അടിവാങ്ങും..."
സന്തുവിന്റെ മുത്തച്ഛനാകും.മുത്തച്ഛനും പാന്റും ടീഷര്‍ട്ടുമിട്ട്‌ ഷൂവുമിട്ട്‌ സിമ്പ്ലനായിട്ടുതന്നെ..കണ്ണില്‍ ദേഷ്യത്തിന്റെ കനലുണ്ട്‌.
"വടി ഞാനെടുക്കും"
സന്തു മനസ്സില്ലാമനസ്സോടെ പടികള്‍ കയറിവന്നു.
മുത്തച്ഛന്‍ കുട്ടിയുടെ കൈ ആഞ്ഞുവലിച്ച്‌ ചേര്‍ത്തുനിര്‍ത്തി.സന്തുവിന്റെ കണ്ണ്‍ ഇപ്പോഴും നെല്‍പ്പാടത്താണ്‌.
"അച്ചച്ഛാ അത്‌ എന്തു ചെടിയാ...."
"അതാണ്‌ റൈസ്‌ പ്ലാന്റ്‌"
"റൈസ്‌ പ്ലാസ്റ്റിക്‌ ബാഗിലല്ലേ കിട്ടുന്നത്‌"
"അതൊക്കെ തന്നെ...ഇനി താഴെയിറങ്ങിയാല്‍ എന്റെ സ്വഭാവം മാറും.പാന്റിലോക്കെ ചെളിയാക്കിക്കോ..പപ്പ എന്തുപറഞ്ഞാണ്‌ എന്റെ കൂടെ വിട്ടത്‌..."
പാവം സന്തു.നെല്ല് എന്താണെന്നും നെല്‍ച്ചെടിയെന്താണെന്നും അവനറിയില്ല.ചാക്കില്‍ വരുന്ന റൈസ്‌ മാത്രമേ അവനറിയൂ.
അപ്പോഴേക്കും ചോറൂണിനു സമയമായി.ചെറിയ വീടായതുകൊണ്ട്‌ അധികം പേര്‍ക്ക്‌ നില്‍ക്കാനിടമില്ല.കുറെ പേര്‍ വീടിനകത്തുകയറി.
ഞാന്‍ ശ്രദ്ധിച്ചു.സന്തു വീണ്ടും പടികളിറങ്ങുകയാണ്‌.അവന്റെ കൗതുകം കണ്ണുകളില്‍ ജ്വലിച്ചുനില്‍ക്കുകയാണ്‌.അവന്‍ പാടത്തിറങ്ങി.പിന്നെ മുകളിലേക്ക്‌ നോക്കി.അച്ഛച്ഛന്‍ കാണുന്നുണുണ്ടോ എന്നായിരിക്കും.ഒരു നെല്‍ക്കതിര്‍ അവന്‍ പറിച്ചെടുത്തു.ഷൂവിലും പാന്റിലും ചെളിയായിട്ടുണ്ട്‌.എങ്കിലും അവന്റെ മുഖത്ത്‌ സന്തോഷം...
ഞാന്‍ പേടിച്ചു..മുത്തച്ഛന്‍ കണ്ടാല്‍ ഇനി ഭൂകമ്പമാകും.
പേടിച്ചതുതന്നെ സംഭവിച്ചു രൗദ്രഭാവത്തില്‍ മുത്തച്ഛന്‍ മുകളില്‍.സന്തു നെല്‍ക്കതിര്‍ പാടത്തേക്ക്‌ നീട്ടിയെറിഞ്ഞ്‌ തിടുക്കത്തില്‍ പടികള്‍ കയറി.
പിന്നീട്‌ ആദ്യമായി ഉപ്പും പുളിയും ചേര്‍ത്ത്‌ അന്നത്തിന്റെ രുചിയറിഞ്ഞ കുഞ്ഞിന്റെ കരച്ചിലും സന്തുവിന്റെ കരച്ചിലും ഇടകലര്‍ന്ന് ഒഴുകിവന്നു.

Saturday, October 17, 2009

ഒരു മൊബൈല്‍ വിശേഷംകൂടി

"ഹല്ലോ ജോസുകുട്ടിയല്ലേ?"
"അതേ"
"തിരുവല്ലേന്ന് സണ്ണിച്ചായനാടാ,,"
"...................."
"മനസ്സിലായില്ലേ?"
"..പിന്നേ അതെന്താ അങ്ങിനെപറഞ്ഞേ..."
"നീയെന്നാ ബസ്സിലാണോ?"
"അതേ.."
"എന്നാ പിന്നെ വിളിക്കാം"
"വേണ്ടാ...പറഞ്ഞോളൂ...അല്‍പ്പം തിരക്കുണ്ട്‌ എന്നാലും സാരല്ല്യ"
"എന്തുണ്ടടാ വിശേഷങ്ങള്‍..പറഞ്ഞേ.."
"പ്രത്യേകിച്ച്‌ ഒന്നുമില്ല"
"അപ്പനുമമ്മക്കും സുഖാല്ലേ.."
"അപ്പന്‍ എന്റെകൂടയാ...അമ്മച്ചി സിസിലിയുടെ കൂടെയാ..അവളു രണ്ടാമത്‌ പെറ്റുകിടക്കുന്നു."
"ങാ...സിസിലിയെ കണ്ടിട്ട്‌ ഒരുപാടുകാലായി..അവള്‌ ഗള്‍ഫിലാല്ലായിരുന്നോ?"
"അല്ലല്ല...അവള്‌ നാട്ടീത്തന്നെയല്ലേ..സലീനയാണ്‌ ഗള്‍ഫില്‍"
"സലീനയോ...എനിക്കങ്ങ്‌ ഓര്‍ക്കണില്ലാ.."
"സണ്ണിച്ചായന്റെ വിശേഷം പറയൂ..."
"നീ ഇപ്പെ എന്തോക്കായാ പണി..പഴേ കച്ചോടൊക്കെയുണ്ടോ?"
"കച്ചോടോ...അല്‍പ്പം റബ്ബര്‍വെട്ടാനുണ്ട്‌..പിന്നെ ഇത്തിരി നെല്‍ കൃഷീണ്ട്‌.."
"നിനക്ക്‌ കച്ചോടമെന്തൊ ഉണ്ടായിരുന്നതായാണ്‌ എന്റെ ഓര്‍മ്മ"
"അതെനിക്കല്ല..."
"പിള്ളേരൊക്കെയെന്തെടുക്കുന്നു?"
"മൂത്തവള്‌ പ്ലസ്സ്‌ വണ്‍ ചെറക്കന്‍ എട്ടിലും"
"നിനക്ക്‌ രണ്ട്‌ പെണ്ണായിരുന്നെന്നാ ഞാന്‍ കരുതിയത്‌"
"അത്‌ കുഞ്ഞുമോനല്ലേ?"
"ഞാന്‍ വിളിച്ചതേ...അപ്പന്റെ നാല്‍പ്പതാണ്‌ വരുന്ന ശനിയാഴ്ച..നീ പെണ്ണിനേം പിള്ളേരേം കൂട്ടി വരണം.വന്ന് വിളിക്കാനോന്നും നേരമില്ല.എല്ലാത്തിനും ഞാന്‍ തന്നെ വേണ്ടേ?"
"അപ്പന്‍ മരിച്ചത്‌ ഞാന്‍ അറിഞ്ഞില്ല..കിടപ്പായിരുന്നോ?"
"അപ്പേ നീയും പെണ്ണുംകൂടിയല്ലേ ആശുപത്രിയില്‍ വന്നതും ..പിന്നെ മരിച്ചപ്പോള്‍ അപ്പനുമമ്മച്ചിയുമായി വന്നതും"
".............................."
"തെറ്റാലിക്കലെ ജോസ്‌ കുട്ടിയല്ലേ?'...മര്‍ക്കോസുചേട്ടന്റെ മോന്‍,,,"
"അല്ലല്ല..ഞാന്‍ പ്ലാമടയിലെ തോമസ്സിന്റെ മകനാ...ചേട്ടനുദ്ദേശിച്ച ആളല്ല..റോങ്ങ്‌ നമ്പറാ."
"ഛേ ഇത്‌ നേരത്തെ പറയ്ണ്ടേ..എന്നാ അപ്പന്റെ നാല്‍പ്പതിന്നും വരണ്ടാ..ശരി"

Friday, October 9, 2009

കുഞ്ഞപ്പന്‍ മേസ്തിരി അഴിമതിക്കാരനാണോ?

വീടിനുചുറ്റും മതിലുപണിയണമെന്ന് നിശ്ചയിച്ചത്‌ മനസ്സില്ലാമനസ്സോടെയാണ്‌.കൈയിലുള്ള പൈസകൊണ്ട്‌ ഏതായാലും പണിപൂര്‍ത്തിയാക്കാന്‍ പറ്റില്ല.പിന്നെ വേണമെങ്കില്‍ ലോണ്‍ എടുക്കണം.ഇന്നത്തെ നിലയില്‍ അതും പറ്റില്ല.വീടുപണികഴിഞ്ഞ്‌ ഏഴുവര്‍ഷമായിട്ടും ചുറ്റുമതില്‍ പണിയാത്തത്‌ പലകാരണങ്ങള്‍ കൊണ്ടാണ്‌.നാലുപാടും അടച്ചുകെട്ടി സ്വയം തടവുകാരനാകുന്നതില്‍ ഒരു മന:പ്രയാസം തോന്നി.ഏഴുവര്‍ഷമായി നിര്‍മ്മാണരംഗത്തെ മാറ്റങ്ങളും നിശ്ചയമില്ലായിരുന്നു.ഏതായാലും ഒരു ദുര്‍ബ്ബലനിമിഷത്തിലാണ്‌ മതില്‍ പണിയുന്നതിന്‌ തീരുമാനമെടുക്കുന്നത്‌.
കുഞ്ഞപ്പന്‍ മേസ്തിരിയെ പണിക്ക്‌ ചുമതലപ്പെടുത്തി.ഏറെ പണിപ്പെട്ടാണ്‌ മേസ്തിരിയുടെ "ഡേറ്റ്‌" കിട്ടുന്നത്‌.ഭക്ഷണമില്ലാതെ 450 രൂപ പണിക്കൂലി.[ഒന്നു ഞെട്ടിയോ?] കൂടാതെ സഹായിക്ക്‌ 300 രൂപ.ഇതുകൂടാതെ ഒരു ശിഷ്യനുമുണ്ട്‌.
പണിക്കുവരാമെന്നേറ്റ ദിവസം രാവിലെ എട്ടുമണിയായിട്ടും മേസ്തിരി എത്തിയില്ല.രണ്ടുമൂന്നു ദിവസം മിനക്കെട്ടാണ്‌ മണലും ഇഷ്ടികയും മറ്റും സംഘടിപ്പിച്ചത്‌.മേസ്തിരി വരില്ലായിരിക്കുമോ?
മുന്‍ വശത്തെ വരാന്തയില്‍ ഞാന്‍ നിരാശനായി ഇരുന്നു.8.15ന്‌ മേസ്തിരി എത്തി.ചായക്കടയിലെ തിക്കും തിരക്കും വന്നപാടെ വര്‍ണ്ണിച്ചു.ശിഷ്യനും സഹായിയും ഇതോടൊപ്പം തന്നെ എത്തിച്ചേരുകയും പണിക്കുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
മുറ്റത്തെ ജാതിമരത്തില്‍ ഒരു അയ കെട്ടി ഷര്‍ട്ടും മുണ്ടും മാറ്റി അതില്‍ തൂക്കി.വര്‍ക്കിംഗ്‌ ഡ്രസ്സ്‌ ധരിച്ചു.
ഇതിനിടെ മൊബെയില്‍ ഫോണ്‍ അടിച്ചു.മറ്റൊരു പണിയുടെ കാര്യങ്ങള്‍ ഏറെ നേരം സംസാരിച്ചു.
റെഡി..ഒന്നു മുറുക്കിയിട്ടാകാം എന്ന് മേസ്തിരി തീരുമാനിച്ചു.ഇതിനിടെ ഫോണ്‍ ഒന്നുകൂടി ശബ്ദിച്ചു.
മുറുക്കുന്നതിനിടെ ഉമ്മറത്തുകിടന്ന പത്രത്തിന്റെ തലക്കെട്ടിലേക്ക്‌ ഒന്നു പാളിനോക്കി.ലാവ്‌ ലിന്‍ കേസ്സ്‌...
മേസ്തിരി അഴിമതിയെപ്പറ്റി വാചാലനായി.
"ഇന്ന് ആരും മോശമല്ല.സര്‍ക്കാരാപ്പീസ്സില്‍ 11 മണിയാകാതെ ഒറ്റ മനുഷേനും എത്തുമോ?വന്നാലോ,,ഒരു ചായകുടി..പിന്നെ പത്രപാരായണം..ഇതൊക്കെ കഴിഞ്ഞ്‌ ഒരു സര്‍ട്ടിഫിക്കറ്റ്‌ തരണമങ്കിലോ...ഉച്ചയാകണം...പിണറായീം കൊള്ളാം.. കാര്‍ത്തികേയനും കൊള്ളാ,,,,,,,"
നമുക്ക്‌ തുടങ്ങിയാലോ എന്ന് പറഞ്ഞാലോ എന്ന് തോന്നി.വേണ്ട പുത്തരിയിലേ കല്ലുകടിക്കണ്ട..
ശിലാസ്ഥാപനം നടന്നപ്പോള്‍ മണി 9.10
മൊബെയില്‍ വീണ്ടും അടിച്ചു.
ഇതിനിടെ ഒരാള്‍ മേസ്തിരിയെ തിരക്കി വന്നു.
അല്‍പ്പം കഴിഞ്ഞപ്പോള്‍ അവരുടെ സംസാരവും ലാവ്വ്‌ ലിന്‍ തന്നെയായി..
10.30ന്‌ ഊണ്‌..വീട്‌ അടുത്തായതിനാല്‍ വീട്ടില്‍ പോയാണ്‌ ശാപ്പാട്‌..
11ന്‌ തിരിച്ചെത്തി
ഒരു മുറുക്കാന്‍ കൂടിയാകാം..
ഫോണ്‍ അടിച്ചു...
11.30 ന്‌ പണി പുനരാരംഭിച്ചു,
എവിടുന്നോ മഴ ഇരച്ചെത്തി
വില്ലേജ്‌ ഓഫീസില്‍ പോക്കുവരവിന്‌ പോയതും വില്ലേജാപ്പീസര്‍ക്ക്‌ കൈക്കൂലി കൊടുത്ത കഥയും മഴക്കിടയില്‍ കേട്ടു.
കഥക്കവസാനം എല്ലാവരും കള്ളനാണെന്ന് പ്രാസത്തില്‍ അവസാനിപ്പിച്ചു.
12 മണിക്ക്‌ ..കടുംചായ..
ഇപ്പോള്‍ കേട്ടത്‌ റേഷന്‍ കടയിലെ അഴിമതിയെപ്പറ്റിയാണ്‌.
വീണ്ടും ഫോണ്‍..
1.30 ന്‌ ഉച്ചഭക്ഷണം..ഒരു ചെറിയ മയക്കവും
ഇപ്പോള്‍ കിട്ടിയത്‌ പോലീസിന്റെ അഴിമതിക്കഥകളാണ്‌..
2.30 ന്‌ പണി പുനരാരംഭിച്ചു..
ഫോണ്‍ വീണ്ടും വീണ്ടും അടിച്ചു..
4 മണിക്ക്‌ കടുംചായ..
ഈ സമയം കേട്ടത്‌ ഫോറസ്റ്റുകാരുടെ അഴിമതിക്കഥകളാണ്‌..
5.30ന്‌ ..പണിയായുധങ്ങള്‍ കഴുകാനാരംഭിച്ചു.
ആറുമണിക്ക്‌ തച്ചുകാശ്‌ വാങ്ങി കുഞ്ഞപ്പന്‍ മേസ്തിരി പോയി
ഇപ്പോള്‍ ഞാന്‍ ഒരു വിധം എല്ലാ സര്‍ക്കാര്‍വകുപ്പുകളെപ്പറ്റിയും വകുപ്പുകളുടെ അഴിമതിയെപ്പറ്റിയും പരിജ്ഞാനമുള്ളവനായി.,,ഞാന്‍ കുഞ്ഞപ്പന്‍ മേസ്തിരിക്കുകൊടുത്തത്‌ തച്ചുകാശ്‌ മാത്രമല്ല ട്യൂഷന്‍ ഫീസ്‌ കൂടിയാണ്‌,,
പണിയില്‍ അലംഭാവം കാട്ടുന്നതും ആത്മാര്‍ത്ഥത കാട്ടാത്തതും അഴിമതിയാണെങ്കില്‍ അത്‌ എല്ലാവര്‍ക്കും ബാധകമല്ലേ?സര്‍കാരുദ്യോഗസ്ഥനുമാത്രമല്ലല്ലോ...മേസ്തിരിക്കും,കൂലിപ്പണിക്കാരനും ,എല്ലാവര്‍ക്കും....

Saturday, October 3, 2009

നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കണ്ട

കുഞ്ഞുവര്‍ക്കിച്ചേട്ടനും വര്‍ഗീസുചേട്ടനും അയല്‍ വാസികളാണ്‌.ഒരേ ദൈവത്തില്‍ വിശ്വസിച്ചിരുന്നവരും ഒന്നിച്ച്‌ ഒരേ പള്ളിയില്‍ പോകുന്നവരുമായിരുന്നു.
പുഴയിലേക്കു പോകുന്ന തൊണ്ടിന്റെ ഇരുവശങ്ങളിലും മുഖാമുഖമാണ്‌ ഇവരുടെ വീടുകള്‍.ഇവരുടെ വീടിനുമുന്‍പില്‍ മതിലോ വേലിയോ ഉണ്ടായിരുന്നില്ല.ഉമ്മറത്തിരുന്നാല്‍ രണ്ടുപേര്‍ക്കും പരസ്പരം കാണാം.ഇവര്‍ക്ക്‌ ഇപ്പോള്‍ ഏതാണ്ട്‌ എണ്‍പത്‌ വയസ്സെങ്കിലും ഉണ്ടാകും.

ചെറുപ്പം മുതലേ കളിച്ചുവളര്‍ന്നവരാണ്‌.രണ്ടുപേരും പാടത്തും പറമ്പിലുമായി എത്ര വിയര്‍പ്പൊഴുക്കിയിരിക്കുന്നു.ഇവരുടെ പാടങ്ങളും അടുത്തടുത്താണ്‌.കൃഷിയിറക്കലും പുല്ലുപറിക്കലും വളമിടലും എല്ലാം പരസ്പരം സഹായിച്ചാണ്‌ ചെയ്തിരുന്നുള്ളൂ.രണ്ടുപേര്‍ക്കും ഒരേര്‍ കാളകള്‍ വീതമുണ്ടായിരുന്നു.ഒന്നിച്ച്‌ മാറിമാറി അവരവരുടെ പാടത്ത്‌ കാളകളെ പൂട്ടിയാണ്‌ ചെലവ്‌ ലാഭിച്ചത്‌.ഒരാളുടെ പാടം കോയ്തശേഷമാണ്‌ അടുത്തയാളുടെ കൊയ്യാറുള്ളൂ.കൊയ്തുകാര്‍ക്ക്‌ രണ്ടു കൊയ്ത്‌ കിട്ടാനാണ്‌ ഇത്‌.
വര്‍ഷകാലമായാല്‍ പുഴയിലും പാടത്തും വെള്ളം പൊങ്ങും.രാത്രിയില്‍ പിന്നെ രണ്ടുപേര്‍ക്കും ഉറക്കമില്ല.പാടമായ പാടമെല്ലാം നടന്ന് ഊത്ത പിടിക്കാന്‍ പോകും.കിട്ടുന്നത്‌ പങ്കിട്ടെടുക്കും.വര്‍ഗീസുചേട്ടന്റെ വീട്ടില്‍ കള്ളുചെത്തുണ്ട്‌.വീതം കിട്ടുന്ന കള്ള്‌ രണ്ടുപേരും പങ്കിട്ട്‌ കഴിക്കും.അല്ലാതെ കള്ളുഷാപ്പില്‍ പോയി സ്ഥിരമായി കള്ളുകുടിക്കാറില്ല.പിന്നെയുള്ളത്‌ കടമറ്റം പള്ളിപെരുന്നാളിനോ കോലഞ്ചേരിപള്ളി പെരുന്നാളിനോ ഷാപ്പില്‍ പോയി അല്‍പ്പം മിനുങ്ങുന്നത്‌ മാത്രമേയുള്ളൂ.
രണ്ടുപേരും പെണ്ണുകാണാന്‍ പോയതും ഒന്നിച്ചാണ്‌.ഇരുവര്‍ക്കും ഇഷ്ടപ്പെട്ട ബന്ധങ്ങളാണ്‌ കെട്ടില്‍ കലാശിച്ചത്‌.
കുഞ്ഞുവര്‍ക്കിചേട്ടന്‌ നാലുപെണ്ണും ഒരാണും.വര്‍ഗീസുചേട്ടന്‌ രണ്ടാണും.കുഞ്ഞുവര്‍ക്കിച്ചേട്ടന്റെ പെണ്ണുങ്ങള്‍ സുന്ദരികളായതിനാല്‍ നല്ലനിലയില്‍ കെട്ടിച്ചുവിടാന്‍ വിഷമമുണ്ടായില്ല.വര്‍ഗീസുചേട്ടന്റെ മക്കളും സുന്ദരികളെ തന്നെയാണ്‌ കെട്ടിയത്‌.
കൃഷിനിന്നു.പറമ്പിലും കാര്യമായ പണിയില്ലാതായി.എങ്കിലും രണ്ടുപേരും ഒന്നിച്ച്‌ പള്ളിയില്‍ പോകുകയും രാവിലെ ചായക്കടയില്‍ പോകുകയും പുഴയില്‍ കുളിക്കുകയും കള്ളുകുടിക്കുകയും ഇറച്ചിവാങ്ങാന്‍ പോകുകയും ഊത്തപിടിക്കാന്‍ പോകുകയും ടിവി കാണുകയും പെരുന്നാളിനുപോകുകയും ചെയ്തിരുന്നു.
ഇതു മൂന്നോനാലോ വര്‍ഷം മുന്‍പുള്ള കഥ.ഇന്ന് രണ്ടുപേരുടേയും വീടിനുമുന്‍പില്‍ വലിയ മതിലുകള്‍ പണിതിരിക്കുന്നു.പരസ്പരം കാണാനാകില്ല.കാണരുതെന്നുമാണ്‌ കരുതാറും.കഴിഞ്ഞവര്‍ഷം പ്ലാവിന്റെ ഒരു കമ്പ്‌ പറമ്പിലേക്ക്‌ കയറി ചോലയായി എന്ന് പറഞ്ഞ്‌ തമ്മില്‍ തമ്മില്‍ പേ വിളിച്ചു.തല്ലോളം എത്തിയായിരുന്നു.കുഞ്ഞുവര്‍ക്കിചേട്ടന്റെ പേരക്കിടാവിന്റെ കല്യാണത്തിന്‌ വര്‍ഗീസുചേട്ടനെ വിളിച്ചില്ല.വര്‍ഗീസുചേട്ടന്റെ പേരക്കിടാവിന്റെ മാമ്മോദിസക്ക്‌ കുഞ്ഞുവര്‍ക്കിചേട്ടനെയും വിളിച്ചില്ല.
ഇവര്‍ തമ്മില്‍ പിണങ്ങാന്‍ ഇവരായി ഒരു കാരണവും ഉണ്ടാക്കിയിട്ടില്ല.രൂപ മേടിച്ച്‌ കൊടുക്കാതിരിക്കുകയോ മക്കളായി എന്തെങ്കിലും വഴക്കുണ്ടാകുകയോ ചെയ്തിട്ടില്ല...പിന്നയോ?
രണ്ടുപേരും ഇന്നും ഒരേ ദൈവത്തില്‍ വിശ്വസിക്കുന്നു.രണ്ടുപേരും പള്ളിയില്‍ പോകുന്നു.പക്ഷേ രണ്ടുപള്ളികളിലാണെന്നു മാത്രം .ഇവര്‍ പൊയ്ക്കോണ്ടിരുന്ന പള്ളി ഇന്ന് അടഞ്ഞു കിടക്കുകയാണ്‌.ഇപ്പോള്‍ രണ്ടുപേര്‍ക്കും പ്രത്യേകം പള്ളികളുണ്ട്‌.പെരുന്നാളിന്‌ പ്രത്യേകം പ്രത്യേകം പ്രദക്ഷിണങ്ങള്‍......
ഇത്‌ എറണാകുളം ജില്ലയിലെ യാക്കോബായ സഭയിലെ വിശ്വാസികളുടെ ഇന്നത്തെ അവസ്ഥയുടെ പരിച്ഛേദമാണ്‌.ഈ ചുറ്റുവട്ടത്തെല്ലാം ഇന്ന് പ്രധാനപള്ളിയോട്‌ ചേര്‍ന്ന് രണ്ടുപള്ളികള്‍ ഉയര്‍ന്നിട്ടുണ്ട്‌.പ്രസിദ്ധമായ കടമറ്റം പള്ളിയും കോലഞ്ചേരിപള്ളിയും ഇന്ന് അടഞ്ഞു കിടക്കുന്നു.ഇവിടേയും പുതിയ രണ്ടുപള്ളികള്‍ ഉയര്‍ന്നിട്ടുണ്ട്‌....ഒരു കക്ഷിയുടെ കടയില്‍ മറ്റേകക്ഷിക്കാര്‍ കയറാറില്ല.പരസ്പരം കല്യാണമോ മാമ്മോദിസയോ വിളിക്കാറില്ല...
കുഞ്ഞുവര്‍ക്കിചേട്ടനേയും വര്‍ഗീസുചേട്ടനേയും ദൈവം അകറ്റിയതല്ല.അയല്‍ക്കാരനെ സ്നേഹിക്കണമെന്ന യേശുവിന്റെ ഉപദേശം ഇവര്‍ക്ക്‌ തിരുത്തി നല്‍കിയതാരാണ്‌?
ഇത്‌ സത്യമായ കഥയാണ്‌....പേരുകളിലെ വ്യത്യാസം മാത്രം..
കല്ലെറിയുന്നവര്‍ക്ക്‌ എറിയാം..പാപം ചെയ്തവര്‍ക്കും ചെയ്യാത്തവര്‍ക്കും

Saturday, September 19, 2009

മൃദുസാമാനം അല്ലെങ്കില്‍?

ഇതെന്താണ്‌ ഈ മൃദുസാമാനം എന്ന് തോന്നിക്കാണും?സോഫ്റ്റ്‌ വെയര്‍ എന്നുള്ളതിന്‌ ഒരു മലയാള പരിഭാഷ കൊടുത്തതാണ്‌.പല കമ്പ്യുട്ടര്‍ സാങ്കേതിക പദങ്ങള്‍ക്കും സമാന മലയാള പദങ്ങളില്ല.അതിന്റെ ആവശ്യമുണ്ടോ എന്നത്‌ വേറേ കാര്യം.എങ്കിലും ഇത്തരത്തില്‍ പദങ്ങളുണ്ടായാല്‍ അത്‌ മലയാളഭാഷക്ക്‌ മുതല്‍ക്കൂട്ടാകുമെന്നതിനു സംശയമില്ല.
കമ്പ്യുട്ടര്‍ സംബന്ധമായ പദങ്ങളുടെ ഒരു നിഘണ്ടു(glossory) മലയാളത്തില്‍ ഇല്ലന്നുവേണം കരുതാന്‍.പ്രയോഗത്തിലൂടെ ചില പദങ്ങള്‍ പ്രചരിച്ചിട്ടുണ്ട്‌.ഉദാ-ജാലകം
എന്നാല്‍ തമിഴില്‍ പല കമ്പ്യുട്ടര്‍ സംബന്ധിയായപദങ്ങള്‍ക്കും തമിഴ്‌ പദങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. ഉദാഹരണങ്ങള്‍ താഴേ കൊടുക്കുന്നു.


  1. computer science kaNani iyal
  2. contact thodarpu
  3. copy pirathi, nakal
  4. create uruvAkku
  5. crop cethukku
  6. cursor Eval
  7. cyberspace kaNiniyakam
  8. decompress virivAkku
  9. desktop computer mEcaik kaNani
  10. desktop publication mEcaip piracuram
  11. dictionary akarAthi
  12. directory kattu, kattai
  13. distribute viniyOki, viniyOkappaduththu
  14. document AvaNam
  15. download izhuththuvai
തമിഴ്‌ പദങ്ങളുടെ ഒരു നിഘണ്ടു ഇതിലേ പോയാല്‍ കാണാം.
ചില സാങ്കേതിക പദങ്ങള്‍ക്ക്‌ എനിക്കു തോന്നിയ മലയാള പദങ്ങള്‍ താഴേ കൊടുക്കുന്നു.
  • desk top -മുഖജാലകം
  • software-മൃദുസാമാനം
  • hardware-ഖരസാമാനം
  • email-ഇതപാല്‍
  • download-കീഴ്ശേഖരണം
ഇത്തരത്തില്‍ സാങ്കേതികപദങ്ങള്‍ക്ക്‌ ഒരു മലയാളപദം നിര്‍ദ്ദേശിക്കാവുന്നതാണ്‌.

Wednesday, September 16, 2009

ബൈബിള്‍:ഉത്തരം തേടുന്ന സംശയങ്ങള്‍

കുട്ടിക്കാലത്ത്‌ ബൈബിള്‍കഥകള്‍ കേള്‍ക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നുവെങ്കിലും നിരാശയാണുണ്ടായത്‌.സ്കൂള്‍ പാഠങ്ങളിലൊന്നും ബൈബിള്‍ കഥകളില്ലായിരുന്നു.ക്ലാസ്സില്‍ ഒരു മാഷും ബൈബിള്‍ കഥ പറയാറുമില്ല.യേശു എന്നും ബൈബിള്‍ എന്നുമല്ലാതെ അതിനപ്പുറം ഒന്നുമറിയില്ലായിരുന്നു.

ഇതിന്‌ മാറ്റം വരുന്നത്‌ ഹൈസ്കൂളില്‍ എത്തിയ ശേഷമാണ്‌.അന്ന് സൗജന്യമായി ബൈബിള്‍ കഥകളുടെ ചെറുപുസ്തകങ്ങള്‍ അയച്ചുതരുന്ന ചില കൃസ്തീയ സംഘടനകളുണ്ടായിരുന്നു.ഒരു പോസ്റ്റ്‌ കാര്‍ഡില്‍ വിലാസം എഴുതി അയച്ചാല്‍ മതി എല്ലാമാസവും ബൈബിള്‍ പ്രസിദ്ധീകരണങ്ങള്‍ മുടങ്ങാതെ തപാലില്‍ വരും.
പോസ്റ്റുമാന്‍ സ്കൂളില്‍ വന്ന് പേരുവിളിച്ച്‌ എഴുത്തു തരുന്നത്‌ ഒരു അഭിമാനമായിരുന്നു,.സാധാരണഗതിയില്‍ വിഷുവിനും സംക്രാന്തിക്കും മാത്രമെ ഒരു കത്ത്‌ ക്ലാസ്സിലെ ആര്‍ക്കെങ്കിലും വരൂ.ക്ലാസിലെ ബാബുവാണ്‌ ഈ വിദ്യ പറഞ്ഞുതന്നത്‌.പിന്നെ പലരും ഇതു തുടര്‍ന്നു.ബാബുവാണ്‌ സംശയങ്ങള്‍ക്ക്‌ നിവൃത്തി വരുത്തുന്നത്‌.ബൈബിള്‍ കഥകളും പറഞ്ഞുതരും.പക്ഷേ കഥകളില്‍ വെള്ളം ചേക്കുക മൂപ്പര്‍ക്ക്‌ പ്രത്യേക ഹരമാണ്‌.ഒരിക്കല്‍ കുന്തിരിക്കം എന്താണെന്ന് ചോദിച്ചപ്പോള്‍ പള്ളീലച്ചന്റെ കക്ഷത്തുനിന്ന് ചുരണ്ടിയെടുക്കുന്നതാണെന്ന് ബാബുപറഞ്ഞപ്പോള്‍ സംശയംതോന്നിയില്ല.

ആലുവയിലെ IHS എന്നൊരു സംഘടനയാണ്‌ പുസ്തകങ്ങള്‍ അയച്ചുതരുന്നത്‌.കുറെ കഴിഞ്ഞപ്പോള്‍ ഒരിക്കല്‍ കിട്ടിയത്‌ ഇന്‍ലന്റിലുള്ള ഒരു കത്താണ്‌.അന്ധാളിപ്പാണ്‌ തോന്നിയത്‌.ആരാണാവോ?ഒരു ഫ്രാന്‍സിസാണ്‌ കത്ത്‌ എഴുതിയിരിക്കുന്നത്‌.IHS ല്‍ നിന്നുതന്നെ.പാഠങ്ങള്‍ സംബന്ധിച്ച്‌ സംശയങ്ങള്‍ എഴുതണമെന്നും കൂടാതെ ഒരു തൂലികാ സുഹൃത്തായി ഇനിമുതല്‍ കത്തുകളെഴുതുമെന്നും ഫ്രാന്‍സിസ്‌ എഴുതിയിരുന്നു.ഇന്‍ലന്റ്‌ മേടിക്കാനുള്ള പൈസ ഇല്ലാത്തതിനാല്‍ കത്തിടപാടുകള്‍ ഏറെ നീണ്ടുപോയില്ല.

കോളേജില്‍ എത്തിയപ്പോഴാണ്‌ ആദ്യമായി ഒരു ബൈബിള്‍ ലഭിക്കുന്നത്‌.അതും ഒരു കൃസ്തീയ സംഘടന കോളേജില്‍ സൗജന്യമായി വിതരണം ചെയ്തതാണ്‌.പുതിയനിയമം മാത്രമെ അതിലുണ്ടായിരുന്നുള്ളൂ.അത്‌ ഭദ്രമായി കുറേക്കാലം സൂക്ഷിച്ചു.പിന്നെ എവിടെ പോയെന്ന് അറിയില്ല.
ഇതിനിടെ ജീസസ്സ്‌ സിനിമ കണ്ടത്‌ നന്നായി ഓര്‍ക്കുന്നു.ബൈബിള്‍ കഥകള്‍ക്ക്‌ ഒരു രൂപം കിട്ടുന്നത്‌ ഇവിടെനിന്നാണ്‌.

വര്‍ഷങ്ങള്‍ക്ക്‌ ശേഷം സഹപ്രവര്‍ത്തകനായ ഒരു സുഹൃത്ത്‌ സ്നേഹപൂര്‍വ്വം ഒരു ബൈബിള്‍ എനിക്ക്‌ സമ്മാനിച്ചു.പഴയനിയമവും പുതിയനിയമവും ചേര്‍ന്നതാണത്‌.പൂര്‍ണ്ണമായും വായിച്ചുതീര്‍ക്കണമെന്ന ഒരു വാശിതോന്നി.ഓരോ ദിവസവും മൂന്നും നാലും പേജു വീതം വായിച്ചുപോന്നു.ഇടക്ക്‌ വായന തടസ്സപ്പെട്ടു.എങ്കിലും പഴയനിയമം പകുതിയില്‍കൂടുതല്‍ വായിച്ചു.എനിക്ക്‌ ബൈബിള്‍ സമ്മാനിച്ച സുഹൃത്തുതന്നെ പറഞ്ഞു താന്‍ തന്നെ ഒരു തവണയേ പൂര്‍ണ്ണമായി വായിച്ചിട്ടുള്ളൂവെന്ന്.അതുകൊണ്ട്‌ മുഴുവന്‍ വായിക്കാത്തതില്‍ എനിക്ക്‌ നിരാശ തോന്നിയില്ല.എങ്കിലും വായിച്ചെത്തിക്കണമെന്ന് പിന്നീട്‌ തീരുമാനിച്ചെങ്കിലും ഫലപ്രാപ്തിയിലെത്തിയിട്ടില്ല.


ബൈബിള്‍ കഥകളിലെ പലതിനും ചരിത്രാവശിഷ്ടങ്ങളുണ്ടെന്ന് ഇന്ന് പലരും ശക്തമായി വാദിക്കുന്നുണ്ട്‌.അറാറത്ത്‌ പര്‍വ്വതത്തില്‍ ഇപ്പോഴും നോഹയുടെ പെട്ടകത്തിന്റെ അവശിഷ്ടമുണ്ടെന്ന് ചിലര്‍ അവകാശപ്പെടുന്നുണ്ട്‌.അങ്ങിനെ പലതും.

ബൈബിള്‍ കഥ കേള്‍ക്കുമ്പോള്‍ മുതല്‍ സ്വയം ചോദിക്കുന്ന ചില സംശയങ്ങളോ ചോദ്യങ്ങളോ ഉണ്ടായിരുന്നു.വായിക്കുംതോറും അത്‌ രൂഢമൂലമാകുകയേ ഉണ്ടായുള്ളൂ.ഇവയൊന്നിനും ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചില്ല.ചിലപ്പോള്‍ ഇതൊരു മണ്ടന്‍ സംശയങ്ങളാണെങ്കിലോ എന്ന് കരുതിയിട്ടുമുണ്ട്‌.ചിലപ്പോള്‍ ഇതെല്ലാം പലരും പലകാലങ്ങളിലും ചോദിച്ചവയാകാമെന്നും കരുതി.എന്റെ മണ്ടന്‍ സംശയങ്ങള്‍ ചിലത്‌ ഇതാണ്‌.

  1. ഹവ്വയുമാണ്‌ ആദ്യത്തെ മനുഷ്യര്‍.കായേനും ആബേലും ഇവരുടെ സന്തതികള്‍.ആബേല്‍ കൊല്ലപ്പെടുന്നു.പിന്നെ ഇവര്‍ മൂന്നുപേര്‍ മാത്രം.കായേന്‍ തന്റെ ഭാര്യയുമായിചേര്‍ന്നു,എന്നു പറയുന്നു.ഈ ഭാര്യ എവിടുന്നു വന്നു?
  2. ജനത്തെ ഈജിപ്റ്റുരാജാവില്‍ നിന്ന് മോചിപ്പിക്കുന്നു.ഇവരെ ദൈവം വാഗ്ദത്ത ഭൂമിയില്‍ എത്തിക്കുന്നു.അവിടെയുള്ള ജനത്തെ കൂട്ടക്കൊലചെയ്ത്‌ കാനന്‍ ദേശത്ത്‌ പാര്‍പ്പിക്കുന്നു.കാനന്‍ ദേശത്തെ ജനത്തെ എന്തുതെറ്റിനാണ്‌ കൂട്ടക്കൊലചെയ്തത്‌?
  3. ഈജിപ്റ്റിനെ തകര്‍ക്കാന്‍ ഇസ്രയേല്‍ ജനത്തിന്‌ ദൈവം എന്തുകൊണ്ട്‌ അനുവദിച്ചില്ല?
  4. മലയിലെ ദൈവം മുന്‍ കോപിയും തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തിയില്ലാത്ത ദുര്‍ബ്ബലനുമായിരുന്നോ?പലപ്പോഴും മോശയായിരുന്നല്ലോ ഉപദേശിച്ചിരുന്നത്‌.

കഥകളില്‍ ചോദ്യമില്ലായിരിക്കാം.എങ്കിലും എന്തു്‌..എന്ത്‌..എന്ന് ചോദിച്ചുപോകുന്നു എന്നു മാത്രം.

Friday, September 11, 2009

ധര്‍മ്മാചാരങ്ങളുടെ ഗതികേട്‌


പെട്ടെന്ന് ഈ തലക്കെട്ടിന്റെ സാംഗത്യം പിടികിട്ടിയില്ലങ്കില്‍ വിഷമിക്കണ്ട.ഗഹനമായ ഒരു കാര്യവുമല്ല പറഞ്ഞുവരുന്നത്‌. അന്‍പതോ അറുപതോ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഹിന്ദു ധര്‍മാചാരങ്ങളെ സംബന്ധിച്ചുണ്ടായിരുന്ന കാഴ്ചപ്പാടും അതിന്‌ ഇന്നത്തെ വ്യാഖ്യനവും തമ്മില്‍ താരതമ്യം ചെയ്യുന്നതിന്‌ ഒരു പഴയ പുസ്തകം സഹായിച്ചതാണ്‌ പറയുന്നത്‌.

1956 കാലത്ത്‌ പ്രസിദ്ധീകരിച്ച "ഹിന്തുമതവര്‍ണ്ണാശ്രമ ധര്‍മാചാരവ്യവസ്ഥ" എന്നൊരു പുസ്തകമാണ്‌ ഇവിടെ പരിചയപ്പെടുത്തുന്നത്‌.കൃത്യമായിപ്പറഞ്ഞാല്‍ മലയാളവര്‍ഷം 1126 ലാണ്‌ ഇത്‌ പ്രസിദ്ധീകരിക്കുന്നത്്‌.
ആ കാലത്തെ സാമൂഹിക വ്യവസ്ഥയെപ്പറ്റിയും ഒരു വിഭാഗം നമ്പൂതിരിമാരുടെ പരിഷ്കരണത്തോടുള്ള എതിര്‍പ്പും അറിയാന്‍ ഈ പുസ്തകം ഏറെ സഹായിച്ചു.പഴയ പലകാര്യങ്ങളും പുതിയ സാഹചര്യങ്ങളില്‍ പുതിയ തലമുറക്ക്‌ അവിശ്വസനീയമായി തോന്നാം.പക്ഷേ ഈ 86 പേജുള്ള പുസ്തകം വായിക്കുമ്പോള്‍ പല ഭാഗത്തും നമ്മള്‍ അറിയാതെ പൊട്ടിച്ചിരിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല.

ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ എറ്റെടുത്തതിനെപ്പറ്റിയും ക്ഷേത്രപ്രവേശനത്തെപ്പറ്റിയും ഒരു വിഭാഗം നമ്പൂതിരി

1]വിവിധ ജാതിമതസ്ഥരാല്‍ അധിവസിക്കപ്പെടുന്ന ഭാരതഭൂമിയില്‍ ഏതാണ്ട്‌ എണ്‍പതുശതമാനവും ഹിന്ദുക്കളാണെന്ന് കാനേഷുമാരികണക്കുപ്രകാരം കാണാവുന്നതാണ്‌.ഈ ഹിന്ദുക്കള്‍ ആരാണ്‌?നമ്മുടെ പ്രാചീനഗ്രന്ഥങ്ങളില്‍ ഹിന്ദുവെന്നോ ഹിന്ദുമതമെന്നോ ഒന്നു കാണുന്നില്ല.പഴയകാലത്ത്‌ ഇവിടെ വന്നുചേര്‍ന്ന ഈ ഹിന്ദു പദം ആരാണ്‌ സൃഷ്ടിച്ചെതെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ,കൃസ്ത്യാനികള്‍,മുസ്ലീമുകള്‍ ജൈനര്‍ മുതലായ വര്‍ഗ്ഗക്കരില്‍നിന്നു ഭിന്നമായി ഇവിടെകണ്ടവരെ എല്ലാം ഒരുമിച്ച്‌ ചെര്‍ത്ത്‌ വിദേശികള്‍ കല്‍പ്പിച്ച്‌ കൊടുത്തപേരായിരിക്കണം,,,,,

2]സവര്‍ണ്ണരുടെ ഈശ്വരാരാധനക്കുവേണ്ടി അവരാല്‍ സ്ഥാപിതമായിട്ടുള്ളതാണ്‌ ഇന്നു കാണുന്ന ഖേത്രങ്ങള്‍...

3]ഭാരതത്തില്‍ അവര്‍ണ്ണര്‍ക്ക്‌ ക്ഷേത്രപ്രവേശനം അനുവദിച്ചുകൊടുത്തത്‌ ധര്‍മ്മരാജാവ്‌ എന്ന സുപ്രസിദ്ധനായ തിരുവിതാംകൂര്‍ മഹാരാജാവാണല്ലോ.അതിനെ തുടര്‍ന്ന് പലരാജാക്കന്മാരും അധ;കൃതര്‍ക്ക്‌ ക്ഷേത്രപ്രവേശനം അനുവദിച്ചുകൊടുത്തു.ഇന്ന് അങ്ങിനെയുള്ള രാജാക്കന്മാര്‍ അലങ്കരിച്ചിരുന്ന രാജസിംഹാസനങ്ങളും എവിടെയിരിക്കുന്നു എന്ന് ഞങ്ങള്‍ ശക്തിപൂര്‍വ്വം ചോദിച്ചുകൊള്ളുന്നു.
കൂടുതല്‍ വായിക്കാല്‍ ചിത്രങ്ങളില്‍ ക്ലിക്ക്‌ ചെയ്താല്‍ മതിയാകും.
അന്ന് വിശ്വസിച്ചിരുന്ന ധര്‍മ്മാചാരങ്ങള്‍ക്ക്‌ ഇന്നെന്ത്‌ പ്രസക്തി?ആചാരങ്ങളു, അനുഷ്ടാനങ്ങളും വിശ്വാസങ്ങളും കാലത്തിനനുസരിച്ച്‌ മാറിയിരിക്കുന്നു.എന്നാലും ഇപ്പോഴും പഴയ ധര്‍മ്മാചാരങ്ങളില്‍ സ്വപ്നം കണ്ടിരിക്കുന്നവരുണ്ട്‌


Sunday, August 30, 2009

നിലമ്പൂരിനുമുണ്ട്‌ കഥ പറയാന്‍

ചാലിയാര്‍ പുഴയുടെ തീരങ്ങളില്‍ തേക്ക്‌ വളര്‍ന്നില്ലായിരുന്നെങ്കില്‍ കേരളത്തിന്റെ ചരിത്രം മാറുമായിരുന്നോ?സന്ദേഹമുണ്ട്‌.ഇത്‌ നിലമ്പൂരിലെ ഒരു വെടിക്കെട്ട്‌ യാത്രയുടെ അവസാനം മനസ്സിലുദിച്ചതാണ്‌.നിലമ്പൂരും തേക്കും ജനങ്ങളും കൃഷിയും വ്യവസായവും എല്ലാമെല്ലാം തേക്കെന്ന ആ അത്ഭുതവൃക്ഷവുമായി അത്ര ബന്ധപ്പെട്ടിരിക്കുന്നു.നിലമ്പൂരിലെ കാറ്റിനും വെള്ളത്തിനും തേകിന്‍പൂവിന്റെ മണമുണ്ട്‌.വനംകൊള്ളക്കും ആനവേട്ടക്കും കുപ്രസിദ്ധമായിരുന്ന ഒരു ഗതകാലം ഉണ്ടായിരുന്നിരിക്കാം പക്ഷേ ഇന്നത്‌ ചരിത്രം മാത്രമാണ്‌..
ഷൊര്‍ണൂരില്‍നിന്നും നിലമ്പൂരിലേക്കുള്ള തീവണ്ടിയാത്രയില്‍പോലും എന്തെന്നില്ലാത്ത ഒരു പ്രത്യേകത അനുഭവപ്പ്പെട്ടു.യാത്രയിലുടനീളം പാതക്കിരുവശവുമുള്ള തേക്കുമരങ്ങളോട്‌ കുശലം പറഞ്ഞേപോകാനാകൂ.തെക്കിന്‍ കാടല്ലങ്കിലും പാളത്തിനിരുവശവും നട്ടുപിടിപ്പിച്ചിരിക്കുന്ന തേക്കുമരങ്ങള്‍ നമ്മോടുപറയുന്നത്‌ ഒരു നാടിന്റെ ചരിത്രം തിരുത്തികുറിച്ചതിന്റെ കഥയാണ്‌.തീവണ്ടിയില്‍ തട്ടമിട്ട സ്ത്രീകളും തലേക്കെട്ട്‌ കെട്ടിയവരും സന്യാസിയും തമിഴനും പള്ളീലച്ചനും ഉണ്ടായത്‌ യാദൃശ്ചികമല്ല.ഈ വണ്ടി ഇന്ത്യന്‍ ദേശീയതയുടെ പ്രതീമാണെന്ന് ഞാന്‍ ധരിച്ചുപോയത്‌ തെറ്റല്ലന്ന് ഇപ്പോഴും വിശ്വസിക്കുന്നു.
ഈ തീവണ്ടിപ്പാത കേരളത്തിലെ ആദ്യത്തെ തീവണ്ടിപ്പാതയാണ്‌.തേക്ക്‌ എന്ന മരത്തിന്റെ സുഭിക്ഷതയാണ്‌ സായിപ്പിന്‌ നിലമ്പൂരില്‍ തീവണ്ടിപ്പാത ഉണാക്കാനുണ്ടായ ചേതോവികാരം.ഈ മരമില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ പിന്നേയും ഏറെക്കാലം തീവണ്ടിക്കുവേണ്ടി കാത്തിരിക്കേണ്ടിവന്നേനേ കേരളീയര്‍ക്ക്‌.
ലോകത്തിലെ ആദ്യത്തെ തേക്കുപ്ലാന്റേഷനും നിലമ്പൂരില്‍ തന്നെയാണ്‌.1846ല്‍ കനോളിസായിപ്പാണ്‌ നിയമ്പൂരില്‍ ആദ്യമായി തേക്കുനട്ടുപിടിപ്പിക്കുന്നത്‌.1943ല്‍ ഈ തോട്ടത്തില്‍ നിന്നും ഒമ്പത്‌ ഏക്കറിലെ മരം രണ്ടാം ലോകയുദ്ധത്തില്‍ സഖ്യകക്ഷികളുടെ ആവശ്യത്തിലേക്കായി മുറിച്ചുനീക്കി.ഇപ്പോള്‍ അഞ്ച്‌ ഏക്കറോളം തോട്ടം ചരിത്രപരവും ഗവ്വേഷണപരവുമായ ആവശ്യങ്ങള്‍ക്ക്‌ സംരക്ഷിച്ചുപോരുന്നു.ഇതില്‍ ഇപ്പോള്‍ 117 മരങ്ങളുണ്ട്‌.ചാലിയാര്‍ പുഴയുടെ തീരത്തെ ഈ കനോളിപ്ലോട്ട്‌ കാണേണ്ടതുതന്നെയാണ്‌.കോടികള്‍ വിലമതിക്കുന്ന മരങ്ങളാണ്‌ ഇവിടെയുള്ളത്‌.നിലമ്പൂരില്‍നിന്നും ചാലിയാര്‍ പുഴക്ക്‌ കുറുകെ ഉണ്ടാക്കിയിട്ടുള്ള തൂക്കുപാലം വഴിവേണം മറുകരയെത്താന്‍.വളരേമനോഹരമായി ഇത്‌ സംരക്ഷിച്ചിട്ടുണ്ട്‌.

തേക്ക്‌ മ്യുസിയം,ആനപിടുത്തകേന്ദ്രം, എന്നിങ്ങനെ ഏറെ കാണാനുണ്ടെങ്കിലും മറ്റൊരുവേളയിലേക്ക്‌ മാറ്റിവച്ച്‌ മടങ്ങേണ്ടിവന്നു.
മടങ്ങുമ്പോള്‍ എന്റെ ചിന്തയില്‍ വന്നതാണ്‌ ഈ കുറിപ്പിന്റെ ആദ്യം കൊടുത്തത്‌,..

Saturday, August 15, 2009

ഇടുക്കി കാട്ടിലെ ആന പറഞ്ഞ സ്വകാര്യം

ചെറുതോണിയില്‍ നിന്നും പുറപ്പെടുമ്പോള്‍ സമയം 4.30.ഒരു കനത്ത മഴ പെയ്ത്‌ തോര്‍ന്നതേ ഉള്ളൂ.കാറ്റാടിമരക്കാട്ടില്‍ നിന്നും മഴവെള്ളം കുത്തിയോഴുകി റോഡിലേക്ക്‌ കടന്ന് ഊക്കോടെ കലുങ്കിലേക്ക്‌ പതിക്കുന്ന കനത്ത ശബ്ദം.അന്തരീക്ഷത്തില്‍ ചെറിയ മൂടല്‍മഞ്ഞും പടര്‍ന്നിട്ടുണ്ട്‌.ഇപ്പോള്‍ തന്നെ നേരം ഇരുട്ടാകുമാ? ഒരു മഴക്കുകൂടി വട്ടംകൂട്ടുന്നുണ്ട്‌.ഇനിയും താമസിച്ചാല്‍ മഴയും കനത്താല്‍ യാത്ര ദുഷ്കരമാകുമെന്നതില്‍
ഒരു ചൂടന്‍ ചായയും കഴിച്ച്‌ ഞങ്ങള്‍- ഞാന്‍,ഷാജി,രവി-പുറപ്പെട്ടു.ഷാജിയുടേതാണ്‌ ഇന്നോവാ കാര്‍.ഓടിക്കുന്നതും ഷാജിതന്നെ.പിറകില്‍ രവീന്ദ്രന്‍.വളരേ പതുക്കെയാണ്‌ വാഹനം ഓടുന്നത്‌.എങ്ങിനെയായാലും ഒന്ന് ഒന്നര മണിക്കൂര്‍ കൊണ്ട്‌ തൊടുപുഴയിലെത്താം..റോഡില്‍ മഴയത്തും കാറ്റത്തും വീണ ഉണക്കകമ്പുകള്‍..
വണ്ടിക്കകത്ത്‌ എയര്‍കണ്ടീഷന്‍ പ്രവൃത്തിക്കുന്നുണ്ട്‌.മുരുകന്‍ കാട്ടാക്കടയുടെ രേണുക പതിഞ്ഞശബ്ദത്തില്‍ വച്ചിട്ടുണ്ട്‌.വണ്ടി പൈനാവില്‍ എത്തി.അന്തരീക്ഷം മൂടിക്കെട്ടിയും ഈര്‍പ്പമണിഞ്ഞുമാണ്‌.
രവി ഒരു ചായകൂടി ആകാമെന്നു പറഞ്ഞു.ഇവിടം വിട്ടാല്‍ ഇനി കുളമാവിലെത്തണം ഒരു ചായകിട്ടാന്‍.രവിയെ നിരാശപ്പെടുത്തിയില്ല.ഓരോ ചായകൂടി അകത്താക്കി പുറപ്പെട്ടു
ഇനി കാട്ടിനകത്തുകൂടിയാണ്‌ യാത്ര.എത്രയോ തവണ ഇതിലേ യാത്ര ചെയ്തിരിക്കുന്നു.അതിനാല്‍ യാത്രക്ക്‌ പുതുമയൊന്നും തോന്നിയില്ല.മഴ പതുക്കെ ആരംഭിച്ചു.കാറ്റും ഉണ്ട്‌.മുന്‍ വശത്തെ ചില്ലിലേക്ക്‌ മഴത്തുള്ളികള്‍ ചരല്‍ വാരിയെറിയുന്നതുപോലെ വന്നു പതിക്കുന്നുണ്ട്‌.ചെറിയ മൂടല്‍മഞ്ഞും ഉണ്ട്‌.
ഷാജി പറയാനാരംഭിച്ചു.ഷാജിയുടെ സംസാരം പഴയ വാല്‍'വ്‌ റേഡിയോ പോലെയാണ്‌.പച്ചലൈറ്റും തെളിഞ്ഞ്‌ ശബ്ദം പുറത്തുവരുവാന്‍ അല്‍പ്പം നേരം പിടിക്കും.പിന്നെ നിര്‍ത്താനാണ്‌ വിഷമം.
"കാറ്റുള്ളതിനാല്‍ ആന റോഡിലിറങ്ങും.."
"നിന്റെ കണ്ണിന്‌ ആനയെകാണാന്‍ വിഷമമുണ്ടോ?"രവി കളിയാക്കി.
മഴ തിമിര്‍ത്തു പെയ്തു തുടങ്ങി.മഴവെള്ളം മരത്തലപ്പുകളില്‍ തട്ടി ഇലകളില്‍ പതിച്ച്‌ താഴെവീഴുന്നതും ചീവീടുകളുടേയും ശബ്ദം ഇടകലര്‍ന്ന് വണ്ടിയുടെ ചില്ലിനേയും ഭേദിച്ച്‌ അകത്തുകയറി.വളരേ പതുക്കയാണ്‌ യാത്ര.നേരം സന്ധ്യയായില്ലെങ്കിലും ഇരുട്ടുപരന്നിട്ടുണ്ട്‌.ഒറ്റക്കൊറ്റക്ക്‌ ഓരോ വണ്ടികള്‍ എതിരെ വരുന്നുണ്ട്‌.ഞായറാഴ്ചയായതിനാല്‍ ഗതാഗതം കുറവാണ്‌,.വളവുകളും പുളവുകളും ശ്രദ്ധിച്ചാണ്‌ ഷാജിയുടെ ഡ്രൈവിംഗ്‌.
രവി ഒരു വെണ്മണി കഥ പറയാനൊരുങ്ങുകയാണ്‌.ഒരു രാജകുമാരന്‍ ദേവേന്ദ്രനെ തപസ്സിരുന്നു..തനിക്ക്‌ പൂവങ്കോഴിയായി.....
യാത്രക്ക്‌ രസം കയറി.പൈനാവില്‍ നിന്നും കിലോമീറ്ററുകള്‍ പോന്നിരിക്കുന്നു.വൈപ്പറിനിടയിലൂടെ വഴികാണമെങ്കിലും വ്യക്തമല്ല.
വണ്ടി ഒരു ഇറക്കത്തിലാണ്‌.ഇറക്കത്തിന്റെ അവസാനം ഒരു വളവും.വളവും കഴിഞ്ഞ്‌ വണ്ടി അടുത്ത വളവിലേക്ക്‌ തിരിയാന്‍ തുടങ്ങുമ്പോള്‍ പെട്ടന്ന് വലതുവശത്തുനിന്നും എന്തോ ഒരു കറുത്ത രൂപം വണ്ടിയുടെ മുന്‍പിലേക്ക്‌...ഷാജി വണ്ടി പെട്ടന്ന് ബ്രേക്കിട്ടതിനാല്‍ ഒരു മൂന്നു നാലു്‌ അടി അകലത്തില്‍ വണ്ടി നിന്നു.ഒരു ആനയാണ്‌ വണ്ടിയുടെമുന്‍പിലെന്ന് വിശ്വസിക്കനായില്ല.
"എന്താ വേണ്ടത്‌?"
"എഞ്ചിന്‍ നിര്‍ത്തണ്ടാ റൈസ്‌ ചെയ്ത്‌ പിടിച്ചോ.."
ആന തിരിഞ്ഞ്‌ മുഖാമുഖം നിന്നു.പിടിയാനയാണ്‌.നല്ല കൊഴുത്തിരിക്കുന്നു.ചെവി വട്ടം പിടിച്ചിട്ടുണ്ട്‌.വാല്‍ വളച്ചും.ഇത്രയും അടുത്ത്‌ നാട്ടാനയെ പോലും കണ്ടിട്ടില്ല.
എല്ലാവരും നിശ്ശബ്ദരായി.അനങ്ങാനെ തോന്നിയില്ല.ഡോര്‍ തുറന്ന് പുറത്തിറങ്ങുന്നത്‌ ബുദ്ധിയല്ല.അത്ര അടുത്താണ്‌ ആന.തുമ്പിക്കൈ നീട്ടിയാല്‍ വാഹനം തൊടാം.നിമിഷങ്ങള്‍ മണിക്കൂറുകളായി തോന്നി.ആനയുടെ കണ്ണുകളിലേക്ക്‌ പോലും നന്നായി നോട്ടം ചെല്ലുന്നു.നടുക്കത്തോടെ പണ്ടുകേട്ട ആനക്കഥകള്‍ മനസ്സിലേക്ക്‌ കടന്നു വന്നു.ആന ആ നില്‍പ്പുതന്നെ.ഏതെങ്കിലും ഒരു വലിയ വാഹനം വന്നെങ്കിലെന്ന് ആഗ്രഹിച്ചു.നിസ്സഹായമായ നിമിഷങ്ങള്‍...
ആന പതുക്കെ കാല്‍ പിറകോട്ട്‌ വയ്ക്കുകയാണ്‌.ഒരുകാല്‍....അടുത്തത്‌....ശ്വാസം നേരേവീണു..
പതുക്കെ പിറകോട്ട്‌ നടന്ന്...കാട്ടിലേക്ക്‌ സാവകാശം മറഞ്ഞു..
തണുപ്പിലും വിയര്‍ത്തുവോ?
ഷാജിക്ക്‌ അല്‍പ്പനേരം വണ്ടിയെടുക്കുവാന്‍ ബുദ്ധിമുട്ടുതോന്നി.ഇനിയും റോഡില്‍ ആനകള്‍ കാണുമോ?മെല്ലെ മെല്ലെ ഞങ്ങള്‍ നീങ്ങി..
കുളമാവിലെത്തി ചായ കുടിക്കുമ്പോള്‍ ഷാജി ചോദിച്ചു.
"ആന നിന്നോടെന്താണ്‌ ചോദിച്ചത്‌?"
സ്കൂളില്‍ പഠിക്കുന്ന സമയത്ത്‌ രണ്ടിലോ മൂന്നിലോ ഒരു കഥയുണ്ടായിരുന്നു.ചന്തുവും മാണിക്യനും..അതില്‍ ഒരു ചോദ്യമുണ്ടായിരുന്നു.കരടി നിന്നോട്‌ പറഞ്ഞ സ്വകാര്യം എന്തായിരുന്നു എന്ന്
"ഈ കാരുണ്യം നിങ്ങളില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കണോ?" ഇതായിരിക്കാം പറഞ്ഞത്‌
മുത്തങ്ങയിലേയോ മാട്ടുപ്പെട്ടിയിലേയോ ആനകള്‍ക്ക്‌ മുന്‍പില്‍ പെട്ടായിരുന്നെങ്കില്‍ ഈ കുറിപ്പ്‌ ഉണ്ടാകുമായിരുന്നില്ല.എന്തുകൊണ്ട്‌ ഇടുക്കിലെ ആനകള്‍ സൗമ്യരാകുന്നു?ചോദ്യം ബാക്കിയാകുന്നു..

ഇടുക്കി കാട്ടിലെ ആന എന്നോട്‌ പറഞ്ഞത്‌

ചെറുതോണിയില്‍ നിന്നും പുറപ്പെടുമ്പോള്‍ സമയം 4.30.ഒരു കനത്ത മഴ പെയ്ത്‌ തോര്‍ന്നതേ ഉള്ളൂ.കാറ്റാടിമരക്കാട്ടില്‍ നിന്നും മഴവെള്ളം കുത്തിയോഴുകി റോഡിലേക്ക്‌ കടന്ന് ഊക്കോടെ കലുങ്കിലേക്ക്‌ പതിക്കുന്ന കനത്ത ശബ്ദം.അന്തരീക്ഷത്തില്‍ ചെറിയ മൂടല്‍മഞ്ഞും പടര്‍ന്നിട്ടുണ്ട്‌.ഇപ്പോള്‍ തന്നെ നേരം ഇരുട്ടാകുമാ? ഒരു മഴക്കുകൂടി വട്ടംകൂട്ടുന്നുണ്ട്‌.ഇനിയും താമസിച്ചാല്‍ മഴയും കനത്താല്‍ യാത്ര ദുഷ്കരമാകുമെന്നതില്‍
ഒരു ചൂടന്‍ ചായയും കഴിച്ച്‌ ഞങ്ങള്‍- ഞാന്‍,ഷാജി,രവി-പുറപ്പെട്ടു.ഷാജിയുടേതാണ്‌ ഇന്നോവാ കാര്‍.ഓടിക്കുന്നതും ഷാജിതന്നെ.പിറകില്‍ രവീന്ദ്രന്‍.വളരേ പതുക്കെയാണ്‌ വാഹനം ഓടുന്നത്‌.എങ്ങിനെയായാലും ഒന്ന് ഒന്നര മണിക്കൂര്‍ കൊണ്ട്‌ തൊടുപുഴയിലെത്താം..റോഡില്‍ മഴയത്തും കാറ്റത്തും വീണ ഉണക്കകമ്പുകള്‍..
വണ്ടിക്കകത്ത്‌ എയര്‍കണ്ടീഷന്‍ പ്രവൃത്തിക്കുന്നുണ്ട്‌.മുരുകന്‍ കാട്ടാക്കടയുടെ രേണുക പതിഞ്ഞശബ്ദത്തില്‍ വച്ചിട്ടുണ്ട്‌.വണ്ടി പൈനാവില്‍ എത്തി.അന്തരീക്ഷം മൂടിക്കെട്ടിയും ഈര്‍പ്പമണിഞ്ഞുമാണ്‌.
രവി ഒരു ചായകൂടി ആകാമെന്നു പറഞ്ഞു.ഇവിടം വിട്ടാല്‍ ഇനി കുളമാവിലെത്തണം ഒരു ചായകിട്ടാന്‍.രവിയെ നിരാശപ്പെടുത്തിയില്ല.ഓരോ ചായകൂടി അകത്താക്കി പുറപ്പെട്ടു
ഇനി കാട്ടിനകത്തുകൂടിയാണ്‌ യാത്ര.എത്രയോ തവണ ഇതിലേ യാത്ര ചെയ്തിരിക്കുന്നു.അതിനാല്‍ യാത്രക്ക്‌ പുതുമയൊന്നും തോന്നിയില്ല.മഴ പതുക്കെ ആരംഭിച്ചു.കാറ്റും ഉണ്ട്‌.മുന്‍ വശത്തെ ചില്ലിലേക്ക്‌ മഴത്തുള്ളികള്‍ ചരല്‍ വാരിയെറിയുന്നതുപോലെ വന്നു പതിക്കുന്നുണ്ട്‌.ചെറിയ മൂടല്‍മഞ്ഞും ഉണ്ട്‌.
ഷാജി പറയാനാരംഭിച്ചു.ഷാജിയുടെ സംസാരം പഴയ വാല്‍'വ്‌ റേഡിയോ പോലെയാണ്‌.പച്ചലൈറ്റും തെളിഞ്ഞ്‌ ശബ്ദം പുറത്തുവരുവാന്‍ അല്‍പ്പം നേരം പിടിക്കും.പിന്നെ നിര്‍ത്താനാണ്‌ വിഷമം.
"കാറ്റുള്ളതിനാല്‍ ആന റോഡിലിറങ്ങും.."
"നിന്റെ കണ്ണിന്‌ ആനയെകാണാന്‍ വിഷമമുണ്ടോ?"രവി കളിയാക്കി.
മഴ തിമിര്‍ത്തു പെയ്തു തുടങ്ങി.മഴവെള്ളം മരത്തലപ്പുകളില്‍ തട്ടി ഇലകളില്‍ പതിച്ച്‌ താഴെവീഴുന്നതും ചീവീടുകളുടേയും ശബ്ദം ഇടകലര്‍ന്ന് വണ്ടിയുടെ ചില്ലിനേയും ഭേദിച്ച്‌ അകത്തുകയറി.വളരേ പതുക്കയാണ്‌ യാത്ര.നേരം സന്ധ്യയായില്ലെങ്കിലും ഇരുട്ടുപരന്നിട്ടുണ്ട്‌.ഒറ്റക്കൊറ്റക്ക്‌ ഓരോ വണ്ടികള്‍ എതിരെ വരുന്നുണ്ട്‌.ഞായറാഴ്ചയായതിനാല്‍ ഗതാഗതം കുറവാണ്‌,.വളവുകളും പുളവുകളും ശ്രദ്ധിച്ചാണ്‌ ഷാജിയുടെ ഡ്രൈവിംഗ്‌.
രവി ഒരു വെണ്മണി കഥ പറയാനൊരുങ്ങുകയാണ്‌.ഒരു രാജകുമാരന്‍ ദേവേന്ദ്രനെ തപസ്സിരുന്നു..തനിക്ക്‌ പൂവങ്കോഴിയായി.....
യാത്രക്ക്‌ രസം കയറി.പൈനാവില്‍ നിന്നും കിലോമീറ്ററുകള്‍ പോന്നിരിക്കുന്നു.വൈപ്പറിനിടയിലൂടെ വഴികാണമെങ്കിലും വ്യക്തമല്ല.
വണ്ടി ഒരു ഇറക്കത്തിലാണ്‌.ഇറക്കത്തിന്റെ അവസാനം ഒരു വളവും.വളവും കഴിഞ്ഞ്‌ വണ്ടി അടുത്ത വളവിലേക്ക്‌ തിരിയാന്‍ തുടങ്ങുമ്പോള്‍ പെട്ടന്ന് വലതുവശത്തുനിന്നും എന്തോ ഒരു കറുത്ത രൂപം വണ്ടിയുടെ മുന്‍പിലേക്ക്‌...ഷാജി വണ്ടി പെട്ടന്ന് ബ്രേക്കിട്ടതിനാല്‍ ഒരു മൂന്നു നാലു്‌ അടി അകലത്തില്‍ വണ്ടി നിന്നു.ഒരു ആനയാണ്‌ വണ്ടിയുടെമുന്‍പിലെന്ന് വിശ്വസിക്കനായില്ല.
"എന്താ വേണ്ടത്‌?"
"എഞ്ചിന്‍ നിര്‍ത്തണ്ടാ റൈസ്‌ ചെയ്ത്‌ പിടിച്ചോ.."
ആന തിരിഞ്ഞ്‌ മുഖാമുഖം നിന്നു.പിടിയാനയാണ്‌.നല്ല കൊഴുത്തിരിക്കുന്നു.ചെവി വട്ടം പിടിച്ചിട്ടുണ്ട്‌.വാല്‍ വളച്ചും.ഇത്രയും അടുത്ത്‌ നാട്ടാനയെ പോലും കണ്ടിട്ടില്ല.
എല്ലാവരും നിശ്ശബ്ദരായി.അനങ്ങാനെ തോന്നിയില്ല.ഡോര്‍ തുറന്ന് പുറത്തിറങ്ങുന്നത്‌ ബുദ്ധിയല്ല.അത്ര അടുത്താണ്‌ ആന.തുമ്പിക്കൈ നീട്ടിയാല്‍ വാഹനം തൊടാം.നിമിഷങ്ങള്‍ മണിക്കൂറുകളായി തോന്നി.ആനയുടെ കണ്ണുകളിലേക്ക്‌ പോലും നന്നായി നോട്ടം ചെല്ലുന്നു.നടുക്കത്തോടെ പണ്ടുകേട്ട ആനക്കഥകള്‍ മനസ്സിലേക്ക്‌ കടന്നു വന്നു.ആന ആ നില്‍പ്പുതന്നെ.ഏതെങ്കിലും ഒരു വലിയ വാഹനം വന്നെങ്കിലെന്ന് ആഗ്രഹിച്ചു.നിസ്സഹായമായ നിമിഷങ്ങള്‍...
ആന പതുക്കെ കാല്‍ പിറകോട്ട്‌ വയ്ക്കുകയാണ്‌.ഒരുകാല്‍....അടുത്തത്‌....ശ്വാസം നേരേവീണു..
പതുക്കെ പിറകോട്ട്‌ നടന്ന്...കാട്ടിലേക്ക്‌ സാവകാശം മറഞ്ഞു..
തണുപ്പിലും വിയര്‍ത്തുവോ?
ഷാജിക്ക്‌ അല്‍പ്പനേരം വണ്ടിയെടുക്കുവാന്‍ ബുദ്ധിമുട്ടുതോന്നി.ഇനിയും റോഡില്‍ ആനകള്‍ കാണുമോ?മെല്ലെ മെല്ലെ ഞങ്ങള്‍ നീങ്ങി..
കുളമാവിലെത്തി ചായ കുടിക്കുമ്പോള്‍ ഷാജി ചോദിച്ചു.
"ആന നിന്നോടെന്താണ്‌ ചോദിച്ചത്‌?"
സ്കൂളില്‍ പഠിക്കുന്ന സമയത്ത്‌ രണ്ടിലോ മൂന്നിലോ ഒരു കഥയുണ്ടായിരുന്നു.ചന്തുവും മാണിക്യനും..അതില്‍ ഒരു ചോദ്യമുണ്ടായിരുന്നു.കരടി നിന്നോട്‌ പറഞ്ഞ സ്വകാര്യം എന്തായിരുന്നു എന്ന്
"ഈ കാരുണ്യം നിങ്ങളില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കണോ?" ഇതായിരിക്കാം പറഞ്ഞത്‌
മുത്തങ്ങയിലേയോ മാട്ടുപ്പെട്ടിയിലേയോ ആനകള്‍ക്ക്‌ മുന്‍പില്‍ പെട്ടായിരുന്നെങ്കില്‍ ഈ കുറിപ്പ്‌ ഉണ്ടാകുമായിരുന്നില്ല.എന്തുകൊണ്ട്‌ ഇടുക്കിലെ ആനകള്‍ സൗമ്യരാകുന്നു?ചോദ്യം ബാക്കിയാകുന്നു..

Sunday, August 9, 2009

മറ്റൊരു സൈറ്റിലെ ചിത്രത്തെ കൊണ്ടുവരാം

ഇത്‌ ഒരു സാങ്കേതികവിദഗ്ദന്റെ കുറിപ്പല്ല.അനുഭവമാണ്‌ ഗുരു എന്നു കേട്ടിട്ടില്ലേ.അങ്ങിനെ സ്വന്തം അനുഭവത്തില്‍ നിന്ന് കണ്ടുപിടിച്ചതാണ്‌.ഇത്‌ പുതിയകണ്ടുപിടുത്തമൊന്നുമല്ലായിരിക്കും.
ഇവിടെ പറയുന്നത്‌ മറ്റൊരു സൈറ്റിലുള്ള ഒരു ചിത്രത്തെ സ്വന്തം സൈറ്റില്‍ കൊണ്ടുവരാനുള്ള വിദ്യയാണ്‌.നോക്കാം
ഇത്‌ കേരളാമാട്രിമോണി യുടെ സൈറ്റാണ്‌ .

ഇതിലെ ചതുരത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ചിത്രം ഈ ബ്ലോഗിലെത്തിക്കണം.ഇപ്രകാരം ചെയ്യാം
ആദ്യമായി കഴ്സര്‍ ചിത്രത്തിനുമുകളിലാക്കുക.ഇനി വലത്‌ ക്ലിക്ക്‌ ചെയ്യുക.തുറന്നുവരുന്ന ജാലകത്തില്‍ properties ക്ലിക്കുക.
ഇപ്പോള്‍ കിട്ടുന്ന ജാലകത്തില്‍ ഇമേജിനുനേരേയുള്ള URL കോപ്പിചെയ്ത്‌ ഒരു നോട്ട്‌ പാഡിലേക്ക്‌ പേസ്റ്റ്‌ ചെയ്യുക

ഇനി ഈ ചിത്രം നമ്മുടെ ബ്ലോഗിലേക്ക്‌ കോണ്ടുവരാം.അതിന്‌ താഴെ പറയുന്ന HTML കോഡ്‌ ഉപയോഗിക്കാം



ഫയര്‍ഫൊക്സിലാണെങ്കില്‍ style img src= എന്ന് വേണം
ഇവിടെ കോമക്കകത്ത്‌ ചിത്രത്തിന്റെ url കൊടുക്കുക.
ഇനി ഈ കോഡ്‌ edit posts എടുത്ത്‌ html എടുത്ത്‌ ആവശ്യമുള്ളിടത്ത്‌ പേസ്റ്റ്‌ ചെയ്യുക..save ചെയ്യുക.
ഇപ്പോള്‍ ചിത്രം നമ്മുടെ ബ്ലോഗിലെത്തിയിട്ടുണ്ടാകും.ചിത്രത്തിന്റെ വലിപ്പം width,height എന്നീ ആട്രിബ്യുട്ടുകളുപയോഗിച്ച്‌ വ്യത്യാസപ്പെടുത്താം.
ഇനി ഈ ചിത്രത്തില്‍ ക്ലിക്കുമ്പോള്‍ അതിന്റെ സൈറ്റിലെത്താന്‍ താഴെ പറയുന്ന കോഡ്‌ ഉപയോഗിക്കാം



ഇപ്പോള്‍ ചിത്രത്തെ ക്ലിക്ക്‌ ചെയ്താല്‍ ആ സൈറ്റിലേക്ക്‌ ചെല്ലാം.സൈറ്റിന്റെ url കിട്ടാന്‍ ആ സൈറ്റ്‌ ഓപ്പണ്‍ ചെയ്ത്‌ address ബാറില്‍ കാണുന്നത്‌ കോപ്പി ചെയ്താല്‍ മതിയാകും.
പരീക്ഷിച്ച്‌ നോക്കൂ.
താഴത്തെ ചിത്രം അങ്ങിനെ കോണ്ടുവന്നതാണ്‌

Wednesday, August 5, 2009

രാമായണം ആര്‍ക്കും സ്വന്തമല്ല

രാമായണ കഥ ഇഷ്ടപ്പെടാത്ത ആരെങ്കിലുമുണ്ടോ?ഇത്രയേറെ കഥാപാത്രങ്ങളുംഫിക്ഷനും ആക്ഷനും നിറഞ്ഞ ഒരു സാഹിത്യ സൃഷ്ടിയും ഭൂലോകത്തുണ്ടാകില്ല.പത്തുതലയുള്ള രാവണനും പറക്കുന്ന കുരങ്ങനും ഇന്നോളമുള്ള ഒരു സാഹിത്യത്തിലേയും കഥാകാരന്റെ സങ്കല്‍പ്പത്തില്‍ വന്നിട്ടില്ല..വനവാസകാലവും,സേതുബന്ധനവും രാമരാവണയുദ്ധവും ത്രസിപ്പിക്കുന്നതുംഭാവനയുടെ അപാരതയിലേക്ക്‌ നിശ്ചയമായും നമ്മളെ എത്തിക്കുന്നതുമാണ്‌.
ഒരു ലോകോത്തര ക്ലാസ്സിക്കുകളും രാമായണത്തിനു പകരം നില്‍ക്കില്ല.ഇത്രത്തോളം സമഗ്രതയും കെട്ടുറപ്പും ആദ്യാവസാനം സൂക്ഷിച്ച ഒരു കൃതിയുണ്ടോ?സംഭവങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണികള്‍ അത്ഭുതത്തോടെയേ കാണാനാകൂ. മകനെ കാണാതെയായിരിക്കും ദശരഥന്റെ അന്ത്യം എന്ന് നിശ്ചയിക്കപ്പെട്ടതായിരുന്നു.ഇതൊരു വൃദ്ധദമ്പതികളുടെ ശാപവുമായി ബന്ധപ്പെട്ടിരിക്കുന്നു.ഇങ്ങനെ കഥയുടെ പുരോഗതി പരസ്പരബന്ധിതമാണ്‌.ഇത്തരത്തില്‍ രംഗങ്ങളെ പരസ്പരം ഇഴമുറിയാതെ കോര്‍ത്തിണക്കി രൂപപ്പെടുത്താന്‍ കഥാകാരന്‍ കാണിച്ച പാടവം ഏതു വിശ്വസാഹിത്യകൃതിയില്‍ കാണും.?
എന്നിട്ടും വിശ്വസാഹിത്യത്തില്‍ രാമായണത്തിന്റെ സ്ഥാനം എവിടെ നില്‍കുന്നു എന്നു കാണുമ്പോള്‍ വിഷമം തോന്നും
ഇത്‌ പ്രധാനമായും രാമായണം ഹിന്ദുവുശ്വാസികളുടെ പുണ്യ ഗ്രന്ഥമായി പരിഗണിച്ചുപോന്നു എന്നതിനാലാണ്‌.മറ്റൊന്ന് സംസ്കൃതത്തിന്റെ പ്രചാരക്കുറവും.
രാമായണം ഇംഗ്ലീഷിലോ,ലാറ്റിനിലോ രചിക്കപ്പെട്ടിരുന്നെങ്കില്‍ ഇന്നത്‌ ലോകോത്തരക്ലാസീക്കായേനേ.ഇന്‍ഡ്യാക്കാര്‍ വളരേ ബഹുമാനത്തോടെയും ഭവ്യതയോടെയും കൊണ്ടുനടന്നേനേ.ഒരു നോബല്‍സമ്മാനവും അടിച്ചെടുത്തേനേ.
സത്യത്തില്‍ രാമായണവും ഹിന്ദുമതവും തമ്മില്‍ ഒരു ബന്ധവുമില്ല.രാമായണം രചിച്ച കാലയളവില്‍ ഭാരതത്തില്‍ ഒരു മതവും രൂപപ്പെട്ടിരുന്നില്ല.ഭാരതീയസംസ്കാരത്തിന്റെ സംഭാവനകളില്‍ ഒന്നു മാത്രമാണ്‌ രാമായണം.അത്‌ ഹിന്ദു സംസ്കാരവുമല്ല.പിന്നീട്‌ ഹിന്ദു വര്‍ഗ്ഗീയവാദികള്‍ രാമായണത്തെ സ്വന്തമാക്കുകയായിരുന്നു.ഇതുമൂലം സാര്‍വദേശീയതലത്തില്‍ ഒരു വിശ്വസാഹിത്യകൃതി എന്ന നിലയില്‍ ലഭിക്കേണ്ട അംഗീകാരം കിട്ടാതെപോയി.രാമായണം ഭാരതത്തിലെ മുഴുവന്‍ ജനങ്ങളുടേയും സ്വത്താണ്‌.ഒരു മതത്തിനും രാമായണം സ്വന്തമല്ല.ഒരു മതത്തിന്റേയും പുണ്യഗ്രന്ഥമല്ല.
എഴുത്തച്ഛന്റെ രാമായണംകിളിപ്പാട്ട്‌ മലയാളഭാഷയുടെ ഖ നിയാണ്‌.പതിനായിരക്കണക്കിന്‌ പദങ്ങളുടെ നിധിയാണത്‌.
രാമായണംകിളിപ്പാട്ട്‌ പഠിക്കാതെ ഒരു മലായള പഠനവും പൂര്‍ത്തിയാകില്ല.മിക്ക മലയാളസാഹിത്യകാരന്മാര്‍ക്കും പ്രചോദനവും ഭാവനയും സര്‍ഗാത്മകതയും സമ്മാനിച്ചത്‌ രാമായണം കിളപ്പാട്ടാണ്‌.
കവിതചൊല്ലലിന്റെ ശൈലി താന്‍ പഠിച്ചത്‌ മുത്തശ്ശിയുടെ രാമായണം ചൊല്ലല്‍ കേട്ടിട്ടാണെന്ന് മധുസൂദനന്‍ നായര്‍ പറഞ്ഞിട്ടുണ്ടല്ലോ.മന്ത്രി സുധാകരനും രാമായണ പണ്ഡിതനാണ്‌.മുത്തശ്ശിയില്‍ നിന്നാണ്‌ സുധാകരനും രാമായണം ഹൃദിസ്ഥമാക്കുന്നത്‌.
വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക്‌ ഭാവനയും സര്‍ഗ്ഗാത്മകതയും എന്തിന്‌ സ്വഭാവരൂപീകരണത്തിനുവരെ രാമായണകഥ സഹായിക്കും.ജാതിമതവ്യത്യാസമില്ലാതെ രാമായണം ഓരോ മലയാളിയും പഠിക്കേണ്ടേ?അത്തരത്തില്‍ ഒരു മതനിരപേക്ഷപ്രവര്‍ത്തനം ഉണ്ടാകണം.കര്‍ക്കിടകത്തില്‍ ബൈബിള്‍ വായിക്കാന്‍ ഒരു കൃസ്തീയ വിഭാഗത്തിന്റെ ആഹ്വാനം ബാലിശമെന്നേ പറയാനുള്ളൂ.
രാമായണം ഒരു മതവിഭാഗത്തിനുമെതിരല്ല.ഹാരീപോട്ടര്‍ കഥപോലെ ചാള്‍സ്‌ ഡിക്കന്‍സ്‌ കഥപോലെ ഒരു ഫിക്ഷന്‍ കഥപോലെ രാമായണത്തെ കണ്ടാല്‍ ഈ അയിത്തം അവസാനിക്കും.

ഒരു രാമായണം ക്വിസ്സ്‌ താഴെ

Wednesday, July 29, 2009

ജയ്ഹൊ- ഇനി ബംഗാളി ആല്‍ബം

ലോകത്തിലെ സംഗീതവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ സ്വതന്ത്ര പ്രസ്ഥാനമായ just plain Folks ന്റെ 2009 ലെ ഇന്‍ഡ്യന്‍ ക്ലാസ്സിക്കല്‍ മുസിക്‌ ഫോക്സ്‌ അവാര്‍ഡിന്‌ ബംഗാളി ആല്‍ബമായ"മിസികി മിസികി" നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നു.ജെപീഫ്‌ 55000ത്തോളം വരുന്ന ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ഗാനരചയിതാക്കള്‍,പ്രസാധകര്‍,റിക്കാര്‍ഡിംഗ്‌ ആര്‍ട്ടിസ്റ്റുകള്‍ എന്നിങ്ങനെ ഈ രംഗത്തുള്ളവരുടെ ഒരു ഓണ്‍ലൈന്‍ കൂട്ടുകെട്ടാണ്‌.ഓരോ വര്‍ഷവും വിവിധ രംഗത്ത്‌ ഗാനങ്ങള്‍ക്ക്‌ ജേപീഫ്‌ നല്‍കുന്ന അവാര്‍ഡ്‌ ഗ്രാമ്മി,എമ്മി അവാര്‍ഡ്കള്‍ക്കൊപ്പം നില്‍കാവുന്നതായാണ്‌ സംഗീതാസ്വാദകര്‍ കരുതുന്നത്‌.ഏറ്റവും വലിയ അവാര്‍ഡ്‌ ജനകീയമാകണമെന്നില്ല ജനകീയമായ അവാര്‍ഡ്‌ ഏറ്റവും വലുതും പ്രസിദ്ധവുമാകണമെന്നില്ല.പക്ഷേ ജെപീഫ്‌ അവാര്‍ഡ്‌ അഭിമാനമായി ലോകത്തിലെ സംഗീതാസ്വാദകര്‍ കരുതുന്നു.
മിസികി മിസികിയിലെ ജാജബോര്‍.....എന്ന ഗാനം ഇന്‍ഡ്യയിലെ എറ്റവും മികച്ച ഗാനമായി നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നുണ്ട്‌.

ഇവിടെ ഇത്തരമൊരു സാധ്യത മലയാളത്തിലും നമ്മുടെ കലാകാരന്മര്‍ക്കും ആസ്വാദകര്‍ക്കും ആലോചിക്കാവുന്നതാണേന്ന് തോന്നുന്നു.ലോകത്തുള്ള മലയാള സംഗീതാസ്വാദകരുടേയും കലാകാരന്മാരുടെയും ഒരു കൂട്ടുകെട്ട്‌. ആലോചിക്കുമ്പോള്‍ പോലും രസംതോന്നുന്നു..പുതിയ മേഖലകളും ആശയങ്ങളും ഇതില്‍ നിന്നും മുളയ്ക്കും.
ജാജബോര്‍ കേള്‍ക്കൂ...

Wednesday, July 22, 2009

'ഏകജാലക'പ്പേടി

ഈ വര്‍ഷത്തെ പ്ലസ്‌ വണ്‍ അഡ്മിഷന്‍ പൂര്‍ത്തിയായി ക്ലാസ്സുകള്‍ ആരംഭിച്ചു.രണ്ട്‌ വര്‍ഷം മുന്‍പാണ്‌ പ്ലസ്‌ വണ്‍ അഡ്മിഷന്‌ ഏകജാലക സമ്പ്രദായം രാജ്യത്ത്‌ ആദ്യമായി കേരളത്തില്‍ നടപ്പിലാക്കിയത്‌.ഒരു പുതിയ സംരഭമെന്നനിലയില്‍ തുടക്കത്തില്‍ കുറേയേറേ പോരായ്മകള്‍ ഉണ്ടായിയെന്നത്‌ സത്യമാണെങ്കിലും ഈ വര്‍ഷം ഏറ്റവും കൃത്യമായും വേഗത്തിലും നിശ്ചയിച്ച പ്രകാരവും അഡ്മിഷന്‍ പൂര്‍ത്തിയാക്കി.ഈ വര്‍ഷം മുതല്‍ മറ്റു പല സംസ്ഥാനങ്ങളും ഈ പാത സ്വീകരിച്ചിരിക്കുന്നു എന്നത്‌ എടുത്തുപറയേണ്ടതാണ്‌.മഹാരാഷ്ട്രയില്‍ അഡിമിഷന്‍ നടപടികള്‍ നടന്നു കൊണ്ടിരിക്കുന്നു. ഓഗസ്റ്റ്‌ 5 നേ ക്ലാസ്സ്‌ തുടങ്ങുന്നുള്ളൂ.

രണ്ടുവര്‍ഷം മുന്‍പ്‌ ഏകജാലകത്തിനെതിരെ മാനേജ്മെന്റുകളും പ്രതിപക്ഷപാര്‍ട്ടികളും എന്തു കോലാഹലമാണ്‌ ഉണ്ടാക്കിയത്‌.കോണ്‍ഗ്രസ്സ്‌ അധികാരത്തില്‍ വന്നാല്‍ ഏകജാലകം നിര്‍ത്തും എന്ന് ചെന്നിത്തല എന്ത്‌ ആവശത്തോടെയാണ്‌ പറഞ്ഞത്‌.കാതോലിക്കാ മാനേജ്‌ മെന്റാണ്‌ ഏകജാലകത്തിനെതിരെ ശക്തമായിമുന്‍പന്തിയില്‍ നിന്നത്‌.കോണ്‍ഗ്രസ്സ്‌ കാത്തോലിക്കാസഭക്കുവേണ്ടി തുള്ളുന്ന ഒരു പാര്‍ടിയായി പരിണമിച്ചിരിക്കുന്നു.
ഇവിടെ ഒരു പോസ്റ്റ്‌ മോര്‍ട്ടം ആവശ്യമാണെന്ന് തോന്നുന്നു.

എയ്ഡഡ്‌ സ്കൂളുകളിലെ 50% പ്ലസ്‌ വണ്‍ സീറ്റുകള്‍ സര്‍ക്കാരിന്റേതാണ്‌.ഈകാലമത്രയും ഈ സീറ്റുകളിലേക്ക്‌ അഡ്മിഷന്‍ നടത്തിവന്നത്‌ മാനേജ്‌മന്റ്‌ തന്നെയായിരുന്നു.യാതോരു സുതാര്യമല്ലാതെയും പണം വാങ്ങിയുമായിരുന്നു അഡ്മിഷന്‍ നടത്തിയത്‌ എന്ന് മാലോകര്‍ക്കെല്ലാം അറിയാമായിരുന്നു.പണം വാരാനുള്ള തങ്ങളുടെ ഒരു സാധ്യതകൂടി ഏകജാലകത്തോടെ അവസാനിച്ചതാണ്‌ ഇവരെ പ്രകോപിപ്പിച്ചത്‌.

സര്‍ക്കാര്‍ സീറ്റുകളില്‍ അഡ്മിഷന്‍ നടത്താന്‍ സര്‍ക്കാരിന്‌ അവകാശമില്ലാന്നോ?മാനേജ്‌മന്റ്‌ സീറ്റില്‍ സര്‍ക്കാരിന്‌ അവകാശമില്ലന്നെപോലെ സര്‍ക്കാര്‍ സീറ്റില്‍ മാനേജ്മെന്റിനും അവകാശമില്ലെന്ന ലളിത നിയമം ഇവര്‍ക്കെന്തേ ബാധകമല്ലാത്തത്‌?ദൈവത്തിനുള്ളത്‌ ദൈവത്തിനും സീസര്‍ക്കുള്ളത്‌ സീസര്‍ക്കും എന്നത്‌ സഭക്ക്‌ ബാധകമല്ലന്നോ?മറ്റൊന്ന് പട്ടികജാതി/വര്‍ഗ്ഗസീറ്റുകളില്‍ ഒരിക്കലും മുഴുവനായും അപേക്ഷകരുണ്ടാവില്ല.ഈ സീറ്റുകള്‍ കൂടി മാനേജ്‌മന്റ്‌ കൈവശപ്പെടുത്താറാണ്‌ പതിവ്‌.കോണ്‍ഗ്രസ്സ്‌ എന്തിനാണ്‌ ഈ മാനേജ്‌ മെന്റിന്റെ താളത്തിന്‌ തുള്ളുന്നത്‌?സഭക്ക്‌ വേദനിക്കുമ്പോള്‍ കോണ്‍ഗ്രസ്സിനും വേദനിക്കുന്നു.സഭയുടെ സന്തോഷം കോണ്‍ഗ്രസ്സിന്റെ സന്തോഷം ..
ഈ വര്‍ഷം ഏകജാലകത്തെപറ്റി ആരും ഒന്നും മിണ്ടാത്തതെന്തേ?ഒരു പത്രവും മത്തങ്ങ നിരത്താത്തതെന്തേ?

ഇവിടെ ശ്രദ്ധിക്കേണ്ട രണ്ടു സംഗതികളാണ്‌.
1)സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന അദ്ധ്യാപകരെ നിയമിക്കുവാന്‍ തങ്ങള്‍ക്കാണെന്ന മാനേജ്‌ മെന്റിന്റെ അവകാശത്തിന്മേല്‍ മറ്റൊരു വഴിയേ സര്‍ക്കാര്‍ മറുപടി നല്‍കിയിരിക്കുന്നു.എങ്കില്‍ സര്‍ക്കാര്‍ സീറ്റുകള്‍ സര്‍ക്കാരിനെന്ന മറുപടി...ഇതാണ്‌ പേടിയുടെ കാരണവും.
2)ഏതു പുതിയ സംരഭത്തേയും കാടടച്ച്‌ എതിര്‍ക്കുന്ന നമ്മുടെ ശീലം ഒന്നു കൂടി പുറത്തു വന്നിരിക്കുന്നു.നല്ലതിനേയും ചീത്തയേയും തിരിച്ചറിയാന്‍ പാടില്ലത്ത അവസ്ഥ.
അടുത്ത വര്‍ഷം മുതല്‍ കോളേജുകളില്‍ കൂടി ഏകജാലകം നടപ്പിലാക്കണമെന്നാണ്‌ അഭിപ്രായം.കാലം ആ വഴിയേ വരും

Friday, June 26, 2009

നാവില്‍ സരസ്വതി..നാളത്തെ കഞ്ഞി

മുപ്പതു വര്‍ഷങ്ങള്‍ക്കുമുന്‍പുള്ളൊരു സ്കൂള്‍ അനുഭവത്തില്‍ നിന്നു്‌ തുടങ്ങാം,.ഏതെങ്കിലും ഒരു പീരീഡില്‍ അദ്ധ്യാപകനില്ലെങ്കില്‍ ക്ലാസ്സ്‌ ടീച്ചര്‍ വന്ന്‌ ക്ലാസ്സിലെ ഒരു മിണ്ടാപ്പൂച്ചയെ ഒരു ചുമതല ഏല്‍പ്പിക്കും.ക്ലാസ്സില്‍ വര്‍ത്തമാനം പറയുന്നവരുടെ പേര്‌ കുറിക്കാന്‍.പിന്നെ ക്ലാസ്സില്‍ നിശ്ശബ്ദതയായി.എങ്കിലും നാവടക്കിനിര്‍ത്താനാകാത്തവര്‍ ശബ്ദം കുറച്ചാണെങ്കിലും വെല്ലുവിളിയെ നേരിടും.എങ്കിലും കുറെപ്പേര്‍ കേഡിലിസ്റ്റില്‍ കയറും.പീരീഡ്‌ തീരുന്നതിനുമുന്‍പെ അദ്ധ്യാപകന്‍ എത്തുകയായി.മിണ്ടാപ്പൂച്ച തയ്യാറാക്കിയ ലിസ്റ്റിലുള്ളവര്‍ക്ക്‌ പിന്നെ ചൂരല്‍ കഷായം ഉറപ്പ്‌.ഇങ്ങിനെ സ്ഥിരം കേഡിലിസ്റ്റില്‍ പെടുന്ന ഒരാളായിരുന്നു ബാബുപോള്‍.ഒരു നിമിഷം നാവടക്കിനിര്‍ത്തുവാന്‍ ബാബുവിനാകില്ല.എപ്പോഴും സംസാരം.അതും വളരേ ആകഷകം.പലപ്പോഴും ബാബുവിന്റെ സംസാരംകേട്ട്‌ ക്ഷമനശിച്ച്‌ ചിരിക്കുന്നവരോ അറിയാതെ ആ വര്‍ത്തമാനങ്ങളില്‍ പെട്ടുപോകുന്നവരോ ആണ്‌ കേഡിലിസ്റ്റില്‍ പെടാറ്‌.പക്ഷെ ബാബുവിനൊതൊന്നും പ്രശ്നമല്ല.
ഈ അനുഭവം പഠിപ്പിച്ചതെന്താണ്‌?ക്ലാസ്സില്‍ മിണ്ടാതിരിക്കുന്നവര്‍ നല്ലകുട്ടികള്‍.അദ്ധ്യാപകന്റെ ഇഷ്ടഭാജനം.സംസാരിക്കുന്നവര്‍ ചീത്തകുട്ടികള്‍.അവരോട്‌ കൂട്ടുകൂടുന്നതുതന്നെ നല്ല സ്വഭാവമല്ല..എന്നിങ്ങനെയൊക്കയാണ്‌.
ഭാഷയും സംസാരശേഷിയുമുള്ള ഏക ജീവിയാണു്‌ മനുഷ്യന്‍.മിണ്ടാതിരിക്കുവാന്‍ പരിശീലിപ്പിക്കുക എന്നത്‌ ഏറ്റവും വലിയ ദ്രോഹമാണ്‌.വളര്‍ന്നുവരുന്ന കുട്ടികളില്‍ പരിശീലിപ്പിച്ചെടുക്കേണ്ട ഒരു ശീലമാണ്‌ നല്ല ആശയവിനിമയശേഷി.ശരിക്കും പറഞ്ഞാല്‍ സ്കൂളുകളില്‍ തമ്മില്‍തമ്മില്‍ വര്‍ത്തമാനം പറയാന്‍ തന്നെ ഒരു പീരീഡ്‌ നല്‍കണമെന്നാണ്‌ അഭിപ്രായം.അവര്‍ ധാരാളം വര്‍ത്തമാനങ്ങള്‍ പറയട്ടെ..ചിരിക്കട്ടെ..എന്നാല്‍ ഇന്നത്തെ അദ്ധ്യാപകര്‍ ചെയ്യുന്നത്‌ വലിയ ദ്രോഹവും..അശാസ്ത്രീയവുമാണ്‌.
ഇനി ബാബുവിലേക്ക്‌ വരാം..മുപ്പത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം..ബാബുവിന്ന്‌ അറിയപ്പെടുന്ന അഭിഭാഷകനും പ്രാസംഗികനുമാണ്‌.ക്ലാസ്സിലെ പല മിണ്ടാപ്പൂച്ചകളും സര്‍ക്കാര്‍ സര്‍വീസിലെ അടുത്തൂണ്‍ പറ്റാറായ ഒരു ഗുമസ്തനൊ സൂപ്രണ്ടോ മാത്രമാണിന്ന്‌..എന്നതാണ്‌ സത്യം
പ്രസംഗവും നല്ല ആശയവിനിമയശേഷിയും ഒരു കലയും സ്വത്തുമാണ്‌.ലോകത്തെ മാറ്റിമറിച്ചിട്ടുള്ള എത്രയോ പ്രസംഗങ്ങള്‍.മാര്‍ട്ടിന്‍ ലൂതര്‍കിംഗ്‌,സ്വാമി വിവേകാനന്ദന്‍,നെഹ്രു......തുടങ്ങി അനവധി പേര്‍.

വിഷയമെന്തുമാകട്ടെ നല്ല പ്രസംഗം എനിക്ക്‌ ഇന്നുമൊരു ഹരമാണ്‌.അത്‌ രാഷ്ട്രീയമായാലും സാഹിത്യമായാലും എന്തിന്‌ സുവിശേഷമായാല്‍പ്പോലും..
ഏറ്റവും ആകര്‍ഷിച്ചിട്ടുള്ള പ്രസംഗം നായനാരുടേതാണ്‌.കാര്യവും തമാശയും കേള്‍വിക്കാരോട്‌ ഇടപഴകിയുമുള്ള ആ പ്രസംഗ വൈഭവം ഒന്നുവേറേ തന്നെ.മറ്റൊന്ന്‌ എം.പി.മന്മഥന്‍ സാറിന്റേതാണ്‌ .ആ ഘനഗംഭീരമായ ശബ്ദവും വ്യക്തതയും വിശകലന രീതിയും അപാരം തന്നെ.
ഇന്നത്തെ പ്രാസംഗീകരില്‍ ഞാന്‍ കേട്ടിട്ടുള്ളതില്‍ വച്ച്‌ ഏറെ ആകര്‍ഷിച്ചിട്ടുള്ളത്‌ ഇവരുടെയാണ്‌..സുകുമാര്‍ അഴീക്കോട്‌,അബ്ദുള്‍ സമദ്‌ സമദാനി,കെ.എന്‍ .രവീന്ദ്രനാഥ്‌,കെ.ഇ.എന്‍,.......
പി.ഡി.പി എന്ന പ്രസ്ഥാനത്തിന്റെ നിലനില്‍പ്‌ മ്‌ അദ്നിയുടെ വായിലെ നാവിന്റെ ബലത്തില്‍ മാത്രമായിരുന്നു.മ്‌ അദ്‌ നിയെക്കാള്‍ ഭരണകൂടം പേടിച്ചത്‌ മ്‌ അദ്‌ നിയുടെ നാവിനെയായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാം.

ഈ അടുത്തകാലത്ത്‌ കേട്ട ഒരു പ്രസംഗവും വല്ലാതെ ഇഷ്ടപ്പെട്ടു.ഏഴാച്ചേരി രാമചന്ദ്രന്റേത്‌..സംസാരത്തിന്റെ ഒഴുക്ക്‌,അടുത്തവാക്കിനോ വാചകത്തിനോ കാത്തുനിലക്കേണ്ടാത്ത സാഹിത്യം തുളുമ്പുന്ന ഒരു സുകുമാരകല.കേള്‍ക്കുക.....
ഇന്ന് വായിലെ നാക്ക്‌ പലര്‍ക്കും ഒരു വരുമാനവും തൊഴിലുമാണ്‌.എന്തായാലും ആ കഴിവിനെ സ്തുതിക്കാതെ വയ്യ.

Tuesday, June 16, 2009

പെണ്ണുങ്ങളുടെ ഫ്രീഡത്തെപ്പറ്റി കത്രീന എഴുതുന്നു..

കര്‍ത്താവിനു സ്തുതി
പ്രിയപ്പെട്ട അല്‍ഫോണ്‍സാ ചേച്ചി അറിയുന്നതിന്‌ കത്രീന എഴുതുന്നത്‌

എന്റെ ചേച്ചി.........രണ്ടുദിവസായി ചേച്ചിക്ക്‌ ഒന്നു ഫോണ്‍ ചെയ്യുന്നതിന്‌ വിചാരിക്കുന്നു.ഇവിടത്തെ ഈ മുടിഞ്ഞ ചട്ടോം നീമോം കാരണം വല്ലതും പറ്റ്വോ? ഇപ്പം ആരുമില്ല.ഒരു മരത്തലയനേം പേടിക്കാണ്ടെ എഴുതാമല്ലോ?പിന്നേ...ഞാന്‍ വീട്ടിലല്ലാട്ടോ..രണ്ടു ദെവ
സായി ഒരു വയ്റ്റീനോവ്‌.അതിയാനോട്‌ പറഞ്ഞപ്പോള്‍ ഇനി വച്ചോണ്ടിരുന്നാല്‍ പ്റ്റില്ലാന്ന്‌ പറഞ്ഞ്‌ ദേ ഇവിടെയാക്കി...അതിയാന്‍ പോയി..ഇവിടെ ആരുമില്ല.സിസ്റ്റര്‍മാരു പറയ്‌വാ..പുറത്തേക്ക്‌ പോണ്ടാ ഇതിനകത്ത്‌ ഇരുന്നാമതീന്ന്‌.എന്റെ കാര്യല്ലേ..ഞാന്‍ ദാ ഈ കട്ടിലേന്ന്‌ ഇറങ്ങുന്ന പ്രശ്നമില്ല.വേറെയാരൂട്ട്‌ വരൂമില്ല.സുകംതന്നെ ചേച്ചീ..അവളുമാര്‌ വന്ന്‌ എന്തൊക്കെയോ മരുന്ന്‌ തരും.നമ്മള്‌ എന്തോക്കെ ഈ പെണ്ണുങ്ങളുടെ സ്പീഡത്തെപ്പറ്റിപ്പറഞ്ഞാലും ഈ ജന്തുക്കളുടെ മോന്ത കണ്ടാല്‍ കലിവരും.ഒരു വര്‍ക്കത്തില്ലാത്ത ശവങ്ങള്‌..എന്നാലും ഞാന്‍ ക്ഷമിക്കും.പെണ്ണുങ്ങളല്ലേ...ഈ സ്പീഡത്തെപ്പറ്റി ഇവരുമൊക്കെ അറ്യേണ്ടേ?ഞാനിവരോട്‌ പെണ്ണുങ്ങളുടെ സ്പീഡത്തെപ്പറ്റി ഇടക്ക്‌ വച്ച്‌ കാച്ചിക്കോടുക്കും...ചേച്ചിപറഞ്ഞുതന്നപോലെ.അവളുമാര്‌ ഒന്ന്‌ ഇളിക്കും..അല്ലാണ്ടെ കമാന്നൊരക്ഷരം മിണ്ടില്ല.ഒരുത്തിക്കും ആ ബോതമൊന്നുമില്ലന്നേ..അവളുമാര്‌ ഈ ആണുങ്ങളുടെ ഇടി കോണ്ട്‌ കിടക്കുന്ന എരണംകെട്ടതുങ്ങളാണന്ന് എനിക്ക്‌ അപ്പളേ തോന്നി.ചേച്ചിപറേണത്‌ എത്രയോ ശരിയാ..നമുക്ക്‌ ഈ പെണ്ണുങ്ങള്‍ക്ക്‌ വല്ലോ സ്പീഡോമുണ്ടോ?ഈ സാതന്ത്ര്യന്നും ഫ്രീഡന്നും പറയാന്‍ കത്രീനക്ക്‌ അറിയാഞ്ഞിട്ടൊന്നുമല്ല.സ്പീഡമ്ന്ന് പറഞ്ഞാല്‍ അതിന്റെ സ്റ്റയിലൊന്നുവേറെയാ.ആണുങ്ങളുടെ സ്പീഡം ഭയങ്കരം തന്നെയാട്ടോ.ചേച്ചി പറേണത്‌ അച്ചട്ട്‌ ശരിയാട്ടോ. ഈ ആണുങ്ങള്‍ക്ക്‌ എപ്പെവണേലും പുറത്തുപോകാം..പതിരാത്രീന്നോ പെലെകാലേന്നോ ഇല്ല.നമുക്കോ? അവ്ര്ക്ക്‌ റോഡിന്റെ നടുക്കെന്നോ കവലേന്നോ ഇല്ലാതെ വട്ടംകൂടിനിന്ന് കുന്നായ്മ പറയാം..എന്തൊരു സ്പീഡം. ഈ കള്ളുഷാപ്പ്‌ അവര്‍ക്കുമാത്രമല്ലേ?നമുക്കങ്ങാനും അങ്ങോട്ടോന്നു ചെല്ലന്‍ പറ്റ്വൊ? ഈ ആണുങ്ങള്‍ക്ക്‌ എവിടെവേണമെങ്കിലും മൂത്രമൊഴിക്കാം..നമ്മളെങ്ങാന്‍ അങ്ങിനെവല്ലതുംചെയ്താല്‍ പിന്നെ പുകിലായി.. അവര്‍ക്ക്‌ കണ്ട റബ്ബര്‍ തോട്ടത്തിലോ പറമ്പിലോ ഇരുന്ന് ചീട്ടുകളിക്കാം കലുങ്കിമ്മേലിരുന്ന് ഇവമ്മാരുടെ ഒരു വര്‍ത്താനം കണ്ടാല്‍ എനിക്ക്‌ ചൊറിഞ്ഞ്‌ കേറും....ഒരു സ്പീഡം. ചേച്ചി പറേണതെല്ലാം കറക്റ്റാ.. അതിയാനെ ഒരിക്കല്‍ ഞാന്‍ പറ്റിച്ചു. അതിയാനൊരു ശീലമുണ്ട്‌.പെലകാലെ കിടക്കാപ്പായേല്‍ തന്നെ കട്ടന്‍ ചായ കിട്ടണം.കണ്ണുതുറന്നാല്‍ എടീ കത്രീനേ..എന്നൊരു വിളിയാ.അതു കേട്ടാല്‍ എനിക്ക്ങ്ങട്‌ അടിമുതല്‍ മുടിവരെ ചൊറിഞ്ഞ്‌ കേറും.ഒരു ദിവസം ഞാന്‍ അനങ്ങീല്ലാന്ന് മാത്രമല്ല..ഞാന്‍ എണീറ്റ്‌ കെടക്കപ്പായേല്‍ ചടഞ്ഞിരുന്നു. കറിയാച്ചാ പോയേ..പോയി കടുംചായ അനത്തിതന്നേ..അല്‍പ്പം ശബ്ദം കൂടിപ്പോയന്ന് തോന്നുന്നു.കറിയാച്ചന്‍ നടുങ്ങിപ്പോയില്ലേ.ആ മോറ്‌ കണ്ടപ്പോള്‍ എനിക്ക്‌ മനസ്സില്‍ ചിരിയാണ്‌ വന്നത്‌. ഇതേയ്‌ പെണ്ണുങ്ങളുടെ സ്പീഡത്തിന്റെ കാര്യമാ.. കറിയാച്ചന്‍ പൂച്ചക്കുട്ടിയേപ്പോലെ ചായ അനത്തി കത്രീനേടെ മുന്‍പില്‍ കൊണ്ടുവച്ചു...എനിക്ക്‌ ചിരിപൊട്ടി. എന്റെ കത്രീനേ നിര്‍ത്തെന്ന് കറിയാച്ചന്‍ പറഞ്ഞിട്ടും എനിക്ക്‌ പറ്റീല്ലാ ചേച്ചി....പാവം മിണ്ടീല്ല. എന്റെ തലേലെഴുത്തെന്ന് പറേണത്‌ ഞാന്‍ കേട്ടു. വേറൊരു സംബവം പറയാന്‍ ഞാന്‍ മറന്നു,.ഞാന്‍ പറഞ്ഞിട്ടാ അതിയാനൊരു സ്കൂട്ടറുമേടിച്ചത്‌.ചുമ്മാ അതിന്റെ വലത്തേ പിടിയേപ്പിടിച്ച്‌ തിരിച്ചാല്‍ ദേ ശൂന്ന് പൊക്കോളും.നിര്‍ത്താന്‍ ഇടത്തേ രണ്ടുകോലും ചേത്ത്‌ അങ്ങ്‌ പിടിച്ചാല്‍ മതി. ഈ സ്കൂട്ടറോക്കെ കത്രീനക്ക്‌ പുല്ലാ.അതിയാനേം കേറ്റി ഞാനാണ്‌ ഓടിക്കുന്നത്‌... പെണ്ണുങ്ങളുടെ സ്പീഡത്തിന്റെ കാര്യമാ ഇതെന്ന് ഞാന്‍ കറിയാച്ചനോട്‌ പറഞ്ഞു.നമ്മുടെ സക്കറിയാച്ചന്റെ മോള്‍ടെ ആദ്യകുര്‍ബാനക്ക്‌ പോകുവാ..അതിയാന്‍ പുറകിലും..മറ്റത്തിലെ ജോണിച്ചായന്റെ റബ്ബര്‍ തോട്ടത്തിലൂടെ പോകുമ്പോള്‍ കറിയാച്ചന്‌ ഒരു മൂത്രശങ്ക..ഞാന്‍ വണ്ടി നിര്‍ത്തി..കറിയാച്ചന്‍ ആ റോഡരുകില്‍ തുണീം പൊക്കി സാധിക്കുന്നു..എനിക്കങ്ങ്‌ ചൊറിഞ്ഞ്‌ കേറി,.അങ്ങിനെ വേണ്ട..പെണ്ണുങ്ങള്‍ക്കും ഇതിനൊക്കെ സ്പീഡമുണ്ട്‌.ഞാനും മടിച്ചില്ല..ഞാന്‍ തുണിപൊക്കി കറിയാച്ചന്റെ അടുത്തിരുന്നു.എന്നാ പറ്റണേന്ന് അറിയാമല്ലോ?കറിയാച്ചനത്‌ പിടിച്ചില്ല.കാലുമടക്കി എനിക്കോട്ടൊരു തൊഴി.എന്നാലെന്താ എന്റെ ചങ്കൂറ്റം കറിയാച്ചനറിഞ്ഞില്ലേ?..രണ്ടു ദിവസം കറിയാച്ചനെകൊണ്ട്‌ കിഴിപിടിപ്പിച്ചു.എന്റെയൊരു ഗതികേടെന്ന് കറിയാച്ചന്‍ പിറുപിറുക്കുന്നത്‌ ഞാന്‍ കേട്ടു.സത്യത്തില്‍ എനിക്ക്‌ ചിരി വന്നു.. ഓ.. ഞാന്‍ മറന്നു.ചീട്ടുകളിക്കാന്‍ ഞാന്‍ പോയ കാര്യം ചേച്ചിയോടു്‌ പറഞ്ഞിരുന്നോ?വീടിന്റെ എതിരെയുള്ള റബ്ബര്‍ തോട്ടത്തില്‌ ഉച്ചകഴിഞ്ഞാല്‍ പാണ്ടാലിലെ യാക്കോബ്‌,മടത്തിലെ മാണി ഇവരൊക്കെ വന്ന് ഒരു ചീട്ടുകളി പതിവാ...അലര്‍ച്ചയുംചിരിയും പിന്നെ പറയാനില്ല ബഹളമയം..എനിക്ക്‌ പലപ്പോഴായി ചൊറിഞ്ഞ്‌ കേറുന്നു.ഒരു ദിവസം ഇവര്‌ കളിക്കാന്‍ വന്നിരുന്നതേയുള്ളൂ..കറിയാച്ചന്റെ പട്ടവരയന്‍ അണ്ടേവയറിന്റെ പോക്കറ്റില്‍ കിടന്ന 50 രൂപയുമെടുത്ത്‌ ഞാനുംചെന്നു...യാക്കോബിന്റേം മാണിയുടേയും ഇടയില്‍ കയറി കത്രീന ഒരു ഇരുത്തം.എനിക്കും ഇടടാ ഒരു കൈ..എന്നു പറഞ്ഞു.ഇതു ഞങ്ങളുടെ സ്പീഡത്തിന്റെ പ്രശ്നാന്നും പറഞ്ഞു.യാക്കോബ്ബ്‌ പേടിച്ചുപോയി.പുള്ളിക്കാരന്‍ പതുക്കെ എണീറ്റ്‌ വലിഞ്ഞത്‌ ഞാന്‍ കണ്ടു. മാണി പറഞ്ഞു 'കത്രീനേ നീ പോ... നാളെയാട്ടേ.. ഞാന്‍ വിട്ടില്ല.എന്റെ കൂടെ കളിച്ചാല്‌ നിനക്കെന്നാ പറ്റ്‌ ണത്‌? ഇതെന്നാ ആണുങ്ങള്‍ക്ക്‌ മാത്രം തീറുതന്നതാണോ? ഏതായാലും അവമ്മാര്‌ പതുക്കെ പതുക്കെ വലിഞ്ഞ്‌ സ്ഥലം കാലിയാക്കി.ഇപ്പെ ഇതിലെയുള്ള വരവും നിര്‍ത്തി..നമ്മള്‌ വിട്ടുകൊടുക്കാന്‍ പ്റ്റില്ല ചേച്ചി.. ചേച്ചി പറേണ ഈ സ്പീഡത്തെപ്പറ്റിയൊന്നും നമ്മുടെ പെണ്ണുങ്ങള്‍ക്ക്‌ അത്ര വെവരോന്നൂല്ല.ഞാന്‍ നമ്മുടെ ലീലോടും മറ്യത്തോടും ഒക്കെ പറയാറുണ്ട്‌.കഴിഞ്ഞ ആഴ്ചേല്‍ ഞാന്‍ ലീലോട്‌ പറഞ്ഞു.നമുക്ക്‌ വൈകീട്ട്‌ കലുങ്കേ പോയിരുന്ന് വര്‍ത്താനം പറയാന്ന്.അവള്‌ വരാമെന്നോക്കെ പറഞ്ഞു.അവളു കള്ളിയല്ലേ പറ്റിച്ചു.പക്ഷേ ഞാന്‍ വിട്ടോ? ഞാനൊരു നാലര അഞ്ചായപ്പെ കലുങ്കേലോട്ടു ചെന്നു.നമ്മുടേ ഗോപീം ശങ്കരനും അവിടേര്‍ന്ന് വല്യ വര്‍ത്തമാനം.ഞാനുമവരുടെ ഇടക്ക്‌ കേറി ഒറ്റ ഇരുത്തം.അവന്മ്മാര്‌ വര്‍ത്താനം നിര്‍ത്തി.എനിക്കങ്ങ്‌ ചൊറിഞ്ഞ്‌ കേറീല്ലേ... നീയെന്നാ പറഞ്ഞോണ്ടിരുന്നത്‌..ഞാനും പറയാം..

അവരു പറയ്‌വാ..കത്രീനേ വീട്ടിപ്പോ..പെണ്ണുങ്ങളിങ്ങനെ കലുങ്കേലൊന്നും വന്നിരിക്കില്ല. പെണ്ണുങ്ങളുടെ സ്പീഡത്തിന്റെ പ്രശ്നങ്ങളെല്ലാം ഞാന്‍ അവരോട്‌ പറഞ്ഞു.ചേച്ചി പറഞ്ഞു തന്നതുപോലെ... എന്നാ കത്രീന ഇവിടിരുന്നോ എന്ന് പറഞ്ഞ്‌ അവര്‌ വിട്ടു പോയില്ലേ..ഇതാണ്‌ കത്രീന. അതിയാന്‌ ഈ സംബവം അറിഞ്ഞപ്പോള്‍ ഒരു ദഹനക്കേട്‌ പുള്ളിക്കാരനങ്ങനയാ..ഞാന്‍ പറേണതും കാണിക്കണതും പിടിക്കത്തില്ല.ഞാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് പറഞ്ഞ്‌ പെരെക്കകത്ത്‌ രണ്ട്‌ നടത്തം.എന്നാ തീരുമാനിക്കാന്‍ ? കത്രീനക്ക്‌ പുല്ലാ? എനിക്ക്‌ ഈ വയറ്റ്‌ നോവ്‌ വന്നതിന്റെ തലേന്നാ..നമ്മുടെ ആ തെക്കേലേ നായരുടെ പെണ്ണില്ലേ.എന്താ അതിന്റെ പേര്‌..ഓര്‍ക്കണില്ല.അവളു പറയ്‌വാ.. എറണാകുളത്ത്‌ പെണ്ണുങ്ങള്‍ക്ക്‌ ബാറ്‌ തോടങ്ങീന്ന്.നീ എങ്ങനാടീ കൊച്ചേ അറിഞ്ഞേന്ന് ചോദിച്ചപ്പെ ..പത്രത്തീന്നാന്ന്..ഈ ആണുങ്ങള്‌ സമ്മതിക്ക്വൊ? എനിക്ക്‌ വിശ്വാസം വന്നില്ല.അവളോട്‌ ഞാന്‍ പത്രം കോണ്ടരാന്‍ പറഞ്ഞു.എന്റെ ചേച്ചീ സത്യാര്‍ന്നു..അവള്‌ പടമൊക്കെ കാണിച്ചു തന്നു.ഒരു പെണ്ണ്‍ ഈ ബ്രാണ്ടികുടിക്കണ കോപ്പേം പൊക്കിപ്പിടിച്ച്‌ നിക്കണപടമാ.കര്‍ത്താവേ..എന്റെ കാലീന്നൊരു പെരുപ്പ്‌.?അങ്ങിനെ പെണ്ണുങ്ങളുടെ സ്പീഡത്തെപ്പ്റ്റി ഈ ബ്രാണ്ടിക്കടക്കാര്‍ക്കെങ്കിലും വിവരം വച്ച്ല്ലോ.ദേ ആ പരസ്യം കീറി ഈ കത്തിന്റെ കൂടെ വച്ചിട്ടുണ്ട്‌.. ഞാന്‍ അതിയാനോട്‌ പള്ളീലേക്കെന്നും പറഞ്ഞ്‌ ഒരു പോക്കു പോയി.ഈ പത്രക്കഷ്ണം കൈയിലുണ്ടായിരുന്നതുകൊണ്ട്‌ തപ്പി കണ്ടുപിടിക്കാന്‍ വിഷമമുണ്ടായില്ല.എന്റെ ചേച്ചീ കാണണ്ടതു തന്നെയാട്ടോ? എന്നാ കെട്ടിടാ..ഞാന്‍ ചെന്ന പാടെ കൂമ്പന്‍ തൊപ്പി വച്ച ഒരുത്തന്‍ എന്നെ തിരി കത്തിച്ച ഒരു മുറിയില്‍ കൊണ്ടിരുത്തി.അവന്റെയൊരു വിനയം.എനിക്ക്‌ ഇപ്പഴാ സമാധാനായത്‌..നമ്മളെയൊക്കെ ഇപ്പെ കണ്ടാല്‍ നടിക്കറായല്ലോ. അതിയാന്‍ വല്ലപ്പോഴും ബ്രാന്‍ഡികഴിക്കണത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌.ഗ്ലാസ്സെടുത്ത്‌ പകുതി ബ്രാണ്ടീം പിന്നെ ബാക്കി വെള്ളോമൊഴിച്ച്‌ കാണ്ണടച്ച്‌ ഒറ്റ വലി.ഒരിക്കല്‍ ഞാന്‍ അതിയാനോട്‌ പറഞ്ഞ്‌ വഴക്കിട്ടതാ.അതിയാന്‍ പറഞ്ഞു പെണ്ണുങ്ങളുടെ ബ്രാണ്ടി വേറെയാ..പിന്നെ വാങ്ങി തരാമെന്നും പറഞ്ഞു.കറിയാച്ചന്‍ കഴിക്കണത്‌ നമ്മള്‍ കൃസ്ത്യാനികള്‍ക്ക്‌ മാത്രമുള്ള ബ്രാണ്ടിയാ.എന്തോ കൃസ്ത്യാനിന്നൊക്കെ പേര്‌ കറിയാച്ചന്‍ പറേണത്‌ എനിക്കറിയ്യാം ഇവിടത്തെ തിരി വെട്ടം മാത്രം എനിക്ക്‌ പിടിച്ചില്ല.നമ്മുടെ ഈ സ്പീഡം നാലാള്‌ ഒന്ന് കാണ്വാന്നാച്ചാല്‌ പറ്റ്വോ?എന്തെങ്കിലുമാകട്ടെ. കൂമ്പന്‍ തൊപ്പിയോട്‌ കൃസ്ത്യാനിക്കുള്ള ബ്രാണ്ടി ഒരു അര ഗ്ലാസ്സ്‌ തരാന്‍ പറഞ്ഞു.അവന്‍ പറഞ്ഞു..കൃസ്ത്യന്‍ ബ്രതേസ്‌ ഇപ്പയില്ലാന്ന്..വേറൊന്നുമില്ലന്ന് ചോദിച്ചപ്പം അവന്റെ ബോധം തെളിഞ്ഞു.കര്‍ദ്ദിനാള്‍ തരാമെന്ന്..ചേച്ചീ എനിക്ക്‌ അടിമുടി ഒരു തരിപ്പ്‌..കര്‍ദ്ദിനാളേ...ഞാന്‍ കര്‍ത്താവിന്‌ സ്തുതി പറഞ്ഞു അരഗ്ലാസ്സ്‌ ബ്രാണ്ടി വന്നു.കറിയാച്ചന്റെ പോലെ ഞാന്‍ വെള്ളമൊഴിച്ച്‌ ഒറ്റ്‌ വലി.ഓ..നെഞ്ച്‌ കത്തുവായിരുന്നു..എന്നാലും കുറക്കാമോ..പെണ്ണുങ്ങളുടെ സ്പീഡത്തിന്റെ കാര്യമല്ലേ? കൂമ്പന്‍ തോപ്പി വന്ന് പറഞ്ഞു. ഒന്നെടുത്താല്‍ ഒന്നു ഫ്രീയാന്ന്..ഒരെണ്ണം കൂടി തട്ടി..പിന്നെ ഒന്നുകൂടി..ഈ ഏര്‍പ്പാട്‌ വെള്ളിയാഴ്ച മാത്രെ ഉള്ളൂ എന്ന് കൂമ്പന്‍ തൊപ്പി പറഞ്ഞു.പിന്നെ ഞാനങ്ങ്‌ കസറീല്ലേ ചേച്ചീ

..പെണ്ണുങ്ങളുടെ സ്പീഡത്തേപ്പറ്റി കൂമ്പന്‍ തൊപ്പിയേം കണക്കപ്പിള്ളം ഒക്കെ പറഞ്ഞ്‌ മനസ്സിലാക്കി..പിന്നെ എപ്പളാ പെന്നേന്നൊന്നും അറ്യാന്‍ പേറ്റീല്ല.
രാവിലെ പെരക്കകത്ത്‌ പായേല്‍ തന്നെയാണു കിടന്നിരുന്നത്‌..എന്തോ വല്ലാത്ത നാറ്റം............... പുറത്ത്‌ ആരെക്കെയോ ഉണ്ട്‌.കുശുകുശുക്കുന്നത്‌ കേള്‍ക്കാം.കത്രീന ആരാന്ന് ഇപ്പെ മനസ്സിലായിക്കാണും.ചേച്ചീ വല്ലാത്ത ഒരു വയറ്റുനോവുതോന്നി.കറിയാച്ചന്‍ ഒരു ഷര്‍ട്ടൊക്കെ കുത്തിക്കേറ്റിയാണ്‌ വരവ്‌.വയറ്റുവേദനയാണന്ന് പറഞ്ഞപ്പഴേ കറിയാച്ചന്‍ പറഞ്ഞു ഇനി വച്ചോണ്ടിരിക്കുന്നില്ലാ..പോകാന്ന്..അങ്ങിനെ ഇവിടെത്തി.. ചേച്ചീ..ഇന്ന് എന്താണാവോ ആഴ്ച? ഏതായാലും വെള്ളിക്ക്‌ മുന്‍പേ ഞാന്‍പോരും.. അടുത്ത വെള്ളീല്‌ നമുക്കൊന്ന് കൂടാം. ചേച്ചീ സമാധാനായീ...നമ്മള്‌ പറയണത്‌ എന്തെങ്കിലും നടക്കുന്നുണ്ടല്ലോ?ബാറെങ്കില്‍ ബാറ്‌.. ചേച്ചീ നിര്‍ത്തുവാ..വെള്ളിയാഴ്ച മറക്കല്ലേ എന്ന് സ്വന്തം കത്രീന

Sunday, June 7, 2009

ജിം വാരന്‍ പെയ്ന്റിംഗുകളുടെ അത്ഭുത ലോകത്തിലേക്ക്‌

കഴിഞ്ഞ ദിവസം ലഭിച്ച ഒരു സുഹൃത്ത്‌ അയച്ച മെയിലില്‍ ഒരു ചിത്രം അടക്കം ചെയ്തിരുന്നത്‌ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി.നിറങ്ങളുടെയും ഇല്ല്യുഷന്റെയും മാസ്മരികതയുടേയും മായാപ്രപഞ്ചത്തിലെത്തിച്ച ആ ചിത്രത്തിലേക്ക്‌ ഏറെനേരം കണ്ണുനട്ടിരുന്നു..


















ആ ചിത്രകാരനോട്‌ വല്ലാത്ത ബഹുമാനവും ആരാധനയും തോന്നി..ആരാണാവോ ആ ചിത്രകാരന്‍? ചിത്രത്തിന്റെ ഒരു കോണില്‍ എന്തോ എഴുതിയിട്ടുണ്ട്‌..ചിത്രം സൂം ചെയ്തുനോക്കി..ജിം വാരന്‍ എന്ന് എഴുതിയിരിക്കുന്നു...ആരാണാവോ ഈ മാന്ത്രികന്‍? എനിക്ക്‌ അറിയാന്‍ തിടുക്കമായി.ഞാന്‍ നെറ്റില്‍ പരതി..ആദ്യമേ തന്നെ ചെന്നുവീണത്‌ ജിമ്മിന്റെ ഔദ്യോഗിക സൈറ്റില്‍ തന്നയാണ്‌..
ജിം ഒരു അമേരിക്കന്‍ ചിത്രകാരനാണ്‌.ചെറുപ്പം മുതലേ അതായത്‌ ഒരു വയസ്സുള്ളപ്പോഴേ ചിത്രം വരക്കാന്‍ ആരംഭിച്ചിരുന്നു..ഇന്ന് അമേരിക്കയിലെ പ്രസിദ്ധനായ ഇല്ല്യുഷന്‍ ചിത്രകാരനാണ്‌. നൂറുകണക്കിനുള്ള അമ്പരപ്പിക്കുന്ന ചിത്രങ്ങള്‍ ജിമ്മിന്റെ സൈറ്റില്‍ ഉണ്ട്‌...കുതിരയും ജലാശയവും ആകാശവും ഇഷ്ടവിഷയങ്ങളാണെന്നു കാണാം..കുറെ ചിത്രങ്ങള്‍ ഇവിടെ കൊടുക്കുന്നു..ചിത്രങ്ങളുടെ ഒരു സ്ലൈഡ്‌ ഷോയും കാണുക

Saturday, May 23, 2009

പൊലിയുന്ന ജീവിതങ്ങളും പെരുകുന്ന ആനക്കമ്പവും

ഒരു വര്‍ഷം മുന്‍പ്‌.രാത്രി ഒന്‍പത്‌ മണി ആയിട്ടുണ്ട്‌.വളരേ അടുത്ത ഒരു സുഹൃത്ത്‌ വിളിച്ച്‌ തന്റെ കൈയ്യില്‍ ചേറ്റുവയില്‍ ആന ഇടഞ്ഞതിന്റെ വീഡിയോ ഉണ്ടെന്നും കണ്ട്‌ ഉടനെ തിരിച്ചുതരണമെന്നും പറഞ്ഞു.ഞാന്‍ കാണുന്നില്ലന്ന് പറഞ്ഞു.പ്രധാനമായും കുട്ടികള്‍ അതുകണ്ടാല്‍ അവരെ അത്‌ മാനസികമായി എങ്ങിനേ ബാധിക്കുമെന്നുള്ള ആശങ്ക കാരണമായിരുന്നു.സുഹൃത്ത്‌ പറഞ്ഞു താന്‍ പത്തുമണിക്കു വരാമെന്നും കണേണ്ട ഒരു സാധനമാണെന്നും പറഞ്ഞു.പിന്നീട്‌ കിട്ടില്ലെന്നും പറഞ്ഞു. പിന്നെ ഞാന്‍ നിര്‍ബന്ധിച്ചില്ല.വരട്ടെ. പറ്റില്ലെങ്കില്‍ എന്തെങ്കിലും കാരണം പറഞ്ഞ്‌ ഒഴിവാക്കാമല്ലോ?
ഞാനൊരു മാനസിക സംഘര്‍ഷത്തിലായി.ചേറ്റുവയിലെ ചന്ദനക്കുടത്തിന്‌ ആന ഇടഞ്ഞ്‌ ഒരാളെ വകവരുത്തിയതാണ്‌.സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒരു വലിയ ജനക്കൂട്ടത്തില്‍ ആന ഇടഞ്ഞാല്‍ ഉണ്ടാകുന്ന അവസ്ഥ എങ്ങി നെ കാണാനാകും?ഫ്യൂഡല്‍ മാടമ്പിമാര്‍ മാളികപ്പുറത്ത്‌ കയറിയിരുന്ന് ഉത്സവം കാണുമ്പോള്‍ കല്ലെറിഞ്ഞ്‌ ആനകളെ വിരട്ടി ജനങ്ങളുടെ പങ്കപ്പാടുകണ്ട്‌ രസിക്കാറുണ്ടെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്‌.വീടിന്റെ സുരക്ഷിതമായ ഭിത്തിക്കുള്ളില്‍ കടുപ്പമുള്ള ചായയും സിപ്പ്‌ ചെയ്ത്‌ ഒരു മനുഷ്യനെ ആന പച്ചക്ക്‌ വലിച്ച്‌ കീറുന്നതും സ്ത്രീകളും കുട്ടികളും ജീവനുവേണ്ടി പരക്കം പായുന്നതും ഒരു മാടമ്പി മനസ്സിനെ ക്ഷമയോടെ കാണാനാകൂ..ഞാന്‍ ഫോണെടുത്ത്‌ സുഹൃത്തിനെ വിളിച്ചു.."എനിക്ക്‌ വെളുപ്പിനെ പോകാനുള്ളതാണ്‌..നമുക്ക്‌ പിന്നീട്‌ കാണാം"
സുഹൃത്ത്‌ സമ്മതിച്ചില്ല.അവന്റെ വീട്ടിലെ വീഡിയോപ്ലെയര്‍ കേടാണെന്നും നാളെ സീഡി മടക്കികോടുക്കേണ്ടതാണെന്നും അതുകോണ്ട്‌ ദാ ഇപ്പോള്‍ തന്നെ വരുകയാണെന്നും പറഞ്ഞു..
പത്തുമണികഴിഞ്ഞപ്പോഴേക്കും സുഹൃത്ത്‌ എത്തി.കുട്ടികള്‍ ഉറങ്ങിയിരുന്നു.ഭാര്യക്കും കാണുന്നതിനോട്‌ തീരെ താല്‍പര്യം ഇല്ലായിരുന്നു.
ഒരു കുറ്റബോധത്തോടെ സിഡി കാണുവാനാരംഭിച്ച്കു.
വലിയ ജനക്കൂട്ടം..വൃദ്ധന്മാരും സ്ത്രീകളും കുട്ടികളും അടങ്ങുന്നത്‌.ഒരു സ്കൂള്‍ ഗ്രൗണ്ടിലാണ്‌ ആഘോഷം നടക്കുന്നത്‌.മേളം കൊഴുത്തുകൊണ്ടിരിക്കുന്നു.രണ്ടാനകളാണുള്ളത്‌.ആനകള്‍ തമ്മില്‍ ഇതിനിടെ പിണക്കമുണ്ടാകുകയും പിന്നീട്‌ ആനകള്‍ ഇടഞ്ഞ്‌ രംഗം യുദ്ധക്കളമായി മാറി.ഒരു മനുഷ്യനെ ആന നിലത്തിട്ട്‌ കുത്താന്‍ ശ്രമിക്കുന്നതും അയാള്‍ പിടഞ്ഞെഴുന്നേക്കുകയും വീണ്ടും കുത്തുകയും തുമ്പിക്കൈയ്യില്‍ ആട്ടിയെറിയുന്നതും മനസ്സില്ലാമനസ്സോടെയാണ്‌ കണ്ടത്‌....
ആനക്കുമുന്‍പില്‍ സ്ത്രീകള്‍ കാലിടറിവീഴുന്നതും രക്ഷപ്പെടാനുള്ള മനുഷ്യരുടെ പരക്കം പാച്ചിലും...സുഹൃത്ത്‌ പറഞ്ഞു "മതി ഇനി കാണാന്‍ വയ്യ
"എനിക്ക്‌ വല്ലാതെ മനം പുരട്ടല്‍ തോന്നി..ശരീരം വിയര്‍ത്തു..തലചുറ്റല്‍ തോന്നിയോ?പിന്നീട്‌ ഞങ്ങള്‍ പരസ്പ്പരം മിണ്ടിയില്ല.സുഹൃത്ത്‌ സിഡിയുമെടുത്ത്‌ മടങ്ങുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു..മുഖം വല്ലാതെ ചുവന്നിരിക്കുന്നു.കണ്ണുകള്‍ കലങ്ങിയിരിക്കുന്നു.
ആ രാത്രി ഞാന്‍ ശരിക്ക്‌ ഉറങ്ങിയില്ല..കണ്ണടക്കുമ്പോള്‍ മുന്‍പില്‍ ജീവനുവേണ്ടിയുള്ള ഒരു മനുഷ്യന്റെ വൃഥാവിലായ അവസാന ശ്രമങ്ങളാണ്‌ കാണുന്നത്‌..ഉരുണ്ടുവീണും തട്ടിത്തടഞ്ഞും കുട്ടിയെ എടുത്തുകൊണ്ടുള്ള ഒരു സ്ത്രീയുടെ പരക്കം പാച്ചില്‍ മനസ്സില്‍നിന്നും മായുന്നില്ല..ഇപ്പോഴും..ആ സമയത്തുള്ള ഓരോ മനുഷ്യരുടേയും മാനസികാവസ്ഥ ഓര്‍ക്കാനാകില്ല.
ഒരു സംഭവങ്ങളില്‍ നിന്നും നമ്മള്‍ ഒന്നും പഠിക്കുന്നില്ലന്നുണ്ടോ?അതോ ബോധപൂര്‍വ്വം കണ്ണടക്കുകയാണോ?അതോ വിശ്വാസത്തിന്റെ പേരില്‍ ആരെയൊക്കെയോ ഭരണാധികാരികള്‍ ഭയപ്പെടുന്നുണ്ടോ?
ഇത്‌ ഇന്നലെയുടെ കഥ,.ഇന്നോ?ഈ കഴിഞ്ഞ ഉത്സവകാലത്ത്‌ ,അതായത്‌ അഞ്ചൊ ആറോ മാസങ്ങള്‍ക്കുള്ളില്‍ ആനയുടെ പരാക്രമങ്ങളില്‍ പൊലിഞ്ഞത്‌ ഒന്നും രണ്ടും ജീവനല്ല..33പേര്‍..പത്രത്തിലെ ഈ വാര്‍ത്തകണ്ട്‌ സത്യത്തില്‍ നടുങ്ങിപ്പോയി..
പക്ഷിപ്പനിവന്നും ഭ്രാന്തിപ്പശുരോഗം വന്നും ലോകത്ത്‌ നൂറില്‍ താഴെ ആളുകളേ മരിച്ചുള്ളൂ..എന്നിട്ടും എത്ര ഭയാശങ്കയും വാര്‍ത്താപ്രാധാന്യവുമാണ്‌ ഇതിന്‌ ലഭിച്ചത്‌.. ഈ കൊച്ചുകേരളത്തില്‍,മധ്യകേരളത്തില്‍ മാത്രം 33 പേര്‍ കൊലചെയ്തത്‌ ഒരു വാര്‍ത്തയല്ലന്നുണ്ടോ?ഓരോ വര്‍ഷവും ആനകളുടെ അക്രമത്തില്‍ മരണമടയുന്നവരുടെ എണ്ണം കൂടിവരുന്നു.പക്ഷേ നാം ഒന്നും കാണുന്നുമില്ല.ചെയ്യുന്നുമില്ല..ഇവിടെ കുറ്റവാളി ആനയല്ല..മനുഷ്യനാണ്‌.
പക്ഷിപ്പനിയുടെ പേരില്‍ ലക്ഷക്കണക്കിന്‌ കോഴിക്കുഞ്ഞുങ്ങളെ കൊല്ലുന്നത്‌ ഏവരും കണ്ടിരിക്കും.അത്‌ ഒരു പകര്‍ച്ചവ്യാധിയില്‍നിന്ന് മനുഷ്യനെ രക്ഷിക്കാനാണെന്ന് അംഗീകരിക്കാം.എന്നാല്‍ കുറേ ആളുകളുടെ പ്രൗഢിക്കും വിശ്വാസത്തിനുംവേണ്ടി കുറേ മനുഷ്യജീവനുകളെ കുരുതികൊടുക്കുന്നതിന്‌ എന്തു ന്യായീകരണമാണുള്ളത്‌.
കരയിലെ ഏറ്റവും വലിയ ജന്തുവാണ്‌ ആന.മറ്റുജീവികളില്‍ നിന്നും ഏറെ പ്രത്യേകതകളുമുണ്ട്‌.ആ അര്‍ഥത്തില്‍ നോക്കിയാല്‍ ഏതു ജന്തുവിനും എന്തെങ്കിലും കൗതുകം കാണും.ആനയെ ഒരു വളര്‍ത്തുമൃഗമായി അംഗീകരിക്കേണ്ടതില്ല.ഇന്ന് യന്ത്രങ്ങള്‍ വന്നതോടെ തടി പിടിക്കാനും ആന വേണ്ടെന്നായി.പിന്നെ ആകെ വേണ്ടത്‌ ഉത്സവങ്ങള്‍ക്കാണ്‌.വടക്കന്‍ കേരളത്തിലും(കോഴിക്കോടിനുമപ്പുറം)തെക്കന്‍ കേരളത്തിലും ആന ഉത്സവത്തിനുവേണ്ട അവശ്യ ഘടകമല്ല.മധ്യകേരളത്തില്‍ മാത്രമേ ആനയെ ഉത്സവത്തിന്‌ എഴുന്നള്ളിക്കാറുള്ളൂ..
എന്തിനെന്നറിയില്ല..ഇന്ന് കൃത്രിമമായി ആനക്കമ്പം ഊതിപ്പെരുപ്പിക്കുകയാണ്‌.നിറം പിടിപ്പിച്ച ആനക്കഥകള്‍ പെരുകുന്നു.സത്യത്തില്‍ തിട്മ്പേറ്റിനില്‍ക്കുന്ന ആനക്ക്‌ മനുഷ്യന്റെ പോലെ പൂരക്കമ്പമുണ്ടെന്നും തലയെടുപ്പുണ്ടെന്നും പ്രചരിപ്പിക്കുന്നതും പച്ചക്കള്ളമാണ്‌.ഒരു ശാസ്ത്രീയ പഠനവും ഈ വഴിയില്‍ ഉണ്ടായിട്ടില്ല.
ഒരാനയെ മാത്രം എഴുന്നള്ളിച്ചിരുന്ന ഇന്ന് അഞ്ചും ഏഴുമായി വര്‍ദ്ധിച്ചു.ക്ഷേത്രങ്ങള്‍ സ്വന്തമായി ആനയെ വാങ്ങുന്നതിനും മല്‍സരമായി.അതോടൊപ്പം ആനയുടെ അക്രമത്തില്‍ മരിക്കുന്നവരും.
ഈ ആചാരത്തിന്‌ നിയന്ത്രണം വരുത്തേണ്ടിയിരിക്കുന്നു.ഉത്സവക്കാലമായാല്‍ അടുത്തടുത്ത എല്ലാ ക്ഷേത്രങ്ങളിലും ചെറിയ ഇടവേളകളില്‍ ഉത്സവം അരങ്ങേറുകയായി.എല്ലായിടത്തും ആനയും ഉണ്ടാകും.ഈ ക്ഷേത്രങ്ങളില്‍ പങ്കെടുക്കുന്നവരും മിക്കവാറും ഒരേ ദേശക്കാരുതന്നെയായിരിക്കും.ഭൂരിപക്ഷം ആളുകളും ഇത്‌ ഒരു ആചാരം പോലെ കണ്ടുമടങ്ങുന്നു.ഒരു പ്രദേശത്തെ എല്ലാ ക്ഷേത്രങ്ങളിലും ആനയെന്നതുമാറ്റി ഏറ്റവും സ്ഥലവിസൃതിയുള്ള ഒരു ക്ഷേത്രത്തിനുമാത്രം ആനയെ എഴുന്നള്ളിക്കാന്‍ അനുവാദം കൊടുത്താല്‍ അത്‌ ആസ്വാദ്യവും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതുമാകും.മേജര്‍ ക്ഷേത്രങ്ങളിലല്ലാതെ ആനകളെ എഴുന്നള്ളിക്കാന്‍ അനുവദിക്കരുത്‌.അതും ആവശ്യമായ വിസൃതിയുണ്ടെങ്കില്‍ മാത്രം.കൊമ്പനാനകള്‍ക്ക്‌ പകരം പിടിയാനയെ മതിയെന്നുവച്ചാലും കുറേ ജീവന്‍ രക്ഷിക്കാം
ഇന്ന് ആനയെ എഴുന്നള്ളിക്കുന്ന പല ക്ഷേത്രങ്ങളും ഇടുങ്ങിയതും ആളുകള്‍ക്ക്‌ അപകടമുണ്ടായാല്‍ ഓടി രക്ഷപ്പെടാന്‍ അവസരമില്ലാത്തവിധം അടച്ചുകെട്ടിയതുമാണ്‌.ക്ഷേത്രങ്ങള്‍ മതിലുകള്‍ കെട്ടി പൊതുസമൂഹത്തില്‍ നിന്നും ഒറ്റപ്പെടാനുള്ള തത്രപ്പാടിലാണ്‌.
ആനക്കമ്പവും ആന എഴുന്നള്ളിപ്പും ഒരു ഫ്യുഡല്‍ സംസ്കാരത്തിന്റെ ബാക്കിപത്രമാണ്‌.മദ്ധ്യകേരളത്തില്‍ മാത്രം ഇത്‌ പ്രചരിച്ചതിന്‌ എന്തെങ്കിലും കാരണമുണ്ടാകാം...സമൂഹത്തിനുനിരക്കാത്തതും പ്രാകൃതവുമായ ആചാരങ്ങളെ കാലം തിരസ്കരിച്ച ചരിത്രമാണുള്ളത്‌.മനുഷ്യന്റെ പച്ച മാംസത്തില്‍ ഇരുമ്പുകൊളുത്ത്‌ തുളച്ചുകയറ്റി ആറാള്‍ പൊക്കത്തില്‍ തൂക്കച്ചാടില്‍ കയറ്റിയിരുന്ന എളവൂര്‍ തൂക്കം ഇന്ന് ചരിത്രമായി.ഇന്നത്‌ പുനഃസ്ഥാപിക്കാന്‍ എത്ര ശ്രമിച്ചാലും നടക്കില്ല.കാലം മാറി,ആചാരം മാറി,മനുഷ്യരും മാറി..
ഈ ഭ്രാന്തമായ ആനക്കമ്പവും മല്‍സരവും ഒരു കച്ചവടത്തിന്റെ ഭാഗമാണ്‌.ഇതിനിടെ ഹോമിക്കുന്ന സാധാരണക്കാരെ ആരുകാണാന്‍?

Thursday, May 7, 2009

ബ്ലോഗ്ഗെഴുത്തിന്റെ നേര്‍വഴിയെന്ത്‌?

നിശ്ചയമായും ഇത്തരത്തില്‍ ഒരു ചര്‍ച്ചക്ക്‌ ഇന്ന് വളരേ പ്രസക്തിയുണ്ടെന്നു തോന്നുന്നു.60 കളില്‍ കല കലയ്ക്‌ വേണ്ടിയോ,സമൂഹത്തിനുവേണ്ടിയോ എന്നുള്ള തീഷ്ണമായ ചര്‍ച്ചകള്‍ സാഹിത്യസമൂഹത്തിലും രാഷ്ട്രീയത്തിലും മുഴങ്ങിനിന്നിരുന്നു.കല സമൂഹത്തിനുവേണ്ടിയെന്ന പക്ഷത്ത്‌ മുണ്ടശ്ശേരി,എം.പി.പോള്‍,തുടങ്ങി ഇടതുപക്ഷവീക്ഷണമുള്ളവരായിരുന്നു മുന്‍പന്തിയില്‍.കലയെ കമ്യൂണിസ്റ്റ്‌ പക്ഷത്ത്‌ പിടിച്ചുകെട്ടുന്നതിനുള്ള ശ്രമമെന്ന് വിമര്‍ശനം ഉണ്ടാകുമ്പോഴുംസാഹിത്യകലാരംഗത്ത്‌ ഇത്തരത്തില്‍ വിഭജനം വന്നു കഴിഞ്ഞിരുന്നു.പുരോഗമനകലാസാഹിത്യസംഘത്തിന്റെ പിറവി ഇതോടെയാണ്‌
കഴിഞ്ഞദിവസം 'ദേശാഭിമാനി"യില്‍ വന്ന ഒരു ലേഖനം തെരെഞ്ഞെടുപ്പുകാലത്തുകണ്ട ബ്ലോഗുകളിലെ ശക്തമായ പക്ഷം ചേരലലിനെപറ്റി വിലയിരുത്തുന്നു.ഇടതുപക്ഷജനാധിപത്യമുന്നണിക്കുവേണ്ടി ശക്തമായി മുഖം മൂടിയില്ലാതെ രംഗത്തുവന്നതിനെ ധീരമായമുന്നേറ്റമായി കാണുന്നതിനൊപ്പം ഇതര ബ്ലോഗുകളുടെ നിലവാരത്തകര്‍ച്ചയെ ലേഖകന്‍ ശക്തമായി വിമര്‍ശിക്കുന്നു.ബ്ലോഗ്‌ ബ്ലോഗിനുവേണ്ടിയോ സമൂഹത്തിനുവേണ്ടിയോ എന്ന പുതിയ ചര്‍ച്ചകള്‍ക്ക്‌ ഇവിടെ തുടക്കമാകുന്നു.
"ബ്ലോഗെഴുത്തിന്റെ തലവര" എന്ന എം.എസ്സ്‌.അശോകന്റെ ലേഖനത്തില്‍ ,ഭൂരിപക്ഷം മലയാളം ബ്ലോഗുകളും അരാഷ്ട്രീയ പൈങ്കിളി ബ്ലോഗുകളും നിലവാരം കുറഞ്ഞ ഗൃ ഹാതുരതയുടെ പരസ്യപ്പലകകളുമാണ്‌.
ബ്ലോഗുകള്‍ ഒരു പുതിയ മാധ്യമമാണ്‌.ചിത്രവും എഴുത്തും വീഡിയോയും ശബ്ദവും ഉള്‍പ്പെടെയുള്ള വിവിധ സങ്കേതങ്ങളുടെ സന്നിവേശമാണത്‌.എഴുത്തുകാരന്റെ സ്വാതന്ത്ര്യം എന്നതായിരുന്നു കല കലകലക്കുവേണ്ടിയെന്ന വാദത്തിനുപിന്നില്‍.ബ്ലോഗുകളുടെ വ്യാപനവും അനന്തമായ സ്വാതന്ത്ര്യത്തിന്റെ സാധ്യതകളില്‍നിന്നാണ്‌.
ബ്ലോഗെഴുത്തിന്റെ തുടക്കത്തില്‍തന്നെ രംഗപ്രവേശം ചെയ്ത ബ്ലോഗര്‍മാരുടെ പാത പിന്നീട്‌ വന്ന പലരും പിന്തുടര്‍ന്നുപോന്നു എന്നത്‌ നേരാണ്‌.അപരനാമങ്ങളില്‍ തയ്യാറാക്കിയതും അശോകന്‍ പറയുന്നതുപോലെ താന്‍ ആദ്യമായി മാവിലേക്കെറിഞ്ഞ കൊഴുവിനെക്കുറിച്ചോ,ഉപയോഗിച്ച ബ്രഷിനെക്കുറിച്ചോ ധാരാളം എഴുതി.ഇതാണ്‌ ബ്ലോഗ്ഗ്‌ ശൈലി എന്ന് ധരിച്ചവശരായി പലരും.പിന്നീട്‌ ഉലക്കയുടേയും കുറ്റിച്ചൂലിന്റേയും ചിത്രങ്ങള്‍ പോസ്റ്റ്ചെയ്യ്ത്‌ അഭിപ്രായങ്ങള്‍ക്ക്‌ കാത്തിരുന്നു.അതും പിന്നീട്‌ ശൈലിയായി മാറി.ബ്ലോഗെഴുത്തിന്റെ നേര്‍വഴിയെന്ത്‌?സമൂഹത്തിന്‌ ബ്ലോഗെഴുത്ത്‌ എങ്ങിനപ്രയോജനപ്പെടണം?ബ്ലോഗ്ഗറുടെ സാമൂഹ്യ പ്രതിബദ്ധതയെന്ത്‌?..ഈ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്താതെ ഇനിയും അധികദൂരം പോകാനാകില്ല.
നിശ്ചയമായും ബ്ലോഗ്ഗുകളും ബ്ലോഗ്ഗെഴുത്തും സാമൂഹ്യമായ വികസനത്തിന്റെ ഭാഗമാണ്‌.ഏതു തരത്തില്‍ ബ്ലോഗ്ഗ്‌ ചെയ്യണം എന്നത്‌ ബ്ലോഗ്ഗറുടെ സ്വാതന്ത്ര്യമാകാം.ടൂത്‌ ബ്രഷിനെപ്പറ്റിയോ കാലിച്ചാക്കിനെപറ്റിയോ എഴുതാം.പക്ഷേ ഇവസമൂഹത്തിന്‌ എന്തു നല്‍കുന്നുണ്ട്‌ എന്നത്‌ പ്രസക്തമായ ചോദ്യമാണ്‌.മറ്റുള്ളവര്‍ കാണേണ്ടന്ന് ആഗ്രഹിക്കുന്ന ബ്ലോഗ്ഗര്‍ക്ക്‌ അപ്രകാരം ആകാം.പക്ഷേ പ്രസിദ്ധീകരിക്കുന്ന ബ്ലോഗ്ഗുകള്‍ സമൂഹത്തിന്‌ എന്തെങ്കിലും നല്‍കേണ്ടതുണ്ട്‌ എന്നുള്ളത്‌ ഇടതുപക്ഷമോ വലതുപക്ഷമോ അല്ല..അതു മനുഷ്യപക്ഷമാണ്‌.
നമുക്ക്‌ ചുറ്റും നടക്കുന്ന സംഗതികള്‍ അറിയുന്നില്ലന്ന് ഏതുബ്ലോഗ്ഗര്‍ക്ക്‌ പറയാനാകും?അത്‌ സാഹിത്യത്തിലായാലും രാഷ്ട്രീയത്തിലായാലും ശാസ്ത്രത്തിലായാലും വിവരസാങ്കേതികരംഗത്തായാലും സാമ്പത്തിക രംഗത്തായാലും...അതിനാല്‍ ഇതില്‍ നിന്നല്ലാം ഒഴിഞ്ഞ്‌ സന്യാസിയായി ഒരു ബ്ലോഗ്ഗര്‍ക്കും മാറാനാകില്ല.എഴുത്തുകാരന്റെ---ബ്ലോഗ്ഗറുടെ------ സ്വാതന്ത്ര്യം എന്ന് പറഞ്ഞ്‌ ഇത്‌ ന്യായീകരിക്കാനുള്ള ശ്രമം സമൂഹത്തിനെതിരെയുള്ള കണ്ണടക്കലാണ്‌.കേവലമായ സ്വാതന്ത്ര്യം ആര്‍ക്കെങ്കിലുമുണ്ടോ?നിലവിലുള്ള സമൂഹത്തിനു നിരക്കാത്തതും നിയമങ്ങള്‍ അനുസരിച്ചുമല്ലാതെയുമുള്ള സ്വാതന്ത്ര്യത്തെ പ്പറ്റി പറയാനാകില്ലല്ല്ലോ?സ്വാതന്ത്ര്യത്തിന്റെ പേരില്‍ പട്ടാപ്പകല്‍ നടുറോഡിലൂടെ തുണിയുരിഞ്ഞ്‌ നടക്കണമെന്ന് ആരും പറയുമോ?അപ്പോള്‍ ഒരു എഴുത്തുകാരനോ ബ്ലോഗ്ഗര്‍ക്കോ കേവലമായ സ്വാതന്ത്ര്യമില്ലല്ലോ ?
സാമൂഹ്യപ്രതിബദ്ധതയുള്ള ബ്ലോഗ്ഗെഴുത്തിനുവേണ്ടിയുള്ള പക്ഷം ചേരല്‍ താമസിയാതെ ഉരുത്തിരിയുമെന്ന് വ്യക്തമാണ്‌.ഒരു പുരോഗമന ബ്ലോഗ്ഗെഴുത്തുസംഘം എന്ന പേരില്‍ ഒരു സംഘടന രൂപമെടുക്കാനുള്ള സാധ്യതയും വിദൂരമല്ലന്ന് കാണാം.
ബ്ലോഗ്ഗറുടെ സ്വാതന്ത്ര്യത്തെ പറ്റിയുള്ള ആരോഗ്യകരമായ ചര്‍ച്ചകളും വാദങ്ങളും ഉണ്ടാകട്ടെ.പരസ്പരവിരുദ്ധമായ വീക്ഷണങ്ങളുടെ ഏറ്റുമുട്ടല്‍ വളര്‍ച്ചയുടെ ലക്ഷണം തന്നെയാണ്‌.ഇത്‌ ബ്ലോഗ്ഗെഴുത്തിന്റെ വളര്‍ച്ചയുടെ ഘട്ടമാണ്‌.ബ്ലോഗ്ഗെഴുത്തിന്റെ വഴിയേതെന്ന് നിശ്ചയമില്ലാതെയുള്ള നട്ടംതിരിയലില്‍നിന്ന് ഒരു പുതുവഴികണ്ടുപിടിച്ച്‌ ലക്ഷ്യബോധത്തോടെയുള്ള മുന്നേറ്റം ആവശ്യമാണ്‌.അത്‌ സമൂഹത്തിന്റെ വളര്‍ച്ചക്ക്‌ ഊര്‍ജ്ജം നല്‍കുന്നതും ഭൂരിപക്ഷത്തിന്റെ താല്‍പ്പര്യത്തിന്‌ അനുസൃതവുമായിരിക്കണം.ഇതരമാധ്യമങ്ങള്‍ ബ്ലോഗ്ഗിനെ ഹൈജാക്ക്‌ ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.കരുതിയിരിക്കേണ്ട സമയമായി..

Recent Posts

ജാലകം