Pages

Wednesday, October 17, 2012

പ്രകൃതിയെ സ്നേഹിക്കാം ..ദാ ഇങ്ങിനെ..


പറമ്പില്‍ നില്‍ക്കുന്ന ആഞ്ഞിലിമരത്തിനു അറുപതിഞ്ച്‌ വണ്ണം എത്തുന്നത്‌ കാത്തിരുന്ന്‌ കറന്‍സിനോട്ടുകള്‍ സ്വപ്നം കാണുന്നത്‌ സാധാരണമലയാളിയുടെ ശീലമായിക്കഴിഞ്ഞിട്ടുണ്ടാകാം.മാനം മുട്ടെ വളര്‍ന്നുനില്‍ക്കുന്ന മരത്തിനു ചുവട്ടില്‍ നിന്ന്‌ വെട്ടിയാല്‍ എത്ര ക്വിബിക്ക്‌ തടികിട്ടുമെന്ന സാമ്പത്തികശാസ്ത്രത്തിനപ്പുറമുള്ള പ്രകൃതിസ്നേഹം നമുക്കില്ല.കൊഴുത്തു തുടുത്ത ഏതു മൃഗത്തെകണ്ടാലും ചെന്നായയെപ്പോലെ കൊതിപൂണ്ട്‌ വെള്ളമിറക്കുന്ന എത്രയോപേരെ കണ്ടിട്ടുണ്ട്‌.മണ്ണിനെ റബ്ബര്‍ കൃഷിക്കുമാത്രമുള്ള വസ്തുവായും ലോറികളില്‍ കയറ്റി അയച്ച്‌ പണം സമ്പാദിക്കാനുള്ള വിളയായും മാത്രമേ സാധാരണമലയാളി കാണുന്നുള്ളൂ.അതിനാല്‍ തന്നെ പന്ത്രണ്ട്‌ ഏക്കര്‍ സ്ഥലത്ത്‌ കാട്ടുമരങ്ങള്‍ വളര്‍ത്തി മണ്ണിനെ നശിപ്പിക്കുന്ന ഒരാളെ ഉള്‍ക്കൊള്ളാന്‍ നമുക്കാവില്ല.എന്നാല്‍ ആരുള്‍ക്കൊണ്ടാലും ഇല്ലങ്കിലും പുന്നോര്‍ക്കോട്‌ മനയിലെ നമ്പൂതിരിമാര്‍ക്ക്‌ ഈ കാര്യത്തില്‍ പുനര്‍ചിന്തനമില്ല.ഇത്‌ പുന്നോര്‍ക്കോട്‌ മന അല്ലങ്കില്‍ സ്വര്‍ണ്ണത്ത്‌ മന.എറണാകുളം ജില്ലയിലെ പഴന്തോട്ടം എന്ന ഗ്രാമത്തിലെ പുരാതനമായ ഈ ബ്രാഹ്മണകുടംബത്തിന്‌ ഏറെ സവിശേഷതകളുണ്ട്‌.എന്നാല്‍ ഏറെ ശ്രദ്ധിക്കുന്നത്‌ ഈ നിശ്ശബ്ദമായ പ്രകൃതിസ്നേഹം തന്നെയാണ്‌.പഴന്തോട്ടം പഴ്‌ങ്ങളുടെ തോട്ടമാണ്‌.ഒരുകാലത്ത്‌ സമൃദ്ധമായി ഇവിടെ വാഴകൃഷിയുണ്ടായിരുന്നിരിക്കാം.അല്ലാതെ മറ്റു ഫലവൃക്ഷങ്ങള്‍ ധാരാളമായി ഉണ്ടായിരുന്നതായി അറിവില്ല.
പഴന്തോട്ടം ജങ്ങ്ഷനില്‍ നിന്നും നൂറുവാര നടന്നാല്‍ പുന്നോര്‍ക്കൊട്‌ മനയിലെത്താം.ഇരു വശവും വെട്ടുകല്ലില്‍ തീര്‍ത്ത കൂറ്റന്‍ മതിലുകളാണ്‌ നമ്മളെ സ്വാഗതം ചെയ്യുന്നത്‌.ഒരു കാലത്ത്‌ മാത്രമല്ല ഇന്നും വെട്ടുകല്ല്‌ ധാരാളം ലഭ്യമായ ഇടമാണ്‌ പഴന്തോട്ടവും കോലഞ്ചേരിയും ചുറ്റുമുള്ള പ്രദേശങ്ങളും.മതിലിന്റെ പലഭാഗങ്ങളും ഇടിഞ്ഞു വീണു തുടങ്ങിയിട്ടുണ്ട്‌.പ്രൗഢമായ പന്ത്രണ്ടുകെട്ടിന്റെ മുന്‍പിലാണ്‌ എത്തിച്ചേര്‍ന്നത്‌.ഇല്ലത്തിനു ചുറ്റും വളര്‍ന്ന്‌ പന്തലിച്ച്‌ നില്‍ക്കുന്ന ആഞ്ഞിലിയും തേക്കും പാലയും മരുതും ഇലവും മാവും നമ്മളെ അത്ഭുതപ്പെടുത്തുമെന്ന്‌ നിശ്ചയം.
പന്ത്രണ്ട്‌ ഏക്കറിലായാണ്‌ സ്വര്‍ണ്ണത്ത്‌ മന സ്ഥിതിചെയ്യുന്നത്‌.അതില്‍ തന്നെ ഒരേക്കറോളം മനയും കളപ്പുരയും.കേരളീയ വാസ്തുശില്‍പ്പത്തിന്റെ ഉദാത്ത മാതൃകയാണ്‌ ഈ ഇല്ലം.ഇതിന്‌ ഏതാണ്ട്‌ 200 വര്‍ഷത്തെ പഴക്കമുണ്ട്‌.മൂന്നു നടുമിറ്റമുള്ള പന്ത്രണ്ട്‌ കെട്ടാണ്‌ മന.പൂമുഖത്തെ മച്ചില്‍  തീര്‍ത്ത ശില്‍പ്പങ്ങള്‍ ഏറെ ആകര്‍ഷകമാണ്‌.തൊട്ടുചേര്‍ന്ന കളപ്പുര പണ്ട്‌ നെല്ലു സൂക്ഷിക്കുന്നതിനും അതിഥികള്‍ക്ക്‌ താമസിക്കുന്നതിനും ഉപയോഗിച്ചിരുന്നു.ഈ കളപ്പുരയിലും പന്ത്രണ്ട്‌ കെട്ടിലുമായി മുപ്പതോളം മുറികളുണ്ട്‌.മൂന്നു സഹോദരങ്ങളും അവരുടെ കുടുംബവുമാണ്‌ ഇപ്പോള്‍ ഇവിടെ താമസം.കൂട്ടുകുടുംബത്തിന്റെ ഗുണവും ദോഷവുമുണ്ടെന്ന്‌ മനസ്സിലാക്കാം.മനക്കു ചുറ്റുമായാണ്‌ ഏതാണ്ട്‌ പതിനൊന്ന്‌ ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന കാട്ടുമരങ്ങള്‍ വളരുന്ന പ്രദേശം.ഇതില്‍ കൂറ്റന്‍ ആഞ്ഞിലിയും മാവും പ്ലാവും തേക്കും കൂടാതെ നിരവധി കാട്ടുമരങ്ങളും വളര്‍ന്നു നില്‍ക്കുന്നു.അടിക്കാടും വളര്‍ന്ന് ഒരു സ്വാഭാവിക വനത്തിന്റെ പ്രതീതി തോന്നും.കോടികള്‍ വിലമതിക്കുന്ന ഈ മരങ്ങള്‍ വെട്ടിവിറ്റ്‌ റബ്ബര്‍ വളര്‍ത്തണമെന്ന് ഇല്ലത്തെ നംബൂരിമാര്‍ക്ക്‌ തോന്നിയിട്ടില്ല.നൂറോളം തേക്കുമരങ്ങള്‍ തന്നെയുണ്ട്‌.ഇന്ന് നാട്ടിന്‍പുറത്ത്‌ പോലും അപൂര്‍വ്വമായ കുറുന്തോട്ടിയും സര്‍പ്പഗന്ധിയും ഇവിടെ സമൃദ്ധമായുണ്ട്‌.പകല്‍പോലും നത്തുകള്‍ പറന്നു നടക്കുന്നത്‌ ഞാന്‍ നേരിട്ട്‌ കണ്ടതാണ്‌,കാറ്റത്ത്‌ മരങ്ങളുടെ ശിഖരങ്ങള്‍ അടര്‍ന്ന് വീണാ്‌ ദ്രവിച്ച്‌ കിടപ്പുണ്ട്‌.നട്ടുച്ചക്ക്‌ പോലും സൂര്യപ്രകാശത്തിന്‌ അരിച്ചിറങ്ങാനാകില്ല,
പബ്ലിക്ക്‌ റോഡരുകില്‍ ഒരു വൃക്ഷത്തൈ നട്ട്‌ പ്രകൃതി സ്നേഹം അവസാനിപ്പിക്കുന്ന നമ്മള്‍ക്ക്‌ ഈ നിശ്ശബ്ദമായ സ്നേഹത്തിനു മുന്‍പില്‍ ശിരസ്സുകുനിക്കാതെ വയ്യ.പരിസ്ഥിതി അവാര്‍ഡ്‌ ഇവരെ തേടി എന്നാണാവോ എത്തുക?





















Recent Posts

ജാലകം