Pages

Wednesday, January 20, 2010

പുതിയ അഗ്രഹാരങ്ങള്‍

ആകസ്മികമായാണ്‌ കൊല്ലങ്കോടിനൊരു യാത്ര തരപ്പെട്ടത്‌.അഗ്രഹാരങ്ങളെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും ഒന്നു കാണാന്‍ അവസരം ഇതുവരെ ലഭിച്ചിരുന്നില്ല.പോകേണ്ടതും അഗ്രഹാരത്തിലെ ഒരു ഗൃഹത്തില്‍ തന്നെ.അഗ്രഹാരങ്ങളെപ്പറ്റി ഒരു ചെറിയ ചരിത്രം മനസ്സിലുണ്ട്‌.പോകുന്നതിനുമുന്‍പ്‌ അല്‍പ്പം ഗൃഹപാഠം കൂടി നടത്തി.അത്‌ നിശ്ചയമായും ഗുണം ചെയ്യും. നെന്മാറ കഴിഞ്ഞപ്പോള്‍ മുതല്‍ മനസ്സില്‍ നിറയെ അഗ്രഹാരവും അരിപ്പൊടികോലങ്ങളും രഥോത്സവവും ഒക്കെയായിരുന്നു. കൊല്ലങ്കോടിനോട്‌ അടുക്കുംതോറും മലയാളിത്തം വിട്ട്‌ തമിഴ്‌ ഛായ പരക്കുന്നു.പൈയ്യല്ലൂര്‍ ഗ്രാമത്തിലേക്കുള്ള വഴി ചോദിച്ചപ്പോള്‍ പറഞ്ഞു തരുവാന്‍ എത്ര പേരാണ്‌ മുന്നോട്ട്‌ വന്നതെന്നു നിശ്ചയമില്ല.പലരും വേണമെങ്കില്‍ പയ്യല്ലൂര്‍ ഗ്രാമം വരെ കൂടെപ്പോരാനും തയ്യാറാണ്‌. പാലക്കാടിന്റെ നൈര്‍മ്മല്യം. യാത്ര നെല്‍പ്പാടത്തിനു നടുവിലൂടെയാണ്‌.പച്ച പരവതാനിക്കിടയില്‍ അവിടവിടെ കരിമ്പനക്കൂട്ടങ്ങള്‍.നട്ടുച്ചയായതിനാല്‍ കരിമ്പനക്കുതാഴെ ഠ വട്ടത്തില്‍ നിഴലിന്റെ ഒളിച്ചുകളി.അവയ്കെല്ലാത്തിനും പിന്നില്‍ ജലഛായത്തില്‍ വരച്ചപോലെ തല നരച്ച കുന്നുകള്‍.തലമുടിയും വേറിടുത്ത്‌ പൂപ്പുഞ്ചിരി പൊഴിച്ച്‌ ഇടശ്ശേരിയുടെ പൂതം താംബൂലവുമായി വാല്യക്കാരെ കാത്തുനിന്നത്‌ ഇവിടെയെവിടെയോ ആകാം.ഇതിനെല്ലാമുപരി ആഴ്‌ന്നിറങ്ങുന്ന നിശ്ശബ്ദത..അവിടവിടെ കള പറിക്കുന്ന സ്ത്രീകളെയും കാണാം പ്രധാനവഴിയില്‍ നിന്നും തിരിഞ്ഞ്‌ പത്തുമിനിറ്റ്‌ യാത്ര ചെയ്തപ്പോള്‍ പയ്യല്ലൂര്‍ ഗ്രാമത്തിലെത്തി. ഇനി അല്‍പ്പം ചരിത്രമാകാം.. 1913 ല്‍ പാണ്ഡ്യരാജാവായ മാരവര്‍മ്മന്‍ മരണമടഞ്ഞ ശേഷം പിന്‍ ഗാമിയെ കണ്ടെത്താന്‍ അല്‍പ്പം വിഷമം നേരിട്ടു.ഇത്‌ മുതലാക്കി മുസ്ലീം അധിനിവേശം ആരംഭിച്ചു.ഇതേത്തുടര്‍ന്ന് തമിഴ്ബ്രാഹ്മണന്മാര്‍ പാലക്കാട്ടേക്ക്‌ കുടിയേറിപ്പാര്‍ത്തു.ദിണ്ടിഗല്‍.പൊള്ളാച്ചി,തഞ്ചാവൂര്‍ എന്നിവിടങ്ങളില്‍ നിന്നും വന്ന ഇവര്‍ കൊല്ലങ്കോട്‌,കൊടുവായൂര്‍,ചിറ്റൂര്‍,തത്തമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ അഗ്രഹാരങ്ങള്‍ നിര്‍മ്മിച്ച്‌ താമസമാക്കി.അന്നത്തെ നാട്ടുരാജാക്കന്മാര്‍ ഇവര്‍ക്ക്‌ ആവശ്യമായ സ്ഥലവും പണവും ഭക്ഷണവും നല്‍കി സ്വീകരിച്ചതിന്‌ പലകാരണങ്ങളുണ്ട്‌.നാട്ടുകാരായ ബ്രാഹ്മണരോടുള്ള എതിര്‍പ്പായിരുന്നു പ്രധാനം. അഗ്രഹാരം എന്നാല്‍ ഗൃഹങ്ങളുടെ പൂമാല എന്ന് പറയാം .നടുക്ക്‌ ക്ഷേത്രവും അതിനുചുറ്റും പൂമാല കണക്കിന്‌ വീടുകളുടെ സമുച്ചയവുമാണ്‌ അഗ്രഹാരങ്ങളുടെ പൊതുരൂപം.അയ്യര്‍,പട്ടര്‍ എന്നിവരുടെ വാസഗൃഹങ്ങളാണ്‌ ഇവ.പരസ്പരം അഭുമുഖമായുള്ള അഗ്രഹാരങ്ങള്‍ക്ക്‌ നടുവിലായി വിശാലമായ മുറ്റമുണ്ട്‌.ഒരു പൊതു കിണറുണ്ടാകും.പൊതുകുളവും ചില അഗ്രഹാരങ്ങളോടുചേര്‍ന്നുണ്ട്‌.മുറ്റത്ത്‌ അതിരാവിലെ അരിപ്പൊടിക്കോലങ്ങള്‍ എഴുതുകയെന്നത്‌ ചര്യയാണ്‌.പൊതുഭിത്തികളോടുകൂടിയതാണ്‌ വീടുകള്‍. വെടിവട്ടത്തിന്‌ ഉമ്മറത്ത്‌ പ്രത്യേകം തളവുമുണ്ട്‌. നട്ടുച്ചക്കാണ്‌ അഗ്രഹാരത്തിലെത്തുന്നത്‌,.കത്തുന്ന സൂര്യനുതാഴെ പൊടിമണ്ണ്‍ പഴുത്തുകിടക്കുന്നു.ഒന്നു രണ്ടു ഗൃഹങ്ങളുടെ മുന്‍പില്‍ സ്ത്രീകള്‍ നിലത്തിരുന്ന് വര്‍ത്തമാനത്തിലാണ്‌ .ഭിത്തിയിലെ ചായത്തിന്റെ നിറം കണ്ട്‌ ഒരോ ഗൃഹവും തിരിച്ചറിയാം. തലമുട്ടാതെ കുനിഞ്ഞുവേണം അകത്തു കയറുന്നതിന്‌,വാതിലുകള്‍ക്ക്‌ അത്ര ഉയരക്കുറവാണ്‌.എന്തിനാണ്‌ ഇത്ര ഉയരം കുറച്ച്‌ പണിഞ്ഞത്‌ എന്ന് മനസ്സിലാകുന്നില്ല. മുറിക്കകത്ത്‌ നല്ല തണുപ്പ്‌ തോന്നി. ദീര്‍ഘചതുരാകൃതിയിലാണ്‌ ഓരോ ഗൃഹവും .മുന്‍ വശം 15 അടിയില്‍ കൂടൂതല്‍ ഒട്ടുമില്ല.എന്നാല്‍ നീളം 100 അടിയെങ്കിലും ഉണ്ടാകും .വീടിനു പുറകിലുള്ള സ്ഥലവും ഇതേരീതിയില്‍ വാലുപോലെ നീണ്ടുകിടക്കുന്നു.ഒരു ഇടനാഴിയും അതില്‍ നിന്നും ഒരു വശത്തുള്ള മുറികളിലേക്ക്‌ കയറാനുമുള്ള രീതിയിലാണ്‌ ഈ ഗൃഹങ്ങളുടെ നിര്‍മ്മാണ രീതി.ചില ഗൃഹങ്ങള്‍ക്ക്‌ നടുമുറ്റവുമുണ്ട്‌.എല്ലാ വീടുകള്‍ക്കും മുകളില്‍ ഒരു മുറിയുണ്ട്‌.പൊക്കം കുറഞ്ഞ ചെറിയ ഗോവണികയറിവേണം അതിലേക്ക്‌ എത്തുവാന്‍.മുകളില്‍ നിന്നാല്‍ അഗ്രഹാരത്തിന്റെ ഒരു വിഹഗവീക്ഷണം കിട്ടും.സിമന്റ്‌ ഉപയോഗിക്കാതെയാണ്‌ അഗ്രഹാരങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്‌.ശര്‍ക്കരയും കുമ്മായവും ചേര്‍ത്തുണ്ടാക്കിയ ഒരു മിശ്രിതത്തിലാണ്‌ ഇത്‌ പണിതുയത്തിയിരിക്കുന്നത്‌. ഇന്ന് പല അഗ്രഹാരങ്ങളും ബ്രാഹ്മണര്‍ കൈയൊഴിഞ്ഞു.പലരും പട്ടണങ്ങളിലേക്ക്‌ കുടിയേറി.ചിലതു പൊളിച്ചു പുതിയ കോണ്‍ക്രീറ്റ്‌ അഗ്രഹാരങ്ങള്‍ പണിതു.പലരും വിറ്റ്‌ പട്ടണത്തിലേക്ക്‌ പോകുന്നതിനുള്ള തയ്യാറെടുപ്പിലാണ്‌. ക്ഷേത്രത്തില്‍ തേരോട്ടമാണ്‌ പ്രധാന ആഘോഷം.കല്‍പ്പാത്തി രഥോത്സവം പ്രസിദ്ധമാണല്ലോ?ഇതോടനുബന്ധിച്ച്‌ സംഗീതോത്സവവും മിക്ക അഗ്രഹാരങ്ങളിലുണ്ട്‌.പാലക്കാടിന്‌ സംഗീതത്തിന്റേയും മേളത്തിന്റേയും പെരുമ തന്നത്‌ ഈ അഗ്രഹാര വാസികളാണ്‌. പയ്യല്ലൂര്‍ ഗ്രാമത്തില്‍ പൊതുകുളമുണ്ട്‌.ഇത്രയും വലുപ്പമുള്ള ഒരു കുളം ആദ്യമായാണ്‌ ഞാന്‍ കാണുന്നത്‌.അതില്‍ നിരവധി കുളക്കടവുകളും ഉണ്ട്‌. കൊല്ലങ്കോടുതന്നെ നിരവധി അഗ്രഹാരങ്ങളുണ്ട്‌.പെരുമാള്‍കോവില്‍ ഗ്രാമത്തിലും പോകുകയുണ്ടായി.ഇവിടെ വളരെ കുറച്ച്‌ വീടുകളില്‍ മാത്രമേ താമസമുള്ളു.പലതും വാടകക്ക്‌ കൊടുത്തിരിക്കുകയാണ്‌.ഒന്നില്‍ ഒരു സ്കൂള്‍ പ്രവൃത്തിക്കുന്നു,മറ്റൊന്നില്‍ ബ്യൂട്ടി പാര്‍ലര്‍... മടങ്ങുമ്പോള്‍ വെയിലിന്റെ ചൂടു കുറഞ്ഞിരുന്നു.കൊല്ലങ്കോട്‌ വന്നപ്പോള്‍ അപൂര്‍വ്വമായൊരു കാഴ്ചയും കാണാറായി.. ചാക്കുകെട്ടുകളുമായി കാളവണ്ടികള്‍....ഇനിയും വിപുലമായ ഒരു സന്ദര്‍ശ്ശനത്തിന്‌ ഇവിടെയെത്തണമെന്ന് മനസ്സില്‍ കരുതി നെല്‍പ്പാടങ്ങളും നോക്കിയിരിക്കുമ്പോള്‍ പാലക്കാടന്‍ കാറ്റേറ്റ്‌ പതുക്കെ മയങ്ങിപ്പോയി

Recent Posts

ജാലകം